19 March Tuesday

ഇടവേളകളില്ല, ഈ മനുഷ്യവണ്ടികൾക്ക്‌; 26 വർഷമായി ശബരിമലയിലേക്ക്‌ ഡോളി ചുമക്കുന്ന മാരിയപ്പൻ

അമൽ ഷൈജു amalshaiju965@gmail.comUpdated: Sunday Jan 15, 2023

തീർഥാടകനെയും ചുമന്ന്‌ മലകയറുന്ന ഡോളി തൊഴിലാളികൾ ചിത്രങ്ങൾ: വിഷ്ണു പ്രസാദ്

"ഊരില്‌ ഒരു പൊണ്ണിരിക്ക്‌ സാമി, പത്ത്‌ വയസ്സാച്ച്‌, നെറയ പഠിക്കവയ്ക്കണം' - നെറ്റിയിലൂടെ ഇറ്റിറങ്ങുന്ന വിയർപ്പുതുള്ളികൾ തുടച്ചുനീക്കി മാരിയപ്പന്റെ വാക്കുകൾ. നാലുകിലോമീറ്ററോളം തീർഥാടകനെയും തോളിലേറ്റി കഠിനമല കയറിയശേഷമുള്ള ഇരിപ്പാണ്‌. ശരീരമാസകലം വലിഞ്ഞുമുറുകുന്നപോലുള്ള മുഖഭാവം. 26 വർഷമായി ചുമക്കുന്ന ഡോളിയുടെ ഭാരം തോളിന്റെ ഇരുവശത്തും ഉറച്ച മാംസമായി അടയാളപ്പെടുത്തുന്നുണ്ട്‌. അയ്യപ്പന്‌ മുന്നിലായതുകൊണ്ടാണ്‌ വേദന മറക്കുന്നതെന്ന്‌ മാരിയപ്പന്റെ വാക്കുകൾ.

മാരിയപ്പൻ (വലത്തുനിന്ന്‌ രണ്ടാമത്‌) മറ്റു ഡോളി തൊഴിലാളികളുമായി സംസാരിക്കുന്നു

മാരിയപ്പൻ (വലത്തുനിന്ന്‌ രണ്ടാമത്‌) മറ്റു ഡോളി തൊഴിലാളികളുമായി സംസാരിക്കുന്നു

ശബരിമല ഡോളി തൊഴിലാളികളിലെ കാരണവരാണ്‌ തമിഴ്‌നാട്‌ തേനി സ്വദേശി മാരിയപ്പൻ. ഭാര്യയും മകളുമാണ്‌ കുടുംബം. പ്രയാസമേറിയ ജീവിത സാഹചര്യങ്ങൾ മറികടക്കാൻ ജോലി തിരക്കിയിറങ്ങി, അവസാനിച്ചത്‌ ശബരിമലയിലാണ്‌. മണ്ഡലകാലത്തെ ഡോളി ചുമക്കാൻ തുടങ്ങി. ആദ്യമെല്ലാം കഠിനമെന്ന്‌ തോന്നിയത്‌ ഇന്ന്‌ നിസ്സാരമാണ്‌. ശാരീരിക അവശതമൂലം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാൻ പറ്റാത്ത തീർഥാടകരെ നാലുപേർ ചേർന്ന്‌ ഡോളിയിൽ ചുമന്ന്‌ സന്നിധാനത്തെത്തിക്കും. ദർശനശേഷം തിരിച്ച്‌ പമ്പയിലേക്കും. ദിവസേന മൂന്നും നാലും തവണ കരിമല കയറിയിറങ്ങും. പതിറ്റാണ്ടുകളായി ശബരിമലയിൽ മാറ്റമില്ലാത്ത കാഴ്ചയാണ്‌. മാരിയപ്പനെപ്പോലെ ആയിരത്തിലധികം തൊഴിലാളികളുണ്ട്‌. വണ്ടിപെരിയാറിലെ തോട്ടം തൊഴിലാളികളാണ് ഡോളിക്കാരിൽ ഏറെയും. ചുമലിലുള്ളതിലും ഏറെ ഭാരം മനസ്സിൽ ചുമക്കുന്നവരാണ്‌.

കല്ലും മുള്ളും നിറഞ്ഞ മലകയറ്റം എല്ലാവരുടെയും ഓർമകളിലുണ്ട്‌. ഇന്ന്‌ പാതകൾക്ക്‌ പുതിയ രൂപമാണ്‌. കല്ലുപാകിയ പാതയിലൂടെ ആയാസമില്ലാതെ മലകയറാൻ എല്ലാവരും പഠിച്ചു. "തീർഥാടകരെ ഡോളിയിൽ ചുമന്നു മലകയറുന്നതിന്‌ എന്ത്‌ പ്രയാസം..?, വെറുതെ നടന്നുകയറാനാണ്‌ വയ്യാത്തത്‌'–- ഡോളി തൊഴിലാളിയായി 22–-ാം വർഷവും ശബരിമലയിലുള്ള നാരായണൻ പറഞ്ഞു. കയറുന്നതിലും ബുന്ധിമുട്ട്‌ തിരിച്ചിറങ്ങാനാണെങ്കിലും അതും ശീലമാക്കി. കയറുന്നതിനിടെ രണ്ടു സ്ഥലത്തുമാത്രമാണ്‌ വിശ്രമം. അതാകട്ടെ അഞ്ചോ പത്തോ മിനിറ്റുമാത്രം. ആദ്യകാലങ്ങളിൽ രണ്ടുമണിക്കൂറിലധികം മലകയറാൻ വേണ്ടിവന്നവർക്ക്‌ ഇന്ന്‌ ഒരുമണിക്കൂറുതന്നെ അധികം. ഭാരമേറെ ചുമക്കുമെങ്കിലും ഡോളി തൊഴിലാളികൾക്ക്‌ മണ്ഡലകാലം ചാകരയാണ്‌. മലകയറിയിറങ്ങിയാൽ 6000 രൂപവരെ ഒരു തീർഥാടകനിൽനിന്ന്‌ കിട്ടും. മൂന്നും നാലും തവണ മലകയറിയിറങ്ങും. ദിവസേന മൂവായിരം തുടങ്ങി അയ്യായിരം വരെ സമ്പാദിക്കുന്നവരാണ്‌ ഏറെയും. മണ്ഡല മകരവിളക്ക്‌ കാലം കഴിഞ്ഞിറങ്ങുമ്പോൾ ചുരുങ്ങിയത്‌ ലക്ഷം രൂപയോളം ഡോളി തൊഴിലാളികളുടെ സമ്പാദ്യമായുണ്ടാകും. കഴിഞ്ഞവർഷങ്ങളിൽ കോവിഡുൾപ്പെടെയുള്ള പ്രതിസന്ധികളിൽ വറുതിയിലായ തൊഴിലാളികൾക്ക്‌ ഇത്തവണയാണ്‌ പുതുജീവൻവച്ചത്‌.

ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാത്ത തൊളിലാളികൾ ഏറെയാണ്‌. ക്യത്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കേ ഡോളി ചുമക്കാൻ അനുമതി കൊടുക്കൂ. എന്നാൽ ഇതു പാലിക്കാത്ത തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്‌. പരിചയസമ്പത്തുമാത്രമാണ്‌ ഇവരുടെ സർട്ടിഫിക്കറ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top