24 March Friday

സംഭവബഹുലമായ 2022; പ്രകാശ് കാരാട്ട് എഴുതുന്നു

പ്രകാശ് കാരാട്ട്Updated: Saturday Jan 7, 2023

ആഗോള സമ്പദ്ഘടനയും ഭൗമ രാഷ്‌ട്രീയ ബന്ധങ്ങളും ഭാവിയില്‍ എങ്ങനെ വികസിക്കുമെന്നതിനെ സ്വാധീനിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര തലത്തിലുള്ള ചില സുപ്രധാന സംഭവവികാസങ്ങള്‍ 2022ല്‍ നമുക്ക് കാണാം.

പിന്നിട്ട വര്‍ഷം ഇനി പറയുന്ന കാര്യങ്ങളാല്‍ ശ്രദ്ധേയമായി മാറുന്നു: അമേരിക്ക  ചൈന സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി; ഉക്രെയ്ന്‍ യുദ്ധം  രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പില്‍ നടന്ന രാജ്യത്തെ പ്രധാന യുദ്ധം; വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തിന്‍റെ ഭാഗമായി തീവ്ര വലതുപക്ഷത്തിന്‍റെ സ്വാധീനം വ്യാപിച്ചുകൊണ്ടിരിക്കുന്നു; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്പില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ ചെറുത്തുനില്‍പ്പ് വളര്‍ന്നുവരുന്നു; ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം വഷളായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി.
 

അമേരിക്ക ചൈന സംഘര്‍ഷം


ഈ കാലയളവിലെ മുഖ്യ സവിശേഷത അമേരിക്കയും ചൈനയും തമ്മില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ചൈനയുടെ വളര്‍ന്നുവരുന്ന കരുത്തിനെ നേരിടുന്നതിന് അമേരിക്ക, സാമ്പത്തിക ഉപരോധങ്ങള്‍ വഴിയും മറ്റ് നടപടികള്‍ വഴിയും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയാണ്. 2022ല്‍ ചൈനാവിരുദ്ധ നടപടികള്‍ പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുന്നതായി കാണാന്‍ കഴിയും.

ട്രംപിന്‍റെ കാലത്തു തുടങ്ങിയ വ്യാപാരയുദ്ധവും വിലക്കുകളും, ബൈഡന്‍റെ ഭരണകാലത്ത് സെമി  കണ്ടക്ടര്‍ സാങ്കേതികവിദ്യയും ഹൈ എന്‍ഡ് ചിപ്പുകളും ആര്‍ജിക്കുന്ന ചൈനീസ് കമ്പനികള്‍ക്കുമേലുള്ള പുതിയ ഉപരോധങ്ങളും വിലക്കുകളുമായി മാറി. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡ്രോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ പോലെയുള്ള അതിനൂതന സാങ്കേതികവിദ്യയില്‍ ചൈന കൈവരിക്കുന്ന പുരോഗതി തടയുന്നതിനുള്ള അറ്റകൈ പ്രയോഗമാണ്.

സോവിയറ്റ് യൂണിയനെതിരായി നടന്ന പഴയ ശീതയുദ്ധംപോലെ തന്നെ ഇപ്പോള്‍ അമേരിക്കയും അതിന്‍റെ സഖ്യകക്ഷികളും ചേര്‍ന്ന് പുതിയൊരു ശീതയുദ്ധത്തിനുള്ള അടിത്തറപാകിയിരിക്കുന്നു. സകല രംഗങ്ങളിലുമുള്ള ചൈനയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന കരുത്താണ് ആ രാജ്യത്തെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്നതിലേക്ക് കേന്ദ്രശ്രദ്ധ പതിപ്പിക്കുവാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കുന്നത്.

'അപകടകാരിയായ റഷ്യയെ നിയന്ത്രിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര ക്രമത്തെ മാറ്റിമറിക്കുവാനുള്ള ഉദ്ദേശ്യവും, ഒന്നുകൂടി പറഞ്ഞാല്‍, അതിനുള്ള ശേഷിയുമുള്ള ഒരേയൊരു എതിരാളിയായ പീപ്പിള്‍സ് റിപ്പബ്ലിക്  ഓഫ് ചൈനയോട് ഫലപ്രദമായി ഏറ്റുമുട്ടുന്ന നിര്‍ണ്ണായകമായൊരു ദശകത്തെ'ക്കുറിച്ച് പ്രസിഡന്‍റ് ബൈഡന്‍റെ ദേശീയ സുരക്ഷാതന്ത്രം 2022 പറയുന്നുണ്ട്.

ചൈനയെ എതിര്‍ക്കുന്നതിന് ക്വാഡ് (അമേരിക്ക, ജപ്പാന്‍, ആസ്ട്രിയ, ഇന്ത്യ) പോലെയുള്ള സൈനികസഖ്യങ്ങള്‍ അമേരിക്ക ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

നാവികസേനയുടെ ഭൂരിഭാഗവും ഇന്തോ  പസഫിക് കമാന്‍ഡിലേക്ക് മാറ്റുകയും ചെയ്തു. 2022 മെയില്‍ ടോക്യോയിലാണ് ക്വാഡ്  ഉച്ചകോടി നടന്നത്. തായ്വാനുമായുള്ള സൈനിക ബന്ധം വര്‍ധിപ്പിച്ചുകൊണ്ടും 'ഏക ചൈന' നയത്തെ അട്ടിമറിച്ചുകൊണ്ടും  ചൈനയുടെ അടിസ്ഥാന  താല്‍പര്യങ്ങള്‍ക്കെതിരായും അമേരിക്ക പ്രവര്‍ത്തിക്കുന്നു.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും ആഗോളതലത്തിലുള്ള അതിന്‍റെ  ഇടപെടലുകളും ശൃംഖലകളും വര്‍ധിപ്പിക്കുകയാണ്. അറുപത്തിയെട്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബെല്‍റ്റ് ആന്‍റ് റോഡ് ഇനിഷ്യേറ്റീവ്, ഷാങ്ഹായ് സഹകരണ സംഘടന (SCO), ബ്രിക്സ് (BRICS) എന്നിവ ചൈന പ്രധാന പങ്കു വഹിക്കുന്ന സംരംഭങ്ങളിലും ബഹുമുഖ വേദികളിലുംപെട്ട ചിലതാണ്.

ഒപ്പംതന്നെ, കഴിഞ്ഞ ആറു ദശകത്തോളമായി ക്യൂബയ്ക്കെതിരായി അമേരിക്ക കൈക്കൊള്ളുന്ന നിഷ്ഠുരമായ നിരോധന നടപടികളിലും  സാമ്പത്തിക ഉപരോധങ്ങളിലും സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാണ്. ഉപരോധങ്ങളിലൂടെയും ശത്രുതാപരമായ സൈനിക നടപടികളിലൂടെയും  കൊറിയന്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനെയും (DPRK) ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു.

അമേരിക്ക  ചൈന സംഘര്‍ഷത്തിന്‍റെ രൂപത്തില്‍ ഈ വൈരുദ്ധ്യം പ്രകടമാകുന്നു എന്നത്, വലിയൊരളവുവരെ, മറ്റു പ്രധാന വൈരുദ്ധ്യങ്ങള്‍ പ്രകടമാകുന്ന രീതിയെ നിര്‍ണയിക്കുന്നു.
 

വളര്‍ന്നുവരുന്ന ബഹുധ്രുവത

റഷ്യക്കും ചൈനയ്ക്കുമെതിരായി രാജ്യങ്ങളെയാകെ അണിനിരത്തുവാനുള്ള അമേരിക്കയുടെയും ജി 7 രാജ്യങ്ങളുടെയും ശ്രമങ്ങള്‍ക്ക് മൊത്തത്തിലുള്ള ഒരു പിന്തുണ കിട്ടുന്നില്ല; ഈ രണ്ടു രാജ്യങ്ങള്‍ക്കുമെതിരായ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള നീക്കത്തിനൊപ്പം നില്‍ക്കുവാന്‍ വികസ്വര രാജ്യങ്ങളും ഇടത്തരം അധികാരകേന്ദ്രങ്ങളും തയ്യാറാകുന്നില്ല.

സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയുടെ വിജയവും പുതിയ അംഗങ്ങളിലേക്കുള്ള അതിന്‍റെ വ്യാപനവും നിലവിലുള്ള തത്തുല്യ ഘടകങ്ങളെ സൂചിപ്പിക്കുന്നു.
 

ഉക്രെയ്ന്‍ സംഘര്‍ഷം


2022 ഫെബ്രുവരി അവസാനം ഉക്രെയ്ന്‍ അതിര്‍ത്തി കടന്നുള്ള റഷ്യയുടെ ആക്രമണത്തോടുകൂടി ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് തുടക്കംകുറിച്ചു. പ്രമുഖ മുതലാളിത്ത ശക്തിയെന്ന നിലയിലുള്ള റഷ്യയുടെ ഉയര്‍ച്ചയെ തടയുവാന്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ള കിഴക്കന്‍ ദിക്കിലേക്കുള്ള നാറ്റോയുടെ വ്യാപനത്തിന്‍റെ പരിണത ഫലമാണ് ഉക്രെയ്നില്‍ ഇപ്പോഴും തുടരുന്ന യുദ്ധം.

യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ ചേരിക്കുള്ളിലെ വൈരുദ്ധ്യങ്ങളുടെ ഫലമല്ലായെങ്കിലും ഉക്രെയ്നിലെ സംഘര്‍ഷം പരസ്പരമേറ്റുമുട്ടുന്ന മുതലാളിത്ത അധികാരശക്തികള്‍ തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ മുഖമുദ്രയണിയുന്നുണ്ട്.

അമേരിക്ക ഈ സംഘര്‍ഷത്തെ ഇരട്ടലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണ്. യൂറോപ്പില്‍ റഷ്യയുടെ സ്ഥാനം ഏതെങ്കിലും തലത്തില്‍ വ്യാപിപ്പിക്കുന്നതിനോ ശക്തിപ്പെടുന്നതിനോ അമേരിക്കന്‍ നേതൃത്വത്തിലുള്ള യൂറോപ്യന്‍ സഖ്യം അനുവദിക്കില്ലായെന്ന് റഷ്യയ്ക്ക് താക്കീതു നല്‍കുകയാണ് ഒന്നാമത്തെ ലക്ഷ്യം. രണ്ടാമതായി, എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും തങ്ങളുടെ നേതൃത്വത്തിനുകീഴില്‍ ഒന്നിച്ചണിനിരത്തുവാന്‍ അമേരിക്ക, ഉക്രെയ്ന്‍ സംഘര്‍ഷത്തെ ഉപയോഗപ്പെടുത്തുന്നു.

അതായത് അമേരിക്കയും നാറ്റോയും ചേര്‍ന്ന് ഉക്രെയ്നെ മുന്നില്‍നിര്‍ത്തി റഷ്യയോട് പ്രോക്സി യുദ്ധം നടത്തുകയും, അതേസമയം തന്നെ ചൈനയുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നത് കാണിക്കുന്നത്, ചൈനയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയെ കുറിച്ച് സാമ്രാജ്യത്വ സഖ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ്.
 

ആഗോള സാമ്പത്തിക മാന്ദ്യം

അമേരിക്ക  ചൈന സംഘര്‍ഷത്തെയും ഉക്രെയ്ന്‍ യുദ്ധത്തെയും മഹാമാരിയുടെ കാലത്തും അതിനുശേഷമുള്ള കാലത്തുമായി ശക്തിപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. എല്ലാ സൂചകങ്ങളും കാണിക്കുന്നത് 2023ല്‍ ലോകം ഒരു മാന്ദ്യത്തിലേക്ക് കുത്തിവീഴാന്‍ പോകുകയാണ് എന്നാണ്. ഐഎംഎഫിന്‍റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്, ഒക്ടോബര്‍ 2022 ഇങ്ങനെ പറയുന്നു: 'ആഗോള വളര്‍ച്ച 2021ലെ 6.0 ശതമാനത്തില്‍നിന്നും 2022ല്‍ 3.2 ശതമാനത്തിലേക്കും 2023ല്‍ 2.7 ശതമാനത്തിലേക്കും കൂപ്പുകുത്തുമെന്നാണ് കാണാന്‍ സാധിക്കുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ് 19 മഹാമാരിക്കാലത്തെ അതികഠിന കാലഘട്ടവുമൊഴിച്ചാല്‍ 2001 മുതലിങ്ങോട്ടുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ പ്രൊഫൈലാണ് ഇത്'.

അതോടൊപ്പം തന്നെ, ആഗോള നാണയപ്പെരുപ്പം 2021ലെ 4.7 ശതമാനത്തില്‍നിന്നും 2022ല്‍ 8.8 ശതമാനത്തിലേക്ക് ഉയരുമെന്നും കാണുന്നു.

യൂറോപ്യന്‍ യൂണിയനില്‍, ഈ വര്‍ഷം സെപ്തംബറില്‍ നാണയപ്പെരുപ്പം 10 ശതമാനമെന്ന രണ്ടക്ക സംഖ്യയിലേക്കുയര്‍ന്നിരിക്കുന്നു. ഉക്രെയ്ന്‍ യുദ്ധവും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് റഷ്യക്കുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധവും സൃഷ്ടിച്ച അസ്വസ്ഥത മൂലമുണ്ടായ ഇന്ധനത്തിന്‍റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വിലക്കയറ്റം, ഊര്‍ജ്ജ കമ്പനികളും മറ്റ് ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഉണ്ടാക്കിയ അനാപേക്ഷിത ലാഭം (windfall profit)--എന്നിവയെല്ലാം യൂറോപ്പിനെ ജീവിത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നു.

തൊഴിലാളിവര്‍ഗത്തിന്‍റെ കൂലി അപഹരിക്കുകവഴി അവരുടെ ചെലവില്‍ ഈ നാണയപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്‍റ്. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന് വിലക്കയറ്റത്തിന് തത്തുല്യമായ കൂലി വര്‍ധനവും മറ്റ് നടപടികളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളിലേക്ക് ഇത് നയിച്ചിരിക്കുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളിലും മറ്റ് പല രാജ്യങ്ങളിലും പണിമുടക്കുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടന്നുവരികയാണ്.
 

വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം


ആഗോളതലത്തില്‍ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം തുടരുന്നതായി സിപിഐ എമ്മിന്‍റെ 23ാം പാര്‍ടി കോണ്‍ഗ്രസ് നിരീക്ഷിച്ചിട്ടുണ്ട്. നവലിബറലിസത്തിന്‍റെ പ്രതിസന്ധിയും അദ്ധ്വാനിക്കുന്ന ജനങ്ങളെയാകെ ശ്വാസംമുട്ടിക്കുന്ന ചെലവുചുരുക്കല്‍ നയങ്ങള്‍ തുടര്‍ച്ചയായി അവലംബിക്കുന്നതും, വംശീയ  ദേശീയത, മത തീവ്രവാദം, അപരവിദ്വേഷം എന്നിവയെല്ലാം വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തിന് സഹായകമായിട്ടുണ്ട്.

നവലിബറലിസത്തെ ആശ്ലേഷിച്ച സോഷ്യല്‍ ഡെമോക്രാറ്റുകളില്‍നിന്നുണ്ടായ വഞ്ചനയും ഇടതുപക്ഷം ദുര്‍ബലമായതും ഒരു ശൂന്യത സൃഷ്ടിക്കുകയും,  ആ ശൂന്യതയില്‍ വലതുപക്ഷ  തീവ്ര വലതുപക്ഷ പാര്‍ടികള്‍ കടന്നുകൂടുകയും ചെയ്തു.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷത്തിന്‍റെ വളര്‍ച്ചയ്ക്ക് 2022 സാക്ഷ്യം വഹിക്കുകയുണ്ടായി. ഫ്രാന്‍സിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍, 40 ശതമാനത്തിലധികം വോട്ടോടുകൂടി തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി  രണ്ടാം സ്ഥാനത്തെത്തി.

ഈ വര്‍ഷം അവസാനം, ഇറ്റലിയില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതുപക്ഷ പാര്‍ടി നയിക്കുന്ന വലതുപക്ഷ സഖ്യം വിജയിക്കുകയുണ്ടായി.

സ്വീഡനില്‍, തിരഞ്ഞെടുപ്പിനുശേഷം തീവ്രവലതുപക്ഷമായ ഡെമോക്രാറ്റ് പാര്‍ടി പുറമേനിന്നു പിന്തുണച്ചുകൊണ്ട് ഒരു വലതുപക്ഷ കൂട്ടുകക്ഷി ഗവണ്‍മെന്‍റ് അധികാരത്തില്‍വന്നു. ഹംഗറി, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ അധികാരത്തിലുള്ള വലതുപക്ഷ പാര്‍ടികളും ഗവണ്‍മെന്‍റുകളും അവരുടെ സ്ഥാനം ശക്തിച്ചെടുത്തി.

തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ തൊഴിലാളിവര്‍ഗം നടത്തുന്നുണ്ടെങ്കിലും, ഫലപ്രദമായ  ഒരു ഇടതുപക്ഷ രാഷ്ട്രീയ ശക്തിയുടെ അഭാവം വലതുപക്ഷ ശക്തികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ സൗകര്യമൊരുക്കുന്നു.
 

ലാറ്റിനമേരിക്കയിലെ മുന്നേറ്റം


എന്തുതന്നെയായാലും, മൊത്തത്തില്‍ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തില്‍നിന്നു വ്യത്യസ്തമായി, ഇടതുപക്ഷ ശക്തികളുടെ മുന്നേറ്റം രേഖപ്പെടുത്തിയ ലാറ്റിനമേരിക്കയാണ് വേറിട്ടുനില്‍ക്കുന്നത്. 2022ല്‍ ഹോണ്ടുറാസിലും കൊളംബിയയിലും ബ്രസീലിലും ഇടതുപക്ഷം തിരഞ്ഞെടുപ്പ് വിജയം രേഖപ്പെടുത്തി.

ഹോണ്ടുറാസില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സിയോമാറോ കാസ്ട്രോ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു; കൊളംബിയയില്‍, ഇതാദ്യമായി, ഇടതുപക്ഷക്കാരനായ ഗുസ്താവോ പെട്രോ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു; ബ്രസീലില്‍, അധികാരത്തിലിരുന്ന തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്‍റ് ബൊള്‍സനാരോയെ ലുല പരാജയപ്പെടുത്തി.

2021 ഡിസംബറില്‍ ചിലിയില്‍ മധ്യ ഇടതുപക്ഷക്കാരനായ ഗബ്രിയേല്‍ ബോറിക് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയും ഫെബ്രുവരി 2022ല്‍ ഇടതുപക്ഷ കൂട്ടുകക്ഷി ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുകയും ചെയ്തു.

അടുത്തകാലത്ത്, പെറുവില്‍ വ്യക്തമായ ഇടതുപക്ഷ കാഴ്ചപ്പാടുള്ള പ്രസിഡന്‍റ് പെദ്രൊ കാസ്റ്റിയൊയെ ഇംപീച്ചുചെയ്യുകയും തടവിലാക്കുകയും വഴി  പുറത്താക്കിയതുപോലെ ലാറ്റിനമേരിക്കയില്‍ ഒരുവശത്ത് ഇടതുപക്ഷ പുരോഗമന ശക്തികളും മറുവശത്ത് വലതുപക്ഷ ശക്തികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. കാസ്റ്റിയോയെ പുറത്താക്കിയതിനെതിരെ വലിയ പ്രതിഷേധ പ്രക്ഷോഭം നടന്നുവരികയാണ്.


ഇറാനിലെ പ്രതിഷേധ പ്രക്ഷോഭം

ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരില്‍ പൊലീസുകാര്‍ കയ്യേറ്റം ചെയ്തതുമൂലം മെഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ വളരെ സുപ്രധാനമായ ജനകീയ പ്രതിഷേധ പ്രക്ഷോഭം ഉയര്‍ന്നുവരുകയുണ്ടായി.

'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരക്കണക്കിനു സ്ത്രീകളും ചെറുപ്പക്കാരും തെരുവിലിറങ്ങി പ്രതിഷേധിച്ചു; മര്‍ദ്ദനപരമായ മതാധിഷ്ഠിത ഭരണകൂട ഘടനയില്‍നിന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കാന്നുമെന്നതായിരുന്നു അവരുടെ ആവശ്യം.

ഏതാണ്ട് 450ഓളം പേരെ കൊന്നൊടുക്കിയ ക്രൂരമായ അടിച്ചമര്‍ത്തലിനുശേഷവും, പ്രക്ഷോഭം ഇപ്പോഴും തുടരുന്നു. അവിടുത്തെ മര്‍ദ്ദകവാഴ്ചയെ താഴെയിറക്കുവാന്‍ ഈ മുന്നേറ്റത്തിനു സാധിക്കില്ലായിരിക്കാം; എങ്കിലും തങ്ങളുടെ അവകാശങ്ങളുടെ അടിച്ചമര്‍ത്തല്‍ അധികകാലം സ്ത്രീകളും ജനങ്ങളും സഹിക്കില്ലായെന്ന് അത് തെളിയിക്കുന്നു.


ആഗോള പാരിസ്ഥിതിക പ്രതിസന്ധി


കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നീതിയുക്തവും നിഷ്പക്ഷവുമായ ഒരു ഉടമ്പടി നിലവില്‍ കൊണ്ടുവരുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് 2022 നവംബറില്‍ ഈജിപ്തിലെ ഷാം എല്‍  ഷെയ്ഖില്‍വെച്ച് നടന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സമ്മേളനം  സിഒപി 27  ഒരിക്കല്‍കൂടി വ്യക്തമാക്കി.

ആഗോള താപനവും ത്വരിതഗതിയിലുള്ള പാരിസ്ഥിതിക തകര്‍ച്ചയും ചേര്‍ന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു; അത് കാലാവസ്ഥാ സംബന്ധമായ ഗുരുതര സംഭവവികാസങ്ങളിലേക്കും ലോകത്താകമാനവും ദരിദ്ര രാജ്യങ്ങളില്‍ പ്രത്യേകിച്ചും ദശലക്ഷക്കണക്കിന് ജനങ്ങളുടെയും മറ്റ് ജീവിവര്‍ഗങ്ങളുടെയും ഉപജീവനമാര്‍ഗ്ഗവും ആവാസവ്യവസ്ഥയും നശിക്കുന്നതിലേക്കും നയിക്കുന്നു.

ആഗോളതാപനത്തെ പിടിച്ചുനിര്‍ത്താനും കാര്‍ബണ്‍ ബഹിര്‍ഗമനം തടയുവാനുമുള്ള ശ്രമങ്ങള്‍ സമ്പന്നരാഷ്ട്രങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാക്കി. മുതലാളിത്ത വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പാരിസ്ഥിതിക തകര്‍ച്ചയെ പിടിച്ചുനിര്‍ത്താനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുവാനും കഴിയുകയില്ല.

ആഗോളതാപനത്തെ പിടിച്ചുനിര്‍ത്തുകയും നീതിയുക്തമായ കാലാവസ്ഥാ സംവിധാനം കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ സാമ്രാജ്യത്വ ചൂഷണത്തിനെതിരെയും പ്രകൃതി വിഭവങ്ങളുടെ മുതലാളിത്ത കൊള്ള അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തോടു കണ്ണിചേര്‍ക്കേണ്ടതുണ്ട്.
 

തുടരുന്ന പോരാട്ടങ്ങള്‍


മൊത്തത്തില്‍ പറഞ്ഞാല്‍, സാമ്രാജ്യത്വ സ്വേച്ഛാധിപത്യത്തിനും കടന്നാക്രമണത്തിനുമെതിരായ പോരാട്ടവും, നവലിബറല്‍ മുതലാളിത്തത്തിനെതിരായ പോരാട്ടവും, തീവ്ര വലതുപക്ഷത്തിനെതിരായ പോരാട്ടവും, ഭൂമിയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള പോരാട്ടവുമെല്ലാം സോഷ്യലിസത്തിനുവേണ്ടിയുള്ള മൊത്തത്തിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഈ പോരാട്ടങ്ങളില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ക്ക് 2023 സാക്ഷ്യംവഹിക്കും•

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top