01 October Sunday

പ്രൊഫ. കെ കെ ജോർജ് അർത്ഥവത്തായ ഗവേഷണ സംഭാവനകൾ പൊതുധനകാര്യ മേഖലക്ക് നൽകിയ മികച്ച പണ്ഡിതൻ

ആർ മോഹൻUpdated: Tuesday Aug 16, 2022

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്‌ത സാമ്പത്തിക വിദഗ്‌ദൻ പ്രൊഫ. കെ കെ ജോർജിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറി ആർ മോഹൻ അനുസ്‌മരിക്കുന്നു.

പ്രൊഫ. കെ കെ ജോർജ് നമ്മെ വിട്ട് പിരിഞ്ഞു പോയിരിക്കുന്നു. കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെപ്പറ്റിയും കേരളത്തിന്റെ പൊതുധനകാര്യ സ്ഥിതിയെക്കുറിച്ചും അവഗാഹമുള്ള ഗവേഷകനായിരുന്നു പ്രൊഫ: കെ കെ  ജോർജ്. CDS- UN പഠനത്തിലൂടെയും അമർത്യ സെന്നിന്റെ പഠനത്തിലൂടെയും കേരളത്തിന്റെ വികസന ആഖ്യാനം ലേകശ്രദ്ധയാകർഷിച്ച കാലഘട്ടത്തിലാണ്, ഈ മാതൃകയ്ക്ക് പരിമിതികളുണ്ടെന്ന പഠനവുമായി പ്രൊഫ. ജോർജ് വന്നത്.

ലിമിറ്റ്സ് ടു കേരള മോഡല്‍ ഓഫ് ഡെവലപ്മെന്‍റ് (Limits to Kerala Model of Development) എന്ന കൃതിയിലൂടെയായിരുന്നു ഇത്. കേരളത്തിന്റെ വികസന നേട്ടങ്ങളെ യൂറോപ്യൻ രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന പ്രവണത ഗവേഷകരുടെ ഇടയിൽ ഏറി വന്നിരുന്ന കാലഘട്ടത്തിലാണ് ജോർജിന്റെ വീക്ഷണം പുറത്തു വന്നത്. പൊതു ധനകാര്യ പരിമിതികൾ കാരണം സർക്കാർ ഇടപെടലിലൂന്നിയ വികസന പരിപ്രേക്ഷ്യം നേരിടാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് ഇന്നത്തെ സ്ഥിതിയിൽ വളരെ പ്രസക്തമാകുകയാണ്.

പൊതു ധനകാര്യ വിശകലനം സംഖ്യകൾക്കും അനുപാതങ്ങൾക്കുമപ്പുറം ഒരു രാഷ്ട്രീയ-സാമ്പത്തിക വീക്ഷണത്തോടെ നടത്തേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപാടുള്ള ചിന്തകനായിരുന്നു പ്രൊഫ: കെ.കെ. ജോർജ് . പൊതു ധനകാര്യം ഒരു ഗവേഷണ ശാഖ എന്ന നിലയിൽ ഇവിടെ വേണ്ടത്ര മുന്നോട്ടു വന്നില്ല എന്ന അഭിപ്രായം അദ്ദേഹം പലപ്പോഴും പങ്കു വച്ചിട്ടുണ്ട്. പൊതു ധനകാര്യ സൂചനകളെക്കുറിച്ച് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്ന അവസ്ഥയും അദ്ദേഹത്തെ ദു:ഖിപ്പിച്ചിരുന്നു. ബഡ്‌ജറ്റിനെക്കുറിച്ചുള്ള തത്സമയ ചർച്ചകൾ പലപ്പോഴും വസ്തുതകൾ കാണാതെയുള്ളവയാണെന്ന കാര്യവും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബഡ്ജ‌റ്റ് രേഖകൾ വിശകലനം ചെയ്ത് അഭിപ്രായം രൂപീകരിക്കുമ്പോഴേക്കും ബഡ്ജറ്റ് ചര്‍ച്ചകളുടെ സീസൺ കഴിഞ്ഞിരിക്കുമെന്ന് അദ്ദേഹം തമാശരൂപേണ ഗൗരവത്തിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അഞ്ചു വർഷത്തിലൊരിക്കൽ ധനകാര്യ കമ്മിഷനുകൾ രൂപീകരിച്ച് വിജ്ഞാന പനമിറങ്ങുന്ന വേളയിൽ മെമ്മോണ്ടാം തയ്യാറാക്കുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥരും പൊതുധനകാര്യ വിദഗ്ദ്ധരും ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ 'after a long period before going into a five year hibernation again'.  ഇന്ത്യൻ റവന്യൂ സർവ്വീസിൽ നിന്നും സ്വയം വിരമിച്ച ശേഷം ഈ മേഖലയിൽ ഞാൻ മുഴുവൻ സമയ ശ്രദ്ധ പതിപ്പിച്ച് രംഗത്ത് വന്നപ്പോർ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

ഐ എസ് ഗുലാത്തിക്കൊപ്പവും തനതായും പൊതുധനകാര്യ ഗവേഷണത്തിന്,  പ്രൊഫ: കെ.കെ. ജോർജ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹം നടത്തിയ സംഭാവനകളെ പുതിയ സാഹചര്യത്തിൽ വിപുലീകരിച്ച് മുന്നോട്ട് കൊണ്ടു പോകുവാൻ ഏറെയല്ലെങ്കിലും കുറച്ചു പേരെങ്കിലും ഉണ്ടെന്നത് ആശ്വാസത്തിന് വക നൽകുന്നു. നമ്മുടെ പൊതുധനകാര്യ ഗവേഷണം സൈദ്ധാന്തിക തലത്തിലും പരിശോധനാ തലത്തിലും (theoretically and empirically) മുന്നോട്ട് കൊണ്ടു പോകുന്നത് അദ്ദേഹത്തിന്റെ സ്‌മരണക്ക് നമ്മൾ ചെയ്യുന്ന നീതി പുലർത്തലായിരിക്കും. അർത്ഥവത്തായ ഗവേഷണ സംഭാവനകൾ പൊതുധനകാര്യ മേഖലക്ക് നൽകിയ മികച്ച പണ്ഡിതൻ എന്നതിന്ന് പുറമേ രാഷ്ട്രീയ, വികസന കാര്യങ്ങളില്‍ കൃത്യമായ നിലപാടും കാഴ്‌ചപ്പാടും ഉണ്ടായിരുന്ന പ്രൊഫ: കെ കെ ജോർജിന്റെ വിടവാങ്ങൽ നമ്മുടെ പൊതു സമൂഹത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌മരണക്ക് മുന്നിൽ ആദരാജ്ഞലികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top