24 April Wednesday

കൃഷ്‌ണസങ്കൽപ്പം കാലത്തിലൂടെ; പുത്തലത്ത്‌ ദിനേശൻ എഴുതുന്നു

പുത്തലത്ത്‌ ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Aug 21, 2022

ഇന്ത്യയിലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാം നിറഞ്ഞുനിൽക്കുകയും, വിവിധ ഭാവങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനംപിടിക്കുകയും ചെയ്‌തതാണ് കൃഷ്‌ണ‌ സങ്കൽപ്പം. ദൈവമായും ചരിത്രപുരുഷനായും സങ്കൽപ്പ കഥാപാത്രമായുമെല്ലാം പല രൂപത്തിൽ കൃഷ്ണനെ കാണുന്നവരുണ്ട്.

ആലിലയിൽ പെരുവിരൽ കടിച്ച് ശയിക്കുന്ന കൊച്ചുകുട്ടി, യശോദയുടെ മുന്നിൽ വികൃതി കാട്ടുന്ന ഉണ്ണിക്കണ്ണൻ, ഗോപികമാരുടെ - പ്രീയപ്പെട്ട കാമുകൻ അങ്ങനെ ഭാവങ്ങൾ പലതായി കൃഷ്ണ ബിംബം നിറഞ്ഞുനിൽക്കുന്നു. ഭഗവത്ഗീതയിൽ ദാർശനികനായും - പ്രത്യക്ഷപ്പെടുന്നുണ്ട്. ചക്രം ചുഴറ്റുന്ന പോരാളി, നയതന്ത്രജ്ഞൻ, - സുഹൃത്ത്, രാജ്യതന്ത്രജ്ഞൻ അങ്ങനെ മുഖങ്ങൾ പലതായി നമ്മുടെ സാഹിത്യങ്ങളിൽ കൃഷ്‌ണൻ നിറഞ്ഞുനിൽക്കുന്നു.

‘ചാതുർവർണ്യം, മയാസൃഷ്ടം’ എന്ന സിദ്ധാന്തം മുന്നോട്ടുവച്ച കൃഷ്ണന്റെ കാഴ്ചകൾ വിമർശത്തിന് വിധേയമായിട്ടുണ്ട്. ചതിവിലൂടെ എതിരാളികളെ വീഴ്‌ത്തുന്ന കൗശലക്കാരനായ കൃഷ്ണൻ ഏറെ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. ‘കൊല്ലിക്കയത്രേ നിനക്ക് രസമെടോ’ എന്ന് ഗാന്ധാരിയെക്കൊണ്ട് തന്നെ എഴുത്തച്ഛൻ കൃഷ്ണനെ വിമർശിച്ചിട്ടുണ്ട്.

ജീവിതാന്ത്യത്തിൽ തന്റെ കുലം മുഴുവൻ തകരുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടിവന്ന കൃഷ്ണന്റെ അനുഭവങ്ങളും രേഖപ്പെടുത്തുന്നുണ്ട്. വേടന്റെ അമ്പേറ്റ് മരണത്തിലേക്ക് നടന്നടുക്കുന്ന അന്ത്യകാലവും കൃഷ്ണ ബിംബത്തിന്റെ സവിശേഷതയായി നിൽക്കുന്നു. - ഗ്രീക്ക് പുരാണത്തിൽ കാലിൽ അമ്പേറ്റ് മരണപ്പെട്ട അമ്ലസിന്റെയും, ഏഴ് - തലയുള്ള ഹൈഡ് എന്ന സർപ്പത്തെ വധിച്ച ഹെരാക്ലസിനെയുംപോലുള്ള കഥാപാത്രങ്ങളുമായുള്ള സാമ്യവും കാണാം.

കിഴക്കൻ ഗംഗാ തടങ്ങളിലെ ആദ്യകാല ജനതയുടെ നായകനോ, ദേവരൂപമോ ആയി പ്രത്യക്ഷപ്പെടുകയായിരുന്നു കൃഷ്ണ ബിംബം. ചരിത്രത്തിന്റെ വികാസത്തിനൊപ്പം പുതിയ ഭാവങ്ങളും രൂപങ്ങളും സ്വീകരിച്ച് വിവിധ ഭാവനകളിലൂടെയും പലഘട്ടങ്ങളുടെ ആവശ്യങ്ങളിലൂടെയും വളർന്നുവരികയായിരുന്നു. ഓരോ കാലഘട്ടത്തിലും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും വികസിക്കുകയായിരുന്നു കൃഷ്ണ സങ്കൽപ്പം. - വൈവിധ്യപൂർണമായ ഈ വൈരുധ്യങ്ങൾ എന്തുകൊണ്ട് - ഉണ്ടാകുന്നുവെന്ന് പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഡി ഡി കൊസാംബിയും റൊമിലാ ഥാപ്പറും ഇരാവതികാർവെയും ഉൾപ്പെടെയുള്ളവർ ഇതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സുനിൽ പി ഇളയിടം ഈ രംഗത്തുണ്ടായ പഠനങ്ങളെയെല്ലാം വിശകലനം ചെയ്‌ത്‌ അവതരിപ്പിക്കുന്നുമുണ്ട്.

മനുഷ്യ സമൂഹത്തിൽ ആരാധനയുടെ രൂപങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യങ്ങളിൽ - നിന്നാണെന്ന് എംഗൽസ് തന്റെ പ്രസിദ്ധമായ ‘ആന്റി ഡറിങ്‌’ എന്ന കൃതിയിൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. മനുഷ്യ ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ മനുഷ്യർക്ക് പ്രകൃതി ശക്തികളെയായിരുന്നു വശത്താക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ പ്രകൃതി ആരാധന ആ കാലഘട്ടത്തിന്റെ സവിശേഷതയായി. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വേദങ്ങളെന്ന് എംഗൽസ് എടുത്തുപറയുന്നുണ്ട്. ഇന്ദ്രനും അഗ്നിയും വരുണനുമെല്ലാം ഇത്തരത്തിൽ പ്രകൃതിശക്തികളുടെ പ്രതീകമെന്ന നിലയിലാണ് പ്രത്യക്ഷപ്പെട്ടത്.

സമൂഹത്തിന്റെ വികാസത്തിന്റെ ഭാഗമായി ഇത്തരം ദൈവ സങ്കൽപ്പങ്ങൾക്ക് മാറ്റമുണ്ടാകുന്നു. പ്രകൃതിയെ മനുഷ്യൻ നിയന്ത്രിക്കാൻ തുടങ്ങുകയും, അവരുടെ ആവശ്യങ്ങൾ മാറുകയും ചെയ്തതോടെ ദൈവ - സങ്കൽപ്പങ്ങൾക്കും സ്ഥാനങ്ങൾക്കും മാറ്റമുണ്ടായി. വസൂരി മാറുന്നതോടെ വസൂരിമാലയെന്ന ദൈവ സങ്കൽപ്പം അവസാനിക്കുന്നു. ചിലത് അപ്രത്യക്ഷമാകുമ്പോൾ മറ്റുപല ബിംബങ്ങളും മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വികസിച്ച് മുന്നോട്ടുവരും. ഈ മാറ്റങ്ങൾ മനസ്സിലാക്കുന്നതിന് സഹായകമാണ്‌ കൃഷ്ണ ബിംബത്തിന്റെ വികാസ പരിണാമങ്ങൾ.

വേദങ്ങളിൽ കൃഷ്ണനെ കാണാവുന്നത് ഇന്ദ്രനുമായി നേരിട്ട് - ഏറ്റുമുട്ടുന്ന അസുരനായാണ്. ഇന്ദ്രകോപത്തിൽനിന്ന് രക്ഷപ്പെടാൻ ഗോവർധനഗിരി ഉയർത്തുന്ന പിൽക്കാല ചിത്രം ഋഗ്വേദത്തിലെ ഇന്ദ്രനും കൃഷ്ണനും തമ്മിലുള്ള പോരിന്റെ സ്മൃതികളിൽനിന്ന് രൂപപ്പെട്ടതാകാം.

കാർഷിക സമൂഹത്തിന്റെ വളർച്ചയോടെ അതിനനുസൃതമായ - രീതിയിലേക്ക് കൃഷ്ണ സങ്കൽപ്പം വികസിച്ചു. ഖാണ്ഡവ വനം കത്തിച്ച് അവിടെ കൊട്ടാരം പണിയുന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ ഇടപെടൽ കാർഷിക സമൂഹത്തിന്റെ വികാസത്തിന് നേതൃത്വം - കൊടുക്കുന്ന നായക ബിംബമായി മാറ്റുന്നതിന്റെ ഫലമായിരുന്നു. ഇടയ സമൂഹത്തിന്റെ പ്രതീകമായിരുന്ന കൃഷ്ണ സങ്കൽപ്പത്തെ കാർഷിക ജീവിതത്തിന്റെ പ്രതീകമായി വളർത്തിയെടുക്കുന്ന ഇടപെടലുകളാണ് ഖാണ്ഡവ ദഹനത്തിലൂടെ കാണുന്നത്. ചക്രമേന്തിയ കൃഷ്ണനാകട്ടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന - ഒരു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലും.  ഇങ്ങനെ കാർഷിക സമൂഹത്തിന്റെയും പശുപാലക സമൂഹത്തിന്റെയും കൂടിച്ചേരലിന്റെ പ്രതീകമായി പിന്നീട് കൃഷ്ണ സങ്കൽപ്പം വളർന്നുവികസിച്ചു.

മഹാഭാരത യുദ്ധത്തിലാണെങ്കിൽ ഒരേ ഗോത്രത്തിലുള്ളവരെ - കൊലപ്പെടുത്തരുതെന്ന ഗോത്ര നീതിയാണ് അർജുനൻ മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ യുദ്ധം ചെയ്യുകയാണ് ക്ഷത്രിയ ധർമമെന്ന് ഓർമപ്പെടുത്തുന്ന ചാതുർവർണ്യ കാഴ്ചപ്പാടിന്റെ പ്രതീകമായി കൃഷ്ണൻ ഇവിടെ മാറുന്നു.

ബ്രാഹ്മണീകരണത്തിന്റെ കാലമാകുമ്പോൾ വിഷ്ണുവിന്റെ പ്രതീകമായി കൃഷ്ണൻ മാറി. ബുദ്ധ ധർമത്തെ - കീഴ്പ്പെടുത്തുന്ന ഗുപ്ത കാലഘട്ടമെത്തുമ്പോൾ അവരുടെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്ന രൂപമാറ്റം കൃഷ്ണ സങ്കൽപ്പത്തിനുണ്ടാകുന്നു. - മധ്യകാല ഭക്തിപ്രസ്ഥാനത്തിന്റെ പാരമ്പര്യമാകുമ്പോഴേക്കും ഇന്ദ്രിയാത്മകമായ പുതിയ പരിവേഷത്തിലേക്ക് എത്തപ്പെടുന്നു. ഇതിന്റെ ഫലമായാണ് ഗോപികമാരുടെ വസ്ത്രം കവരുന്ന കൃഷ്ണ സങ്കൽപ്പം രൂപപ്പെട്ടത്. തുടർന്ന് ഇന്ത്യയിലെ മിക്ക ആവിഷ്കാരങ്ങളിലേക്കും അത് വളരുന്നു. ബാലനായും കാമുകനായും - മധ്യകാലത്ത് കൃഷ്ണ ബിംബം വികസിക്കുകയായിരുന്നു. 

ഭഗവത്‌ഗീത മുഴക്കുന്നയാളായാണ്‌  കൃഷ്ണനെ വിവേകാനന്ദൻ കണ്ടത്. - ഗാന്ധിജിയാകട്ടെ ഭഗവത്‌ഗീതയെ ജീവിത പ്രശ്നങ്ങളുടെ പരിഹാരമെന്ന രീതിയിലും. ശ്യാമമാധവം പോലുള്ള കൃതികളിൽ ‘കണ്ണടച്ചാൽ അശ്രുകണമെന്നോണം തുളുമ്പുന്ന’ കൃഷ്ണരൂപമാണ്. കൃഷ്ണ മനസ്സ്‌ വായിക്കുന്ന ഒരാളുടെ രീതിയിലാണ് ഇത് - എഴുതപ്പെട്ടിട്ടുള്ളത്. 

- ചരിത്രത്തിന്റെ വികാസഘട്ടങ്ങളിൽ തുടർച്ചയായി മാറ്റങ്ങൾക്ക് വിധേയമായി പുതിയ രൂപങ്ങളും ഭാവങ്ങളുമാർജിച്ച് മുന്നേറുകയായിരുന്നു കൃഷ്ണ സങ്കൽപ്പം. ഹിന്ദുത്വ പ്രത്യയശാസ്ത്രം മിത്തുകളെ രാഷ്ട്രീയ - ആവശ്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങൾ നടത്തുന്ന - ഘട്ടംകൂടിയാണിത്. ഹിന്ദുത്വ രാഷ്‌ട്രീയത്തെ - പ്രതിരോധിക്കുന്നതിന് എല്ലാത്തിനെയും ചരിത്രവൽക്കരിക്കാൻ കഴിയുന്ന - സമീപനം വികസിപ്പിക്കുക എന്നത് പ്രധാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top