28 March Thursday

വി പി സിങിന്റെ കാവ്യഹൃദയം-പ്രഭാവർമ്മയുടെ 'ദില്ലിക്കാലം' പരമ്പര അഞ്ചാം ഭാഗം

പ്രഭാവർമ്മUpdated: Wednesday Oct 5, 2022

വി പി സിങ്‌ തന്റെ ചിത്രങ്ങൾക്കൊപ്പം

ജി 15 ഉച്ചകോടിക്കായി കോലാലംപൂരിലേക്ക്‌ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിൽ പോവുകയായിരുന്നപ്പോഴാണ് വി പി സിങുമായി   അദ്ദേഹത്തിന്റെ കവിത പരിഭാഷപ്പെടുത്താൻ അവസരമുണ്ടായത്. വി പി സിങിന്റെ ഹൃദയത്തിൽ മിടിക്കുന്നത്‌ രാഷ്ട്രീയമല്ല, സാഹിത്യമാണെന്ന്‌ മനസ്സിലാക്കിയത് അപ്പോഴാണ്. 1990 ജൂൺ ആദ്യവാരത്തിലായിരുന്നു ആ യാത്ര.

വി പി സിങിന്റെ കാവ്യഹൃദയം


‘When power narrows the areas of man’s concern, poetry reminds him of the richness and diversity of his existence. When power corrupts, poetry cleanses’.
– John F Kennedy

ഡൽഹി ജീവിതകാലത്ത് പല പ്രധാനമന്ത്രിമാരെ നേരിൽ കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. ചിലർ അപ്പോൾ പ്രധാനമന്ത്രിയായിരുന്നവർ. മറ്റു ചിലർ മുമ്പ് പ്രധാനമന്ത്രിയായവർ. ഇനിയും ചിലർ പിന്നീട് പ്രധാനമന്ത്രിയായിരുന്നവർ. ഇന്ദിരാഗാന്ധി, എ ബി വാജ്പേയി, പി വി നരസിംഹറാവു, ഐ കെ ഗുജ്റാൾ, ദേവഗൗഡ, ചന്ദ്രശേഖർ, രാജീവ്ഗാന്ധി, വി പി സിങ് എന്നിവരൊക്കെയുണ്ട് ഈ നിരയിൽ.

വി പിയുടെയും ചന്ദ്രശേഖറുടെയും  ഒപ്പം ഒരേ വാഹനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. രാജീവ്ഗാന്ധിയോട്‌ പത്രസമ്മേളനത്തിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേവഗൗഡയോടൊപ്പം കുശലപ്രശ്നങ്ങളിലേർപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.

വാജ്പേയിയെ കൈപിടിച്ച് ഒരു കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ലിഫ്റ്റിലാണെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. വി പി സിങിനോടൊപ്പം ഒരേ വിമാനത്തിൽ യാത്ര ചെയ്ത് അദ്ദേഹത്തിന്റെ കവിതകൾ പരിഭാഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട കവറേജിനുള്ള ഉത്തരേന്ത്യൻ യാത്രയ്ക്കിടയിലാണ്‌ ചന്ദ്രശേഖറോടൊപ്പം കാറിൽ സഞ്ചരിക്കാനിടവന്നത്. ഞാൻ താമസിച്ചിരുന്ന വിതൽഭായി പട്ടേൽ ഹൗസിന്റെ നാലാം നിലയിലെ ഒരു വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ സന്ദർശകനായിരുന്നു വാജ്പേയി. വൈകുന്നേരങ്ങളിൽ വരും. പിറ്റേന്നേ പോവൂ. ഒറ്റയ്ക്കാണ്‌ വരിക. ഒറ്റയ്ക്ക് വാജ്പേയി വരികയോ എന്ന്‌ പലരും പുരികം ചുളിക്കുമെന്നെനിക്കറിയാം.

വാജ്പേയി

വാജ്പേയി

ഓർക്കുക, ഇന്നത്തെപ്പോലെ സെക്യൂരിറ്റി ഭീഷണികളില്ലാത്ത കാലമാണത്. വാജ്പേയിയാകട്ടെ, കേവലം ലോക്സഭാംഗം മാത്രവും. അങ്ങനെ എത്തുന്ന വാജ്പേയിയെ എത്രയോ വട്ടം ഞാൻ ഞങ്ങളുടെ വി പി ഹൗസിന്റെ മുകൾനിലയിലെത്തിച്ചിരിക്കുന്നു. വാജ്പേയി അന്ന് അത്ര വൃദ്ധനൊന്നുമല്ല.

അപ്പോൾ പിന്നെ കൈപിടിക്കുന്നതെന്തിനെന്നാവാം പലരുടെയും മനസ്സിലെ അടുത്ത സംശയം. എല്ലാ സംശയങ്ങളും നീക്കിത്തരാൻ കഴിയുന്നില്ല എന്ന്‌ ഞാൻ നിസ്സഹായത പ്രകടിപ്പിച്ചു പിൻവാങ്ങട്ടെ.

നരസിംഹറാവുവിനെ അടുത്തുകണ്ടത് ഒഎം സിയുടെ ഋഗ്വേദഭാഷാ ഭാഷ്യത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ്.

ഒരു ചിത്രകലാ പ്രദർശന ഹാളിൽവച്ചാണ് ഐ കെ ഗുജ്റാളുമായി അടുത്തുസംസാരിക്കാൻ അവസരം കിട്ടിയതെങ്കിൽ ജി 15 ഉച്ചകോടിക്കായി കോലാലംപൂരിലേക്ക്‌ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിൽ പോവുകയായിരുന്നപ്പോഴാണ് വി പി സിങ്ങുമായി ഇരുന്ന് അദ്ദേഹത്തിന്റെ കവിത പരിഭാഷപ്പെടുത്താൻ അവസരമുണ്ടായത്.

വി പി സിങ്ങിന്റെ ഹൃദയത്തിൽ മിടിക്കുന്നത്‌ രാഷ്ട്രീയമല്ല, സാഹിത്യമാണെന്ന്‌ മനസ്സിലാക്കിയത് അപ്പോഴാണ്. 1990 ജൂൺ ആദ്യവാരത്തിലായിരുന്നു ആ യാത്ര.

അൽജീരിയ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, ജമൈക്ക, മലേഷ്യ, മെക്സിക്കോ, നൈജീരിയ, പെറു, സെനഗൽ, വെനസ്വേല, യുഗോസ്ലോവിയ, സിംബാബ്‌വെ എന്നീ വികസ്വര രാഷ്ട്രങ്ങളുടെ സമിതിയാണ്‌ ജി 15. പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ പൊതുനിലപാടെടുക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള രാഷ്ട്രത്തലവന്മാരുടെ കൂടിച്ചേരൽ. ഈ ഉച്ചകോടിക്ക് ഒരു സെക്രട്ടേറിയറ്റ്‌ സംവിധാനവുമുണ്ട്.

ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി വി പി സിങ് പോകുന്ന പ്രത്യേക വിമാനത്തിൽ പത്രക്കാരുടെ ചെറിയ ഒരു സംഘത്തെക്കൂടി ഉൾപ്പെടുത്തിയിരുന്നു; അത്തരം അന്താരാഷ്ട്ര ഔദ്യോഗിക യാത്രകളിലെല്ലാമുള്ളതുപോലെ.
എനിക്ക് ഈ പത്രപ്രവർത്തക സംഘത്തിൽ ഉൾപ്പെടണമെന്ന ഒരു തോന്നൽ കലശലായി ഉണ്ടായി.

വി പി സിങ്ങുമായി ചെലവഴിക്കാൻ ചില നിമിഷങ്ങൾ കിട്ടുക എന്നതായിരുന്നു അതിനുപിന്നിലെ ഉദ്ദേശ്യം. പ്രധാനമന്ത്രിയുടെ ഒപ്പം പോവുന്ന പത്രക്കാരുടെ പട്ടിക സൗത്ത് ബ്ലോക്കിൽ തയ്യാറായപ്പോൾ ഞാൻ അതിലില്ല. ഉണ്ടാവുമെന്നായിരുന്നു സൂചനകൾ. എന്തുകൊണ്ടോ അവസാന നിമിഷം ഞാൻ ഒഴിവായി. എന്തുചെയ്യും?

ഞാൻ ശാസ്ത്രി ഭവനിലുള്ള പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറെ ചെന്നുകണ്ട്, എനിക്ക്‌ ഇതിൽ ഉൾപ്പെടണമെന്നുണ്ട് എന്നുപറഞ്ഞു. മോശമാണ് അങ്ങനെ പറയുന്നത് എന്ന് എനിക്കറിയാമായിരുന്നു. എന്നാൽ, മറ്റ് ഏത്‌ പത്രപ്രവർത്തകനെക്കാളും എനിക്കാവും ആ യാത്ര പ്രയോജനപ്പെടുക എന്ന് എനിക്കുറപ്പുണ്ടായിരുന്നതിനാൽ ആ 'മോശത്ത'മൊന്നും എന്നെ തടഞ്ഞില്ല.

റാം മോഹൻറാവുവാണ് അന്ന്‌ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ. എല്ലാ ദിവസവും പി ഐബിയിലെ ബ്രീഫിങ്ങുകൾക്ക് പോകുന്നയാളായതുകൊണ്ട് എനിക്ക്‌ റാവുവിനെ അറിയാം; റാവുവിന് എന്നെയും. എങ്കിലും ഒരു സ്വാർഥം മുൻനിർത്തിയല്ലേ കാണാൻ പോവുന്നത്; അതുകൊണ്ട് ഒരു പരിചയപ്പെടുത്തലുണ്ടായാൽ നന്ന് എന്നുതോന്നി.

പിൽക്കാലത്ത് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുടെ മുഖ്യ സംഘാടകയും ഡയറക്ടറുമായ ദീപക് സന്ധു അന്ന് പിഐബിയിൽ വാണിജ്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഓഫീസറാണ്.

അവരുവഴി മുൻകൂട്ടി വിവരമറിയിച്ച് ഞാൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ മുറിയിലെത്തി. എന്നാൽ, ബോൾ ഇപ്പോൾ പ്രേംശങ്കർ ഝായുടെ പക്കലാണെന്നുപറഞ്ഞ് റാവു കൈമലർത്തി.

പ്രേംശങ്കർ ഝാ പ്രധാനമന്ത്രിയുടെ ഇൻഫർമേഷൻ അഡ്‌വൈസറാണ്; ടൈംസ് ഓഫ് ഇന്ത്യയുടെയും ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഒക്കെ മുൻ പത്രാധിപരുമാണ്. ആദരണീയമായ വ്യക്തിത്വം!
ഞാൻ നേരെ സൗത്ത് ബ്ലോക്കിലേക്കുപോയി പ്രേംശങ്കർ ഝാ  യെ കണ്ടു. എന്റെ താല്പര്യമറിയിച്ചു.

രണ്ടുമാസത്തിനുള്ളിൽ രാഷ്ട്രപതിയുടെ യൂറോപ്യൻ സന്ദർശനമുണ്ട്; അതിന്റെ പ്രസ് ടീമിൽ ഉൾപ്പെടുത്താമെന്നായി ഝാ. മറ്റന്നാൾ പ്രധാനമന്ത്രി പുറപ്പെടുകയായി. ഇത്ര വൈകിയ വേളയിൽ എല്ലാ ഔപചാരികതകളും തീർത്ത് യാത്ര ഉറപ്പാക്കാനാവില്ല; ഇന്റലിജൻസ്‐സെക്യൂരിറ്റി ക്ലിയറൻസ് ഒക്കെ വേണ്ടേ?‐ ഝാചോദിച്ചു.

ജ്യോതിബസുവും വി പി സിങും

ജ്യോതിബസുവും വി പി സിങും

എനിക്ക് രാഷ്ട്രപതിയെ അനുഗമിക്കാനും യൂറോപ്പ് കാണാനും ഒന്നും ഒരു താല്പര്യവുമില്ല എന്ന് നിരാശനായി ഞാൻ മറുപടി പറഞ്ഞു. പ്രധാനമന്ത്രിയോടൊപ്പം തന്നെ പോകണമെന്ന് എന്താ ഇത്ര നിർബന്ധം എന്നായി ഝാ.

'പ്രധാനമന്ത്രിയുടെ ചില കവിതകൾ അദ്ദേഹത്തോടൊപ്പമിരുന്ന്‌ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്നുണ്ട്. സാധാരണഗതിയിൽ ഇവിടെ അതിനുള്ള സാവകാശം കിട്ടില്ല. വിമാനത്തിലാവുമ്പോൾ പറ്റുമല്ലൊ; അതാണ്‌ കാര്യം' എന്ന്‌ ഞാൻ മറുപടി പറഞ്ഞു.

മലയാളത്തിൽ കവിത എഴുതുന്ന ഒരാളാണ്‌ ഞാൻ എന്ന്‌ അറിയിക്കുക കൂടി ചെയ്തപ്പോൾ പ്രേംശങ്കൾ ഝായുടെ മുഖത്ത് പ്രകാശം പടർന്നു; നേരിയ ഒരു പ്രതീക്ഷ എന്റെ മനസ്സിലും!

1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഞാൻ ഫത്തേപ്പൂരിലടക്കം വി പി സിങിനൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്നും ആ പ്രചാരണവേളയിൽ കവിത പരിഭാഷപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വളരെ സന്തോഷത്തോടെയാണ് വി പി അത് കേട്ടതെന്നും കൂടി ഞാൻ കൂട്ടിച്ചേർത്തു.

കവിതയോട് ഝായ്ക്കും ഒരു പ്രത്യേക സ്നേഹമുള്ളതുപോലെ എനിക്കുതോന്നി.
ഏതായാലും ഝാ എന്നോട് പാസ്പോർടും അക്രഡിറ്റേഷൻ കാർഡും ചോദിച്ചു. രണ്ടും ഞാൻ കൈയിൽ കരുതിയിരുന്നു.

അപ്പോൾ സമയം വൈകുന്നേരം നാലുമണി. ഝാ തന്നെ പ്രത്യേക ദൂതൻ വഴി അതൊക്കെ കൊടുത്തയച്ച് എല്ലാം ശരിയാക്കി പിറ്റേന്ന് എനിക്കെത്തിച്ചുതന്നു.

വിസയടക്കം എല്ലാം മണിക്കൂറുകൾകൊണ്ട്‌ ശരിയായി. ഇന്റലിജൻസ് ക്ലിയറൻസ് ഒരു ഫോൺവിളിക്കുമേൽ ശരിയായി. മൂന്നാം നാൾ പുലർച്ചയ്ക്ക് വി പി സിങ്ങിന്റെ വിമാനത്തിൽ ഞാനും ഉൾപ്പെട്ടു.

വിമാനത്തിൽ പ്രധാനമന്ത്രിക്കുള്ളത്‌ വിപുലമായ ഒരു ആർഭാട ക്യാബിനാണ്. അവിടെ സോഫയുണ്ട്. എഴുത്തുമേശയുണ്ട്. കട്ടിലുണ്ട്. എല്ലാ സൗകര്യങ്ങളും. വി പി സിങും ഭാര്യയും മാത്രമുള്ള ആ ക്യാബിനിലേക്ക് പ്രേംശങ്കർ ഝാ തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി;

വിമാനത്തിൽ പ്രധാനമന്ത്രിക്കുള്ളത്‌ വിപുലമായ ഒരു ആർഭാട ക്യാബിനാണ്. അവിടെ സോഫയുണ്ട്. എഴുത്തുമേശയുണ്ട്. കട്ടിലുണ്ട്. എല്ലാ സൗകര്യങ്ങളും. വി പി സിങും ഭാര്യയും മാത്രമുള്ള ആ ക്യാബിനിലേക്ക് പ്രേംശങ്കർ ഝാ തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി; വി പി സിങിന്‌ മുന്നിലെത്തി.

ഝാ എല്ലാം നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് വി പി സിങ് തന്റെ ഹിന്ദി‐ഇംഗ്ലീഷ് കവിതകൾ കൈയിൽ എടുത്തിരുന്നു.

അദ്ദേഹം കവിത ഉറക്കെ ചൊല്ലിത്തന്നു; പിന്നീട് ഇംഗ്ലീഷിൽ അർഥം പറഞ്ഞുതന്നു; ഭാവം വിശദീകരിച്ചുതന്നു. ഞാൻ അതൊക്കെ എഴുതിയെടുത്തുകൊണ്ടുമിരുന്നു.
ഇത് വിമാനത്തിലെ മറ്റ്‌ പത്രക്കാർക്കിടയിൽ അസ്വസ്ഥതയുളവാക്കി.

ഒരു സംഘമാളുകളുണ്ടായിട്ട്, അവരിലൊരാൾക്കുമാത്രമായി പ്രധാനമന്ത്രി പ്രത്യേകം അഭിമുഖം അനുവദിക്കുകയോ? അഭിമുഖമല്ല അതെന്ന് അവരെ പറഞ്ഞുബോധ്യപ്പെടുത്താൻ ഝായ്ക്ക് ഏറെസമയം ചെലവാക്കേണ്ടിവന്നു എന്നുപറഞ്ഞാൽ മതിയല്ലൊ.

ചില കുശലപ്രശ്നങ്ങൾക്കൊക്കെ ശേഷമാണ് കവിതാ പരിഭാഷയിലേക്ക്‌ കടന്നത്.

പ്രഭാവർമ്മ

പ്രഭാവർമ്മ

പ്രഭാവർമ്മ എന്ന പേരുകൊണ്ടാവാം; അദ്ദേഹം ചോദിച്ചു: Eastwhile rulers?സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള ഘട്ടത്തിൽ രാജാവായും ജനാധിപത്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും പ്രവർത്തിച്ച ഒരാളേ ഇന്ത്യയിലുള്ളു.

ആ വ്യക്തിയുടെ മുമ്പിലാണ് ഞാനിരിക്കുന്നത്.

പത്താം വയസ്സിൽ അതായത് 1941 ൽ മാൻഡാ രാജാവായ ആളാണ്‌ വിശ്വനാഥ പ്രതാപ് സിങ്! മുമ്പ് കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവർമ്മയെക്കുറിച്ചും ലോകപ്രശസ്ത ചിത്രകാരനായിരുന്ന രാജാ രവിവർമ്മയെക്കുറിച്ചും ഒക്കെ വി പി സിങ് സംസാരിച്ചു.

കവി മാത്രമല്ല, നല്ല ചിത്രകാരൻ കൂടിയായിരുന്നു വി പി സിങ്. സജീവ രാഷ്ട്രീയം വിട്ടശേഷം അദ്ദേഹം എഴുത്തിലല്ല, ചിത്രകലയിലാണ് ഏറെ ശ്രദ്ധിച്ചത്.

‘In the flowers, I adore thy beauty
In the moon, thy splendour
I behold in mountain, thy structure'

എന്ന് എഴുതിയ കവിയാണ്. കവിതയിൽ എത്ര ഭംഗിയായാണ്‌ വാങ്മയ ചിത്രങ്ങൾ വന്നുനിറയുന്നത്. പർവത നിരകളിൽ പ്രപഞ്ചശക്തിയുടെ രൂപഘടന കണ്ടയാൾ! പൂക്കളിൽ അതിന്റെ സൗന്ദര്യ സാരസത്ത കണ്ടയാൾ! കവിതയിൽ കുറിച്ചിട്ടതൊക്കെ അദ്ദേഹം ചിത്രങ്ങളാക്കി ക്യാൻവാസിൽ വരച്ചിടുകയും ചെയ്തു.

'ഏക് തുക്ക്ടാ ധർത്തി; ഏക് തുക്ടാ ആസ്മാൻ' എന്ന തന്റെ കാവ്യഗ്രന്ഥം മടിയിൽ നിവർത്തിവെച്ചുകൊണ്ടാണ് ആ കവിതകളിൽ പൂർണമായി സ്വയം നിമഗ്നനായി അദ്ദേഹം വിശദീകരണം തുടർന്നത് എന്ന്‌ ഞാൻ ഓർമിക്കുന്നു. ഞാൻ ആ കവിത ഇങ്ങനെ പരിഭാഷപ്പെടുത്തി. 'ഒരു തുണ്ടു ഭൂമി; ഒരു ചീന്ത് ആകാശം'. മലയാളത്തിലാക്കിയത് ഞാൻ ചൊല്ലിക്കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞ വെളിച്ചം ആ കണ്ണുകളിൽ പ്രതിഫലിച്ചുകണ്ടു.

എന്റെ മനസ്സിൽ ഒരു പത്രസമ്മേളനത്തിലെ വി പി സിങിന്റെ ചിത്രം തെളിഞ്ഞുവന്നു. ഉപപ്രധാനമന്ത്രിയായ ദേവിലാലിന്റെ ഒരു കത്ത് ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു ഒരു ഘട്ടത്തിൽ. അന്നൊക്കെ വി പി സിങിനൊപ്പം എപ്പോഴും ഉണ്ടാവുമായിരുന്നു വിനോദ് പാണ്ഡെ.

പാണ്ഡേ ഹിന്ദി കവിയാണ്; വി പി സിങ്ങിന്റെ സഹായിയുമാണ്. ജ്യോതിഷി കൂടിയാണ് പാണ്ഡെ എന്നതിനാൽ ദേവിലാലിന്റെ കത്തുണ്ടാക്കിയ പ്രതിസന്ധിയെ മുൻനിർത്തി പത്രസമ്മേളനത്തിൽ ഒരു പത്രക്കാരൻ ചോദിച്ചു. 'ഈ പ്രതിസന്ധി പാണ്ഡെ പ്രവചിച്ചിരുന്നോ?' ഒരു കവിതാശകലമായിരുന്നു വി പി സിങ്ങിന്റെ മറുപടി:

വി പി സിങ്‌ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചുള്ള വിശദീകരണ യോഗത്തിൽ   രാം വിലാസ്‌ പാസ്വാൻ , സ്വാമി അഗ്നിവേശ്‌ തുടങ്ങിയവർ സമീപം

വി പി സിങ്‌ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചുള്ള വിശദീകരണ യോഗത്തിൽ രാം വിലാസ്‌ പാസ്വാൻ , സ്വാമി അഗ്നിവേശ്‌ തുടങ്ങിയവർ സമീപം

'ഖത് ഉൻ കാ ഹോഗാ
മജ് മുൻ തുമാരാ
ഹോഗാ
ലിഫാെഫ കാ തരഹ്
മെ ഫി ഫറാ ജാവുംഗാ'

കത്ത് അയാളുടേതാകാം. അതിലെ സന്ദേശം നിങ്ങൾക്കുള്ളതാകാം. എന്നാൽ, കവർ ആയി കീറിപ്പോവുക ഞാനുമാവാം' എത്ര കവിതയുള്ള മറുപടി!
മന്ദിർ‐മണ്ഡൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട ഒരു ഘട്ടത്തിൽ വലിയ കല്ലേറുനടക്കുമ്പോൾ ശരദ് യാദവിനൊപ്പം സ്റ്റേജിൽ കയറി വി പി സിങ് മൈക്കിലൂടെ വിളിച്ചുപറഞ്ഞത്‌ ഞാനോർത്തു:

'ഞാനിതാ രക്തമാംസങ്ങളോടെ നിങ്ങളുടെ മുന്നിൽ വന്നുനിൽക്കുന്നു. നിങ്ങൾക്കെന്നെ ശാരീരികമായി ആക്രമിക്കണമെങ്കിലാവാം; അകലെനിന്നു കല്ലെറിയേണ്ട; അലറി വിളിക്കണ്ട; നേരിട്ട്‌ വന്നോളൂ; ഞാൻ നേരിടാം'.

വി പി സിങിന്റെ കവിതകളിലൊക്കെ പൂക്കളും ചെടികളും നിറഞ്ഞുനിന്നു. പിൽക്കാലത്ത് അദ്ദേഹം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ തോട്ടക്കാരനായ നിംബുഗൻ, തത്തകളോടും കുയിലുകളോടും റോസാപ്പൂക്കളോടും സംസാരിക്കുന്ന രീതി തന്നെ പഠിപ്പിച്ച ആളാണ് പോയത് എന്നുപറഞ്ഞ്‌ വിലപിച്ചത് ഇവിടെ ഓർക്കട്ടെ.

വി പി സിങിന്റെ കവിതകളിലൊക്കെ പൂക്കളും ചെടികളും നിറഞ്ഞുനിന്നു. പിൽക്കാലത്ത് അദ്ദേഹം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ തോട്ടക്കാരനായ നിംബുഗൻ, തത്തകളോടും കുയിലുകളോടും റോസാപ്പൂക്കളോടും സംസാരിക്കുന്ന രീതി തന്നെ പഠിപ്പിച്ച ആളാണ് പോയത് എന്നുപറഞ്ഞ്‌ വിലപിച്ചത് ഇവിടെ ഓർക്കട്ടെ.

പൂക്കളോടും തത്തകളോടും സംസാരിക്കുന്നയാൾക്ക് രാഷ്ട്രീയം ചേരാതെ പോയോ? നിശ്ചയമില്ല. വി പി സിങിൽ എന്നും ഒരു സ്വാതി തിരുനാൾ ഉണ്ടായിരുന്നു എന്നു കരുതാൻ തോന്നും. അധികാരത്തിന്റെ പ്രതാപങ്ങളിലൊന്നും മോഹിക്കാതെ, ആരോടു ചൊൽവേനേ, അഴലുള്ളതെല്ലാം; ആരോമലേ സഖീ നിന്നോടല്ലാതെ' എന്നുപാടിയ ആളായിരുന്നല്ലൊ സ്വാതി!

അന്ന്‌ വിമാനത്തിലിരുന്ന് പരസ്പരം ചർച്ചചെയ്ത്‌ പരിഭാഷപ്പെടുത്തിയ ഒരു കവിതയുടെ പേര് ചായക്കിഴി എന്നതാണെന്ന്‌ ഞാൻ ഓർമിക്കുന്നു.

വല പോലെയുള്ള ചായക്കിഴി, തുളവീണ ചായക്കിഴി. ഇടയ്ക്കുനിറയും. തുള്ളി തുള്ളിയായി ചോർന്ന്‌ പതിയെ വരണ്ടുണങ്ങും. ആരെങ്കിലും വന്ന്‌ വീണ്ടും ചൂടുവെള്ളമൊഴിക്കും ചായയുണ്ടാക്കാൻ... ജീവിതത്തെ പകർത്തിവെച്ച കവിത! ചില ഉണക്കയിലകളല്ലാതെ കിഴിയിൽ ഒന്നും തങ്ങിനിൽക്കുന്നില്ല എന്നുകൂടി പറയുന്നിടത്ത് ജീവിതം എത്ര അർഥപൂർണമായി പ്രതിഫലിച്ചുനിൽക്കുന്നു. കാപ്സ്യൂൾ കവിതകളായിരുന്നു മിക്കവയും.

ഞാൻ ഉണരുമ്പോഴൊക്കെ രാത്രിയാണല്ലൊ എന്നും മാനത്തെ ചന്ദ്രൻ വന്ന് എന്റെ മുറിയിലൊളിഞ്ഞുനോക്കി; അവനെ നിങ്ങളയച്ചതോ എന്നും അവരുടെ വാളുകൾക്കാവില്ല എന്റെ നിഴലുകളെ അരിഞ്ഞുവീഴ്ത്താനെന്നും എഴുതിയ കവി. തൊട്ടതൊക്കെ പൊന്നാക്കി എന്നുപറയാവുന്ന പോലെ, എഴുതിയതൊക്കെ കവിതയാക്കി.

'നിങ്ങൾക്ക് എങ്ങനെ എന്നെ അഗ്നിക്കിരയാക്കാനാവും; ഞാൻ ഇപ്പോൾ തന്നെ ചാരമാണല്ലൊ. ഞാൻ പണമെന്നപോലെ എന്റെ കവിതകൾ എണ്ണിനോക്കി. ഞാൻ പാപ്പരായിരിക്കുന്നല്ലൊ.

വി പി സിങ്‌

വി പി സിങ്‌

നഗരത്തിലാകയാൽ ഞാൻ പൂർണചന്ദ്രനെ ഓഫാക്കി ഇലക്ട്രിക് ലൈറ്റുകൾ കൊളുത്തി എന്നുമൊക്കെ അർഥം വരുന്ന കവിതകൾ അദ്ദേഹം എനിക്കായി വിശദീകരിച്ചുതന്നു.

ഞാൻ അതൊക്കെ അക്കാലത്ത് പല മലയാള പ്രസിദ്ധീകരണങ്ങളിലായി മൊഴിമാറ്റി അച്ചടിക്കുകയും ചെയ്തു. ചിലത് ദേശാഭിമാനി വാരാന്തപ്പതിപ്പിലാണ് വന്നത്.
സാമൂഹ്യനീതിക്കും അഴിമതിമുക്ത വ്യവസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടമാക്കി തന്റെ ജീവിതത്തെ അദ്ദേഹം മാറ്റി. ബൊഫോഴ്സ് തോക്കിടപാടിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് 88 ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.

ജനമോർച്ചയുണ്ടാക്കി. ദേശീയ മുന്നണി രൂപീകരിച്ചു. അന്ന് അദ്ദേഹത്തിനൊപ്പം നിന്നയാളാണ്‌ പിൽക്കാലത്ത് കേന്ദ്രമന്ത്രിയും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതാണ് സാമൂഹ്യനീതിയുടെ രംഗത്തെ നാഴികക്കല്ലായ വി പി സിങ് മന്ത്രിസഭാ തീരുമാനങ്ങളിലൊന്ന്.

പിന്നോക്ക സമുദായക്കാരുടെ സംവരണം സംബന്ധിച്ച ചരിത്രപ്രധാനമായ ഇടപെടലുണ്ടാവാൻ മുൻരാജാവായ വി പി സിങ് പ്രധാനമന്ത്രിയാവേണ്ടിവന്നു.

എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി രഥയാത്ര ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ പൊലീസ് തടഞ്ഞതും അതിൽ കോപിച്ച് ബി ജെപി പിന്തുണ പിൻവലിച്ചതും അവിശ്വാസപ്രമേയം കൊണ്ടുവന്നതും അങ്ങനെ വി പി സിങ് മന്ത്രിസഭ വീണതും ഒക്കെ ചരിത്രം.

ചരിത്രപ്രധാനമായ വി പി സിങിന്റെ സമാപന പ്രസംഗം പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിലിരുന്ന് കേൾക്കാൻ ഞാനും ഉണ്ടായിരുന്നു. എത്ര ഹൃദയസ്പർശിയായ പ്രസംഗമായിരുന്നു അത്. എഴുതിയെടുക്കുക എന്നതിനപ്പുറം കേട്ടിരിക്കുക എന്നത് വലിയ ഒരു അനുഭവമായി.

ചരിത്രപ്രധാനമായ വി പി സിങിന്റെ സമാപന പ്രസംഗം പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിലിരുന്ന് കേൾക്കാൻ ഞാനും ഉണ്ടായിരുന്നു. എത്ര ഹൃദയസ്പർശിയായ പ്രസംഗമായിരുന്നു അത്. എഴുതിയെടുക്കുക എന്നതിനപ്പുറം കേട്ടിരിക്കുക എന്നത് വലിയ ഒരു അനുഭവമായി.

വിശ്വനാഥ പ്രതാപ് സിങിന്റെയും ചന്ദ്രശേഖറിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കവർ ചെയ്യാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിച്ചു. ഉത്തർപ്രദേശിന്റെ, മധ്യപ്രദേശിന്റെ, ബിഹാറിന്റെ ഒക്കെ ഗ്രാമഗ്രാമാന്തരങ്ങളിൽ വരെ.

വി പി സിങിന്റെ ഒരു കേരള പര്യടനത്തിലും ഒപ്പമുണ്ടാകാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തേണ്ടതായും വന്നു.

വി പി സിങിനോടൊപ്പം കോൺഗ്രസ് വിട്ട ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് രാജ്ഭവനിൽ െവച്ചുകണ്ട വേളകളിലൊന്നിൽ ഞാൻ ചോദിച്ചു: വി പി സിങൂമായി വഴിപിരിയാൻ എന്തായിരുന്നു കാരണം?

കാരണങ്ങൾ രണ്ടാണെന്ന് ഗവർണർ പറഞ്ഞു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ ബിജെപിയെ വിശ്വാസത്തിലെടുക്കണമെന്ന്‌ ഞാൻ വി പി സിങിനോടുപറഞ്ഞു.

എന്നാൽ, അദ്ദേഹം അതുചെയ്തില്ല. മന്ത്രിസഭയെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പിന്തുണയ്ക്കുന്ന കക്ഷിയായിരുന്നല്ലൊ ബിജെപി. അവരെ വിശ്വാസത്തിലെടുത്തില്ല. ബിജെപി പിന്തുണ പിൻവലിച്ച സന്ദർഭത്തിൽ ഒന്നിനും കാത്തിരിക്കാതെ രാജികൊടുക്കണമെന്ന്‌ ഞാൻ പറഞ്ഞു.

ബിജെപിയുടെ കൂടി പിന്തുണയുടെ ബലത്തിലാണല്ലൊ മന്ത്രിസഭ രൂപീകരിച്ചത്; അപ്പോൾ അവർ പിന്തുണ പിൻവലിച്ചയുടൻ രാജിവെക്കുന്നതായിരുന്നു ഔചിത്യം. വി പി സിങ് അതുചെയ്തില്ല.

അവിശ്വാസപ്രമേയത്തിന്‌ കാത്തിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതുകൊണ്ട്‌ ബിജെപിയിലെ പിന്നോക്ക ജാതി എംപിമാർ കൂട്ടത്തോടെ കൂറുമാറി തന്റെ മന്ത്രിസഭയെ പിന്തുണയ്ക്കുമെന്ന്‌ വി പി സിങ് കണക്കുകൂട്ടി. അതുകൊണ്ടാണ് അവിശ്വാസപ്രമേയത്തിന്‌ കാത്തിരുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

പ്രഭാവർമ്മയും ആരിഫ്‌ മുഹമ്മദ്‌ ഖാനും

പ്രഭാവർമ്മയും ആരിഫ്‌ മുഹമ്മദ്‌ ഖാനും

എനിക്ക് ഇതുരണ്ടും പുതിയ അറിവായിരുന്നു. ആരിഫ് മുഹമ്മദ്ഖാൻ ഇതുപറയുമ്പോൾ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ ടി ജലീലും രവി ഡി സിയും എന്നോടൊത്തുണ്ടായിരുന്നു.

വി പി സിങിന്റെ മതനിരപേക്ഷ മന്ത്രിസഭയെ ബിജെപിയും കോൺഗ്രസും കൈകോർത്തുപിടിച്ച് തകർക്കുന്നത്‌ ലോക്‌സഭയുടെ പ്രസ് ഗ്യാലറിയിലിരുന്ന്‌ കാണേണ്ടിവന്നു എൺപതുകളിൽ. എൽ കെ അദ്വാനിയുടെ രഥയാത്രയെ തടഞ്ഞതിന്റെ പേരിൽ വി പി സിങ് മന്ത്രിസഭയ്ക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു.

കോൺഗ്രസും അതിനൊപ്പം നിന്ന്‌ വോട്ടുചെയ്തു. ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ എതിർക്കുകയും പിന്നീട് മറ്റെന്തെങ്കിലുമൊരു പ്രശ്നത്തിന്റെ പേരിൽ പിന്തുണ പിൻവലിക്കുകയുമായിരുന്നു കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത് എന്ന് കോൺഗ്രസിന്റെ മതനിരപേക്ഷ സ്വഭാവത്തിൽ അപ്പോഴും വിശ്വാസമർപ്പിച്ച ചിലരെങ്കിലും പ്രസ് ഗ്യാലറിയിൽ അടക്കം പറയുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിൽ.

ഏതായാലും സ്വതന്ത്ര ഇന്ത്യയിൽ വോട്ടിങ്ങിലൂടെ സഭാതലത്തിൽ ഒരു സർക്കാരിനെ അധികാരഭ്രഷ്ടമാക്കുന്നത് അതാദ്യമായിരുന്നു. ആ നിലയ്ക്കുനോക്കിയാൽ ഒരു ചരിത്രമുഹൂർത്തം. 1989 ഡിസംബർ 2 ന് അധികാരത്തിൽ വന്ന മതേതര സർക്കാരാണ് 11 മാസങ്ങൾ കഴിഞ്ഞ ഘട്ടത്തിൽ 36‐142 വോട്ടുവ്യത്യാസത്തിൽ 1990 നവംബർ 7 ന് പുറത്തായത്.

1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി അവിശ്വാസപ്രമേയം വന്നപ്പോൾ ലോക്സഭയിലെ വോട്ടിങ്ങിനുനിൽക്കാതെ രാജി വെക്കുകയായിരുന്നു.

പിന്നീട് അധികാരത്തിൽ വന്ന ചരൺസിങ്ങാകട്ടെ ഒരു ദിവസം പോലും സഭയെ നേരിട്ടിട്ടില്ലാത്ത പ്രധാനമന്ത്രി എന്ന ഖ്യാതിയാണ് നേടിയത്. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയായി തുടർന്നു അദ്ദേഹം എന്നത്‌ ചരിത്രം.

വി പി സിങ് മന്ത്രിസഭയെ തകർത്തിട്ട് കോൺഗ്രസ് തന്നെ അധികാരത്തിലേറ്റിയ ചന്ദ്രശേഖർ ഗവൺമെന്റിനെ കോൺഗ്രസ് തന്നെ തകർക്കുന്നതും കണ്ടു. രാജീവ് ഗാന്ധിയുടെ ഔദ്യോഗിക വസതി പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുന്നു എന്നുപറഞ്ഞാണ് ചന്ദ്രശേഖർ ഗവൺമെന്റിനെ തകർത്തത്.

ചന്ദ്രശേഖർ

ചന്ദ്രശേഖർ

ഏതായാലും അത്തരം മതനിരപേക്ഷ മന്ത്രിസഭകളെ തകർക്കുക വഴി  ബിജെ പിക്കുവളരാനുള്ള ശക്തിയുണ്ടാക്കിക്കൊടുക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്.

കേവലം രണ്ടേ രണ്ട് അംഗങ്ങളുമായി എൺപതുകളിൽ ലോക്‌സഭയിലിരുന്ന ആ പാർടി ഇന്ത്യയുടെ ഭരണപാർടിയായി വളർന്നത് ആലോചനയില്ലാത്ത ഇത്തരം നടപടികൾ കൊണ്ടുകൂടിയാണ്.

ചന്ദ്രശേഖർ മന്ത്രിസഭയുടെ കാര്യത്തിൽ യഥാർഥത്തിലുണ്ടായത് രാജീവ് ഗാന്ധിയുടെ പിൻസീറ്റ് ഭരണമാണ്. ഇതിലുള്ള അസംതൃപ്തി കൊണ്ടുകൂടിയാവാം 1991 മാർച്ച് 6 ന് ചന്ദ്രശേഖർ പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചുകൊണ്ട് ലോക്‌സഭ പിരിച്ചുവിടാൻ രാഷ്ട്രപതിയെ ഉപദേശിച്ചത്.

എന്നാൽ ഇത് വലിയൊരു ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. ബജറ്റ് പാസ്സാക്കിയിട്ടുണ്ടായിരുന്നില്ല. വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചിട്ടേയുണ്ടായിരുന്നുള്ളൂ.

ഇതുണ്ടാക്കിയ പ്രതിസന്ധി കുറച്ചൊന്നുമല്ല ഭരണഘടനാ വിദഗ്ദ്ധരുടെ തല പുകച്ചത്.

പാർലമെന്റ് റിപ്പോർട്ടിങിന്റെ തുടക്കദിവസങ്ങളിലൊന്നിൽ വിസ്മയകരമായ ഒരു അനുഭവമുണ്ടായി. അസമിലെ നെല്ലിയിൽ നടന്ന ഭീകരമായ കൂട്ടക്കൊലയെ മുൻനിർത്തി പ്രതിപക്ഷം ഇന്ദിരാഗാന്ധി ഗവൺമെന്റിനെതിരെ നടത്തിയ അതിശക്തമായ ആക്രമണം.

വാജ്പേയ്, ജോർജ് ഫെർണാണ്ടസ്, റാം ജത് മലാനി, സത്യസാദൻ ചക്രവർത്തി തുടങ്ങിയവർ ഒന്നിനുപുറകെ ഒന്ന് എന്ന നിലയിൽ അതിശക്തമായി ഗവൺമെന്റിനെ അടിച്ചുതകർക്കുന്ന വിധത്തിൽ പ്രസംഗിക്കുന്നു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആകെ  വിഷണ്ണയായി നിസ്സഹായയായി ട്രഷറി ബഞ്ചിലെ ഒന്നാം സ്ഥാനത്തിരിക്കുന്നു.

കോൺഗ്രസ് ബഞ്ചുകളാകെ തകർന്നുതരിപ്പണമായ നിലയിൽ. അപ്പോഴാണ് സ്പീക്കർ ബൽറാം ഝാക്കർ  സി എം സ്റ്റീഫനെ പ്രസംഗിക്കാൻ വിളിക്കുന്നത്.

സ്റ്റീഫൻ ഇനിയെന്തുപറയാൻ എന്ന്‌ ചിന്തിച്ച നിമിഷങ്ങൾ. എന്നാൽ തന്റെ അസാധാരണമായ വാഗ്ധോരണിയിലൂടെ ചുരുക്കം ചില നിമിഷങ്ങൾ കൊണ്ട് എതിർക്കൊടുങ്കാറ്റുണ്ടാക്കുന്നതാണ് പിന്നീടുകണ്ടത്.

അത്ഭുതാദരങ്ങളോടെ ഇന്ദിരാഗാന്ധി സി എം സ്റ്റീഫനെ തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്നതും. ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top