20 April Saturday
‘പെണ്ണാണെന്ന്‌ നോക്കില്ല, ഗെയ്‌റ്റ്‌ കടന്നാൽ കാല്‌ തല്ലിയൊടിക്കും’

ഭീഷണിക്ക് പുല്ലുവില ; ആൺകോട്ട ഭേദിച്ച്‌ എസ്‌എഫ്‌ഐ പെൺകുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022

കൽപ്പറ്റ> ‘പെണ്ണാണെന്ന്‌ നോക്കില്ല, ഗെയ്‌റ്റ്‌ കടന്നാൽ കാല്‌ തല്ലിയൊടിക്കും’–-ആക്രോശിച്ച്‌ അടുത്ത ആൺകൂട്ടത്തെ വകഞ്ഞുമാറ്റി അവർ മുന്നോട്ട്‌ നീങ്ങി. വയനാട്‌ ഗവ. എൻജിനിയറിങ് കോളേജ്‌   ഗെയ്‌റ്റിൽ കോട്ടകെട്ടിയ കെഎസ്‌യു, എംഎസ്‌എഫ്‌ പ്രവർത്തകരെ നെഞ്ചുറപ്പോടെ  മറികടന്ന്‌ എസ്‌എഫ്‌ഐയുടെ പെൺകുട്ടികൾ കോളേജിനകത്ത്‌ കൺവൻഷൻ നടത്തി. ആൺപടയെ ഭേദിച്ച  ഇവരാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങളും.

ബുധൻ പകൽ 12ന്‌  കോളേജിൽ ‘മാതൃകം’ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ വനിതാ സബ്‌ കമ്മിറ്റി കൺവീനർ അപർണാ ഗൗരിയോടും എൻജിനിയറിങ് കോളേജിലെതന്നെ വിദ്യാർഥിനികളായ അനശ്വര എസ്‌ സുനിൽ, അരുണിമ, ഹന്നമോൾ, കെ എസ്‌ വിസ്‌മയ, കെ സൂര്യ എന്നിവരോടുമായിരുന്നു യുഡിഎസ്‌എഫിന്റെ ഭീഷണി. തലേദിവസംതന്നെ പ്രിൻസിപ്പളിന്റെ അനുവാദം വാങ്ങിയായിരുന്നു കാമ്പസിനകത്ത്‌ കൺവൻഷൻ തീരുമാനിച്ചത്‌.

എന്നാൽ അപർണ പരിപാടിക്കെത്തിയപ്പോൾ യുഡിഎസ്‌എഫുകാർ കോജിനുള്ളിൽ പരിപാടി അനുവദിക്കില്ലെന്ന്‌ പറഞ്ഞു തടഞ്ഞു. ഗെയ്‌റ്റിൽ ആൺകുട്ടികൾ നിരന്നുനിന്നു. നടന്നുവരുന്ന പെൺകുട്ടികളുടെ ചിത്രം പകർത്തിയും അസംഭ്യം പറഞ്ഞും ഭീഷണി മുഴക്കി. പ്രിൻസിപ്പളിനോട്‌ സംസാരിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ അപർണയും മറ്റുള്ളവരും ആൺകുട്ടികളെ വകഞ്ഞുനീക്കി കാമ്പസിനുള്ളിൽ കടന്നു. പ്രിൻസിപ്പള്ളിനോട്‌ സംസാരിക്കുകയും കൺവൻഷൻ നടത്തുകയും ചെയ്‌തു. അപമര്യാദയായി പെരുമാറിയ യുഡിഎസ്‌എഫ്‌ ചെയർമാൻ സിൻസാർ അലിയെ പ്രിൻസിപ്പള്ളിന്റെ മുമ്പിൽ വിളിച്ചുവരുത്തി മാപ്പും പറയിച്ചാണ്‌ അപർണ മടങ്ങിയത്‌.  കെഎസ്‌യു,  എംഎസ്എഫ് ആൺപടയുടെ കോട്ട ഭേദിച്ച   പോരാളികൾക്കുള്ള അഭിവാദ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top