19 April Friday

മൃദു തീവ്രമാക്കി പ്രിയങ്കയും രാഹുൽ ഗാന്ധിയൂം

എം പ്രശാന്ത‌്Updated: Thursday Mar 21, 2019


ന്യൂഡൽഹി
എൺപതുകളിൽ ഇന്ദിരാഗാന്ധിയും തുടർന്ന‌് രാജീവ‌്ഗാന്ധിയും പരീക്ഷിച്ച മൃദുഹിന്ദുത്വം അൽപ്പം കൂടി തീവ്രമായി പയറ്റുകയാണ‌് പ്രിയങ്കയും രാഹുൽ ഗാന്ധിയൂം. ഇതിന്റെ ഭാഗമായി കോൺഗ്രസ‌് വാർറൂമിൽ രൂപപ്പെട്ട ആശയമാണ‌് മൂന്നുദിവസം നീണ്ട ഗംഗാ യാത്ര. മോഡി സർക്കാരിന്റെ പരാജയങ്ങളും കാർഷിക തകർച്ചയും തൊഴിലില്ലായ‌്മയും പോലുള്ള ജനകീയ വിഷയങ്ങളും ഉയർത്തി ബിജെപിയെ നേരിടുന്നതിനു പകരം കുറുക്കുവഴിയായി മൃദുഹിന്ദുത്വ സമീപനത്തെ കോൺഗ്രസ‌് കാണുകയാണ‌്. ഇതോടൊപ്പം ബിജെപിക്ക‌് സമാനമായി തീവ്രദേശീയത ഉയർത്താനും പദ്ധതിയുണ്ട‌്. ഹിന്ദുത്വ പാതയിലെ സഞ്ചാരത്തിനൊപ്പം ന്യൂനപക്ഷങ്ങളിൽനിന്ന‌് പരമാവധി അകലം പാലിക്കാനും കോൺഗ്രസിന‌് ഉപദേശം ലഭിച്ചിട്ടുണ്ട‌്. തെരഞ്ഞെടുപ്പ‌് പ്രകടനപത്രികയും മറ്റും ഇതിന്റെ അടിസ്ഥാനത്തിലാകും. ന്യൂനപക്ഷങ്ങളെ തൽക്കാലം കണ്ടില്ലെന്ന‌് നടിച്ചാലും നഷ്ടമില്ലെന്നും തങ്ങൾക്ക‌് ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച വരില്ലെന്നുമാണ‌് കോൺഗ്രസ‌് വിലയിരുത്തൽ.

പ്രചോദനമായത്‌ രാജസ്ഥാനും മധ്യപ്രദേശും
രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൈവരിച്ച നേട്ടമാണ‌് മൃദുഹിന്ദുത്വ പാതയിൽ അടിയുറച്ച‌് നീങ്ങാൻ കോൺഗ്രസ‌് പ്രേരകമാവുന്നത‌്. ഈ മൂന്ന‌് സംസ്ഥാനങ്ങളിലും രാഹുൽഗാന്ധി കോൺഗ്രസിനെ നയിച്ചത‌് മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചായിരുന്നു. രാഹുലിന്റെ ശിവഭക്തിയും കൈലാസ‌് മാനസരോവർ യാത്രയുമെല്ലാം വലിയ രീതിയിൽ പ്രചാരണ വിഷയങ്ങളാക്കി. കൈലാസ‌് മാനസരോറിന്റെ പശ‌്ചത്തലത്തിൽ നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ‌് പോസ‌്റ്ററുകളിൽ കോൺഗ്രസ‌് ഉപയോഗിച്ചത‌്. സോണിയയിൽനിന്ന‌് രാഹുലിലേക്ക‌് തലമുറമാറ്റം സംഭവിച്ചതിന‌് ശേഷം 2017ലെ ഗുജറാത്ത‌് നിയമസഭാ തെരഞ്ഞെടുപ്പ‌് മുതലാണ‌് ഹിന്ദുത്വ നിലപാട‌് കോൺഗ്രസ‌് പയറ്റിതുടങ്ങിയത‌്. തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരീക്ഷണം ആവർത്തിച്ചു.

രാഹുലിന്റെ ഭക്തിപ്രകടനത്തിനൊപ്പം പശുസംരക്ഷണം, ഗോഹത്യ തുടങ്ങിയ വിഷയങ്ങളിലേക്കും കോൺഗ്രസ‌് സജീവമായി കടന്നു. ബിജെപിയെ പോലും നാണിപ്പിക്കും വിധം രാജസ്ഥാൻ, മധ്യപ്രദേശ‌് തെരഞ്ഞെടുപ്പ‌് പ്രകടനപത്രികകളിൽ പശു പ്രധാന അജണ്ടയായി. ഭൂരിപക്ഷ വർഗീയതയാൽ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെക്കുറിച്ചോ ന്യൂനപക്ഷ ക്ഷേമത്തെ കുറിച്ചോ ഒരക്ഷരം പോലും ഉരിയാടാതെ ശ്രദ്ധിക്കുകയും ചെയ‌്തു. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിൽ വന്ന കോൺഗ്രസ‌് സർക്കാരുകൾ ബിജെപിയെക്കാൾ തീവ്രമായി ഗോസംരക്ഷണ നടപടികളുമായി നീങ്ങുകയാണ‌്. മധ്യപ്രദേശിൽ പശുക്കടത്ത‌് ആരോപിച്ച‌് ന്യൂനപക്ഷങ്ങൾക്കെതിരായി ദേശീയസുരക്ഷാ നിയമം അടിച്ചേൽപ്പിക്കാനും മടിച്ചില്ല.

ആസൂത്രിതമായാണ‌് ഹിന്ദുത്വ പാതയിലൂടെയുള്ള കോൺഗ്രസ‌് സഞ്ചാരം. കോൺഗ്രസിനായി തെരഞ്ഞെടുപ്പ‌് തന്ത്രങ്ങൾ ഒരുക്കുന്ന സെന്റർ ഫോർ സ‌്റ്റഡി ഓഫ‌് ഡെവലപ്പിങ‌് സൊസൈറ്റീസ‌് (സിഎസ‌്ഡിഎസ‌്) ജർമൻ പൊളിറ്റിക്കൽ ഫൗണ്ടേഷനുമായി ചേർന്നുനടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ‌് ഹിന്ദുത്വ നയം മുറുകെ പിടിക്കാനുള്ള തീരുമാനം.

ഗംഗയിലെ ഹിന്ദുത്വസഞ്ചാരം

അലഹബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥനയും പാലഭിഷേകവും നടത്തിയാണ‌് പ്രിയങ്കാഗാന്ധി ഗംഗാ യാത്രയ‌്ക്ക‌് തുടക്കമിട്ടത‌്. ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ‌് പ്രിയങ്ക ഇറങ്ങും മുമ്പുതന്നെ കോൺഗ്രസ‌് നേതാക്കളുടെ വാട‌്സ്‌ആപ്പിൽ പ്രാർത്ഥനയുടെ ചിത്രങ്ങൾ നിറഞ്ഞു. 1979ൽ ഇന്ദിരാഗാന്ധി ഇവിടെ പ്രാർഥന നടത്തിയപ്പോൾ എടുത്ത ബ്ലാക്ക‌്ആൻഡ‌് വൈറ്റ‌് ചിത്രവും പ്രിയങ്കയുടെ കളർ ചിത്രവും ചേർത്തുവച്ച‌ാണ‌് പ്രചരിക്കപ്പെട്ടത‌്.

ഇപ്പോൾ പ്രയാഗ‌്‌രാജായി മാറിയ അലഹബാദ‌് മുതൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി വരെയായിരുന്നു പ്രിയങ്കയുടെ ഗംഗാ യാത്ര. ശംഖനാദം മുഴക്കിയും സ‌ംസ‌്കൃതത്തിൽ സ്വസ‌്തിമന്ത്രങ്ങൾ ഉരുവിട്ടുമാണ‌് നേതാവിനെ സ്വീകരിച്ചത‌്. അലഹബാദിനും വാരണാസിയ‌്ക്കുമിടയിൽ ഗംഗയോട‌് ചേർന്നുള്ള പ്രധാന ക്ഷേത്രങ്ങളെല്ലാം പ്രിയങ്ക സന്ദർശിച്ചു. വിന്ധ്യാചലിലെ മാ വിന്ധ്യവാഹിനി ക്ഷേത്രം, സിരാസയിലെ ശിവക്ഷേത്രം, സീത ഭൂമി പിളർന്നുപോയ സ്ഥലമായി സങ്കൽപ്പിക്കപ്പെടുന്ന സീതാമർഹിയിലെ സീത സമാഹിത‌് സ്ഥൽ, വാരണാസിയിലെ ശീതളമാതാ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം എന്നിവിടങ്ങളിലും പ്രാർഥന നടത്തി. കരയ‌്ക്കിറങ്ങിയ ഘട്ടങ്ങളില്ലൊം അടുത്തുകണ്ട ചെറുക്ഷേത്രങ്ങളിലും കയറി.

പ്രിയങ്കയുടെ ഗംഗാ യാത്രയ‌്ക്ക‌് പിന്നിൽ ഹിന്ദുത്വ സന്ദേശം ഉയർത്തുന്നതിനൊപ്പം മറ്റ‌് ലക്ഷ്യങ്ങളുമുണ്ട‌്. ഗംഗയുടെ ഇരുകരകളിലുമായി കഴിയുന്ന നിഷാദ‌് വിഭാഗക്കാരുടെ വോട്ട‌് യുപിയിൽ നിർണായകമാണ‌്. 17 ശതമാനത്തോളം വരും. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ ബിജെപിയിലേക്ക‌് പോയിരുന്നു. ഒബിസി വിഭാഗക്കാരായ നിഷാദുകൾ പരമ്പരാഗത മത്സ്യതൊഴിലാളികളാണ‌്. എസ‌്സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അവർ കാലങ്ങളായി മുന്നോട്ടുവയ‌്ക്കുന്നുണ്ട‌്. ഇതിന‌് അനുകൂലമായ നിലപാട‌് പ്രകടനപത്രികയിൽ സ്വീകരിച്ചുകൊണ്ട‌് നിഷാദുകളെ ആകർഷിക്കാനാണ‌് കോൺഗ്രസ‌് ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top