30 September Saturday

ഒരു രാഷ്ട്രം അതിന്റെ വിപരീതങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന വിധം-റഫീഖ്‌ ഇബ്രാഹിം എഴുതുന്നു

റഫീഖ്‌ ഇബ്രാഹിംUpdated: Tuesday Jun 6, 2023

നിശ്ചിതമായ അതിർത്തികൾക്കുള്ളിൽ വരയ്ക്കപ്പെട്ട ഭൗതികമായ ഭൂപടസ്ഥലം മാത്രമല്ല ഇന്ത്യ. അതിലുപരി നവീനവും അവബോധപരവുമായ ഒരാശയം കൂടിയാണത്‌. ആധുനിക രാഷ്ട്രരൂപം എന്ന നിലയിൽ, ഇന്ത്യ  അപമാനിതമായ ദിവസങ്ങളാണ്  കടന്നുപോയത്

സാധാരണഗതിയിൽ അമ്പരപ്പ് തോന്നേണ്ടുന്ന ഒരു കൊളാഷാണ്, മുംബൈയിൽ നിന്നിറങ്ങുന്ന മിഡ്ഡേ ദിനപത്രത്തിന്റെ മെയ് 29 ലെ പതിനൊന്നാം പുറത്തിന്റെ ഡിസൈനിങ്. പാർലമെന്റ് മന്ദിരത്തിനുമുമ്പിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ നിലത്ത് വലിച്ചിഴക്കപ്പെടുന്ന ചിത്രം ഇടതുഭാഗത്തും, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ചെങ്കോലുമായി, കാഷായവേഷധാരികളുടെ അകമ്പടിയോടെ കടന്നുവരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം വലതുഭാഗത്തും വിന്യസിച്ചിരിക്കുന്നു. ലിബറൽ രാഷ്ട്രീയ നിലപാട് പുലർത്തുന്ന മിഡ്ഡേയുടെ ഈ കൊളാഷ് നിർമിതി ഇന്ത്യ ഇന്നെത്തിച്ചേർന്നിരിക്കുന്ന വിപര്യയത്തിന്റെ ഒന്നാന്തരം സാക്ഷ്യമാണ്. ആധുനിക രാഷ്ട്രരൂപം എന്ന നിലയിൽ, ഇന്ത്യ അപമാനിതമായ ദിവസങ്ങളായാണ് കഴിഞ്ഞ ആഴ്ച കടന്നുപോയത്.

നിശ്ചിതമായ അതിർത്തികൾക്കുള്ളിൽ വരയ്ക്കപ്പെട്ട ഭൗതികമായ ഭൂപടസ്ഥലം മാത്രമല്ല ഇന്ത്യ. അതിലുപരി നവീനവും അവബോധപരവുമായ ഒരാശയം കൂടിയാണത്‌. പത്തൊമ്പതാം നൂറ്റാണ്ട് അന്ത്യത്തോടെയാരംഭിച്ച് 1947 ൽ ഫലപ്രാപ്തിയിലെത്തിയ ദേശീയ സ്വാതന്ത്ര്യസമരം നിർമിച്ചെടുത്ത അനന്യമായ ഒരാശയം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കൊളോണിയൽ ആധിപത്യത്തിൽനിന്ന് വിമുക്തി നേടിയ മൂന്നാം ലോകരാജ്യങ്ങളുടെ പൊതുചരിത്രത്തിന്‌ അപവാദമായി, ജനാധിപത്യ റിപബ്ലിക്കായി ഇന്ത്യ ഇന്നും തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം ആ ആശയനിർമാണത്തിനുള്ളിലാണുള്ളത്. വ്യത്യസ്തതകളെ, ബഹുലതകളെ, ഉപസംസ്കാരങ്ങളെ അതായിത്തന്നെ നിലനിർത്തിക്കൊണ്ട് ഒരു ദേശീയ ജനസമൂഹമായി സ്വയം നിർവചിച്ച സങ്കീർണപ്രക്രിയ ഒരു പക്ഷേ ഇന്ത്യൻ രാഷ്ട്രരൂപീകരണത്തിന്‌ മാത്രമായിരിക്കും സ്വന്തം.

പാർലമെന്റിൽ മതപുരോഹിതരെ വണങ്ങുന്ന പ്രധാനമന്ത്രി

പാർലമെന്റിൽ മതപുരോഹിതരെ വണങ്ങുന്ന പ്രധാനമന്ത്രി

ഇന്ത്യൻ ദേശീയതയെ മൂന്ന് വ്യത്യസ്ത ബലങ്ങൾ ചേർന്നുപ്രവർത്തിച്ച വ്യവഹാരമായാണ് മനസ്സിലാക്കാൻ കഴിയുക. പ്രാഥമികമായി അത് കൊളോണിയൽ ആധുനികതയാണ്. ഛിന്നവും ഫ്യൂഡൽ ഉത്പാദന ബന്ധങ്ങളാൽ ഏറെക്കുറെ നിയന്ത്രിക്കപ്പെട്ടതുമായ ഭൂപ്രദേശങ്ങളെ അതിർത്തിപരമായ രാഷ്ട്രരൂപത്തിലേക്കുയർത്തിയത് കൊളോണിയൽ ആധുനികതയുടെ ഭൗതിക സംവിധാനങ്ങളാണ്.

ആധുനികീകരണ പദ്ധതികളായി പരീക്ഷിക്കപ്പെട്ട റോഡ്, റെയിൽവേ, കമ്പിത്തപാൽ എന്നിങ്ങനെ അസംഖ്യം സങ്കേതങ്ങളിലൂടെ നിർമിക്കപ്പെട്ട ഭൂപടദേശമാണത്. അച്ചടി, ഗദ്യഭാഷ, പത്രമാധ്യമങ്ങൾമുതൽ നോവൽപോലുള്ള സാഹിത്യരൂപങ്ങൾവരെ ഈ ദേശത്തിന് കരുത്തും ബലവുമേകി.

ഇതിനോടെതിരിട്ടോ ഇതിൽനിന്ന്‌ ഭിന്നമായോ പ്രത്യക്ഷപ്പെട്ട ‘കൊളോണിയൽ വിരുദ്ധരാഷ്ട്രീയ’മാണ് ഇന്ത്യൻ ദേശീയതയുടെ പ്രത്യക്ഷബലം. ഒരർഥത്തിൽ ഭിന്നതകളെ ചേർത്തുനിർത്തിയ പരോക്ഷ ഭൗതികത ദേശീയ പ്രസ്ഥാനത്തിന്റെ സാമ്രാജ്യവിരുദ്ധതയായിരുന്നു. ഇന്ത്യൻ ദേശരാഷ്ട്ര ഭാവനയുടെ ചേതന എന്ന്‌ അതിനെ വിളിക്കാം. പരിമിതികൾക്കിടയിലും ദേശീയപ്രസ്ഥാനത്തിന്റെ എല്ലാ ധാരകളും സാമ്രാജ്യ വിരുദ്ധതയെ തങ്ങളുടെ കൊടിയടയാളമാക്കി. മതേതരത്വം, ഫെഡറലിസം, രാഷ്ട്രീയസ്വാതന്ത്ര്യ കല്പന എന്നീ മൂല്യങ്ങളെല്ലാം രൂപീകരിക്കപ്പെട്ടത് സാമ്രാജ്യവിരുദ്ധതയുടെ ഈ മണ്ഡലത്തിൽനിന്നായിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ ആന്തരിക വൈരുധ്യത്തിലാണ് മൂന്നാമത്തെ ബലം ഒളിപ്പാർത്തുപോന്നത്; അത് സവർണ ബ്രാഹ്മണിസം എന്നതായിരുന്നു. ദേശീയഭാവന, അതിന്റെ സാംസ്കാരിക പാരമ്പര്യമായി അവതരിപ്പിച്ചത് വൈദിക സംസ്കൃതിയെയായിരുന്നു എന്നതാണ് കൗതുകം. ദേശവത്കരിക്കപ്പെട്ട ഒരു പുതുപാരമ്പര്യം നിർമിക്കപ്പെടുകയും അതിന്റെ ചിഹ്നവ്യവസ്ഥ ‘പൊതു' ആയി കല്പിക്കപ്പെടുകയും ചെയ്തുപോന്നു. ഗീതയും ദുർഗയും ഉൾപ്പെട്ട ആ വ്യൂഹത്തിന്റെ സൂചിതങ്ങൾ ഒട്ടും പ്രബലമല്ലാതെ, ദേശീയഭാവനയുടെ അബോധത്തിൽ നിലയുറപ്പിച്ചിരുന്നു. ഈ ബലം സാമ്രാജ്യവിരുദ്ധത എന്ന പ്രത്യക്ഷഭൗതികത്തെ അതിനിർണയിക്കുന്ന കാഴ്ചയാണ് ഇന്ത്യ ഇന്ന്‌ ദർശിക്കുന്നത്. ഭീഷണമായ ഈ അട്ടിമറിയുടെ, വിപരീതങ്ങൾ പൂർണപ്രാബല്യത്തിലേക്കെത്തുന്നതിന്റെ ദൃഷ്ടാന്തമായി വേണം തുടക്കത്തിൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളെയും കാണേണ്ടത്.

പാർലമെന്റിന്റെ പുതിയ മന്ദിരോദ്ഘാടനമെന്ന പ്രകടനം

ഫാസിസ്റ്റ് ഭരണനിർമിതിയുടെ ഘടനാപരമായ സവിശേഷതയെക്കുറിച്ച് പറയുമ്പോൾ വാൾട്ടർ ബെൻയാമിൻ

 വാൾട്ടർ ബെൻയാമിൻ

വാൾട്ടർ ബെൻയാമിൻ

അവതരിപ്പിക്കുന്ന സങ്കൽപ്പമാണ് ‘രാഷ്ട്രീയത്തിന്റെ സൗന്ദര്യവത്കരണം’. മൂർത്തവും ഒട്ടുമേ കാൽപ്പനികവുമല്ലാത്ത രാഷ്ട്രീയവ്യവഹാരത്തെ, പ്രൊപ്പഗാണ്ട ആർട്ടിലൂടെയും  നേതാവിന്റെ റേഡിയോയിലെയോ പ്രഭാഷണവേദിയിലെയോ റെട്ടറിക്കുകളിലൂടെയും റൊമാന്റിക് ആർട്ട് ആക്കി മാറ്റുന്ന പരിപാടിയാണത്.

രാഷ്ട്രീയം മൊത്തത്തിലൊരു കലാവസ്തുവാകുകയും കണ്ടിരിക്കുന്നവർ അതിന്റെ ആസ്വാദകരാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം. രാഷ്ട്രീയസമൂഹം തങ്ങളുടെ ഏജൻസിയെ സ്തംഭിപ്പിക്കുകയും നിഷ്ക്രിയ സ്വീകരണസ്ഥാനമായി സ്വയം മാറുകയും ചെയ്യും. കാണികളിലേക്കും പ്രേക്ഷകരിലേക്കും ഈ ഭീമാകാരമായ ആർട്ട് ഫോം അവർക്കു മടുക്കാത്ത രീതിയിൽ നിരന്തരം എത്തിക്കൊണ്ടേയിരിക്കും. അത്, വലിയ യുദ്ധടാങ്കുകളും പോർവിമാനങ്ങളും കത്തിയെരിയുന്ന ഗ്രാമങ്ങളിൽ നിന്നുയരുന്ന പുകച്ചുരുളകളും ചേർന്ന് യുദ്ധത്തെപ്പോലും ഒരു സിംഫണിപോലെ സൗന്ദര്യമുള്ളതാക്കും. കലാവിപരീതങ്ങൾകൊണ്ട് നിർമിക്കപ്പെടുന്ന കല; അയുക്തികളുടെ ഭ്രമണം. സംഘ് നിർമിച്ചെടുക്കുന്ന ഇത്തരമൊരു സൗന്ദര്യശാസ്ത്ര മണ്ഡലത്തിലെ അവസാനം കണ്ട കലാപ്രകടനമാണ് പാർലമെന്റിന്റെ പുതിയ മന്ദിരോദ്ഘാടനം.

ഇന്ത്യൻ പ്രസിഡന്റ്‌ ഒഴിച്ചുനിർത്തപ്പെട്ടു എന്നതാണ് മേൽപ്പറഞ്ഞ പ്രകടനത്തിലെ ആദ്യ വിപരീതം. ഒഡിഷയിലെ സന്താൾ ഗോത്രത്തിൽ ജനിച്ച ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ്‌  സ്ഥാനം വലതുപക്ഷത്തിൽ മാത്രമല്ല, ലിബറൽ ക്യാമ്പുകളിൽ പോലുമാഘോഷിക്കപ്പെട്ടതാണ്.  ഭരണഘടനയുടെ അനുച്ഛേദം 79 പ്രകാരം രാഷ്ട്രപതി, രാജ്യസഭ, ലോകസഭ എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റിന്റെ ഘടനയെക്കുറിച്ചും ഇന്ത്യൻ ജനായത്ത ഭരണത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ഭരണകക്ഷിയുടെ ധാരണയാണ് ആ പ്രാതിനിധ്യത്തിൽ പ്രവർത്തിക്കുന്നത്. ദുഃഖകരമായ കാര്യം ഇന്ത്യൻ പാർലമെന്റിന്റെ പുതിയ

ദ്രൗപദി മുർമു

ദ്രൗപദി മുർമു

കെട്ടിടോദ്ഘാടനത്തിൽനിന്ന് പ്രസിഡന്റും വെസ് പ്രസിഡന്റും ഒഴിച്ചുനിർത്തപ്പെട്ടു എന്നതാണ്. ഈ അസാന്നിധ്യമാണ് ആദ്യ വിപര്യയം. അനുച്ഛേദം 79ഉം ഉദ്ഘാടനവും തമ്മിൽ എന്താണ് ബന്ധമെന്ന സാങ്കേതിക മറുപടിയ്ക്കപ്പുറം ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയോടുള്ള നിലപാടിന്റെ സൂചനയായി ഈ അസാന്നിധ്യങ്ങൾ വായിക്കപ്പെടേണ്ടതുണ്ട്.

ഉദ്ഘാടനദിവസമായി തെരഞ്ഞെടുക്കപ്പെട്ട മെയ് 28 ഹിന്ദുത്വയുടെ എക്കാലത്തെയും വലിയ ഐക്കണായ ദാമോദർ സവർക്കറുടെ ജന്മനാളാണ് എന്നതാണ് ഈ പ്രകടനത്തിലെ രണ്ടാമത്തെ വിപരീതം. ഒരർഥത്തിൽ, ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ കാലങ്ങളായി പുറത്തുനിർത്തിപ്പോന്ന സവർക്കർക്കുള്ള ഗുരുപൂജയാണ് നടത്തപ്പെട്ടത്. ഗാന്ധിവധത്തിൽ സവർക്കർക്കുള്ള പങ്കിനെക്കുറിച്ച് എ ജി നൂറാനിയടക്കമുള്ളവരുടെ കണ്ടെത്തലുകൾ നമുക്ക് മുമ്പിലുണ്ട്. അവ മുഖവിലയ്ക്കെടുക്കാതിരുന്നാലും, ഹിന്ദുത്വ എന്ന മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകൻ പാർലമെന്റിനാൽ അംഗീകരിക്കപ്പെടുന്ന സന്ദർഭം കൂടിയാണ് സംഭവിച്ചത്. 'ദിനം തോറും ദശകങ്ങൾ തോറും ശതാബ്ദങ്ങൾ തോറും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയായിരുന്നു’ എന്ന് ഇന്ത്യാചരിത്രത്തെ മതസംഘർഷത്തിന്റെ ചരിത്രമാക്കിയ സവർക്കറാണ് ജനായത്തവ്യവസ്ഥയുടെ നടുത്തളത്തിലേക്ക് കയറുന്നത്.

പാർലമെന്റ് മന്ദിരോദ്ഘാടനത്തിലെ ഏറ്റവും വലിയ വിപരീതം കാഷായവസ്ത്രധാരികളായി ഹിന്ദുസന്യാസികളുടെ നിറസാന്നിധ്യമായിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തിന്റെ കെട്ടിടോദ്ഘാടനത്തിന് മതനേതാക്കൾ ക്ഷണിക്കപ്പെടേണ്ട കാര്യമുദിക്കുന്നില്ല. എങ്കിലും ഇന്ത്യപോലെ, നിറഞ്ഞ മതജീവിതമുള്ള ബഹുഭൂരിപക്ഷം മനുഷ്യരെ പ്രതിനിധാനം ചെയ്യാനാണ് സന്യാസിമാർ ക്ഷണിക്കപ്പെട്ടത് എന്ന വലതുപക്ഷവാദങ്ങളെ അംഗീകരിച്ചാൽ പോലും, അവയിൽ ഹൈന്ദവേതര മതപുരോഹിതന്മാർ ആരുമുണ്ടായിരുന്നില്ല.

മതപുരോഹിതരിൽനിന്ന്‌ അനുഗ്രഹം വാങ്ങുന്ന പ്രധാനമന്ത്രി

മതപുരോഹിതരിൽനിന്ന്‌ അനുഗ്രഹം വാങ്ങുന്ന പ്രധാനമന്ത്രി

ഹൈന്ദവമതം എന്നതിലുപരി സമാജ്‌വാദി പാർടി നേതാവ് സ്വാമി പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടിയതുപോലെ ക്ഷണിക്കപ്പെട്ട സന്യാസിമാരെല്ലാം മതമൗലികവാദികളായ ബ്രാഹ്മണപുരോഹിതരായിരുന്നു. ഹിന്ദുമതത്തിനല്ല വൈദികതയ്ക്കാണ് പ്രാധാന്യം കിട്ടിയതെന്നു ചുരുക്കം.

ബുദ്ധസന്യാസിമാർ, ജൈനഗുരുക്കന്മാർ, ഗുരുഗ്രന്ഥികൾ, മുസ്ലിം ഉലമാക്കൾ, ക്രിസ്ത്യൻ പുരോഹിതന്മാർ എന്നിവരെല്ലാം ഒഴിച്ചുനിർത്തപ്പെട്ടു. പൂർണമായും ബ്രാഹ്മണമതത്തിന്റെ ആചാരങ്ങളെ ഓർമിപ്പിക്കുന്ന പ്രകടനരൂപങ്ങളാണ് ഉദ്ഘാടനത്തിൽ നാം കാണുന്നത്. സവർക്കർക്ക് എന്നതുപോലെ വൈദിക മതത്തിന്നും പാർലമെന്റിനകത്ത് ചുവപ്പുപരവതാനി വിരിക്കപ്പെട്ടു.

ഇതിന്റെ തുടർച്ചയിൽ വേണം ചെങ്കോൽ എന്ന പ്രതീകം ചമയ്ക്കുന്ന അർഥമണ്ഡലത്തെ കാണാൻ. നന്ദികേശ്വരമുദ്രയുള്ള,

ഗംഗാജലത്തിൽ ശുദ്ധി ചെയ്തെടുത്തത് എന്ന്‌ അവകാശപ്പെടുന്ന  ചെങ്കോൽ, അധികാര കൈമാറ്റത്തിന്റെ പ്രതീകമായാണ് ഹിന്ദുത്വ വക്താക്കൾ അവതരിപ്പിക്കുന്നത്.

നെഹ്‌റു യാതൊരു പ്രാധാന്യവും നൽകാതിരുന്ന ഈ സിംബൽ പുനരാനയിക്കപ്പെടുമ്പോൾ മേൽപ്പറഞ്ഞ പ്രകടനത്തിലേക്ക് ചേർക്കപ്പെടുന്നത് ബ്രാഹ്മണിസത്തോടൊപ്പം ഫ്യൂഡൽ മൂല്യവ്യവസ്ഥ കൂടിയാണ്. ആധുനിക ദേശരാഷ്ട്രങ്ങളുടെ പോളിറ്റി ഭാഷ ചെങ്കോലുകളുടെയും കിരീടങ്ങളുടെയുമല്ല; ഭരണഘടനയുടേതാണ്. പ്രജയിൽനിന്ന് പൗരനിലേക്കുള്ള മാറ്റമാണ് രാജഭരണത്തിൽനിന്ന് ജനായത്തത്തിലേക്കുള്ള മാറ്റം.

പൗരൻ പുതിയ കർതൃരൂപമാണ്. പ്രജ നിർവാഹകശേഷിയോ സ്വതന്ത്രാസ്തിത്വമോ ഇല്ലാത്ത സ്വീകരണസ്ഥാനമാണ്. അധികാരം ദൈവദത്തമാണെന്ന വിശ്വാസത്തിലധിഷ്ഠിതമായ സമ്പൂർണ സമർപ്പണമാണ് പ്രജാത്വം എന്ന സ്ഥാനം. പൗരനാവട്ടെ, അധികാരം പൊതുസമ്മതിയാൽ നിർമിക്കപ്പെടുന്നതാണ് എന്ന ഉറച്ച ധാരണയുള്ള, അധികാരവുമായി വിലപേശാൻ ശേഷിയുള്ള, നിർവാഹക കർതൃത്വവും.

ചെങ്കോലടക്കമുള്ള ഫ്യൂഡൽ ബിംബങ്ങൾ പൗരനെ വീണ്ടും പ്രജാത്വത്തിലേക്കും ജനായത്ത ഭരണത്തെ രാജാധികാരത്തിലേക്കും വിവർത്തനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഷയാണ്. ഈ ഭാഷയുടെ നിർമിതിയാണ് പാർലിമെന്റ്‌ ഉദ്ഘാടനത്തിന്റെ ആത്യന്തിക ഫലം

ചെങ്കോലടക്കമുള്ള ഫ്യൂഡൽ ബിംബങ്ങൾ പൗരനെ വീണ്ടും പ്രജാത്വത്തിലേക്കും ജനായത്ത ഭരണത്തെ രാജാധികാരത്തിലേക്കും വിവർത്തനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഷയാണ്. ഈ ഭാഷയുടെ നിർമിതിയാണ് പാർലിമെന്റ്‌ ഉദ്ഘാടനത്തിന്റെ ആത്യന്തിക ഫലം. ഏകചക്രവർത്തിയായി, പൗരുഷാകാരം പൂണ്ട്, ജനതയുടെ സമ്പൂർണസമർപ്പണമേറ്റുവാങ്ങി, ദൈവഹിതമനുസരിച്ച്, സിംഹാസനാരൂഢനാവുന്ന ഭരണാധികാരി എന്ന ചിത്രമാണ് പൂർത്തിയാകുന്നത്.

സമീർ അമീൻ

സമീർ അമീൻ

1990 കൾക്കുശേഷം അന്തർദേശീയ രാഷ്ട്രീയത്തിൽ പലയിടങ്ങളിലായി സംഭവിക്കുന്ന ഫാസിസ്റ്റ് കക്ഷികളുടെ തിരിച്ചുവരവിനെക്കുറിച്ചെഴുതുമ്പോൾ സമീർ അമീൻ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കും പൊതുവായുള്ള ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹമെഴുതുന്നു;‘‘പ്രതിസന്ധിയിലകപ്പെട്ട ഒരു മുതലാളിത്ത സമൂഹത്തെ കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് രീതി, എല്ലായ്‌പ്പോഴും ‘ജനാധിപത്യ'ത്തിന്റെ അർഥശങ്കയ്ക്കിടയില്ലാത്ത നിരാകരണമാണ്. 

ആധുനിക ജനാധിപത്യ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനതത്വങ്ങളെ, അതായത് അഭിപ്രായവൈവിധ്യങ്ങൾ, ഭൂരിപക്ഷം നിർണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ, ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയവ പരമോന്നത നേതാവിന്റെയും അദ്ദേഹത്തിന്റെ പ്രധാന ഏജന്റുമാരുടെയും അധികാരത്തിനും അച്ചടക്ക സിദ്ധാന്തങ്ങൾക്കും കീഴ്‌പ്പെടാൻ നിർബന്ധിക്കുന്ന, തികച്ചും ജനാധിപത്യവിരുദ്ധമായ മൂല്യങ്ങൾകൊണ്ട് ഫാസിസം പകരംവയ്ക്കുന്നു. മൂല്യങ്ങളുടെ ഈ തിരിച്ചുപോക്കിനെ അനുഗമിക്കുന്നത് എല്ലായ്‌പ്പോഴും തികച്ചും പഴഞ്ചനായ ആശയങ്ങളാണ്. അവയാകട്ടെ, നടപ്പാക്കപ്പെടുന്ന കീഴടങ്ങൽ പ്രക്രിയക്ക്

പ്രധാനമന്ത്രിയെ തിലകം ചാർത്തുന്ന പുരോഹിതൻ

പ്രധാനമന്ത്രിയെ തിലകം ചാർത്തുന്ന പുരോഹിതൻ

പ്രകടമായ സാധുത കല്പിക്കുന്നതിന് സഹായകവുമാണ്. മധ്യയുഗത്തിലേക്ക് മടങ്ങിപ്പോകേണ്ടതിന്റെയും ഭൂരിപക്ഷ മതത്തിനോ വംശത്തിനോ വർണത്തിനോ കീഴടങ്ങേണ്ടതിന്റെയും ആവശ്യകതയുടെ പ്രഖ്യാപനം, ഫാസിസ്റ്റ് ശക്തികൾ നിരത്തുന്ന ആശയവ്യവഹാരങ്ങളുടെ ആയുധശാലയാണ്”.

സമീർ അമീൻ എണ്ണിപ്പറയുന്ന ഈ സ്വഭാവസവിശേഷതകളിൽ പ്രധാനപ്പെട്ടത് ‘പരമോന്നത നേതാവ്' എന്ന സ്ഥാനാരോഹണമാണ്. നേതാവിനെയും ഏജന്റുമാരെയും ചുറ്റിയുയരുന്ന ഭാവുകത്വത്തിന് വീരജനയഥാതഥവാദത്തിന്റെ (heroic - folk realism) സ്വഭാവമാണുണ്ടാവുക. നേതാവിന്റെ രാഷ്ട്രത്തിനായുള്ള സമർപ്പണത്തെക്കുറിച്ചുള്ള ത്രസിപ്പിക്കുന്ന ആഖ്യാനങ്ങൾ.

സ്വന്തം രാജ്യത്തിന് അപാരമായ ശക്തിയും സ്ഥിരതയും പ്രദാനം ചെയ്യാൻ വേണ്ടിയുള്ള നടപടികൾ, ജനതയുടെ ആരോഗ്യത്തിനുവേണ്ടി, അവരുടെ സമാധാനപരമായ നിത്യജീവിതങ്ങൾക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച നേതാവിനെക്കുറിച്ചുള്ള ഗാഥകളായി ആഖ്യാനങ്ങൾ പടരും. അവയ്ക്കുമുകളിലാണ് രാജസ്ഥാനത്തെ അനുസ്മരിപ്പിക്കുംവിധം നേതാവ് ചെങ്കോലേന്തുന്നത്. അച്ചടക്കമുള്ളതും പ്രജാസ്വഭാവമുള്ളതുമായ ഒന്നായി പൊളിറ്റിക്കൽ സൊസൈറ്റിയെ മാറ്റുക എന്ന ലക്ഷ്യം ചെങ്കോലിന്റെ വരവിനും പാർലമെന്റ് മന്ദിരോദ്ഘാടനച്ചടങ്ങുകൾക്കുമടിയിലുണ്ട്.

ഹിന്ദുത്വ, തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയാധികാരത്തെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത് ജനതയുടെ മറവിയുടെ മുകളിലാണ്. പലപ്പോഴും ക്ളാസിക്കൽ ഫാസിസവുമായി ഇന്ത്യൻ ഫാസിസത്തെ താരതമ്യം ചെയ്യാറുണ്ടെങ്കിലും ജർമൻ നാസിസത്തോളം പ്രബലവും യുക്തി (?)പരവുമായ ഒരു സൈദ്ധാന്തികാടിത്തറയും ബദൽ സാമ്പത്തിക സാമൂഹ്യ പ്രോജക്ടും ഹിന്ദുത്വയ്ക്കില്ല എന്നതാണ് യാഥാർഥ്യം.

തമിഴ്‌നാട്ടിൽനിന്ന്‌ പുരോഹിതർ എത്തിച്ച സ്വർണ ചെങ്കോലിനുമുമ്പിൽ പ്രണമിക്കുന്ന  നരേന്ദ്ര മോദി

തമിഴ്‌നാട്ടിൽനിന്ന്‌ പുരോഹിതർ എത്തിച്ച സ്വർണ ചെങ്കോലിനുമുമ്പിൽ പ്രണമിക്കുന്ന നരേന്ദ്ര മോദി

ഒരർഥത്തിൽ അതിദുർബലമാണ് നാഗ്പൂർ കേന്ദ്രിത ഹിന്ദുത്വവാദം. ഫ്രെഡറിക് നീഷെ മുതൽ മാർട്ടിൻ ഹെയ്ഡഗർ വരെയുള്ളവരുടെ തത്വചിന്തയുടെ പിന്തുണ ഹിറ്റ്ലറിനുണ്ടായിരുന്നു. എസ്രാ പൗണ്ട്, ഫിലിപ്പോ മാരിനെറ്റി, ടി എസ് എലിയട്ട് എന്നിങ്ങനെ വിഖ്യാതരായ സൗന്ദര്യചിന്തകരുണ്ടായിരുന്നു.

സ്റ്റാർക്കിനെപോലുള്ള ശാസ്ത്രജ്ഞരും കാൾ സ്മിട്ടിനെപോലുള്ള ഇക്കണോമിക് വിദഗ്‌ധരും നാസികളെ സഹായിച്ചിരുന്നു. ചിന്താചരിത്രത്തിൽ ഒരധ്യായം നീക്കി വയ്ക്കാൻമാത്രം വലുതാണവരൊക്കെ. ഹിന്ദുത്വയ്ക്കാവട്ടെ എം എസ്‌ ഗോൾവാൾക്കറല്ലാതെ ഒരാളുടെപോലും ദാർശനികാടിത്തറ ചരിത്രത്തിലില്ല. ഗോൾവാൾക്കറുടെ ‘ഹിന്ദുത്വ'  മനുവിന്റെ സ്മൃതിവിശകലനങ്ങളുടെ ഒരാധുനിക തർജമ മാത്രമാണ് താനും.

ബദൽ സാമ്പത്തിക പ്രോജക്ടോ, സാമൂഹ്യ വിശകലന ഉപാധിയോ ഇല്ലാത്ത ഒരു കൂട്ടം എങ്ങനെയാണ് ഭീഷണസ്വരമായി തലയ്ക്കുമുകളിൽ തൂങ്ങുന്നത് എന്നതിനുത്തരം അത് ജനതയുടെ മറവിയുടെ മുകളിൽ കരിമ്പടം പുതച്ച് വളരുന്ന സാംസ്കാരിക രാഷ്ട്രീയമാണ് എന്നതാണ്. സംസ്കാരത്തെ സംബന്ധിച്ചുള്ള അയഥാർഥ പൂർണവും മിഥ്യാപരവുമായ ചില പ്രചാരണങ്ങളാണ് ഹിന്ദുത്വയുടെ രാഷ്ട്രീയ കാര്യപരിപാടി. ഈ പദ്ധതിയാവട്ടെ മുകളിൽ പറഞ്ഞതുപോലെ, ലിബറൽ ഡെമോക്രസിയിൽ വന്നുചേർന്ന അപഭ്രംശമല്ല താനും.

ദേശീയ പ്രസ്ഥാന സന്ദർഭത്തിൽ തന്നെ സാന്നിധ്യമറിയിച്ച വൈദിക സംസ്കൃതിയാണ് അതിന്റെ രാഷ്ട്രീയാധികാരത്തിലേക്കു വളർന്നെത്തുന്നത്. ലിബറലിസത്തിന്റെ വമ്പൻ കെട്ടുകൾക്കിടയിൽ അതിനൊരു മുറി എക്കാലത്തുമുണ്ടായിരുന്നു.

ദേശീയ പ്രസ്ഥാന സന്ദർഭത്തിൽ തന്നെ സാന്നിധ്യമറിയിച്ച വൈദിക സംസ്കൃതിയാണ് അതിന്റെ രാഷ്ട്രീയാധികാരത്തിലേക്കു വളർന്നെത്തുന്നത്. ലിബറലിസത്തിന്റെ വമ്പൻ കെട്ടുകൾക്കിടയിൽ അതിനൊരു മുറി എക്കാലത്തുമുണ്ടായിരുന്നു. നെഹ്രുവിയൻ ദേശീയത പ്രബലമായ കാലത്ത് ഒളിച്ചുപാർത്ത ഈ വിപരീതശക്തിയുടെ പുനരാവഹനമാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിനകത്ത് തന്നെ ഈ ധാരയ്ക്ക്  സാന്നിധ്യമുണ്ടായിരുന്നു. 1934 വരെ ഹെഡ്‌ഗേവാർപോലും കോൺഗ്രസുമായി ബന്ധം പുലർത്തിയിരുന്നു എന്ന് രാം പുനിയാനി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോൾവാൾക്കറുടെ വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്‌ എന്ന  ഗ്രന്ഥത്തിന്  അവതാരിക എഴുതിയത് എം എസ് അനോയ് എന്ന കോൺഗ്രസ് നേതാവാണ് എന്ന വസ്തുത ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴം സൂചിപ്പിക്കുന്നുണ്ട്.

ഈ ധാരയ്ക്ക് പക്ഷേ നെഹ്രുവിയൻ സോഷ്യലിസ്റ്റ് സങ്കൽപ്പത്തെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല എന്നിടത്താണ് ലിബറൽ ജനാധിപത്യം വിജയിച്ചത്. ‘മതേതരവാദികളെന്ന് തോന്നിപ്പിക്കുമെങ്കിലും അക്ഷരാർഥത്തിൽ വർഗീയ വാദികളായ ചിലരെ കരുതിയിരിക്കണ’മെന്ന് നെഹ്‌റു തന്നെ ഓർമിപ്പിക്കുന്നുണ്ട്. നിർഭാഗ്യവശാൽ നെഹ്റുവിന് ശേഷം ഇന്ത്യയിൽ ആന്റി ബ്രാഹ്മണിക്കലായ, ആന്റി ഇംപീരിയലായ ധാര അന്യംനിൽക്കുകയാണുണ്ടായത്. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രഭാഷണങ്ങൾ, ഷബാനു കേസ്, ശിലാന്യാസം എന്നിവടങ്ങളിലൊക്കെ സംഭവിച്ചത് ഇന്ത്യൻ ദേശീയതയുടെ പ്രതിരോധയുക്തി പതുക്കെ പതുക്കെ ചോർന്ന് പോവുക എന്നതായിരുന്നു. ഈ ചോരലിൽ നിന്ന് ഊർജമുൾക്കൊണ്ടുവളർന്ന വിപരീതഭാവനയാണ് ഇന്നത്തെ രാഷ്ട്രീയദുര്യോഗങ്ങൾ.

ഉദ്‌ഘാടനശേഷം പുതിയ പാർലമെന്റ്‌ ഹാളിൽ ചേർന്ന സമ്മേളനം

ഉദ്‌ഘാടനശേഷം പുതിയ പാർലമെന്റ്‌ ഹാളിൽ ചേർന്ന സമ്മേളനം

മതരാഷ്ട്രവാദവും ഫ്യൂഡൽ മൂല്യങ്ങളും ഒത്തുചേരുന്ന അപകടകരമായ ഹിന്ദുത്വപ്രകടനങ്ങളുടെ മറുപക്ഷമാണ് ജന്തർമന്തറിലാരംഭിച്ച ഗുസ്തിതാരങ്ങളുടെ സമരം. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പി യുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ പൊലീസിന്റെ നിഷ്ക്രിയതയിൽ മനംനൊന്താണ് ഗുസ്തിതാരങ്ങൾ സമരമാരംഭിച്ചത്. പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ബജ്‌റങ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ സെക്യൂരിറ്റി ജീവനക്കാരാൽ വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

രാജ്യത്തിനു വേണ്ടി നേടിയ ഒളിമ്പിക് മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള താരങ്ങളുടെ തീരുമാനം കർഷകനേതാക്കൾ ഇടപെട്ടാണ് താൽക്കാലികമായി നിർത്തിവെപ്പിച്ചത്. പ്രശ്നത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു എന്നതാണ് ഇതെഴുതിക്കൊണ്ടിരിക്കെ അറിയുന്ന വാർത്ത.

ഈ സമരം പ്രാധാന്യമുള്ളതാവുന്നത് അടിസ്ഥാനപരമായി നീതിയെ മുൻനിർത്തി, ഭീമാകാരമായ അധികാരത്തോടുള്ള കലാപമായതിനാൽ മാത്രമല്ല. ഗുസ്തിതാരങ്ങളും കർഷകരും ചേർന്ന്‌ രൂപീകരിക്കപ്പെട്ട പുതിയ സഖ്യസാധ്യത കൊണ്ടുകൂടിയാണ്. അഥവാ അനീതിയും ചൂഷണവുമേൽക്കുന്ന അസംഘടിത ഇന്ത്യൻ വിഭാഗങ്ങളും സംഘടിത കർഷക/ തൊഴിലാളി വർഗവും തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായ ഈ കോട്ടകൊത്തളങ്ങളെ തകർക്കുക തന്നെ ചെയ്തേക്കും. ഫാസിസത്തിന് പരാജയപ്പെടുക എന്നതല്ലാതെ ആത്യന്തികമായി മറ്റൊരു സാധ്യതയില്ലല്ലോ.

ബ്രഹ്തിനെ കടമെടുത്താൽ;
അവരുടെ മൂന്നാം റെയ്ഹ്
അസീറിയൻചക്രവർത്തിയായ താറിന്റെ വസതിയെയാണ് ഓർമിപ്പിക്കുന്നത്.
ഒരു സൈന്യത്തിനും അത് കീഴടക്കാനാവില്ലെന്ന് നാടോടിക്കഥകളിൽ നിന്ന് നമുക്കറിയാം.
പക്ഷേ... !
അതിനുള്ളിൽ സ്പഷ്ടമായ ഒരു വാക്ക് ഉച്ചരിക്കപ്പെട്ടപ്പോൾ കല്ലിൻമേൽ കല്ലവശേഷിക്കാതെ അതു തകർന്നടിഞ്ഞു...

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top