25 April Thursday

ക്വിറ്റ് ഇന്ത്യ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022



സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലെ  ആവേശകരമായ ഏടാണ് ക്വിറ്റ്‌ ഇന്ത്യാ സമരം. 1942 ജൂലൈയിൽ കോൺഗ്രസ്‌ പ്രവർത്തകസമിതി യോഗമാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. ആഗസ്‌ത്‌ എട്ടിന്‌ ബോംബെയിൽ ചേർന്ന സമ്മേളനത്തിൽ നെഹ്‌റു അവതരിപ്പിച്ച ‘ക്വിറ്റ്‌ ഇന്ത്യ’ പ്രമേയത്തെ സർദാർ വല്ലഭായ്‌പട്ടേൽ പിന്താങ്ങി. ബ്രിട്ടീഷുകാർ ഉടൻ ഇന്ത്യ വിടണം എന്ന രീതിയിൽ ‘ഹരിജൻ പത്രിക’യിൽ  ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ ആശയം ബോംബെക്കാരനായ യൂസഫ് മെഹ്റലി ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യമാക്കി രൂപപ്പെടുത്തി.  ‘‘അടുത്ത സൂര്യോദയത്തിനുമുമ്പ്​ ലഭിക്കുമെങ്കിൽ അത്രയും വേഗം എനിക്ക്‌ സ്വാതന്ത്ര്യം വേണ’’മെന്ന്‌ ബോംബെ സമ്മേളനത്തിൽ ഗാന്ധിജി പറഞ്ഞുതുടങ്ങിയപ്പോൾതന്നെ കാതോർത്തിരുന്ന ജനസാഗരം അതേറ്റെടുത്തു. ‘‘ഈ സമരം നമ്മുടെ അന്തിമ സമരമാകട്ടെ. ഒന്നുകിൽ വിജയംവരെ അല്ലെങ്കിൽ മരണംവരെ. ഡു ഓർ ഡൈ.'' 140 മിനിറ്റ്‌ നീണ്ട പ്രസംഗം ഇങ്ങനെ അവസാനിപ്പിച്ചു.

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ ഈ ആഹ്വാനം ഇന്ത്യയാകെ ആളിക്കത്തി. കടുത്ത നടപടികളിലേക്ക്‌ ബ്രിട്ടീഷ്‌ സർക്കാർ നീങ്ങി. അടിച്ചൊതുക്കാനായിരുന്നു വൈസ്രോയി ലിൻലിത്ഗോയുടെ ആഹ്വാനം. ആഗസ്‌ത്‌ ഒമ്പതിന്‌ ഗാന്ധിജി, കസ്‌തൂർബ, നെഹ്‌റു തുടങ്ങിയ നേതാക്കളെ അറസ്‌റ്റ്‌ചെയ്‌തു. ഇതോടെ നേതൃത്വം ജനമേറ്റെടുത്തു. റോഡുകൾ തടഞ്ഞു, വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കി, റെയിൽ പാളങ്ങൾ തടസ്സപ്പെടുത്തി. ബ്രിട്ടീഷുകാരുടെ റൈഫിളുകളും യന്ത്രത്തോക്കുകളും പീരങ്കികളും ഭ്രാന്തിളകിയപോലെ സാധാരണക്കാര്‍ക്കുനേരെ തീതുപ്പി. ആയിരങ്ങൾ പൊരുതിവീണു. പട്​നയിലുണ്ടായ വെടിവയ്‌പിൽ ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ബോംബെ, സത്താറ, ബിഹാർ, ബംഗാൾ, കേരളം എന്നിവിടങ്ങളിലൊക്കെ സമരം കത്തിപ്പടർന്നു. ആഗസ്‌ത്‌ ഒമ്പതിന്‌ നടന്ന  ഉജ്വലമായ  പോരാട്ടത്തിന്റെ ഓർമയിലാണ്‌ ക്വിറ്റ്‌ ഇന്ത്യാ ദിനം ആചരിക്കുന്നത്‌.

ജനങ്ങളെ അണിനിരത്തി കമ്യൂണിസ്റ്റ്‌ പാർടി
ക്വിറ്റ്‌ ഇന്ത്യാ സമരത്തിനുമുമ്പുതന്നെ  രണ്ടാംലോക യുദ്ധത്തിനെതിരെ കമ്യൂണിസ്റ്റുകാർ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിനിരത്തി. 1939 ഒക്ടോബർ രണ്ടിന്‌ ബോംബെയിൽ കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ 90,000 തൊഴിലാളികൾ പങ്കെടുത്ത യുദ്ധവിരുദ്ധ പണിമുടക്ക് ലോക തൊഴിലാളി പ്രസ്ഥാന ചരിത്രത്തിൽ ആദ്യത്തേതായിരുന്നു. ബോംബെ, കാൺപുർ, കൽക്കട്ട, ധൻബാദ്, ജംഷഡ്പുർ, അസം എന്നിവിടങ്ങളിലെല്ലാം പണിമുടക്കുകൾ സംഘടിപ്പിച്ചു. 1940ൽ പാർടിയെ വീണ്ടും ബ്രിട്ടീഷ്‌ സർക്കാർ നിരോധിച്ചു. 6456 കമ്യൂണിസ്റ്റ് പാർടി കാഡർമാർ ശിക്ഷിക്കപ്പെട്ടു. നിരവധിപേർ വിചാരണ കൂടാതെ അന്യായ തടങ്കലിലടയ്ക്കപ്പെട്ടു. 1941ൽ ഹിറ്റ് ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ  സാമ്രാജ്യത്വ യുദ്ധം ജനകീയയുദ്ധമായി മാറിയതായി പാർടി വിലയിരുത്തിയപ്പോഴും സ്വാതന്ത്ര്യസമരത്തിൽനിന്നോ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽനിന്നോ വിട്ടുനിന്നില്ല. ജനങ്ങളുടെ സാമ്പത്തികാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കുംവേണ്ടി കമ്യൂണിസ്റ്റുകാർ പോരാട്ടം തുടർന്നു. ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത് തടവിലാക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ മോചനത്തിനായുള്ള പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പാർടി നടത്തി. 1943ലെ ബംഗാൾ ക്ഷാമത്തിൽ ലക്ഷക്കണക്കിനാളുകൾ മരിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണം നടത്തി.

ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 1992ൽ ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ശങ്കർ ദയാൽ ശർമ അക്കാലത്തെ കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനത്തെക്കുറിച്ച്  ഇങ്ങനെ പറയുന്നു. “കാൺപുർ, ജംഷഡ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വൻതോതിലുള്ള പണിമുടക്കുകൾക്കുശേഷം 1942 സെപ്തംബർ അഞ്ചിന് ഡൽഹിയിൽനിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് ദ സ്റ്റേറ്റിനയച്ച റിപ്പോർട്ടിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയെക്കുറിച്ച് പറഞ്ഞത്, കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന എല്ലായ്‌പ്പോഴും വ്യക്തമായിരുന്ന കാര്യം തെളിയിക്കുന്നതാണ് അതിലെ അംഗങ്ങളുടെ പെരുമാറ്റം എന്നായിരുന്നു.”


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top