18 April Thursday

ഏഴഴക് ; 2018നുശേഷം ആദ്യ കിരീടം

സി പ്രജോഷ് കുമാർUpdated: Wednesday May 4, 2022


മലപ്പുറം
ഒറ്റനിമിഷത്തിൽ കേരളം ഒന്നുപതറി. പിന്നെ ആർത്തലച്ച് മുന്നേറി. ഒടുവിൽ സ്വപ്നകിരീടമണിഞ്ഞു. സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനലിന്റെ അധികസമയത്ത് ബംഗാളായിരുന്നു ലീഡ് നേടിയത്. 96–ാംമിനിറ്റിൽ ദിലീപ് ഒറോന്റെ ഹെഡർ പയ്യനാട് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. കഴിഞ്ഞുവെന്ന്‌ തോന്നിച്ച നിമിഷത്തിൽ അതിമനോഹരമായി കേരളം തിരിച്ചുവരികയായിരുന്നു. 116–ാംമിനിറ്റിൽ സഫ്-നാദിന്റെ ഹെഡർ ബംഗാൾവല തുളച്ചപ്പോൾ ഒരു കൊടുങ്കാറ്റ് ഉണർന്നു. ഷൂട്ടൗട്ടിൽ ബംഗാൾ പിടിച്ചുനിന്നില്ല.

ഗോളുകൾ ഉതിർത്ത് കുതിക്കുന്ന കേരളത്തിനെ പ്രതിരോധപ്പൂട്ടിൽ തളയ്ക്കാനായിരുന്നു  ബംഗാൾ കോച്ച്‌ രഞ്‌ജൻ ഭട്ടാചാര്യ ശ്രമിച്ചത്. ആ നീക്കം തുടക്കത്തിൽ ഫലംകണ്ടു. ലോങ് പാസുകളിലൂടെ ബംഗാൾ പ്രതിരോധം മുറിച്ചുകടക്കാനുള്ള നീക്കങ്ങളെ തടഞ്ഞു.
രണ്ടുതവണ അവസരം ലഭിച്ചപ്പോഴാകട്ടെ കേരളം തുലച്ചു. 32–-ാംമിനിറ്റിൽ കിട്ടിയ സുവർണാവസരം വിഘ്നേഷ് പാഴാക്കി. ഗോളിമാത്രം മുന്നിൽ നിൽക്കെ ഷോട്ട് പുറത്തേക്ക്. അടുത്തനിമിഷത്തിൽ സഞ്‌ജുവിന്റെ ഷോട്ട് ബംഗാൾ ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നാലെ ബംഗാളിന്റെ ആക്രമണം. ബംഗാളിന്റെ ഫർദിൻ അലിയുടെ വെടിയുണ്ട കേരള ഗോളി മിഥുൻ തടുത്തു.

ഇടവേള കഴിഞ്ഞ്‌ പരിശീലകൻ ബിനോ ജോർജ് തന്ത്രങ്ങളിൽ മാറ്റംവരുത്തി. ബംഗാൾ പ്രതിരോധത്തെ കീറിമുറിക്കുകയായിരുന്നു ലക്ഷ്യം. ആ രീതിയിൽത്തന്നെ കളി മുന്നേറി. ഒരുതവണ ഗോൾ കീപ്പർമാത്രം മുന്നിൽനിൽക്കെ ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പുറത്തേക്ക് പോയി.
സെമിയിലെ മിന്നുംതാരമായ ടി കെ ജെസിൻ തുടർച്ചയായി നടത്തിയ നീക്കങ്ങളും ലക്ഷ്യത്തിലേക്കെത്തിയില്ല. കളി അന്ത്യനിമിഷത്തോട് അടുത്തു. ഇരുസംഘവും അധികസമയത്തേക്ക് തയ്യാറെടുത്തു.

അധികസമയവും ആധിപത്യം കേരളത്തിനായിരുന്നു. പക്ഷേ, ഷിഗിലിന്റെ രണ്ട് ഷോട്ടുകൾ പുറത്തേക്കാണ് പോയത്. ഈ പിഴവുകൾക്കുള്ള മറുപടി ബംഗാൾ ഉടൻ തന്നു.  സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസ് ഒറോൺ കേരളത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. തുടർന്നുള്ള നിമിഷങ്ങൾ സമ്മർദത്തിന്റെയും ആശങ്കയുടേതുമായിരുന്നു. കളിക്കാർ ഊർജത്തോടെതന്നെ മുന്നേറി. 20 മിനിറ്റിനുള്ളിൽ അതിന്‌ ഫലംകിട്ടി. പകരക്കാരനായെത്തിയ സഫ്നാദ് രക്ഷകനായി. നൗഫലിന്റെ മനോഹര ക്രോസിൽ സഫ്നാദിന്റെ ഹെഡർ. അതൊരു മുഴക്കമായി.
ഷൂട്ടൗട്ട് കേരളത്തിനൊപ്പം നിന്നു. അഞ്ചിൽ അഞ്ചും വലയിലേക്ക് തൊടുത്തു. ബംഗാളിന്റെ രണ്ടാംകിക്ക് ലക്ഷ്യത്തിലെത്തിയില്ല.

താരമായി ജിജോ
കേരള ക്യാപ്‌റ്റൻ ജിജോ ജോസഫ്‌ സന്തോഷ്‌ ട്രോഫി ടൂർണമെന്റിലെ മികച്ച താരമായി. നിർണായകമത്സരങ്ങളിൽ ടീമിനെ കരുത്തോടെ നയിച്ചതും അഞ്ച്‌ ഗോൾ അടിച്ചതും നേട്ടമായി. രാജസ്ഥാനെതിരെ മൂന്നും പഞ്ചാബിനെതിരെ രണ്ട്‌ ഗോളും നേടി. ഫൈനലിൽ ഷൂട്ടൗട്ടിലും വലകുലുക്കി. തൃശൂർ ജില്ലയിലെ തിരൂർ മുളങ്കുന്നത്തുകാവ്‌ സ്വദേശിയായ ജിജോ എസ്‌ബിഐയിൽ ക്ലർക്കാണ്‌.
കെഎസ്‌ഇബിയുടെ അതിഥിതാരമാണ്‌. ഇത്‌ ഏഴാം സന്തോഷ്‌ ട്രോഫിയാണ്‌. കേരളത്തിനുവേണ്ടി കപ്പുയർത്തുന്ന ഏഴാമത്തെ ക്യാപ്‌റ്റനും. ഇത്‌ അവസാന ടൂർണമെന്റാണെന്നും കേരളത്തിനായി ഇനി കളിക്കില്ലെന്നും ജിജോ പറഞ്ഞു. പ്രഫഷണൽ ലീഗിൽ കളിക്കാനാണ്‌ മുപ്പതുകാരന്റെ ആഗ്രഹം.

സുവർണപാദുകം ജെസിന്‌
സന്തോഷ്‌ ട്രോഫിയിൽ കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള സുവർണപാദുകം കേരളത്തിന്റെ ടി കെ ജെസിന്‌. ആറ്‌ ഗോളടിച്ചാണ്‌ നിലമ്പൂർ മിനർവപ്പടി സ്വദേശി നേട്ടം സ്വന്തമാക്കിയത്‌. ഗ്രൂപ്പ്‌ റൗണ്ടിൽ ബംഗാളിനെതിരെയായിരുന്നു ആദ്യഗോൾ. സെമിയിൽ കർണാടകത്തിനെതിരെ അഞ്ച്‌ ഗോളടിച്ചു. സന്തോഷ്‌ ട്രോഫിയിൽ ഒരു കളിയിൽ കൂടുതൽ ഗോളടിച്ച കേരളതാരമെന്ന റെക്കോഡ്‌ ജെസിന്റെ പേരിലായി.

യോഗ്യതാറൗണ്ടിലെ മൂന്ന്‌ ഗോളുകൾ പരിഗണിച്ചാൽ അടിച്ചുകൂട്ടിയത്‌ ഒമ്പതു ഗോൾ. മമ്പാട്‌ എംഇഎസ്‌ കോളേജ്‌ അവസാനവർഷ ബിരുദവിദ്യാർഥിയായ മിടുക്കൻ കേരള യുണൈറ്റഡ്‌ താരമാണ്‌. ഓട്ടോഡ്രൈവറായ തോണിക്കരവീട്ടിൽ മുഹമ്മദ്‌ നിസാർ–-സുനൈന ദമ്പതികളുടെ മകനാണ്‌.

പരിശീലകൻ ബിനോ ജോർജ്

പരിശീലകൻ ബിനോ ജോർജ്


 

കളിയാശാൻ
കേരളം കപ്പ്‌ നേടുമ്പോൾ കോച്ച്‌ ബിനോ ജോർജിന്റെ തന്ത്രങ്ങൾക്ക്‌ അംഗീകാരം. നിർണായക കളിയിൽ പകരക്കാരെ ഇറക്കി ഗോളടിപ്പിച്ചാണ്‌ വിജയം നേടിയത്‌. സെമിയിലും ഫൈനലിലും പിന്നിട്ടുനിന്നശേഷം തിരിച്ചുവന്നു.

കേരളത്തിലെ ആദ്യ എഎഫ്‌സി പ്രോലൈസൻസുള്ള കോച്ചാണ്‌. ഗോകുലം കേരള എഫ്‌സി ഐ ലീഗ്‌ കിരീടം നേടുമ്പോൾ ടെക്‌നിക്കൽ ഡയറക്‌ടറായിരുന്നു. ഇപ്പോൾ കേരള യുണൈറ്റഡ്‌ പരിശീലകനാണ് . തൃശൂർ ചെമ്പുകാവ്‌ സ്വദേശിയാണ്‌ നാൽപ്പത്തഞ്ചുകാരൻ. മൂന്നാംതവണയാണ്‌ കേരള ടീമിനെ പരിശീലിപ്പിക്കുന്നത്‌. ആദ്യതവണ സെമിയിൽ തോറ്റു. രണ്ടാംതവണ കോവിഡുമൂലം ഫൈനൽ റൗണ്ട്‌ നടന്നില്ല.

കേരളം സന്തോഷ്‌ ട്രോഫി നേടിയ 1973ൽ ഒളിമ്പ്യൻ സൈമൺ സുന്ദർരാജായിരുന്നു കോച്ച്‌. 1992ലും 1993ലും ടി എ ജാഫർ കിരീടം നേടിക്കൊടുത്തു. 2001ലും 2004ലും എം പീതാംബരനായിരുന്നു ചുമതല. 2018ൽ സതീവൻ ബാലന്റെ തന്ത്രങ്ങൾ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top