20 April Saturday

എസ്‌എഫ്‌ഐയ്‌ക്ക്‌ ഇന്ന്‌ 51 വയസ്‌; രൂപീകരണം ദേശാഭിമാനി പേജുകളിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

കൊച്ചി > പോരാട്ടം പര്യായമാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് 2021 ഡിസംബര്‍ 30 ന് അമ്പത്തിയൊന്ന്‌ വയസ് തികയുന്നു. 1970 ഡിസംബര്‍ 27മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപം കൊണ്ടത്. രൂപീകരണ സമ്മേളനം എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെയാണ് ദേശാഭിമാനി സമ്മേളന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

1970 ഡിസംബര്‍ അവസാനവാരത്തെ  ദേശാഭിമാനി പേജുകളിലൂടെ:

സമ്മേളനം തുടങ്ങുന്ന വാർത്ത

സമ്മേളനം തുടങ്ങുന്ന വാർത്ത

സമ്മേളനത്തിനു തുടക്കമായ ഡിസംബര്‍ 27 ന്റെ പത്രം 'ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം' എന്ന തലക്കെട്ടിലാണ്  സമ്മേളനം  ആരംഭിക്കുന്ന വാര്‍ത്ത നല്‍കിയത്.വാര്‍ത്തയ്ക്കൊപ്പം അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മറ്റി ചെയര്‍മാന്‍ ബിമന്‍ ബോസ് , കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രസിഡന്റ് സി പി അബൂബക്കര്‍, സെക്രട്ടറി സി ഭാസ്ക്കരന്‍ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും വലിയ പ്രതിനിധി സംഘം ബംഗാളില്‍ നിന്നായിരുന്നു -218 പേര്‍.
 
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് പുറപ്പെട്ട സംഘത്തെ മധുര റെയില്‍വേ സ്റ്റേഷനില്‍ ജനസംഘം പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയും കാണാം. അന്നത്തെ മുഖപ്രസംഗവും സമ്മേളനത്തെ പറ്റിയായിരുന്നു.

സമ്മേളനം ആരംഭിച്ച വാര്‍ത്തയായിരുന്നു 28ന്റെ മുഖ്യവാര്‍ത്ത. 'വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന കരകള്‍ പിടിപ്പിച്ചതും സ്വാതന്ത്ര്യം, ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യവും ഒരു ചുവന്ന നക്ഷത്രവും  അങ്കിതമായിട്ടുള്ളതുമായ എസ്എഫ്ഐയുടെ പതാക സമ്മേളനഹാളിനു മുന്നില്‍ സ. ബിമന്‍ബോസ് ഉയര്‍ത്തിയതോടെ'യാണ് സമ്മേളനം തുടങ്ങിയതെന്ന് വാര്‍ത്തയില്‍ പറയുന്നു.
 
എകെജി ഉദ്ഘാടനം ചെയ്‌ത സമ്മേളനത്തില്‍; പി സുന്ദരയ്യ,ഇഎംഎസ് ഇ കെ നായനാര്‍ തുടങ്ങിയവരും പങ്കെടുത്തു.പ്രസീഡിയത്തില്‍ കേരളത്തില്‍ നിന്ന് സി പി അബൂബക്കര്‍ ഉള്‍പ്പെട്ടു. 594 പ്രതിനിധികളും 131 നിരീക്ഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. ബിമന്‍ ബോസിന്റെ പത്രസമ്മേളനവും പത്രത്തിലുണ്ട്.
 

മുഖപ്രസംഗം

മുഖപ്രസംഗം

29 ന്റെ പത്രത്തിലാണ് ഉത്ഘാടന ചിത്രം വന്നത്. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയുള്ള നയപ്രഖ്യാപനം അവതരിപ്പിച്ച വാര്‍ത്തയുമുണ്ട്. 'ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ ഒരു രാഷ്ട്രീയ സംഘടന അല്ലെന്നും വിദ്യാർഥി സമൂഹത്തിൻറെ ആകെ ഉന്നമനത്തിലും  ക്ഷേമത്തിലും  താല്പര്യം പ്രകടിപ്പിക്കുന്ന വിശാലാടിസ്ഥാനത്തിൽ ഉള്ളതും ഏകീകൃതവുമായ ഒരു വിദ്യാർത്ഥി സംഘടന ആയിരിക്കുമെന്നും രേഖയിൽ പറയുന്നു 'എന്നാൽ വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കണം' 'വിദ്യാഭ്യാസം രാഷ്ട്രീയത്തിനതീതമായിരിക്കണം എന്നു തുടങ്ങിയ പൊള്ളയായ മുദ്രാവാക്യങ്ങളുമായി തങ്ങൾക്ക് യോജിപ്പില്ലെന്നും' പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു വാര്‍ത്തയിലുണ്ട്.
 
നയരേഖയ്ക്ക് അംഗീകാരം

നയരേഖയ്ക്ക് അംഗീകാരം
30 ന്റെ പത്രത്തില്‍ നയപ്രഖ്യാപനവും ഭരണഘടനയും അംഗീകരിച്ച വാര്‍ത്തയുണ്ട് .സമ്മേളന  സമാപന റാലിയുടെ ഒരുക്കങ്ങളും അന്ന് വാര്‍ത്തയായി.
 
31 ന്റെ പത്രം 'കരുത്തുറ്റ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം രൂപംകൊണ്ടു' എന്ന ആവേശകരമായ വാര്‍ത്തയുമായാണ് ഇറങ്ങിയത്.
യുവചൈതന്യത്തിന്റെ അത്യുജ്വല പ്രവാഹം എന്നാണു പേജിന്റെ മുകളില്‍ എട്ടു കോളത്തില്‍ നല്‍കിയ തലക്കെട്ടില്‍ സമാപന റാലിയെ പത്രം വിശേഷിപ്പിച്ചത്.
 
സി ഭാസ്കരന്‍ പ്രസിഡന്റ് ബിമന്‍ ബോസ് ജനറല്‍ സെക്രട്ടറി എന്ന വാര്‍ത്തയും പ്രധാന ഭാരവാഹികളുടെ ചിത്രങ്ങളും ഒന്നാം പേജിലുണ്ട്.

മണിക്‌ സർക്കാർ, എൻ റാം, സുഭാഷ്‌ ചക്രവർത്തി, ബാബു ഭരദ്വാജ്‌, പി മധു, ശക്തിധർ ദാസ്‌,  ഉമേന്ദ്രപ്രസാദ്‌ സിങ്‌, രഞ്ചൻ ഗോസ്വാമി,ശ്യാമൾ ചക്രവർത്തി, ബൽദേവ്‌ സിങ് എന്നിവരെ മറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തതും വാര്‍ത്തയിലുണ്ട്. കേരളത്തില്‍ നിന്ന് കേന്ദ്ര എക്സിക്യൂട്ടീവിലെത്തിയ സി പി അബൂബക്കര്‍, സി കെ രവി എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തി. ഇവര്‍ക്കു പുറമേ ജി സുധാകരനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമാപന ദിവസത്തെ ഒന്നാംപേജ്‌

സമാപന ദിവസത്തെ ഒന്നാംപേജ്‌

നയരേഖയ്‌ക്ക്‌ അംഗീകാരം

നയരേഖയ്‌ക്ക്‌ അംഗീകാരം

ഉദ്‌ഘാടന ചിത്രവുമായി ഇറങ്ങിയ പത്രം

ഉദ്‌ഘാടന ചിത്രവുമായി ഇറങ്ങിയ പത്രം

എ കെ ജി ഉദ്‌ഘാടനം ചെയ്‌ത വാർത്ത

എ കെ ജി ഉദ്‌ഘാടനം ചെയ്‌ത വാർത്ത


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top