20 April Saturday

പ്രൊഫ.ജോർജ്‌ കോശി ‐ ക്ലാസിലും ലോകവേദികളിലും മുഴങ്ങിയ ശബ്ദം

ലെനി ജോസഫ്‌Updated: Saturday Jan 15, 2022

കോട്ടയം > ഷേക്‌സിപിയർ നാടകങ്ങളിലെയും  ക്രിസ്‌റ്റഫർ മാർലോയുടെ ‘ഡോക്‌ടർ ഫോസ്‌റ്റസി’ലെയുമൊക്കെ വരികൾ അദ്ദേഹത്തിന്റെ പഴയ വിദ്യാർഥികളുടെ ചെവികളിലും ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. അത്രയ്‌‌ക്ക്‌ മനോഹരമായിരുന്നു ശനിയാഴ്‌ച അന്തരിച്ച സിഎംഎസ്‌ കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം മുൻ മേധാവി പ്രൊഫ. ജോർജ്‌ കോശിയുടെ ക്ലാസുകൾ. സ്‌ഫുടതയും  ഉച്ചാരണശുദ്ധിയുമുള്ള അദ്ദേഹത്തിന്റെ ശബ്‌ദം  സിഎംഎസ്‌ കേളേജിലെ ക്ലാസ്‌ മുറികളെയും ലോകപ്രഭാഷണ വേദികളെയും ധന്യമാക്കി.

90 വയസ്‌ പിന്നിട്ടിട്ടും ജി കെ എന്ന പ്രൊഫ. ജോർജ്‌ കോശി സ്വയം കാറോടിച്ച്‌ സിഎംഎസ്‌ കോളേജിലെത്തി കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ഡിപ്പാർട്ട്മെന്റിലെ സ്വാശ്രയ കോഴ്‌സായ ബി എ ഇംഗ്ലീഷ്‌  ക്ലാസെടുക്കുമായിരുന്നു. ഷേക്‌സ്‌പിയറുടെ ‘കിങ്‌ ലിയറി’ലെ നാടകീയ മുഹൂർത്തങ്ങൾ  തനിമ വിടാതെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‌ ചെറുപ്പമായിരുന്നു.  

2021 എപ്രിൽ 20ന്‌‌ അദ്ദേഹത്തിന്റെ നവതിയാഘോഷം സിഎംഎസ്‌ കോളേജ്‌ ഗ്രേറ്റ്‌ ഹാളിൽ നടന്നു. വൈസ്‌ പ്രിൻസിപ്പലും ഇംഗ്ലീഷ്‌  വകുപ്പ്‌ തലവനുമായിരുന്ന അദ്ദേഹം 1991ലാണ്  സിഎംഎസിൽ നിന്ന്‌ റിട്ടയർ ചെയ്‌തത്‌. അന്തരിച്ച പ്രൊഫ. നൈനാൻ കോശിയുടെ  സഹോദരനായ അദ്ദേഹം ലോകസഭാ കൗൺസിലിന്റെ (ഡബ്ല്യുസിസി) കേന്ദ്ര കമ്മിറ്റി അംഗം,  വിദ്യാഭ്യാസ കമീഷൻ അംഗം, ആംഗ്ലിക്കൻ സഭകളുടെ അന്തർദേശീയ കൗൺസിൽ വൈസ്‌ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.

തിരുവല്ലയ്‌ക്കടുത്ത്‌ മുണ്ടിയപ്പള്ളിയിലാണ്‌ ജനനം. തിരുവല്ല എസ്‌സി സെമിനാരിയിൽ ഹൈസ്‌‌കൂൾ പഠനം. സിഎംഎസിൽനിന്ന്‌ ഇന്റർമിഡിയറ്റ്‌, ചങ്ങനാശേരി എസ്‌ബിയിൽ നിന്നു ബിഎ, മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽനിന്ന്‌ എംഎ, ഇംഗ്ലണ്ടിൽ നിന്ന്‌ ബിഎ ഓണേഴ്‌സ്‌ എന്നിവ നേടി.

ക്ലാസിലായാലും പ്രസംഗങ്ങളിലാണെങ്കിലും അദ്ദേഹത്തിന്റെ ചിന്തോദ്ദീപകങ്ങളായ തമാശകളും നുറുങ്ങുകളും കടന്നുവരും. സിഎംഎസ്‌ കോളേജിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്‌‌മ ‘ജികെയ്‌‌സ് ജോക്‌‌സ്‌’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഒരിക്കൽ അദ്ദേഹം പറഞ്ഞു: ‘കോളേജ്‌ ജീവിതത്തിലെ അവിസ്‌മരണീയ സംഭവം  അക്കാദമിക്‌ രംഗവുമായി ബന്ധപ്പെട്ടല്ല. കോളേജിലെ ചാപ്പലിൽ എല്ലാ ബുധനാഴ്‌‌ചയും സർവീസുണ്ട്‌. അവിടെ പ്രസംഗിച്ച ശേഷം ഞാൻ ഡിപ്പാർട്ട്‌മെന്റിലേക്കു നടക്കുകയായിരുന്നു. അപ്പോൾ എന്റെയടുത്ത്‌‌ ഓടിയെത്തിയ ഒരു പെൺകുട്ടി പറഞ്ഞു: സാറിന്റെ പ്രസംഗം കേട്ടില്ലായിരുന്നെങ്കിൽ ഞാൻ  ഇന്ന്‌ ആത്മഹത്യ ചെയ്യുമായിരുന്നു. അന്ന്‌ ഞാൻ പ്രസംഗിച്ചത്‌ എന്താണെന്നുപോലും ഓർക്കുന്നില്ല’.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗാനങ്ങൾ അദ്ദേഹം  മനോഹരമായി ആലപിക്കുന്ന കാര്യം  അദ്ദേഹത്തിന്റെ ക്ലാസിലിരുന്നവർക്ക്‌‌‌ അറിയാം. കുട്ടികൾ ഉറങ്ങാതിരിക്കാൻ അദ്ദേഹം ‘ബലികുടീരങ്ങളെ’ എന്ന വിപ്ലവഗാനം ആലപിക്കാറുണ്ടായിരുന്നെന്ന്‌  അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന കവയിത്രി എലിയാമ്മ കോരയിൽ നിന്നാണ്‌ അറിഞ്ഞത്‌. ജോർജ്‌ കോശി സാർ എത്ര വ്യത്യസ്‌തനായിരുന്നുവെന്ന്‌ വ്യക്തമാകുന്ന സംഭവം. അതേപ്പറ്റി ഒരിക്കൽ ഈ ലേഖകൻ അദ്ദേഹത്തോട്‌ ചോദിച്ചു. ‘അക്കാലത്ത്‌ നാടകഗാനങ്ങളൊക്കെ വളരെ പോപ്പുലറായിരുന്നു. അങ്ങനെയാണ്‌ അതൊക്കെ പാടിയത്‌’- ഇതായിരുന്നു മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top