03 July Thursday

എസ് രമേശൻ വേറിട്ടവഴിയിൽ നടന്ന കവി; മികച്ച സാംസ്കാരികസംഘാടകൻ

അശോകൻ ചരുവിൽUpdated: Thursday Jan 13, 2022

എസ്‌ രമേശൻ


കൊച്ചി> കവിതയിൽ എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച എസ് രമേശന്റെ  വിയോഗം  മലയാളകവിതക്കും  ജനകീയ സാംസ്കാരികപ്രവർത്തനത്തിനും പരിഹരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന്‌ പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി അശോകൻ ചരുവിൽ . ഗ്രന്ഥാലോകത്തെ ഇന്നു കാണുന്ന വിധം മികച്ച ഒരു സാംസ്കാരിക മാസികയാക്കി മാറ്റിയ അദ്ദേഹം കേരളം കണ്ട ഏറ്റവും അസാമാന്യനായ സാംസ്കാരികപ്രവർത്തകനായിരുന്നു എന്നും അദ്ദേഹം അനുസ്‌മരിച്ചു.

ഫേസ്‌‌ബുക്ക്‌ പോസ്‌റ്റ്‌ ചുവടെ

എസ് രമേശൻ്റെ ആകസ്മികവിയോഗത്തിലൂടെ മലയാളകവിതക്കും കേരളത്തിലെ ജനകീയ സാംസ്കാരികപ്രവർത്തനത്തിനും പരിഹരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കവിതയിൽ എന്നും വേറിട്ട വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്.അധസ്ഥിതന്റെ  ആത്മാനുഭവങ്ങളാണ് അവിടെ കവിതയായി മാറിയത്. അക്കാരണം കൊണ്ടുതന്നെ അത് വ്യത്യസ്ത ഭാവവും രൂപവും സ്വീകരിച്ചു. കവിതയുടെ വഴിയിൽ അദ്ദേഹം ഏകാകിയായിരുന്നു. സ്വാഭാവികമായും വരേണ്യനിരൂപണം ഈ കവിയെ പരിഗണിച്ചില്ല. അദ്ദേഹം ആ പരിഗണന ആഗ്രഹിച്ചുമില്ല.

മഹാരാജാസ് കോളേജിൽ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ്.രമേശൻ എന്ന പേര് എന്റെ  ശ്രദ്ധയിൽ വരുന്നത്. അന്ന് ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. എസ്എഫ്ഐ പ്രവർത്തന രംഗത്തുണ്ട്. ഇന്നത്തേപ്പോലെ എസ്എഫ്ഐയുടെ ആധിപത്യം കോളേജുകളിൽ ഇല്ല. യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കെഎസ്‌യു ആണ് ജയിക്കുക പതിവ്. അതുകൊണ്ടു തന്നെ മഹാരാജാസിലെ വിജയം വലിയ ആവേശമുണ്ടാക്കി. എസ് രമേശൻ എന്ന പേര് പുരോഗമന വിദ്യാർത്ഥിപ്രസ്ഥാനത്തിൻ്റെ പ്രതീക്ഷയുടെ പ്രതീകമായി മാറി.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ വേദികളിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. കേരളം കണ്ട ഏറ്റവും അസാമാന്യനായ സാംസ്കാരികപ്രവർത്തകനായിരുന്നു രമേശൻ. പുതിയ എഴുത്തുകാരെയും കലാകാരന്മാരെയും കലാസാഹിത്യ സംഘത്തിൻ്റെ ഭാഗമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംഘത്തിൻ്റെ ജനറൽ സെകട്ടറിയായും സംസ്ഥാന വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം നേതൃത്വം വഹിക്കുമ്പോഴാണ് സംഘം ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നത്. ബാബറി മസ്ജിദ് ഒരു വിഷയമാക്കി സമൂഹത്തിൽ വിഭജനമുണ്ടാക്കാൻ ആർഎസ്എസ് പരിശ്രമിക്കുന്ന അക്കാലത്ത് കേരളത്തിലങ്ങോളം ഫാസിസ്റ്റ് വിരുദ്ധ പാഠശാലകൾ നടത്തി. ഇഎംഎസും തകഴിയും പങ്കെടുത്ത സംഘത്തിൻ്റെ ഹരിപ്പാട് സമ്മേളനം രമേശൻ്റെ നേതൃത്തത്തിലാണ് നടന്നത്.

അഭിവന്ദ്യനായ സഖാവ് ടി കെ രാമകൃഷ്ണൻ്റെ കൂടെ സാംസ്കാരിക വകുപ്പിൽ രമേശൻ പ്രവർത്തിച്ചിരുന്നു. സാംസ്കാരികവകുപ്പിനെ കേരളത്തിലെ സാംസ്കാരിക ലോകത്തിൻ്റെ പ്രതീക്ഷയാക്കാൻ അദ്ദേഹം ടി.കെ.ക്കു നൽകിയ പിന്തുണ എക്കാലത്തും ഓർമ്മിക്കേണ്ടതാണ്. അക്കാലത്താണ് ചലച്ചിത്ര അക്കാദമിയും കേരള ഹിസ്റ്ററി കൗൺസിലും തകഴി സ്മാരക കേന്ദ്രവും തൃപ്പൂണിത്തുറ ആർക്കിയോളജി ഇൻസ്റ്റിറ്റ്യൂട്ടും രൂപീകരിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവിയുടെ മാത്രമല്ല, അതിനു പിന്നിൽ അശ്രാന്തപരിശ്രമം നടത്തിയ ടി കെയുടേയം രമേശൻ്റെയും സ്മരണ നിലനിർത്തും എന്നാണ് ഞാൻ കരുതുന്നത്. തിരൂർ തുഞ്ചൻ പറമ്പിനെ ട്രസ്റ്റാക്കി മാറ്റി എംടിയെ ഏൽപ്പിച്ച്‌ സംരക്ഷിച്ചത് അക്കാലത്താണ്. എസ്‌പിസിഎസ് ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപർ എന്ന നിലയിലും വലിയ സംഭാവനയാണ് അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത്. ഗ്രന്ഥാലോകത്തെ ഇന്നു കാണുന്ന വിധം മികച്ച ഒരു സാംസ്കാരിക മാസികയാക്കി മാറ്റിയത് എസ് രമേശനാണ്.

സഹപ്രവർത്തകരോടും സഖാക്കളോടും ആത്മാർത്ഥമായ സ്നേഹമാണ് രമേശൻ എന്നും പുലർത്തിയിട്ടുള്ളത്. ആപത്ഘട്ടങ്ങളിൽ അടുത്ത ബന്ധുവായി അദ്ദേഹം മാറിയതിൻ്റെ നിരവധി അനുഭവങ്ങൾ ഈ ലേഖകനുണ്ട്. എൻ്റെ ജീവിതസഖാവ് കാൻസർ ബാധിച്ച് എറണാകുളത്തെ ലേക്ഷോർ കഴിയുമ്പോൾ മുഖ്യ അവലംബം അദ്ദേഹമായിരുന്നു. കലാസംഘത്തിൻ്റെ സംസ്ഥാന പ്രസിഡണ്ടായിരിക്കെ കാൻസർ രോഗബാധിതനായ എം.എൻ.വിജയൻ മാഷെ ചികിത്സിക്കാൻ പ്രേരിപ്പിച്ച് കൂടെനിന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എസ്.രമേശനാണ് എന്ന് നിസ്സംശയം പറയാം.

എസ്.രമേശൻ്റെ കവിതയും ജീവിതവും എക്കാലത്തും ഓർമ്മിക്കപ്പെടും. സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top