25 April Thursday

ശാസ്ത്രവും കൗതുകവും @ 2022

എൻ എസ്‌ അരുൺകുമാർUpdated: Sunday Jan 1, 2023


കോവിഡ്‌ വ്യാപനം തീർത്ത പ്രതിസന്ധികളിൽനിന്ന്‌ ശാസ്‌ത്ര–-സാങ്കേതിക ഗവേഷണമേഖല തിരിച്ചുവരുന്ന കാഴ്‌ചയ്‌ക്കാണ്‌ 2022 സാക്ഷ്യംവഹിച്ചത്‌. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വീണ്ടും ഭീഷണി ഉയർത്തുമ്പോഴും പ്രതിരോധ വാക്‌സിനുകളുടെ ഗവേഷണരംഗത്ത്‌ വലിയ മുന്നേറ്റമാണ്‌ ഉണ്ടാകുന്നത്‌. പോയവർഷം ശാസ്‌ത്ര–- സാങ്കേതിക രംഗത്തുണ്ടായ ചില സംഭവങ്ങൾ, കണ്ടെത്തലുകൾ, കൗതുകങ്ങൾ തുടങ്ങിയവയെപ്പറ്റി:

മരിച്ച കോശങ്ങൾ ജീവൻവച്ചു
മരിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിച്ച്‌ ശാസ്‌ത്രലോകം അത്ഭുതപ്പെടുത്തിയ വർഷമാണ്‌ കടന്നുപോയത്‌. യുഎസിലെ യാലെ സർവകലാശാലയുടെ ഓർഗൻ എക്സ് (OrgenEx)  പരീക്ഷണം വലിയ വഴിത്തിരിവാകുകയാണ്‌. ചത്ത പന്നിയിൽ അവർ നടത്തിയ പരീക്ഷണമാണ്‌ വിജയത്തിലെത്തിയത്‌. പ്രത്യേകമായി വികസിപ്പിച്ച കോശസംരക്ഷിത ഫ്ലൂയിഡ്‌ ശരീര അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തിച്ച്‌ അവയെ പുനരുജ്ജീവിപ്പിക്കുന്ന വിപ്ലവകരമായ സാങ്കേതിക വിദ്യയാണ്‌ ഇത്‌. ചത്ത പന്നിയുടെ കോശങ്ങളുടെ പ്രവർത്തനവും രക്തചംക്രമണവും പുനഃസ്ഥാപിക്കാനായി എന്നതാണ്‌ അത്ഭുതം. വർഷങ്ങളായി നടക്കുന്ന ഗവേഷണങ്ങൾക്ക്‌ ഒടുവിലാണ്‌ ഈ വിജയം. അവയവമാറ്റ ശസ്‌ത്രക്രിയകളിലടക്കം ഗുണകരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ്‌ ഗവേഷകരുടെ അവകാശവാദം. എന്തായാലും തുടക്കംമാത്രമാണ്‌ ഇത്‌.

പുതിയ ഊർജവഴികൾ
സൗരോർജം ഉപയോഗിച്ച് ജലത്തെ വിഘടിപ്പിക്കുന്നതിലൂടെ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ‘ഹരിത ഹൈഡ്രജൻ’ഹബ്ബിന്റെ നിർമാണം സ്പെയ്നിലെ ആസ്റ്റൂറിയാസിൽ ആരംഭിച്ചതും പോയവർഷമാണ്‌. ഹരിതമാർഗങ്ങളിലൂടെ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുക എന്നത് ലക്ഷ്യമാക്കുന്ന ഹൈഡീൽ ആംബിഷൻ എന്ന യൂറോപ്യൻ കൂട്ടായ്മയാണ് ഇതിനു പിന്നിൽ. 2025ൽ പൂർത്തീകരണം പ്രതീക്ഷിക്കുന്ന പദ്ധതിയാണ്‌ ഇത്‌.

മലിനീകരണം കുറവുള്ള ഊർജസ്രോതസ്സുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിൽ ശാസ്‌ത്രലോകം ഒരു ചുവടുകൂടി മുന്നോട്ടുവച്ച വാർത്തയും കഴിഞ്ഞവർഷം എത്തി. കലിഫോർണിയ നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയിലെ ശാസ്‌ത്രജ്ഞർ ന്യൂക്ലിയർ ഫ്യൂഷനിലൂടെ സൃഷ്ടിച്ച ഊർജം തുടക്കമാണ്‌.അതീവശക്തിയുള്ള ലേസറുകൾ ഉപയോഗിച്ച് ദ്രവ്യത്തെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലകളിലേക്ക് ഉയർത്തി പ്ലാസ്മയാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ഇത്‌. ഭാവി ആവശ്യങ്ങൾക്കുള്ള ‘ശുദ്ധ ഊർജ’ത്തിലേക്കുള്ള ലക്ഷ്യം അകലെയല്ലെന്നർഥം.

ആദ്യ ഹൈഡ്രജൻ ട്രെയിൻ
ചൈന തദ്ദേശീയമായി വികസിപ്പിച്ച ലോകത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഡിസംബർ അവസാനവാരം ഓടിത്തുടങ്ങി. മണിക്കൂറിൽ 160 കിലോമീറ്ററാണ്‌ ഈ സീറോ കാർബൺ എമിഷൻ ട്രെയിനിന്റെ വേഗത. 1502 പേർക്ക്‌ യാത്ര ചെയ്യാനാകും. സിച്യൂവാൻ പ്രവിശ്യയിലെ ഫാക്ടറിയിൽനിന്ന്‌ ആഘോഷപൂർവമാണ്‌ പ്രകൃതിസൗഹൃദ ട്രെയിൻ പുറത്തിറക്കിയത്‌.

വൈദ്യുത മോട്ടോറുകൾമാത്രം ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി. ഇസ്രയേൽ ഏവിയേഷൻ എയർക്രാഫ്റ്റ് എന്ന കമ്പനിയാണ് പൈലറ്റുമാരടക്കം 11 പേരെ വഹിക്കാൻ കഴിയുന്ന ഈ ചെറുവിമാനം നിർമിച്ചത്. ലിത്തിയം പോളിമെർ ബാറ്ററികളാണ് ഏവിയേഷൻ ആലീസ് (Eviation Alice) എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിൽ ഉപയോഗിക്കുന്നത്.

പ്ലാസ്റ്റിക്‌ കില്ലർ
പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കാണാൻ കഴിയുന്ന രാസാഗ്‌നിയുടെ വരവ്‌ ഏറെ പ്രതീക്ഷ നൽകുന്നു. ജർമനിയിലെ ലേയ്‌പ്‌ സിഗ് സർവകലാശാലാ ശാസ്ത്രജ്ഞരാണ്‌ പ്ലാസ്റ്റിക്കിന്റെ വിഘടനം അതിവേഗം സാധ്യമാക്കുന്ന പുതിയതരം രാസാഗ്നിയെ കണ്ടെത്തിയത്‌. പോളിസ്റ്റർ ഹൈഡ്രോലേസ് (Polyester Hydrolase) എന്ന ഈ രാസാഗ്നിക്ക് പോളിഎഥിലീൻ ടെറിതാലേറ്റ് (Polyethylene terephthalate: PET) എന്ന വിഭാഗത്തിൽപ്പെടുന്ന പ്ലാസ്റ്റിക്കിനെ എളുപ്പത്തിൽ വിഘടിപ്പിക്കാനാകും.

180 കിലോമീറ്റർ നീളമുള്ള സസ്യം
ഇന്നുള്ളതിൽവച്ച് ഏറ്റവും വലുപ്പമുള്ള സസ്യത്തെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഷാർക്ക് ബേയിൽനിന്ന്‌ കണ്ടെത്തിയതും കഴിഞ്ഞ വർഷമാണ്‌. ഇതിന്റെ നാടപോലെയുള്ള ഭാഗങ്ങളുടെ ആകെ നീളം 180 കിലോമീറ്ററാണ്. ശാസ്ത്രീയനാമം പോസിഡോണിയ ഓസ്ട്രാലിസ് (Posidonia australis). 200 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സസ്യത്തിന്‌ 4500 വർഷം പഴക്കമുണ്ടെന്നും ഗവേഷകർ പറയുന്നു. സസ്യത്തിന്റെ ഡിഎൻഎ വിശദമായി പരിശോധിച്ച ശേഷമാണ്‌ സ്ഥിരീകരണം.
നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്നത്ര വലുപ്പത്തിലുള്ള ബാക്ടീരിയയെ കണ്ടെത്തിയതും കഴിഞ്ഞവർക്ഷമാണ്‌. തിയോമാർഗരിറ്റ മാഗ്നിഫിക്ക (Thiomargarita magnifica) എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഏകദേശം ഒരു സെന്റിമീറ്റർ വലുപ്പമുണ്ട്. കരീബിയയിലെ ഗ്വാഡിലൂപെ ദ്വീപസമൂഹത്തിൽ വെള്ളത്തിലാണ്ടുകിടക്കുന്ന കണ്ടൽമര ഇലയിലാണ്‌ സൾഫർ ബാക്ടീരിയകളുടെ വിഭാഗത്തിൽപ്പെടുന്ന ഇതിനെ കണ്ടെത്തിയത്.

അണ്ഡവും ബീജവും വേണ്ട
അണ്ഡത്തിന്റെയോ ബീജത്തിന്റെയോ സഹായമില്ലാതെ കൃത്രിമ ഭ്രൂണം സൃഷ്ടിക്കാമെന്ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെയും ഗവേഷകർ തെളിയിച്ചു. എലിയുടെ സ്‌റ്റെം സെല്ലുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന വാനരവസൂരി (M-–-Pox) ലണ്ടനിൽ ഒരു രോഗിയിൽ കണ്ടെത്തി. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു ഇത്‌. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരുന്നത്‌ സ്ഥിരീകരിക്കപ്പെട്ടത്‌ ഇതോടുകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top