02 April Sunday

വ്യോമഗതാഗതത്തിലെ പ്രതിസന്ധികൾ

ജി എം നായർUpdated: Sunday Jan 22, 2023


ഒറ്റയടിക്ക്‌ എഴുന്നൂറിലധികം വിമാന സർവീസ്‌ റദ്ദാക്കുക, അപ്രതീക്ഷിതമായി അയ്യായിരത്തിലധികം സർവീസ്‌ തുടർച്ചയായി വൈകുക....വ്യോമഗതാഗത രംഗത്തെ അസാധാരണമായ പ്രതിസന്ധിയാണ്‌ അടുത്തിടെ അമേരിക്കയിലുണ്ടായത്‌. സുപ്രധാന ഘടകമായ കംപ്യൂട്ടർ അധിഷ്‌ഠിത സുരക്ഷാ കേന്ദ്രീകൃത സംവിധാനം തകരാറിലായതാണ്‌ പ്രശ്‌നം സൃഷ്ടിച്ചത്‌. വിമാന സർവീസുകളുടെ സുഗമമായ പ്രവർത്തനത്തിന്‌ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ്‌ നിലവിലുള്ളത്‌. എന്നാൽ ഇവയിലുണ്ടാകുന്ന നേരിയ തകരാർ പോലും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ്‌ അമേരിക്കയിൽ ജനുവരി 11ന്‌ ഉണ്ടായ സംഭവം. വിമാനങ്ങൾക്ക് നിർദേശങ്ങളും മുന്നറിയിപ്പുകളും കൈമാറാൻ സാധിക്കാതെ വന്നാൽ വ്യോമ ഗതാഗതം താറുമാറാകും. സങ്കീർണമായ പ്രവർത്തന സംവിധാനമാണിത്‌.

‘നോട്ടം’ എന്നാൽ
അമേരിക്കയിൽ വിമാനഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നത്‌ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനാ (FAA)ണ്‌. ഇന്ത്യയിലിത്‌ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴലുള്ള സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റും (DGCA). എയർപോർട്ട്‌ ടെർമിനൽ ഇൻഫർമേഷൻ സർവീസ്‌ സിസ്‌റ്റം (ATIS), ഡിജിറ്റൽ എയർപോർട്ട്‌ ഇൻഫർമേഷൻ സർവീസ്‌ സിസ്‌റ്റം (DATIS) എന്നിവ വ്യോമ ഗതാഗത രംഗത്തെ പ്രധാന സംവിധാനങ്ങളാണ്‌. ഇവ വഴിയാണ്‌ പൈലറ്റിന്‌ അവർ പോകാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിലെ സാങ്കേതികവും അല്ലാതെയുമുള്ള എല്ലാ വിവരങ്ങളും മുൻകൂട്ടി കൃത്യമായി അിറിയാൻ കഴിയുന്നത്‌. യാത്രയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, ദിനാന്തരീക്ഷ സ്ഥിതി, വിമാനത്താവളങ്ങളുടെ പ്രവൃത്തിസമയം, റൺവേ, പക്ഷികളുടെ സാന്നിധ്യം, മുടൽമഞ്ഞ്‌, പാർക്കിങ്‌ ഏരിയ തുടങ്ങിയവയുടെ വിവരങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, റീഫ്യൂവലിങ്‌ സംവിധാനങ്ങൾ.... എന്നിവയും ഇവയിൽ ഏതെങ്കിലും സംവിധാനങ്ങളിൽ കുറവോ, വ്യത്യാസങ്ങളോ ഉണ്ടായാൽ അതും എത്രയും വേഗം പൈലറ്റിനെയും വിവിധ വിമാന കമ്പനികളെയും അറിയിക്കുന്നതുമെല്ലാം ഈ സംവിധാനം വഴിയാണ്‌. സുരക്ഷാ മുന്നറിയിപ്പുകളടക്കമുള്ള ഈ വിവരങ്ങളെ ‘നോട്ടം’ (NOTAM–-Notice To Airmen) എന്നറിയപ്പെടുന്നു. ഡിജിറ്റൽ രൂപത്തിലോ സംഭാഷണ രീതിയിലോ ആണ്‌ ഇത്‌ പൈലറ്റുകൾക്ക്‌ അതിവേഗം ലഭ്യമാക്കുക. ഇത്‌ യഥാസമയം പുതുക്കി നൽകുന്നതിനുണ്ടായ തകരാറാണ്‌ അമേരിക്കയിൽ വ്യോമഗതാഗതം നിശ്‌ചലമാക്കിയത്‌.

ഇതിനായി പ്രത്യേക വിഎച്ച്‌എഫ്‌ സംവിധാനം ഉണ്ട്‌. ഇന്ത്യയിൽ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ചെന്നൈ, മുബൈ, കൊൽക്കത്ത, ഡൽഹി, ഗോഹട്ടി എന്നീ മേഖലാ സെന്ററുകളിലും ‘നോട്ടം’ സെന്ററുകൾ പ്രവർത്തിക്കുന്നു. ഈ സെന്ററുകൾ വഴിയാണ്‌ എയർപോർട്ട്‌ ഇൻഫർമേഷൻ സർക്കുലറുകൾ (AIC), എയർപോർട്ട്‌ ഇൻഫർമേഷൻ പബ്ലിക്കേഷനു (AIP)കൾ, എയർപോർട്ട്‌ ഇൻഫർമേഷൻ സർവീസുക (AIS)ൾ എന്നിവ ലഭിക്കുക.


 

പറന്നുയരണമെങ്കിൽ
ഒരു വിമാനം യാത്ര തുടങ്ങുന്നതിന്‌ മുമ്പായി പൈലറ്റോ, ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയ വ്യക്തി( Flight dispatcher)യോ എയർട്രാഫിക്ക്‌ കൺട്രോളുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിന്‌ പ്രീ ഫ്ലൈറ്റ്‌ ഇൻഫർമേഷൻ(Pre flight information) എന്ന്‌ പറയുന്നു. വിമാനത്താവളത്തിലെ കാലാവസ്ഥാ വിഭാഗം, എയർട്രാഫിക്ക്‌ കൺട്രോൾ സെന്റർ, എയർപോർട്ട്‌ കമ്യൂണിക്കേഷൻ വിഭാഗം എന്നീ യൂണിററുകളിൽ പൈലറ്റ്‌ നേരിട്ടെത്തുന്നതായിരുന്നു മുമ്പുള്ള രീതി. ഇതിനെ പ്രീ ഫ്ലൈറ്റ്‌ പ്ലാനിങ് എന്നറിയപ്പെടുന്നു. ഈ പ്ലാൻ എയർട്രാഫിക്ക്‌ സെന്ററിൽ സമർപ്പിച്ച ശേഷമേ ഏതു വിമാനത്തിനും യാത്രാ അനുമതി ലഭിക്കൂ. ഇത്തരത്തിൽ പൈലറ്റ്‌ തയ്യാറാക്കി സമർപ്പിച്ച ഫ്ലൈറ്റ്‌ പ്ലാനുകൾ മറ്റ്‌ വിമാനത്താവളങ്ങളുടെ അറിവിലേക്ക്‌ ഉടൻ തന്നെ എയർട്രാഫിക്ക്‌ യൂണിറ്റ്‌ അയച്ചുകൊടുക്കും. മറ്റ്‌ വിമാനത്താവളങ്ങളുടെ തയ്യാറെടുപ്പിനു വേണ്ടിയാണിത്‌. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യയുടെ പുരോഗതിമൂലം പൈലറ്റിന്‌ മുകളിൽപ്പറഞ്ഞ യൂണിറ്റുകളിൽ നേരിട്ട്‌ എത്താതെ തന്നെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കൂടാതെ ഈ വിവരങ്ങൾ ലോകത്തെ ഏത്‌ വിമാനത്താവളത്തിലേക്കും അതിവേഗം അപ്പപ്പോൾ അയക്കാനുമാകും. ഈ കംപ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിൽ ഉണ്ടാകുന്ന നേരിയ തകരാർ പോലും വലിയ പ്രശ്‌നങ്ങളിലേക്കാണ്‌ എത്തിക്കുക. അമേരിക്കയിലുണ്ടായ സംഭവം ഇത്തരത്തിലുള്ളത്‌. സാങ്കേതിക തകരാറുകളോ സൈബർ ആക്രമണങ്ങളോ ഈ സംവിധാനങ്ങൾക്ക്‌ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ്‌ വേണ്ടത്‌.

കനത്ത മഞ്ഞു വീഴ്‌ചയും മൂടൽ മഞ്ഞും വിമാന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും കഴിഞ്ഞ മാസം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലും നൂറുകണക്കിന്‌ വിമാന സർവീസുകളെ ഇവ ബാധിച്ചിരുന്നു. പ്രതികൂലമായ കാലാവസ്ഥ വിമാന അപകടങ്ങൾക്ക്‌ കാരണമാകാറുണ്ട്‌.

പൊതു സംവിധാനങ്ങളും
വ്യോമ ഗതാഗതനിയന്ത്രണത്തിനായി ചില പൊതു സംവിധാനങ്ങളുമുണ്ട്‌‌. ഇവയിൽ പ്രധാനം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ എന്നിവ ആണ്‌. ലോകവ്യാപകമായി യാത്രാവിമാനങ്ങളുടെ നിയന്ത്രണത്തിൽ കാലാകാലങ്ങളിലുള്ള നിയമാവലികളും മറ്റ്‌ സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുന്ന റെഗുലേറ്ററി അതോറിറ്റികളാണ് ഈ സംഘടനകൾ‌. ലോകജ്യങ്ങളിൽ മിക്കവയും ഇവയിൽ അംഗങ്ങളാണ്‌. വിമാനത്താവളങ്ങളുടെ നിർമാണം മുതൽ അതിന്റെ സുഗമമായ പ്രവർത്തനം വരെയും വിമാനങ്ങളുടെ രൂപകൽപ്പന മുതൽ രാജ്യത്തെ എയർലൈൻ പ്രവർത്തനങ്ങൾ വരെയും ഈ സംഘടനകളുടെ മേൽനോട്ടത്തിലാണ്‌ നടക്കുന്നത്‌.

(തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ മുൻ എയർട്രാഫിക്ക്‌ കൺട്രോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top