19 April Friday

അവരെത്തി നമ്മെത്തേടി

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

"നിന്റെ പേര്‌ മുഹമ്മദ്‌ എന്നോ തോമസെന്നോ' ? ഇന്ത്യയിൽ ഇന്ന്‌ ഒരാൾ കൊല്ലപ്പെടുംമുമ്പ്‌ മറുപടി പറയേണ്ട ചോദ്യമാണ്‌. ചില പേരുകൾക്ക്‌ ‘കൊല്ലപ്പെടേണ്ടവൻ’  എന്നർഥവ്യത്യാസമാവുന്നു. ഒരു പേര്‌ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്വരമായി കാണുന്ന സംഘപരിവാർ ഭീകരതയുടെ ഇരുണ്ട കാലത്തേക്ക്‌ സംഘപരിവാർ ഇന്ത്യയെ തള്ളിയിട്ടിരിക്കുന്നു. എല്ലാം അമ്പലങ്ങളായിരുന്നുവെന്ന ‘ചരിത്ര രേഖ’കളുമായി കാവിക്കൊടിയുമുയർത്തി വാൾമുനകൾ പള്ളികൾ തോറും കയറിയിറങ്ങുന്നു.  കുരിശടികളൊന്നും വേണ്ട, കുർബാനയുംവേണ്ട എന്നതിലേക്ക്‌, ഹിന്ദുത്വയിലേക്ക്‌ അവർ നമ്മെ ചുരുക്കിക്കെട്ടുന്നു. ഏകമതമെന്ന ഒറ്റ ശിലയിലേക്ക്‌ അവർ ആയുധങ്ങൾ രാകി മിനുക്കുകയാണ്‌. .. അതെ അവർ നമ്മെ തേടിയെത്തിയിരിക്കുന്നു.... അവർക്ക്‌ ഒറ്റ ലക്ഷ്യമേയുള്ളൂ. ജനങ്ങളെ ഭിന്നിപ്പിക്കുക.... അധികാരം നിലനിർത്തുക. മതവും വിശ്വാസവും ആരാധനാലയങ്ങളും മാത്രമല്ല, ഭാഷയും വസ്‌ത്രവും ആഹാരവും വരെ ഇതിനായി ഉപയോഗിക്കുകയാണ്‌

ക്രൈസ്‌തവ വേട്ടയുടെ യുപി
ഉത്തർപ്രദേശിൽ മുസ്ലിംവേട്ടകളിലൂടെ തുടങ്ങിയ സംഘപരിവാർ  ഇപ്പോൾ ക്രൈസ്‌തവർക്കെതിരെയും തിരിഞ്ഞു. വിഎച്ച്‌പി, ആർഎസ്‌എസ്‌, ബജ്‌റംഗദൾ അടക്കമുള്ള സംഘടനകളുടെ ആക്രമണങ്ങൾക്ക്‌ സർക്കാരിന്റെ പിന്തുണയുമുണ്ട്‌. അക്രമികൾക്കെതിരെ ചെറിയ കുറ്റങ്ങൾക്ക്‌ കേസെടുക്കുന്ന ആദിത്യനാഥ്‌ സർക്കാർ ഇരകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തും. മതപരിവർത്തന നിയമം ദുരുപയോഗംചെയ്‌ത്‌ പാസ്റ്റർമാർ അടക്കമുള്ളവരെ പ്രതിയാക്കുന്നു.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, പ്രയാഗ്‌രാജ്‌ (അലഹബാദ്‌), നോയിഡ, അയോധ്യ, രാംപുർ, ബഹ്റൈച്ച്, ലഖിംപുർ ഖേരി എന്നിവിടങ്ങളിലാണ്‌ കൂടുതൽ ആക്രമണം. 2021 ഒക്ടോബർ 10ന്‌ മൗ ജില്ലയിൽ പ്രാർഥനയ്‌ക്കിടെ ഹിന്ദുവാഹിനി, ബജ്‌റംഗദൾ പ്രവർത്തകർ ആക്രമണം നടത്തി. അവിടെ ഉണ്ടായിരുന്നവരെ സംഘം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ പിടിച്ചുകൊണ്ടുപോയി പാസ്റ്റർ അടക്കമുള്ളവർക്കെതിരെ മതപരിവർത്തനത്തിന്‌ കേസെടുപ്പിച്ചു. സംഘപരിവാർ നൽകുന്ന പരാതികളിൽ വ്യാപകമായി മത പരിവർത്തനത്തിന്‌ കേസെടുക്കുകയാണ്‌ യുപി പൊലീസ്‌. ഇത്തരം പരാതിയിൽ അറസ്റ്റിലായ പാസ്റ്റർ അബ്രഹാമിനെതിരെ യുഎപിഎയും ചുമത്തി. 2021ഒക്ടോബർ 12ന്‌ രണ്ട്‌ കന്യാസ്ത്രീകളെയും ഹിന്ദുത്വസംഘടനകൾ ആക്രമിച്ചു. സമാന സംഭവങ്ങൾ പ്രയാഗ്‌രാജ്‌, കാൻപുർ, ആഗ്ര, ബിജ്നോർ, അസംഗഢ്‌, രാംപുർ, റായ്‌ബറേലി, ഗോണ്ട, ഔറിയ, മഹാരാജ്‌ഗഞ്ച്‌, ജൗൻപുർ എന്നിവിടങ്ങളിലും ഉണ്ടായി. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഒക്ടോബർ മൂന്നിന്‌ ഇരുനൂറോളം വരുന്ന അക്രമികൾ പള്ളിയിൽ പ്രാർഥനയ്‌ക്ക്‌ എത്തിയവരെ മർദിച്ചു. പാസ്റ്ററുടെ മകളെ പീഡിപ്പിച്ചു.

കന്ദമാൽ 
കൂട്ടക്കൊല
പുത്തൻ സംരക്ഷകരായി വേഷംകെട്ടിവരുന്ന സംഘപരിവാറുകാരുടെ ഏറ്റവും വലിയ ക്രൈസ്‌തവ വേട്ടയായിരുന്നു  2008ൽ ഒഡിഷ കന്ദമാലിൽ നടന്നത്‌. വ്യാപക കലാപത്തിൽ 38പേരെ വധിച്ചു. നാൽപ്പതിലധികം സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു. മുന്നൂറിലധികം ക്രൈസ്‌തവ ആരാധനാലയങ്ങളാണ്‌ തീയിട്ടും അടിച്ചും നശിപ്പിച്ചത്‌. നൂറുകണക്കിന്‌ ഗ്രാമങ്ങൾ കൊള്ളയടിച്ചു. നാലായിരത്തിനടുത്ത്‌ ക്രിസ്‌തുമത വിശ്വാസികളുടെ വീടുകളും കൊള്ളയടിച്ചു. 60,000 പേരെ കുടിയൊഴിപ്പിച്ചു. അനേകരെ ഭീഷണിപ്പെടുത്തി മതം മാറ്റി. 
അന്ന്‌ ആരാധിക്കാൻ ഇടമില്ലാതായ ക്രൈസ്‌തവർക്ക്‌ പ്രാർഥിക്കാൻ സിപിഐ എം ഓഫീസ്‌ ആയിരുന്നു വിട്ടുനൽകിയത്‌.



 

പ്രാർഥിക്കേണ്ടെന്ന്‌ കർണാടക
കർണാടകത്തിൽ സംഘപരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ക്രിസ്ത്യാനികൾ പ്രാർഥനായോ​ഗങ്ങൾ ഒഴിവാക്കണമെന്ന് പൊലീസ്. ബെലഗവിയിൽ ക്രിസ്ത്യൻ സമുദായ അം​ഗങ്ങളോടാണ് അടുത്തിടെ പൊലീസിന്റെ മുന്നറിയിപ്പ്. ആക്രമികളെ പിടികൂടുന്നതിനുപകരം ഇരകളോട് വീട്ടിൽ ഇരിക്കാൻ പറഞ്ഞ്‌ പൊലീസ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വർഷത്തിനിടയിൽ കർണാടകയുടെ പല ഭാഗത്തും ക്രൈസ്‌തവർക്കെതിരെ ആക്രമണങ്ങൾ പതിവാണ്‌. ബേലൂരിൽ ആരാധാനാലയത്തിൽ കയറി നിരവധിപേരെ ആക്രമിച്ചിരുന്നു.

വെറുപ്പ് വിതച്ച് 
വിളവ് 
കൊയ്യുന്നവർ
ലോകം ആരാധിക്കുന്ന ഫ്രാൻസിസ്‌ പാപ്പയ്‌ക്ക്‌ ഇന്ത്യ സന്ദർശനത്തിനുളള അവസരം പോലും നിഷേധിച്ചവർ ഇന്ന്‌ കേരളത്തിൽ ക്രൈസ്‌തവസ്‌നേഹമെന്ന ആട്ടിൻതോൽ അണിഞ്ഞെത്തുകയാണ്‌....... മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച്‌ നേട്ടംകൊയ്യാൻ. എന്നാൽ 2022ലെ സംഘപരിവാറിന്റെ ക്രൈസ്‌തവ വേട്ടയുടെ കണക്ക്‌ തന്നെ മതി ഇവരുടെ വ്യാജസ്‌നേഹത്തിന്റെ മുഖം തിരിച്ചറിയാൻ.
നരേന്ദ്ര മോദി സർക്കാർ രണ്ടാമതും കേന്ദ്രത്തിൽ അധികാരമേറ്റശേഷമാണ്‌ രാജ്യത്ത്‌ ക്രൈസ്‌തവരും അവരുടെ ആരാധനാലയങ്ങളും വലിയതോതിൽ ആക്രമിക്കപ്പെട്ടത്‌. പള്ളികൾക്ക് തീയിടൽ, ബലംപ്രയോഗിച്ച്‌ ക്രൈസ്‌തവരെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തിപ്പിക്കുക, ശാരീരിക–-ലൈംഗികാതിക്രമങ്ങൾ, കൊലപാതകം, ക്രിസ്ത്യൻ സ്കൂളുകൾ, കോളേജുകൾ, സെമിത്തേരികൾ എന്നിവ നശിപ്പിക്കുക, പ്രാർഥന തടയുക തുടങ്ങി വിവിധതരം ആക്രമണം സംഘപരിവാറും ഹിന്ദുത്വ സംഘടനകളും തുടരുകയാണ്‌. ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം പ്രതിവർഷം നൂറിലധികം ആക്രമണം നടക്കുന്നു.

യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെ കണക്കിൽ 2022ൽ മൂന്നരമാസത്തിനിടെ 127 ആക്രമണമുണ്ടായി. 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. പ്രാർഥന നടത്തിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു. 68 പള്ളി തകർത്തു. 367 സ്‌ത്രീകൾക്കും 366 കുട്ടികൾക്കും പരിക്കേറ്റു. 127 ആക്രമണത്തിൽ 82ഉം സംഘടിതകലാപ സമാനമായിരുന്നു. ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യാ റിപ്പോർട്ട്‌ പ്രകാരം 2015-ൽ ഇന്ത്യയിലെ ക്രൈസ്‌തവർക്ക്‌ എതിരായ ആക്രമണം 177 ആയിരുന്നു. 2016-ൽ അത് 300 ആയി. 2021ൽ 502 തവണയാണ്‌ ക്രൈസ്‌തവ വിശ്വാസികൾ ആക്രമിക്കപ്പെട്ടത്‌. ദുഃഖവെള്ളി, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിലാണ്‌ ആക്രമണം കൂടുതലും നടന്നത്‌. പലയിടത്തും ആരാധന തടസ്സപ്പെടുത്താനും തടയാനും പൊലീസിനെ ഉപയോഗിക്കുന്നു. ക്രിസ്‌‌മസിനു മുന്നോടിയായി 2020ലും 2021ലുമായി 104 ആക്രമണമുണ്ടായി. ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്‌ യുപിയിലാണ്‌–- 102. ഛത്തീസ്‌ഗഢ്‌–- 90, ജാർഖണ്ഡ്‌–-44, മധ്യപ്രദേശ്‌–- 38 എന്നീ നാല്‌ സംസ്ഥാനത്തിലാണ്‌ അതിക്രമത്തിൽ 56 ശതമാനവും.

പശുവിന്റെ പേരിൽ വേട്ട; കൊന്നത്‌ 
43 പേരെ
നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം പശുവിന്റെ പേരിൽ മുസ്ലിങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. 2015 മുതൽ ഇതുവരെ പശുസംരക്ഷകരുടെ ആക്രമണങ്ങളിൽ വർധനയുണ്ടായി. മോദി ഭരണത്തിൽ 70 ആക്രമണം നടന്നു. 43 പേർക്ക്‌ ജീവൻ നഷ്ടമായി. 108 പേർക്ക്‌ പരിക്കേറ്റു.

2015 സെപ്‌തംബർ 28ന്‌ ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ്‌ കൈവശം വച്ചെന്ന്‌ ആരോപിച്ച്‌ അമ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്‌ലാഖിന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്തിയാണ്‌ തുടക്കമിട്ടത്‌. യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്‌ കർണാടക, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ കൂടുതൽ ആക്രമണം. കന്നുകാലി കച്ചവടക്കാർ, ഇറച്ചി വിൽപ്പനക്കാർ തുടങ്ങി ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ‘പശുസംരക്ഷണ’ത്തെ സംഘപരിവാർ മറയാക്കി.

മെയ്‌ 14ന്‌ പശുവിനെ കൊന്നെന്ന്‌ ആരോപിച്ച്‌ യുപിയിൽ പൊലീസുകാർ വീട്ടിൽ നടത്തിയ പരിശോധനയ്‌ക്കിടെ പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ അമ്മയെ വെടിവച്ചുകൊന്നു. സിദ്ധാർഥ നഗർ ജില്ലയിൽ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. അടുത്തിടെയാണ്‌ മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കൊന്നെന്നപേരിൽ മൂന്നു ആദിവാസികളെ രാത്രി  വീടാക്രമിച്ചശേഷം 15 അംഗസംഘം ക്രൂരമായി മർദിച്ചത്‌. കോടാലി കൊണ്ടുള്ള വെട്ടേറ്റ്‌ രണ്ടുപേർ മരിച്ചു.

കന്നുകാലിക്കടത്തുകേസിൽ യുപിയിൽനിന്ന്‌ അറസ്റ്റിലായ പ്രതികൾ അസമിൽ പൊലീസ്‌ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. അന്വേഷണത്തിന്‌ കൊണ്ടുപോകുമ്പോൾ ഒരുസംഘം വെടിവച്ചു കൊല്ലുകയായിരുന്നു. കന്നുകാലിയെ കടത്തുകയാണെന്ന്‌ ആരോപിച്ച്‌ യുപി ഗാസിയാബാദിൽ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ മൂന്നുപേർക്ക്‌ കാലിൽ പരിക്കേറ്റു. മെയ്‌ 14നു പുലർച്ചെ 4.30ന്‌ നടന്ന സംഭവം പൊലീസ്‌ നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ വ്യാപക വിമർശമുയർന്നു.
 

സംഘപരിവാർ ചുട്ടെരിച്ച 
പുരോഹിതനും മക്കളും
ഉറക്കത്തിലാണ് ആ പിഞ്ചുകുട്ടികളെ സംഘപരിവാർ ഭീകരർ ചുട്ടെരിച്ച് കൊന്നത്. നിർത്തിയിട്ടിരുന്ന ജീപ്പിൽ അച്ഛനും മിഷനറിയുമായ ​ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസിനൊപ്പം കിടന്നുറങ്ങുകയായിരുന്ന അവരെ ബജ്റം​ഗദൾ പ്രവർത്തകരാണ്‌ ചുട്ടുകൊന്നത്‌. പൊള്ളലേറ്റ്‌ ജീപ്പിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അവരെ അതിന്‌ അനുവദിക്കാതെ മരണം ഉറപ്പാക്കിയശേഷമാണ് വർഗീയ ഭ്രാന്തന്മാർ പിൻവാങ്ങിയത്.

ഭുവനേശ്വറിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെ മനോഹർപുർ മേഖലയിൽ ആദിവാസി വിഭാ​ഗങ്ങളെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ബജ്റം​ഗദൾ പ്രവർത്തകരുടെ ക്രൂരത. 1999 ജനുവരി 23നാണ്  ബജ്റംഗദൾ പ്രവർത്തകൻ ധാരാസിങ്ങിന്റെ നേതൃ-ത്വത്തിൽ ക്രിസ്ത്യൻ മിഷനറി ​ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും അതിദാരുണമായി ഇല്ലാതാക്കിയത്‌. 

മൂന്നരപ്പതിറ്റാണ്ടായി ഒഡിഷയിൽ കുഷ്ഠരോ​ഗികൾക്കായി പ്രത്യേക പരിചരണകേന്ദ്രം പ്രവർത്തിപ്പിക്കുകയായിരുന്നു ​ഗ്രഹാം സ്റ്റെയ്ൻസും കുടുംബവും. ആദിവാസിമേഖലയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതാണ്‌ സംഘപരിവാറിനെ ചൊടിപ്പിച്ചതും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top