27 September Monday
അറ്റുപോയത് മലയാള കാവ്യരംഗത്ത് പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലുണ്ടായിരുന്ന ബലമേറിയ കണ്ണി

കളഞ്ഞുകിട്ടിയ തങ്കം

പ്രഭാവർമUpdated: Saturday Jun 19, 2021

എസ് രമേശൻനായർക്കൊപ്പം പ്രഭാവർമ (ഫയൽചിത്രം)


പ്രഭാവർമ
ഒരു ഓണാഘോഷത്തിനിടെ കന്യാകുമാരിക്കടുത്ത്‌ കൽക്കുളത്തെ വീട്ടിൽനിന്ന്‌ ഒരു നാലുവയസ്സുകാരനെ കാണാതായി. വീട്ടിലെ ഓണാഘോഷങ്ങളൊക്കെ കറുത്തുകരുവാളിച്ചു. പിന്നീട് കുറേ അകലെ ഒരിടത്തുനിന്ന്, ഒരു ഭിക്ഷക്കാരിയിൽനിന്ന് കണ്ടുകിട്ടി. കൽക്കുളത്തെ ആ കുടുംബത്തിനു മാത്രമല്ല, മലയാളക്കരയ്ക്കാകെ തിരികെ കിട്ടിയ ആ കുട്ടിയാണ്‌ എസ് രമേശൻ നായർ. കൂടെ ‘കളഞ്ഞുകിട്ടിയ തങ്ക'മെന്ന വിളിപ്പേരും കിട്ടി. അന്നു കണ്ടുകിട്ടിയില്ലായിരുന്നെങ്കിലോ? മലയാളത്തിന്‌ പ്രിയപ്പെട്ട കവി ഉണ്ടാകുമായിരുന്നില്ല.

സഹോദരതുല്യനായിരുന്നു അദ്ദേഹം. ഒരു പുസ്തകം അയച്ചുതന്നത് പ്രിയപ്പെട്ട അനിയന് എന്ന കുറിപ്പോടെയാണ്. പതിറ്റാണ്ടുകൾ നീണ്ട സൗഹൃദമാണത്. ഏറ്റവുമധികം ഒരുമിച്ചിരുന്നത് കേന്ദ്രസാഹിത്യ അക്കാദമി അവാർഡു വാങ്ങാൻ അദ്ദേഹം ഡൽഹിയിലെത്തിയപ്പോഴാണ്. അന്നാണ് കളഞ്ഞുകിട്ടിയ തങ്കത്തിന്റെ കഥ വിശദീകരിച്ചത്.

ആഴ്ചകൾക്കുമുമ്പ് വിളിച്ചു. ‘സുഖമില്ല, പക്ഷേ ആരോടും പറയേണ്ട.' ഇതേ പറഞ്ഞുള്ളൂ. പിന്നെ നീണ്ട മൗനം. ആ മൗനമാണ് വെള്ളിയാഴ്ച മരണത്തിൽ ലയിച്ചത്. ‘ഓടീ തോടികൾ കായലിൽ' രമേശൻ നായർ കവിതയിലിങ്ങനെ എഴുതി. അതിലുണ്ട് മറ്റാർക്കുമില്ലാത്ത പദപ്രയോഗചാരുത. ഓടീത് ഓടികൾ എന്ന് അർഥം പറയാം. ഓടീ തോടികൾ എന്നും പറയാം. ആദ്യത്തേതായാൽ ഓടി വള്ളങ്ങൾ കായലിൽ എന്നാകും. രണ്ടാമത്തേതായാലോ? തോടി രാഗത്തിന്റെ അലകൾ കായലിനുമേൽ ഒഴുകി എന്നാകും. വ്യത്യസ്ത അർഥങ്ങളുണർത്താൻ ഒരു കവിയേ ഉണ്ടായിരുന്നുള്ളൂ അതാണ് രമേശൻ നായർ! കവിതയിൽ അക്കിത്തത്തിന്റെ സ്‌കൂളിലാണ് പഠിച്ചത്. പദശിക്ഷയിൽ അക്കിത്തത്തിന്റെ കാർക്കശ്യം അദ്ദേഹത്തിനും കൈവന്നു.  മലയാള കാവ്യരംഗത്ത് പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലുണ്ടായിരുന്ന ബലമേറിയ കണ്ണിയാണ് അറ്റുപോയത്.

ഗുരുപൗർണമി
ഇരുപതാം നൂറ്റാണ്ടിലെ ദേവാവതാരമായി ശ്രീനാരാണ ഗുരുവിനെ അവതരിപ്പിക്കുന്ന ‘ഗുരുപൗർണമി'യാണ് രമേശൻനായരുടെ മാസ്റ്റർപീസ്! ഇതിനാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചത്. ഗുരുവിനെ കാലവും ലോകവും വേണ്ടപോലെ അറിഞ്ഞിട്ടില്ലായെന്ന് എപ്പോഴും പറയുമായിരുന്നു. ആ മഹത്വം ലോകത്തെ അറിയിക്കുക ജന്മദൗത്യമാണെന്ന് അദ്ദേഹം കരുതി. ഗുരുവിന്റെ ജീവിതവും ദർശനവും ഭാവാത്മകമായി അവതരിപ്പിച്ചിട്ടുള്ള കാവ്യാഖ്യായികയാണത്. ‘ജന്മപുരാണം’ കാവ്യാഖ്യായിക യൗവനം കടക്കുംമുമ്പ്‌ എഴുതി. എന്നും പാരമ്പര്യവിശുദ്ധിയുടെ പാതകളിലൂടെ നടന്നു. ഒരു ഫാഷനും ഭ്രമിപ്പിച്ചില്ല. പുതുതലമുറയ്ക്ക് സ്വീകാര്യനാകാൻ ഒരിക്കലും താൻ അല്ലാതായില്ല. ഒരുതരം സ്വപ്രത്യേയസ്ഥൈര്യത്തോടെ നിലകൊണ്ടു. അനുഷ്ടുപ്പ്, സ്രഗ്ദ്ധര, ശാർദൂലവിക്രീഡിതം, വസന്തതിലകം, ഗായത്രം തുടങ്ങിയ സംസ്‌കൃത വൃത്തങ്ങളിൽ ഇത്ര ശിൽപ്പഭദ്രതയോടെ, ശയ്യാഗുണത്തോടെ എഴുതുന്ന മറ്റൊരാളിന്ന്‌ ഭാഷയിലില്ല.

ദേവസംഗീതം നീയല്ലേ
ഭാവാത്മകമായി എഴുതിയ ശ്ലോകങ്ങളും മുക്തകങ്ങളും മലയാളത്തിന്റെ ഈടുവയ്പാണ്. മൂവായിരത്തിലധികം ഭക്തിഗാനവും നാനൂറ്റിയമ്പത്‌ ചലച്ചിത്ര ഗാനവുമെഴുതി. മനസ്സുപകർന്നുവയ്ക്കുന്ന പ്രണയഗാനങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. എം ടിയുടെ ക്ഷണപ്രകാരം 1985ൽ ‘രംഗം’ സിനിമയിലായിരുന്നു തുടക്കം. ‘വനശ്രീ മുഖംനോക്കി വാൽക്കണ്ണെഴുതുമീ പനിനീർത്തടാകമൊരു പാനപാത്രം' ആദ്യഗാനംതന്നെ ഹിറ്റായി. പിന്നീടെത്രയോ ഗാനങ്ങൾ! ‘ശലഭം വഴിമാറുമാ മിഴിരണ്ടിലും...’, ‘ദേവസംഗീതം നീയല്ലേ’.., ‘ഒരു രാജമല്ലി’..., ‘ഓ പ്രിയേ...’ തുടങ്ങിയ എത്രയോ ഹിറ്റ് ഗാനങ്ങൾ.

കരുണാനിധിയുടെ 
വിവർത്തകൻ
കന്യാകുമാരിക്കടുത്ത്‌ ജനിച്ചതിനാൽ മാതൃഭാഷയ്ക്ക് സമാനമായി തമിഴുമുണ്ടായി. ആ സാംസ്‌കാരിക പശ്‌ചാത്തലം  തിരുക്കുറളും ചിലപ്പതികാരവുമുൾപ്പെടെയുള്ള മഹത്കൃതികൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്താനുള്ള ഭാഷാമൂലധനം നൽകി.  ആ കഴിവറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി തന്റെ ‘തെൻപാണ്ടി സിംഹം' നോവൽ മലയാളത്തിലേക്ക്‌ മൊഴിമാറ്റാനേൽപ്പിച്ചു.

സ്ഥലംമാറ്റിയ 
‘ശതാഭിഷേകം’
ആകാശവാണിയിലുള്ളപ്പോൾ രചിച്ച ‘ശതാഭിഷേകം’ നാടകത്തിലൂടെയാണ് രമേശൻ നായർ ശ്രദ്ധേയനായത്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയും മകൻ മുരളീധരനെയും അവർക്കിടയിലെ രാഷ്ട്രീയബന്ധത്തെയും മുൻനിർത്തി ആക്ഷേപഹാസ്യത്തിൽ എഴുതിയതാണെന്ന വിമർശമുയർന്നു. അതോടെ തിരുവനന്തപുരത്തുനിന്ന്‌ സ്ഥലംമാറ്റി. അതിന്റെ തുടർച്ചയായി സ്വയംവിരമിച്ചു. പിന്നീടാണ് ചലച്ചിത്രഗാനരചനയിൽ സജീവമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top