30 September Saturday

വൻകിട പദ്ധതികളുമായി ജനകീയ സർക്കാർ മൂന്നാം വർഷത്തിലേക്ക്‌

ദിനേശ്‌ വർമUpdated: Tuesday May 16, 2023

കണ്ണൂരിലെ കടമ്പൂരിൽ ലൈഫ്‌ മിഷനിൽ നിർമിച്ച വീടുകളിലൊന്നിന്റെ ഗൃഹപ്രവേശനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി എം ബി രാജേഷ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ തുടങ്ങിയവർ സമീപം

23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിച്ചു.  വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം. പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിനായി  അടിസ്ഥാന സൗകര്യം ചരിത്രത്തിലില്ലാത്തവിധം മാറ്റി.  ഉയർന്ന അക്കാദമിക് നിലവാരമുറപ്പാക്കലും ലക്ഷ്യപ്രാപ്‌തിയിലെത്തി. വെല്ലുവിളികളെല്ലാം അതിജീവിക്കുന്ന ആരോഗ്യമേഖല രാജ്യത്ത്‌ ഒന്നാമതാണ്‌...

സംസ്ഥാന സർക്കാർ മൂന്നാം വർഷത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ ജനങ്ങൾക്ക്‌ വാഗ്ദാനം ചെയ്തതുപോലെ രാജ്യത്തിന്‌ മാതൃകയായ ബദൽ നയങ്ങൾ ഉയർത്തിയാണ്‌. ഒരേസമയം ജനങ്ങളുടെ ക്ഷേമപ്രവർത്തനം ഉറപ്പുവരുത്തിയും ആഗോള മുതലാളിത്ത കച്ചവടതാൽപ്പര്യങ്ങളെ പരമാവധി അകറ്റിനിർത്തിയുള്ള പകരം പദ്ധതികളിലൂടെയുമാണ്‌. ആധുനിക സാങ്കേതിക വിദ്യാരംഗം, ഗതാഗത മേഖല, റോഡ്‌ അടക്കം വികസന പദ്ധതികളുടെ നടത്തിപ്പ്‌ തുടങ്ങി എല്ലായിടത്തും നമ്മുടേതായ വികസന മാർഗം നടപ്പാക്കുകയാണ്‌.

മുഖ്യമന്ത്രി  പിണറായി  വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

വർഗീയതയ്ക്ക്‌ വേരുറപ്പിക്കാൻ കഴിയാത്ത ഏക സംസ്ഥാനമായതു കൊണ്ടുതന്നെ അതിനെ എന്തുവിലകൊടുത്തും തകർക്കാനുള്ള നീക്കം ശക്തമാണ്‌. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ്‌ ജനകീയ ഭരണം ഉറപ്പാക്കി എൽഡിഎഫ്‌ സർക്കാർ മുന്നേറുന്നത്‌.

കേന്ദ്രം വിൽപ്പനയ്‌ക്കുവെച്ച പൊതുമേഖലാ സ്ഥാപനങ്ങളെയടക്കം ഏറ്റെടുത്തു, നല്ലനിലയിൽ വിജയിപ്പിച്ച്‌ കാണിച്ചുകൊടുത്തു.  23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിച്ചു.  വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റം. പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിനായി  അടിസ്ഥാന സൗകര്യം ചരിത്രത്തിലില്ലാത്തവിധം മാറ്റി.  ഉയർന്ന അക്കാദമിക് നിലവാരമുറപ്പാക്കലും ലക്ഷ്യപ്രാപ്‌തിയിലെത്തി. വെല്ലുവിളികളെല്ലാം അതിജീവിക്കുന്ന ആരോഗ്യമേഖല രാജ്യത്ത്‌ ഒന്നാമതാണ്‌. അടിസ്ഥാനസൗകര്യ വികസനത്തിൽ അത്ഭുതകരമായ മുന്നേറ്റം.

നാടിന്റെ മനുഷ്യവിഭവശേഷിയെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന്‌ ആയുധമാക്കുന്ന നിരവധിയായ പദ്ധതികൾ. പുതിയ സയൻസ്‌ പാർക്കുകൾ, ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യാധിഷ്ഠിത പദ്ധതികളും സ്ഥാപനങ്ങളും.  കിടപ്പാടമില്ലാത്ത 3.42 ലക്ഷം കുടുംബത്തിന്‌ ലൈഫ് ഭവനപദ്ധതി വഴി അടച്ചുറപ്പുള്ള വീടും ജീവിതവുമുറപ്പാക്കി. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ നൂറുദിന കർമപരിപാടിയിൽ 20,073 വീടുകൂടി കൈമാറി. 41,439 വീട്‌ നിർമാണത്തിന്‌ തുടക്കമിട്ടു.

ക്ഷേമ പെൻഷനുകൾ അർഹരുടെ കൈയിൽ കൃത്യമായി എത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി.

കാലവിളംബമില്ലാതെ ക്ഷേമനിധി പെൻഷൻ

കാലവിളംബമില്ലാതെ ക്ഷേമനിധി പെൻഷൻ

ലോകത്തെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമുള്ള നാടുകളിലൊന്നായി കേരളത്തെ മാറ്റി. തെക്കനേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ്‌ ഇന്നോവേഷൻ ഹബ്ബും ഇവിടെയാണ്‌. കഴിഞ്ഞ വർഷത്തിൽമാത്രം ഒരുലക്ഷത്തിൽപ്പരം സംരംഭങ്ങളും മൂന്നു ലക്ഷത്തോളം പുതിയ തൊഴിൽ അവസരവും 8000 കോടി രൂപയുടെ നിക്ഷേപവും ഉറപ്പാക്കി.

സാമ്പത്തിക മേഖലയിലെ മുന്നേറ്റങ്ങളും പ്രശംസനീയമാണ്‌. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഎസ്‌ഡിപി) മാനുഫാക്ച്ചറിങ് മേഖലയുടെ സംഭാവന 14 ശതമാനമായി. ദേശീയ ശരാശരിക്കൊപ്പമെത്തിയ അത്ഭുതകരമായ മാറ്റം.

ജിഎസ്‌ഡിപി  12.01 ശതമാനം ഉയർന്നു. പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി. രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലുറപ്പ് വേതനവും ഉയർന്ന തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളം.

വളരുന്ന ടൂറിസം   ‐ ബേപ്പൂർ പുലിമുട്ട്‌

വളരുന്ന ടൂറിസം ‐ ബേപ്പൂർ പുലിമുട്ട്‌

ഉത്തരവാദിത്ത ടൂറിസം ആഗോള ശ്രദ്ധ നേടുന്നു. കേന്ദ്രം മറന്ന  മത്സ്യ, തോട്ടം,  കശുവണ്ടി തൊഴിലാളികൾക്ക്‌ സംസ്ഥാനം താങ്ങായി. സമഗ്ര കാർഷിക പദ്ധതികൾ പുരോഗമിക്കുന്നു.  നിതി ആയോഗിന്റെ  അടിസ്ഥാന സ്ഥിതിവിവരക്കണക്കുകളിൽ മറ്റ്‌ സംസ്ഥാനങ്ങളെ പിന്നിലാക്കി പ്രധാന സൂചികകളിലെല്ലാം കേരളം മുന്നേറി.

കൺമുന്നിൽ മാറ്റങ്ങൾ

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കി മൂന്നിലേക്ക്‌ കുതിക്കുമ്പോൾ കേരള ജനതയും ഒപ്പം ചേരുന്നു. ഭരണം എങ്ങനെയാണ്‌ അനുഭവപ്പെടുകയെന്ന ചോദ്യത്തിന്‌ ജനങ്ങൾ നൽകുന്ന ഉത്തരമുണ്ട്‌; ചുറ്റുപാടുമുള്ള സമാധാനം, നിരാലംബർക്കുള്ള പെൻഷനും റേഷനും കൃത്യമായി എത്തുന്നു, മിതമായ നിരക്കിൽ സർക്കാർ പൊതുവിതരണ സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ, മരുന്നും ചികിത്സയും ഉറപ്പുവരുത്തുന്നു, നഴ്‌സറി മുതൽ ഉന്നത വിദ്യാഭ്യാസംവരെ മികച്ച നിലവാരത്തിൽ, മികച്ച റോഡുകളും പാലങ്ങളും, ഗതാഗത സൗകര്യം, തൊഴിൽ, വിനോദം...

കെഎസ്‌ആർടിസി പുതിയതായി നിരത്തിലിറക്കിയ സൂപ്പർഫാസ്‌റ്റ്‌  ബസുകൾക്കൊപ്പം മന്ത്രി ആന്റണി രാജു

കെഎസ്‌ആർടിസി പുതിയതായി നിരത്തിലിറക്കിയ സൂപ്പർഫാസ്‌റ്റ്‌ ബസുകൾക്കൊപ്പം മന്ത്രി ആന്റണി രാജു

52,17,642 പേർക്ക്‌ മുടങ്ങാതെ സാമൂഹ്യക്ഷേമ പെൻഷൻ എത്തിക്കുന്നു. ഒരു ഘട്ടത്തിലും ട്രഷറി പ്രതിസന്ധിയുണ്ടായില്ല. പവർകട്ടിന്റെ കാര്യം കേരളം മറന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഉപഭോഗ മണിക്കൂറുകൾ ഈ വർഷമുണ്ടായിട്ടും വൈദ്യുതി നിയന്ത്രണത്തെ കുറിച്ച്‌ ആലോചിക്കേണ്ടി വന്നില്ല. വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎസ്‌ആർടിസി പൊതുജന സേവനത്തിൽ വിട്ടുവീഴ്‌ചയില്ലാതെ മുന്നേറി, പുതിയ ബസുകൾ നിരത്തിലിറങ്ങി. തിരുവനന്തപുരം സിറ്റി സർവീസ്‌ പരിഷ്കാരങ്ങൾ ലാഭകരമായതോടെ കൊച്ചിയിലേക്കും പദ്ധതി ആലോചിക്കുകയാണ്‌.

കൂടുതൽ സംരംഭങ്ങൾ വരുന്നത്‌ തൊഴിൽരംഗത്ത്‌ വൻ മുന്നേറ്റമുണ്ടാക്കും. കേന്ദ്രം വിൽക്കാൻ തീരുമാനിച്ച സ്ഥാപനങ്ങളടക്കം 23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിച്ചത്‌ ചരിത്രനേട്ടമാണ്‌.  രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലുറപ്പ് വേതനവും അധികം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുന്ന സംസ്ഥാനമാണ്‌  കേരളം.

കെ പി പി എൽ, വെള്ളൂർ , േകാട്ടയം

കെ പി പി എൽ, വെള്ളൂർ , േകാട്ടയം

 2022–23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമിച്ചതെങ്കിലും 245 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചത്‌ ചെറിയ കാര്യമല്ല.
ബൈപ്പാസുകളും ഫ്ലൈഓവറുകളും മേൽപ്പാലങ്ങളും വ്യാപകമായി തുറന്നതോടെ കേരളം അനുഭവിക്കുന്ന ഗതാഗതക്കുരുക്കുകൾക്ക്‌ വലിയതോതിൽ പരിഹാരം കണ്ടെത്താനായി. അരിക്കൊമ്പനേയുംകൊണ്ടുള്ള യാത്ര സംസ്ഥാനത്തെ റോഡുകൾ വലിയ ചർച്ചക്കിടയാക്കി. ദേശീയപാതകൾ അടക്കം കേന്ദ്രസഹായമുള്ള പദ്ധതികളും നടപ്പാക്കാൻ സാധിച്ചത്‌ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്‌.

ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ പങ്ക്‌ വഹിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌. കേന്ദ്രം അക്കാര്യത്തിൽ വാശി പിടിച്ചപ്പോഴും തിരിച്ച്‌ കാണിക്കുകയല്ല, ജനങ്ങളുടെ സൗകര്യവും വികസനവും കണക്കിലെടുത്ത്‌ മതിപ്പ്‌ പണം കൊടുത്ത്‌ ഭൂമി വാങ്ങുകയായിരുന്നു.

മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിൽ വരുത്താൻ പോകുന്ന കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതാകും. മാലിന്യമുക്ത കേരളത്തിലേക്കുള്ള ചുവടുവയ്പുകൾ വൻ പ്രതീക്ഷ നൽകുന്നതാണ്‌. വിനോദ സഞ്ചാരമേഖലയിലേക്കുള്ള ഒഴുക്ക്‌ കേരളം ഈ രംഗത്ത്‌ നടത്തിയ ഇടപെടലിന്റെ കൂടി ഫലമാണ്‌.

പ്രധാന നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ

കേന്ദ്രം വിൽക്കാൻ തീരുമാനിച്ച സ്ഥാപനങ്ങളടക്കം 23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിച്ചത്‌ കേരളചരിത്രത്തിലെ സുപ്രധാന ഏടാണ്‌. ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യമായിരുന്നു ഈ മാറ്റത്തിന്‌ പിന്നിൽ.  മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന അക്കാദമിക് നിലവാരവും ഉറപ്പാക്കി പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റം മറ്റൊരു സുപ്രധാന ഏടാണ്‌.

നിപയും കോവിഡും തീർത്ത വെല്ലുവിളികളെല്ലാം അതിജീവിച്ച് സദാ ജാഗ്രത പുലർത്തിയ ആരോഗ്യരംഗം രാജ്യത്ത് ഒന്നാമതെത്തിയതും ഇക്കാലയളവിൽ തന്നെയാണ്‌. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം അത്ഭുതകരമായ മുന്നേറ്റം നേടിയതും തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക്‌ കേരളം മാറിയതും ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്താണ്‌.

രാജ്യം വർഗീയതയുടെ എരിതീയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ മതനിരപേക്ഷ പ്രതീക്ഷകളുടെ തുരുത്തായി നിലനിന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം പലരെയും ഭയപ്പെടുത്തുന്നുണ്ട്‌. ഇന്ത്യയിലെ മറ്റിടങ്ങൾ കേരളത്തെപ്പോലെ മതനിരപേക്ഷ സ്വഭാവമുള്ളവയാകരുത് എന്ന ആഗ്രഹമുള്ളവരാണിത്തരക്കാർ.

 കിടപ്പാടമില്ലാത്ത ജനലക്ഷങ്ങൾക്ക് അടച്ചുറപ്പുള്ളവീട്‌ നൽകുന്ന ലൈഫ് ഭവനപദ്ധതി കേരളത്തിന്റെ സ്വന്തം ജനകീയ പദ്ധതിയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ അർഹരുടെ കൈകളിൽ ക്ഷേമപെൻഷനുകൾ കൃത്യമായി എത്തിക്കുന്ന രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറി.

ഭവനരഹിതർക്ക്‌ ആശ്വാസമായി ലൈഫ്‌ മിഷൻ ഫ്‌ളാറ്റ്‌

ഭവനരഹിതർക്ക്‌ ആശ്വാസമായി ലൈഫ്‌ മിഷൻ ഫ്‌ളാറ്റ്‌

രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലുറപ്പ് വേതനവും അധികം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുന്ന സംസ്ഥാനമേതെന്ന ചോദ്യത്തിനും ഉത്തരം കേരളമാണ്‌. ആഗോളതലത്തിൽ പ്രശംസ നേടി കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം തിളങ്ങിയതും ലോകം കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടതും ടൂറിസം വകുപ്പ്‌ നേടിയ നേട്ടങ്ങളായി.

നിതി ആയോഗിന്റെ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകളിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ കേരളം വളരെയേറെ മുന്നിലെത്തി.
വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകൾ എന്നിവയിലെല്ലാം ഈ നാട് മുന്നേറിയത്‌ ചിലരിൽ അസ്വസ്ഥത സൃഷ്‌ടിക്കുന്നു എന്നത്‌ മറ്റൊരു വശം.

ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുന്നു

ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുന്നു

ആശ്വാസ ബജറ്റാണ് ഇത്തവണയും എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചത്. വിലക്കയറ്റം തടയാൻ 2000 കോടി രൂപ, അതിദാരിദ്ര്യ നിർമാർജനത്തിന് 80 കോടി രൂപ, തദ്ദേശസ്ഥാപനങ്ങൾക്ക് 14,149 കോടി രൂപ, കുടുംബശ്രീയ്്‌ക്ക്‌ 260 കോടി രൂപ, സാമൂഹ്യ സുരക്ഷാ പെൻഷന് 9764 കോടി രൂപ, ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 71,861 വീടുകൾക്കും 30 ഭവന സമുച്ചയങ്ങൾക്കുമായി 1436 കോടി രൂപ, റബ്ബർ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ എന്നിങ്ങനെ വകയിരുത്തി നാടിനെ പുരോഗതിയിലേക്ക്‌ നയിക്കുകയാണ്‌ സർക്കാർ ലക്ഷ്യം.

വ്യവസായ സൗഹൃദകേരളം

മികവുറ്റ വ്യവസായ സൗഹൃദ സംസ്ഥാനമായി നമ്മുടെ സംസ്ഥാനം മാറിയത്‌ സുപ്രധാന ഏടാണ്‌. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ മികച്ച സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റമുള്ള നാടുകളിലൊന്ന് കേരളമാണെന്ന്‌ നമുക്ക്‌ അഭിമാനത്തോടെ പറയാം. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ്‌ ഇന്നോവേഷൻ ഹബ്ബ് ഈ കൊച്ചുകേരളത്തിലാണ്‌.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ നിർമാണ മേഖലയുടെ സംഭാവന 14 ശതമാനത്തോളമാണ്. അത് ദേശീയ ശരാശരിയ്‌ക്കടുത്താണ്. ലോകത്തെ ഏറ്റവും മികച്ച അഞ്ച്‌ പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളെ തെരഞ്ഞെടുത്ത 2021–22ലെ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഇന്ത്യയിൽ നിന്നുമുള്ള ഏക സ്ഥാപനം  കേരള സ്റ്റാർട്ടപ്പ്‌ മിഷനാണെന്ന്‌ അഭിമാനത്തോടെ പറയാം. കഴിഞ്ഞ ആറരവർഷത്തിൽ 3800ൽ അധികം സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ ആരംഭിച്ചത്. 4,561 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും ഇതുവഴി ലഭ്യമായി.

കഴിഞ്ഞ വർഷംമാത്രം കേരളത്തിൽ ആരംഭിച്ചത് ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ. ഉണ്ടായത് മൂന്ന്‌ ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ. കൊണ്ടുവന്നത് 8000 കോടി രൂപയുടെ നിക്ഷേപം. കേരളം വ്യവസായ സൗഹൃദമല്ലെന്നും വ്യവസായികൾക്ക്‌ അനുയോജ്യമല്ലെന്നുമുള്ള വ്യാജപ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ്‌ ഈ കണക്കുകളെന്ന്‌ ഒറ്റ നോട്ടത്തിൽ മനസ്സിലാകും.

സംസ്ഥാനത്തിന്റെ ജിഡിപി തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി.
 

ദേശീയപാതയ്ക്ക്‌ ജീവൻവച്ച കാലം

കേരളത്തിന്റെ ദേശീയപാതാ സ്വപ്നത്തിന്‌ ചിറക്‌ വന്നതും സാക്ഷാൽക്കരിക്കപ്പെട്ടതും ഇക്കാലയളവിലാണ്‌.
2010 ഏപ്രിൽ 20ന്റെ സർവകക്ഷി യോഗത്തിൽ ദേശീയ പാതയുടെ വീതി 45ൽനിന്ന്‌ 30 മീറ്ററായി കുറച്ച് നിശ്ചയിക്കാൻ ധാരണയായി. ഇത് കേന്ദ്രം നിരാകരിച്ചു. 2010 ആഗസ്ത് 17ൽ വീണ്ടും സർവകക്ഷി യോഗം ചേർന്ന് ദേശീയപാതയുടെ വീതി 45 മീറ്ററായി പുനർനിശ്ചയിച്ചു.

2016ൽ അധികാരത്തിൽ വന്നപ്പോൾ ദേശീയപാതാവികസനം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എൽഡിഎഫ് ഉറപ്പ്‌ നൽകിയിരുന്നു. ഭൂമി നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള തീരുമാനങ്ങളെടുത്തു.

മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, മറ്റു അനുബന്ധ മന്ത്രിമാരെല്ലാം തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തി. ഭൂമി ഏറ്റെടുക്കൽ യാഥാർഥ്യമാക്കാൻ അനേകം തടസ്സങ്ങളുണ്ടായി. ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി കൈമാറുകയും ചെയ്തു.

ഇങ്ങനെ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ  5580 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ എൽഡിഎഫ് സർക്കാരിനായി.

ഇടമൺ –കൊച്ചി 400 കെവി ട്രാൻസ്മിഷൻ ലൈൻ

സാധ്യമാകില്ലെന്ന് കരുതിയ  ഇടമൺ–കൊച്ചി 400 കെവി ട്രാൻസ്മിഷൻ ലൈൻ പദ്ധതി പൂർത്തിയാക്കിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസനത്തിന്റെ മുഖമുദ്രയാണ്‌. സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലം ദീർഘകാലം മുടങ്ങിക്കിടന്ന പദ്ധതി, ഉപേക്ഷിക്കാമെന്നുതന്നെ ഒരു ഘട്ടത്തിൽ പവർഗ്രിഡ്‌ കോർപറേഷൻ തീരുമാനിച്ചതാണ്.

ആകർഷകമായ നഷ്ട പരിഹാര പാക്കേജ് അനുവദിക്കുകയും പദ്ധതിപ്രവർത്തനങ്ങളിൽ സർക്കാർ നിരന്തരം ശക്തമായി ഇടപെടുകയും ചെയ്തതാണ് ഇടമൺ–കൊച്ചി 400 കെവി ട്രാൻസ്മിഷൻ ലൈൻ പദ്ധതി വിജയപഥത്തിൽ എത്തിച്ചത്.

ഗെയിൽ വാതക പൈപ്പ് ലൈൻ

അസാധ്യമെന്ന്‌ മുദ്രകുത്തപ്പെട്ട മറ്റൊരു പദ്ധതിയായിരുന്നു ഗെയിൽ വാതക പൈപ്പ് ലൈൻ. അത്‌ സാധ്യമാക്കിയത്‌ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ്‌. കൊച്ചി എൽഎൻജി ടെർമിനലിൽനിന്ന്‌ പ്രകൃതി വാതകം കേരളത്തിലെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതാണ്‌ പദ്ധതി. 510 കിമീ നീളം വരുന്ന പൈപ്പ് ലൈനിന്റെ മൊത്തം ചെലവ് 5750 കോടി രൂപ.

കേരള വ്യവസായ വികസന കോർപറേഷനും പദ്ധതിയിൽ പങ്കാളിത്തമുണ്ട്‌. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിയ്ക്ക് വീണ്ടും ജീവൻവച്ചു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തി. ജനപങ്കാളിത്തത്തോടെ അതിവേഗം ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തിയാക്കി. ഇനി മുതൽ വീടുകൾക്കും വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും ചെലവുകുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതിവാതകം ലഭ്യമാകും. സിറ്റിഗ്യാസ് പദ്ധതി വീടുകളിലേക്ക്‌ ഇന്ധനം എത്തിക്കും. നിലവിൽ തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളിൽ 8864 സിറ്റി ഗ്യാസ് കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു.

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ

കൃഷി

● കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് 1.7 ലക്ഷം ഹെക്ടർ നെൽകൃഷി ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോളത് 2.23 ലക്ഷം ഹെക്ടർ ആയി.
● നെല്ലുൽപ്പാദനത്തിൽ 20 വർഷത്തെ റെക്കോർഡ്. ഉൽപ്പാദനക്ഷമത ഹെക്ടറിന് 2.56 ടൺ ആയിരുന്നത് 2.98 ടണ്ണായി വർധിച്ചു.
● നെല്ലിന്റെ സംഭരണ വില  രാജ്യത്തെ ഏറ്റവും ഉയർന്ന 28 രൂപയിലെത്തിച്ചു. നാളികേരം സംഭരണ വില 32 രൂപയാക്കി.
● 14 പച്ചക്കറി ഇനങ്ങൾക്ക് തറവില പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം.
● പച്ചക്കറിയുൽപ്പാദനം 7.25 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 14.93 ലക്ഷം മെട്രിക് ടൺ ആയി വർധിപ്പിച്ചു.

മൃഗപരിപാലനം

● ദേശീയതലത്തിൽ പാലുൽപ്പാദന വളർച്ച 6.4 ശതമാനം രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് ഇത് 12.46 ശതമാനമാണ്‌.
● 2016–17ൽ നാലുലക്ഷം ലിറ്റർ പാലാണ് ഇറക്കുമതി ചെയ്തതെങ്കിൽ 2019–20 വർഷം അത് 1.5 ലക്ഷം ലിറ്ററിൽ താഴെയായി.

വ്യവസായം

● പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ലാഭത്തിലെത്തിച്ചു. നഷ്ടം 131.60 കോടി രൂപയായിരുന്നത് ലാഭം 8.26 കോടിയായി ഉയർന്നു
● കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് പുതുതായി വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്‌സ്‌ ലിമിറ്റഡിനു രൂപം നൽകി.


● കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച കാസർകോട്‌ ഭെൽ 2022 ഏപ്രിൽ ഒന്നുമുതൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു. ബിഎച്ച്ഇഎൽന് ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51 ശതമാനം ഓഹരികളും കേരള സർക്കാർ വാങ്ങി.
● വ്യവസായ നിക്ഷേപത്തിനുള്ള നടപടികൾ ലളിതമാക്കാൻ ഏഴ്‌ നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത്, കേരള ഇൻവെസ്റ്റ്മെന്റ്‌ പ്രമോഷൻ ആൻഡ്‌ ഫെസിലിറ്റേഷൻ ആക്ട് 2018 നടപ്പാക്കി.
● നിക്ഷേപത്തിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ്‌ ട്രാൻസ്പരന്റ്‌ ക്ലിയറൻസ് (കെ സ്വിഫ്റ്റ്) എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം നടപ്പിലാക്കി.
● സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾ ഈ സർക്കാരിന്റെ കാലത്ത് 1.4 ലക്ഷം യൂണിറ്റുകളായി ഉയർന്നു. യുഡിഎഫിന്റെ അവസാന വർഷം ഇത്  82,000 ആയിരുന്നു.
● 4.18 ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്നത് ഇപ്പോൾ 6.38 ലക്ഷമായി ഉയർന്നു.
● നിസ്സാൻ, ടോറസ്, ടെക് മഹീന്ദ്ര, ടെറാ നെറ്റ് പോലുള്ള കമ്പനികൾ നിക്ഷേപം നടത്താൻ തയ്യാറായി മുന്നോട്ടുവന്നു.

ഒരു ലക്ഷം സംരംഭം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ

സഹകരണത്തോടെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ 2022–23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമിച്ചതെങ്കിലും 245 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. നിലവിൽ 1,30,000 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2021–22 സാമ്പത്തിക വർഷം 1,600 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കാനും 22,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച്‌ വർഷത്തിൽ 527.21 ഏക്കർ ഭൂമി വ്യവസായ സ്ഥാപനങ്ങൾക്കായി കൈമാറിയെങ്കിൽ, 2022 വർഷം മെയ് വരെ 146.86 ഏക്കറാണ് വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി നീക്കിവച്ചത്.

കയർ

● കയർ സംഭരണത്തിൽ 125 ശതമാനം വർധന
● കയർ ഉൽപ്പന്ന സംഭരണത്തിൽ 70 ശതമാനം വളർച്ച കൈവരിച്ചു.

കശുവണ്ടി

● തോട്ടണ്ടിയുൽപ്പാദനം 37,000 മെട്രിക് ടണ്ണിൽനിന്ന് 88,180 മെട്രിക് ടണ്ണായി വർധിച്ചു.
● 52,000 ഹെക്ടർ ആയിരുന്ന കശുമാവ് കൃഷി 2018–19ൽ 96,650 ഹെക്ടറായി വർധിച്ചു

പരമ്പരാഗത വ്യവസായങ്ങൾ

● സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം 15.2 ലക്ഷം വിദ്യാർഥികൾക്കായി 126 ലക്ഷം മീറ്റർ തുണി ഉൽപ്പാദിപ്പിച്ചു.
● മാസം ശരാശരി 2500 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 15,000 രൂപ ലഭിക്കുന്നു

ടൂറിസം

● നാലുവർഷംകൊണ്ട് ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്
● 24 വർഷത്തിനിടെ വിനോദ സഞ്ചാരികളുടെ സന്ദർശനത്തിൽ വൻ റെക്കോർഡ്. 2019 ൽ കേരളത്തിലെത്തിയത്‌ 1.96 കോടി ടൂറിസ്റ്റുകൾ
● വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10,96,407 ആയി വർധിച്ചു
● ടൂറിസം മേഖലയിൽ 46,000 കോടി രൂപയുടെ വരുമാനം (2019 ലെ കണക്ക്).

വൈദ്യുതി

● എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് ആദ്യ സംസ്ഥാനമായി കേരളം. സമ്പൂർണ വൈദ്യുതീകരണം നടത്തിയ സംസ്ഥാനം.
● 17.14 ലക്ഷം പുതിയ കണക്‌ഷനുകൾ.
● വിതരണനഷ്ടം 9.07 ശതമാനമായി കുറച്ച ആദ്യ സംസ്ഥാനം.
● സർക്കാർ അധികാരത്തിൽ വന്നശേഷം 5,68,198 സർവീസ് കണക്‌ഷനുകൾ നൽകി. 2018 മുതൽ 80.24 രൂപ കോടി ചെലവഴിച്ച്‌ 79,107 ബിപിഎൽ കണക്‌ഷനുകൾ നൽകി.

പശ്ചാത്തല വികസനം

● ഗെയിൽ പൈപ്പ് ലൈനിന്റെ പ്രവൃത്തി പൂർത്തിയാക്കി.


● എൽഡിഎഫ് 11,580 കിമീ റോഡ് പൂർത്തീകരിച്ചു.
● തലപ്പാടി മുതൽ കന്യാകുമാരിവരെ നീളുന്ന ദേശീയപാത 66ൽ ആകെയുള്ള 21 റീച്ചിലും പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
● തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം നേടിയെടുക്കാനായി.
● 2021  ജൂലൈ 31ന് ഒന്നാം കുതിരാൻ തുരങ്കവും 2022 ജനുവരി 20ന് രണ്ടാം തുരങ്കവും തുറന്നു കൊടുത്തു.
● സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഒന്നിച്ച് പുരോഗമിക്കുകയാണ്.

അതിദരിദ്രരെ ദത്തെടുത്ത്‌ രാജ്യത്ത്‌ ആദ്യം

പല മാതൃകാ പദ്ധതികളും രാജ്യത്തിനും ലോകത്തിനും മുമ്പാകെവച്ച എൽഡിഎഫ്‌ സർക്കാർ ഈ നാട്ടിൽ ഇനി ആരും പട്ടിണികിടക്കുന്നവരോ കിടപ്പാടമില്ലാത്തവരോ വസ്‌ത്രമില്ലാത്തവരോ ആയി ഉണ്ടാവില്ല എന്ന ദൃഢപ്രതിജ്ഞ എടുത്ത്‌ മറ്റൊരു മോഡൽ സൃഷ്ടിച്ചിരിക്കുന്നു.  സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണെന്നും അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്നതാണ് ‘അതിദാരിദ്ര്യ മുക്തകേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കേരളമാകെ ആഹ്ലാദാരവങ്ങളോടെയാണ്‌ വരവേറ്റത്‌.

അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർകോട്‌ ജില്ലയിലെ കള്ളാർ എന്നീ പഞ്ചായത്തുകളിൽ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല.

കൊയ്‌ത്തുത്സവം

കൊയ്‌ത്തുത്സവം

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലുഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചിട്ടുള്ളത്. ബൃഹത്തും സൂക്ഷ്മവുമായ പ്രവർത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. ‌വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, അവർ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ മുൻഗണന നൽകിയും, ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്തവരാണെങ്കിൽ അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയും ഗവൺമെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുക. പൗരന് അടിസ്ഥാന അവകാശ രേഖകൾ ലഭ്യമാക്കുകയെന്നത് ഏറെ പ്രധാനമാണ്. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’  ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ, പഠന സൗകര്യങ്ങൾ ഒരുക്കൽ, സ്ഥിരമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഭക്ഷണം ഉറപ്പാക്കൽ, അശരണരുടെ പുനരധിവാസം, തൊഴിൽ കാർഡ് ലഭ്യമാക്കൽ എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നത് വഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം നാളത്തെ കേരളത്തിന്റെ മുഖമുദ്രയായി മാറും.

വിലക്കയറ്റം പിടിച്ചുനിർത്താൻ ശക്തമായ ഇടപെടൽ

വിലക്കയറ്റം പിടിച്ചുനിർത്തിയതിൽ കേരളം രാജ്യത്തിന്‌ മാതൃകയാവുകയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോൾ ജനങ്ങളെ കൈയൊഴിയാത്ത സമീപനമാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചത്‌.  
രാജ്യത്തെ മൊത്ത വിലസൂചിക മൂന്നു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഒരു ഘട്ടത്തിൽ ഭക്ഷ്യ വിലസൂചിക 17 മാസത്തെയും ധാന്യവില സൂചിക 21 മാസത്തെയും  ഉയർന്ന നിലയിലായി.   വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നത്‌ പ്രധാന കർത്തവ്യമായിക്കണ്ട്‌ വലിയ ഇടപെടൽ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമായി.

  2021–22 ൽ വർഷംകൊണ്ട് 9,702 കോടി രൂപ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ചെലവഴിച്ചു. 2022–23 ൽ 2000 കോടിയും. ഇത്തവണത്തെ ബജറ്റിൽ പൊതുവിതരണത്തിന്‌ 2063 കോടി രൂപ വകയിരുത്തി. ഈ സർക്കാരിന്റെ കാലത്ത് 2,53,999 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്‌തതും നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക്‌ കൂടുതൽപേരിൽ എത്തിക്കാൻ സഹായിക്കും.
രണ്ടര വർഷത്തിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ 10,000 കോടി രൂപ ചെലവഴിച്ചു.  ഇതിന്റെ ഫലമായി വിപണിയിൽ ഇടപെടുന്ന സർക്കാർ എന്ന പ്രതിച്ഛായ ഗവൺമെന്റിന്‌ കൈവന്നു.

കോവിഡ്‌ കാലത്ത്‌ ഉൾപ്പെടെ 14 തവണ സൗജന്യ ഭക്ഷ്യക്കിറ്റ്‌ നൽകാൻമാത്രം ചെലവിട്ടത്‌ 5600 കോടി രൂപയാണ്‌. 13 നിത്യോപയോഗ സാധനങ്ങൾക്ക്‌ 2016ലെ അതേവിലയാണ്‌ 2023ലും. ഇതിന്‌ വർഷം 400 കോടി ചെലവഴിക്കുന്നു. എഫ്സിഐയിൽനിന്ന്‌ അരി വാങ്ങാൻ 1444 കോടിയും നെല്ല് സംഭരണത്തിന്‌ 1604 കോടിയും റേഷൻ കടകൾക്ക്‌ 1338 കോടിയും സഹകരണ ചന്തകൾക്ക്‌ 106 കോടിയും തീരമൈത്രി സൂപ്പർ മാർക്കറ്റുകൾക്ക്‌ 46 ലക്ഷം രൂപയും ചെലവിട്ടു.
ജനകീയ ഹോട്ടലും സുഭിക്ഷ ഔട്ട്‌ലറ്റും വിലക്കയറ്റം പിടിച്ചുനിർത്തുന്നു. വാതിൽപ്പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളി, ആദിവാസി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക്‌ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നു.

കൺസ്യൂമർഫെഡ്‌ സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1000 നീതി സ്റ്റോർ നടത്തുന്നു. 176 ത്രിവേണി സൂപ്പർമാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്‌. ഉത്സവകാലത്ത്‌ ശരാശരി 1500 ചന്ത നടത്തി. ഭക്ഷ്യ–പലചരക്ക്‌ സാധനങ്ങൾ 20 ശതമാനംവരെ വിലകുറച്ച്‌ നൽകി. സംസ്ഥാനത്ത്‌ 817 മാവേലി സ്റ്റോറാണുള്ളത്‌. ഇവിടെ 30 – 50 ശതമാനംവരെയാണ്‌ വിലക്കുറവ്‌. സപ്ലൈകോയിൽ 32 ഇനങ്ങൾക്ക്‌ സബ്‌സിഡിയുണ്ട്‌.

തൊഴിലുറപ്പിലെ കരുതൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർവഹണത്തിൽ കേരളം രാജ്യത്തിന്‌ മാതൃകയായത്‌ അതിന്റെ പ്രയോജനം പരമാവധി സാധാരണക്കാരായ മനുഷ്യരിൽ എത്തിക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ്‌. രണ്ട്‌ സാമ്പത്തികവർഷമായി 10 കോടി തൊഴിൽദിനം സൃഷ്ടിച്ച മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. കോവിഡ്‌ പ്രതിസന്ധിയിൽ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്‌ക്ക്‌ ആശ്വാസമേകാൻ ഇതിലൂടെ സാധിച്ചു. തൊഴിൽദിനത്തിന്റെ ദേശീയ ശരാശരി അമ്പതാണെങ്കിൽ കേരളത്തിലിത്‌ 64.41 ഉം.

ദേശീയതലത്തിൽ 100 ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി എട്ടും കേരളത്തിൽ 31ഉം. പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനത്തിലെ ദേശീയ ശരാശരി 57.52 നിൽക്കുമ്പോൾ കേരളം 86.2 ശതമാനത്തിലാണ്‌. പട്ടികവർഗ കുടുംബങ്ങൾക്ക്‌ 100 അധികദിന തൊഴിൽ ഉറപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം.

തൊഴിലിന്റെ 90 ശതമാനവും സ്‌ത്രീകൾക്കാണ്‌. ദേശീയ തലത്തിൽ ഇത്‌ 55 ആണ്‌. സംസ്ഥാനത്ത്‌ 26.82 ലക്ഷം തൊഴിലാളികളാണ്‌ പദ്ധതിയെ ആശ്രയിക്കുന്നത്‌. 2022–23ൽ 10.32 കോടി തൊഴിൽദിനമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. അനുവദിച്ചത്‌ ആറുകോടിയും.

നിലവിൽ 8.5 കോടിയായി പുതുക്കിയിട്ടുണ്ട്‌. ഇതിൽ 7.79 കോടി തൊഴിൽദിനം കേരളം സൃഷ്ടിച്ചു. 15.02 ലക്ഷം കുടുംബത്തിന്‌ തൊഴിൽ നൽകി. സാധനസാമഗ്രി ഇനത്തിൽ 263.64 കോടി രൂപയും ഭരണച്ചെലവ്‌ ഇനത്തിൽ 152.72 കോടി രൂപയും കുടിശ്ശികയായി കേന്ദ്രം നൽകാനുണ്ട്‌. നവംബർ, ഡിസംബർ മാസങ്ങളിലെ അവിദഗ്ധ വേതന തുകയും ലഭ്യമാക്കിയിട്ടില്ല.

1993ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിപാടിയാണ് തൊഴിലുറപ്പുപദ്ധതി. ഗ്രാമങ്ങളിൽ വസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക്‌ കാർഷിക പ്രവർത്തനങ്ങൾക്ക്‌ മാന്ദ്യമുള്ള സമയങ്ങളിൽ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ പ്രഥമലക്ഷ്യം. സ്ഥായിയായ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും പ്രയോജനപ്പെടുന്ന സാമ്പത്തികാടിസ്ഥാന സൗകര്യങ്ങളുടെയും സാമൂഹികാസ്തികളുടെയും സൃഷ്ടി അനന്തരലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു.

തൊഴിൽ ആവശ്യമുള്ളവർക്കും അത് അന്വേഷിക്കുന്നവർക്കും അത് കണ്ടെത്താൻ കഴിയാത്തവർക്കുമാണ് തൊഴിലുറപ്പുപദ്ധതിയിൽ തൊഴിൽ ലഭിക്കുക. കാർഷിക മേഖലയിലോ ബന്ധപ്പെട്ട മറ്റു രംഗങ്ങളിലോ ആയിരിക്കും തൊഴിൽ നൽകുക. കായികാധ്വാനം ആവശ്യമുള്ള അവിദഗ്‌ധ തൊഴിലായിരിക്കും ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്കുകളിൽ താമസിക്കുന്ന 18നും 60നും മധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും തൊഴിൽ ലഭിക്കാൻ അർഹതയുണ്ടാകും. പദ്ധതി പ്രകാരം ഒരാൾക്ക് (താമസസ്ഥലത്തിന് 5 കിമീ ചുറ്റളവിൽ) ഒരു വർഷം നൂറ് ദിവസം തൊഴിൽ നൽകുന്നു.

ഈ നിയമപ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുന്നു. 2008 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ എല്ലാ ജില്ലകളിലും  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രാബല്യത്തിൽ വന്നു.

സാമ്പത്തിക  ഞെരുക്കവും കോവിഡ്‌ മഹാമാരിയും രൂക്ഷമാക്കിയ പ്രതിസന്ധി  നിലനിൽക്കെ കേരളം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികവ്‌ നേടി. രാജ്യത്താകെ  തൊഴിൽദിനങ്ങൾ കുറഞ്ഞപ്പോൾ കേരളം നില കൂടുതൽ മെച്ചപ്പെടുത്തി. 2021–22ൽ  തൊട്ട്‌ മുൻവർഷത്തെ അപേക്ഷിച്ച്‌  രാജ്യത്ത്‌  26 കോടി തൊഴിൽ ദിനത്തിന്റെ  കുറവ് വന്നു.

കേരളത്തിൽ 2020–21ൽ തൊഴിൽ ദിനം 10.23 കോടിയായിരുന്നത്‌. 2021–22ൽ 10.59 കോടിയായി   ഉയർന്നു. 2020–21 ൽ  389.08  കോടി തൊഴിൽദിനം  ഉണ്ടായിരുന്നത് 2021–22ൽ  363.32 കോടിയായി  കുറഞ്ഞു. ഗ്രാമവികസന മന്ത്രാലയം പാർലമെന്റിൽ വച്ച കണക്കാണിത്‌. കേരളത്തിന്‌ അനുവദിച്ച ഫണ്ടിൽ 822.20 കോടി രൂപയുടെ കുറവുണ്ടായപ്പോഴാണിത്‌.  2020–21ൽ 4300.32 കോടി  രൂപ കേരളത്തിനു ലഭിച്ചപ്പോൾ 2021–22ൽ 3478.12 കോടി മാത്രമാണ്‌ ലഭിച്ചത്‌.

ഉത്തർപ്രദേശിൽ 6.87 കോടിയും ബിഹാറിൽ–4.65 കോടിയും  മധ്യപ്രദേശിൽ–4.2 കോടിയും രാജസ്ഥാനിൽ 3.62 കോടിയും ഛത്തീസ്‌ഗഢിൽ 1.48 കോടിയും  തൊഴിൽദിനങ്ങൾ കുറഞ്ഞു.  18 സംസ്ഥാനത്തും  നാല്‌  കേന്ദ്രഭരണ പ്രദേശത്തും   കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി, ദാമൻ ആൻഡ് ഡിയുവിൽ  നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല.

കേരള മുഖച്ഛായ  മാറ്റിയ കിഫ്ബി

അടിസ്ഥാന വികസന രംഗത്ത്‌ കേരളത്തെ തലയുയർത്തിനിൽക്കാൻ പാകത്തിന്‌ മെച്ചപ്പെടുത്തിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസന പദ്ധതികളാണ്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കിഫ്‌ബി വഴി നടപ്പാക്കിയതും ഇപ്പോൾ നടക്കുന്നതുമായ വൻകിട പദ്ധതികൾ. വികസനസ്വപ്‌നങ്ങൾക്ക്‌ കൂടുതൽ നിറം നൽകി കിഫ്‌ബി  5681.98 കോടി രൂപയുടെ പുതിയ പദ്ധതികൾകൂടി ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ്‌ ഒടുവിലെത്തിയത്‌. ഫെബ്രുവരി 28 ന്‌ ചേർന്ന  കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ്‌  (കിഫ്‌ബി ) യോഗം 64 പദ്ധതിക്കുകൂടി ധനാനുമതി നൽകി. ഇതോടെ 80,352 കോടി രൂപയുടെ 1057 പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുകയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റോഡുവികസനത്തിന്‌ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ മരാമത്ത്‌ വകുപ്പിന്റെ 36പദ്ധതിക്കുകൂടി അംഗീകാരമായി. 3414.16 കോടിയാണ്‌ അടങ്കൽ. കോസ്റ്റൽ ഷിപ്പിങ്‌ വകുപ്പിനു കീഴിൽ കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സിവേജ് പ്ലാന്റിന് 341.97 കോടി രൂപയും അനുവദിച്ചു.

ആരോഗ്യവകുപ്പിന്റെ എട്ടു പദ്ധതിക്ക്‌ 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഒമ്പതു പദ്ധതിക്ക്‌ 600.48 കോടിയുമുണ്ട്‌. 467.32 കോടിയിൽ ജലവിഭവ വകുപ്പിന്റെ മൂന്നു പദ്ധതി അംഗീകരിച്ചു. തദ്ദേശഭരണ വകുപ്പിന്റെ 42.04 കോടി അടങ്കലിലെ രണ്ടു പദ്ധതിയിൽ  തൃശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്‌മശാനങ്ങളും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ബ്ലെസൺ ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുണ്ട്‌. എട്ട്‌ സ്‌കൂളിന്റെ നവീകരണത്തിന്‌ 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിന്റെ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ നിർമാണത്തിനായി 10.24 കോടിയും നീക്കിവച്ചു.

കിഫ്ബി പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിന്‌ സർക്കാരിന്റെ എല്ലാ സഹായവും തുടരുകയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.  കിഫ്‌ബി ആക്ട് പ്രകാരം ലഭ്യമാക്കേണ്ട തുക മുടങ്ങില്ലെന്ന്‌ ഉറപ്പാക്കി. കിഫ്ബിക്കായി വിപണിയിൽനിന്ന്‌ ഫണ്ട് കണ്ടെത്തുന്നതിന്‌ പ്രതിസന്ധിയില്ല. ഇതിന്റെ വായ്‌പയും സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തിയതുമൂലം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ടെങ്കിലും വികസന കാര്യങ്ങളിൽ മടിച്ചുനിൽക്കുന്ന പ്രശ്നമില്ലെന്ന ശക്തമായ നിലപാടാണ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌.  

പുതിയ പദ്ധതികൾ

തൃശൂർ മെഡിക്കൽ കോളേജിലെ വനിതാശിശു ബ്ലോക്കിന്‌ 279.19 കോടി.
കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി പാക്കേജിലെ മൂന്നു റോഡിന്‌ സ്ഥലമെടുപ്പിന്‌ 1979.47 കോടി.

ദുർബലപ്പെടുത്താനുള്ള നീക്കം തടയും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കംവയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായിനിന്ന് ചെറുക്കുമെന്ന നിലപാട്‌ ഇന്ന്‌ ശക്തമാണ്‌.  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബജറ്റ് തുകകൊണ്ട് മാത്രം വികസനം യാഥാര്‍ഥ്യമാകാതെ വരുന്ന സമയത്ത് പരിഹാരമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. 

േദശീയ പാത ‐ കഴക്കൂട്ടത്തെ കാഴ്്‌ച

േദശീയ പാത ‐ കഴക്കൂട്ടത്തെ കാഴ്്‌ച

   
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികസമ്മാനമായി ജനങ്ങള്‍ ഏറ്റെടുത്ത കോന്നി, അടൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏഴംകുളം‐ കൈപ്പട്ടൂര്‍ റോഡ് നിർമാണ ഉദ്ഘാടനം തുടങ്ങിയതുമൂലമാണ്‌ ഈ അനുകൂല സ്ഥിതി ഉണ്ടായത്‌.

മേഖലയിലെ  റോഡുകൾ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ എംഎല്‍എമാര്‍ക്കൊപ്പം സഞ്ചരിച്ച്  പരിശോധിച്ചു. പൂര്‍ത്തിയാകാനുള്ള റോഡുകള്‍ ഉദ്യോഗസ്ഥന്മാര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിർദേശം നൽകി. അഞ്ച് വര്‍ഷംകൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന പ്രഖ്യാപനവും വികസന രംഗത്ത്‌ വലിയ പ്രതീക്ഷ നൽകുന്നതായി.  പതിനാല് ജില്ലകളിലും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനം സാധ്യമാക്കി. റോഡുകളും, പാലങ്ങളും സുരക്ഷിതമായി പൂര്‍ത്തിയാക്കി വരുന്നു. 

ഒരുപാട് ആശങ്കകളും പരാതികളും നിലനിന്ന റോഡാണ് ഏഴംകുളം ‐ കൈപ്പട്ടൂര്‍ റോഡ്. ഒട്ടേറെ പ്രത്യേകതകളും ഈ റോഡിനുണ്ട്‌. റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം റോഡ് കുഴിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ പ്രവര്‍ത്തികളും നടത്തിയ ശേഷമാണ്‌ റോഡ് നിര്‍മാണം ആരംഭിച്ചത്‌.  ഉന്നത നിലവാരത്തില്‍ ഏഴംകുളം‐കൈപ്പട്ടൂര്‍ റോഡ് പൂര്‍ത്തിയാക്കുകയെന്ന പൊതുജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാക്കിയത്‌. കിഫ്ബിയില്‍നിന്ന്‌ 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്.

അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍നിന്ന് ആരംഭിച്ച് അടൂര്‍‐പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് റോഡ്. ചന്ദനപ്പള്ളി ദേവാലയങ്ങള്‍, ചിലന്തിയമ്പലം, കൊടുമണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ റോഡ് പ്രയോജനകരമാണ്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top