കൊച്ചി
ഡിസിസി അധ്യക്ഷസ്ഥാനം നിലനിർത്താനാകാതെ തിരിച്ചടിയേറ്റ എറണാകുളത്ത് പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ നേരിട്ട് ഐ ഗ്രൂപ്പിന്റെ പടനയിക്കാനൊരുങ്ങി രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷരുടെ പട്ടിക പുറത്തിറങ്ങുന്നതിന്റെ തലേന്ന് കൊച്ചിയിലെത്തിയ ചെന്നിത്തല പ്രധാന ഐ ഗ്രൂപ്പ് നേതാക്കളെ നേരിൽ കണ്ടിരുന്നു. വി ഡി സതീശന്റെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും നേതൃത്വത്തിൽ നടന്ന അട്ടിമറി വിശദീകരിച്ച ചെന്നിത്തല, ജില്ലയിലെ ഗ്രൂപ്പുപ്രവർത്തനം ശക്തമാക്കാനും നിർദേശം നൽകി.
എറണാകുളത്ത് മുഹമ്മദ് ഷിയാസിനെ ഡിസിസി അധ്യക്ഷനാക്കിയതിലൂടെ ചെന്നിത്തലയ്‌ക്ക് ഇരട്ടപ്രഹരമാണ് ഏറ്റത്. ചെന്നിത്തലയുടെ അറിവോടെയാണ് ഷിയാസിനെ വി ഡി സതീശൻ ഡിസിസി അധ്യക്ഷരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഒരുവർഷംമുമ്പ് ചർച്ചകൾ ആരംഭിച്ച സമയത്തായിരുന്നു അത്. ഐ കെ രാജുവിന്റെ പേരും അന്ന് ചെന്നിത്തല നിർദേശിച്ചിരുന്നു. പിന്നീട് ചെന്നിത്തലതന്നെ രാജുവിനെ വെട്ടി.
അധ്യക്ഷസ്ഥാനം ഷിയാസിന് ഉറപ്പാക്കി. പ്രതിപക്ഷനേതാവായശേഷം സതീശൻ, ചെന്നിത്തലയുമായി അകന്നതോടെ ചിത്രം മാറിയെങ്കിലും ചെന്നിത്തലയുടെ അംഗീകാരമുണ്ടെന്ന പേരിൽ പഴയപട്ടിക മാറ്റാൻ തയ്യാറായില്ല. മുമ്പ് അംഗീകാരം നൽകിയ പേരായതിനാൽ ചെന്നിത്തലയ്‌ക്ക് എതിർക്കാൻ പറ്റാത്ത അവസ്ഥയുമായി.
ഈ അവസരം മുതലാക്കി സതീശൻ തന്ത്രപൂർവം ഷിയാസിനെ ഐ ഗ്രൂപ്പിൽനിന്ന് അടർത്തി ഒപ്പംനിർത്തി. ഗ്രൂപ്പിലെ രണ്ട് നേതാക്കളെ നഷ്‌ടമായതോടൊപ്പം വർഷങ്ങളായി കുത്തകയായിരുന്ന ഡിസിസി അധ്യക്ഷസ്ഥാനവും ഐ ഗ്രൂപ്പിന് നഷ്‌ടമായത് മിച്ചം. ചെന്നിത്തലയ്‌ക്ക് അൻവർ സാദത്ത് എംഎൽഎയുമായുള്ള അടുപ്പത്തിന്റെ പേരിൽ ആലുവക്കാരനായ ഷിയാസ് ഇടക്കാലത്ത് ഗ്രൂപ്പിൽനിന്ന് അകന്നിരുന്നു. സതീശൻ ഇടപെട്ടാണ് ആ പിണക്കം തീർത്തത്.
സതീശനെതിരെ പാർടിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ശക്തമായ ചേരി ഉയർത്തിക്കൊണ്ടുവരാനാണ് ജില്ലയിലെ ഐ ഗ്രൂപ്പിന്റെ നീക്കം. ജില്ലയിൽ ഗ്രൂപ്പുനേതാവായി സതീശനെ ഉയർത്തിക്കൊണ്ടുവന്നത് ചെന്നിത്തലയാണെന്ന് പ്രമുഖ ഐ വിഭാഗം നേതാവ് പറഞ്ഞു. എല്ലാം നേടിക്കഴിഞ്ഞപ്പോൾ ഗ്രൂപ്പിനെ തള്ളിപ്പറയുകയാണ്. ഗ്രൂപ്പിലെ കഴിവുറ്റ നിരയെ തള്ളിയാണ് സതീശൻ, ഷിയാസിനെ അധ്യക്ഷസ്ഥാനത്ത് എത്തിച്ചതെന്നും അതിന് തിരിച്ചടി നൽകാൻതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അധ്യക്ഷസ്ഥാനം പങ്കിട്ടതിന്റെ പേരിൽ കോൺഗ്രസിൽ ഉയർന്ന കലഹത്തിൽ താൽപ്പര്യമില്ലാതെ നേതൃനിരയിലുള്ള ചിലർ പാർടി വിടാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..