05 December Tuesday

പ്രിയപ്പെട്ടവനെ... നാട്‌ 
വിതുമ്പുകയാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ആയിരങ്ങളാണ്‌ തിങ്കളാഴ്‌ച 
കുന്നങ്കാട്ടെ വീട്ടിലെത്തിയത്‌. 
 പ്രിയപ്പെട്ടവൻ ഇനിയില്ലെന്ന്‌ നാട്‌ 
വിതുമ്പുകയാണ്‌. ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

പാലക്കാട്
ഷാജഹാൻ നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു.  ആയിരക്കണക്കിനുപേരാണ്‌ തിങ്കളാഴ്‌ച കുന്നങ്കാട്ടെ വീട്ടിലെത്തിയത്‌.  പ്രിയനേതാവ് ഇനിയില്ലെന്നത്‌ ആലോചിക്കുമ്പോൾ നാട്‌ വിതുമ്പുകയാണ്‌. ഭാര്യയും മൂന്നു മക്കളും വൃദ്ധരായ അച്ഛനമ്മമാരും  അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജഹാൻ. നാട്ടിലെ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്ന യുവാവ്‌.


 

ഡിവൈഎഫ്‌ഐയിലൂടെയാണ്‌  ഷാജഹാൻ നാട്ടിൽ സജീവമായത്‌.  സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, മരുതറോഡ്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഡയറക്ടർ, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) കുന്നങ്കാട്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ എന്നീനിലകളിലും  പ്രവർത്തിക്കുന്നു. ഒരു വർഷം മുമ്പുവരെ കാളിപ്പാറയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.  പ്രളയകാലത്തും കോവിഡ്‌ രൂക്ഷമായ രണ്ട്‌ വർഷവും സന്നദ്ധസേവനത്തിന്‌ പഞ്ചായത്തിലുടനീളം ഓടിയെത്തി. ജനകീയപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. നിലവിൽ സ്വന്തമായി വാങ്ങിയ ടിപ്പർ ഓടിച്ചാണ്‌ ജീവിക്കുന്നത്‌. ഭാര്യ ഐഷ കല്ലേപ്പുള്ളി കേരള ബാങ്കിലെ താൽക്കാലിക ജീവനക്കാരിയാണ്‌.   കോയമ്പത്തൂർ ധനലക്ഷ്മി എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന ഷാഹിർ,   പാലക്കാട്‌ എസ്‌ എസ്‌ അക്കാദമി വിദ്യാർഥി  ഷക്കീർ, മലമ്പുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ ടു വിദ്യാർഥിനി  ഷിഫാന  എന്നിവർ മക്കളാണ്‌.

ഷാജഹാന്റെ മൃതദേഹം കുന്നങ്കാട്ടെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ഭാര്യയുടെ അനിയത്തി ഹസീന

ഷാജഹാന്റെ മൃതദേഹം കുന്നങ്കാട്ടെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ഭാര്യയുടെ അനിയത്തി ഹസീന


 


ആസൂത്രണത്തിന് 10 ദിവസം , ബിജെപി ഉന്നത നേതൃത്വത്തിനും പങ്ക്‌

പരിശീലനം ലഭിച്ച ബിജെപി സംഘം സിപിഐ എം നേതാവ്‌ ഷാജഹാനെ കൊലപ്പെടുത്തിയത്‌ കൃത്യമായ ആസൂത്രണത്തോടെ. എട്ടംഗ സംഘത്തിലെ ബിജെപി പ്രവർത്തകരായ ശബരീഷും അനീഷും ചേർന്ന്‌ വളരെ പെട്ടെന്നാണ്‌ കൃത്യം നിർവഹിച്ചത്‌. രക്ഷപ്പെട്ട്‌ ഓടാതിരിക്കാൻ ആദ്യം കാലിൽ വെട്ടി. മറ്റൊരാൾ കൈയിലും തലയിലും വെട്ടി. മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടുള്ള വെട്ടേറ്റ്‌ ഷാജഹാൻ നിമിഷങ്ങൾക്കകം മരണപ്പെട്ടു. കൊലപാതകത്തിൽ പങ്കെടുത്തവർക്ക്‌ കൃത്യമായി പരിശീലനം ലഭിച്ചിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണിത്‌.

സമീപകാലത്ത്‌ പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ നടത്തിയ കൊലപാതകവും സമാനരീതിയിൽ ആയിരുന്നു. ഇതിനെല്ലാം ബിജെപി–- ആർഎസ്‌എസ്‌  ഉന്നത നേതൃത്വത്തിന്റെ പൂർണ സഹായവുമുണ്ട്‌. ആഗസ്‌ത്‌ 15ന്‌ ഷാജഹാനെ കൊല്ലുമെന്ന്‌ സിദ്ധാർഥൻ, അനീഷ്‌, നവീൻ എന്നിവർ ഷാജഹാന്റെ ഫോണിലേക്ക്‌ വാട്‌സാപ്‌ സന്ദേശം അയച്ചിരുന്നു. പത്ത്‌ ദിവസം ആസൂത്രണംചെയ്‌താണ്‌ ഷാജഹാനെ കൊലപ്പെടുത്തിയത്‌. പ്രദേശത്ത്‌ മദ്യം, കഞ്ചാവ്‌ എന്നിവയുടെ അമിത ഉപയോഗം കാരണം പല യുവാക്കളും വഴിതെറ്റുന്നത്‌  ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിന്‌ നേതൃത്വം നൽകുന്ന  ബിജെപി പ്രവർത്തകരെ ഷാജഹാൻ ചോദ്യം ചെയ്‌തു. പിന്നീട്‌ കാളിപ്പാറയിൽവച്ചും ഇതിന്റെ പേരിൽ തർക്കമുണ്ടായി. എസ്‌എസ്‌എൽസി, പ്ലസ്‌ടു ഉന്നത വിജയികളുടെ അനുമോദനബോർഡ്‌ വച്ചത്‌ മറച്ചുകൊണ്ട്‌ ശ്രീകൃഷ്‌ണജയന്തിയുടെ കൂറ്റൻ ബോർഡ്‌ സ്ഥാപിക്കാൻ ബിജെപി സംഘം ശ്രമിച്ചതിനെ ഷാജഹാൻ എതിർത്തു. ബോർഡ്‌ അൽപ്പം മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ടതും വിരോധത്തിനിടയാക്കി. തുടർന്ന്‌ ആർഎസ്‌എസ്‌ കേന്ദ്രവുമായി ശബരീഷും അനീഷും ബന്ധപ്പെട്ടു. ആയുധം ശേഖരിച്ച്‌ പ്രതികളിലൊരാളുടെ വീടിന്‌ സമീപം ഒളിപ്പിച്ചു. രക്ഷാബന്ധൻ ദിനത്തിൽ ഷാജഹാനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പാളി. പിന്നീട്‌ ഞായറാഴ്‌ച രാത്രിയാണ്‌ സുരേഷിനോടൊപ്പം നിൽക്കുമ്പോൾ കൃത്യം നടത്താൻ തെരഞ്ഞെടുത്തത്‌. പ്രതികളിലൊരാൾ സുരേഷിന്റെ മകൻ സുജീഷാണ്‌. ഷാജഹാനുമായി തർക്കമുണ്ടാകുകയും ഇപ്പോൾ വരാമെന്നു പറഞ്ഞ്‌ പോയി ശബരീഷ്‌ ആയുധം എത്തിക്കുകയുമായിരുന്നു. രണ്ട്‌ മിനിറ്റിനകം കൃത്യം നടത്തി.

ഷാജഹാന്‌ 
ആയിരങ്ങളുടെ അന്ത്യാഭിവാദ്യം
പ്രിയപ്പെട്ട ഷാജഹാനെ അവസാനമായി ഒരുനോക്ക്‌ കാണാൻ നാടൊന്നാകെ കുന്നങ്കാട്ടേക്ക്‌ ഒഴുകിയെത്തി. ചെമ്പതാക പുതച്ച്‌ അന്ത്യവിശ്രമം കൊള്ളുന്ന തങ്ങളുടെ പ്രിയ സഖാവിന്‌  അവർ കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലിയേകി. ആയിരം കണ്‌ഠങ്ങളിൽ നിന്നുയർന്ന  മുദ്രാവാക്യം വിളികളോടെയാണ്‌  നാട് ഷാജഹാനെ  യാത്രയാക്കിയത്‌.  ഞായറാഴ്‌ച രാത്രിയാണ്‌ വീടിനുസമീപം എട്ടംഗ ആർഎസ്‌എസ്‌–- ബിജെപി ക്രിമിനൽസംഘം   അരുംകൊല നടത്തിയത്‌.

തിങ്കളാഴ്‌ച പോസ്‌റ്റുമോർട്ടത്തിനുശേഷം പകൽ 12ന്‌ ജില്ലാ ആശുപത്രിയിൽനിന്ന്‌ നേതാക്കൾ ഷാജഹാന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. തുടർന്ന്‌ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വച്ചശേഷം കുന്നങ്കാട്ടെ വീട്ടിലെത്തിച്ചു. ഉമ്മ സുലൈഖ, ഭാര്യ ഐഷ, മക്കളായ ഷാഹിർ, ഷക്കീർ, ഷഫാന എന്നിവരുടെ നിലവിളിക്കുമുന്നിൽ നാട്‌ വിറങ്ങലിച്ചുനിന്നു. പകൽ മൂന്നോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിൽ കബറടക്കി. 

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ പ്രഭാകരൻ എംഎൽഎ, പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, സ്‌പീക്കർ എം ബി രാജേഷ്‌  എന്നിവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, ചിന്താ ജെറോം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ ശശി, പി മമ്മിക്കുട്ടി എംഎൽഎ, വി കെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, ടി എം ശശി,  എംഎൽഎമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ,  വർഗ–-ബഹുജന സംഘടനാ നേതാക്കൾ എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.  ഷാജഹാന്റെ കുടുംബത്തെ സിപിഐ എം സംരക്ഷിക്കുമെന്ന്‌ കേന്ദ്രകകമ്മിറ്റി അംഗം എ കെ ബാലൻ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പറഞ്ഞു.

 

മകൻ കൊലയാളി; 
ദൃക്‌സാക്ഷിയായി അച്ഛൻ
‘‘എന്റെ മകൻ സുജീഷും കൊലയാളിസംഘത്തിലുണ്ട്‌. അവൻ അവരോടൊപ്പമാണ്‌ കുറെക്കാലമായി പ്രവർത്തിക്കുന്നത്‌. ഞങ്ങൾ അതിനെ എതിർത്തു. വീട്ടിലും ഇതുസംബന്ധിച്ച്‌ വഴക്കിടാറുണ്ട്‌. ആർഎസ്‌എസിന്റെ രാഖി കെട്ടി വീട്ടിൽ വന്നപ്പോൾ ഭാര്യ കാഞ്ചന എതിർത്തിരുന്നു. ശനിയാഴ്‌ച രാത്രി ഷാജഹാനോടൊപ്പം നിൽക്കുമ്പോഴാണ്‌ ഒരു സംഘം മാരകായുധങ്ങളുമായി വെട്ടുന്നത്‌. തടയാൻവേണ്ടി ഞാൻ ഷാജഹാന്റെ ദേഹത്ത്‌ വീണു. അയാളെ വെട്ടരുത്‌, അത്‌ എന്റെ അച്ഛനാണ്‌ എന്ന്‌ മകൻ സുജീഷ്‌ വിളിച്ചുപറയുന്നത്‌ കേട്ടു. എന്റെ മകനും പ്രതിയാണ്‌. അത്‌ പറയുന്നതിന്‌ എനിക്ക്‌ ഒരു മടിയുമില്ല’’.

സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം എസ്‌ ഷാജഹാനെ ബിജെപി–- ആർഎസ്‌എസ്‌ ക്രിമിനൽസംഘം വെട്ടിക്കൊല്ലുന്നത്‌ നേരിൽക്കണ്ട സുഹൃത്ത്‌ സുരേഷിന്റെ വാക്കുകളാണിത്‌. പ്രതികളിൽ മകനുമുണ്ടെന്ന്‌ പൊലീസിന്‌ മൊഴി നൽകിയ സുരേഷ്‌ മകന്റെ ക്രിമിനൽ ബന്ധത്തെ പലപ്പോഴും എതിർത്തിരുന്നു. സിപിഐ എം കുന്നങ്കാട്‌ വെസ്റ്റ്‌ ബ്രാഞ്ച്‌ അംഗമായ സുരേഷ്‌, ഷാജഹാന്റെ സന്തത സഹചാരിയാണ്‌. സുജീഷിന്‌  ക്രിമിനൽപശ്‌ചാത്തലമുള്ളവരുമായി കൂട്ടുകെട്ടുണ്ട്‌. അങ്ങനെയാണ്‌ ബിജെപിയാകുന്നത്‌. സുരേഷിന്റെ മറ്റൊരു മകൻ സുബീഷ്‌ ഡിവൈഎഫ്‌ഐ മേഖലാകമ്മിറ്റി അംഗമാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top