26 April Friday

മുന്നൂറോളം വീട്ടുകാരിലുണ്ട്‌ സായിറാം ഭട്ട്‌

വിനോദ്‌ പായംUpdated: Saturday Jan 22, 2022

കാസർകോട്‌ > ഒരാൾക്ക്‌ എത്രത്തോളം ദാനം ചെയ്യാനാകുമെന്ന ചോദ്യത്തിന്റെ  ഉത്തരമാകും സായിറാം ഭട്ട്‌ എന്ന ഗോപാലകൃഷ്ണ ഭട്ടിന്റെ ജീവിതം. ബദിയഡുക്ക കിളിംഗാർ നടുമനയിലെ വീട്ടിൽ ഭട്ട്‌ വിടപറയുമ്പോൾ, അദ്ദേഹം ദാനം ചെയ്‌ത  വീടുകൾ നിത്യസ്‌മാരകമായി തലയുയർത്തി നിൽക്കുന്നു. കൃഷിയും നാട്ടുവൈദ്യവുമായി കടന്നുപോകുമായിരുന്ന സാധാരണ  ജീവിതമാണ്‌ നാടാകെ തണൽ വിരിച്ച്‌ ജനമനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയത്‌. 286 പാവങ്ങൾക്കാണ്‌  വീട്‌ നിർമിച്ചുനൽകിയത്‌. ഇരുപതോളം  വീടുകൾ നിർമാണഘട്ടത്തിൽ.

അശരണർക്കെന്നും ശരണം, അയൽക്കാരന്‌ ആദ്യവീട്‌
1994ലെ കർക്കടകത്തിൽ അയൽക്കാരൻ കുണ്ട്യാനയ്‌ക്ക്‌ വീട്‌ നിർമിച്ചാണ്‌ ദാനജീവിതം തുടങ്ങിയത്‌. കാറ്റിൽ തകർന്ന വീടിന്റെ മേൽക്കൂര വലിച്ചുകെട്ടാൻ ദളിതനായ കുണ്ട്യാന അൽപം ഓലതരുമോ എന്ന്‌ ചോദിച്ചാണ്‌ ഭട്ടിനടുത്തെത്തുന്നത്‌. ഓലയല്ല, വീടുതന്നെ പണിഞ്ഞുതരാം എന്നായിരുന്നു മറുപടി. കാശിക്ക്‌ പോകാൻ വച്ച സമ്പാദ്യപ്പെട്ടി തകർത്തപ്പോൾ, കിട്ടിയത്‌ 34,000 രൂപ. അതെടുത്ത്‌ പണി തുടങ്ങി. പൂർത്തിയാക്കാൻ, സ്വന്തം കാർഷിക വിഭവങ്ങൾ വിറ്റ്‌ വീട്‌ കൈമാറി.

മതേതരം ദാന ജീവിതം
കർണാടകത്തിലും നിരവധിപേർക്ക്‌ വീട്‌ നിർമിച്ചുനൽകി. കൈമാറിയവരുടെ മതമോ ജാതിയോ നോക്കിയില്ല. വീട്‌ കെട്ടാൻ പണമല്ല,  നൽകാറ്‌. നേരിട്ട്‌ പണിയെടുപ്പിക്കും. മര ഉരുപ്പടികൾ തയ്യാറാക്കാൻ വീടിനടുത്ത്‌ തന്നെ മില്ല്‌. ആശാരിപ്പണിക്കും മറ്റുമായി സ്ഥിരം ജീവനക്കാർ.  ആയിരത്തോളം സ്‌ത്രീകൾക്ക്‌ തയ്യൽ മെഷീൻ നൽകി. അമ്പതോളം പേർക്ക്‌ ഓട്ടോയും. സ്വന്തമായി കാറില്ല. സഞ്ചരിക്കുന്നത്‌ വാങ്ങിനൽകിയ ഓട്ടോയിൽ കൃത്യമായി വാടക നൽകി.

കിളിംഗാറിൽ  കുടിവെള്ള പദ്ധതി ആരംഭിച്ച്‌ 50 വീട്ടുകാർക്ക്‌ കണക്‌ഷൻ നൽകി. നൂറിലധികം വീടുകളും  വൈദ്യുതീകരിച്ചു. വീടിനടുത്തുള്ള സായി ഓഡിറ്റോറിയത്തിൽ ശനിയാഴ്‌ചകളിൽ സൗജന്യമെഡിക്കൽ ക്യാമ്പും നടത്തി. മംഗളൂരുവിൽനിന്ന്‌ ഡോക്ടർമാർ ക്യാമ്പിലെത്തി സൗജന്യമായി മരുന്ന്‌ നൽകി. മുൻരാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാം ഫോണിൽ സംസാരിക്കുന്ന സുഹൃത്തുക്കളിൽ ഒരാളായിരുന്നു സായിറാം ഭട്ട്‌. നിരവധി തവണ അദ്ദേഹം രാഷ്‌ട്രപതിഭവനിലേക്ക്‌ വിളിച്ചിട്ടും സായിറാം ഭട്ട്‌ പോയില്ല; മറ്റൊന്നും കൊണ്ടല്ല, അദ്ദേഹം ‘നേരിട്ട്‌ കണ്ടത്‌’ നിസ്സഹായരുടെ നിലവിളി മാത്രം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top