19 April Friday

ഉജ്വലമായ സമരജീവിതം

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുമുമ്പേ കമ്യൂണിസ്റ്റ് വിപ്ലവചിന്തകൾ സ്വായത്തമാക്കി ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച നിരവധി പേരുണ്ട്‌. അക്കൂട്ടത്തിൽ ചിന്തകൊണ്ട് ഏറ്റവും ശക്തനും പ്രവൃത്തികൊണ്ട് മുന്നിലുമായിരുന്നു ഷൗക്കത്ത് ഉസ്‌മാനി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി ചരിത്രത്തിലെ ആദ്യ പഥികരിൽ ഒരാള്‍. രാജസ്ഥാൻ ബിക്കാനറിൽ മുത്തശ്ശി പറഞ്ഞുകൊടുത്ത ഗദ്ദർ വിപ്ലവകഥകൾ ബാല്യകാലത്തുതന്നെ ബ്രിട്ടീഷ് ഭരണകൂടത്തെ വെറുക്കാനും സ്വാതന്ത്യത്തിനായി പൊരുതാനുമുള്ള മനസ്സ്‌ ഉസ്മാനിയിൽ ഉണ്ടാക്കി. റഷ്യയിൽ വിപ്ലവകാരികൾ 1917ൽ നേടിയ വിജയം വിദ്യാർഥിയായ ഉസ്മാനിയെ സ്വാധീനിച്ചു.

പതിനേഴാം വയസ്സിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പുതുവഴി തേടി സോവിയറ്റ് യൂണിയനിലേക്ക് യാത്ര തിരിച്ചു. മോസ്‌കോയിലെ ടോയ്‌ലേഴ്സ് കമ്യൂണിസ്റ്റ് സർവകലാശാലയിൽനിന്ന്‌ മാർക്സിസം- ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നേടി, അതോടൊപ്പം താഷ്കണ്ടിലെ ഇന്ത്യൻ സൈനിക സ്കൂളിൽനിന്ന്‌ സായുധപരിശീലനവും. എം എൻ റോയി, എം ടി പി ആചാര്യ, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ സെക്രട്ടറി റക്കോക്കി, ജോസഫ് സ്റ്റാലിൻ എന്നിവരുടെ നിർദേശപ്രകാരം ഇന്ത്യയിൽ വന്ന് കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കാനും ഇന്ത്യയിലെ യുവാക്കൾക്ക് സൈനിക പരിശീലനം നൽകാനും ശ്രമം ആരംഭിച്ചു.

ബ്രിട്ടീഷ് ബ്യൂറോ ഓഫ് ഇന്റലിജൻസ് ഡയറക്ടറായിരുന്ന ഡേവിഡ് പീറ്റർ, ഷൗക്കത്ത് ഉസ്മാനിയെ അപകടംപിടിച്ച ബോൾഷെവിക്ക് - ഇന്ത്യൻ കമ്യൂണിസ്റ്റായാണ് വിലയിരുത്തിയത്. കാൺപുർ, മീററ്റ് ഗൂഢാലോചന കേസുകളിൽ പ്രതിചേർത്ത് അദ്ദേഹത്തെ നീണ്ട കാലം ജയിലിലടച്ചു. 1927-ൽ ജയിൽമോചിതനായ ഉസ്മാനി മോസ്‌കോയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇന്ത്യയുടെ വിമോചനത്തിനായി സോവിയറ്റ് ഭരണകൂടത്തിൽനിന്ന്‌ സഹായം ലഭ്യമാക്കുന്നതിന് മൗലാനാ മുഹമ്മദ് അലി ചൗഹാർ, ജവാഹർലാൽ നെഹ്റു, ശ്രീനിവാസ അയ്യങ്കാർ, സരോജിനി നായിഡു തുടങ്ങിയവർ ഉസ്മാനിയെ മോസ്‌കോയിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചു.

ശങ്കർ വൈദ്യനാഥിന്റെ നിർദേശപ്രകാരം ഉസ്മാനി, ഖാൻ അബ്ദുൾ ഗാഫർഖാനെ കണ്ട്‌ അഫ്ഗാൻ വഴി റഷ്യയിലേക്ക് പോകാന്‍ സഹായം നേടി. ഭഗത്‌സിങ്ങിനെയും ചന്ദ്രശേഖർ ആസാദിനെയും ബിജോയ് കുമാർ സിൻഹയെയും മോസ്‌കോയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ഇവർ തൽപ്പരരായിരുന്നില്ല. 1928-ൽ മീററ്റ് ഗൂഢാലോചന കേസിന്റെ വിചാരണ നടക്കെ ജൂണിൽ ഉസ്മാനി മോസ്‌കോയിലേക്ക്‌ പോയി. 1928ലെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ സിക്കന്ദര്‍ സുര്‍ എന്ന പേരിൽ പങ്കെടുത്തു. 1928- ഡിസംബർ 12ന് മോസ്‌കോയിൽനിന്ന്‌ തിരിച്ചെത്തിയ ഉസ്മാനിയെ 1929 മാർച്ച് 20ന്‌ മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലടച്ചു.

ജയിലിലായിരുന്ന ഉസ്മാനിയെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി 1929-ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൽ  സാൻവാലിയിൽ ഇന്ത്യയിലെ സൈമൺ കമീഷൻ തലവനായ ജോൺ സൈമണിനെതിരെ മത്സരിപ്പിച്ചു. 1933-ൽ മോചിതനായ ഉസ്മാനി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലേക്ക്‌ വന്നില്ല. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെയും താഷ്കന്റ് –--മോസ്‌കോ കേഡർമാരുടെയും കാഴ്ചപ്പാടുകളും പദ്ധതികളും വ്യത്യസ്തമായിരുന്നു എന്നതിനാലാണിത്‌.

ലോകപ്രശസ്തരായ ധിഷണാശാലികളുമായുണ്ടായ സമ്പർക്കത്തിലൂടെയും ആശയസംവാദങ്ങളിലൂടെയും നേടിയ ജ്ഞാനവും മാർക്സിസ്റ്റ് വീക്ഷണവും അദ്ദേഹം ഇന്ത്യയിൽ വിപ്ലവ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്താനായി വിനിയോഗിച്ചു. ദീർഘകാലം യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും സഞ്ചരിച്ചു. 1974-ൽ മരിക്കുംവരെ പലസ്തീൻ വിമോചനത്തിനായി പോരാടുന്ന ജനതയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ഐക്യദാർഢ്യം ലഭിക്കാനായും പ്രവർത്തിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top