24 April Wednesday

മാമൂലുകളുടെ തടവിൽ

ആനി അന്ന തോമസ്Updated: Saturday Sep 10, 2022


ജന്മസാഹചര്യങ്ങൾകൊണ്ട് ഭരണാധികാരത്തിലേക്ക് എത്തപ്പെടാൻ സാധ്യത കുറവായിട്ടും 76 വർഷത്തിലധികം എലിസബത്ത് രാജ്ഞിയെ ബ്രിട്ടന്റെ പരമാധികാരത്തിലുപവിഷ്ടയാക്കിയത് ഒരു പ്രണയവും വിവാഹവും അത് വഴിവച്ച ഭരണപ്രതിസന്ധികളുമായിരുന്നു. ബ്രിട്ടീഷ് യാഥാസ്ഥിതികത്വത്തിന്റെ ആനുകൂല്യം പറ്റിയാണ് അവര്‍ അധികാരത്തിലെത്തിയത്. മരണംവരെ ദുസ്സഹമായ ആചാരങ്ങളുടേയും കീഴ്വവഴക്കങ്ങളുടേയും പഴകിദ്രവിച്ച മാമൂലുകളുടെ തടവറയിലായിരുന്നു അവര്‍.

1936 ജനുവരി 20ന് ജോർജ് അഞ്ചാമന്റെ മരണത്തോടെ മൂത്ത മകൻ എഡ്വേർഡ്‌ എട്ടാമന്‍ അധികാരത്തിലെത്തി. കിരീടമണിഞ്ഞ് മാസങ്ങൾക്കുള്ളിൽത്തന്നെ അമേരിക്കൻ പൗരത്വമുള്ള വാലിസ് സിംപ്സണുമായുള്ള എഡ്വേർഡിന്റെ പ്രണയവും വിവാഹിതരാകാനുള്ള തീരുമാനവും ബ്രിട്ടനിൽ ഭരണ പ്രതിസന്ധിയുണ്ടാക്കി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സാങ്കേതികത്തലവൻ കൂടിയായിരുന്ന രാജാവിന്റെ നീക്കത്തിനെതിരെ മതപരവും നിയമപരവും രാഷ്ട്രീയപരവുമായ തടസ്സം ഉന്നയിക്കപ്പെട്ടു. ഏറ്റവും പ്രധാനകാരണം, വാലിസ് രണ്ടുതവണ വിവാഹമോചിതയായിരുന്നു എന്നതായിരുന്നു. യാഥാസ്ഥിതിക ബ്രിട്ടീഷ് സമൂഹത്തിന് അതംഗീകരിക്കാനാകുമായിരുന്നില്ല. വിവാഹമോചിതയായ സ്ത്രീ മുൻ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിലേക്ക് കടക്കുന്നതിന് പള്ളി എതിരാണ്. ബ്രിട്ടന്റെ രാജ്ഞിയാകാനുള്ള വാലീസിന്റെ അധികാരക്കൊതിയാണ് പ്രണയമെന്ന് വാദമുയർന്നു. എല്ലാ അധികാരത്തിനും മേലെയാണ് വാലീസിനോടുള്ള പ്രണയമെന്ന് എഡ്വേർഡ്‌ പ്രഖ്യാപിച്ചു. അധികാരമേറ്റെടുത്ത് 11 മാസത്തിനുശേഷം 1936 ഡിസംബർ 10ന് എഡ്വേർഡ്‌ ബ്രിട്ടീഷ് കിരീടം അഴിച്ചുവച്ചു. പ്രണയിച്ച പെണ്ണിനായി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കിരീടം അഴിച്ചുവയ്ക്കാനുള്ള എഡ്വേർഡിന്റെ തീരുമാനമാണ് അദ്ദേഹത്തിന്റെ അനുജൻ ജോർജ് ആറാമനെയും അതുവഴി അദ്ദേഹത്തിന്റെ മകൾ എലിസബത്തിനെയും അധികാരത്തിലെത്തിച്ചത്.

ഔദ്യോഗിക ജീവിതത്തിൽ എലിസബത്തിനെ ഏറ്റവും വലിയ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മകൻ ചാൾസിന്റെ പ്രണയമാണ്.1981 ജൂലെെ 29നാണ് നാല്‌ വർഷത്തെ പ്രണയത്തിനൊടുവിൽ വെയിൽസ് രാജകുമാരി ഡയാനയും ചാൾസ് രാജകുമാരനും വിവാഹിതരാകുന്നത്.  ബ്രിട്ടന്റെ കുതിരപ്പടയിലെ ഓഫീസർ പാർക്കർ ബൗൾസിന്റെ ഭാര്യ കമിലയുമായുള്ള ചാൾസിന്റെ അനുരാഗം വിവാഹത്തിനുമുമ്പേ പരസ്യമായിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് ഡയാന ചാൾസിനെ സ്വീകരിച്ചത്.  രണ്ട് മക്കൾ ജനിച്ചിട്ടും ചാൾസ് കമിലയെ വിട്ടുപോരാൻ തയ്യാറായില്ല. ഇതോടെ അവര്‍ വേർപിരിഞ്ഞു ജീവിക്കാനാരംഭിച്ചു. കൊട്ടാരത്തിൽനിന്ന്‌ പുറത്തുവന്ന ഡയാനയുടെ ദുരിതജീവിതം മാധ്യമങ്ങൾ ആഘോഷിച്ചു. 1995ൽ കൊട്ടാരത്തിന്റെ അനുവാദമില്ലാതെ ഡയാന ബിബിസിക്ക് നൽകിയ അഭിമുഖം രാജ്ഞിയെയും പ്രതിക്കൂട്ടിൽ നിർത്തി. ഡയാനയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലും തുടർന്നുണ്ടായ ആരോപണങ്ങളിലും കൊട്ടാരം മൗനം പാലിച്ചു. ഡയാനയുടെ മരണത്തെ തുടര്‍ന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെ പതാക താഴ്ത്തിക്കെട്ടാൻ എലിസബത്ത് അനുമതി നല്‍കിയില്ല.

എഡ്വേർഡ് എട്ടാമന്റെ ചരിത്രം എട്ടു പതിറ്റാണ്ടിനുശേഷം കൊട്ടാരത്തിൽ ആവർത്തിച്ചതാണ് കുടുംബജീവിതത്തിൽ ഏറ്റവും ഒടുവിൽ എലിസബത്ത് നേരിട്ട പ്രതിസന്ധി. ചാൾസിന്റെയും ഡയാനയുടെയും രണ്ടാമത്തെ മകന്‍ ഹാരിയുടെയും അമേരിക്കക്കാരിയായ മേഗന്റെയും പ്രണയവും വിവാഹവും എലിബസത്തിന്റെ യാഥാസ്ഥിതികമുഖം വീണ്ടും തുറന്നുകാട്ടി. ബ്രിട്ടീഷ് പൗരയല്ല എന്നതിനുപരി മേഗൻ വിവാഹമോചിതയും ടെലിവിഷൻ താരവും പാതി കറുത്തവംശക്കാരിയുമായത് അവരെ കൊട്ടാരത്തിന് അനഭിമിതയാക്കി.. കറുത്തവംശജ കൊട്ടാരവധുവായെത്തുന്നത് രാജഭക്ത മാധ്യമങ്ങൾക്കും അംഗീകരിക്കാനായില്ല. അമ്മ നേരിട്ട അതേ ഒറ്റപ്പെടലും ആക്രമണങ്ങളുമാണ് ഇപ്പോൾ മറ്റൊരു തരത്തിൽ ഭാര്യ നേരിടുന്നതെന്ന് ഒരു ഘട്ടത്തിൽ ഹാരി തുറന്നടിച്ചു.  രാജ്ഞിയിൽനിന്ന്‌ പിന്തുണയും ലഭിക്കാതെ വന്നതോടെയാണ് കൊട്ടാരവും പദവികളും 2020ൽ ഹാരിയും മേഗനും ഉപേക്ഷിച്ചത്. രാജ്ഞിയെയോ മറ്റ് കുടുംബാംഗങ്ങളെയോ മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രഖ്യാപനം. കൊട്ടാരചരിത്രത്തിലെ തന്നെ ആദ്യ ഇറങ്ങിപ്പോക്ക്.രാജ്ഞിയും കൊട്ടാരവും തുടരുന്ന അരോചകമായ ആചാരങ്ങളെക്കുറിച്ചും താൻ നേരിട്ട വിവേചനങ്ങളെക്കുറിച്ചും ആത്മഹത്യ ചെയ്യാൻപോലും ചിന്തിച്ച സാഹചര്യത്തെക്കുറിച്ചുമെല്ലാം മേഗന്‍ തുറന്നുപറഞ്ഞത് രാജ്ഞിയ്ക്കെതിരായ കുറ്റപത്രമായിമാറി.

കാലം കനിഞ്ഞ 
പ്രണയജീവിതം
രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പ്, ഡാർട്ട്മൗത്തിലെ ബ്രിട്ടാനിയ റോയൽ നേവൽ കോളേജിൽ കുടുംബ സന്ദർശനത്തിനിടെയാണ്‌ 1939ൽ ഗ്രീസിലെ ഫിലിപ്പ് രാജകുമാരനെ എലിസബത്ത്‌  ആദ്യമായി കാണുന്നത്‌. ബ്രിട്ടീഷ് രാജവാഴ്ചയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രണയബന്ധത്തിന്റെ തുടക്കം. എലിസബത്തിന്‌ വയസ്സ്‌ 13. യുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ റോയൽ നേവിയിൽ സേവനമനുഷ്‌ഠിച്ച ഫിലിപ്പ്‌, രാജകുമാരിയുമായി രഹസ്യ കത്തിടപാടുകൾ നടത്തി. യുദ്ധശേഷം പിതാവ്‌ ജോർജ്‌ ആറാമന്റെ അനുമതിയോടെ 1947 ജൂലൈയിൽ ഔദ്യോഗിക വിവാഹ പ്രഖ്യാപനം. അതിനു മുമ്പ്‌ ഡാനിഷ്‌ ശൈലികളും മൗണ്ട്‌ബാറ്റൺ സ്ഥാനപേരും ഉപേക്ഷിച്ച്‌ ഫിലിപ്പ്‌ ബ്രിട്ടീഷ്‌ പൗരനായി. തുടർന്ന്‌ അദ്ദേഹത്തെ എഡിൻബറോ ഡ്യൂക്കായി ജോർജ്‌ ആറാമൻ നാമകരണം ചെയ്തു. ആ ദാമ്പത്യത്തിൽ പിറന്ന നാല്‌ മക്കളും പ്രശസ്‌തർ. വെയിൽസ്‌ രാജകുമാരൻ ചാൾസ്‌, റോയൽ രാജകുമാരി ആനി, ഡ്യൂക്ക്‌ ഓഫ്‌ യോർക്ക്‌ ആൻഡ്രൂ രാജകുമാരൻ, വെസെക്‌സ്‌ പ്രഭു എഡ്വേർഡ്‌ രാജകുമാരൻ. 73 വർഷം നീണ്ട ദാന്പത്യത്തിന്‌ വിരാമമിട്ട്‌ ഫിലിപ്പ്‌ മരണമടഞ്ഞത്‌ 99ാം വയസ്സിൽ 2021 ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top