23 April Tuesday

കാര്‍ഷിക മേഖലയ്‌ക്ക്‌ താങ്ങായി സംസ്ഥാന ബജറ്റ്; പ്രൊഫ. ആര്‍ രാംകുമാര്‍ എഴുതുന്നു

പ്രൊഫ. ആര്‍ രാംകുമാര്‍Updated: Friday Feb 10, 2023

പ്രൊഫ. ആര്‍ രാംകുമാര്‍

പ്രൊഫ. ആര്‍ രാംകുമാര്‍

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉന്നതമായ പ്രാധാന്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിവന്നിട്ടുള്ളത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഈ മേഖല ചില പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. 2018ലെ പ്രളയം, 2019ലെ കനത്ത മഴ, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നിവയൊക്കെ കാര്‍ഷിക മേഖലയ്ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നടപടികള്‍ തുടരുകയും ചെയ്യുന്നു. എന്നാല്‍ 202-22 വര്‍ഷത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖല 2020-21 നെ അപേക്ഷിച്ച് 4.64% വളര്‍ന്നു എന്നത് ഒരു നേട്ടമാണ്. ഈ നേട്ടത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വളര്‍ച്ചയുടെ പാതയിലേക്ക് ഈ മേഖലയെ നയിക്കുക എന്നതാണ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 വര്‍ഷത്തെ കേരള ബജറ്റ് ലക്ഷ്യമിടുന്നത്.

1. വിള മേഖല

വിള മേഖലയില്‍ പതിനാലാം പഞ്ചവത്സരപദ്ധതിയുടെ കാലയളവില്‍ സര്‍ക്കാര്‍ കാണുന്ന പ്രധാന ലക്ഷ്യങ്ങള്‍ മൂന്നാണ്: ഒന്ന്, ശാസ്ത്രീയമായ കൃഷിരീതികള്‍ പ്രചാരത്തില്‍ കൊണ്ടുവന്ന് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക; രണ്ട്, ഉത്പന്നങ്ങളുടെ ശേഖരണവും വിപണനവും വര്‍ദ്ധിപ്പിച്ച് കൃഷിക്കാരന് നല്ല വിലയും സ്ഥിരതയുള്ള വിപണിയും ലഭ്യമാക്കുക; മൂന്ന്, കാര്‍ഷിക ഉത്പന്നങ്ങളെ വ്യാവസായികമായ മൂല്യവര്‍ദ്ധനവിന്റെ നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക.

ഈ മൂന്നു പ്രവര്‍ത്തനങ്ങളിലും കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരമൊരു സമഗ്രത ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ കാണാം.

ഈ തന്ത്രത്തിന്റെ പ്രധാന വശങ്ങള്‍ മാത്രമാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്നുവരുന്ന സര്‍ക്കാര്‍ പദ്ധതികളെ കൂടാതെ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത് എന്നതും തുടക്കത്തില്‍ തന്നെ പറയട്ടെ.

കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്തും ഇത്രയും പുതിയ പദ്ധതികളും വകയിരുത്തലുകളും പ്രഖ്യാപിക്കാന്‍ സാധിച്ചത് ഈ ബജറ്റിന്റെ ഒരു പ്രധാന നേട്ടമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ദുര്‍ബലപ്പെടുത്തിയിട്ടും കേരളം മാത്രം തുടര്‍ന്നുപോരുന്ന ആസൂത്രണ സംവിധാനത്തിന്റെ മികവാണ് ഇതില്‍ തെളിഞ്ഞു കാണാവുന്നത്.

1.1. കാര്‍ഷിക ഉത്പാദനം

കാര്‍ഷിക ഉത്പാദന വളര്‍ച്ചയ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷവും വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. നെല്‍കൃഷി വികസനത്തിന് മൊത്തത്തില്‍ നീക്കിവെക്കുന്ന തുക 76 കോടി രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിച്ച് 95.1 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട് എന്നത് വളരെ സ്വാഗതാര്‍ഹമാണ്.

എല്ലാ വിളകളിലും ഉത്പാദനത്തിന്റെയും ഉത്പാദനക്ഷമതയുടെയും വര്‍ദ്ധനവിന് 'സംയോജിത പോഷക മാനേജ്മെന്റ്' (Integrated Nutrient management) നടപ്പില്‍ വരണം; എന്നാലേ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താന്‍ കഴിയൂ. ഇന്ന് കേരളത്തിലെ പല പ്രദേശങ്ങളിലും കുമ്മായത്തിന്റെ ദൗര്‍ലഭ്യം നിലനില്‍ക്കുന്നുണ്ട്.

ഇത് കൃത്യമായി മനസ്സിലാക്കിക്കൊണ്ട്, നെല്‍ കര്‍ഷകര്‍ക്കിടയിലെ കുമ്മായത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ വകയിരുത്തല്‍ 21.6 കോടി രൂപയില്‍ നിന്ന് 26.6 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

മറ്റു വിളകളിലും നെല്‍കൃഷിയുടെ അതേ മാതൃകയില്‍ 'സംയോജിത പോഷക മാനേജ്മെന്റ്' നടപ്പില്‍ വരുത്തുന്നതിന് മറ്റൊരു 5 കോടി രൂപ കൂടി അധികമായി വകയിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ, വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് 1 കോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.

മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താന്‍ ശാസ്ത്രീയമായ മണ്ണ് പരിപാലനവും ആവശ്യമാണ്. സര്‍ക്കാരിന്റെയും സര്‍ക്കാരിതരസംവിധാനങ്ങളുടെയും കീഴില്‍ ഇന്ന് ലഭ്യമായ എല്ലാ മണ്ണ് പരിശോധന ഫലങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നുകൊണ്ട് ശാസ്ത്രീയമായ ഭൂവിനിയോഗ പദ്ധതികള്‍ എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുന്നതിന് അടുത്തവര്‍ഷം പ്രത്യേകം പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വപരമായ പങ്കാളിത്തത്തോടെയാവും ഇത് നടപ്പിലാക്കുക. സോയില്‍ സര്‍വേ വകുപ്പിനുകീഴില്‍ മണ്ണുപരിശോധന ഫലങ്ങളുടെ ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാക്കി കൃഷിക്കാര്‍ക്കും പഞ്ചായത്തുതലത്തിലെ ആസൂത്രകര്‍ക്കും ഈ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒരു കോടി രൂപ അധികമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം മാതൃകാ നീര്‍ത്തട പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സോയില്‍ സര്‍വേ വകുപ്പിന്റെ നിലവില്‍ തന്നെയുള്ള പദ്ധതിയില്‍ 1 കോടി രൂപ കൂടി അധികമായി വകയിരുത്തിയിട്ടുമുണ്ട്.

നെല്‍കൃഷിക്കൊപ്പം പഴം-പച്ചക്കറി ഉത്പാദനവര്‍ദ്ധനവും ഈ സര്‍ക്കാരിന്റെ ഒരു പ്രധാന അജന്‍ഡയാണ്. കഴിഞ്ഞ ബജറ്റില്‍ (2022-23 വര്‍ഷത്തെ) തന്നെ പഴം-പച്ചക്കറി ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഏജന്‍സിയായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനുള്ള (വി എഫ് പി സി കെ) വകയിരുത്തല്‍ 14 കോടി രൂപയില്‍ നിന്ന് 25 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ, പരമ്പരാഗതമായി പ്രവര്‍ത്തിച്ചിരുന്ന മേഖലകളില്‍ നിന്നും വിപുലമായി മൂല്യവര്‍ദ്ധനവ്, കയറ്റുമതി, എഫ് പി ഒ സംഘാടനം എന്നീ മേഖലകളിലും വി എഫ് പി സി കെ യ്ക്ക് ഇന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്.

പച്ചക്കറി ഉല്‍പാദനം കൂടുതല്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് വി എഫ് പി സി കെയ്ക്ക് അടുത്ത വര്‍ഷം അഞ്ച് കോടി രൂപ കൂടി അധികമായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വി എഫ് പി സി കെയുടെ വകയിരുത്തല്‍ 25 കോടി

രൂപയില്‍ നിന്ന് 30 കോടി രൂപയായി വര്‍ദ്ധിക്കും. പച്ചക്കറി മേഖലയില്‍ കൃഷിക്കാര്‍ ഇന്നു നേരിടുന്ന മറ്റൊരു പ്രശ്നം നല്ല വിത്തുകളുടെ ദൗര്‍ലഭ്യമാണ്.

മെച്ചപ്പെട്ടതും ഉല്‍പാദനക്ഷമതയുള്ളതും ഗുണനിലവാരം ഉള്ളതുമായ ഹൈബ്രിഡ് വിത്തുകളുടെ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അഞ്ച് കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

2023 വര്‍ഷത്തെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതിന് 3 കോടി രൂപ പുതിയതായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടെ ചോളം പോലെയുള്ള മില്ലറ്റുകള്‍ കൂടുതലായി കൃഷി ചെയ്യുന്നതിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.

നാളികേരത്തിന്റെ താങ്ങുവില ഒരു തേങ്ങയ്ക്ക് 32 രൂപയില്‍ നിന്ന് 34 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുള്ളത് കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്. അതുപോലെതന്നെ, റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങായി റബ്ബര്‍ സബ്സിഡിക്കുള്ള തുക 600 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

1.2 ജലസേചനം

ജലസേചന സൗകര്യങ്ങള്‍ വ്യാപിപ്പിക്കേണ്ടത് കൃഷിയില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അനിവാര്യമാണ്. കൃത്യമായ ജലസേചനം ലഭ്യമാക്കിയാല്‍ പല വിളകളിലും ഇരട്ടിയിലധികമായി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പല തട്ടുകളിലായി ഈ പ്രവര്‍ത്തനത്തെ വ്യാപിപ്പിക്കാനാണ് ബജറ്റില്‍ ഉദ്ദേശിക്കുന്നത്.

2026ന് മുന്‍പ് സംസ്ഥാനത്തെ പണി തീരാതെ കിടക്കുന്ന എല്ലാ വലിയ ജലസേചന പദ്ധതികളും കമ്മീഷന്‍ ചെയ്യും.

വയനാട്ടില്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നീ ജലസേചന പദ്ധതികള്‍ 2025ല്‍ കമ്മീഷന്‍ ചെയ്യും. ഇതിനായി കാരാപ്പുഴ പദ്ധതിയുടെ വകയിരുത്തല്‍ 17 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബാണാസുരസാഗര്‍ പദ്ധതിയുടെ വകയിരുത്തല്‍ 12 കോടി രൂപയില്‍ നിന്ന് 18 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ രണ്ട്  പദ്ധതികളിലും വിതരണ ശൃംഖലകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പഴശ്ശി ജലസേചന പദ്ധതി.

ഒരു തുള്ളി ജലം പോലുമൊഴുകാതെ ഉപയോഗശൂന്യമായി കിടന്നിരുന്ന പഴശ്ശി പദ്ധതി പുനരുദ്ധരിച്ച് 2025ല്‍ റീകമ്മീഷന്‍ ചെയ്യും എന്നുള്ളത് ഈ സര്‍ക്കാരിന്റെ വാഗ്ദാനമാണ്. ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെയാണ് മധ്യകേരളത്തിലെ ഇടമലയാര്‍ ജലസേചന പദ്ധതി.

ഇടമലയാര്‍ പദ്ധതിക്കായി അടുത്ത വര്‍ഷം 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും എന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതിയാണ് പട്ടിശേരി ഡാം. ഇടുക്കി ജില്ലയിലെ പച്ചക്കറി കൃഷിക്ക് ജലസേചനം ലഭ്യമാക്കലാണ് ഈ ഡാമിന്റെ ഉദ്ദേശ്യം.

പട്ടിശേരി ഡാം 2023-24ല്‍ തന്നെ കമ്മീഷന്‍ ചെയ്യും. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത വര്‍ഷം 14 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് മീനച്ചില്‍ പദ്ധതി. വേനല്‍ക്കാലത്ത് മീനച്ചില്‍ നദീതടത്തില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ മീനച്ചില്‍ നദിക്ക് കുറുകെ അരുണാപുരത്ത് ഒരു ചെറിയ ഡാമും ആര്‍സിബിയും നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ് എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മീനച്ചില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി 3 കോടി രൂപ അടുത്ത വര്‍ഷത്തേക്ക് വകയിരുത്തിട്ടുമുണ്ട്.

ജലലഭ്യത കുറവായ പ്രദേശങ്ങളില്‍ ഡ്രിപ് ഇറിഗേഷന്‍ പോലുള്ള മൈക്രോഇറിഗേഷന്‍ പദ്ധതികള്‍ വഴി ഉല്‍പാദനക്ഷമത ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാം എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ജലസേചന വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണ് ജലസേചന വകുപ്പിന് കീഴിലുള്ള 'കമ്യൂണിറ്റി മൈക്രോഇറിഗേഷന്‍ പദ്ധതി'.

സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും 50 ഏക്കര്‍ വീതമുള്ള മാതൃകാ പ്ലോട്ടുകള്‍ കണ്ടെത്തി അവിടെ ആധുനിക രീതിയിലുള്ള മൈക്രോഇറിഗേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം. അടുത്ത വര്‍ഷത്തേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് ജലസേചന വകുപ്പിന് 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇതിനു പുറമെ, മൈക്രോഇറിഗേഷന്‍ പദ്ധതികള്‍ അടക്കമുള്ള ആധുനിക കൃഷിരീതികള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് കൃഷിവകുപ്പിന് കീഴില്‍ 'തുറസ്സായ സ്ഥലങ്ങളിലുള്ള കൃത്യതാ കൃഷി' (ഓപ്പണ്‍ ഫീല്‍ഡ് പ്രിസിഷന്‍ ഫാമിംഗ്) എന്ന പുതിയൊരു പദ്ധതി കൂടി ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്; 8.61 കോടി രൂപ ഇതിനായി അധികമായി വകയിരുത്തിയിട്ടുമുണ്ട്.

മൈക്രോഇറിഗേഷന്‍ കൂടാതെ ഫെര്‍ട്ടിഗേഷന്‍ പോലെയുള്ള നൂതന സാങ്കേതിക രീതികള്‍ അവലംബിക്കുന്ന കാര്‍ഷിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ഉപയോഗിക്കുന്നതാണ്. മാത്രമല്ല, ഈ മൊത്തം തുകയില്‍ 2 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെ രൂപീകൃതമാകുന്ന കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേണ്ടി പ്രത്യേകമുള്ളതാകും. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനുമായി യോജിച്ചാകും ഇത് നടപ്പിലാക്കുക.

1.3 കാര്‍ഷിക വിപണനവും സഹകരണ സംഘങ്ങളും

കാര്‍ഷിക മേഖലയില്‍ സഹകരണ സംഘങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായി ഈ സര്‍ക്കാര്‍ കാണുന്നത് കാര്‍ഷിക ശേഖരണ-വിപണന രംഗങ്ങളിലാണ്. സഹകരണ മേഖലയിലെ കേരളത്തിന്റെ ചരിത്രപരമായ ശക്തി ഉപയോഗിച്ചുകൊണ്ട് ഈ മേഖലയില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ ഇത് പ്രവര്‍ത്തികമാക്കുന്നതിന് വേണ്ടി കോപ്പറേറ്റീവ് ഇന്റര്‍വെന്‍ഷന്‍ ഇന്‍ ടെക്നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍ (CITA) എന്ന പദ്ധതി പ്രഖ്യാപിക്കുകയും 23 കോടി രൂപ അതിനായി വകയിരുത്തുകയും ചെയ്തിരുന്നു.

ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യത്തെ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലയിലെ ആനിക്കാട്ട് നിര്‍വഹിക്കപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസത്തിനു മുന്‍പ് പത്തോളം സഹകരണ സംഘങ്ങള്‍ ഈ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കും. അടുത്തവര്‍ഷം ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ കാര്‍ഷിക മേഖലകളിലേക്കും കൂടുതല്‍ സഹകരണ സംഘങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി CITA പദ്ധതിയുടെ വകയിരുത്തല്‍ 23 കോടി രൂപയില്‍ നിന്ന് 35 കോടി രൂപയായി ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ ഉല്‍പാദനþവിപണന സഹകരണ സംഘങ്ങള്‍ക്കുവേണ്ടിയുള്ള സഹായ പദ്ധതിയില്‍ 7.5 കോടി രൂപയുടെ അധികമായ വകയിരുത്തല്‍ ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി 'കേരള സഹകരണ സംരക്ഷണ നിധി' 2023-24 മുതല്‍ നിലവില്‍ വരും. ഇതിനായി 7.5 കോടി രൂപ പുതിയതായി വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ കാര്‍ഷിക പ്രാഥമിക സഹകരണ സംഘങ്ങളെയും ഒരു ഏകീകൃത സോഫ്റ്റ്‌വെയറിന് കീഴില്‍ കൊണ്ടുവരിക എന്നുള്ളത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുവരുന്നു. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ എല്ലാ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഒരു സോഫ്ട്‍വെയറിനു കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ സംഘങ്ങളുടെ നവീകരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 4 കോടി രൂപയുടെ സഹായം ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില ഒറ്റപ്പെട്ട ആരോപണങ്ങള്‍ ഈ അടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. ഏറെ ഗൗരവത്തോടെയാണ് ഈ ആരോപണങ്ങളെ സര്‍ക്കാര്‍ കാണുന്നത്.

സഹകരണ മേഖലയിലെ ഓഡിറ്റ് സംവിധാനത്തെ ഉടച്ചുവാര്‍ത്ത് നവീകരിച്ചാല്‍ മാത്രമേ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഇതിനുവേണ്ടി ഒരു പ്രത്യേക പദ്ധതിയും അതിനായി അഞ്ചു കോടി രൂപയുടെ അധികമായ വകയിരുത്തലും ബജറ്റില്‍ പ്രഖ്യാപിക്കിച്ചിട്ടുണ്ട്.

1.4 കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ്

വിവിധ കാര്‍ഷിക ഉത്പന്നങ്ങളെ വ്യാവസായിക തലത്തിലുള്ള സംസ്കരണവും മൂല്യവര്‍ദ്ധനവുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ സ്ഥിരതയുള്ള വിപണിയും ഉയര്‍ന്ന വിലയും കര്‍ഷകന് ലഭിക്കുകയുള്ളൂ. വ്യവസായ വകുപ്പിനു കീഴില്‍ അനവധി പദ്ധതികള്‍ കാര്‍ഷിക സംസ്കരണത്തിലും മൂല്യവര്‍ദ്ധനവിലും ഇന്നുണ്ട്. ഈ പദ്ധതികളൊക്കെ എത്രയും നേരത്തെ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബജറ്റില്‍ ഇത്തവണയും പണം വകയിരുത്തിയിട്ടുണ്ട്.

ഒന്നാമതായി, കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മുട്ടത്ത് ഒരു സ്പൈസ് പാര്‍ക്ക് സ്ഥാപിക്കും. ഏകദേശം 15 ഏക്കര്‍ സ്ഥലത്ത് 20 വികസിപ്പിച്ച പ്ലോട്ടുകളായി തിരിച്ച് ചെറുകിട സ്പൈസ്/ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ഈ സ്പൈസ് പാര്‍ക്കിന്റെ ലക്ഷ്യം. ഈ പാര്‍ക്കിനുള്ളില്‍ പൊതുവായ റോഡുകളും വൈദ്യുതി വിതരണ ശൃംഖലയും വെള്ളത്തിന്റെ വിതരണവും ഡ്രെയിനേജും മലിനീകരണ നിയന്ത്രണ സൗകര്യങ്ങളും ബാങ്കുകളും വെയര്‍ഹൗസുകളും എല്ലാം ഉണ്ടാകും.

രണ്ടാമതായി, നെല്‍കൃഷിയുടെ മേഖലയില്‍ കേരളത്തില്‍ പാലക്കാട്ടും തൃശൂരും ആലപ്പുഴയിലും മൂന്ന് ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഈ മൂന്നു പാര്‍ക്കുകളിലും നെല്ലിന്റെ സംസ്കരണത്തിനും മൂല്യ വര്‍ദ്ധനവിനും വേണ്ട പൊതുപശ്ചാത്തല സൗകര്യങ്ങള്‍  അതായത്, ആധുനിക റൈസ് മില്ലുകള്‍, വൈദ്യുതി-വെള്ള വിതരണ സൗകര്യങ്ങള്‍, ഗുണനിലവാര ലബോറട്ടറികള്‍, സാങ്കേതിക വിദ്യയില്‍ സപ്പോര്‍ട്ട് സെന്ററുകള്‍, വിപണന പ്ലാറ്റ്ഫോമുകള്‍ എന്നിവയെല്ലാം  ഉണ്ടാകും.

സര്‍ക്കാര്‍ പ്രമുഖ ഓഹരി ഉടമയായി നില്‍ക്കുമ്പോഴും സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളെ കൂടി വലിയതോതില്‍ ആകര്‍ഷിക്കുന്ന തന്ത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആലപ്പുഴയിലെയും പാലക്കാട്ടിലെയും പാര്‍ക്കുകള്‍ക്ക് ഈ വര്‍ഷം ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

മൂന്നാമതായി, കേരളത്തിന്റെ പ്രമുഖ വിളയായ നാളികേരത്തില്‍ വ്യവസായ തലത്തിലുള്ള മൂല്യവര്‍ദ്ധന സാധ്യതകള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്താന്‍ നമുക്കായിട്ടില്ല. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഒരു നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും. കെ.എസ്.ഐ.ഡി.സിക്ക് ഇവിടെ ഏകദേശം 115 ഏക്കര്‍ സ്ഥലം ഇപ്പോള്‍ തന്നെയുണ്ട്. അടുത്ത വര്‍ഷം ഈ പദ്ധതിക്കുവേണ്ട കൊണ്ടക്റ്റ് സര്‍വെയും പഠനവും പൂര്‍ത്തിയാക്കും. ഇവിടെ ഒരു 33 കെവി വൈദ്യുതി സബ്സ്റ്റേഷനും മറ്റ് പ്രധാന പശ്ചാത്തല സൗകര്യങ്ങളും നിര്‍മ്മിക്കും.

നാലാമതായി, വയനാട് ജില്ലയിലെ കാപ്പി കര്‍ഷകരെ സഹായിക്കുന്നതിന് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഒരു 'ഇന്റഗ്രേറ്റഡ് കോഫി ആന്‍ഡ് അഗ്രിപ്രൊഡ്യൂസ് പ്രോസസിങ് പാര്‍ക്ക്' സ്ഥാപിക്കും. സുസ്ഥിരമായ രീതിയില്‍ കാപ്പി കൃഷി ചെയ്ത് 'കാര്‍ബണ്‍ ന്യൂട്രല്‍ മലബാര്‍ കോഫി' എന്ന ബ്രാന്‍ഡ് ആക്കി മാറ്റി വിപണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏകദേശം 103 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തുകയും ഈ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു കഴിഞ്ഞു. അവസാനമായി, റബ്ബര്‍ മേഖലയിലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1050 കോടി രൂപ മുതല്‍മുടക്കില്‍ സിയാല്‍ മോഡലില്‍ സ്ഥാപിക്കുന്ന റബര്‍ കമ്പനി. കേരള സര്‍ക്കാരിന് 26 ശതമാനം ഓഹരിയും ബാക്കി മൂലധനം സ്വകാര്യ മേഖലയില്‍ നിന്ന് സ്വരൂപിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ലാറ്റെക്സ് ഉല്‍പ്പന്നങ്ങളുടെ ഒരു ഹബ്ബും അമൂല്‍ മോഡലില്‍ സ്വാഭാവിക റബറിന്റെ സംഭരണത്തിനായുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മൂന്ന് ഘട്ടങ്ങളായാവും ഈ പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ 200 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ ഘട്ടത്തിന്റെ പ്രോജക്ട് കോണ്‍സെപ്റ്റ് സര്‍ക്കാരിന്റെ പരിശോധനാ ഘട്ടത്തിലാണ്.

1.5 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിയും

കാര്‍ഷിക ഉത്പാദന വളര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രധാനമായ പങ്കുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി വലിയ സഹായങ്ങളും സബ്സിഡികളുമാണ് കേരള സര്‍ക്കാര്‍ കൃഷിക്കാര്‍ക്കായി വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഇന്ത്യയില്‍ ഇന്ന് കൃഷിക്ക് ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കുന്ന സംസ്ഥാനം കേരളമായി മാറിയിട്ടുണ്ട്.

സ്ഥിരമായി കൃഷി നടത്തുന്ന കൃഷിക്കാര്‍ക്ക് പരമാവധി ഒരു ഹെക്ടറിന് നല്‍കുന്ന സബ്സിഡി നിരക്കുകള്‍ താഴെ പറയുന്ന രൂപത്തിലാണ്: നെല്ല്, ഒരുപ്പൂ കൃഷിക്ക് 25,000 രൂപ; പച്ചക്കറിക്ക് 27,000 രൂപ; ശീതകാല പച്ചക്കറിക്ക് 30,000 രൂപ; പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 20,000 രൂപ; വാഴയ്ക്ക് 30,000 രൂപ; മില്ലറ്റ് പോലുള്ള ചെറു ധാന്യങ്ങള്‍ക്ക് 20,000 രൂപ. തരിശ് കിടക്കുന്ന ഭൂമി മുഴുവന്‍ കൃഷിയിലേക്ക് കൊണ്ടുവരിക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.

ഇതിനുവേണ്ടി ഒരു ഹെക്ടറില്‍ നല്‍കുന്ന പരമാവധി സബ്സിഡി നിരക്ക് സ്ഥിര കൃഷിക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്: നെല്ലിന് 40,000 രൂപ; പച്ചക്കറിക്ക് 40,000 രൂപ; വാഴയ്ക്ക് 35,000 രൂപ; പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 30,000 രൂപ; മില്ലറ്റ് പോലുള്ള ചെറു ധാന്യങ്ങള്‍ക്ക് 30,000 രൂപ; മരിച്ചീനിക്കും മറ്റു കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ക്കും 30,000 രൂപ. ഇതിനൊപ്പം തന്നെ ജൈവവളങ്ങള്‍ക്കും രാസവളങ്ങള്‍ക്കും ജൈവകീടനാശിനികള്‍ക്കും വിത്തുകള്‍ക്കും തെങ്ങിന്‍തൈകള്‍ക്കും സംയോജിത കൃഷിക്കും കാര്‍ഷിക തൊഴില്‍സേനകള്‍ക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും പമ്പുകള്‍ക്കും കിണറുകള്‍ക്കും വിപണനത്തിനും മഴ മറകള്‍ക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണങ്ങള്‍ക്കും തേനീച്ച വളര്‍ത്തലിനും കൂണ്‍ കൃഷിക്കും കണികാജലസേചനത്തിനും തിരി നനയ്ക്കും വന്യമൃഗശല്യം പരിഹരിക്കുന്നതിനും ഒക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ സബ്സിഡികള്‍ ഇന്ന് കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അതെല്ലാം അടുത്ത വര്‍ഷവും തുടരും.

കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്റര്‍ (കെസ്റെക്) എന്ന സ്ഥാപനം 1995 മുതല്‍ പ്ലാനിങ് വകുപ്പിനുകീഴില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനമാണ്. പഞ്ചായത്ത് അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും കാര്‍ഷിക വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഏറ്റവും പ്രധാനമായത് കണക്കുകളും അതിനൊപ്പം വേണ്ട ജിയോസ്പേഷ്യല്‍ വിവരങ്ങളും ആണ്.

ഇതിനായി കെസ്റെക്കിന് 4 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. ഈ തുകയില്‍ 2 കോടി രൂപ കെസ്റെക്കിന് കീഴില്‍ കണക്കുകളും വിവരങ്ങളും പഞ്ചായത്തുകള്‍ക്കും നിയോജക മണ്ഡലങ്ങള്‍ക്കും നല്‍കുന്നതിനായുള്ള ഒരു 'ഡെസിസഷന്‍ സപ്പോര്‍ട്ട് സിസ്റ്റം' സ്ഥാപിക്കാനാണ് ഉപയോഗിക്കുക.

2. മൃഗസംരക്ഷണ മേഖല

മൃഗസംരക്ഷണ മേഖലയില്‍ വലിയ കാല്‍വയ്പ്പുകളാണ് നമ്മള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം നടത്തിയിട്ടുള്ളത്. പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് പാല്‍, മാംസം, മുട്ട എന്നീ ഉല്പന്നങ്ങളില്‍ സ്വയംപര്യാപ്തത നേടുക എന്നതാണ് ഒരു ലക്ഷ്യമായി കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

2.1 പാലുത്പാദനം

പാലിന്റെ കാര്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ സ്വയംപര്യാപ്തതയുടെ അടുത്തെത്തിയിട്ടുണ്ട്. പാലിന്റെ ഉല്‍പാദനക്ഷമത നിലവിലെ നിലയില്‍ നിന്ന് പഞ്ചാബിന്റെ ഉത്പാദനക്ഷമതയിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൃത്യമായ പരിഷ്കാരങ്ങള്‍ കാലികളുടെ പ്രജനനത്തിലും ഭക്ഷണരീതികളിലും കൊണ്ടുവരേണ്ടത് ആവശ്യമാണ്.

പ്രജനനത്തില്‍ സംസ്ഥാനത്തെ മൃഗങ്ങളുടെ ജനിതകഘടന കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്. ഉന്നത ജനിതകനിലവാരമുള്ള പശുക്കളുടെയും കാളകളുടെയും ബീജങ്ങള്‍ ശേഖരിച്ച് അവയെ നമ്മുടെ കൃത്രിമ ബീജസങ്കലന പദ്ധതികളുമായി സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ നൂതനമായ ഒരു പദ്ധതി വെറ്റിനറി സര്‍വകലാശാലയുമായി സഹകരിച്ച് തയ്യാറാക്കുന്നതിന് കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡിന് (കെ.എല്‍.ഡി.ബി) 2.43 കോടി രൂപ അധികമായി ബജറ്റ് വകയിരുത്തിയിട്ടുണ്ട്.

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനു കീഴില്‍ തന്നെ പുതിയതായി ഒരു ഡയറി പാര്‍ക്ക് 20 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി അടുത്ത വര്‍ഷത്തേക്ക് 2 കോടി രൂപ പുതിയതായി വകയിരുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ലൈഫ് സ്റ്റോക്ക് ബ്രീഡിങ് പ്രോഗ്രാം (എസ്.എല്‍.ബി.പി) എന്ന പദ്ധതിക്കു കീഴില്‍ വിവിധ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 12 കോടി രൂപ കൂടി അധികമായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍  വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ 152 ബ്ലോക്കുകളിലും രാത്രി സമയമടക്കം പ്രവര്‍ത്തിക്കുന്ന രൂപത്തില്‍ എമര്‍ജന്‍സി മൊബൈല്‍ ഡോര്‍സ്റ്റെപ്പ് വെറ്റിനറി സേവനങ്ങള്‍ നല്‍കുന്നതിന് ഇപ്പോള്‍ തന്നെ ഒരു പദ്ധതി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും 9 കോടി രൂപ അധികമായി  വകയിരുത്തിയിട്ടുണ്ട്.

വിവിധ വെറ്ററിനറി സേവന പദ്ധതികള്‍ക്കായി 7 കോടി രൂപയും ഡയറി വകുപ്പിന്റെ വിജ്ഞാനവ്യാപന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 'ക്ഷീരഗ്രാമം' പദ്ധതി ഇന്ന് 20 പഞ്ചായത്തുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതി 70 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി 2.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പാലിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിക്കണമെങ്കില്‍ മൃഗങ്ങളുടെ ജനിതക ഘടനയില്‍ മാത്രമല്ല ഭക്ഷണ രീതികളിലും ശാസ്ത്രീയമായ മാറ്റം വരണം. ഇതിന് ആവശ്യമായ തീറ്റപ്പുല്ല് നമുക്ക് കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഏകദേശം 12,000 ഏക്കര്‍ തീറ്റപ്പുല്‍ കൃഷി നമുക്ക് വേണമെന്നാണ് വിദഗ്ധര്‍ കണക്കാക്കിയിട്ടുള്ളത്.

ഇതിനായി ലഭ്യമായിട്ടുള്ള വകുപ്പിന്റെയും കൃഷിക്കാരുടെയും എല്ലാ ഭൂമിയും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുന്നതിന് ഡെയറി വകുപ്പിന് കീഴില്‍ 1.40 കോടി രൂപ അധികമായി  വകയിരുത്തിയിട്ടുണ്ട്. ഒപ്പം, വകുപ്പിന്റെ ഫാമുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 79 ലക്ഷം രൂപയും അധികമായി  വകയിരുത്തിയിട്ടുണ്ട്.

പല പ്രദേശങ്ങളിലും ഇപ്പോള്‍ തന്നെ നിലവിലുള്ള പാലിന്റെ മിച്ചം ഉണ്ടാക്കുന്ന വിപണിവില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കേരളത്തിന് സ്വന്തമായി ഒരു പാല്‍പ്പൊടി ഫാക്ടറി വേണമെന്നുള്ളത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഈ ഉറപ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അടുത്തവര്‍ഷം തന്നെ പാലിക്കും.

മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പാല്‍പ്പൊടി ഫാക്ടറി 2023ല്‍ ഉദ്ഘാടനം ചെയ്യും. ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി 32.72 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ തന്നെ വകയിരുത്തിയിട്ടുണ്ട്.

2.2. മുട്ട, മാംസം ഉത്പാദനം

പാലിന്റെ കാര്യത്തില്‍ നിന്ന് വിഭിന്നമായി മുട്ട, മാംസം എന്നിവ നമുക്ക് ആവശ്യമുള്ളത് ഇവിടെത്തന്നെ ഉത്പ്പാദിപ്പിക്കാന്‍ നമുക്ക് ഇനിയും ആയിട്ടില്ല. നമുക്കാവശ്യമുള്ളത് നമ്മുടെ നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണം. ഇതിനായി ഒരു 'മീറ്റ് സെക്ടര്‍ സ്ട്രാറ്റജിക് പ്ലാന്‍'ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുണ്ട്.

നമുക്ക് കൂടുതല്‍ അറവുശാലകള്‍ വേണം. ഈ അറവുശാലകള്‍ക്ക് ആവശ്യമായ മൃഗങ്ങളെ മുഴുവനായി കേരളത്തില്‍ നിന്നുതന്നെ എത്തിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ അതിനാവശ്യമായ മൃഗങ്ങള്‍ ഇന്ന് കേരളത്തില്‍ ഇല്ല. അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മൃഗങ്ങളെ ആവശ്യമായ എണ്ണത്തിലും കൃത്യമായ സമയത്തും എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങള്‍ വേണം.

മാത്രമല്ല നിലവിലെ അറവുശാലകളെ നവീകരിച്ച് വൃത്തിയുള്ളതും ശുചിത്വമുള്ളതുമായി സൂക്ഷിക്കാന്‍ കഴിയണം. ഇതിനായിട്ടുള്ള ഒരു പ്രത്യേക പദ്ധതി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ആവിഷ്കരിക്കുകയും വേണ്ട പണം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക.

ഇതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പൗള്‍ട്രി വികസനം. കേരളം പൗള്‍ട്രി വികസന കോര്‍പറേഷന്റെ നൂതന പദ്ധതികള്‍ക്കായി 2 കോടി രൂപ അധികമായി  വകയിരുത്തിയിട്ടുണ്ട്. 'കേരള ചിക്കന്‍' എന്ന പദ്ധതിക്കു കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയെയും മൃഗസംരക്ഷണ വകുപ്പിനെയും പൗള്‍ട്രി വികസന കോര്‍പ്പറേഷനെയും സഹകരണ സംഘങ്ങളെയും വെറ്ററിനറി സര്‍വകലാശാലയേയും ഒക്കെ സംയോജിപ്പിച്ചാണ് പൗള്‍ട്രി വികസനം വിഭാവനം ചെയ്തിട്ടുള്ളത്.

ഇതിനായി ഒരു ഏകീകൃത ലോഗോയ്ക്കും ബ്രാന്‍ഡിനും കീഴില്‍ ഉത്പ്പന്നങ്ങള്‍ കേരളത്തിലുടനീളം വില്‍ക്കാനുള്ള റീടൈല്‍ ഔട്ട്ലെറ്റുകള്‍ കൊണ്ടുവരും. ഇതിനും ആവശ്യമായ പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

3. മത്സ്യബന്ധനം

മത്സ്യബന്ധന മേഖലയിലും വലിയ മുന്നേറ്റമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ മത്സ്യോത്പാദനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സമുദ്ര മേഖല, ഉള്‍നാടന്‍ മേഖല എന്ന് രണ്ടായി തിരിക്കാം.

3.1 സമുദ്ര മേഖല

സമുദ്ര മത്സ്യബന്ധന മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ ദൃഢതയുള്ളതാക്കാനും വിപുലീകരിക്കാനുമാണ് ബജറ്റിലെ പദ്ധതി. കടലില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മെച്ചപ്പെട്ട വീടുകള്‍ നല്‍കി ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം.

പുനര്‍ഗേഹം പദ്ധതിയുടെ അടുത്ത വര്‍ഷത്തെ വകയിരുത്തല്‍ 16 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തീരദേശ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ പദ്ധതിയില്‍ നിന്ന് വകയിരുത്തിയിട്ടുണ്ട്.

കടല്‍ ഭിത്തികളുടെ നിര്‍മാണവും നവീകരണവും തീരസംരക്ഷണത്തിനു വേണ്ട ആധുനിക സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കും വേണ്ടിയാണ് ഈ വിഹിതം അനുവദിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകളില്‍ ഇന്ന് കൂടുതലും മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണുള്ളത്. ഇത് പരിസ്ഥിതിക്ക് ഗുണം ചെയ്യാത്തതും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ചെലവ് വരുത്തിവയ്ക്കുന്നതുമായ രീതിയാണ്. ഇത് പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുടെ എന്‍ജിനുകള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എന്‍ജിനുകള്‍ ആയി പുനഃസ്ഥാപിക്കുക എന്നത് ഒരു ലക്ഷ്യമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് എന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

ഈ പുതിയ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ആഴക്കടലിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവയുടെ നിര്‍മ്മാണഘടനയിലെ ആധുനികവല്‍ക്കരണം ആവശ്യമാണ്. മത്സ്യബന്ധന ബോട്ടുകളിലെ നിലവിലെ തടി കൊണ്ടുള്ള പള്ള, മെറ്റല്‍ കൊണ്ടുള്ള പള്ളയാക്കി മാറ്റി അവയെ ആധുനികവല്‍ക്കരിക്കാന്‍ 10 കോടി രൂപയുടെ ഒരു പദ്ധതി കൂടി പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യഫെഡിന് കീഴില്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്ന രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് ആറാട്ടുപുഴയിലെ ഫിഷ് മീല്‍ പ്ലാന്റും നീണ്ടകരയിലെ യാര്‍ണ് ട്വിസ്റ്റിങ് ആന്‍ഡ് നെറ്റ് ഫാക്ടറിയും. ഈ രണ്ടു പദ്ധതികളും പൂര്‍ണമായി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മത്സ്യഫെഡിന് ഒറ്റത്തവണ സഹായമായി 8 കോടി രൂപ കൂടി അധികമായി വകയിരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും സംഘവും നടത്തിയ യൂറോപ്പ് സന്ദര്‍ശനത്തില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഒരു ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ കൗണ്‍സിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫിഷറീസ് സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പയ്യന്നൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ ക്യാമ്പസിന്റെ വികസനത്തിനുവേണ്ടിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

3.2 ഉള്‍നാടന്‍ മേഖല

ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് വലിയ സാധ്യതകളാണ് കേരളത്തിലുള്ളത്. ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് ഇന്നൊരു തടസ്സമായി നില്‍ക്കുന്നത് ആവശ്യത്തിന് മത്സ്യക്കുഞ്ഞുങ്ങളെ നമുക്ക് ലഭ്യമാകാത്തതാണ്. ഇത് പരിഹരിക്കുന്നതിന് നിലവിലെ ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കേണ്ടതുണ്ട്. ഈ അടിയന്തരാവശ്യത്തിനായി 5 കോടി രൂപ അധികമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഉള്‍നാടന്‍ മത്സ്യബന്ധന വികസനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിപുലീകരണം കൂടി അത്യാവശ്യമാണ്. ഇതിനായി 152 ബ്ലോക്കുകളിലും ഓരോ മത്സ്യഭവന്‍ തുടങ്ങും എന്നത് ഈ സര്‍ക്കാരിന്റെ വാഗ്ദാനമാണ്. ഇതിന്റെ ആദ്യപടിയായി 100 ബ്ലോക്കുകളില്‍ മത്സ്യഭവന്‍ ആരംഭിക്കാനാണ് ഉന്നമിടുന്നത്. ഇതിനായി അക്വാകള്‍ച്ചര്‍ വിജ്ഞാനവ്യാപന പദ്ധതിക്കു കീഴില്‍ 7.11 കോടി രൂപ  വകയിരുത്തിയിട്ടുണ്ട്.

2026 ആകുമ്പോഴേക്കും 152 ബ്ലോക്കുകളിലും ഒരു മത്സ്യഭവന്‍ വീതം ഉണ്ടാവും.

ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ ഇന്ന് വളര്‍ന്നുവരുന്ന ഒരു മേഖലയാണ് വനാമി കൃഷി. എന്നാല്‍ കേരളത്തില്‍ വനാമി കൃഷി പ്രചാരത്തിലായിട്ടില്ല. കേരളത്തിലെ സമുദ്രോത്പന്ന ഫാക്ടറികള്‍ അവയുടെ നിലനില്‍പ്പിനായി ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വനാമി ഇറക്കുമതികളെയാണ്.

ആന്ധ്രാപ്രദേശ് കയറ്റുമതിക്കാര്‍ക്ക് നിലവില്‍ ഈ ചെറിയ വലിപ്പത്തിലുള്ള ചെമ്മീന്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. എന്നാല്‍ ഈ സൗകര്യം ആന്ധ്രയില്‍ തന്നെയുള്ള ഫാക്ടറികള്‍ വികസിപ്പിച്ചാല്‍ ഇവ കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് സംസ്കരണത്തിന് ലഭ്യമാകില്ല. അതിനാല്‍ കേരളത്തില്‍ത്തന്നെ വനാമി കൃഷി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 5.88 കോടി രൂപ അധികമായി ഫിഷറീസ് വകുപ്പിന്  വകയിരുത്തിയിട്ടുണ്ട്.

4. വനസംരക്ഷണം

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് വനം വകുപ്പിനു കീഴിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെ മൂന്നായി തരംതിരിക്കാം:

ഒന്നാമതായി, വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളാണ്. വനത്തിനോടു ചേര്‍ന്ന് പ്രദേശങ്ങളില്‍ കൃഷിക്കാര്‍ നേരിടുന്ന വലിയൊരു പ്രശ്നം വന്യജീവികളുടെ ആക്രമണമാണ്. മനുഷ്യജീവനുകളില്‍ ഉണ്ടാവുന്ന

നഷ്ടത്തോടൊപ്പം വലിയ തോതിലുള്ള വിള നാശവും മൃഗങ്ങളുടെ മരണവും കൃഷിക്കാര്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് ഹ്രസ്വകാല നടപടികളും ദീര്‍ഘകാല പരിപാടികളും ആവശ്യമുണ്ട്.

വനം വകുപ്പിനു കീഴില്‍ ഇപ്പോള്‍ തന്നെ ട്രെഞ്ചുകളുടെയും മറ്റ് ഭൗതിക വേലികളുടെയും നിര്‍മ്മാണം കാര്യക്ഷമമായി നടക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിലും ഈ പ്രശ്നം നേരിടുന്നതിന് വനം വകുപ്പിനു നല്‍കിയ സഹായം വര്‍ദ്ധിപ്പിച്ചിരുന്നു. കൂടുതല്‍ കാര്യക്ഷമമായി ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും കൃഷിക്കാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വനം വകുപ്പിന്റെ പദ്ധതിവിഹിതം 25 കോടി രൂപയില്‍ നിന്ന് 31 കോടി രൂപയായി ഈ ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങളായ സോളാര്‍ ഫെന്‍സിങ്, തേനീച്ച ഫെന്‍സിങ്, ബയോഫെന്‍സിങ്, ബയോ റിപ്പെല്ലെന്റുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട്, പുതിയ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ട്, കൃഷിവകുപ്പിനു കീഴില്‍ ഒരു പുതിയ പദ്ധതി കൂടി അടുത്ത വര്‍ഷം ആരംഭിക്കും. ഇതിനായി കൃഷിവകുപ്പിനു കീഴില്‍ രണ്ടു കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.

രണ്ടാമതായി,

വനത്തെ അവലംബിച്ച് ജീവനോപാധികള്‍ കണ്ടെത്തുന്ന ആദിവാസി സമൂഹങ്ങളുടെ പങ്കാളിത്തത്തോടുകൂടിയുള്ള സുസ്ഥിരമായ വന സംരക്ഷണവും വനത്തിനുള്ളില്‍ ജലലഭ്യതയടക്കം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ശാസ്ത്രീയമായ വന മാനേജ്മെന്റും നടപ്പില്‍ വരുത്തുക എന്നതാണ് ലക്ഷ്യം. ഈ പ്രവൃത്തികള്‍ക്കായുള്ള പദ്ധതിവിഹിതം 35 കോടി രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ച് 50 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്.

മൂന്നാമതായി,

ഇന്ന് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രധാനപ്പെട്ട ഒരു പരിപാടി വനത്തിനുള്ളിലും വനപ്രദേശങ്ങളിലും വെച്ചുപിടിപ്പിച്ചിട്ടുള്ള യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വെട്ടി മാറ്റി അതിനു പകരമായി ഈടുള്ള തടിയുള്ള (hardwood) പുതിയ വൃക്ഷങ്ങള്‍, വ്യവസായിക അസംസ്കൃത വസ്തുക്കള്‍  പ്രദാനംചെയ്യുന്ന വൃക്ഷങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കുക, അതുപോലെ നിരാകരിച്ച (denuded) വനങ്ങളുടെ പുനരുജ്ജീവനം നടത്തുക എന്നിവയാണ്. ഇത്തരത്തിലുള്ള റീപ്ലാന്റിങ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വനം വകുപ്പിന് പദ്ധതിവിഹിതമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

5. രണ്ടാം കുട്ടനാട് പാക്കേജ്

സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കുട്ടനാട്ടിലെ പ്രധാനപ്പെട്ട ഒരു ഇടപെടല്‍ 'പമ്പയ്ക്കൊരിടം' (Room for Pamba) എന്ന പേരില്‍ നടപ്പിലാക്കുന്ന 'റൂം ഫോര്‍ ദ റിവര്‍' എന്ന ഡച്ച് അനുഭവത്തിന്റെ അനുരൂപീകരണമാണ്. ഇതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പില്‍വേ ഭാഗത്തെ പൊഴി മുറിക്കുകയും വെള്ളത്തിന്റെ ഒഴുക്ക് വേഗത്തിലുള്ളതാക്കുകയും ചെയ്യുന്ന പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടിയായി ചെയ്യേണ്ട പ്രധാന പ്രവൃത്തികള്‍ സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്താന്‍ മദ്രാസ് ഐ.ഐ.ടിയെ ഏല്‍പ്പിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമായിക്കഴിഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പമ്പാ നദിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ ആരംഭിക്കും. ഇതിനായുള്ള ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതി ജലസേചന വകുപ്പിന് നല്‍കിക്കഴിഞ്ഞു. ഏകദേശം 875 കോടി രൂപയാണ് ഈ പ്രവൃത്തികള്‍ക്കെല്ലാമായി വേണമെന്ന് ആസൂത്രണ ബോര്‍ഡ് പ്രാഥമികമായി കണക്കാക്കിയത്.

കൂടുതല്‍ കൃത്യമായ തുക ഡി.പി.ആര്‍. തയ്യാറാകുമ്പോള്‍ ലഭിക്കും. ഈ തുക റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന് നേരത്തേതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്ഥിരമായ മാനേജ്മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. കായലിന്റെ പ്രധാന ഭാഗങ്ങളില്‍ ഡ്രെഡ്ജിങ് നടത്തി വൃത്തിയാക്കുക, ആഴം വര്‍ദ്ധിപ്പിക്കുക, കായലിന്റെ അതിര്‍ത്തികളും ബണ്ടുകളും ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന പരിപാടികള്‍.

വേമ്പനാട് കായലിലടക്കം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിനുവേണ്ട ജലസേചന വകുപ്പിന്റെ വകയിരുത്തല്‍ 87 കോടി രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിച്ച് 137 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതുകൂടാതെ, കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ.എല്‍.ഡി.സി) കുട്ടനാട്ടിലെ ബണ്ട് പണികളുടെ വിഹിതമായി 5 കോടി രൂപയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.

കുട്ടനാട്ടില്‍ 130 ദിവസത്തിന് പകരം 105 ദിവസത്തിനുള്ളില്‍ തന്നെ മൂപ്പെത്തുന്ന പുതിയ ഉത്പാദനക്ഷമതയുള്ള പ്രത്യാശ, പൗര്‍ണമി, ശ്രേയസ്, മകം എന്നിവ പോലുള്ള വിത്തിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല ഇതിനകം വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് പുറമെ 2022ല്‍ 'മനുരത്ന' എന്ന പുതിയ ഒരു വിത്തിനം നോട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിലുള്ള വിത്തിനങ്ങള്‍ പ്രചാരത്തില്‍ വന്നാല്‍ മാത്രമേ മാര്‍ച്ച് മാസം മധ്യത്തോടെ എല്ലാ പുഞ്ചകൃഷി പ്രദേശങ്ങളിലെയും കൊയ്ത്ത് പൂര്‍ത്തിയാക്കാനും തണ്ണീര്‍മുക്കം ബണ്ട് തുറക്കാനും സാധിക്കുകയുള്ളൂ. ഇതിനായി ഒരു കാര്‍ഷിക കലണ്ടര്‍ രണ്ടാം കുട്ടനാട് പാക്കേജില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാര്‍ഷിക കലണ്ടര്‍ കൃത്യമായി നടപ്പാക്കും. ഒപ്പം അടുത്ത പുഞ്ചക്കാലത്ത് കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ മനുരത്ന പോലുള്ള പുതിയ വിത്തിനങ്ങള്‍ വേണ്ടിവരും.

ഇത്രയും സര്‍ട്ടിഫൈഡ് വിത്തുകള്‍ തയ്യാറാക്കുന്നതിന് കൃഷി വകുപ്പിന്റെ ഫാമുകളെയും അതുപോലെ തന്നെ രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാമിനെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ 1.25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കുട്ടനാട്ടിലെ രണ്ടായിരത്തില്‍ കൂടുതലുള്ള പെട്ടിപറ ജലസേചന സംവിധാനങ്ങളെ പരിപൂര്‍ണ്ണമായും സൗജന്യമായും സബ്മേഴ്സിബിള്‍ വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോ പമ്പുകള്‍ ആയി പരിവര്‍ത്തനം ചെയ്യുന്നതിന് രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള പദ്ധതി ഇപ്പോള്‍ തന്നെയുണ്ട്.

ഈ പദ്ധതി കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് കൃഷി വകുപ്പിന് 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പി.എം.കുസും പദ്ധതിക്ക് കീഴില്‍ എല്ലാ വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോ പമ്പുകളെയും സോളാര്‍ പമ്പുകള്‍ ആയിക്കൂടി മാറ്റുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള പദ്ധതികള്‍ ചേമ്പുപുറത്തും ചമ്പക്കുളത്തും ഭൂമിയുടെ പ്രതലത്തില്‍ നിന്നുയര്‍ന്ന 'എലിവേറ്റഡ് ക്യാറ്റില്‍ ഷെഡു'കളാണ്. പ്രളയമുണ്ടാവുമ്പോള്‍ കന്നുകാലികളെ കയറ്റി നിര്‍ത്തി സംരക്ഷിക്കാനാണ് ഈ ഷെഡുകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ ചേമ്പുപുറത്തെ ഷെഡ് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ചമ്പക്കുളത്തെ ഷെഡ് മാര്‍ച്ച് 2023നു് മുന്‍പുതന്നെ ഉദ്ഘാടനം ചെയ്യും. ഇതിനാവശ്യമായ പണം വകയിരുത്തിയിട്ടുണ്ട്.

കുട്ടനാട്ടിലെ കൃഷിക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ആ പ്രദേശത്തുതന്നെയുള്ള ഒരു റൈസ് മില്‍. രണ്ടാം കുട്ടനാട് പാക്കേജില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കേരള റൈസ് ലിമിറ്റഡ് എന്ന കേരള സര്‍ക്കാര്‍ കമ്പനിയുടെ കീഴില്‍ പണികഴിക്കുന്ന ഈ റൈസ് മില്ലിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.

ഇതിനായി കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷന്റെ കീഴിലെ പ്രഭുറാം മില്‍സിന്റെ 5.18 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ കിന്‍ഫ്ര നടത്തിക്കഴിഞ്ഞു. വ്യവസായ വകുപ്പിനു കീഴില്‍ 66 കോടി രൂപയാണ് ഇതിന് ചെലവായി കണക്കാക്കിയിട്ടുള്ളത്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇത് മനസ്സിലാക്കിയാണ് രണ്ടാം കുട്ടനാട് പാക്കേജില്‍ 291 കോടി രൂപ ചെലവില്‍ കിഫ്ബി ധനസഹായത്തോടെ നീരേറ്റുപുറത്ത് ഒരു കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടനാട് താലൂക്കില്‍ പെട്ട 13 പഞ്ചായത്തുകള്‍ക്കുള്ള, രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കേണ്ട, സമഗ്രമായ ഒരു കുടിവെള്ള പദ്ധതിയാണിത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഈ പദ്ധതിയും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. ഭൂമിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണ്ണതകള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പരിഹരിച്ച് കൊണ്ടിരിക്കുകയാണ്.

കുട്ടനാട്ടുകാരുടെ നീണ്ടകാലത്തെ മറ്റൊരാവശ്യമാണ് കുട്ടനാട്ടില്‍ തന്നെയുള്ള വൈദ്യുതി സബ്സ്റ്റേഷന്‍. കിടങ്ങറയിലും കാവാലത്തും കുട്ടനാട്ടിലുമുള്ള വൈദ്യുതി സബ്സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്. കിടങ്ങറയില്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു.

2023 ഡിസംബറോടുകൂടി അവിടുത്തെ പണി പൂര്‍ത്തിയാക്കി സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യും. കാവാലത്തെയും കുട്ടനാട്ടിലെയും സബ്സ്റ്റേഷനുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടൂറിസം മേഖലയിലും രണ്ടാം കുട്ടനാട് പാക്കേജില്‍ വകയിരുത്തലുണ്ട്. സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറിയ പങ്കും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് കുട്ടനാട് - അപ്പര്‍ കുട്ടനാട് മേഖലകളിലാണ്.

ലോകത്തെ ഏറ്റവും പ്രധാന ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും (UNWTO) വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റും (WTM) പ്രഖ്യാപിച്ചിട്ടുള്ള കുമരകം; മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അയ്മനം; സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്ന മറവന്‍തുരുത്ത്; പെപ്പര്‍ പദ്ധതിയുടെ ഭാഗമായ വൈക്കം മുനിസിപ്പാലിറ്റി, കല്ലറ, ഉദയനാപുരം, വെച്ചൂര്‍, തലയാഴം, തലയോലപ്പറമ്പ്, ചെമ്പ്, ടി.വി.പുരം എന്നീ പഞ്ചായത്തുകളുടെ ഭൂരിഭാഗം സ്ഥലങ്ങളും; എന്നിവയൊക്കെ അപ്പര്‍ കുട്ടനാട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

2022ല്‍ ലോകത്ത് സന്ദര്‍ശിച്ചിരിക്കേണ്ട 30 സ്ഥലങ്ങളില്‍ ഒന്നായി അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തെ ട്രാവല്‍ + ലെഷര്‍ മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന നീണ്ടൂര്‍, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര എന്നീ പഞ്ചായത്തുകളും കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാന്തുരുത്ത് പ്രദേശവും അപ്പര്‍ കുട്ടനാട് മേഖലയിലാണ്.

ഇവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് വിമുക്ത ടൂറിസം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിലേക്കായി ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലായി 50,000 തുണി സഞ്ചികള്‍ ഈ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്തിട്ടുണ്ട്.

2022ല്‍ ഈ പ്രവര്‍ത്തനത്തിന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഇന്ത്യന്‍ സബ്കോണ്ടിനന്റ് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ഈ പ്രദേശത്ത് ഉത്തരവാദിത്ത ടൂറിസം മിഷനു കീഴില്‍ 4218 യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. ഈ യൂണിറ്റുകള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 1.88 കോടി രൂപയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.04 കോടി രൂപയും വരുമാനം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കുള്ള പദ്ധതി സഹായം അടുത്ത വര്‍ഷവും തുടരും.

6. ചുരുക്കത്തില്‍

നേരത്തെ സൂചിപ്പിച്ചതുപോലെ, കഠിനമായ സാമ്പത്തിക പ്രതിസന്ധികളുടെ നടുക്കാണ് ഈ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ, പദ്ധതി പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുക്കേണ്ടി വരുമോ എന്ന ഭീതി പോലും പലരും മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു

. എന്നാല്‍ അതില്‍ നിന്ന് ഭിന്നമായി, കൃത്യമായ ആസൂത്രണത്തിന്റെ പിന്‍ബലത്തോടെ, വിവിധ പുതിയ പദ്ധതികളും അവയ്ക്കായുള്ള പുതിയ വകയിരുത്തലുകളും ഈ ബജറ്റില്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടം തന്നെയാണ്.

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെയും സംഘാടനപരിഷ്കാരങ്ങളെയും ലക്ഷ്യമാക്കി നിര്‍ത്തികൊണ്ടുള്ള ഒരു സമഗ്ര വീക്ഷണം ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാണാം.

ഉത്പാദന, വിപണന, മൂല്യവര്‍ദ്ധനവ് കേന്ദ്രീകൃതമായ പദ്ധതികളുടെ ആസൂത്രണം, കൃഷിക്കാരന് നേരിട്ടും അല്ലാതെയുമുള്ള സഹായവിതരണം, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള നിര്‍വഹണ പ്രവര്‍ത്തനം എന്നിവയെല്ലാം ബജറ്റിന്റെ പ്രധാന മാനങ്ങളായി വന്നിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം കൃത്യമായി നടപ്പാക്കാന്‍ സാധിച്ചാല്‍ വലിയൊരു മുന്നേറ്റം ഈ മേഖലയില്‍ നടത്താന്‍ കഴിയും എന്നതില്‍ സംശയമില്ല.

 (ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top