28 January Saturday

ക്രെഡിറ്റഡ്‌ ഫ്രം മമ്മൂട്ടി

ഷംസുദീൻ കുട്ടോത്ത്‌ kuttothshamsu@gmail.comUpdated: Sunday Oct 23, 2022

‘റോഷാക്ക്‌’ എന്ന വാക്കാണ്‌ മലയാളികൾ കഴിഞ്ഞ  ദിവസങ്ങളിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്‌.  മനുഷ്യമനസ്സിന്റെ അവസ്ഥകളെ വിലയിരുത്താൻ സ്വിസ്‌ സൈക്കോളജിസ്‌റ്റായ ഹെർമൻ റോഷാക്ക്‌  വികസിപ്പിച്ചെടുത്ത തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്‌റ്റ്‌ ഇപ്പോൾ കൊച്ചു കുഞ്ഞുങ്ങൾക്കുവരെ സുപരിചിതമാണ്‌. സമീർ അബ്ദുൽ  തിരക്കഥയെഴുതി  നിസാർ ബഷീർ സംവിധാനം ചെയ്‌ത മമ്മൂട്ടി നായകനായ ‘റോഷാക്ക്‌’ എന്ന ചിത്രം പ്രേക്ഷക മനസ്സുകളെ ഇത്തരത്തിൽ റോഷാക്ക്‌ ടെസ്‌റ്റിന്‌ വിധേയമാക്കുന്നു. ഇമേജുകളിലൂടെ മനസ്സിന്റെ അവസ്ഥ മനസ്സിലാക്കാൻ  നടത്തുന്ന  റോഷാക്ക്‌ ഇങ്ക്‌ ബ്ലോട്ട്‌ പോലെ ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും പലർക്കും പല രീതിയിൽ വ്യത്യാസപ്പെട്ടതായി അനുഭവപ്പെടുന്നു. കണ്ടവരൊക്കെ പല തരത്തിൽ ചിത്രത്തെ വിലയിരുത്തുമ്പോൾ, പുതുമയുള്ള കാഴ്‌ചയും അനുഭവവും പകർന്ന്‌ ‘റോഷാക്ക്‌’  തിയറ്ററുകളിൽ നിറഞ്ഞ  സദസ്സിൽ പ്രദർശനം തുടരുകയാണ്‌. ചിത്രത്തിൽ അനിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജു ശിവ്‌റാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയം കൂടിയാണിത്‌. നി കൊ ഞാ ചാ, 1983, അച്ചായൻസ്‌, ഹലോ നമസ്‌തേ, വർത്തമാനം, രണ്ട്‌ തെലുങ്ക്‌ പടങ്ങൾ ഉൾപ്പെടെ മുപ്പതോളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌. സഞ്ജു സംസാരിക്കുന്നു.

റോഷാക്ക്‌

ഈ സിനിമയിൽ ആദ്യം കാസ്‌റ്റ്‌ ചെയ്‌തത്‌എന്നെയാണ്‌ എന്നത്‌ തന്നെ വലിയ സന്തോഷം. സമീർ അബ്ദുലിന്റെയും നിസാർ ബഷീർ എന്ന സംവിധായകന്റെയും  മനസ്സിൽ വിരിഞ്ഞ ചിന്തയെ ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിക്കാൻ കഴിഞ്ഞു. സിനിമ കണ്ടിട്ട്‌ ഒരുപാടുപേർ വിളിക്കുന്നുണ്ട്‌. എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്‌. കഴിഞ്ഞ ദിവസം നടൻ സായ്‌കുമാർ വിളിച്ച്‌ എന്റെ കഥാപാത്രത്തെക്കുറിച്ച്‌ വളരെ സൂക്ഷ്‌മമായി സംസാരിച്ചപ്പോൾ കണ്ണ്‌ നിറഞ്ഞു. കലാ ജീവിതത്തിൽ ലഭിക്കുന്ന വലിയ അംഗീകാരങ്ങളാണ്‌ അതെല്ലാം. പല മാനസികാവസ്ഥയുള്ളവരാണ്‌ മനുഷ്യർ. അത്‌ സമൂഹത്തിന്‌ ഓകെ ആകുമ്പോഴാണ്‌ എല്ലാം സ്‌മൂത്തായി പോകുന്നത്‌. റോഷാക്ക്‌ എന്ന സിനിമയിൽ മനഃശാസ്‌ത്രവുമായി ബന്ധപ്പെട്ട ചില പരീക്ഷണ സാധ്യതകളെ ഉപയോഗിക്കുന്നുണ്ട്‌. പത്ത്‌ ഇമേജിലൂടെ ഒരാളുടെ മനസ്സിനെ നിർവചിക്കാൻ പറ്റും എന്നാണ്‌ റോഷാക്ക്‌ എന്ന മനഃശാസ്‌ത്രജ്ഞന്റെ കണ്ടെത്തൽ. അത്തരത്തിലുള്ള ഇമേജുകളായി സിനിമയിലെ കഥാപാത്രങ്ങളെ വായിക്കാം.  ഇങ്ങനെ ഓരോ ആൾക്കും അവരവരുടേതായ  ചിന്താമണ്ഡലത്തിൽ കഥാപാത്രങ്ങളേയും കഥയേയും വേറിട്ട്‌ കാണാൻ കഴിയും. 

മമ്മൂട്ടി എന്ന വിസ്‌മയം

മാസ്‌റ്റർ പീസ്‌, ഒരു കുട്ടനാടൻ ബ്ലോഗ്‌ തുടങ്ങിയ ചിത്രങ്ങളിലാണ്‌ നേരത്തെ മമ്മുക്കയോടൊപ്പം അഭിനയിച്ചത്‌.  അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ഓർമയിലുണ്ട്‌. മമ്മുക്ക  അഭിനയിക്കുന്നതും മറ്റുള്ളവരോട്‌ ഇടപെടുന്നതുമെല്ലാം നോക്കി നിൽക്കാറുണ്ട്‌. ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടാക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്‌. റോഷാക്കിലെ ഫൈറ്റ്‌ സീനെല്ലാം ചെയ്യുമ്പോൾ  നന്നായി കെയർ ചെയ്യുമായിരുന്നു. സിമന്റും പൊടിയുമൊക്കെ നിറഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്‌. അവിടെയുള്ള ബുദ്ധിമുട്ടുകളെല്ലാം സഹിച്ച്‌ നല്ല എനർജിയോടെയാണ്‌ അദ്ദേഹം നിന്നത്‌. അഭിനയിക്കുമ്പോൾ ചില കാര്യങ്ങളൊക്കെ പറഞ്ഞുതരും. ഈ സിനിമയുടെ നിർമാതാവ്‌ എന്ന നിലയിൽ ആർക്കും ഒരു കുറവും വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  സാധാരണക്കാരനായിട്ടാണ്‌ സെറ്റിൽ  സംസാരിച്ചിരുന്നത്‌. എല്ലാ വിഷയങ്ങളെ കുറിച്ചും നല്ല ധാരണയുണ്ട്‌. ഓരോരുത്തരുടെയും ടേസ്‌റ്റ്‌ മനസ്സിലാക്കി ഇടപെടാനുള്ള അപാരമായ  കഴിവ്‌ അദ്ദേഹത്തിനുണ്ട്‌. അഡ്വാൻസ്‌ ഉൾപ്പെടെ അക്കൗണ്ടിലേക്ക്‌ വരുമ്പോൾ ‘ ക്രഡിറ്റഡ്‌ ഫ്രം മമ്മൂട്ടി’ എന്നു കണ്ടപ്പോഴൊക്കെയുള്ള അഭിമാനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്‌. ബിന്ദു പണിക്കർ, ജഗദീഷ്‌ തുടങ്ങിയ പ്രതിഭകൾക്കൊപ്പം വർക്ക്‌ചെയ്യാൻ കഴിഞ്ഞു എന്നതും വലിയ കാര്യം. സ്വന്തം വലിപ്പം തിരിച്ചറിയാത്ത നടിയായിട്ടാണ്‌ ബിന്ദു ചേച്ചിയെ തോന്നിയത്‌.

കൊൽക്കത്തയും ഞാനും      

ഓച്ചിറയാണ്‌ നാടെങ്കിലും ജനിച്ചതും പഠിച്ചതും കൊൽക്കത്തയിലാണ്‌.   കൊൽക്കത്തയാണ്‌ എന്നെ സിനിമാക്കാരനാക്കിയത്‌ . കല്ല്യാണം കഴിച്ചതും അവിടെനിന്നാണ്‌. ഭാര്യ അശ്വതി ഹിന്ദുസ്ഥാനി സംഗീതജ്ഞയാണ്‌. ഞങ്ങൾക്ക്‌ രണ്ടുപേർക്കും ബംഗാളി അറിയാം.  2011–-ൽ സുനിൽ ഞാളിയത്ത്‌ എന്ന എഴുത്തുകാരൻ ‘ദൂരെ’ എന്ന ബംഗാളി സിനിമയിൽ ഡബ്ബ്‌ ചെയ്യാനാണ്‌ ഞങ്ങളെ രണ്ടുപേരെയും വിളിച്ചത്‌. ഒരാൾക്ക്‌ ശബ്ദം നൽകാനാണ്‌ വിളിച്ചതെങ്കിലും ആറു പേർക്ക്‌ ഞാൻ ശബ്ദം നൽകി. ആ സിനിമയുടെ അസോസിയേറ്റ്‌ സംവിധായകൻ ജിയോബേബിയാണ്‌ നി കൊ ഞാ ചാ യുടെ ഓഡിഷന്‌ എന്നെ കൊണ്ടുപോകുന്നത്‌. അങ്ങനെയാണ്‌ സിനിമയിലെത്തിയത്‌. ഇപ്പോൾ ആലോചിക്കുമ്പോഴാണ്‌ ആ നാടും അവിടുത്തെ മനുഷ്യരും കലയുമൊക്കെ എന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന്‌ മനസ്സിലാകുന്നത്‌. 

സിനിമയിലെ ഇടവേള

ഓരോ സിനിമ കഴിയുമ്പോഴും ഇടവേളകൾ വരുന്നുണ്ട്‌. ബോധപൂർവമല്ല. എങ്കിലും ചെയ്‌ത കഥാപാത്രങ്ങളുടെ ഗ്രാഫ്‌ മുകളിലോട്ട്‌ തന്നെയാണ്‌. വലിയ പി ആർ സ്‌കിൽ കുറവാണെന്ന്‌ ചിലർ പറയാറുണ്ട്‌. ചെയ്‌ത വേഷങ്ങളെല്ലാം എന്നെ സംതൃപ്തിപ്പെടുത്തിയവയാണ്‌. ഫിലിം ഫെസ്‌റ്റിവലുകളിലും മറ്റും പങ്കെടുത്ത്‌ സ്വയം നവീകരിക്കാൻ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇടവേളകളെ നല്ല സിനിമയുടെ ഭാഗമാകുന്നതിനുള്ള പ്രോസസ് ആയി കാണാനാണിഷ്ടം. ഇനിയും നല്ല പരിശ്രമങ്ങൾ സിനിമയിൽ വേണ്ടതുണ്ട്‌ എന്ന തിരിച്ചറിവാണ്‌ കാണുന്നതും അഭിനയിക്കുന്നതുമായ സിനിമകൾ ഓർമിപ്പിക്കുന്നത്‌. 

പുതിയ ചിത്രങ്ങൾ

ഹിഗ്വിറ്റ, തേര്‌, പാർട്‌ണേഴ്‌സ്‌, പുരുഷപ്രേതം....തുടങ്ങി ഏതാനും ചിത്രങ്ങൾ ഇറങ്ങാനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top