26 April Friday

എഴുത്തിലെ ‘സേതുപുരം’

പ്രത്യേക ലേഖകൻUpdated: Tuesday Nov 1, 2022

image credit sethu.org


കൊച്ചി
മനസ്സിനെ പിടിച്ചുലച്ച അനുഭവങ്ങളെ മിത്തും ഫാന്റസിയുമൊക്കെ ചേർത്ത്‌ അക്ഷരക്കൂട്ടിൽ പകർത്തിയപ്പോൾ സേതുവിന്റെ മാസ്‌റ്റർപീസ്‌, ‘പാണ്ഡവപുര’മെന്ന സങ്കൽപ്പഗ്രാമം പിറന്നു. ബാങ്ക്‌ ഉദ്യോഗസ്ഥനായിരിക്കെ മധ്യപ്രദേശിലെ കട്‌നിയിലെ കാഴ്‌ചകളാണ്‌ പാണ്ഡവപുരമായി വാനക്കാരിലേക്കെത്തിയത്‌.

എഴുത്തിൽ പുതുഭാവുകത്വത്തിന്റെ വഴിതേടിയ സേതുവിനെ തേടി 80–-ാംവയസ്സിലാണ്‌ എഴുത്തച്ഛൻ പുരസ്‌കാരമെത്തിയത്‌.  അതാകട്ടെ എഴുത്തിന്റെ 55–-ാംവർഷത്തിലും. ‘സമൃദ്ധി, വൈവിധ്യം, രചനാ ചാതുരി–-വലിയ എഴുത്തുകാരുടെ ഈ മൂന്നു ഗുണങ്ങളും സേതുവിന്റെ സർഗ പ്രപഞ്ചത്തിൽ സമ്മേളിക്കുന്നു’വെന്നാണ്‌ പുരസ്‌കാര നിർണയ സമിതി വിലയിരുത്തിയത്‌.  മലയാള നോവലിനെയും കഥയേയും നവീകരിച്ച പ്രതിഭാശാലിയാണ്‌ സേതുവെന്നും സമിതി അഭിപ്രായ
പ്പെട്ടു.

എറണാകുളം ചേന്ദമംഗലത്ത്‌ 1942ലാണ്‌ എ സേതുമാധവൻ എന്ന സേതുവിന്റെ ജനനം. 25–-ാംവയസ്സിലെഴുതിയ ‘ദാഹിക്കുന്ന ഭൂമി’യാണ്‌ ആദ്യകഥ. സ്വന്തം ഗ്രാമത്തിലെ ജീവിതമാണ്‌ ആദ്യനോവൽ ‘നനഞ്ഞ മണ്ണ്‌’. ഒറ്റപ്പതിപ്പിൽ അവസാനിപ്പിച്ച നനഞ്ഞ മണ്ണ്‌ അൽപ്പംകൂടി മിനുക്കി എഴുതണമെന്നാണ്‌ ആഗ്രഹം. 34–-ാംവയസ്സിൽ എഴുതിയ രണ്ടാമത്തെ നോവൽ  ‘പാണ്ഡവപുര’മാണ്‌ ഏറെ പ്രിയപ്പെട്ടത്‌.  കേരള സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ എഴുത്തുകാരനെ പ്രശസ്‌തനാക്കിയ പാണ്ഡവപുരത്തിന്‌ 25 പതിപ്പുകളിറങ്ങി. 11 ഭാഷകളിലേക്ക്‌ മൊഴിമാറ്റിയ ഈ നോവൽ മലയാളത്തിലും ബംഗാളിലും സിനിമയായി. സ്‌ത്രീയുടെ സ്വത്വം കണ്ടെത്തിയ ‘അടയാളങ്ങൾ’, ചേന്ദമംഗലത്തെ ജൂതവേരുകൾ തേടുന്ന ‘ആലിയ’, കൊടുങ്ങല്ലൂർ തുറമുഖ ചരിത്രം തിരയുന്ന മുസിരിസ്‌ ഖനനംമുതൽ കൊച്ചിയിലെ ആധുനിക തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ വരവുവരെ തലമുറകളുടെ കണ്ണികോർത്തിണക്കിയ ‘മറുപിറവി’ തുടങ്ങിയ 40 കൃതികൾ സേതു രചിച്ചു. താളിയോല, വിളയാട്ടം, പേടിസ്വപ്‌നങ്ങൾ, ദൂത്‌, നിയോഗം, ഞങ്ങൾ അടിമകൾ, ആറാമത്തെ പെൺകുട്ടി എന്നിവയാണ്‌ മറ്റ്‌ പ്രധാന കൃതികൾ. 

സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ചെയർമാനായി 2005ൽ വിരമിച്ച സേതു, 2012 മുതൽ അഞ്ചുവർഷം നാഷണൽ ബുക്‌ ട്രസ്‌റ്റ്‌ ചെയർമാനായിരുന്നു.  രാജലക്ഷ്‌മിയാണ്‌ ഭാര്യ. അനിൽ, രാജേഷ്‌ എന്നിവർ മക്കൾ.

പുരസ്കാരം ഇരട്ടിമധുരം
‘ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം; അതും ജനങ്ങളുടെ സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരം. അത്‌ ലഭിക്കാൻ അർഹതയുണ്ടോ എനിക്ക്‌ എന്നറിയില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ഇരട്ടബഹുമതി നൽകുന്നത്‌ ഇരട്ടിമധുരമാണ്’–-എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ സന്തോഷം പങ്കിട്ട്‌ സേതു. ‘‘ അമ്പത്തഞ്ചുവർഷമായി എഴുതുന്നു. അവാർഡുകൾ ആഗ്രഹിക്കുക പതിവില്ല. കിളിപ്പാട്ട്‌ രൂപത്തിൽ സാധാരണക്കാർക്ക്‌ ചൊല്ലാൻ കഴിയുംവിധം രാമായണത്തെ ജനകീയമാക്കിയ എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്‌ സ്വീകരിക്കുന്നതുതന്നെ വലിയ കാര്യം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡും മറ്റനേകം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ബഹുമതിയാണ്‌ ജനങ്ങളുടെ നികുതിപ്പണംകൊണ്ടുള്ള അവാർഡ്‌. അത്‌ മറ്റേതിനെക്കാളും സന്തോഷം നൽകുന്നു–- സേതു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top