20 April Saturday

ബ്രിട്ടോയുടെ സ്വപ്‌നം സഫലമാക്കി സീനയുടെ യാത്ര

അഞ്‌ജുനാഥ്‌Updated: Monday Nov 8, 2021

സീന ഭാസ്കർ ഉത്തരേന്ത്യൻ യാത്രയ്ക്കിടെ അരുണാചൽപ്രദേശിലെ ഗോത്ര സ്ത്രീകൾക്കൊപ്പം


കൊച്ചി
ജീവിതസഖാവിന്റെ സ്വപ്‌നം സഫലമാക്കാൻ സീന യാത്ര ചെയ്തു. സൈമൺ ബ്രിട്ടോ പോയ വഴികളിലൂടെ അവർ സഞ്ചരിച്ചു. ബ്രിട്ടോ എഴുതിയ യാത്രാവിവരണത്തിന്റെ നഷ്‌ടപ്പെട്ട ഭാഗങ്ങൾ അനുഭവങ്ങളിലൂടെ വീണ്ടെടുത്ത്‌ പുസ്‌തകമാക്കിയിരിക്കുകയാണ്‌ ജീവിതസഖി സീന ഭാസ്‌കർ.

പുതിയ ഇന്ത്യയല്ല, ഹ്യുയൻസാങ്ങിന്റെയൊക്കെ യാത്രാവിവരണങ്ങളിൽ പരാമർശിക്കുന്ന പഴയ ഇന്ത്യയാണ്‌ തനിക്ക്‌ കാണേണ്ടതെന്നായിരുന്നു ബ്രിട്ടോയുടെ ആഗ്രഹമെന്ന്‌ സീന ഓർക്കുന്നു. ഓരോ പ്രദേശത്ത്‌ ചെല്ലുമ്പോഴും അവിടത്തെ ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം തുടങ്ങിയവ ബ്രിട്ടോ കൃത്യമായി മനസ്സിലാക്കും. എല്ലാം ഡയറിയിൽ കുറിക്കും. കുറിപ്പിൽനിന്നാണ്‌ ‘നാലരമാസം ഭാരതയാത്ര’ എന്നപേരിൽ യാത്രാവിവരണമാക്കിയത്‌.

ചരിത്രം, പുരാണം, രാഷ്‌ട്രീയം, നിലവിലെ ഇന്ത്യൻ സാഹചര്യം എന്നിവ അതിമനോഹരമായി വിളക്കിച്ചേർത്ത്‌ രണ്ടായിരത്തിലധികം പേജുകളിൽ രണ്ട്‌ ഭാഗങ്ങളായാണ്‌ ബ്രിട്ടോ എഴുതിയത്‌. മുക്കാലും പകർത്തിയെഴുതിയത്‌ അനശ്വര രക്തസാക്ഷി അഭിമന്യുവാണ്‌. ‘സഖാവേ, ഇത്‌ ഗംഭീര പുസ്‌തകമാകും. ഉറപ്പായും അവാർഡ്‌ കിട്ടും.  വാങ്ങാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകണം’ എന്നാണ്‌ അഭിമന്യു പറഞ്ഞിരുന്നത്‌. പുസ്‌തകത്തിന്റെ അവസാന മിനുക്കുപണികൾക്കിടെയാണ്‌ ബ്രിട്ടോയുടെ മരണം. ഇതിനിടെ കൈയെഴുത്തുപ്രതിയുടെ 1500 പേജുകളോളം നഷ്‌ടപ്പെട്ടു. ഇത്‌ വീണ്ടെടുക്കാനായിരുന്നു സീനയുടെ യാത്ര. ഇതിനായി ബിഹാർ, ബംഗാൾ, യുപി, സിക്കിം, അരുണാചൽപ്രദേശ്‌ തുടങ്ങി ബ്രിട്ടോ സഞ്ചരിച്ച പ്രദേശങ്ങളിൽ യാത്ര ചെയ്‌തു. കോവിഡ്‌ കാലം അവഗണിച്ചായിരുന്നു യാത്ര. യാത്രയ്‌ക്കുശേഷം ബ്രിട്ടോയുടെ ഡയറി നോക്കിയാണ്‌ പുസ്‌തകം പൂർത്തിയാക്കിയത്‌. തൃശൂർ സമത ബുക്‌സാണ്‌ പ്രസാധകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top