18 April Thursday

ദ്വീപിന്റെ വിസ്‌തൃതാകാശവും അഗാധ നീലിമയും

കെ പ്രേമൻUpdated: Sunday Jan 16, 2022

മാലദ്വീപിലെ വേറിട്ട ജീവിതങ്ങളുടെ രസാവഹമായ രേഖാചിത്രമാണ് ജയചന്ദ്രൻ മൊകേരിയുടെ കടൽ നീലം. ജയചന്ദ്രൻ അധ്യാപകനായാണ് ദ്വീപിലെത്തുന്നത്. ഓരോ തുരുത്തും അതിന്റെ പേരുകൊണ്ടും പുതുമ കൊണ്ടും അത്ഭുതദ്വീപുപോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെടുന്നത്.  റോബിൻസൺ ക്രൂസോയെപ്പോലെ മനുഷ്യരുടെ കാൽപ്പാടുകൾ പതിയാത്ത ഒരു ദ്വീപിലൂടെ നടക്കണമെന്ന  കുട്ടിക്കാലത്തെ മോഹങ്ങൾ ഇപ്പോഴും ജയചന്ദ്രനൊപ്പമുണ്ട്.

ആ മോഹം തന്നെയാണ് ദ്വീപിലെ വിസ്‌മയങ്ങളുടെ സൂക്ഷ്‌മമായ നിരീക്ഷണങ്ങളിലേക്കും കടലിന്റെയും ഭൂപ്രകൃതിയുടെയും ഭംഗിയും സവിശേഷതകളും പകർത്തുന്നതിനും അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.

കടൽയാത്ര മാന്ത്രികമായ ഒരു പ്രയാണമാകുന്നുണ്ട് ജയചന്ദ്രന്. യാത്രയിൽ ഭൂമിയാകെ ഇളകിയാടുന്ന കടൽനീലം മാത്രം. അതിന്റെ നെറുകയിൽ എല്ലാ വിഹ്വലതകളും നിറഞ്ഞുനിൽക്കുന്ന ഒരു വൻമരമായി മാറുന്നുണ്ട്, എഴുത്തുകാരൻ.

വിസ്‌തൃത നീലിമയിൽ എവിടെയോ മറഞ്ഞുനിന്ന് തിമിംഗലങ്ങൾ ഹൃദ്യമായി പാടുകയാണോ?  ചിലപ്പോഴൊക്കെ അങ്ങിനെ കാതോർത്ത് കിടക്കുന്നുമുണ്ട്.

ദ്വീപുനിവാസികളുടെ  വ്യത്യസ്‌തവും സങ്കീർണവുമായ ജീവിതാവസ്ഥകളുടെ സൂക്ഷ്‌മമായ നിരീക്ഷണങ്ങളാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. വിവാഹ ജീവിത്തിലെ മടുപ്പും പരസ്‌പരം പിരിഞ്ഞുപോകലും, അത് കുട്ടികളിലുണ്ടാക്കുന്ന ദൂരവ്യാപകമായ ആഘാതവും അവ ക്ലാസ്‌ മുറികളിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഇവിടെ പ്രതിപാദിക്കപ്പെടുന്നുണ്ട്.  ക്ലാസ് നടക്കുന്നതിനിടെ മൂർച്ചയുള്ള കട്ടർ ഉപയോഗിച്ച് ഉന്മാദിനിയെപ്പോലെ കൈത്തണ്ടയിൽ മുറിവുകളുണ്ടാക്കുന്ന എട്ടാം ക്ലാസുകാരിയുടെ പ്രശ്നം അന്വേഷിച്ചറിയാതെ എങ്ങിനെയാണ് ഒരു എഴുത്തുകാരന് ഇരിക്കപ്പൊറുതി ഉണ്ടാവുക? ആ അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിക്കുന്നതോ നടുക്കുന്ന മറ്റൊരു യാഥാർഥ്യത്തിലേക്ക്‌. കുടുംബത്തിലെ ലൈംഗികചൂഷണമാണ് കുട്ടിയുടെ മനോനിലയെ ഉലച്ചത്. കാരണക്കാരൻ അമ്മയുടെ പുതിയ ഭർത്താവും.  ചില സന്ദർഭങ്ങളിൽ ദ്വീപ് ജീവിതങ്ങളെ വൈകാരികമായി പിന്തുടരുന്ന എഴുത്തുകാരൻ അടർത്തിമാറ്റാൻ പറ്റാത്തവിധം അവരുടെ വേദനകളിലും വിധിയിലും അകപ്പെട്ടു പോകുന്നതായും കാണാം. ചിലപ്പോൾ ഷമീനയുടെ ഉമ്മയെപ്പോലെ തിരിച്ചു വരാത്ത യാത്രയ്‌ക്ക് തൊട്ടു മുമ്പ്‌ കൈ ഉയർത്തിക്കാട്ടിപ്പറയാൻ ശ്രമിക്കുന്നതത്രയും ബോട്ടിരമ്പത്തിൽ മുങ്ങിപ്പോയെന്നും വരാം. ദിരാസ, അലി, മാഷ, അലി റെമീസ്.... ആരെയാണ് മനസ്സിൽനിന്ന് മായ്ച്ചു കളയാൻ കഴിയുക?

ജയിലറയിൽ കണ്ട കുട്ടിക്കുറ്റവാളികളും മയക്കുമരുന്ന് മാഫിയ സംഘങ്ങളിൽപ്പെട്ടവരും എഴുത്തുകാരന്റെ ഓർമയിലേക്ക് കടന്നുവരുന്നുണ്ട്. മയക്കുമരുന്നിന്റെയും കുറ്റവാളികളുടെയും വിവരണങ്ങളിൽ ഒരു അന്വേഷകന്റെ സാന്നിധ്യം കാണാം. അവയൊക്കെയും എഴുത്തുകാരന്  ജയിൽ ജീവിതത്തിനിടയിൽ വന്നു ചേർന്ന വിലപ്പെട്ട അറിവുകളാണ്.

ദ്വീപിലെ സാമൂഹ്യ വ്യവസ്ഥയുടെ ചാലകശക്തി സ്‌ത്രീകളാണ്. വിദ്യാലയങ്ങളിലും രാഷ്‌ട്രീയ ചർച്ചകളിലും ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് അവർ തന്നെ മുന്നിൽ. എന്നാൽ അടിച്ചമർത്തപ്പെടുന്നവരും എല്ലാ വിപത്തുകളുടെയും ഇരകളും സ്‌ത്രീകൾ തന്നെ. ദ്വീപിലെ സാമൂഹ്യ രാഷ്‌ട്രീയ ജീവിതത്തിന്റെയും പ്രകൃതിയുടെയും പ്രതിപാദ്യം തന്നെയാണ് കടൽനീലത്തെ പ്രസക്തമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top