25 April Thursday

അയാളുടെ ‘ഹീറോ’കളെ 
മനോരമയ്ക്ക് അറിയില്ലത്രേ

പ്രത്യേക ലേഖകൻUpdated: Saturday Jun 11, 2022


കൊച്ചി
‘എന്റെ ഹീറോ സ്വപ്‌ന സുരേഷാണ്‌. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെവരെ പറ്റിച്ച ശിവശങ്കരാ, നിന്റെ പണി തീർന്നു’–- കഴിഞ്ഞ ഫെബ്രുവരി നാലിന്‌ ഷാജ്‌ കിരൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചതാണിത്‌.

‘എപ്പോഴും സ്‌നേഹം പുലർത്തുന്ന, വ്യക്തിപരമായി ന്നെ നിരവധി സമയം സഹായിച്ചിട്ടുള്ള രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജന്മദിനാശംസകൾ’– -ചെന്നിത്തലയ്‌ക്കൊപ്പമുള്ള ചിത്രം എഫ്‌ബിയിൽ പങ്കുവച്ച്‌ ഷാജ്‌ തന്റെ രണ്ടാമത്തെ ഹീറോയെയും വാഴ്‌ത്തുന്നു.

തീർന്നില്ല കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം ‘മൈ ഡിയർ രാജേട്ടൻ’ എന്ന അടിക്കുറിപ്പോടെയിട്ട്‌ ‘ഹീറോ നമ്പർ ത്രീ’യുമായുള്ള ബന്ധവും വ്യക്തമാക്കി. എന്നാൽ  വീമ്പിളക്കാനായിട്ട്‌ പോലും ഒരു ഇടതുപക്ഷ നേതാവിനൊപ്പമുള്ള ചിത്രമോ ബന്ധമോ ഷാജിക്കില്ല. എന്നാലും മനോരമയ്‌ക്ക്‌ ഷാജ്‌ കിരൺ ‘ദുരൂഹ രാജാ’ണ്‌. ശബ്‌ദരേഖയിൽ ചീറ്റിയ ദുരൂഹത ഷാജിനെ മറയത്തുനിർത്തി പൊലിപ്പിക്കാനാണ്‌ ഈ പരീക്ഷണം.

ഷാജിന്‌ രമേശ്‌ ചെന്നിത്തല, അൻവർ സാദത്ത്‌ എംഎൽഎ എന്നിവരുമായി സൗഹൃദം എറണാകുളത്തെ മാധ്യമസുഹൃത്തുക്കൾക്ക്‌ നന്നായറിയാവുന്നതാണ്‌. എങ്കിലും കിടന്നോട്ടെ ഒരു ‘ഇടതു’ബന്ധം എന്ന രീതിയിലാണ്‌ വാർത്തകൾ.  മനോരമ എഡിറ്റോറിയൽ പേജിൽ നിരത്തിയ സ്വപ്‌ന സുരേഷും ഷാജ്‌ കിരണും തമ്മിലുള്ള സൗഹൃദസംഭാഷണത്തിൽ ഒരിടത്താണ്‌ ഷാജ്‌ മുഖ്യമന്ത്രിയെ പരാമർശിക്കുന്നത്‌. അതും യുഎസിലേക്ക്‌ ഫണ്ട്‌ എന്ന നട്ടാൽ കുരുക്കാത്ത നുണപറയാൻ. ആ ഷാജിനെ മുഖ്യമന്ത്രിയുടെ ‘ദൂതനാ’ക്കി സംശയമുനയിൽ നിർത്താനും വേണം നല്ല തൊലിക്കട്ടി.

എന്നാൽ ഷാജിന്റെ പൂർവകാലമറിയുന്ന മാധ്യമസുഹൃത്തുക്കളടക്കം ഷാജിന്റെ പൂർവകാല തള്ളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‌‘ഷാജ് കിരണിനെ അറിയും,ഒരേ സ്ഥാപനത്തിൽ ഒരേകാലത്തുണ്ടായിരുന്നു, രണ്ട്‌ സ്ഥലങ്ങളിൽ.. അതുകൊണ്ട് തന്നെ ഇപ്പൊ കേൾക്കുന്ന വെളിപ്പെടുത്തലുകളിൽ പലതും ഞെട്ടിക്കുന്നില്ലെന്ന് മാത്രമല്ല പൊട്ടിച്ചിരിയാണുണ്ടാക്കുന്നത്..

അല്ലേ.. ഹാഷ്മി, സുജിത്..’ എന്നാണ്  മുൻ മാധ്യമപ്രവർത്തകൻ ശിവ് ലാൽ രാജേന്ദ്രന്റെ എഫ്ബി പോസ്റ്റ്. "അവന്റെ ചുറ്റിലും കെടന്ന് സാക്ഷാൽ കേരള രാഷ്ട്രീയം കറങ്ങുമ്പോ ഇതേത് പാരലൽ വേൾഡ് കടവുളേ എന്ന് അന്തം വിട്ട് ഞാനും' എന്നാണ് മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിന്റെ  കമന്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top