16 September Tuesday

തൂവൽസ്പർശംപോലെ ഹൃദയംകവർന്ന്‌

എം രാജീവ്കുമാർUpdated: Friday Nov 25, 2022


മലയാള കഥയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ സാന്നിധ്യം സജീവമായിരുന്നു. ഞങ്ങളുടെ തലമുറയിൽപ്പെട്ട ഒരാളുടെ നോവൽ ആദ്യമായി വായിക്കുന്നത് സതീഷിന്റേതാണ്. മണ്ണ് എന്ന പേരിൽ 1989ൽ  ഇ എം എസിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ നോവൽ. സി വി ബാലകൃഷ്ണൻ അല്ലാതെ പുതിയ തലമുറയിലെ ആരും നോവൽ എഴുതാത്ത കാലമായിരുന്നു അത്. കാവുമ്പായി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണിത്‌.  ഇന്ന് ആലോചിക്കുമ്പോൾ ഒരു എഴുത്തുകാരൻ ചെറുപ്രായത്തിൽ ഇങ്ങനൊരു നോവൽ എഴുതിയത് വിസ്മയം ജനിപ്പിക്കുന്നു.  അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരുപോലെ "ഒരു തൂവൽസ്പർശം പോലെ'യുള്ളവയാണ്‌ കഥകൾ.  സ്ത്രീ മനസ്സിന്റെ കാണാക്കയങ്ങളാണ് പലപ്പോഴും വിഷയം. അടുത്തിടെ എഴുതിയ ലിഫ്റ്റ് എന്ന കഥയിലും അതുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പേരമരം എന്ന കഥാസമാഹാരം മനുഷ്യന്റെ സ്മരണ പ്രകൃതിയോട് വിലയം പ്രാപിക്കുന്നതും പ്രകൃതി ഒരു കഥാപാത്രമായി വളരുന്നതുമാണ്‌.

40 കൊല്ലമായി സതീഷുമായി എനിക്ക് സുദൃഡമായ ബന്ധമുണ്ട്. ദൃശ്യമാധ്യമ രം​ഗത്ത് പനോരമ വിഷൻ എന്ന ടെലിവിഷൻ കമ്പനി ആരംഭിച്ചതു മുതലുള്ള ബന്ധമാണ്. വിവിധ ചാനലുകളിൽ പ്രഭാത പരിപാടി സംഘടിപ്പിച്ചിരുന്നു. പൊൻപുലരി എന്ന പേരിൽ 1992 മുതലാണ് ഇത് ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ സതീഷിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ അവതാരകവേഷം കെട്ടി. നളന്ദയുടെ ഒരു ചായ്പിൽനിന്ന്‌ ഭാരത് ഭവനെ തൈയ്ക്കാടുള്ള വിശാലമായ അങ്കണത്തിലേക്ക് പറിച്ചു നട്ടതും സതീഷ് മെമ്പർ സെക്രട്ടറിയായിരുന്ന കാലത്താണ്. മറ്റൊരു മേഖല സിനിമയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലിഫ്റ്റ് എന്ന കഥ സിനിമയാക്കാനിരിക്കെയാണ് ദുര്യോ​ഗം. സിനിമയിലുള്ള താൽപ്പര്യം കൊണ്ടാണ് തലസ്ഥാനത്ത് വന്നത്. പദ്മരാജന്റെ ക്ഷണവും ഉപദേശങ്ങളും പ്രേരകശക്തിയായി. സത്രം എന്ന പേരിൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുകയായിരുന്നു. ഇടയ്ക്ക് ടി പത്മനാഭന്റെ സത്രം എന്ന കഥ പുറത്തുവന്നപ്പോൾ  ഒരു നിരാശനായി. ഒരേ പേരിൽ രണ്ട് കൃതി വന്നാലെങ്ങനെ എന്നൊരു സന്ദേഹം. എന്നാലും വികാരജീവിയായ കഥാകൃത്തിന് അതിൽനിന്ന് രക്ഷപ്പെടാൻ ഒരു വർഷം വേണ്ടിവന്നു. നോവലിന്റെ പണികൾ ഒരാഴ്ചയ്ക്ക് മുമ്പ് ആരംഭിച്ചതായിരുന്നു. അത് പൂർത്തിയാക്കിയോ എന്തോ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top