20 April Saturday

ജയലളിതയെ ഞെട്ടിച്ച സംഗീതം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
തിരുവനന്തപുരം
സംഗീതപ്രേമികളുടെ ഉള്ളിലേക്ക്‌ രാക്കിളിപ്പാട്ടുപോലെ പെയ്‌തിറങ്ങിയ സുന്ദരശബ്ദമായിരുന്നു സംഗീത സചിത്തിന്റേത്‌. കെ ബി സുന്ദരാംബാൾ അനശ്വരമാക്കിയ "ജ്ഞാനപ്പഴത്തെ പിഴിന്ത്' എന്ന കീർത്തനം പാടി ജയലളിതയെയും എ ആർ റഹ്‌മാനെയുംവരെ ഞെട്ടിച്ചിട്ടുണ്ട്‌. തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടയിലായിരുന്നു അത്‌. പാട്ട്‌ കഴിഞ്ഞ ഉടൻ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലെത്തി സമ്മാനമായി പത്തുപവന്റെ മാല ഊരി നൽകി. എ ആർ റഹ്‌മാൻ സിനിമയിലേക്ക്‌ അവസരവും നൽകി. അങ്ങനെയാണ്‌ 1996ൽ പുറത്തിറങ്ങിയ പ്രഭുദേവ ചിത്രമായ "മിസ്റ്റർ റോമിയോ'യിൽ "തണ്ണീരെയ്‌ കാതലിക്കും മീൻഗളായില്ലേ...' എന്ന പാട്ട്‌ ഹിറ്റാക്കിയത്‌. 
 
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ "അമ്പിളിപൂവട്ടം പൊന്നുരുളി'യാണ്‌ മലയാളത്തിലെ ആദ്യ പാട്ട്‌. പഴശിരാജയിലെ "ഓടത്തണ്ടിൽ താളം കൊട്ടും', രാക്കിളിപ്പാട്ടിലെ "ധും ധും ധും ദൂരെയേതോ', കാക്കക്കുയിലിലെ "ആലാരേ ഗോവിന്ദ', അയ്യപ്പനും കോശിയിലെ "താളം പോയി... തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ജെയ്‌ക്സ്‌ ബിജോയിയുടെ സംഗീതസംവിധാനത്തിൽ "കുരുതി'യിലെ തീം സോങ്ങാണ് മലയാളത്തിൽ ഒടുവിൽ പാടിയത്. ബിഗിലിൽ വിജയ്‌ക്കൊപ്പം "വെറിത്തനം' എന്ന പാട്ടിന്റെ തുടക്കമായ "യാരാണ്ടാ... അയ്യയ്യോ... യാരണ്ടാ...' പാടിയതും സംഗീതയാണ്‌. കെ കെ മേനോൻ സംവിധാനം ചെയ്ത്‌ ഏപ്രിലിൽ പുറത്തിറങ്ങിയ "കയ്‌പ്പക്ക'എന്ന സിനിമയിൽ സംഗീത സംവിധാനവും ചെയ്‌തു. 
സംഗീതസംവിധാനം ചെയ്‌ത ‘കയ്‌പ്പക്ക’ സിനിമയുടെ പാട്ട്‌ 
റെക്കോർഡിങ്ങിനിടയിൽ സംഗീത സചിത്‌

സംഗീതസംവിധാനം ചെയ്‌ത ‘കയ്‌പ്പക്ക’ സിനിമയുടെ പാട്ട്‌ 
റെക്കോർഡിങ്ങിനിടയിൽ സംഗീത സചിത്‌


 
 
നൂറിലേറെ ഓഡിയോ കാസറ്റിനുവേണ്ടിയും പാടി. പുരസ്കാരം തേടിയെത്തിയില്ലെങ്കിലും സംഗീതലോകത്തിന്‌ വിലമതിക്കാനാകാത്ത സംഭാവന നൽകാൻ അവർക്കായി. 46–-ാം വയസ്സിൽ സംഗീതലോകത്തോട്‌ വിട പറയുമ്പോൾ ആ സുന്ദരശബ്ദത്തിൽ വിടരേണ്ട കുറെ പാട്ടുകൾ ഇനിയും ബാക്കിയാണ്‌. കലാക്ഷേത്ര മാത്യൂസ്‌, മാതംഗി സത്യമൂർത്തി, ഡോ. ബാലമുരളീകൃഷ്‌ണ എന്നിവരുടെ ശിഷ്യയാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ സംഗീതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചെന്നൈ ആഴ്‌വാർ തിരുനഗറിലെ വീട്ടിൽനിന്ന്‌ ചികിത്സയ്ക്കായാണ്‌ ഏപ്രിലിൽ തിരുവനന്തപുരത്ത്‌ എത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top