24 April Wednesday

ഈ നാളുകൾ ഓർമിപ്പിക്കുന്നത്; പുത്തലത്ത്‌ ദിനേശൻ എഴുതുന്നു

പുത്തലത്ത്‌ ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Oct 30, 2022

എണ്ണമറ്റ സമരങ്ങളുടെയും ത്യാഗനിർഭയമായ ഇടപെടലുകളുടെയും വലിയ ചരിത്രം കേരളത്തിന്റെ പിറന്നാളിന് പിന്നിലുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ഇന്ത്യയിലെ ജനങ്ങളെ ഏകീകരിക്കുന്നതിന് ഇടയാക്കി എന്ന കാര്യം ആ സമരത്തെ വിശകലനം ചെയ്യുമ്പോൾ കാൾ മാർക്സ് വ്യക്തമാക്കിയിരുന്നു. 

ഒറ്റ രാഷ്ട്രമായി രാജ്യം മാറുമ്പോൾ വൈവിധ്യമാർന്ന ഭാഷകളെയും സംസ്‌കാരങ്ങളെയും ഉൾക്കൊണ്ട് ഇത് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രശ്നവും ഒപ്പം ഉയർന്നുവന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 1920ൽ ഭാഷാ സംസ്ഥാനങ്ങൾ എന്ന ആശയം ദേശീയ പ്രസ്ഥാനം മുന്നോട്ടുവയ്‌ക്കുന്നത്. 

ആധുനിക കാലഘട്ടത്തിൽ ഭാഷ, സംസ്‌കാരം തുടങ്ങിയവയിൽ സവിശേഷതയുള്ള ദേശീയ ജനവിഭാഗങ്ങൾ ഉയർന്നുവരും. അവരുടെ വളർച്ചയ്‌ക്കുവേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന നിലപാടാണ് കമ്യൂണിസ്റ്റുകാർ സ്വീകരിച്ചത്. ഈ കാഴ്ചപ്പാടിന് പ്രായോഗിക രൂപം നൽകുന്നതിന് ഏറ്റവും ജനപിന്തുണ ഉണ്ടായിരുന്നു. ഇ എം എസിന്റെ ‘ഒന്നേകാൽ കോടി മലയാളികൾ’, ‘കേരളം മലയാളികളുടെ മാതൃഭൂമി’, ‘കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ’ എന്നീ കൃതികൾ ഈ  കാഴ്ചപ്പാടുകളെ ഓരോ ഘട്ടത്തിലും വികസിപ്പിച്ചു. 

‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ലഘുലേഖയിൽ ബ്രിട്ടീഷ് സംസ്ഥാനമായ മദിരാശി, നാട്ടുരാജ്യങ്ങളായ കൊച്ചി, തിരുവിതാംകൂർ തുടങ്ങിയ  പ്രദേശങ്ങളിൽ മലയാള ഭാഷ സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ളതും തൊട്ട് കിടക്കുന്നതുമായ പ്രദേശങ്ങളെ കേരള സംസ്ഥാനത്തിൽ ചേർക്കണമെന്ന നിലപാടാണ് ഇ എം എസ് മുന്നോട്ടുവച്ചത്. ഇത്തരത്തിൽ ചിതറിക്കിടക്കുന്ന നൂറുകണക്കിനു നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ്–-ഇന്ത്യൻ  സംസ്ഥാനങ്ങളെയും പുനർവിഭജിച്ച് ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ രൂപപ്പെടുത്തണമെന്നായിരുന്നു നിലപാട്‌. 

1946 ജൂലൈ 25ന് കൊച്ചി രാജാവ് ഒരു വിളംബരത്തിലൂടെ ഐക്യ കേരളത്തിന്റെ ഭാഗമാകാൻ സന്നദ്ധത പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ മുൻകൈയെടുത്ത് തൃശൂരിൽ ഐക്യ കേരള കൺവൻഷൻ ചേർന്നു. ഐക്യ കേരള കമ്മിറ്റിക്കും രൂപം നൽകി. 

ഐക്യ കേരള പ്രസ്ഥാനം വളർന്നുവരുന്നതിനിടയിൽ കൊച്ചി രാജാവടക്കമുള്ളവരുടെ സജീവ പങ്കിനെ കമ്യൂണിസ്റ്റ് പാർടി സ്വാഗതം ചെയ്തു. എന്നാൽ, അതിന്റെ ഉള്ളടക്കത്തിലെ ദൗർബല്യങ്ങൾ ചോദ്യം ചെയ്ത് ഒരു ലഘുലേഖ ഇ എം എസ് പ്രസിദ്ധീകരിച്ചു. കൊച്ചി രാജാവിന്റെ ഐക്യ കേരളം ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം എന്ന പേരിലായിരുന്നു അത്.

ജാതി മേധാവിത്വത്തെയും സാമ്രാജ്യത്വ ആധിപത്യത്തെയും അംഗീകരിക്കുന്ന കൊച്ചി രാജാവിന്റെ സമീപനത്തെ അത് തുറന്നുകാട്ടി. ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന കാഴ്ചപ്പാടിൽനിന്ന്‌ വ്യത്യസ്‌തമായി പരശുരാമന്റെ നാട് എന്ന നിലയിൽ മറ്റു ഭാഷകൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെയും ചേർത്തുനിർത്താനുള്ള സമീപനത്തെ കമ്യൂണിസ്റ്റ് പാർടി എതിർത്തു. പാർടി മുന്നോട്ടുവച്ച ഭാഷാ സംസ്ഥാനമെന്ന കാഴ്ചപ്പാടാണ് പിന്നീട് പ്രാവർത്തികമായത്.

രാജ്യത്തെ ഭിന്നിപ്പിക്കാൻ, നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്ര നിലപാട് എന്ന സമീപനം ബ്രിട്ടീഷുകാർ മുന്നോട്ടുവച്ചു. ഇതിനെ പിൻപറ്റി സ്വതന്ത്ര തിരുവിതാംകൂർ എന്ന കാഴ്ചപ്പാട് സർ സി പി കൊണ്ടുവന്നു. ഭരണം അമേരിക്കൻ മോഡലിൽ ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരായാണ് പുന്നപ്ര–വയലാർ പ്രക്ഷോഭം ഉയർന്നുവന്നത്.

കേരള സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാട് കമ്യൂണിസ്റ്റ് പാർടി മുന്നോട്ടുവച്ചു. 1956 ജൂണിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനം ഇതു സംബന്ധിച്ച ഒരു വികസനരേഖതന്നെ “പുതിയ കേരളം പടുത്തുയർത്തുവാൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ” എന്ന പേരിൽ അവതരിപ്പിച്ചു. ഇതാണ് 1957ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയുടെ പ്രകടന പത്രികയ്‌ക്ക് അടിസ്ഥാനമായത്. കേരള വികസനത്തിന് അടിത്തറയിട്ട കാഴ്ചപ്പാടുകൾ ഇതിലൂടെയാണ് ഉയർന്നുവന്നത്. 

സംസ്ഥാന രൂപീകരണത്തെ സംബന്ധിച്ച സംവാദങ്ങൾ മദിരാശി നിയമസഭയിലും ഉയർന്നു. കമ്യൂണിസ്റ്റുകാരായിരുന്ന സി എച്ച് കണാരൻ, കെ പി ഗോപാലൻ, ടി സി നാരായണൻ നമ്പ്യാർ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്ന ആശയത്തെ പിന്തുണച്ചു. ദക്ഷിണകാനറയുടെ ഭാഗമായിരുന്ന കാസർകോടിനെ മലബാറിൽ ചേർക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സജീവമായി. കാസർകോട്‌–- മലബാർ സംയോജനത്തിന്റെ ഭാഗമായി ഒരു മഹാ സമ്മേളനംതന്നെ ഇക്കാലത്ത് നടന്നു.

ഭാഷാ സംസ്ഥാനമെന്ന ആശയം കേരളത്തിലെ സാഹിത്യ കൃതികളിലും സാംസ്കാരിക സംഘടനകളിലുമെല്ലാം നേരത്തേ ഉയർന്നുവന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കേരളമെന്ന മഹാകാവ്യം ഇത്തരത്തിൽ ഒന്നായിരുന്നു. നവോത്ഥാന പാരമ്പര്യങ്ങളെ സ്വാംശീകരിച്ചാണ് കുമാരനാശാൻ മലയാളിയെ ചേർത്തുനിർത്തിയത്. വള്ളത്തോളാകട്ടെ കേരളീയ കലകളെ മുന്നിൽനിർത്തി, കേരളമെന്നു കേട്ടാൽ അഭിമാനപൂരിതമായി അന്തരംഗം മാറണമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. ഐക്യ കേരളമെന്ന പേരിൽ വിവിധ കലാ സമിതികളും ക്ലബ്ബുകളുമെല്ലാം രൂപീകരിക്കപ്പെട്ടു.

കാസർകോട്‌ താലൂക്ക് മലബാറിനോട് ചേർക്കണമെന്ന പ്രമേയം വേങ്ങയിൽ കുഞ്ഞിരാമൻനായർ അവതരിപ്പിച്ചു. 1937 മെയ് 26ന് തൃക്കരിപ്പൂരിൽനിന്ന് ടി സുബ്രഹ്മണ്യംതിരുമുൽപ്പാടിന്റെ നേതൃത്വത്തിൽ കാസർകോടുവരെ ജാഥ നടത്തി. 

1955 സെപ്തംബർ 30ന് സംസ്ഥാന പുനഃസംഘടനാ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 70 ശതമാനത്തിലേറെ പേർ ഒരു ഭാഷ സംസാരിക്കുന്ന പ്രദേശത്തെ മാത്രമേ ഭാഷാ യൂണിറ്റായി കണക്കാക്കപ്പെടുകയുള്ളൂ എന്ന മാനദണ്ഡം കമീഷൻ മുന്നോട്ടുവച്ചു. ചിറ്റൂർ, കാസർകോട്‌ താലൂക്കുകൾ ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ ഭാഗമായത്.

സംസ്ഥാന രൂപീകരണത്തെതുടർന്ന് ആദ്യമായി അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടു. ആഗോളവൽക്കരണ നയങ്ങൾ ശക്തിപ്പെട്ടതോടെ നമ്മുടെ നേട്ടങ്ങൾ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്ഥിതിവന്നു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിലൂടെ ഇത് മറികടക്കുന്നതിനുള്ള ഇടപെടൽ എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി. നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടും കോട്ടങ്ങൾ തിരുത്തിക്കൊണ്ടും നവകേരള സൃഷ്ടിയുണ്ടാകേണ്ടതിന്റെ പ്രാധാന്യം കേരള പഠന കോൺഗ്രസ്‌ എടുത്തു പറഞ്ഞു. 

അറിവ്‌ ഉൽപ്പാദിപ്പിച്ച് അതിനെ വികസന പ്രവർത്തനങ്ങളുമായി കണ്ണിചേർക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കുന്ന ഘട്ടമാണ് ഇത്. അതിലൂടെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കാനും അതിലൂടെ കേരള ജനതയുടെ ജീവിതം കൂടുതൽ വർണാഭമാക്കാനുമുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത്തരം പ്രവർത്തനങ്ങളെ പിന്തുണച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. 

നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്‌ക്കുകയും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ വികസിപ്പിക്കുകയും ചെയ്ത മൂല്യങ്ങൾ കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട കാലമാണ് ഇത്. ശാസ്ത്രബോധത്തെ ജീവിതത്തിന്റെ ഭാഗമായി വികസിപ്പിക്കണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മഹാപ്രസ്ഥാനം വികസിപ്പിക്കേണ്ടതുണ്ടെന്നും വർത്തമാനകാല സംഭവങ്ങൾ ഓർമപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top