26 April Friday

ഗാനലോക വീഥിയിലെ ഗോപൻ...സിനിമയുടെ പിന്തുണയില്ലാത്ത സ്വന്തം ശബ്ദം

രവിമേനോൻUpdated: Wednesday Jun 29, 2022

കല്ലറ ഗോപൻ-ഫോട്ടോ വി കെ വിനോദ്‌

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതത്തോടെ നാം തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്: കാലപ്രവാഹത്തിൽ സിനിമയുടെ പിന്തുണയില്ലാതെ തന്നെ സ്വന്തം ശബ്ദം മലയാളികളുടെ കാതുകളിലും ഹൃദയങ്ങളിലും എത്തിക്കാൻ കഴിഞ്ഞു കല്ലറ ഗോപന്. പാട്ടുലോകത്തെ പന്തയങ്ങളിൽ നിന്ന് എന്നും മാറി നിൽക്കാൻ ആഗ്രഹിച്ച ഒരു ഗായകനെ സംബന്ധിച്ച് ഒട്ടും ചെറുതല്ലാത്ത നേട്ടം.

വയലാറിന്റെ ആഴമേറിയ അർഥ തലങ്ങളുള്ള  രചനയിലൂടെ, ബാബുരാജിന്റെ ആർദ്ര സംഗീതത്തിലൂടെ ഒഴുകുന്നു ഗോപൻ; പാടുന്ന ഓരോ വരിക്കും വാക്കിനും അക്ഷരത്തിനു പോലും അനുയോജ്യമായ ഭാവം പകർന്നുനൽകിക്കൊണ്ട്. ‘‘കയ്യെത്തുന്നിടത്താണെന്നു തോന്നും കണ്ടാലഴകുള്ള
ചക്രവാളം
അടുക്കുമ്പോളകലും അകലുമ്പോളടുക്കും ആശാ ചക്രവാളം
എവിടെ തീരമെവിടെ അവസാന വിശ്രമമെവിടെ...
കാലം ഒരു പ്രവാഹം...''   
അധികമാരും അത്ര ഹൃദയസ്പർശിയായി പാടിക്കേട്ടിട്ടില്ല ‘‘ലോറാ നീയെവിടെ'' യിലെ ദാർശനികമാനങ്ങളുള്ള ആ ഗാനം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ രാജധാനി ബിൽഡിംഗ്‌സിലുള്ള സിംഗിങ് ബേഡ്‌സ് ഓർക്കസ്ട്രയുടെ റിഹേഴ്സൽ മുറിയിൽ കാൽ നൂറ്റാണ്ടോളം മുൻപ് കൂട്ടുകാരായ ഗായകൻ എം എസ്  നസീമിനും കീബോർഡ് കലാകാരൻ രാജ്മോഹനും അജ്മലിനുമൊപ്പം ആ സൗഹൃദ സംഗീതസംഗമം ആസ്വദിച്ചിരിക്കേ, മനസ്സ് കൗതുകത്തോടെ സ്വയം ചോദിക്കുന്നു:

എം എസ്‌ നസീം

എം എസ്‌ നസീം

ഒരർഥത്തിൽ പാട്ടുകാരന്റെ ജീവിതം തന്നെയല്ലേ ആ പാട്ടിന്റെ വരികളിലുള്ളത് ?

സിനിമ എന്ന ആശാചക്രവാളത്തെ കൈയെത്തിപിടിക്കാൻ മോഹിച്ചിരിക്കണം എല്ലാ തുടക്കക്കാരായ ഗായകരെയും പോലെ ഒരിക്കൽ കല്ലറ ഗോപനും.  മഹാരഥന്മാരായ ഉദയഭാനുവും കമുകറ പുരുഷോത്തമനും എ എം രാജയും യേശുദാസും ബ്രഹ്മാനന്ദനും ജയചന്ദ്രനുമൊക്കെ വിജയഭേരി മുഴക്കി കടന്നുപോയ വഴിയിൽ സ്വന്തം പാദമുദ്രകൾ പതിപ്പിക്കാൻ ആഗ്രഹിക്കാത്ത ഏതു ഗായകനുണ്ട്. പക്ഷേ അത്ര എളുപ്പമല്ല ആ ദൗത്യം എന്ന് തിരിച്ചറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ഗോപൻ. മുന്നിലെ കടമ്പകൾ നിരവധി. കഴിവും ഭാഗ്യവും ഒരുപോലെ തുണച്ചാലേ സ്വന്തം ശബ്ദം ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ട് കേൾപ്പിക്കാനാകൂ ആർക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതത്തോടെ നാം തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്: കാലപ്രവാഹത്തിൽ സിനിമയുടെ പിന്തുണയില്ലാതെ തന്നെ സ്വന്തം ശബ്ദം മലയാളികളുടെ കാതുകളിലും ഹൃദയങ്ങളിലും എത്തിക്കാൻ കഴിഞ്ഞു കല്ലറ ഗോപന്. പാട്ടുലോകത്തെ പന്തയങ്ങളിൽ നിന്ന് എന്നും മാറി നിൽക്കാൻ ആഗ്രഹിച്ച ഒരു ഗായകനെ സംബന്ധിച്ച് ഒട്ടും ചെറുതല്ലാത്ത നേട്ടം.

‘‘ഇതുവരെയുള്ള സംഗീതയാത്രയിൽ തൃപ്തനാണോ?''  എന്റെ ചോദ്യം.

ചിരിച്ചുകൊണ്ട് ഗോപന്റെ മറുപടി: ‘‘എന്തിന് അതൃപ്തനാകണം? നമ്മൾ അർഹിച്ചതിലേറെ  തിരിച്ചുനല്കിയിട്ടുണ്ട് സംഗീതം. കമുകറ ചേട്ടനെയും ഉദയഭാനു ചേട്ടനെയും ലീലച്ചേച്ചിയേയും പോലുള്ള ഇതിഹാസതുല്യരായ ഗായകർക്കൊപ്പം വർഷങ്ങളോളം വേദി പങ്കിടാൻ കഴിഞ്ഞു, ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും തൊട്ടിങ്ങോട്ട് എത്രയോ മഹാസംഗീത ശിൽപ്പികളുടെ ഈണങ്ങൾ പാടാൻ ഭാഗ്യമുണ്ടായി, ജയേട്ടനെ പോലൊരു മഹാഗായകനെ എന്റെ സംഗീത സംവിധാനത്തിൽ പാടിക്കാൻ കഴിഞ്ഞു... ഇതൊക്കെ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളല്ലേ? നിരാശപ്പെടുന്നതെന്തിന്?''

ശരിയാണ്. നാല് പതിറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിൽ കൈയകലത്തു വെച്ച് നഷ്ടപ്പെട്ട സിനിമാപ്പാട്ടുകളുണ്ട്; നന്നായി പാടിയിട്ടും അർഹിച്ച ശ്രദ്ധ നേടാതെ പോയവയുണ്ട്. മറ്റുള്ളവരുടെ പേരിൽ പുറത്തുവന്ന സൃഷ്ടികൾ വേറെ. എങ്കിലും പരാതിയില്ല ഗോപന്.  ‘‘സിനിമയുടെ അന്തരീക്ഷം  വേറെയാണ്. അവിടത്തെ മത്സരങ്ങളിൽ ഒരിക്കലും ഞാനില്ലായിരുന്നു''. സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിലേക്ക് പിൻവാങ്ങി സ്വന്തം സംഗീത സപര്യയിൽ പൂർണമായി മുഴുകിക്കഴിയുമ്പോൾ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് ചിന്തിച്ചു തല പുകയ്‌ക്കാൻ എവിടെ സമയം?
വേണുവിന്റെ ഓർമ

ഗായകൻ ജി വേണുഗോപാൽ ഒരിക്കൽ ഫേസ്ബുക്കിൽ പങ്കുവെച്ച അനുഭവമാണ് ഓർമയിൽ. ‘‘കഥാവശേഷൻ'' എന്ന സിനിമയുടെ ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോംഗ് ആയി റെക്കോർഡ് ചെയ്ത ഹൃദയവൃന്ദാവനിയിൽ എന്ന പാട്ടിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. ‘‘കൺസോളിൽ പാട്ട്  കേട്ട് നിൽക്കുമ്പോൾ ഗാനസ്രഷ്ടാക്കളിലാരോ കാതിൽ പറഞ്ഞു: ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ. മനസ്സൊന്ന് പിടഞ്ഞു.

വേണുഗോപാൽ

വേണുഗോപാൽ

എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് വേദിയിൽ  കെ പി ഉദയഭാനു അഭിമാനത്തോടെ നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയതാണ് എന്നെയും ഗോപനെയും. സമപ്രായക്കാരായ രണ്ടു പേർ. തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തിദുർഗങ്ങൾക്കും ബെൽറ്റുകൾക്കും കോക്കസ്സുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ. സംഗീത കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നേക്കാൾ സംഗീത വിദ്വത്തവും സാധനയും ഉണ്ടായിരുന്നു. പക്ഷേ സിനിമയിൽ എനിക്ക്  ആവശ്യത്തിലധികം കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു...’’

വേണു തുടരുന്നു: ‘‘ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയാരെങ്കിലും പാടും. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പാടിക്കഴിഞ്ഞു വെളിയിലിറങ്ങി ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചപ്പോൾ ഉത്തരം ഒരു ചിരിയായിരുന്നു. അണ്ണാ ഇതിലൊക്കെ എന്തോന്ന് കുറ്റവും ശിക്ഷയും? പാടിയതിന്റെ പ്രതിഫലം അവരെനിക്ക് അന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും വാങ്ങിയിരിക്കും പ്രതിഫലം. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ.'' അതിശയത്തോടെ ആരാധനയോടെ ഞാൻ ഗോപന്റെ സ്ഥാനത്ത് എന്നെ പ്രതിഷ്ഠിച്ചുനോക്കി. സംഗീതജ്ഞാനത്തിൽ മാത്രമല്ല സ്വഭാവ വൈശിഷ്ട്യത്തിലും ഗോപൻ എന്നെക്കാൾ ഏറെ  മുന്നിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു...''

ആ സ്വഭാവവൈശിഷ്ട്യം, ഉയർച്ചതാഴ്ചകളെ നേർത്ത മന്ദഹാസത്തോടെ നേരിടാനുള്ള കഴിവ്, ആണ്  ഗോപനെ സമകാലീന ഗായകരിൽ നിന്ന് എന്നും വേറിട്ടു നിർത്തിയത്. പാട്ടുലോകത്തെ ശബ്ദഘോഷത്തിനിടയിലും സൗമ്യമധുരമായ ആ ശബ്ദം നാം ശ്രദ്ധിച്ചുപോകുന്നതും അതുകൊണ്ടുതന്നെ. സിനിമയിൽ ആ ശബ്ദം അധികം മുഴങ്ങിക്കേട്ടില്ല എന്നത് സിനിമയുടെ നഷ്ടം; നമ്മൾ ആസ്വാദകരുടേയും.

‘‘കതിവനൂർ വീരനെ നോമ്പു നോറ്റിരുന്നു...''  എന്ന ഒരൊറ്റ  ഗാനത്തിന്റെ പേരിലാകും  ഗോപന്റെ ചലച്ചിത്രപർവം ഓർക്കപ്പെടുക. കളിയാട്ട (1997) ത്തിൽ കൈതപ്രം എഴുതി ചിട്ടപ്പെടുത്തിയ പാട്ട്. തികച്ചും അപ്രതീക്ഷിതമായി കൈവന്ന അവസരമായിരുന്നു അതെന്നു പറയും ഗോപൻ’’. സ്വാതിതിരുനാൾ സംഗീത കോളേജിൽ കൈതപ്രം വിശ്വനാഥൻ എന്റെ സഹപാഠിയായിരുന്നു. പ്രവേശന ഫോറം വാങ്ങാൻ ചെന്ന ദിവസം തുടങ്ങിയ ഗാഢ സൗഹൃദം.  മാതൃഭൂമിയിൽ ജോലിയുമായി തിരുവനന്തപുരത്തുണ്ട് അന്ന് വിശ്വന്റെ ജ്യേഷ്ഠൻ കൈതപ്രം. ജ്യേഷ്ഠനെ പരിചയപ്പെടുത്തിയതും വിശ്വൻ തന്നെ. കളിയാട്ടത്തിന്റെ ഗാനസൃഷ്‌ടിയുടെ സമയത്ത് ഇരുവരും എന്നെ ഓർത്തത് ഈ അടുപ്പത്തിന്റെ പേരിലാവണം...'' അതേ സിനിമയിൽ യേശുദാസിന്റെ വണ്ണാത്തിപ്പുഴയുടെ തീരത്ത്, വേലിക്ക് വെളുപ്പാൻ കാലം എന്നീ ഗാനങ്ങൾക്ക് ട്രാക്ക് പാടിയതും ഗോപൻ തന്നെ. ‘‘ശ്രദ്ധിച്ചാൽ വേളിക്കു വെളുപ്പാൻ കാലം എന്ന പാട്ടിന്റെ തുടക്കത്തിൽ ദാസേട്ടന്റെ ശബ്ദത്തോടൊപ്പം എന്റെ ഹമ്മിംഗും കേൾക്കാം''.

സിനിമയിൽ നിന്നകലെ  

കതിവനൂർ വീരൻ  ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗോപന്റെ സിനിമാജീവിതത്തിന് കാര്യമായ ഗുണമൊന്നും ചെയ്തില്ല ആ പാട്ട്. അവസരങ്ങൾക്ക് പിന്നാലെ അലയുന്ന ശീലമില്ലാത്തതിനാൽ നിരാശ  തോന്നിയില്ലെന്ന് മാത്രം. എങ്കിലും പ്രതീക്ഷയോടെ പാടിയ ചില പാട്ടുകൾ ശ്രദ്ധിക്കപ്പെടാതെ പോയതിൽ ദുഃഖമുണ്ടായിരുന്നു. ‘‘ആഭരണച്ചാർത്തിൽ ബിച്ചു തിരുമല എഴുതി എം ജി രാധാകൃഷ്ണൻ സ്വരപ്പെടുത്തിയ കാവും കോവിലകവും ഏറെ സംതൃപ്തി തന്ന പാട്ടാണ്. എന്തു ചെയ്യാം. പടം പുറത്തിറങ്ങാൻ വർഷങ്ങൾ വൈകി. പാട്ടിനേയും അത് പ്രതികൂലമായി ബാധിച്ചു''. തിളക്കത്തിലെ ഈ കണ്ണൻ കാട്ടും കുസൃതി (കൈതപ്രം, കൈതപ്രം വിശ്വനാഥ്), അമ്മക്കൊരു താരാട്ടിലെ ശരിയേത് തെറ്റേത് (രചന,സംഗീതം: ശ്രീകുമാരൻ തമ്പി), കിണറിൽ സ്വയം ചിട്ടപ്പെടുത്തി പാടിയ അളക്കുവാനാകുമോ തുടങ്ങി അർഹിച്ച ശ്രദ്ധ നേടാതെ പോയ കുറെ നല്ല പാട്ടുകൾ കൂടി.

കല്ലറ ഗോപൻ

കല്ലറ ഗോപൻ

എങ്കിലും സമാന്തരമായി മറ്റൊരു സംഗീതഭൂമിക രൂപപ്പെടുത്തിയെടുത്തിരുന്നു അതിനകം ഗോപൻ. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും നാടകഗാനങ്ങളും നിറഞ്ഞ ജീവിതം. ഗോപനിലെ ഗായകനൊപ്പം സംഗീത സംവിധായകനും തിളങ്ങിനിന്നു അവിടെ. ചലച്ചിത്ര ഗാനങ്ങളോളം ജനപ്രീതി നേടിയവയായിരുന്നു ആ പാട്ടുകളിൽ പലതും. ഹരിനാരായണൻ എഴുതി  ഗോപന്റെ സംഗീതത്തിൽ  ജയചന്ദ്രൻ പാടിയ  ‘‘നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്‌മുളം തണ്ടല്ലയോ'' എന്ന കൃഷ്ണഭക്തി ഗാനം ഉദാഹരണം. സമീപകാലത്ത് കേട്ടു മനസ്സിൽ പതിഞ്ഞ ഏറ്റവും മനോഹരമായ ഭക്തിഗാനങ്ങളിൽ ഒന്നാണത്.  ഇതേ കൂട്ടുകെട്ടിൽ പിറന്ന ‘‘ഗുരുവും വായുവും ചേർന്ന്'' എന്ന ഗാനവും യൂട്യൂബിൽ ഏറെ ഹിറ്റുകൾ നേടി.

നാടക രംഗത്തും സജീവമായിരുന്നു ഇക്കാലത്ത് ഗോപൻ. എട്ടു തവണ മികച്ച നാടകഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ മറ്റു പാട്ടുകാരുണ്ടോ എന്ന് സംശയം. അതിൽ ഏഴും അർജുനൻ മാസ്റ്ററുടെ ഈണങ്ങളായിരുന്നു എന്നത് മറ്റൊരു കൗതുകം. പലതും മെലഡിയുടെ മുഗ്ദമാധുര്യം തുളുമ്പിനിൽക്കുന്ന സൃഷ്ടികൾ. നാടകഗാനങ്ങൾ  ആൽബങ്ങളായി പുറത്തിറങ്ങുന്ന പതിവില്ലാത്തതിനാൽ ആ പാട്ടുകളിൽ പലതും സാധാരണക്കാരായ സംഗീത പ്രേമികളിൽ എത്തിയില്ല എന്നത് ഗോപന്റെ സ്വകാര്യദുഃഖം.

കവി പ്രഭാവർമ്മക്കൊപ്പം ഗോപൻ, ഭാര്യ ശർമിള ,മകൾ നാരായണി

കവി പ്രഭാവർമ്മക്കൊപ്പം ഗോപൻ, ഭാര്യ ശർമിള ,മകൾ നാരായണി

എങ്കിലും പൊതുവെ സംഗീതലോകത്തെ പുതിയ മാറ്റങ്ങൾ സ്വാഗതാർഹമാണെന്ന് പറയും ഗോപൻ. ‘‘ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്ര വ്യക്തിത്വമുള്ള ധാരാളം ഗാനങ്ങൾ ഇപ്പോൾ യൂ ട്യൂബിലൂടെയും മറ്റും ജനങ്ങളെ തേടിയെത്തുന്നു. മാത്രമല്ല, പാടിത്തുടങ്ങുന്ന ഒരു ഗായകന് മുന്നിൽ അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് തുറന്നിടുന്നത്. പ്രതിഭയുള്ള ഗായകർക്ക് സ്വന്തം സൃഷ്ടികൾ ആളുകളെ കേൾപ്പിക്കാൻ ആരുടേയും പിന്തുണ വേണ്ട. ഞങ്ങളുടെ തുടക്കകാലത്ത് ഇങ്ങനെയൊരു അന്തരീക്ഷം സങ്കൽപ്പങ്ങളിൽ പോലും ഉണ്ടായിരുന്നില്ല''.

പാട്ടുകേൾവിയുടെ കാലം  

പറയത്തക്ക സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല ഗോപന്റെ വരവ്. നിരന്തരമുള്ള കേൾവിയിലൂടെ കൈവന്നതാണ് പാട്ടുമായുള്ള ആത്മബന്ധം. അച്ഛൻ കർഷകനായിരുന്നു. ഒപ്പം മൈക്ക് സെറ്റ് വാടകക്ക് കൊടുക്കുന്ന ഏർപ്പാടുമുണ്ട്. ‘‘കറണ്ട്'' എന്ന പേര് ചേർത്താണ്  നാട്ടുകാർ അദ്ദേഹത്തെ  വിളിക്കുക. നാട്ടിൽ വൈദ്യുതി കൊണ്ടുവരാൻ മുൻകൈയെടുത്ത ആളായതുകൊണ്ടാണ്.

 ‘‘ഗ്രാമഫോണും  ആംപ്ലിഫയറും രണ്ടു കോളാമ്പികളും ഉണ്ടായിരുന്നതുകൊണ്ട് കുട്ടിക്കാലത്തെ പാട്ടുകേൾവി ഒരു ആഘോഷമായിരുന്നു. പിന്നെ കല്ലറയിലെ ശരവണ, ശ്രേയസ് തിയേറ്ററുകളിൽ നിന്ന് ദിവസവും വൈകുന്നേരം ഒഴുകിവന്നിരുന്ന ടി എം സൗന്ദരരാജന്റെയും പി സുശീലയുടെയുമൊക്കെ ഗാനങ്ങൾ. ഈ സംഗീതാന്തരീക്ഷമാവണം എന്നെ ചെറുപ്പത്തിലേ പാട്ടുകളുടെ ആകർഷണ വലയത്തിൽ കൊണ്ടെത്തിച്ചത്...'' പല പ്രശസ്ത ഗായകരുടെയും ആദ്യ കളരിയായിരുന്ന ടാസ് മ്യൂസിക്കായിരുന്നു ഗോപന്റെയും ആദ്യ തട്ടകങ്ങളിൽ ഒന്ന്. കൂടുതൽ ശ്രദ്ധേയനായത് കെ പി ഉദയഭാനു രൂപം കൊടുത്ത ഓൾഡ് ഈസ് ഗോൾഡ് സംഘത്തിലേക്ക് മാറിയ ശേഷമാണെന്ന് മാത്രം.

കെ പി ഉദയഭാനു

കെ പി ഉദയഭാനു

ഗോപനെ ആദ്യം കണ്ടതും കേട്ടതും ഗൾഫിൽ നടന്ന ഒരു  ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയുടെ വീഡിയോ കാസറ്റിലാണ്. കമുകറ, ഉദയഭാനു, പി ലീല, സി ഒ ആന്റോ തുടങ്ങിയവർക്കൊപ്പം വേദിയിൽ തിളങ്ങിയ കൃശഗാത്രനായ ചെറുപ്പക്കാരന്റെ രൂപവും ശബ്ദവും അന്നേ മനസ്സിൽ തങ്ങി. ‘‘ചന്ദനം മണക്കുന്ന പൂന്തോട്ടം'' എന്ന ഗാനത്തിന് ഗോപൻ നൽകിയ ഭാവസ്പർശം മറക്കാനാവില്ല. പ്രശസ്ത ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ പോലും ശബ്ദാനുകരണത്തേക്കാൾ ഗാനത്തിന്റെ ആത്മാവ്  പുനരാവിഷ്കരിക്കുന്നതിലായിരുന്നു യുവഗായകന്റെ ശ്രദ്ധ. അക്കാലത്തെ ശുഭ്രവസ്ത്രധാരികളായ നൂറു കണക്കിന് യേശുദാസ് അനുകർത്താക്കളിൽ നിന്ന് ഗോപനെ  വേറിട്ടു നിർത്തിയതും  ഈ സവിശേഷത  തന്നെ.

നേരിൽ പരിചയപ്പെടുത്തിയത് സുഹൃത്ത് കൂടിയായ എം എസ് നസീമാണ്. അതിന് നിമിത്തമായത് ഒരു ‘‘ആൾമാറാട്ട''വും. പാടലീപുത്രം (1992) എന്ന ചിത്രത്തിൽ ബിച്ചു തിരുമല രവീന്ദ്രൻ കൂട്ടുകെട്ടിന് വേണ്ടി സുജാതയോടൊപ്പം ഗോപൻ പാടിയ മഞ്ചാടിച്ചെപ്പിൽ എന്ന പാട്ട് പടത്തിന്റെ ഓഡിയോ കാസറ്റിൽ വന്നത് മറ്റൊരു ഗായകന്റെ പേരിൽ.  സാങ്കേതികപ്പിഴവാകാം. എങ്കിലും സ്വന്തം ഗാനത്തിന്റെ പിതൃത്വം നഷ്ടപ്പെടുന്നത് തുടക്കക്കാരനായ ഒരു ഗായകന് എത്രത്തോളം ദുഃഖമുളവാക്കും എന്ന്  ഊഹിക്കാനാകുമായിരുന്നു എനിക്ക്. പ്രമുഖ സിനിമാ വാരികയിലെ പ്രതിവാര പംക്തിയിൽ ഈ തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട്  ഒരു കുറിപ്പെഴുതണം എന്നായിരുന്നു നസീമിന്റെ ആവശ്യം.

അടുത്ത ആഴ്ച തന്നെ ടി എസ് ഗോപകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള  കുറിപ്പ് പുറത്തുവരുന്നു. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഒരു സംഗീത സൗഹൃദത്തിന്റെ തുടക്കം. പിൽക്കാലത്ത് ഞാൻ കൂടി ഭാഗഭാക്കായ നിരവധി ടെലിവിഷൻ സംഗീത പരിപാടികളിൽ പാടി ഗോപൻ. ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി, രാഗാഞ്ജലി, അഞ്ജലി, ചിത്രാഞ്ജലി തുടങ്ങി ഏറ്റവുമൊടുവിൽ മാതൃഭൂമി ചാനലിലെ ചക്കരപ്പന്തലിൽ വരെ. പതിവായി പാടിക്കേൾക്കാറുള്ള പാട്ടുകളല്ല ഇത്തരം പരിപാടികളിൽ ഗോപൻ പാടുക. അപൂർവസുന്ദരമായ സൃഷ്ടികളാണ്: വെള്ളിക്കുടക്കീഴെ, ഇതിലേ  ഏകനായ്, അഗാധനീലിമയിൽ, ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ, നിന്റെ മിഴികൾ നീലമിഴികൾ, തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്, മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ...

 ‘‘പാട്ടിനെ കുറിച്ച് പറയാൻ എനിക്കറിയില്ല. പറയാനുള്ളത് പാട്ടിലൂടെ പറഞ്ഞാണ് ശീലം''. ചക്കരപ്പന്തലിന്റെ ചിത്രീകരണത്തിന് മുൻപ് ഗോപൻ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു.  സംഗീതം മാത്രം ശ്വസിച്ചു ജീവിക്കുന്ന ഒരു യഥാർഥ കലാകാരന്റെ ഏറ്റുപറച്ചിലായിരുന്നു അത്. സംഗീതത്തോടുള്ള ഈ സ്നേഹബന്ധം അതേ വിശുദ്ധിയോടെ  ഉള്ളിൽ സൂക്ഷിക്കുന്ന രണ്ടു പേർ  കൂടിയുണ്ട് ഗോപന്റെ വീട്ടിൽ. പാട്ടുകാരി കൂടിയായ ഭാര്യ ശർമ്മിളയും പിന്നണിഗാന രംഗത്ത് ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന നാരായണി ഗോപനും.  വിദ്യാർഥിയാണ് മകൻ മഹാദേവൻ.

അനഘ സങ്കൽപ്പ ഗായിക

1988 ലായിരുന്നു സിനിമയിൽ ഗോപന്റെ അരങ്ങേറ്റം; പുറത്തിറങ്ങാതെ പോയ ഓർമയിൽ ഒരു മണിനാദം എന്ന പടത്തിൽ പാടിക്കൊണ്ട്. കെ ജെ വിജയ് (യു എസ് എ) എന്നൊരു ഗിറ്റാറിസ്റ്റ് ആയിരുന്നു സംഗീത സംവിധായകൻ. ‘‘രഞ്ജിനി പുറത്തിറക്കിയ ആര്യൻ എന്ന സിനിമയുടെ ഓഡിയോ കാസറ്റിൽ ആ പാട്ട് ഉൾപ്പെടുത്തിയതായി അറിയാം. ആരെങ്കിലും അത് ശ്രദ്ധിച്ചോ എന്നത് തന്നെ സംശയം. എന്റെ പല പാട്ടുകളുടെയും തലവിധി അതായിരുന്നു''.

രവീന്ദ്രൻ

രവീന്ദ്രൻ

അഞ്ചു വർഷം കഴിഞ്ഞാണ് പാടലീപുത്രം. ‘‘രവീന്ദ്രൻ മാഷിന് വേണ്ടി പാടാൻ അവസരം ലഭിക്കുക എന്നത് എന്നെപ്പോലൊരു ഗായകന് വീണുകിട്ടാവുന്ന അപൂർവ സൗഭാഗ്യമായിരുന്നു അന്ന്''. ഗോപൻ ഓർക്കുന്നു. മാഷിന്റെ ബന്ധു കൂടിയായ ഗായകൻ ഭരത് ലാൽ (അന്ന് മോഹൻലാൽ) വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. താമസിയാതെ സിനിമയിൽ പാടാനുള്ള ക്ഷണം വന്നു. തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗ് മറക്കാനാവില്ല ഗോപന്. ചെന്നൈയിൽ നിന്ന് വന്ന പ്രമുഖരായ കലാകാരന്മാരാണ് ഓർക്കസ്ട്രയിൽ ഉപകരണങ്ങൾ വായിച്ചത്. ‘‘പാടിക്കഴിഞ്ഞ ശേഷം എല്ലാവരും മനസ്സുതുറന്ന്  അഭിനന്ദിച്ചപ്പോൾ സന്തോഷം തോന്നി. പാട്ട് ഹിറ്റാകുമെന്നും സിനിമയിൽ അതോടെ എന്റെ ഭാഗ്യം തെളിയുമെന്നും പ്രവചിച്ചവരുണ്ട്. എന്തു ചെയ്യാം? പ്രതീക്ഷകൾക്ക് പരിമിതിയുണ്ടല്ലോ സിനിമയിൽ...''  ഗോപൻ ചിരിക്കുന്നു.

 ഗാനമേളാവേദികളിൽ ഗോപനെ കാത്തിരുന്നത് മറ്റൊരു വേഷമാണ്. പിന്നണിപ്പാട്ടുകാരോളം തന്നെ ആരാധകവൃന്ദമുള്ള സ്റ്റേജ് ഗായകന്റെ വേഷം. കേരളത്തിലും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിക്കഴിഞ്ഞു ഗോപൻ. ഇന്നും മലയാളത്തിലെ അനശ്വര ഗാനങ്ങൾ ഗോപൻ പാടിക്കേൾക്കുന്നതിന്റെ ആസ്വാദ്യത ഒന്നുവേറെ. ഗാനത്തിന്റെ വൈകാരിക ഭാവം മനോധർമ്മ പ്രകടനത്തിന്റെ അകമ്പടിയോടെ ആലാപനത്തിൽ പകർത്തുന്നതാണ്  ഗോപന്റെ ശൈലി.  ‘‘അനഘ സങ്കൽപ്പ ഗായികേ'' എന്ന പാട്ട് ആ ശൈലിയുടെ ഉദാത്തമായ ഉദാഹരണമായി നമ്മുടെ കാതുകളിലുണ്ട്. ഈ ഗാനം പാടാതെ ഗാനമേളകൾ അവസാനിപ്പിക്കാറില്ല ഗോപൻ. അത്ര കണ്ട് ഇഴുകിച്ചേർന്നിരിക്കുന്നു ഗാനവും ഗായകന്റെ വ്യക്തിത്വവും.

‘‘ചെറുപ്പം മുതലേ എന്റെ ഹൃദയത്തോട് ചേർന്നുനിന്ന പാട്ടാണത്.  മനസ്സ് നിരന്തരം മൂളിക്കൊണ്ടിരുന്ന പാട്ട്. നിർഭാഗ്യവശാൽ വേദികളിൽ അത് പാടാനുള്ള അവസരം ലഭിച്ചിരുന്നില്ല. അതു കൊണ്ടുതന്നെ തൃശൂരിൽ ഒരു പി ഭാസ്കരൻ ഗാനസന്ധ്യയിൽ അനഘ സങ്കൽപ്പ ഗായികേ പാടാൻ ജയരാജ് വാര്യർ ആവശ്യപ്പെട്ടപ്പോൾ സന്തോഷം തോന്നി''. അവിശ്വസനീയമായ പ്രതികരണമായിരുന്നു സദസ്സിന്റേത്. ആളുകളുടെ ആവശ്യപ്രകാരം  പിന്നീട് തുടർച്ചയായി ആ പാട്ട് വേദികളിൽ പാടിക്കൊണ്ടിരുന്നു ഗോപൻ. ‘‘അണിയറ'' എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് അത്ര വലിയ ഹിറ്റായിരുന്നില്ലാത്ത ആ കാവ്യഗീതി  ഇന്ന് കൂടുതൽ ജനകീയമായതിൽ ഗോപന്റെ ആർദ്രമായ ആലാപനത്തിനുമുണ്ട് നല്ലൊരു പങ്ക്.

കല്ലറ ഗോപൻ, പി ജയചന്ദ്രൻ, ജി ദേവരാജൻ എന്നിവർ സംഗീത വേദിയിൽ

കല്ലറ ഗോപൻ, പി ജയചന്ദ്രൻ, ജി ദേവരാജൻ എന്നിവർ സംഗീത വേദിയിൽ

 ‘‘ഇന്നും ആ ഗാനം പാടുമ്പോൾ മനസ്സുകൊണ്ട് ഭാസ്കരൻ മാഷിനെയും ദേവരാജൻ മാഷിനെയും യേശുദാസ് സാറിനെയും നമിക്കും. അവർ മൂന്നുപേരും ചേർന്നാണല്ലോ  ആ ഗാനശിൽപ്പത്തെ തികവാർന്ന അനുഭവമാക്കി മാറ്റിയത്''. അതേ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ സബ് കോ സന്മതി ദേ ഭഗവൻ എന്ന നാടകത്തിൽ പാടാനായത് കാലം ഗോപന് വേണ്ടി  കാത്തുവെച്ച സൗഭാഗ്യം.

ആദ്യത്തെ ഗാനമേള

ജീവിതത്തിലാദ്യമായി പാടിയ ഗാനമേള ഗോപന്റെ ഓർമയിലുണ്ട്. 1984 ലെ നവരാത്രി പൂജാ വേളയിൽ തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ സിറ്റി ബസ് ഗാരേജിൽ ഒരു സംഗീതാർച്ചന നടക്കുന്നു. ബസ്സുകളൊക്കെ ഒരു വശത്തേക്ക് മാറ്റിയിട്ട് ഗാരേജ് ഗാനമേളാ വേദിയാക്കി മാറ്റിയിരിക്കുകയാണ് സംഘാടകർ. നിറഞ്ഞ സദസ്സിന് മുന്നിൽ നവാഗത ഗായകൻ ആദ്യം പാടിയ പാട്ട് ‘‘കണ്ണനെ കണികാണാൻ കണ്ണടച്ചുറങ്ങേണം''. തലേ വർഷം പുറത്തിറങ്ങിയ തരംഗിണിയുടെ ആദ്യ ഓണക്കാസറ്റിന് വേണ്ടി ഒ എൻ വിയും ആലപ്പി രംഗനാഥും യേശുദാസും ചേർന്നൊരുക്കിയ ഗാനം.

എന്നാൽ അന്ന് ഏറ്റവുമധികം കൈയടി നേടിയത് മറ്റൊരു ഗാനമാണ്. ഏതാനും ദിവസങ്ങൾക്ക്  മുൻപ് വിപണിയിലെത്തിയ തരംഗിണിയുടെ വസന്തഗീതങ്ങൾ എന്ന ആൽബത്തിലെ പ്രശസ്തമായ ‘‘മാമാങ്കം പലകുറി കൊണ്ടാടും...''  ബിച്ചു  രവീന്ദ്രൻ കൂട്ടുകെട്ടിന്റെ ആ സൃഷ്ടി മലയാളികൾ കേട്ടു തുടങ്ങിയിരുന്നതേയുള്ളൂ.

 ‘‘ആദ്യമായിട്ടാവണം മാമാങ്കം വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്''. ഗോപന്റെ വാക്കുകൾ.‘‘നിശ്ശബ്ദരായി അത് കേട്ടിരിക്കുന്ന സദസ്സിന്റെ ചിത്രം ഇപ്പോഴുമുണ്ട് ഓർമയിൽ. പാടിക്കൊണ്ടിരിക്കെ ഞാൻ ഒരു കാഴ്ച കണ്ടു. പിൻ നിരയിൽ നിന്ന് ആൾക്കൂട്ടത്തിന്റെ തലകൾക്ക് മുകളിലൂടെ ഒരു പുഷ്പഹാരം വായുവിൽ ഒഴുകി വരുന്നു.  ആ വരവ് എന്റെ മുന്നിലെത്തിയാണ് നിന്നത്. പാട്ട് പാടിനിർത്തിയതും ഹാരം കൊണ്ടുവന്ന ആൾ അതെന്റെ കഴുത്തിൽ അണിയിച്ചതും ഒരുമിച്ച്''. സംഗീത ജീവിതത്തിൽ ഗോപന് ലഭിച്ച ആദ്യത്തെ അവാർഡ്.

അജ്ഞാതനായ ഏതോ ആരാധകൻ നാല് പതിറ്റാണ്ടുകൾക്ക് മുൻപ്  അണിയിച്ച ആ പുഷ്പഹാരം ഇന്നുമുണ്ട് ഗോപന്റെ മാറിൽ; അദൃശ്യമായ ഒരു സ്നേഹമുദ്ര പോലെ. ഒരിക്കലും അംഗീകാരങ്ങൾക്ക് പിറകെ പോകാത്ത ഒരാൾക്ക് കാലം കനിഞ്ഞു നൽകിയ ബഹുമതി .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top