24 October Sunday

പ്രകാശ് എന്ന ദൃശ്യസാക്ഷി

സതീഷ്‌ ഗോപിUpdated: Sunday Sep 19, 2021

എൻഡോസൾഫാൻ ദുരന്ത ത്തിന്റെ നാൾവഴികളിൽ നിർണായകമായ ചിത്രങ്ങൾ എടുത്തത്‌ കള്ളാറിലെ പ്രകാശൻ എന്ന ഫോട്ടോഗ്രാഫറാണ്‌

മലമുകളിലെ കൂറ്റൻ കശുമാവുകൾക്കു മുകളിൽ കെട്ടിയ മുളന്തൂണുകളിലെ വർണക്കൊടികൾ കണ്ടാലറിയാം. വലിയ ഇരുമ്പുതുമ്പിയുടെ വരവടുത്തെന്ന്‌. ആകാശച്ചെരുവിൽ ചാഞ്ഞുപറന്ന്‌ മേഘങ്ങളിൽ കരിപ്പൊട്ടുകളായി അത്‌ ‘മരുന്ന്‌’ തളിക്കും. കാസർകോടൻ മലയോരത്തെ കുട്ടികൾക്കും മുതിർന്നവർക്കും ആ ദിവസങ്ങൾ കൗതുകങ്ങളുടേതായിരുന്നു. തെയ്യംകൂടാനെത്തുംപോലെ ബന്ധുവീടുകളിലെ കുട്ടികളും ഹെലികോപ്‌റ്റർ എന്ന ആകാശവിസ്‌മയത്തിന്‌ സാക്ഷ്യം വഹിക്കാനെത്തും. രാജപുരം പൈനിക്കരയിലെ പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവ്‌ തോട്ടങ്ങളിലെ മരുന്നുതളി കണ്ട കള്ളാറിലെ പ്രകാശൻ എന്ന കൗമാരക്കാരൻ താൻ പണിയെടുക്കുന്ന സ്റ്റുഡിയോയിലെ പഴയ എസ്‌എൽആർ ക്യാമറയിൽ ഭീഷണിയും അക്രമവും അതിജീവിച്ച്‌ ആ ഹെലികോപ്‌റ്ററുകളുടെ ഫോട്ടോകളെടുത്തു. സുപ്രീംകോടതിയിൽ ഫയൽ ചെയ്യപ്പെട്ട എൻഡോസൾഫാൻ ഹർജിയിൽ മനുഷ്യജീവനുവേണ്ടിയുള്ള അവസാനത്തെ അപ്പീൽപോലെ പ്രകാശന്റെ ഫോട്ടോകളുമുണ്ട്‌. 1977 മുതൽ തേയിലക്കൊതുകുകളെ നശിപ്പിക്കാൻ എൻഡോസൾഫാൻ എന്ന മാരകവിഷം തളിച്ചിരുന്നുവെന്നതിന്റെ ഏറ്റവും വീര്യമേറിയ തെളിവാണ്‌ തന്റെ കണ്ണുകൾ ഒപ്പിയെടുത്തതെന്ന്‌ പ്രകാശ്‌ കള്ളാർ അന്ന്‌ തിരിച്ചറിഞ്ഞില്ല. ഈ വിഷയത്തിൽ സിനിമയും ഡോക്യുമെന്ററിയും ഫോട്ടോപരമ്പരകളുമൊക്കെയായി ശ്രദ്ധ നേടിയ ഒരാളുടെ പക്കലും നേരിട്ടുള്ള വിഷപ്രയോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമില്ല.

വിഷമഴ നനഞ്ഞ ദേശത്തിന്റെ വിലാപം

കേരള പ്ലാന്റേഷൻ കോർപറേഷൻ വലിയ തൊഴിൽദാതാവായിരുന്നു. തൊഴിലാളി കുടുംബങ്ങൾ സാമ്പത്തികമായി സുരക്ഷിതം. ആ സുരക്ഷിതത്വം വലിയ അനാഥത്വത്തിലേക്കും ദുരന്തങ്ങളിലേക്കുമുള്ള സഞ്ചാരമായിരുന്നു. സാധാരണവിളകൾക്ക്‌ പ്രയോഗിക്കുന്ന ഫ്യൂരിഡാനും എക്കാലക്‌സും ചിതലിനെ നശിപ്പിക്കുന്ന ഡിഡിടിയുമായിരുന്നു അക്കാലത്തെ വലിയ കീടനാശിനികൾ. കാസർകോട്‌ വാണിനഗറിലെ ഡോ. ബി മോഹൻകുമാർ, ക്ലിനിക്കിലെത്തുന്നവരുടെ ദയനീയസ്ഥിതിക്ക്‌ കാരണം എൻഡോസൾഫാനാണെന്ന്‌ സംശയം ഉയർത്തിയതോടെയാണ്‌ ജനമനഃസാക്ഷി ഉണരുന്നത്‌. പിന്നെ എൻവിസാജ്‌ എന്ന സംഘടനയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രക്ഷോഭവേലിയേറ്റം. 1998ൽ കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥ ലീലാകുമാരിയമ്മ നൽകിയ കേസ്‌. എം എ റഹ്‌മാന്റെ ‘അരജീവിതങ്ങൾക്ക്‌ ഒരു സ്വർഗം’ എന്ന ഡോക്യുമെന്ററി.  പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ സന്ദർശനം. ഇവ പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തി. പത്ത്‌ അമ്മമാരുടെ സങ്കടഹർജിയുമായി പരിസ്ഥിതിസംഘടന എൻവിസാജും വന്ദനശിവയും ഡിവൈഎഫ്‌ഐയും നൽകിയ കേസിൽ 2011ൽ എൻഡോസൾഫാൻ തളിക്കുന്നതിന്‌ സുപ്രീംകോടതി നിരോധനം. പിന്നീട്‌ 73 രാജ്യത്ത്‌ എൻഡോസൾഫാൻ നിരോധനം. ആകാശത്തുനിന്ന്‌ എൻഡോസൾഫാൻ പ്രയോഗിച്ചിട്ടില്ലെന്ന കോർപറേഷന്റെ വാദത്തിനെതിരെ സുപ്രീംകോടതിയിൽ  സംസാരിച്ചത്‌ പ്രകാശിന്റെ ഫോട്ടോകളാണ്‌.

ചമയത്തിലൂടെ ഛായയിലേക്ക്‌

കിഴക്കൻ മലയോരത്തെ പ്രമുഖ കൊമേഴ്‌സ്യൽ ആർടിസ്റ്റാണ്‌ പ്രകാശിന്റെ ജ്യേഷ്‌ഠൻ ശങ്കരൻ. സ്‌കൂൾ കലോത്സവങ്ങളിലെയും നാടകപ്പറമ്പിലെയും ചമയക്കാരൻ. അതുവഴിയാണ്‌ പ്രകാശും കലയുടെയും ഫോട്ടോഗ്രാഫിയുടെയും വഴിയിലേക്ക്‌ തിരിഞ്ഞത്‌. സ്റ്റുഡിയോയിൽ ചേർന്നശേഷമാണ്‌ പ്രകാശിന്‌ മുമ്പ്‌ താൻ കൗമാരത്തിൽ കണ്ടിരുന്ന ഹെലികോപ്‌റ്റർ ചിത്രത്തിൽ ആക്കണമെന്ന മോഹമുദിച്ചത്‌. കടം വാങ്ങിയ ക്യാമറയുമായി രാജപുരം എസ്റ്റേറ്റിൽ എത്തിയ പ്രകാശിനെ തിരിച്ചയച്ചത്‌ സ്‌ത്രീകളാണ്‌. അടുത്ത ശ്രമം കർണാടക അതിർത്തിയായ പാണത്തൂരിലെ ഹെലിപ്പാഡിൽ. അതും പരാജയം. നിരാശനായി കാട്ടിലൂടെ നടന്നിറങ്ങുമ്പോഴാണ്‌ അൽപ്പം അകലെ കാട്ടാനകളുടെ കൂട്ട ചിന്നംവിളി കേട്ടത്‌. അവിടേക്ക്‌ ചെന്നപ്പോൾ കണ്ടത്‌ വിഷമഴയിൽ നനഞ്ഞ കശുമാവുകൾ ആറ്‌ കാട്ടാനകൾ ചേർന്ന്‌ കുത്തിമറിക്കാൻ ശ്രമിക്കുന്നതാണ്‌. അതീവ ശ്രദ്ധയോടെ ദൃശ്യം ക്യാമറയിലാക്കി. പ്രിന്റ്‌ കണ്ണൂർ  ‘ദേശാഭിമാനി’യിൽ എത്തിച്ചു. ആന കശുമാവുകൾ കുത്തിമറിക്കുന്ന ചിത്രം പ്രകാശിന്റെ പേരുസഹിതം  ഒന്നാംപേജിൽ അച്ചടിച്ചു. അതുവരെ നാട്ടിലെ സായാഹ്നപത്രങ്ങൾക്ക്‌ ഫോട്ടോകൾ നൽകിയിരുന്ന പ്രകാശിനെ തേടി പ്രമുഖ പത്രങ്ങളിൽനിന്ന്‌ വിളിയെത്തി.

ചതിയുടെ കഥ

ഹെലികോപ്‌റ്ററിൽ എൻഡോസൾഫാൻ തളിക്കുന്ന ഫോട്ടോ പകർത്താൻ സാധിച്ച ഏക ഫോട്ടോഗ്രാഫറായ പ്രകാശിന്റെ കൈവശം ചിത്രങ്ങളുടെ പകർപ്പല്ലാതെ നെഗറ്റീവ്‌ ഇല്ല. വാണിനഗറിലെ എൻഡോസൾഫാൻ ദുരിതം വലിയ വാർത്തയായി മാറിയപ്പോൾ സമൂഹം അത്‌ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ഒരു പ്രമുഖ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകൻ വിഷയം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താനായി പ്രകാശിന്റെ ഹെലികോപ്‌റ്റർ ഫോട്ടോകൾ ആവശ്യപ്പെട്ടു. അവയുടെ പ്രിന്റ്‌ അയാൾക്ക്‌ നൽകി. പിന്നീട്‌ ഇയാൾ വീണ്ടും സമീപിച്ച്‌ പോസ്റ്ററുകളും മറ്റും തയ്യാറാക്കാൻ നെഗറ്റീവുകൂടി ആവശ്യപ്പെട്ടു. സാമൂഹ്യനന്മയ്‌ക്കായുള്ള കാര്യമെന്ന നിലയിൽ സന്തോഷത്തോടെ നെഗറ്റീവ്‌ കൈമാറി. മുമ്പ്‌ വാങ്ങിയ ചിത്രങ്ങളുടെ പ്രതിഫലമായി 300 രൂപയും നൽകി. പിന്നീട്‌ വയനാട്ടിൽ ഒരു ഫോട്ടോ പ്രദർശനത്തിൽ പങ്കെടുത്ത പ്രകാശ്‌ നടുങ്ങിപ്പോയി. തന്റെ ഫോട്ടോകളാണ്‌ പ്രമുഖ പത്രത്തിലെ ഫോട്ടോഗ്രാഫറുടെ പേരിൽ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌.  പ്രിന്റ്‌ വാങ്ങിയ പരിസ്ഥിതി പ്രവർത്തകനോട്‌ തിരിച്ച്‌ ചോദിച്ചെങ്കിലും അയാൾ നൽകാൻ തയ്യാറായില്ല. അയാൾ തന്ന 300 രൂപ നെഗറ്റീവിന്റെകൂടി വിലയായി കണക്കാക്കാനായിരുന്നു മറുപടി. എൻഡോസൾഫാനെ സംബന്ധിച്ച്‌ എന്തിനും വാർത്താമൂല്യം ലഭിക്കുന്ന കാലത്ത്‌ അത്യപൂർവമായ ഈ ഫോട്ടോകളുടെ ഫിലിം അയാൾ ആ ഫോട്ടോഗ്രാഫർക്ക്‌ മറിച്ചുവിറ്റ്‌ വൻ തുക കൈക്കലാക്കിയിരുന്നു. ആദിവാസിക്കുടിലുകളിലെയും കോളനികളിലെയും നിറപ്പകിട്ടില്ലാത്ത ജീവിതവും ദുരിതങ്ങളും പുറംലോകത്ത്‌ എത്തിച്ചിരുന്ന പ്രകാശന്‌ ഫോട്ടോഗ്രാഫിയുടെ വർണലോകത്തുനിന്ന്‌ ലഭിച്ച തിരിച്ചടിയായിരുന്നു ഇത്‌. എങ്കിലും എൻഡോസൾഫാന്റെ ആദ്യഘട്ടങ്ങളിൽ ഇടപെട്ടവർക്കെല്ലാം അറിയാമായിരുന്നു ഈ ചതിയുടെ കഥ. ഈ ചിത്രങ്ങൾ എം എ റഹ്‌മാന്റെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. കള്ളാർ മുണ്ടോട്ട്‌ പരേതനായ കരിയന്റെയും അമ്മാളുവിന്റെയും മകനായ ഈ അമ്പത്തിമൂന്നുകാരൻ ഇപ്പോഴും അവഗണിക്കപ്പെട്ടവരുടെ ജീവിതത്തിനുനേരെ തന്റെ ക്യാമറ തുറന്നുവച്ചിട്ടുണ്ട്‌. ദളിത്‌ നേതാവും കള്ളാർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന്ന പരേതനായ പി കെ രാമൻ, ആർടിസ്റ്റ്‌ ശങ്കർ എന്നിവരുൾപ്പെടെ അഞ്ച്‌ സഹോദരങ്ങളുണ്ട്‌. മക്കളായ പ്രണവ്‌ വീഡിയോഗ്രാഫറും പ്രണയ്‌ ഗ്രാഫിക്‌ ഡിസൈനറുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top