04 August Tuesday

സമരഭരിത ജീവിതം; ഇന്ത്യയൊട്ടാകെ യാത്രചെയ്‌ത്‌ റെയിൽവേ തൊഴിലാളികളുടെ സമരം നയിച്ച രാംദാസ്‌

സി എ പ്രേമചന്ദ്രൻ premachandranca@gmail.comUpdated: Sunday Jun 28, 2020

പി വി രാംദാസ്‌

മലയാളികളായ എത്ര നേതാക്കളാണ്‌ തമിഴ്‌നാട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചത്‌. മദ്രാസ്‌ പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിൽനിന്ന്‌ തമിഴകത്ത്‌ ജനങ്ങളെ സംഘടിപ്പിക്കാനെത്തിയ കെ അനന്തൻനമ്പ്യാർ, വി പി ചിണ്ടൻ, കെ രമണി, പി രാമചന്ദ്രൻ, ആർ ഉമാനാഥ്‌ തുടങ്ങിയവർ. ആലുവയിൽനിന്നെത്തിയ പി ആർ പരമേശ്വരൻ. അവർക്കുശേഷം സിഐടിയു അഖിലേന്ത്യാ നേതൃത്വത്തിൽ എത്തിയ എ കെ പത്മനാഭൻ. ഇവരുടെ ശ്രേണിയിൽ മലയാളികൾക്ക്‌ അധികമൊന്നും അറിയാത്ത മറ്റൊരാളുണ്ട്‌, പി വി രാംദാസ്‌. ഇന്ത്യയൊട്ടാകെ യാത്ര ചെയ്‌ത്‌  റെയിൽവേ തൊഴിലാളികളുടെ  സമരങ്ങൾ നയിച്ച രാംദാസിന്‌ 90 തികയുന്നു. രാംദാസിന്റെ സമരഭരിതമായ  ജീവിതം വായിക്കുക...  

റെയിൽവേയിൽ ജോലിയിൽ ചേർന്നശേഷം ആ കണ്ണൂർക്കാരൻ യാദൃച്ഛികമായാണ് തൃശിനാപ്പിള്ളി ഗോൾഡൻ റോക്കിലെ  റെയിൽവേ തൊഴിലാളി യൂണിയൻ ഓഫീസിൽ എത്തിയത്. അവിടെ ഒരു കൂറ്റൻ ഛായാചിത്രം, ജനറൽ സെക്രട്ടറി പരമശിവമാണ്‌ ചിത്രത്തിൽ. 1941ൽ ജയിലിൽ മരിച്ച പോരാളി. പ്രക്ഷോഭം നയിച്ചതിന്‌ ബ്രിട്ടീഷ്‌ പൊലീസ്‌ പിടികൂടി ജയിലിൽ അടച്ചതാണ്‌. വെള്ളക്കാർ മരണകാരണം പുറത്തുവിട്ടില്ല. സഖാക്കൾക്ക്‌ മൃതദേഹം കൈമാറിയതുമില്ല. ഇരുപത്തൊന്നുകാരന്റെ മനസ്സിനെ ഉലച്ചു ആ രക്തസാക്ഷിത്വം. തീർന്നില്ല,. 1946 സെപ്തംബർ അഞ്ചിന് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട പോരാളികളുടെ സ്‌മാരകം ഓഫീസിനു മുന്നിൽ.  യോഗം നടക്കുന്നതിനിടെ എംഎസ്‌പിക്കാർ  ഇരച്ചുകയറി നിറയൊഴിച്ചതാണ്‌. എം രാജു, ആർ രാമചന്ദ്രൻ, തങ്കവേലു,  കൃഷ്‌ണമൂർത്തി, ത്യാഗരാജൻ എന്നിവർ തൽക്ഷണം മരിച്ചു. പരമശിവത്തിനുശേഷം ജനറൽ സെക്രട്ടറിയായ അനന്തൻനമ്പ്യാരുടെ ശരീരത്തിൽ ബയണറ്റുകൊണ്ട് 18 കുത്ത്‌. നിരവധി പ്രവർത്തകരും ക്രൂരമർദനത്തിനിരയായി. 

ഈ ചരിത്രസംഭവങ്ങൾ ആ യുവാവിന്റെ ചോര തിളപ്പിച്ചു. ഇനിയുള്ള ജീവിതം തൊഴിലാളി യൂണിയന്‌. ചൂളം വിളിച്ചോടുന്ന തീവണ്ടിപോലെ ഇന്ത്യയിലെമ്പാടും സമരത്തീ നിറച്ച്‌ യാത്രകളായി പിന്നെ. റെയിൽവേ തൊഴിലാളി യൂണിയനൊപ്പം 55 വർഷം അവിശ്രമസഞ്ചാരം. ജൂലൈ ഒന്നിന്‌ 90 തികയുമ്പോഴും പി വി രാംദാസ്‌ എന്ന ആ പോരാളിയുടെ മനസ്സിൽ സമരത്തിന്റെ ചൂളംവിളി നിലച്ചിട്ടില്ല.

നെഹ്റു ആദ്യം ചെയ്‌തത്

 

സ്വാതന്ത്ര്യപൂർവ നാളുകളിൽ ബംഗാളിൽ കടുത്ത ഭക്ഷ്യക്ഷാമം. നെഹ്റു പ്രഖ്യാപിച്ചു:  ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്, കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കരിഞ്ചന്തക്കാരെയും പൂഴ്‌ത്തിവയ്‌പ്പുകാരെയും വിളക്കുകാലിലേറ്റി തൂക്കിക്കൊല്ലും'. 1946ൽ നെഹ്റു ഇടക്കാല പ്രധാനമന്ത്രിയായി. ഇ പ്രകാശം മദിരാശി മുഖ്യമന്ത്രിയും. ഈ സർക്കാരുകൾ  ആദ്യമായി കൊലപ്പെടുത്തിയത് കരിഞ്ചന്തക്കാരെയല്ല, റെയിൽവേ തൊഴിലാളികളെയാണ്.
 

താലി പൊട്ടിച്ച അത്തയമ്മാൾ

 

റെയിൽവേ സമരത്തിന്‌ തീപിടിച്ച കാലം. തെന്മല ഗോൾഡൻ റോക്ക് വർക്‌ഷോപ്പിലെ തൊഴിലാളികളും സമരത്തിൽ. അത്തയമ്മാൾ വിലക്കിയിട്ടും ഭർത്താവ് കരിങ്കാലിപ്പണിക്കിറങ്ങി. തൊഴിലാളികളെയും യൂണിയനെയും ഒറ്റുകൊടുത്ത ആൾക്കൊപ്പം ജീവിക്കില്ലെന്ന്‌ പ്രഖ്യാപിച്ച് അവർ താലി പൊട്ടിച്ച് ഭർത്താവിന്റെ മുഖത്തെറിഞ്ഞു. ആ ധീരവനിത എല്ലാവരുടെയും അത്തയമ്മാളായി. അവരെ യൂണിയൻ സംരക്ഷിച്ചു.  ജീവിതകാലം മുഴുവൻ യൂണിയൻ ഓഫീസിൽ ജീവിച്ചു. മരിച്ചതും അവിടെ.
 

വിഭജനകാലം

 

വർഗീയകലാപങ്ങൾ തുടർക്കഥയായ 1947ലെ വിഭജനകാലം. ട്രെയിനുകളിൽ കൂട്ടപ്പലായനം. ഹിന്ദുവും മുസൽമാനും സിഖും കൊലക്കത്തിക്കിരയായി. ട്രെയിൻ ഡ്രൈവർമാരും ആക്രമിക്കപ്പെട്ടു. വണ്ടിയോടിക്കാൻ ആളില്ല. നെഹ്റു എല്ലാ  സംഘടനകളോടും ട്രെയിൻ ഓടിക്കാൻ  അഭ്യർഥിച്ചു. ഡിആർഇയുവിന്റെ പൂർവരൂപമായ എസ്‌ആർഎൽയു പ്രവർത്തകർ ജീവൻപണയംവച്ചും ട്രെയിൻ ഓടിക്കാൻ തയ്യാറായി.
 

ആ വാലുവെട്ടി തുടക്കം

 

ചെറുകുന്നിലെ പടിഞ്ഞാറെ വീട്ടിൽ കരുണാകരൻനമ്പ്യാരുടെയും മാധവിയമ്മയുടെയും മകന്‌ ജാതിവാൽ ആദ്യമേ ബോധിച്ചില്ല. എല്ലാ രേഖയിലും ജാതി ഒഴിവാക്കി. പത്താംക്ലാസ് വരെ ചെറുകുന്ന് ഹൈസ്‌കൂളിൽ. ക്ലാസുകൾ ബഹിഷ്‌കരിച്ച്‌ ക്വിറ്റ് ഇന്ത്യാ സമരത്തിൽ. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി.
 
11‐ാം ക്ലാസ്‌ പഠനശേഷം നികുതിവകുപ്പിൽ ജോലി. ടിടിഇ ആയി ജോലി ലഭിക്കുന്നത്‌ 21‐ാം വയസ്സിൽ. പാലക്കാട്ടേക്ക് താമസം മാറ്റി. തൃശിനാപ്പള്ളിയിൽ ട്രെയിനിങ്ങിനുശേഷം ഗോൾഡൻ റോക്കിലെ യൂണിയൻ ഓഫീസിൽ എത്തിയതാണ് വഴിത്തിരിവായത്. ആദ്യം സതേൺ റെയിൽവേ ലേബർ യൂണിയനിൽ. പിന്നെ ഡിആർഇയു (സിഐടിയു) പ്രക്ഷോഭങ്ങളിൽ അണിചേർന്നു.
 

തീപിടിച്ച സമരകാലം

 

കരാർ തൊഴിലാളികളുടെ ജീവിതം അടിമസമാനമായിരുന്നു. ബോണസില്ല, ക്ഷാമബത്തയില്ല, പെൻഷനുമില്ല. ഇതിനെതിരെ മിണ്ടാനും പാടില്ല. ലോക്കോ പൈലറ്റുമാർക്കും ഫയർമാന്മാർക്കും ജോലിസമയത്തിന്‌ ഒരു കണക്കുമില്ല. 1968ൽ സമരം ഉണ്ടായെങ്കിലും അതിന്‌ സംഘടിത സ്വഭാവമുണ്ടായിരുന്നില്ല. 1974 മേയിൽ റെയിൽവേ  തൊഴിലാളികൾ ഒന്നിച്ചണിനിരന്നു.
 
പൊതുമേഖലയുടേതിന്‌ തുല്യമായ ശമ്പളം നൽകുക, ജോലിയുടെ സ്വഭാവം പരിഗണിച്ച്  പ്രൊമോഷൻ നൽകുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു‌ സമരം. ജോർജ് ഫെർണാണ്ടസ് ചെയർമാനായി  നാഷണൽ കോ‐-ഓർഡിനേഷൻ കമ്മിറ്റി നിലവിൽവന്നു. കേരളത്തിൽ 25 സംഘടനയുടെ ഐക്യസമരസമിതി കൺവീനറായി പി വി രാംദാസ്‌. സമരത്തിന്റെ മുന്നൊരുക്കമായി ജോർജ് ഫെർണാണ്ടസ് മദ്രാസിൽ കൺവൻഷൻ വിളിച്ചു. സമരം പൊളിക്കാൻ ചില സംഘടനകൾ മറ്റൊരു ദിവസം സമരം പ്രഖ്യാപിച്ചു. ഐഎൻടിയുസിയുടെ കീഴിലുള്ള സംഘടന വിട്ടുനിന്നു. 140 സംഘടനകൾ കൺവൻഷനിൽ പങ്കെടുത്തു. സിഐടിയുവിനുവേണ്ടി  ഉമാനാഥാണ്‌ സംസാരിച്ചത്‌. പിന്നീട്‌ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. റെയിൽവേ ചരിത്രത്തിൽ തൊഴിലാളികൾ ഒറ്റക്കെട്ടായി നീങ്ങിയ ഏക അഖിലേന്ത്യാ സമരം. സമരസന്ദേശവുമായി ജോർജ് ഫെർണാണ്ടസ് കേരള പര്യടനം നടത്തിയപ്പോൾ രാംദാസും അനുഗമിച്ചു. പാലക്കാട് ഡിവിഷനിൽ 90 ശതമാനം തൊഴിലാളികളും അണിനിരന്നു.
 
ഇന്ദിര ഗാന്ധി സർക്കാർ സമരനേതാക്കളെ ‘മിസ’ ഉപയോഗിച്ച്‌ വേട്ടയാടി. പാർടി തീരുമാനപ്രകാരം ഒളിവിൽ കഴിഞ്ഞു. എന്നിട്ടും കേരളം മുഴുവൻ സഞ്ചരിച്ച് രഹസ്യയോഗങ്ങൾ നടത്തി. തൊഴിലാളികളെ പണിമുടക്കിൽ ഉറപ്പിച്ചുനിർത്തി. നേതാക്കൾ ജയിലിലായതോടെ സമരം നിരുപാധികം പിൻവലിക്കേണ്ടിവന്നെങ്കിലും തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി ആനുകൂല്യമെല്ലാം നേടിയെടുക്കാനായി.
 

പിരിച്ചുവിടൽ

 
റെയിൽവേ സമരത്തെ തുടർന്നാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഒളിവിൽ  ലഘുലേഖകൾ വിതരണം ചെയ്‌തു. പലവട്ടം പൊലീസ് വീടുവളഞ്ഞു. എറണാകുളത്ത് എസ്ആർവിഎസ് ഹൈസ്‌കൂളിൽ യോഗം നടക്കുന്നതിനിടെ പൊലീസ് വളഞ്ഞു. താൻ നിമിഷങ്ങൾക്കുമുമ്പ് രക്ഷപ്പെട്ടു. വേദിയിലുള്ളവർ അറസ്റ്റിലായി.
 
പലതവണ പിരിച്ചുവിടൽ. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. തിരിച്ചെടുക്കാൻ ഉത്തരവിട്ടു. ഉത്തരവ്‌ നടപ്പാക്കിയില്ല. പുതിയ നിയമനംപോലെ ജോലിക്ക്‌ കയറാമെന്ന് അറിയിച്ചു. ജനതാ സർക്കാർ വന്നശേഷമാണ്‌  നിരുപാധികം തിരിച്ചെടുത്തത്‌. ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനുൾപ്പെടെ ഇതരസംഘടനകളുടെ സമരത്തിൽ പങ്കെടുത്തതിനും നടപടികൾ നേരിടേണ്ടിവന്നു.
 

സുർജിത്തിനൊപ്പം വിയറ്റ്നാമിൽ

 

സുർജിത് സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ അദ്ദേഹവുമൊത്ത് വിയറ്റ്നാം സന്ദർശിക്കാനായി. ക്യൂബയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി ചേർന്ന ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായിരുന്നു അത്.
 
2012ൽ സിപിഐ എം തമിഴ്നാട് സമ്മേളനത്തിൽ  50 വർഷം പൊതുപ്രവർത്തനം നടത്തിയവരെ ആദരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി  പ്രകാശ്‌ കാരാട്ടാണ്‌ പൊന്നാട അണിയിച്ചത്‌. എ കെ പത്മനാഭൻ പോരാളികളെ പരിചയപ്പെടുത്തി.
 
55 വർഷത്തിനിടെ സംഘടനാപ്രവർത്തനത്തിൽ രാമദാസിന്‌ തൃപ്തി മാത്രം. തമിഴ്നാട്ടിലെ മഹാരഥന്മാർക്കൊപ്പം പ്രവർത്തിക്കാനായി. റെയിൽവേയിൽ ജോലി ലഭിച്ചശേഷം സിഐടിയു പാലക്കാട്  ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആ സമയത്താണ്‌ തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ ഇരു സംസ്ഥാന കമ്മിറ്റികളും തീരുമാനിച്ചത്‌.
 
18 വർഷം ഡിആർഇയു ജനറൽ സെക്രട്ടറിയായി.  പ്രസിഡന്റ്, അസി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം പിബി അംഗം ഉമാനാഥ്, യൂണിയൻ ജനറൽ സെക്രട്ടറി അനന്തൻനമ്പ്യാർ എന്നിവരോടൊപ്പം  യൂണിയൻ ഭാരവാഹിയായി. ഡിആർഇയു മാസികയായ തൊഴിലരശ് എഡിറ്ററായും പ്രവർത്തിച്ചു. പാപ്പാ ഉമാനാഥും പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു. സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗമായി 12 വർഷം പ്രവർത്തിച്ചു. സിഐടിയു തമിഴ്നാട് വൈസ് പ്രസിഡന്റ്‌, അഖിലേന്ത്യാ വർക്കിങ്  കമ്മിറ്റി അംഗം എന്നീ നിലകളിൽ  35 വർഷം പ്രവർത്തിച്ചു.
 

പൂർണസമയപ്രവർത്തകൻ

 
 ജോലിയിലിരിക്കെ പാർടി നിർദേശം വന്നു. പി വി രാംദാസ് പൂർണസമയ പ്രവർത്തകനാകണം. തമിഴ്നാട് പാർടി സെക്രട്ടറി എ ബാലസുബ്രഹ്മണ്യം കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ 55–-ാം വയസ്സിൽ റെയിൽവേ ചീഫ്‌ ടിക്കറ്റ്‌ ഇൻസ്‌പെക്ടർ സ്ഥാനത്തുനിന്ന്‌ രാജിവച്ചു. യൂണിയൻ സമ്മേളനത്തിൽ പി രാമമൂർത്തി ഇത് പ്രഖ്യാപിച്ചു. ഗോൾഡൻ റോക്കിൽനിന്ന് പിന്നീട് മദ്രാസിലേക്ക് സിഐടിയു  ഓഫീസിലേക്ക് പ്രവർത്തനമേഖല മാറ്റി.
 

വീണ്ടും നാട്ടിലേക്ക്‌

 

ഭാര്യ തങ്കത്തിന്റെ  ആരോഗ്യം മോശമായതോടെ 2015ൽ  നാട്ടിലേക്കു മടങ്ങി. മദ്രാസിൽ ഭാര്യയുമൊത്ത് താമസമാക്കാൻ നിർദേശങ്ങൾ വന്നു. പക്ഷേ, അതിനുള്ള സാഹചര്യമായിരുന്നില്ല. നാലുവർഷം ചികിത്സയ്‌ക്കുശേഷം  കഴിഞ്ഞവർഷം ഭാര്യ  മരിച്ചു. ഇപ്പോൾ ഗുരുവായൂരിൽ മകൾ ഉഷയോടും മരുമകൻ മുരളിക്കുമൊപ്പമാണ്‌  താമസം.  ശിവറാം, ബേബി, അശോകൻ എന്നിവരാണ് മറ്റു മക്കൾ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top