19 May Thursday

ദേശാഭിമാനിയുടെ പ്രിയ ശശി

പ്രത്യേക ലേഖകൻUpdated: Tuesday Jan 25, 2022


തിരുവനന്തപുരം
ദേശാഭിമാനിയുടെ ജീവാത്മാവായ ഇ എം എസിന്റെ ഇളയമകൻ എസ്‌ ശശി ദേശാഭിമാനിയിൽ സുപ്രധാന ചുമതലയിൽ എത്തിയത്‌ തികച്ചും യാദൃച്ഛികം.  ഇ എം എസ്‌ ഡൽഹിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റിയ 1991ൽ ആണ്‌ ശശി ദേശാഭിമാനിയുടെ ഭാഗമാകുന്നത്‌. എല്ലാ യൂണിറ്റുകളുടെയും അക്കൗണ്ട്‌സ്‌ ചുമതലയുള്ള ചീഫ്‌ അക്കൗണ്ടന്റായാണ്‌ ആദ്യ നിയമനം.  ഡൽഹിയിൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ്‌ തിരുവനന്തപുരത്തേക്കു മാറി
യത്‌.

പാർടി തീരുമാന പ്രകാരം ശശിയും ഭാര്യ ഗിരിജയും ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. യൂണിറ്റുകളുടെ അക്കൗണ്ട്‌ പരിശോധന കണിശത്തോടെ വർഷങ്ങളോളം നിർവഹിച്ച ശശി എല്ലാവരുടെയും പ്രിയങ്കരനായി. അച്ഛന്റെ നിഴൽപറ്റാതെ ജീവിക്കാൻ ശ്രദ്ധിച്ച ശശിക്ക്‌ ദേശാഭിമാനിയിൽ വലിയൊരു സൗഹൃദവലയമുണ്ടായി. മാനേജ്‌മെന്റ്‌ വിഭാഗത്തിലാണ്‌  പ്രവർത്തിച്ചതെങ്കിലും എല്ലാ യൂണിറ്റുകളിലുമുള്ള എല്ലാ സഖാക്കളും അടുപ്പക്കാരായി. ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിന്നീട്‌ തൃശൂരിലേക്കു മാറി. ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായി 2015ൽ വിരമിച്ചു. 

മക്കളെ സ്വതന്ത്രവ്യക്തിത്വങ്ങളായി വളർത്തിയതിനെക്കുറിച്ച്‌ ഇ എംഎസ്‌ അവസാന കാലത്ത്‌ ദേശാഭിമാനിയിൽ എഴുതി. ചെറുപ്പത്തിലുള്ള തന്റെ പുകവലി ശീലത്തെ അച്ഛൻ ശാസിച്ചത്‌ ശശി ഒരിക്കൽ ഇങ്ങനെ ഓർത്തെടുത്തു–-‘വലിക്കണതുകൊണ്ടൊന്നും ദോഷല്യ, പക്ഷേ, ആരോഗ്യം നോക്കണം.’’ -

ലോകം ആദരിക്കുന്ന  അച്ഛനെ ശശി സ്വന്തം വാക്കുകളിൽ വരച്ചിട്ടത് ഇങ്ങനെയാണ്‌–-

‘‘രാഷ്ട്രീയ ധാരണകൾക്ക്‌ അച്ഛനാണ് കാരണം. സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാള മനോരമയുടെ ബാലജനസഖ്യത്തിൽ ചേർന്നു. ആരോ അച്ഛന്റെ ചെവിയിലെത്തിച്ചു; അടുത്ത ദിവസം രാവിലെ അച്ഛൻ എന്നെ പാളയത്തെ പാർടി ഓഫീസിൽ സി എച്ച് കണാരന്റെ അടുത്തുകൊണ്ടാക്കി. സി എച്ച് നേരെ എസ്എഫ്ഐ രൂപീകരണ സമ്മേളനം നടക്കുന്നിടത്തേക്ക്‌ അയച്ചു. അന്ന് ജി സുധാകരനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. അവിടം മുതൽ എസ്എഫ്ഐയിൽ സജീവമായി. പിന്നീട് യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയൊക്കെയായി. തിരുവനന്തപുരം മോഡൽ സ്കൂളിലാണ് എന്നെ ചേർത്തത്. അന്ന് തിരുവനന്തപുരത്ത് പേരുകേട്ട സ്കൂളുകളായ ലയോളയും സെന്റ്‌ ജോസഫുമൊക്കെയുണ്ട്. പക്ഷേ, അച്ഛന് ഒരു സംശയവുമുണ്ടായിരുന്നില്ല, എവിടെയാണ് ചേർക്കേണ്ടത് എന്നതിൽ.  ഒരിക്കൽ സ്കൂളിലെ യൂണിഫോറത്തിന്റെ കളർ മാറ്റി. ആ വർഷം പുതിയത് വാങ്ങിയിട്ട് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ. അന്ന് അച്ഛൻ മുഖ്യമന്ത്രിയാണ്. ഞാൻ അച്ഛനോട് പറഞ്ഞു, യൂണിഫോറം മാറ്റി, പുതിയതിനുള്ള പൈസ തരണം. അച്ഛൻ പറഞ്ഞു: “പണം തരണമെങ്കിൽ സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററുടെ കത്ത് വാങ്ങിക്കൊണ്ടുവരണം’. കത്ത് ഹാജരാക്കിയ ശേഷമേ യൂണിഫോമിന് പണം അനുവദിച്ചുള്ളൂ. 

‘‘എന്റെ വിവാഹം തൃശൂരിൽ പുഷ്പാഞ്ജലി ഹാളിലായിരുന്നു. 1985ൽ. ഞങ്ങൾ എല്ലാവരും തലേ ദിവസം തന്നെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു, കൂടെ അച്ഛനുമുണ്ട്. ആലപ്പൂഴയിലെത്തിയപ്പോൾ  പാർടി ഓഫീസിൽ കയറി, അപ്പോഴാണ് പി സുന്ദരയ്യ അന്തരിച്ച വിവരം അറിയുന്നത്. പോകാതെ വയ്യ. പക്ഷേ, മകന്റെ വിവാഹം.   എല്ലാവരും പറഞ്ഞു; ‘പൊയ്‌ക്കോളു, വിവാഹമൊക്കെ ഞങ്ങൾ ഭംഗിയായി നടത്തിക്കൊള്ളാം' എന്നൊക്കെ.  ഒടുവിൽ ഞാൻ തന്നെ പറഞ്ഞു; അച്ഛൻ  പുറപ്പെട്ടോളു. വിവാഹം നടന്നോളും എന്ന്. അതോടെ, മനസ്സില്ലാ മനസ്സോടെ പോകാൻ തീരുമാനിച്ചു. തൃശൂരിലെത്തി ട്രെയിനിൽ വിജയവാഡയ്‌ക്കു പോയി. അന്ന് പാർടി ജനറൽ സെക്രട്ടറിയായിരുന്നു. അച്ഛൻ വിവാഹത്തിൽ പങ്കെടുത്തില്ല എന്നതിലൊന്നും എനിക്ക്  ദുഃഖം തോന്നിയിട്ടില്ല. കാരണം പാർടിയേക്കാൾ വലുതായി അച്ഛന് മറ്റൊന്നുമുണ്ടായിരുന്നില്ല.

‘‘1965 മുതൽ 77 വരെ ശാന്തിനഗറിലാണ് ഞങ്ങൾ താമസിച്ചത്. പിന്നെ, അച്ഛന് ഒരു സഹായമായിട്ട് എന്നെ ഡൽഹിയിലേക്ക് വിളിച്ചു. ഡിഗ്രി കഴിഞ്ഞിരുന്നു. ഡൽഹിയിൽ സിഎ ക്കു ചേർന്നു. 20 ജനപഥിലായിരുന്നു താമസം. വലിയ വീടാണ്. ഒരു ഭാഗത്ത് സുർജിത്തും കുടുംബവും. പിന്നെ അച്ഛൻ വേർപിരിയുന്നതുവരെ കൂടെത്തന്നെ.അച്ഛൻ മരിക്കുന്ന ദിവസം ഞങ്ങളൊക്കെ അടുത്തുണ്ട്. അന്ന് എങ്ങും പോയില്ല. രണ്ടുദിവസം മുമ്പേ പല്ലെടുത്തതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് ദേശാഭിമാനിക്കുള്ള ലേഖനം എഴുതിവച്ചു. എന്തോ ഒരു അസ്വസ്ഥത തോന്നി. ഞങ്ങൾ ഉടനെ എ കെ ജി സെന്ററിൽ വിളിച്ചു. വണ്ടി വന്നു. ആശുപത്രിയിൽ അവർ പല ശ്രമങ്ങളും നടത്തി. അതോണ്ടൊന്നും കാര്യമുണ്ടായില്ല. ’’

മഹാനായ അച്ഛന്റെ പ്രിയപ്പെട്ട പുത്രനും ഇപ്പോൾ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോൾ ദേശാഭിമാനി ആത്മാവിൽ ചേർത്തുപിടിച്ച മറ്റൊരു മനുഷ്യസ്‌നേഹികൂടിയാണ്‌ നഷ്ടമാകുന്നത്‌.

ഇഎംഎസിനും കുംടുംബാംഗങ്ങള്‍ക്കുമൊപ്പം ശശി (നില്‍ക്കുന്നതില്‍ ഇടത്തേയറ്റം)

ഇഎംഎസിനും കുംടുംബാംഗങ്ങള്‍ക്കുമൊപ്പം ശശി (നില്‍ക്കുന്നതില്‍ ഇടത്തേയറ്റം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top