29 March Friday

വിരമിച്ചിട്ടും വിരമിക്കാതെ ഈ ഞങ്ങൾ...ഇ സന്ധ്യ എഴുതുന്നു

ഡോ. ഇ സന്ധ്യUpdated: Monday Jun 29, 2020

ഇ സന്ധ്യ

ഇ സന്ധ്യ

നടക്കാതെ പോയ അവസാനത്തെ മീറ്റിംഗ് ഞാൻ പലപ്പോഴും ഭാവനയിൽ കാണാറുണ്ടായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളും നിറഞ്ഞിരിക്കുന്ന വേദി. പതിവിനു വിപരീതമായി കനം തൂങ്ങിയ നിമിഷങ്ങൾ. ഞങ്ങളെക്കുറിച്ച് നല്ലതുമാത്രം പ്രസംഗവേദിയിൽ നിന്ന് കേൾക്കുന്ന സുഖം. മുന്നിലിരിക്കുന്നവരുടെ സങ്കടം നിറഞ്ഞ മുഖം. ഞങ്ങളുടെ മറുപടി പ്രസംഗങ്ങൾ...കൊറോണവ്യാപനം ഇല്ലാതാക്കിയ യാത്രയയപ്പിന്റെ വേദന പങ്കുവെക്കുകയാണ്‌ തൃശൂരിലെ പ്രജ്യോതി നികേതൻ കോളേജിലെ അദ്ധ്യാപികയായി വിരമിച്ച എഴുത്തുകാരി ഇ സന്ധ്യ.

മാർച്ച് 31ന് റിട്ടയർ ചെയ്യുന്നവർ ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോ.ജോജു (മാത്‌സ്), ഡോ.മോൻസി (സൈക്കോളജി), ഡോ.പോൾ ചാക്കോ (ഫിസിക്കൽ എഡ്യുക്കേഷൻ), ലൈബ്രേറിയൻ ഡോ. ആന്റോ, പിന്നെ ഞാൻ. ഇരുപതിൽ അല്പം കൂടുതൽ മാത്രമേ അധ്യാപകരുള്ളൂ എന്നതിനാൽ നാലുപേർ ഒരുമിച്ച് പോകുന്നത് വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ഷൈജനും സഹപ്രവർത്തകരും പറയാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു. കോളേജിന്റെ ആരംഭകാലം മുതൽ ഒന്നിച്ചുണ്ടായവരാണ് ഞങ്ങൾ. കലാലയത്തിന്റെ വളർച്ചയും പടർച്ചയും ഒക്കെ കണ്ടവർ. പരസ്പരം ബഹുമാനിച്ചും കളിയാക്കിയും ചിലപ്പോഴൊക്കെ നിശിതമായി വിമർശിച്ചും ഒരു കുടുംബംപോലെ കഴിഞ്ഞവർ. അധ്യയനവർഷത്തിന്റെ തുടക്കം മുതലേ കോളേജിൽ റിട്ടയർമെന്റ് ചടങ്ങിനെക്കുറിച്ചായിരുന്നു പകുതി കാര്യമായും കളിയായും ഒക്കെ സംസാരം. പ്രിൻസിപ്പലും മാനേജരും ഡിപ്പാർട്ടുമെന്റ് തലവന്മാരും ഓഫീസ് സ്റ്റാഫും പിന്നെ ഞങ്ങളും സംസാരിക്കേണ്ടുന്ന ചടങ്ങ് രാവിലെ ആറുമണിയ്ക്ക് തുടങ്ങേണ്ടിവരുമെന്ന് പ്രിൻസിപ്പൽ (ചിലര്‍ മൈക്ക് കിട്ടിയാൽ പിടി വിടില്ല എന്ന് ധ്വനി!) ദൂരെയുള്ള മക്കളോട് അന്നേദിവസം വരാനുള്ള ഏർപ്പാട് ചെയ്യണമെന്ന് ശട്ടം കെട്ടിയിരുന്നു. (പ്രസ്തുത ദിവസം എന്നെപ്പറ്റി പറയാനിടയുള്ള നല്ല വാക്കുകൾ കേട്ട് മക്കൾ അന്തം വിട്ടിരിക്കുന്നതും ഈ അമ്മ ഞങ്ങൾ വിചാരിച്ച പോലെയല്ലല്ലോ എന്നു ചിന്തിക്കുന്നതും ഞാൻ ഭാവനയിൽ കണ്ട് രോമാഞ്ചമണിഞ്ഞു) റിട്ടയർമെന്റ് ചടങ്ങിൽ ഇന്നേവരെ പങ്കെടുക്കാത്തവരും അതേക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരുമായ അവർ ഞങ്ങൾ വരേണ്ടതുണ്ടോ എന്ന് ചോദിച്ചത് എനിക്കത്ര പിടിച്ചില്ല. ജീവിതത്തിലാകെ ഇങ്ങനെയൊരു മീറ്റിംഗേയുള്ളൂവെന്നും അവരുടെ അമ്മ കഴിഞ്ഞ 25 കൊല്ലം ചോരനീരാക്കി (ഒരു ഇഫക്ടിന്) പണിയെടുത്ത സ്ഥാപനത്തിൽനിന്ന് പിരിഞ്ഞുപോരുന്നത് ഇത്ര നിസ്സാരമായി നിങ്ങൾക്കെങ്ങനെ കാണാനായി എന്നും ചില വീടുകളിൽ ഒരു കല്യാണത്തിനു കൊടുക്കേണ്ട പ്രാധാന്യത്തോടെയാണ് ഇത് നോക്കിക്കാണുന്നതെന്നും ഒക്കെ ഞാന്‍ “സെന്റി”യായതിൽ അവർ വീണു. (ആവോ!)

റിട്ടയർമെന്റ് പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഉറപ്പായും കരയുമെന്നും ഒരക്ഷരം മിണ്ടാനാവില്ലെന്നും കമ്പ്യൂട്ടർ സയൻസ് വിഭാഗം ഒഛഉ ഡോ. സോണിയ സണ്ണി പ്രളയത്തിനു മുമ്പേ പ്രവചിച്ചിട്ടുള്ളതാണ്. അത് അങ്ങനെത്തന്നെയാവുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വലിയ കണ്ണുകളിൽ നീർത്തടാകങ്ങൾ നിമിഷങ്ങൾകൊണ്ട് സൃഷ്ടിക്കാൻ സോണിയക്കുള്ള കഴിവ് ലോകപ്രസിദ്ധമാണ്. അവസാനവർഷക്കാരുടെ സെന്റ് ഓഫ് മീറ്റിംഗുകളിൽ കുട്ടികൾക്കുമുമ്പേ കരഞ്ഞ് അവർക്കൊരു പ്രചോദനമാകാറുള്ള ടീച്ചറാണ് സോണിയ. വാക്കുപാലിക്കുമെന്നുറപ്പാണ്. സന്ധ്യയൊക്കെ പോകുന്ന കാര്യം എനിക്കു ചിന്തിക്കാൻ വയ്യ എന്ന് സീനയും (കമ്പ്യൂട്ടർ ‍ഡിപ്പാർട്ടുമെന്റ്) പറഞ്ഞ് കണ്ണുനിറക്കാറുണ്ട്. മിസ്സുണ്ടെങ്കിൽ ഒരു ബലമായിരുന്നുവെന്ന് നൈസ് മേരിയും മിലുവും സൗമ്യയും ദീപ്തിയും സുകന്യയുമൊക്കെ ആവർത്തിച്ചുപറയാറുണ്ട് (ഇവരെയൊക്കെ ഞാൻ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്). കഴിഞ്ഞ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾ നിഷ്കളങ്കമായി “മിസ്സിന് ഞങ്ങളെ അടുത്ത വർഷംകൂടി പഠിപ്പിച്ചിട്ട് പോയാൽപോരേ?” എന്നു ചോദിക്കാറുണ്ട്. “മിസ്സിനെ വല്ലാതെ മിസ്സ് ചെയ്യു”മെന്ന് പറയുന്നവർ, “പോണ്ട മിസ്സേ” എന്നു സ്നേഹിക്കുന്നവർ. എന്തായാലും റിട്ടയർമെന്റ് എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസവും കഴിഞ്ഞ ഒന്നു രണ്ടു കൊല്ലമായി ഉണ്ടാകാറില്ല. ഇതൊക്കെ ഓർക്കുമ്പോൾ ലോകത്തിൽ ഇങ്ങനെയൊരു റിട്ടയർമെന്റ് ചടങ്ങ് ഉണ്ടാവാനിടയില്ലെന്നും ഞാനൊക്കെ പോയാൽ കോളേജിന് കാര്യമായെന്തോ സംഭവിക്കുമെന്നൊക്കെ ഞാനും വിചാരിച്ചു തുടങ്ങിയിരുന്നു. (അത്രയ്ക്കില്ല, എന്നാലും!) സത്യത്തിൽ റിട്ടയർമെന്റ് അതു വരുന്നതിനുമുൻപേ ആസ്വദിച്ചു തുടങ്ങിയിരുന്നുവെന്നർത്ഥം.

തുടങ്ങുന്നതൊക്കെ ഒടുങ്ങുമെന്നും ഒന്നും ശാശ്വതമല്ലെന്നുമൊക്കെ അറിയുമെങ്കിലും അധ്യാപനജീവിതം ഒട്ടൊക്കെ യാന്ത്രികമായിപ്പോയി എന്നതുകൊണ്ടും അധ്യാപനരീതികൾഏറെ മാറിപ്പോയി എന്നതുകൊണ്ടും ഒരു വലിയ ശതമാനം കുട്ടികളുടെയെങ്കിലും പഠനത്തിലുള്ള താല്പര്യക്കുറവ് വിഷമിപ്പിച്ചിരുന്നുവെങ്കിലും ഇരുപത്തിയേഴു കൊല്ലം ഒരു ശീലംപോലെ തുടർന്നിരുന്ന ഒന്ന് ഇല്ലാതാവുമ്പോൾ എന്തുണ്ടാവും എന്നതിനെപ്പറ്റി ആശങ്കകൾ ഇല്ലായിരുന്നു എന്നു പറഞ്ഞുകൂടാ. എന്നാൽ സമയബന്ധിതമല്ലാതെ വായനയ്ക്കും ഇഷ്ടമുള്ള മറ്റു ചില കാര്യങ്ങൾക്കും കിട്ടാൻ സാധ്യതയുള്ള നേരങ്ങൾ എന്നെ ആഹ്ലാദിപ്പിച്ചിരുന്നുതാനും. റിട്ടയർ ചെയ്തതിനുശേഷം വായിക്കാനായി മാറ്റി വെച്ചിരുന്ന അനേകം പുസ്തകങ്ങൾ, കേൾക്കാനും കാണാനും വാങ്ങിയിരുന്ന പാട്ട്/സിനിമ വീഡിയോ, ഡി.വി.ഡി.കൾ എന്നിവ എന്നെ പ്രലോഭിച്ചുകൊണ്ടിരുന്നു. (പാട്ടുകളുടെയും സിനിമകളുടെയും ഡി.വി.ഡി.കൾ വാങ്ങിയത് വെറുതെയായി എന്നിപ്പോൾ തോന്നുന്നുണ്ട്. യൂ ട്യൂബിൽ അതും അതിലപ്പുറവും കിട്ടുന്ന ഈ കാലത്ത്, പല കമ്പ്യൂട്ടറിലും സി.ഡി./‍ഡി.വി.ഡി. പ്ലെയർ ഇല്ലാത്ത ഈ കാലത്ത് വെറുതെ കാശു കളഞ്ഞു എന്ന് സങ്കടപ്പെടാറുണ്ട്. മക്കൾ ഇതേ കാര്യം പറഞ്ഞ് കളിയാക്കാറുമുണ്ട്). എന്തായാലും ജീെേ ൃലശേൃലാലിേ റമ്യെ എങ്ങനെ ആഹ്ലാദകരമാക്കാം എന്നായിരുന്നു എന്റെ ചിന്ത.

വിരമിക്കുന്ന അധ്യാപകരെ സഹ അധ്യാപകർ വീട്ടിൽക്കൊണ്ടാക്കുന്ന പതിവുമുണ്ടല്ലോ. അതും അല്പം തമാശയ്ക്ക് വഴിയൊരുക്കിയിരുന്നു. ഒരുദിവസം തന്നെ അഞ്ചുപേരെ അതാത് വീടുകളിൽ കൊണ്ടുപോയാക്കുന്നത് എങ്ങനെ നടപ്പിൽ വരുത്തുമെന്നായി. ഒരാൾ അയ്യന്തോൾ, വേറൊരാൾ കാലടിക്കടുത്ത്. മറ്റുള്ളവർ അതിനിടയിൽ. “ഒരറ്റത്തൂന്ന് പിടിക്കാം” എന്ന് എല്ലാവരും കളി പറഞ്ഞു. അവസാനം മേയ് മാസത്തിൽ ജന്മദിനം ഉള്ളവരെ അപ്പോൾ കൊണ്ടുവിടാമെന്നും (അവർ രണ്ടുപേരാണ്) ബാക്കിയുള്ള മൂവരിൽ ഒരാളെ ഏപ്രിൽ ഒന്നാംതിയതി (അതേന്നേയ്) യും ശേഷിച്ച ഞങ്ങളിൽ രണ്ടുപേരെ രാവിലെയും ഉച്ചതിരിഞ്ഞും അതാതിടങ്ങളിൽ ആക്കാമെന്നും തീരുമാനമായി പിന്നീടാണ് ഭക്ഷണകാര്യം. ഒരു ദിവസം തന്നെ രണ്ടിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വയറിനോടു ചെയ്യുന്ന നീതികേടിനെക്കുറിച്ചും ചർച്ചയുണ്ടായി. എങ്കിലും മാ‍ർച്ച് 31 നു തന്നെ ഞങ്ങളെ വീട്ടിലാക്കണമെന്ന തീരുമാനത്തിൽ ഞാനും പോൾ ചാക്കോയും ഉറച്ചുനിന്നു. (31 ന് രാത്രി സ്ഥലം വിടാൻ മകനും ഭാര്യയും തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റൊരു മാർഗ്ഗമില്ലായിരുന്നു). അതുകൊണ്ടും തീര്‍ന്നില്ലല്ലോ! വരുന്നവർക്ക് എന്തു ഭക്ഷണം കൊടുക്കണം? അതൊക്കെ അമ്മയും അച്ഛനും തീരുമാനിച്ചാൽ മതിയെന്ന് (സാധാരണപോലെ) മക്കൾ സ്കൂട്ടായി. “പുട്ടും കടലയും മതി” എന്ന വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തി ഭർത്താവ് വേറെ വഴിക്കുപോയി. ചുരുക്കിപ്പറഞ്ഞാൽ റിട്ടയർ ചെയ്യുന്ന മാനസികഭാരം ചുമക്കുന്ന എന്റെ തലയിലായി ഭക്ഷണകാര്യവും! ആരെ ഏല്പിക്കണം? ‘ആരെ വേണമെങ്കിലാവാം’ എന്ന വിശാല വീക്ഷണവുമായി പിന്നെയും പ്രിയതമൻ. എത്ര നല്ല അഭിപ്രായം അല്ലേ? എന്തായാലും എന്തു ഭക്ഷണം വേണമെന്ന് ഞാൻ സ്വയമൊരു ലിസ്റ്റുണ്ടാക്കി സ്വയം അനുമതി തേടി. മാർച്ച് പകുതിയോടെ അതൊക്കെ ശരിയാക്കിയാൽ മതിയാവില്ലേ എന്ന് എന്നോടു തന്നെ ചോദിച്ചു. മതി എന്ന് ഞാനുത്തരം പറഞ്ഞു. ശരി. മതി. മുറ്റത്ത് ഒരു ചെറിയ പന്തലിടേണ്ടേ? വേണം, വേണം. ആരെയൊക്കെ വിളിക്കണം? ആലോചിച്ചു ചെയ്തോളൂ. ഓകെ. ഓ.കെ. (ചോദ്യവും ഉത്തരവും വീണ്ടും ഞാൻ. സ്ത്രീയുടെ അഭിപ്രായത്തിന് വില കല്പിക്കുന്ന കുടുംബം. അല്ലേ). നീണ്ടുപോകാൻ സാധ്യതയുള്ള വിടവാങ്ങാൽച്ചടങ്ങിൽ പറയേണ്ടുന്ന മറുപടി പ്രസംഗം എഴുതി വായിക്കുകയേയുള്ളൂ എന്നും തീരുമാനിച്ചു. (പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഒരു പക്ഷേ വികാരഭരിതയുമായേക്കാം. വേണ്ട. സുഹൃത്ത്, പെരുമ്പാവൂർ മാർത്തോമാ കോളേജിലെ ഡോ.ഗീതമേരി മാത്യൂസ് അവരുടെ റിട്ടയർമെന്റിന് പറഞ്ഞ പ്രസംഗം ഒരു സുന്ദരമാതൃകയായി കയ്യിലുണ്ട്. അങ്ങനെ മതി).

അപ്പോൾ പറഞ്ഞുവന്നത്, മനസ്സിൽ എല്ലാ തയ്യാറെടുപ്പുകളുമായി എന്നാണ്. ഇനി അത് നടക്കുകയേ വേണ്ടൂ. ഫെബ്രുവരി അവസാനമായി. കൊറോണാ വാർത്തകൾ അവിടവിടെ കേട്ടു തുടങ്ങിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഇതൊന്നും ആരും അത്ര ഗൗരവമായി എടുത്തില്ല. നമ്മളെയൊന്നും തൊടാനതിനാവില്ല എന്നായിരുന്നു ചിന്ത. അതിനിടെ സർവീസിൽ ഒരിക്കൽ എടുക്കാവുന്ന ഘഠഇ ഉപയോഗിച്ച് ഞങ്ങൾ പറയത്തക്ക ഭീതിയൊന്നുമില്ലാതെ ഷിംലയിൽ പോയിവരികയും ചെയ്തു. മാർച്ച് 10ന് ഫാ. ജോസ് തെക്കന്റെ പേരിലുള്ള ബെസ്റ്റ് ടീച്ചർ അവാർഡ് ഞാൻ സ്വീകരിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുകയാണ്. സാഹിത്യലോകത്തെ സമാരാധ്യനായ സാനുമാഷാണ് അവാർഡ് നൽകുന്നത്. പ്രാസംഗികരിൽ ബഹുമാനപ്പെട്ട എം.പി. ടി.എൻ.പ്രതാപനും കോഴിക്കോട് സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ബാബുവുമുണ്ട്. വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ. ഡോ.ബാബുവിന്റെ ആശംസാപ്രസംഗത്തിൽ വളരെ നാടകീയമായാണ് അദ്ദേഹമത് പറ‌ഞ്ഞത്. “ഒരു പക്ഷേ ഈ അധ്യായനവർഷത്തിൽ ഡോ.സന്ധ്യ പങ്കെടുക്കുന്ന അവസാനത്തെ പൊതുപരിപാടിയാകുമിത്.” ഒന്നും പിടികിട്ടാതിരുന്ന ഞങ്ങളോട് അദ്ദേഹം അപ്പോൾ മൊബൈലിൽ വന്ന ഒരു വാർത്ത പങ്കുവെക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ എല്ലാം അടച്ചിടുകയാണെന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും വരരുത് എന്നുമായിരുന്നു അത്. ദൈവമേ! എന്തൊരു വാ‍ർത്തയാണിത്! ഇരുപത്തിയൊന്നു ദിവസം കോളേജ് അടയ്ക്കുകയോ? ഒരു ഞെട്ടലോടെയും അങ്കലാപ്പോടെയും മാത്രമേ അത് കേൾക്കാനായുള്ളൂ. മനസ്സിലേക്ക് അതിവേഗത്തിൽ ഇനി ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ ഓടിയെത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് തീർത്തുകൊടുക്കേണ്ട പാഠങ്ങളും നടത്തേണ്ട പരീക്ഷയും.  രണ്ടാംവർഷക്കാരുടെ അസൈൻമെന്റ്. ഇതൊക്കെ ഇനിയെങ്ങനെ നടത്തും? 31ന് കോളേജടച്ചാൽ പിന്നെ സാധാരണഗതിയിൽ വെക്കേഷനായല്ലോ. ഇപ്പോൾ പോകുന്ന കുട്ടികളെ എങ്ങനെ കിട്ടാനാണ്? ഇങ്ങനെ നൂറുകൂട്ടം സംശയങ്ങൾ. ആർക്കും ഒന്നും തീരുമാനിക്കാനാവാത്തതിനാൽ ആരോടും ചോദിക്കാനും വയ്യ. ഞങ്ങളുടെ റിട്ടയർമെന്റ് ചടങ്ങ്? മീറ്റിംഗ്? വീട്ടിൽ കൊണ്ടുവന്നാക്കൽ? എന്റെ പ്രസംഗം? ഭക്ഷണം? പന്തല്‍?... ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഇരുപത് പേരിൽ കൂടുതൽ പാടില്ല. എന്തുചെയ്യും? എല്ലാത്തിനും പരിഹാരമുള്ള പ്രിൻസിപ്പലെ വിളിച്ചു. അദ്ദേഹവും വാർത്തയുണ്ടാക്കിയ നടുക്കത്തിലും നിരാശയിലുമാണ്. “സാരമില്ല. 31 കഴിയട്ടെ. ഏപ്രിലിൽ ആവാം എല്ലാം” എന്ന് പ്രതീക്ഷ തരുന്ന വാക്കുകൾ. അതെ. ഏപ്രിലായാലും കുഴപ്പമൊന്നുമില്ല. ബാംഗ്ലൂർ നിവാസികളെ വിളിച്ച് ടിക്കറ്റ് ഏപ്രിൽ ഒന്നിനാക്കാൻ പറഞ്ഞു. അന്നുനടക്കുമെന്ന് ഉറപ്പല്ലേ എന്നവർ. എന്തുറപ്പ്! എന്നാലും ഉറപ്പ് എന്നു ഞാൻ. പിന്നീടങ്ങോട്ടെല്ലാം പെട്ടെന്നായിരുന്നു. രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക് ഡൗണിലേക്ക് നീങ്ങി. മക്കൾ അതിനുമുമ്പ് നാട്ടിലെത്തി. ക്വാറന്റീനിൽ പ്രവേശിച്ചു. അതിനുമുമ്പ് തീർക്കാനുള്ള പാഠങ്ങൾ റെക്കോഡ് ചെയ്ത് യൂ ട്യൂബിൽ ഇട്ട് ലിങ്ക് കുട്ടികൾക്കു കൊടുത്തു. പരീക്ഷകൾ, അസൈൻമെന്റുകൾ ഓൺലൈനായി നടത്തി. മാർക്ക് ലിസ്റ്റ് കൊടുത്തു. പക്ഷേ അതൊന്നും ഒട്ടും തൃപ്തി നൽകിയില്ല. കുട്ടികളുടെ മുഖംകാണാതെ, അവർക്ക് മനസ്സിലായോ എന്നറിയാതെ എന്ത് പഠിപ്പിക്കൽ? എങ്കിലും ഒന്നും ചെയ്യാത്തതിനേക്കാൾ ഭേദം എന്നുമാത്രം.

തുടർന്ന് കൂടുതൽ കൂടുതൽ കൊറോണ കേസുകൾ. ലോകം മുഴുവൻ ഭീതിയിൽ. അനിശ്ചിതത്വത്തിൽ. വീട്ടിലിരുപ്പ് ഒട്ടും സ്വസ്ഥത നൽകിയില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതുപോലും എളുപ്പമല്ലാതായി. വാങ്ങിയവ രോഗാണു മുക്തമാക്കുക വലിയൊരു ജോലിയായി. വീട്ടിൽ വരുന്ന സഹായി വരാതായി. വീട്ടുജോലി കഴിഞ്ഞ് സമയമില്ലാതായി. കോളേജിൽ പഠിപ്പിച്ചിരുന്നുവെന്നും റിട്ടയർ ചെയ്യുകയാണെന്നും ഒക്കെ മറന്ന ദിവസങ്ങൾ. അതിനിടയിൽ റിട്ടയർമെന്റ് മീറ്റിംഗ് അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചുവെന്ന് പ്രിൻസിപ്പലും മാർച്ച് 31ന് റിട്ടയർ ചെയ്യുന്നവർ അത് ചെയ്തതായി കണക്കാക്കാൻ മുഖ്യമന്ത്രിയും പറഞ്ഞു. റജിസ്റ്ററിൽ അവസാനത്തെ ഒപ്പിടുന്നത് ഒരു ഫോട്ടോ എടുത്ത് സൂക്ഷിക്കണമെന്നുണ്ടായിരുന്നു. അതു നടന്നില്ല.

നടക്കാതെ പോയ അവസാനത്തെ മീറ്റിംഗ് ഞാൻ പലപ്പോഴും ഭാവനയിൽ കാണാറുണ്ടായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളും നിറഞ്ഞിരിക്കുന്ന വേദി. പതിവിനു വിപരീതമായി കനം തൂങ്ങിയ നിമിഷങ്ങൾ. ഞങ്ങളെക്കുറിച്ച് നല്ലതുമാത്രം പ്രസംഗവേദിയിൽ നിന്ന് കേൾക്കുന്ന സുഖം. മുന്നിലിരിക്കുന്നവരുടെ സങ്കടം നിറഞ്ഞ മുഖം. ഞങ്ങളുടെ മറുപടി പ്രസംഗങ്ങൾ. ഫോട്ടോ അനാഛാദനം. പ്രജ്യോതിയെന്ന സ്ഥാപനത്തിന്റെ ടാഗ് ഇല്ലാതാവുന്ന വേദന. അത്രത്തോളം ആലോചനയെത്തുമ്പോൾ ഞാനത് നടക്കാഞ്ഞത് നന്നായി എന്നോർക്കും. ഇപ്പോഴും ഞാനാ കോളേജിന്റെ ഭാഗമാണെന്ന തോന്നലാണ്. കഴിഞ്ഞ മാസങ്ങളിൽ രണ്ടുമൂന്നു തവണ കോളേജിൽ പോയിരുന്നു. കുട്ടികളുടെ ശബ്ദവും ബഹളവും ഒന്നുമില്ലാത്ത വരാന്തകൾ. തുറക്കാത്ത ക്ലാസ്‌മുറികൾ. അടിക്കാത്ത ബെൽ. ഇത്രയും കാലവും കാണാത്ത, പ്രതീക്ഷിക്കാത്ത കാഴ്ചകളും അനുഭവങ്ങളും മനസ്സസ്വസ്ഥമായാണ് തിരിച്ചുപോന്നത്. കോളേജിനെ, അവിടത്തെ അന്തരീക്ഷത്തെ, കുട്ടികളെ, സഹപ്രവർത്തകരെ ഒക്കെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയുകയാണ്. സത്യത്തിൽ ക്ലാസ് മുറികളിലേക്കും കുട്ടികളിലേക്കും എത്താൻ കൊതി തോന്നുകയാണ്. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ കച്ചകെട്ടിയിരുന്ന ഞാൻ ഒരു വർഷംകൂടി പെ‍ൻഷൻ പ്രായം ഉയർത്തിയെങ്കിൽ എന്ന് മോഹിക്കുകയാണ്.

അവസാനത്തേക്കു പറയാൻ ഒരു കാര്യം ബാക്കിവെച്ചു. ഈ കുറിപ്പ് എഴുതാൻ തുടങ്ങിയതു മുതൽ ഒരു മുഖം ഇടക്കിടെ മനസ്സിലേക്കോടിയെത്തുന്നുണ്ട്. ഊർജ്ജവും പ്രസരിപ്പും കുസൃതിയും വാശിയും ഉൽസാഹവും തിളങ്ങുന്ന ഒരു മുഖം. ഈ ഏപ്രിൽ ഞങ്ങളിൽനിന്ന് തട്ടിയെടുത്ത ഞങ്ങളുടെ പ്രിയ സഹപ്രവർത്തകയുടെ. ആ മരണമുണ്ടാക്കിയ നടുക്കത്തിൽ, കടുത്ത ദുഃഖത്തി‍ൽ മറ്റെല്ലാം അപ്രസക്തമായി. കടുത്ത ശുഭാപ്തിവിശ്വാസക്കാരിയും പോരാളിയുമായിരുന്ന ധന്യ ഞങ്ങളെ വിട്ടുപോയെന്ന നടുക്കത്തിൽ നടക്കാതെപോയതെല്ലാം തീരെ നിസാരമായി എന്നതാണ് സത്യം. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും ഊ‍ർജസ്വലതയോടെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന, നല്ല നർമ്മബോധവും കാര്യശേഷിയുമുള്ള ധന്യയെ മരണം കവർന്നുകൊണ്ടുപോയപ്പോൾ ഞങ്ങൾ സഹപ്രവർത്തകരെല്ലാം വളരെ നിർജീവമായി പോയി. ആ ആഘാതത്തിൽ നിന്ന് മുക്തി നേടിയിട്ടില്ല, ഇപ്പോഴും. കോളേജ് തുറന്നു പ്രവർത്തിക്കുന്ന സമയമായിരുന്നുവെങ്കിൽ ധന്യയുടെ അഭാവം ഒട്ടും സഹിക്കാൻ പറ്റുമായിരുന്നില്ല എന്നതാണ് വാസ്തവം. എല്ലാവരും വീടുകളിൽ കഴിയുമ്പോൾ, പരസ്പരം കാണാതിരിക്കുമ്പോൾ ധന്യയും സ്വന്തം വീട്ടിലുണ്ടെന്ന് വെറുതെ വിചാരിക്കുകയാണ് ഞങ്ങളെല്ലാവരും. “താനീ കോളേജിൽ നിന്ന് പോയാൽ ഒരു രസവുമുണ്ടാവില്ല എനിക്ക്” എന്ന് ധന്യ പണ്ട് പറയുമായിരുന്നു. എനിക്കുമുമ്പേ ഈ ലോകത്തുനിന്നു തന്നെ പോയി ആ കൂട്ടുകാരി എന്നെ നോക്കി ചിരിക്കുകയാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top