01 April Saturday

മനുഷ്യജീവിതത്തിന് വിലയില്ലെന്ന് വിധിയെഴുതുന്നവര്‍...നോട്ട്‌ നിരോധന വിധിയെപ്പറ്റി

പ്രൊഫ. ആര്‍. രാംകുമാര്‍Updated: Saturday Jan 14, 2023

പ്രൊഫ. ആര്‍. രാംകുമാര്‍

പ്രൊഫ. ആര്‍. രാംകുമാര്‍

2021ല്‍ പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'വിയോജിപ്പുള്ള കുറിപ്പുകള്‍' എന്ന തന്‍റെ പുസ്തകത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ എഴുതുന്നുണ്ട്: 'വിയോജിച്ചുള്ള വിധിന്യായങ്ങള്‍ക്ക് ഭൂരിപക്ഷ വിധി സമൂഹത്തില്‍ പൊതുവെ വരുത്തിയേക്കാവുന്ന അപകടത്തെ മുന്‍കൂട്ടിപ്പറയാന്‍ കഴിയും...വിയോജിച്ചുള്ള വിധികള്‍ ഭൂരിപക്ഷത്തിന്‍റെ നിയമ വിശകലനത്തിലെ പിഴവുകള്‍ പ്രകടമാക്കുന്നു... ഭാവിയിലെ ഒരു കേസില്‍ കോടതി അതിന്‍റെ വഴികളിലെ പിഴവുകള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ ഒരു തിരുത്തലായി അത്തരം വിധികള്‍ നിലനില്‍ക്കുന്നു'.

ആധാര്‍ കേസിലെ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്‍റെ വിയോജിച്ചുള്ള വിധി അടുത്തകാലത്ത് വന്ന  ശ്രദ്ധേയമായ വിധിയായിരുന്നു. അതുപോലെതന്നെ ശ്രദ്ധേയമായ വിധിയാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജനുവരി രണ്ടിന്‌  വിധി പറഞ്ഞ കേസില്‍ ജസ്റ്റിസ് ബി. വി. നാഗരത്നയുടേതായുണ്ടായത്. 4:1 എന്ന കണക്കില്‍ നോട്ടുനിരോധനം ഭരണഘടനാപരമായിരുന്നു എന്ന് സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്നത് ജസ്റ്റിസ് നാഗരത്നയുടെ ശക്തവും ഗൗരവതരമായതുമായ വിയോജിച്ചുള്ള അഭിപ്രായങ്ങളാണ്.

സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും യുക്തിരഹിതമായ സര്‍ക്കാര്‍ തീരുമാനമെന്ന് ചരിത്രം തീര്‍ച്ചയായും വിധിയെഴുതുമെന്നുറപ്പുള്ള, 150ലേറെ പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ, ഇന്ത്യന്‍ സമ്പദ്ഘടനയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട, നോട്ടുനിരോധനത്തിനെതിരെ അനവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.

ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ എല്ലാവര്‍ക്കും ഉറപ്പുള്ള രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, നോട്ടുനിരോധനം സൈദ്ധാന്തികമായി ശരിയോ തെറ്റോ എന്ന വിഷയം കോടതി പരിഗണിക്കില്ല. കാരണം, നയം തീരുമാനിക്കുന്നത് എക്സിക്യുട്ടീവിന്‍റെ പരമാധികാരമാണ്. രണ്ട്, നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങള്‍ കൈവരിക്കപ്പെട്ടോ എന്ന വിഷയവും കോടതി പരിഗണിക്കില്ല. കോടതി ആകെ പരിശോധിക്കുക നോട്ടുനിരോധനം പൗരന്‍റെ ഏതെങ്കിലും ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നുണ്ടോ, അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ നടപടിക്രമങ്ങള്‍, ഭരണഘടന നിര്‍വചിട്ടുള്ളത്, പാലിച്ചുള്ളതായിരുന്നോ എന്നത് മാത്രമായിരിക്കും. അത് മാത്രമേ ഒരു കോടതിക്ക് പരിഗണിക്കാന്‍ കഴിയൂ. അതിനാല്‍തന്നെ, ഈ കേസിന്‍റെ അന്തിമ വിധി നോട്ടുനിരോധനത്തെ സൈദ്ധാന്തികമായി ശരിവെക്കുകയോ അത് നാടിന് ഗുണം ചെയ്തു എന്ന് പറയുകയോ ചെയ്തിട്ടില്ല.

പിന്നെയെന്തായിരുന്നു കേസിനാധാരമായ വാദങ്ങള്‍? സുപ്രീം കോടതിയുടെ തന്നെ അഭിപ്രായപ്രകാരം ഏകദേശം ഏഴ് ചോദ്യങ്ങളാണ് പരിശോധിക്കപ്പെട്ടത്. 2016 നവംബര്‍ 8ലെ ഗസറ്റ് വിജ്ഞാപനം 1934ലെ ആര്‍ബിഐ നിയമപ്രകാരം  ഭരണഘടനാപരമായിരുന്നോ? ഈ വിജ്ഞാപനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300എ യുടെ ലംഘനമാണോ? നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ അറിയിപ്പുകള്‍ ഭരണഘടനാപരമാണോ? പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണോ? ഈ നിയന്ത്രണങ്ങള്‍ നിയമപ്രകാരമാണോ പുറപ്പെടുവിക്കപ്പെട്ടത്? നോട്ടുകള്‍ നിരോധിക്കാന്‍ എടുത്ത തീരുമാനത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണാധികാരത്തിന്‍റെ അമിതമായ ഡെലിഗേഷന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണോ?

ഈ ചോദ്യങ്ങളിലൊന്നും നോട്ടുനിരോധനത്തിന്‍റെ ശരിയും തെറ്റും പരിശോധിക്കുന്നില്ല. വളരെ ഇടുങ്ങിയ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നാണ് കോടതിയുടെ പരിശോധന. ആ ഇടുങ്ങിയ ചട്ടക്കൂടിന്‍റെ എല്ലാ പരിമിതിയും പ്രശ്നങ്ങളും വിധിയിലുണ്ടുതാനും. ചില അവസരങ്ങളില്‍ അങ്ങേയറ്റം പ്രതിലോമകരമായ ചില അഭിപ്രായങ്ങളും ഭൂരിപക്ഷ വിധിയില്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, വെയിലത്ത് ക്യൂ നിന്ന് മരണപ്പെട്ട വ്യക്തികളുടെ കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടതെടുത്ത്, അതിനെ ഉത്തര്‍പ്രദേശിലെ ഭൂപരിഷ്കരണ നിയമത്തിന്‍റെ നിര്‍വഹണവുമായി ബന്ധപ്പെടുത്തി, 1981ല്‍ വന്ന ഒരു പഴയ വിധിയെ ഭൂരിപക്ഷ വിധി പരാമര്‍ശിക്കുന്നുണ്ട്.

വലിയ ഭൂവുടമകളുടെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും കുടിയാന്മാര്‍ക്കും നല്‍കുന്നത് ചിലപ്പോള്‍ ചിലര്‍ക്ക് കഠിനമായ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിച്ചേക്കാമെന്നും എന്നാല്‍ അതിനെ പൊതുനന്മയ്ക്കായി എന്നു കണ്ട് അവഗണിക്കണമെന്നുമാണ് ആ വിധിയില്‍ പറഞ്ഞിരുന്നത്. തീര്‍ത്തും അനവസരത്തില്‍തന്നെ ആ വിധി പരാമര്‍ശിച്ചുകൊണ്ട് ഭൂരിപക്ഷ വിധി നോട്ടുനിരോധനത്തെ കുറിച്ചെഴുതുന്നതിങ്ങനെ:

'ഈ നിയമം ഗുരുതരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെന്ന് കണ്ടെത്തിയെങ്കിലും, നിയമം വിലപ്പെട്ട സാമൂഹിക നിയമനിര്‍മ്മാണമാണെന്ന്' കോടതി വിലയിരുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ നിര്‍ദ്ദേശങ്ങളിലൊന്ന് നടപ്പിലാക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയതെന്ന് കോടതി വിലയിരുത്തി. ഈ പ്രക്രിയയില്‍ കുറച്ച് വ്യക്തികള്‍ കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, അത് ഒഴിവാക്കാനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഓരോ ശ്രേഷ്ഠമായ കാരണവും അതിന്‍റെ പേരിലുള്ള രക്തസാക്ഷിത്വം അവകാശപ്പെടുന്നതുപോലെ, വ്യക്തിതാല്‍പ്പര്യങ്ങള്‍ സമൂഹത്തിന്‍റെയോ രാജ്യത്തിന്‍റെയോ വലിയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് കോടതി തുടര്‍ന്ന് പറഞ്ഞു.

എല്ലാ മാനുഷിക മൂല്യങ്ങളെയും ഉലച്ചുകളയുന്ന ഈ വിധിഭാഗത്തിന് 2016 നവംബര്‍ 8ന് രാത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞ കാര്യങ്ങളുമായി വലിയ ദൂരമില്ല. തീവ്രദേശീയതയുടെ മഹത്വം വിളിച്ചോതാന്‍ ശ്രമിക്കുന്ന ഒരു അഭിസംബോധനയായിരുന്നു അന്ന് മോഡി നടത്തിയത്. 'മഹത്തായ രാഷ്ട്രത്തിന്‍റെ' പുരോഗതി ഉറപ്പാക്കാന്‍, രാജ്യത്തെ 'ശുദ്ധീകരിക്കണം'; രാഷ്ട്രത്തിന്‍റെ പുരോഗമനത്തിന് 'താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍' അവഗണിച്ച് 'മഹാത്യാഗങ്ങള്‍' ചെയ്യാന്‍ തയ്യാറായി ജനങ്ങള്‍ അവരുടെ 'സംഭാവന' നല്‍കേണ്ടി വരും. 'സമഗ്രതയുടെയും വിശ്വാസ്യതയുടെയും ഉത്സവത്തില്‍' അണിചേരാന്‍ 'സവ സൗ കരോഡ് ദേശവാസി'കളോടുള്ള ആഹ്വാനത്തോടെയും 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യത്തോടെയുമാണ് അന്ന് മോദിയുടെ പ്രസംഗം അവസാനിച്ചത്.

തീവ്രദേശീയതയുടെ സ്വാധീനം ജുഡീഷ്യറിയിലും എത്രമാത്രം കടന്നുകയറിയിട്ടുണ്ട് എന്ന് കാണിക്കുന്നതാണ് അതേ സ്പിരിറ്റിലുള്ള കോടതിയുടെ ഭൂരിപക്ഷ വിധിയിലെ ഈ ഭാഗം. ഭൂരിപക്ഷ വിധിയിലെ ഞെട്ടിക്കുന്ന ഈ ഭാഗത്തെക്കുറിച്ച് പ്രമുഖ നിയമ വിദഗ്ധനും നിരീക്ഷകനുമായ ഗൗതം ഭാട്ടിയ എഴുതുന്നതിങ്ങനെ: 'ഇങ്ങനെ വിധി പറയുമ്പോള്‍ ഭൂരിപക്ഷ വിധിയില്‍ കാണുന്നത് മനുഷ്യജീവിനോടുള്ള നിസ്സംഗതയും അവഗണനയും മാത്രമല്ല. അതിലും മോശമാണ് ഈ നിലപാട്: മരിച്ചവര്‍ എങ്ങനെ, എന്തിന് മരിച്ചുവെന്ന് സത്യസന്ധമായി സമൂഹം അംഗീകരിക്കുന്നതിന്‍റെ അന്തസ്സ് അത് മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിഷേധിക്കുന്നു.

പകരം, രക്തസാക്ഷിത്വത്തിന്‍റെ കീറിയ പതാകകൊണ്ട് അവരെ പൊതിയാന്‍ ശ്രമിക്കുന്നു. ഈ കേസിന്‍റെ വിധി ഏറെ നാളുകള്‍ക്കുശേഷം പൊടിപിടിച്ച് കിടക്കുമ്പോഴും, നോട്ടുനിരോധനം ഒരു ഓര്‍മ്മയായി മാറിയതിന് ശേഷവും, നമ്മുടെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഒരു മായാത്ത കളങ്കമായി ഈ വരികള്‍ നിലനില്‍ക്കും'.മറ്റു ചില ഗുരുതര പ്രശ്നങ്ങളും കോടതി നടപടികളിലുണ്ടായി. ഭൂരിപക്ഷ വിധിയില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ആധാരമായി കോടതി ഉപയോഗിച്ച രേഖകള്‍ ഹിയറിംഗ് കഴിഞ്ഞ് സമര്‍പ്പിച്ച രഹസ്യ രേഖകളായിരുന്നു. ആ രേഖകള്‍ കാണാനോ അതിനെക്കുറിച്ച് പ്രതികരിക്കാനോ കോടതി ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കിയില്ല. ആ രേഖകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമല്ല. 'സീല്‍ഡ് കവര്‍' വിധികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ (റഫാല്‍ വിധി ഓര്‍ക്കാം) കാലശേഷം അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയതെങ്കില്‍ തെറ്റിയെന്ന് തോന്നുന്നു.

നമുക്ക് വിധിയിലെ ചോദ്യങ്ങളിലേക്ക് മടങ്ങി വരാം. ഏഴ് ചോദ്യങ്ങളുണ്ടെങ്കിലും രണ്ടു പ്രധാന പ്രശ്നങ്ങള്‍ക്കുള്ള മറുപടിയായാണ് കോടതി വിധിയില്‍ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്.

ഈ രണ്ട് പ്രശ്നങ്ങളാണ് തീരുമാനം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുന്നതിന്‍റെ കാതല്‍. 1934ലെ ആര്‍ബിഐ നിയമത്തിന്‍റെ സെക്ഷന്‍ 26 (2) പ്രകാരം ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്‍റെ ശുപാര്‍ശ അനുസരിച്ച്, കേന്ദ്ര സര്‍ക്കാരിന്‍റെ ഗസറ്റിലെ വിജ്ഞാപനം വഴി, വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്ന തീയതി മുതലുള്ള പ്രാബല്യത്തോടെ, 'ഏതെങ്കിലും സീരീസിലുള്ള' ബാങ്ക് നോട്ടുകള്‍ നിയമപരമായ ടെന്‍ഡര്‍ ആകുന്നത് നിര്‍ത്തലാക്കാം.

അവിടെ നിന്നാണ് രണ്ട് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത്: ഒന്ന്, 'ഏതെങ്കിലും സീരീസ്' എന്നാല്‍ അതില്‍ 'എല്ലാ സീരീസിലും ഉള്ള ബാങ്ക് നോട്ടുകളും' ഉള്‍പ്പെടുന്നുണ്ടോ? രണ്ട്, 'കേന്ദ്ര ബോര്‍ഡിന്‍റെ ശുപാര്‍ശയില്‍' എന്ന വാചകത്തില്‍ സര്‍ക്കാരിനും ആര്‍ബിഐക്കും എന്ത് പങ്കാണ് നിര്‍വചിച്ചിട്ടുള്ളത്?

ഈ രണ്ട് പ്രശ്നങ്ങളെയും ഭൂരിപക്ഷ വിധി സമീപിക്കുന്നത് അങ്ങേയറ്റം വൈരുദ്ധ്യപരമായാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിലും ഈ വൈരുദ്ധ്യം തെളിഞ്ഞുകാണാം. ഒന്ന്, 'ഏതെങ്കിലും സീരീസിലുള്ള' എന്നതിനര്‍ത്ഥം 'എല്ലാ സീരീസിലും ഉള്ള' എന്നാണെങ്കില്‍ അവിടെ സര്‍ക്കാരിന് 'അമിതമായ അധികാര ഡെലിഗേഷന്‍' നല്‍കുന്നു എന്ന ഭരണഘടനാപരമായ പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. കാരണം, എന്തടിസ്ഥാനത്തിലാണ് ഈ വിപുലമായ അധികാരം പ്രയോഗിക്കേണ്ടത് എന്നതിനെപ്പറ്റി പ്രസ്തുത നിയമത്തില്‍ ഒന്നും പറയുന്നില്ല.

ഹര്‍ജിക്കാരുടെ ഈ വാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതിതാണ്: അമിതമായ ഡെലിഗേഷന്‍ എന്ന പ്രശ്നം ഇവിടെയില്ല; കാരണം, ആര്‍ബിഐ നിയമപ്രകാരം, ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് നില്‍ക്കുന്നത്. മാത്രമല്ല, അത് വിദഗ്ദ്ധര്‍ അടങ്ങിയ ഒരു ബോഡിയാണ്. അതിനാല്‍ പരിശോധനയും സമതുലിതയും ഇവിടെ ഉറപ്പുവരുത്തപ്പെടുന്നുണ്ട്.

ശരി, അങ്ങിനെയാകട്ടെ. പക്ഷേ, അങ്ങിനെ പറഞ്ഞശേഷം രണ്ടാമത്തെ പ്രശ്നം കൈകാര്യം ചെയ്യുമ്പോഴാണ് ഇതിന് നേര്‍വിപരീതമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മേല്‍പറഞ്ഞത് ശരിയാണെങ്കില്‍ 'കേന്ദ്ര ബോര്‍ഡിന്‍റെ ശുപാര്‍ശയില്‍' എന്നു പറയുമ്പോള്‍ ആര്‍ബിഐ അല്ലേ ഈ പ്രക്രിയ മുഴുവന്‍ ആരംഭിക്കേണ്ടത്? അങ്ങിനെയല്ല 2016ല്‍ ഉണ്ടായത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം; അന്നത്തെ നോട്ടുനിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരാണല്ലോ പ്രക്രിയ ആരംഭിച്ചത്? അപ്പോള്‍ അതിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് ആര്‍ബിഐയുടെ ജോലി എക്സിക്യൂട്ടിവുമായി സഹകരിച്ചുപോകലാണ് (collaboration) എന്നാണ്. അതായത്, ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന തലത്തിലല്ല എന്നര്‍ത്ഥം. പക്ഷെ അങ്ങനെയല്ലല്ലോ ആദ്യ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്!

കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിലെ ഈ വൈരുദ്ധ്യങ്ങള്‍ ഭൂരിപക്ഷ വിധി കാണുന്നേയില്ല. മറിച്ച്, ഈ വൈരുദ്ധ്യപൂര്‍ണമായ സമീപനത്തിന് ഒട്ടും യുക്തിസഹമല്ലാത്ത രീതിയില്‍ ന്യായീകരണം ചമയ്ക്കുകയാണ് ഭൂരിപക്ഷ വിധിയില്‍ കോടതി ചെയ്തത്. മറുവശത്ത്, ഈ വൈരുദ്ധ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തി, ഭൂരിപക്ഷ വിധിയെ കീറി മുറിച്ച്, അതിലെ യുക്തിരാഹിത്യങ്ങള്‍ ഒന്നൊന്നായി പട്ടിക രൂപത്തില്‍ തന്നെ നിരത്തിയുള്ള, ഒരു ഗംഭീര രേഖയാണ് ജസ്റ്റിസ് നാഗരത്നയുടെ വിയോജിച്ചുള്ള വിധി.

ഭൂരിപക്ഷ വിധി പ്രകാരം, നോട്ടുനിരോധനത്തിന്‍റെ ഗസറ്റ് വിജ്ഞാപനം ഭരണഘടനാപരമായിരുന്നുവെന്ന് കണക്കാക്കാം. കാരണം, ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. അത് മതിയാകും. പക്ഷെ, അത് മതിയാവില്ല എന്നാണ് ജസ്റ്റിസ് നാഗരത്ന പറയുന്നത്. 1934ലെ ആര്‍ബിഐ നിയമത്തിന്‍റെ സെക്ഷന്‍ 26 (2)ല്‍ 'അമിതമായ അധികാര ഡെലിഗേഷന്‍' ഇല്ല എന്ന് വരണമെങ്കില്‍ 'ഏതെങ്കിലും സീരീസ്' എന്നതിനര്‍ത്ഥം 'എല്ലാ സീരീസിലും' ഉള്ള ബാങ്ക് നോട്ടുകള്‍ എന്നാവാന്‍ പാടില്ല (അതാണല്ലോ നോട്ടുനിരോധനത്തില്‍ ഉണ്ടായത്; അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും എല്ലാ നോട്ടുകളും പിന്‍വലിച്ചിരുന്നല്ലോ). 'എല്ലാ സീരീസിലും' ഉള്ള ബാങ്ക് നോട്ടുകളും എന്നതാണര്‍ത്ഥമെങ്കില്‍ സെക്ഷന്‍ 26 (2) പ്രകാരം 2016ല്‍ നടന്ന നോട്ടുനിരോധനം അസാധുവാകും.അതിനര്‍ത്ഥം 'എല്ലാ സീരീസിലും' ഉള്ള ബാങ്ക് നോട്ടുകളും പിന്‍വലിക്കാന്‍ ഒരിക്കലും കഴിയില്ലെന്നല്ല. സര്‍ക്കാരിന് ഒരു നിയമം വഴി അത് ചെയ്യാന്‍ കഴിയും. അങ്ങിനെ ചെയ്യുമ്പോള്‍ എക്സിക്യൂട്ടീവിന്‍റെ അമിതമായ അധികാരത്തെ നിയന്ത്രിക്കാന്‍ അവിടെ പാര്‍ലമെന്‍റിന്‍റെ പരിശോധന വരും. അങ്ങിനെ പാര്‍ലമെന്‍റിനെ ഉള്‍പ്പെടുത്തിക്കൊണ്ടേ 'എല്ലാ സീരീസിലും' ഉള്ള ബാങ്ക് നോട്ടുകളും നിരോധിക്കാന്‍ കഴിയൂ. തീരുമാനം അപ്പോള്‍ എങ്ങിനെ രഹസ്യമാക്കിവെക്കാനാകും എന്നതാണ് മറുചോദ്യമെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് വഴി കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരം സര്‍ക്കാരിനുണ്ട് എന്നതാണുത്തരം. അങ്ങിനെയാണ് 1978ലെ നോട്ടുനിരോധനവും നടപ്പില്‍വന്നത്. 2016ലെ നോട്ടുനിരോധനത്തെക്കുറിച്ചുള്ള എന്‍റെ പുസ്തകത്തില്‍ ('നോട്ട്ബന്ദി', ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്, ഡല്‍ഹി) ഞാന്‍ ഈ ചരിത്രത്തെക്കുറിച്ച് വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.

അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഐ. ജി. പട്ടേല്‍ നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നില്ല. എന്നിട്ടും, ആര്‍ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍. ജാനകിരാമനെ 1978 ജനുവരി 14ന് 'രൂപയുടെ വിനിമയ നിയന്ത്രണ'വുമായി ബന്ധപ്പെട്ട ഒരു 'അടിയന്തര ജോലി'ക്കായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ വഴി അറിയിച്ചു. ജാനകിരാമന്‍ മറ്റൊരു ഉദ്യോഗസ്ഥനായ എം.സുബ്രഹ്മണ്യനോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെക്കുറിച്ച് രഹസ്യമായി അവരോട് പറഞ്ഞു. തങ്ങളുടെ മുംബൈ ഓഫീസുമായി ആശയവിനിമയം പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ട ആ രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിയോഗം 'ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍' ഒരു ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കലാണ്. അവര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് 1978 ജനുവരി 16ന് രാവിലെ രാഷ്ട്രപതിയുടെ ഒപ്പിനായി അയച്ചു. അന്നുതന്നെ ആകാശവാണിയുടെ രാവിലെ 9 മണിക്കുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത പ്രഖ്യാപിച്ചു. ഇതാണ് ശരിയായ രീതി. ഇതല്ല 2016ല്‍ സംഭവിച്ചത്.

2016ല്‍ എന്താണ് സംഭവിച്ചത്? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ആറ് മാസമായി അവരും ആര്‍ബിഐയുമായി ചര്‍ച്ചകള്‍ നടന്നുവന്നിരുന്നു എന്നാണ്. പക്ഷെ, ആര്‍ബിഐയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ കെ. സി. ചക്രബര്‍ത്തിയുടെ അഭിപ്രായത്തില്‍, നോട്ട് അസാധുവാക്കലിനെക്കുറിച്ച് ആര്‍ബിഐയുടെ അഭിപ്രായം തേടുമ്പോഴെല്ലാം വേണ്ട എന്നാണ് അവര്‍ ഉപദേശിച്ചിരുന്നത്.

മുന്‍ഗവര്‍ണര്‍ രഘുറാം രാജനും നോട്ടുനിരോധനത്തിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നു. 2017ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'എന്‍റെ ഭരണകാലത്ത് ഒരു ഘട്ടത്തിലും നോട്ടുനിരോധനത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ എന്നോട് നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം ചോദിച്ചു. അത് ഞാന്‍ വാമൊഴിയായി നല്‍കി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നേട്ടങ്ങള്‍ ഉണ്ടാകാമെങ്കിലും, ഹ്രസ്വകാല സാമ്പത്തിക നഷ്ടങ്ങള്‍ ഈ നേട്ടങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് എനിക്ക് തോന്നി. എന്‍റെ ഈ വീക്ഷണങ്ങള്‍ ഞാന്‍ അവരെ അറിയിച്ചു'.

അതുകൊണ്ടാണല്ലോ രാജന് ഗവര്‍ണര്‍ പദവിയിലേക്ക് കാലാവധി നീട്ടിക്കൊടുക്കാതിരുന്നത്. രാജനുപകരം 2016ല്‍ തന്നെ ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായി വന്നു. ആഴ്ചകള്‍ക്കുള്ളില്‍ 2016 നവംബര്‍ 7ന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ മോദി സര്‍ക്കാര്‍ ആര്‍ബിഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

തൊട്ടടുത്ത ദിവസം  2016 നവംബര്‍ 8ന്  ആര്‍ബിഐയുടെ ഡയറക്ടര്‍മാരുടെ കേന്ദ്ര ബോര്‍ഡിന്‍റെ അടിയന്തര യോഗം ഡല്‍ഹിയില്‍ വിളിച്ചു. വൈകിട്ട് 5.30ന് ആരംഭിച്ച ആ യോഗം 500, 1000 രൂപ നോട്ടുകളുടെ നിയമപരമായ ടെന്‍ഡര്‍ പദവി പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് 'ശുപാര്‍ശ' ചെയ്തു. ഈ 'ശുപാര്‍ശ' ഒരു ചെറിയ കത്തായി ഉടന്‍ സര്‍ക്കാരിന് അയച്ചു. അപ്പോഴേക്കും ആരംഭിച്ചിരുന്ന മന്ത്രിസഭാ യോഗത്തില്‍ ആര്‍ബിഐയുടെ 'ശുപാര്‍ശ' അറിയിച്ചു. മന്ത്രിസഭ ആ 'ശുപാര്‍ശ' അംഗീകരിച്ചു. അന്നുതന്നെ രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.

പക്ഷെ, പല പ്രശ്നങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നു. ഒന്ന്, രാജന്‍റെയും ചക്രബര്‍ത്തിയുടെയും പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിനുമുന്‍പ് നടന്ന ചര്‍ച്ചകളിലെല്ലാം തന്നെ നോട്ടുനിരോധനം വേണ്ട എന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചിരുന്നത് എന്ന് കാണുന്നു. അപ്പോള്‍ ചര്‍ച്ച നടന്നു എന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ട്, 2016 നവംബര്‍ 8ന് മുമ്പുനടന്ന ബോര്‍ഡ് യോഗങ്ങളിലൊന്നും നോട്ട് അസാധുവാക്കല്‍ നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കാണിക്കുന്നു.

മൂന്ന്, സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന്‍റെ മെറിറ്റുകളെക്കുറിച്ചോ ബാങ്കിംഗ് സംവിധാനത്തിന്‍റെ തയ്യാറെടുപ്പിന്‍റെ നിലവാരത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ ബോര്‍ഡ് നവംബര്‍ 8ലെ യോഗത്തില്‍ മതിയായ സമയം ചെലവഴിച്ചില്ല. നാല്, എന്തോ മറച്ചു പിടിക്കാനുള്ളതുപോലെ, നവംബര്‍ 8നു ശേഷം, വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടിയായി, കേന്ദ്ര ബോര്‍ഡിന്‍റെ മീറ്റിങ്ങുകളുടെ മിനിറ്റ്സ് പങ്കിടാന്‍ ആര്‍ബിഐ ശക്തമായി വിസമ്മതിച്ചു.ഈ വിഷയങ്ങളൊക്കെയാണ് ജസ്റ്റിസ് നാഗരത്നയും അവരുടെ വിയോജന വിധിയില്‍ എടുത്തുപറയുന്നത്. ഭൂരിപക്ഷ വിധി പറയുന്നത്, ആര്‍ബിഐയോട് അഭിപ്രായം ചോദിച്ചത് ആര്‍ബിഐ തന്നെ പ്രക്രിയയ്ക്ക് തുടക്കമിട്ടുവെന്നതിന് പകരമായി കാണാം എന്നാണ്. പക്ഷെ, ജസ്റ്റിസ് നാഗരത്ന പറയുന്നത്, അഭിപ്രായം ചോദിച്ചത് ആര്‍ബിഐ പ്രക്രിയയ്ക്ക് തുടക്കമിട്ടു എന്നതിനുപകരമാകുന്നില്ല എന്നാണ്. പകരമാണെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുകയും എന്നാല്‍ അവരെ നോക്കുകുത്തിയാക്കി നിര്‍ത്തുകയും ചെയ്യുന്നതുപോലെയാകും.

ഇനി, ആര്‍ബിഐ പ്രക്രിയക്ക് തുടക്കമിട്ടില്ലെങ്കില്‍ പകരമായി ചെയ്യേണ്ടിയിരുന്നത് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമായിരുന്നു. അതുമുണ്ടായിട്ടില്ല. അതിനാലാണ് നോട്ടുനിരോധനത്തെ നിയമവിരുദ്ധം (unlawful )എന്ന് ജസ്റ്റിസ് നാഗരത്ന വിശേഷിപ്പിക്കുന്നത്.

വിയോജനക്കുറിപ്പുകളുടെ പ്രശസ്തമായ ചരിത്രത്തില്‍ ജസ്റ്റിസ് നാഗരത്നയുടെ വിധിയും ഇടംപിടിക്കും എന്നതില്‍ സംശയമില്ല. ഒപ്പം, മോഡി സര്‍ക്കാരിന്‍റെ നോട്ടുനിരോധനം സ്വതന്ത്ര ഭാരതത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധ നടപടിയായിക്കൂടി ഇടംപിടിക്കും. നിര്‍ഭാഗ്യവശാല്‍, അതിനു കുടപിടിക്കുന്ന സമീപനമായി മാറി ഭൂരിപക്ഷ വിധിയെഴുതിയ ജഡ്ജിമാര്‍ കൈക്കൊണ്ട നിലപാട്.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top