20 May Friday

സൗഹൃദത്തിന്റെ ചഷകത്തിൽ ശേഷിച്ചത്

സജയ്‌ കെ വിUpdated: Sunday Jan 23, 2022

ഭൂമിയിൽ സാധ്യമായ മനുഷ്യബന്ധങ്ങളിൽ ഏറ്റവും ഊഷ്‌മളവും ഉദാരവുമായ ഒന്ന് സൗഹൃദമാണ്. മറ്റു വേഴ്‌ചകൾക്കൊന്നുമില്ലാത്തത്ര വർണരാജികൾ സന്നിഹിതമാണ് സൗഹൃദത്തിൽ. സൗഹൃദത്തിന് സാഹിത്യവും  നിമിത്തമാകാം. എഴുത്തിനോടുള്ള ആഭിമുഖ്യം, ക്രമേണ, എഴുത്തുകാരനോടുള്ള ആത്മബന്ധമായി മാറുന്നു. സൗഹൃദവും സർഗാത്മകതയും സഹൃദയത്വവും പരസ്‌പരം പൂരിപ്പിക്കുന്നു. ഇത്തരം സൗഹൃദങ്ങൾ മുമ്പെന്ന പോലെ ഇപ്പോൾ അത്ര സുലഭമല്ല. ഹൃദയങ്ങളുടെ അനുർവരത സൗഹൃദത്തെയും ബാധിച്ചിരിക്കുന്നു.  ആ ഉർവരസൗഹൃദകാലത്തിന്റെ രേഖകളിലൊന്നാണ് ടി രാജൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയെക്കുറിച്ചെഴുതിയ, ‘സ്വച്ഛന്ദസ്വപ്‌നസഞ്ചാരി’ എന്ന പുസ്‌തകം. പുനത്തിലിന്റെ സ്വച്ഛന്ദജീവിതയാത്രയിൽ അദ്ദേഹത്തിന്റെ കൂടെ നടക്കുകയായിരുന്നു എന്ന് പുസ്‌തകത്തിന്റെ മുഖവുരയിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്. ‘മധ്യേയിങ്ങനെ കാണുന്ന നേര'ത്താണ് മനുഷ്യർ പരസ്‌പരം ‘കൂടെ'യാവുന്നത്. അതിന് ഒരു മനുഷ്യായുസ്സിന്റെയത്ര നീളം വരുമ്പോൾ അത്തരം കൂടെനടപ്പിന് സർഗാത്മകതയുടെ നിത്യസാക്ഷിത്വം എന്ന അധികമാനം കൈവരുന്നു. അത്തരമൊരു സൗഹൃദമായിരുന്നു പുനത്തിലിനും ടി രാജനുമിടയിൽ നിലനിന്നത്. പുനത്തിൽ ജീവിതത്തെ  തുറന്ന പുസ്‌തകമായാണ് സങ്കൽപ്പിച്ചത്. ആ തുറന്ന പുസ്‌തകത്തിന്റെ, സ്വകാര്യതയാൽ പരസ്‌പരം ഒട്ടിപ്പോയ താളുകൾ കൂടി വായിച്ചറിഞ്ഞ ഒരാളാണ് ഗ്രന്ഥകാരൻ.

ഓർമകളുടെ സൂക്ഷ്‌മമായ ഹെർബേറിയമാണ് തന്റെ, പുനത്തിലിന്റെ ജീവചരിത്രമെന്നും പുനത്തിലോർമകളുടെ സമാഹാരമെന്നും പറയാവുന്ന, ഈ പുസ്‌തകത്തിൽ ടി രാജൻ തുറന്നിടുന്നത്. വസ്‌തുതാപരവും കണിശവുമാണ് ഓരോ വിവരണവും. തന്റെ സാക്ഷിത്വം ഇടയിൽ തിക്കിക്കയറി വന്ന് കാര്യങ്ങൾ അലങ്കോലമാക്കരുതെന്ന ജാഗ്രത എഴുത്തുകാരനുണ്ട്. താൻ കണ്ടവയും അറിഞ്ഞവയും രേഖപ്പെടുത്തുമ്പോഴും അതിൽ ആത്മപ്രദർശനവ്യഗ്രതയുടെ അലോസരം കലരാതിരിക്കുന്നതിനുള്ള ‘സ്വയം അദൃശ്യമാകൽ' എന്ന തന്ത്രം, ഒരു മാന്ത്രികന്റെ പാടവത്തോടെ,  പ്രദർശിപ്പിക്കുന്നു. ഈ അദൃശ്യതയാലാണ് പുനത്തിലിന് സജീവമായ ദൃശ്യത നൽകുന്നത്. എഴുത്തുകാരനുള്ള സ്‌മാരകശിലയാണ് താൻ പണിയുന്നതെന്ന സൂക്ഷ്‌മതയും ജാഗ്രതയും ഈ അനുയാത്രികനുണ്ട്. അതിനാൽ കൈയോ കണ്ണോ തെല്ലൊന്നു പതറാതെ അക്കാര്യം നിറവേറ്റുന്നു; ഉളിപ്പാടുകൾ തെളിയാതെ, താനെടുത്തു പെരുമാറുന്ന ശിലാഖണ്ഡത്തിന്റെ രൂപപൂർണതയ്‌ക്ക്‌ കോട്ടം തട്ടാതെ.

‘മാംസപാത്രത്തിൽനിന്ന് മൺപാത്രത്തിലേക്കുള്ള ഇടവേള'യായി മനുഷ്യജീവിതത്തെ നിർവചിച്ചത് എം ഗോവിന്ദനാണ്. ഈ ഇടവേളയിൽ പുനത്തിൽ പലമപ്പെട്ടതെങ്ങനെ എന്ന് ഈ പുസ്‌തകം വായിച്ചാലറിയാം. എഴുത്ത്, വൈദ്യവൃത്തി എന്നീ ഈ ഇരട്ടപ്പാളങ്ങളിലൂടെയാണ് പുനത്തിൽ  ജീവിതവണ്ടിയോടിച്ചത്  (അസാമ്പ്രദായികമായ പാളങ്ങൾ മറ്റനവധിയുണ്ടായിരുന്നു!). രണ്ടിലും അദ്ദേഹത്തിനു പാളം തെറ്റിയില്ല.'കന്യാവനങ്ങ'ളുമായി ബന്ധപ്പെട്ടുയർന്നുവന്ന ആരോപണമായിരുന്നു, ഒരുപക്ഷേ, പുനത്തിലിന്റെ എഴുത്തുജീവിതത്തിലെ ഒരേയൊരു പാളംതെറ്റൽ. ഈ സംഭവവും അതിലേക്കുനയിച്ച സാഹചര്യങ്ങളുമാണ് സംക്ഷിപ്തമായും വിശദാംശങ്ങൾ ചോർന്നുപോകാതെയും' കന്യാവനങ്ങളും ടാഗോറും' എന്ന അധ്യായത്തിൽ. ഇവിടെയൊന്നും ഗ്രന്ഥകാരൻ, പുനത്തിലിനെ മനപ്പൂർവം, വെള്ളപൂശുകയോ കരിപൂശുകയോ ചെയ്യുന്നില്ല. വിവാദത്തിന്റെ പ്രഭവങ്ങളേതൊക്കെ എന്ന്  വ്യക്തമാക്കുന്നു. അവരുടെ ദുഷ്ടലാക്കിനെപ്പോലും നിഷ്‌പ്രഭമാക്കിയ പുനത്തിലിന്റെ ഹൃദയശോഭ കാട്ടിത്തരുന്നു. പുനത്തിലിന്റെ സാംസ്‌കാരിക അഭിഭാഷകസ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് എം എൻ വിജയൻ, ആയിടെ, നടത്തിയ പ്രസംഗത്തിലെ പ്രധാനാശയങ്ങൾ സംഗ്രഹിച്ചാണ്‌ ഈ അധ്യായം അവസാനിക്കുന്നത്.  

പുനത്തിലിന്റെ ചലച്ചിത്രബന്ധത്തെക്കുറിച്ചുള്ള അധ്യായമാണ് ഹൃദ്യമായ മറ്റൊരിനം. പുനത്തിൽ വടകരയിലെ കൊട്ടകയിൽനിന്നു കണ്ട ആദ്യചലച്ചിത്രം (അത് തമിഴിലിറങ്ങിയ‘ലൈലാമജ്നു' ആയിരുന്നു എന്നെഴുതുന്നത്ര കണിശം!) മുതൽ അതു തുടങ്ങുന്നു. ദേശീയചലച്ചിത്ര അവാർഡു ജൂറിയായിരുന്ന പുനത്തിലിന്റെ അനുഭവങ്ങളിലൂടെ, അഭിനേതാവായ ചാരുഹാസനുമായുണ്ടായിരുന്ന ഗാഢസൗഹൃദത്തിന്റെ ഓർമകളിൽ അതു കലാശിക്കുന്നു.

പുനത്തിലിന്റെ ഓർമകൾ, അദ്ദേഹം ജീവിച്ചിരിക്കെ, കേട്ടെഴുതിയതല്ല ഈ പുസ്‌തകം. പുനത്തിലിൽനിന്ന് കേട്ടറിഞ്ഞവയും കണ്ടറിഞ്ഞവയും ഉള്ളിൽ ഉപ്പിലിട്ടുവച്ചതിനുശേഷം ഓർമയുടെ ഇലത്തലയ്‌ക്കൽ വിളമ്പുകയാണ് ടി രാജൻ എന്ന അനുയാത്രികൻ. ഇതിൽ രണ്ടുതരം ഓർമകളുണ്ട്. -ഒന്ന് പുനത്തിലിന്റേത്, മറ്റൊന്ന് പുനത്തിലിനെക്കുറിച്ചുള്ളത്. രണ്ടും ഇഴചേർത്തു നെയ്‌തിരിക്കുന്നു എന്നതാണ് ഈ പുസ്‌തകത്തെ, ഒരേസമയം, ഒരു ജീവചരിത്രപുസ്‌തകവും ഓർമപ്പുസ്‌തകവുമാക്കി മാറ്റുന്നത്. അവസാനത്തെ കൂടിക്കാഴ്‌ചയിൽ ശയ്യാവലംബിയും ആസന്നമരണനുമായ പുനത്തിൽ തന്റെ കൈയിൽ കടന്നുപിടിച്ചു ചുംബിക്കുകയല്ല, കടിക്കുകയാണു ചെയ്‌തതെന്ന്, പുസ്‌തകത്തിന്റെ അവസാനാധ്യായത്തിലുണ്ട്‌.  ആണും ആണും തമ്മിലുള്ള സൗഹൃദത്തിന്റെ ഗാഢദംശനമാണത്. അതിന്റെ ഹൃദയരേഖയാകുന്നു, ഈ പുസ്‌തകം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top