11 May Saturday
കൊലപാതകത്തോളം ക്രൂരമായ
 ‘മാധ്യമ നുണപാതക’ങ്ങൾ

വ്യക്തിവൈരാഗ്യമാക്കാൻ 
മാധ്യമ ‘വ്യഗ്രത ’

പ്രത്യേക ലേഖകൻUpdated: Saturday Dec 4, 2021

തിരുവനന്തപുരം
സിപിഐ എം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാത്രം ‘വ്യക്തിവൈരാഗ്യ’ത്തിന്റെ പേരിലേക്ക്‌ ഒതുക്കാനുള്ള അതിവ്യഗ്രത മാധ്യമങ്ങൾ സന്ദീപിന്റെ കൊലപാതകത്തിലും പ്രകടമാക്കി.  വ്യക്തിപരമായ കാരണത്താലാണെങ്കിലും,  മറ്റാര്‌ കൊല്ലപ്പെട്ടാലും അത്‌ സിപിഐ എമ്മിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഇതേ മാധ്യമങ്ങളുടെ ‘ജാഗ്രത’. തിരുവല്ലയിൽ വ്യാഴാഴ്‌ച രാത്രി ആർഎസ്‌എസ്‌ ക്രിമിനലുകൾ നാട്ടുകാരുടെ പ്രിയങ്കരനായ സന്ദീപിനെ നിഷ്ഠൂരമായി കൊന്നപ്പോൾ നാടാകെ നടുങ്ങി. കോവിഡിലും പ്രളയത്തിലുമെല്ലാം നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പ്രവർത്തിച്ച സന്ദീപിനെപ്പോലെ മറ്റൊരാൾ ആ ഗ്രാമത്തിലില്ല. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം അയാൾ കൊല്ലപ്പെട്ടപ്പോൾ  പ്രതികളുടെ രാഷ്ട്രീയം മറച്ചുവയ്‌ക്കാനായിരുന്നു ഈ ജാഗ്രത.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച്‌ വെള്ളിയാഴ്‌ച പുലർച്ചെമുതൽ വ്യാജവാർത്തകളുടെ പരമ്പരകളെത്തി. കൊലപാതകത്തോളം ക്രൂരമായ  ‘മാധ്യമ നുണപാതക’ങ്ങളായി അവ. ‘കൊലയിൽ രാഷ്‌ട്രീയമില്ല ’ എന്ന്‌ പൊലീസ്‌ പറഞ്ഞെന്ന്‌ വ്യാഖ്യാനിച്ച്‌ ലൈവ്‌ നൽകി. സന്ദീപിന്റെ കൊലപാതകികളെ പെരിങ്ങരയിലെ മുഴുവൻ നാട്ടുകാർക്കും കൃത്യമായി അറിയാം. മുഖ്യപ്രതിയും അമ്മയും അറിയപ്പെടുന്ന ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകർ. കൂട്ടുപ്രതികൾ ഇതേ സംഘത്തിൽപ്പെട്ടവർ. ഇവരുടെ ആക്രമണത്തിനിരയായ വ്യാപാരികളും വീട്ടുകാരും ക്രിമിനലുകളുടെ ആർഎസ്‌എസ്‌ രാഷ്‌ട്രീയ പശ്‌ചാത്തലവും വെളിപ്പെടുത്തി.

രാഷ്‌ട്രീയമല്ലാതെ മറ്റൊന്നും ആ ജീവനെടുക്കാൻ കൊടുംക്രിമിനലുകൾക്കുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടില്ലെന്ന്‌ നടിച്ചാണ്‌ മാധ്യമങ്ങളുടെ സംഘപരിവാർ കൂട്ടിക്കൊടുപ്പ്‌. പെരിയയിലടക്കം പല കൊലപാതകങ്ങളുടേയും കാരണം രാഷ്‌ട്രീയമല്ലെന്ന്‌ അറിഞ്ഞിട്ടും അതിനെ സിപിഐ എമ്മിന്റെ രാഷ്‌ട്രീയ വിരോധമെന്ന്‌ സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതും ഇതേ മാധ്യമങ്ങൾ. കോവിഡിൽ നാടെങ്ങും അടച്ചിട്ടപ്പോഴും  സിപിഐ എം പ്രവർത്തകർ ആർഎസ്‌എസിന്റെ കൊലക്കത്തിക്കിരയായി. ചോരക്കളി തുടരുന്ന ആർഎസ്‌എസ്‌–-ബിജെപി സംഘത്തിന്റെ ക്രിമിനൽ രാഷ്‌ട്രീയം മാധ്യമ വാർത്തകളായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top