24 April Wednesday

അരുൺ ഷൂരിയും ബാസവ പുന്നയ്യയും-ദിൽസെ; ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര ഏഴാം ഭാഗം

പ്രഭാവർമ്മUpdated: Tuesday Oct 25, 2022

പഴയ കൽക്കത്ത നഗരം

അവിഭക്ത കമ്യൂണിസ്റ്റ് പാർടിക്കുള്ളിലെ ആശയപോരാട്ടത്തിൽ നിർണായക പങ്കാണ് ബാസവ പുന്നയ്യ വഹിച്ചത്. ഇന്ത്യൻ വിപ്ലവം, അതിന്റെ അടവുകളും തന്ത്രങ്ങളും എന്നീ കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഒരു പതിറ്റാണ്ട് നീണ്ട അവിഭക്ത പാർടിക്കുള്ളിലെ ആശയസമരത്തിന്റെ ഉൽപ്പന്നമാണ് സിപിഐ എം. ആ പോരാട്ടഘട്ടങ്ങളിലൊക്കെ നേതൃപരമായ പങ്കുവഹിച്ച എം ബി 1964ൽ പാർടി പരിപാടി രൂപപ്പെടുത്തുന്നതിലും ശ്രദ്ധേയമായ റോൾ വഹിച്ചു.

‘Finality is not the language of politics’
 – Benjamin Disraeli
 അക്കാലത്ത് ദൈനംദിന പത്രപ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെ പല കാര്യങ്ങളിലും വ്യക്തത വരുത്താൻ എം ബാസവ പുന്നയ്യയും ബി ടി ആറും സൂർജിത്തുമായി സംസാരിക്കേണ്ടി വന്നിരുന്നു. പുറമെ പരുക്കനായ എം ബി എത്ര വാത്സല്യത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചു തന്നിരുന്നത്. ആ ഘട്ടത്തിൽ ഒരിക്കലാണ് ഇലസ്ട്രേറ്റഡ് വീക്കിലിയിൽ അരുൺ ഷൂരി ക്വിറ്റ് ഇന്ത്യാ സമരത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ നിലപാടിനെ ആക്ഷേപിച്ച്‌ ലേഖനമെഴുതിയത്. 

ഞാനാണത് എം ബിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ദീർഘസമയമെടുത്ത് അന്നത്തെ പ്രസ്ഥാനത്തിന്റെ യഥാർഥ നിലപാട് അദ്ദേഹം എനിക്ക്‌ വിശദീകരിച്ചുതന്നതോർക്കുന്നു. അന്ന് നാസിസത്തിന്‌ വിജയമുണ്ടായെങ്കിൽ ഇന്ത്യയും ഉണ്ടാകില്ല, സ്വാതന്ത്ര്യവും ഉണ്ടാകില്ല എന്ന് അദ്ദേഹം ബോധ്യപ്പെടുത്തിത്തന്നു.

പിന്നീട് പീപ്പിൾസ് ഡെമോക്രസിയിൽ എം ബി വിശദമായി അരുൺ ഷൂരിക്ക്‌ മറുപടിയെഴുതി. അതൊരു ചരിത്രരേഖയായി.

എം ബാസവ പുന്നയ്യ

എം ബാസവ പുന്നയ്യ


അരുൺഷൂരിയുടെ വായടപ്പിക്കുന്ന മറുപടിയാണ് അന്ന് എം ബി നൽകിയത്. അത് വായടപ്പിക്കുന്ന വിധമാണെന്നതുകൊണ്ടുതന്നെ ഇലസ്ട്രേറ്റഡ് വീക്കിലി അത് പൂർണമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു.

പീപ്പിൾസ് ഡെമോക്രസിയാണ് പിന്നീട് അത് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചത്.

1942 ലെ അന്താരാഷ്ട്ര സാഹചര്യത്തെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടും അപഗ്രഥിച്ചുകൊണ്ടുമാണ് എം ബി അന്ന് മറുപടി നൽകിയത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊമ്പതോടുകൂടി രണ്ടു സാമ്രാജ്യത്വ ശക്തിധ്രുവങ്ങൾ അന്താരാഷ്ട്ര രംഗത്തുണ്ടായി. ജർമനിയുടെയും ഇറ്റലിയുടെയും ജപ്പാന്റെയും നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികളുടെ ഒരു ധ്രുവം.

ബ്രിട്ടനും അമേരിക്കയും ഫ്രാൻസും നയിച്ച സഖ്യകക്ഷികളുടെ മറു ധ്രുവം. ആ ഘട്ടത്തിൽ വിപുലമായ പ്രകൃതിവിഭവശേഖരമുള്ള ലോകത്തെ ഏക സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനായിരുന്നു. ലോകത്ത് രൂപപ്പെട്ടുവന്ന രണ്ട് സാമ്രാജ്യത്വ രാഷ്ട്രീയധ്രുവങ്ങളും രാജ്യങ്ങളെ വെട്ടിപ്പിടിച്ച് കോളനികളുണ്ടാക്കുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന ഘട്ടംകൂടിയായിരുന്നു അത്.

ലോകമേധാവിത്വത്തിനുവേണ്ടിയുള്ള സാമ്രാജ്യത്വങ്ങളുടെ കിടമത്സരത്തിന്റെ കാലം. ഇരുകൂട്ടർക്കും ഒരുപോലെ സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയും കുഴിച്ചുമൂടാൻ വ്യഗ്രതയുണ്ടായിരുന്ന കാലം.

സമാധാനത്തിനുവേണ്ടി തുറന്ന നിലപാടെടുത്തിരുന്നു സോവിയറ്റ് യൂണിയൻ എന്നതുകൊണ്ട് ഹിറ്റ്ലറുടെ ജർമനി 1939ൽ സോവിയറ്റ് യൂണിയനുമായി യുദ്ധമില്ലാ കരാർ ഒപ്പുവച്ചു. ഇതിനുതൊട്ടുപിന്നാലെ അച്ചുതണ്ടുശക്തികൾ സഖ്യകക്ഷികളെ ആക്രമിച്ചു. അങ്ങനെയാണ് 1939ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്’.

41 വരെ യുദ്ധം സഖ്യശക്തികളും അച്ചുതണ്ടുശക്തികളും തമ്മിലായിരുന്നു. സോവിയറ്റ് യൂണിയൻ ഇരു ക്യാമ്പിലുമുണ്ടായിരുന്നില്ല. ലോകമേധാവിത്വം കൈയടക്കാൻ രണ്ട്‌ സാമ്രാജ്യത്വചേരികൾ തമ്മിൽ നടത്തുന്ന യുദ്ധം എന്ന നിലയിൽ മാറിനിന്ന് കണ്ടതേയുള്ളൂ.

ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തൊന്നോടെ ജർമനിയുടെ നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികൾ ബ്രിട്ടനും അമേരിക്കയും ഫ്രാൻസുമടങ്ങുന്ന സഖ്യശക്തികൾക്കുമേൽ മേൽക്കൈ നേടി. ഹിറ്റ്ലർ കൂടുതൽ അധിനിവേശഭ്രാന്തനായി. സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പുറപ്പെട്ടു. സമാധാന ഉടമ്പടി ലംഘിച്ചുള്ള ഈ നീക്കം 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലയ്ക്ക് സോവിയറ്റ് യൂണിയനെയും സഖ്യശക്തികളെയും ഒരുമിപ്പിക്കുന്ന നിലയാക്കി.

ഇതേഘട്ടത്തിൽ ഇവിടെ സ്വാതന്ത്ര്യസമരം നടക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെടുന്ന നിലവന്നപ്പോൾ ഗാന്ധിജിപോലും പറഞ്ഞു: ''എന്റെ സഹതാപം ഇംഗ്ലണ്ടിനൊപ്പമാണ്'' എന്ന്. ബ്രിട്ടീഷ് വൈസ്രോയി ലോർഡ് ലിൻലിത്ഗോവിനോട് താനിങ്ങനെ പറഞ്ഞതായി ഗാന്ധിജി തന്നെ സമാഹൃത കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേ ഘട്ടത്തിലാണ്, അച്ചുതണ്ടുശക്തികളോട് ബന്ധം സ്ഥാപിച്ചുകൊണ്ട് നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കുന്നതും ജനങ്ങൾ നേതാജിയുടെ സമരോത്സുക നേതൃത്വത്തോട് കൂടുതൽ അടുക്കുന്നതും. ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യം ഇരക്കുന്ന ഗാന്ധിജിയുടെ നിലപാടിലും നേതൃത്വത്തിലും കോൺഗ്രസ് അണികളിൽത്തന്നെ അസംതൃപ്തി പടർന്നുതുടങ്ങി.

ജനങ്ങളെ കൂടെനിർത്താൻ അടിയന്തരമായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി കോൺഗ്രസും ഗാന്ധിജിയും. അങ്ങനെയാണ് 1942 ആഗസ്തിൽ ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ എന്നതിനെക്കാൾ അണികൾക്കുമേലുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പിടി അയഞ്ഞുപോകാതിരിക്കാനുള്ള പരിപാടിയായിരുന്നു ഇത്.

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം

ഈ ചരിത്രസംഭവങ്ങൾ പശ്ചാത്തലമാക്കിയാണ് അരുൺഷൂരി ഇലസ്ട്രേറ്റഡ് വീക്കിലിയിൽ കമ്യൂണിസ്റ്റുകാർ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തു എന്ന മട്ടിലുള്ള 'എക്സ്പോഷർ' അവതരിപ്പിച്ചത്.

ഇതിനാണ് എം ബസവപുന്നയ്യ ചരിത്ര വസ്തുതകൾ നിരത്തിവച്ച് മറുപടി കൊടുത്തത്.

ക്വിറ്റ് ഇന്ത്യാ ഘട്ടത്തിലെ കമ്യൂണിസ്റ്റുകാരുടെ നിലപാട് ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത് എന്ന് എം ബി പറഞ്ഞു.സോഷ്യലിസത്തെയും സോവിയറ്റ് യൂണിയനെയും സംരക്ഷിക്കുക എന്നത് പ്രധാനമായിരുന്നു അന്ന്.ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സോവിയറ്റ് സഖ്യശക്തിസഖ്യത്തെ കമ്യൂണിസ്റ്റുകാർ അന്ന് വിലയിരുത്തിയത്

ക്വിറ്റ് ഇന്ത്യാ ഘട്ടത്തിലെ കമ്യൂണിസ്റ്റുകാരുടെ നിലപാട് ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത് എന്ന് എം ബി പറഞ്ഞു.സോഷ്യലിസത്തെയും സോവിയറ്റ് യൂണിയനെയും സംരക്ഷിക്കുക എന്നത് പ്രധാനമായിരുന്നു അന്ന്.ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സോവിയറ്റ് സഖ്യശക്തിസഖ്യത്തെ കമ്യൂണിസ്റ്റുകാർ അന്ന് വിലയിരുത്തിയത്. ഹിറ്റ്ലറുടെ നേതൃത്വത്തിലുണ്ടായിരുന്ന ഫാസിസ്റ്റ് അച്ചുതണ്ടുശക്തികൾ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിച്ചാൽ ഇന്ത്യയടക്കമുള്ള ലോകമാകെ ഫാസിസത്തിനു കീഴിൽ ഞെരിഞ്ഞമരും.

പിന്നെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഇതായിരുന്നു കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഇതാണ് ശരി എന്ന് ഗാന്ധിജിപോലും ചിന്തിച്ചതുകൊണ്ടാവണമല്ലോ, തന്റെ സഹതാപം ബ്രിട്ടനൊപ്പമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയത്.

തൊട്ടുപിറ്റേവർഷം, അതായത് 1943 ൽ ക്വിറ്റ് ഇന്ത്യാ സമരം ഗാന്ധിജി തന്നെ പിൻവലിച്ചതും അതുകൊണ്ടാവണമല്ലോ.

ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് അരുൺഷൂരി

അരുൺഷൂരി

അരുൺഷൂരി

'കമ്യൂണിസ്റ്റുകാരുടെ വഞ്ചന'യെക്കുറിച്ച് ലേഖനപരമ്പര എഴുതിയത്.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അതേഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുകയായിരുന്നുവെന്ന് എം ബി ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരായി പെഷവാർ, കാൺപൂർ, മദ്രാസ്, മീററ്റ്, ലാഹോർ ഗൂഢാലോചന കേസുകൾ ചുമത്തപ്പെട്ട ഘട്ടമാണ് അത്.

കമ്യൂണിസ്റ്റുകാർ അരുൺഷൂരി പറയുംപോലെ ബ്രിട്ടീഷുകാരുമായി സൗഹൃദത്തിലായിരുന്നു അന്ന് എങ്കിൽ ഇതൊക്കെയാണോ ഉണ്ടാവുക?
ഇതൊക്കെ അക്കമിട്ട് അന്ന് ചോദിച്ചത് എം ബി

യാണ്. അരുൺഷൂരിയുടെ വായടപ്പിക്കുന്ന മറുപടികൾകൂടിയായിരുന്നു അത്.

സംവാദങ്ങളിൽ ചരിത്രപരമായ രേഖകളും തെളിവുകളും നിരത്തി സ്വന്തം വാദമുഖങ്ങൾ സ്ഥാപിച്ചെടുക്കാൻ എം ബിക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു.

ആർ ഉമാനാഥ്‌

ആർ ഉമാനാഥ്‌

സംവാദങ്ങളിൽ ചരിത്രപരമായ രേഖകളും തെളിവുകളും നിരത്തി സ്വന്തം വാദമുഖങ്ങൾ സ്ഥാപിച്ചെടുക്കാൻ എം ബിക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു.

റിവിഷനിസം മുൻനിർത്തി സിപിഐയുമായി ഏറ്റുമുട്ടിയ ഘട്ടത്തിൽ ശ്രീപാദ് അമൃത ഡാങ്കെയ്ക്കെതിരെ ആർ ഉമാനാഥിനൊപ്പം പോയി ബ്രിട്ടീഷ് ആർകൈവ്സിൽ പരതി രേഖകൾ അവതരിപ്പിച്ചത് എം ബിയാണ്.

ആർകൈവ്സിൽനിന്ന് എം ബി കണ്ടെടുത്ത ഡാങ്കെയുടെ രഹസ്യ കത്തുകൾ ഡാങ്കെയെ രാഷ്ട്രീയമായി തുറന്നുകാട്ടി. 

ആ തുറന്നുകാട്ടലാകട്ടെ, റിവിഷനിസത്തിനെതിരായ സിപിഐ എമ്മിന്റെ പോരാട്ടത്തെ ഊർജസ്വലമാംവിധം ത്വരിതപ്പെടുത്തി. ആ ഡാങ്കെ കത്തുകൾ എന്തുള്ളടക്കമുള്ളതായിരുന്നുവെന്ന് ഇപ്പോൾ പറയുന്നത് ഉചിതമാകില്ല. എങ്കിലും എസ് എ ഡാങ്കെ

എസ്‌ എ  ഡാങ്കെ

എസ്‌ എ ഡാങ്കെ

സിപിഐയിൽനിന്നുതന്നെ പിന്നീട് പുറത്താക്കപ്പെട്ടു എന്നത് ചരിത്ര സത്യം.

ഇരുപതാം നൂറ്റാണ്ടിലെ അതിപ്രമുഖരായ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് നേതാക്കളുമായി മുഖാമുഖം രാഷ്ട്രീയം ചർച്ചചെയ്യാൻ കഴിഞ്ഞിട്ടുള്ളയാളാണ് എം ബി. സ്റ്റാലിൻ, മൗ സെ ദൊങ്, ഹോചിമിൻ, മൊളോട്ടോവ്, മലങ്കോവ്, ലീ ഷാവോചി, ചൗ എൻലായി എന്നിങ്ങനെ നീളുന്നു ആ നിര. സോവിയറ്റ് യൂണിയനെയും ചൈനയെയും അദ്ദേഹം വിമർശിച്ചിട്ടുണ്ട്. 

അവിടത്തെ പാർടികളുടെ നിലപാടുകളെ വിമർശിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കലും അവിടത്തെ സോഷ്യലിസ്റ്റ് സമൂഹനിർമാണ പ്രക്രിയയെ തള്ളിപ്പറഞ്ഞിട്ടില്ല. സോവിയറ്റ് പാതയ്ക്കും ചൈനീസ് പാതയ്ക്കും വിഭിന്നമായി ഒരു ഇന്ത്യൻ വിപ്ലവപാത ഇന്ത്യൻ സവിശേഷ സാഹചര്യങ്ങൾക്കനുസരിച്ച് തീർക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് എം ബി എന്നും ഉയർത്തിപ്പിടിച്ചു.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിക്കുള്ളിലെ ആശയപോരാട്ടത്തിൽ നിർണായക പങ്കാണ് എം ബി വഹിച്ചത്. ഇന്ത്യൻ വിപ്ലവം, അതിന്റെ അടവുകളും തന്ത്രങ്ങളും എന്നീ കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഒരു പതിറ്റാണ്ട് നീണ്ട അവിഭക്ത പാർടിക്കുള്ളിലെ ആശയസമരത്തിന്റെ ഉൽപ്പന്നമാണ് സിപിഐ എം. ആ പോരാട്ടഘട്ടങ്ങളിലൊക്കെ നേതൃപരമായ പങ്കുവഹിച്ച എം ബി 1964ൽ പാർടി പരിപാടി രൂപപ്പെടുത്തുന്നതിലും ശ്രദ്ധേയമായ റോൾ വഹിച്ചു.

കരട് പാർടിരേഖ ‘64ലെ കൽക്കത്താ പാർടി കോൺഗ്രസിൽ അവതരിപ്പിച്ചതുതന്നെ എം ബിയാണ്. ഇന്ത്യൻ സമൂഹത്തിലെ വർഗങ്ങളുടെ അപഗ്രഥനം, ഭരണകൂടത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ സ്വഭാവം തുടങ്ങിയവയൊക്കെ സംബന്ധിച്ച വിലയിരുത്തലുകൾ രൂപപ്പെടുത്തുന്നതിൽ തെലങ്കാനാ സമരാനുഭവങ്ങൾവരെ വിലപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.

ജനകീയ ജനാധിപത്യ വിപ്ലവത്തിനുവേണ്ടിയുള്ള മുന്നണിയിൽ നേതൃത്വം തൊഴിലാളി വർഗത്തിനുതന്നെയായിരിക്കണം എന്ന നിഷ്കർഷ, വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്ന ബൂർഷ്വാ ഭൂപ്രഭുസഖ്യം എന്ന അപഗ്രഥനം, ബൂർഷ്വ‐ഭൂപ്രഭു ഭരണസംവിധാനം വിദേശധനമൂലധനവുമായി വർധിച്ച തോതിൽ സഹകരിക്കുന്ന തരത്തിലുള്ളതാണെന്ന വിലയിരുത്തൽ തുടങ്ങിയവയിലൊക്കെ എം ബിയുടെ ധിഷണയുടെയും അനുഭവപരിജ്ഞാനത്തിന്റെയും കൂടി മുദ്ര കാണാം.

റിവിഷനിസത്തോട് ഒരുവശത്ത് സന്ധിയില്ലാത്ത സമരം ചെയ്തുകൊണ്ടുതന്നെ, മറുവശത്ത് അതിസാഹസിക ഇടതുപക്ഷ തീവ്രവാദത്തോട് എം ബി വിട്ടുവീഴ്ചയില്ലാതെ പോരാടി. ആന്ധ്രാ സഖാക്കൾക്കുള്ള കത്ത് എന്ന രേഖയിൽ രണ്ടാമത്തേതിന്റെ യുക്തിയുക്തമായ തെളിവുകൾ കാണാം.

ഉൾപാർടി ജനാധിപത്യത്തെ വ്യക്തിമഹിമാവാദം ഹനിക്കുമെന്ന് എം ബി തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. Struggle against the cult of personality എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതിയ ലേഖനം കമ്യൂണിസ്റ്റുകാർക്ക് നിത്യപാഠമാകേണ്ടതാണ്.

ഉൾപാർടി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് വ്യക്തിമഹിമാവാദത്തിനെതിരായ പോരാട്ടവും എന്ന് അദ്ദേഹം ആ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു നേതാവും ആൾ ദൈവമോ, തെറ്റുപറ്റുകയേയില്ലാത്ത മാർക്സിസ്റ്റ് ലെനിനിസ്റ്റോ അല്ല എന്നുകൂടി എം ബി ആ ലേഖനത്തിൽ പറഞ്ഞുവച്ചു.

1972 ൽ മധുര പാർടി കോൺഗ്രസിൽ എം ബി അവതരിപ്പിച്ച ദേശീയതാ പ്രശ്നത്തെക്കുറിച്ചുള്ള രേഖയടക്കം ആശയരംഗത്തെ പോരാട്ടത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധിയാണ്.

രാജ്യമാകെയുള്ള ഭരണവർഗത്തിന്റെ ചൂഷണത്തിനെതിരായ തൊഴിലാളിവർഗ പോരാട്ടങ്ങളെ വിട്ടുപോകൽ‐ വിഭജന വാദങ്ങൾ ദുർബലപ്പെടുത്തുമെന്നും ബൂർഷ്വ‐ ഭൂപ്രഭു വർഗത്തിന്റെ പൊതുചൂഷണത്തിനെതിരായ വർഗഐക്യം കെട്ടിപ്പടുക്കലാണ് തൊഴിലാളി വർഗ പാർടിയുടെ കടമ എന്നും ദേശീയതാ പ്രശ്നം അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് നാംതന്നെ വരുത്തിയ തെറ്റുകളാണ്, ആരുടെയെങ്കിലും പ്രേരണപ്രകാരം നാം വരുത്തിയ തെറ്റല്ല. അതുകൊണ്ടുതന്നെ തെറ്റ് തിരുത്താൻ ആരുടെയും പ്രേരണ പുറത്തുനിന്ന് ഈ പാർടിക്ക് ആവശ്യവുമില്ല എന്ന് എം ബി ഇടയ്ക്കിടെ പറയുമായിരുന്നു.

വിവിധ ദിവസങ്ങളിൽ അദ്ദേഹവുമായി സംസാരിച്ച് ശേഖരിച്ച വിവരങ്ങളാണിത്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തോളം എം ബിയെ അടുത്തുനിന്ന്‌ മനസ്സിലാക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. 1980 മുതൽ 92ൽ അദ്ദേഹം മരിക്കുന്നതുവരെ. അന്ന് സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഡൽഹി അശോകാറോഡിലെ 14‐ാം നമ്പർ മന്ദിരത്തിലായിരുന്നു.

ആ കെട്ടിടത്തിന്റെ മുൻവശം കേന്ദ്രകമ്മിറ്റി ഓഫീസ്. പിൻവശം എം ബിയുടെ വീട്. പിൻവശം എന്നുപറഞ്ഞാൽ പിന്നിലെ രണ്ടുമുറികൾ എന്നേ അർഥമുള്ളൂ. അവിടുത്തെ അതിപരിമിതമായ സൗകര്യത്തിലൊതുങ്ങിയാണ് ദീർഘകാലം എം ബി കഴിഞ്ഞത്.

ഇങ്ങനെ അവശ്യസൗകര്യങ്ങൾപോലുമില്ലാതെ പരിമിതപ്പെട്ട് കഴിയേണ്ട ഒരു പശ്ചാത്തലമായിരുന്നില്ല എം ബിക്കുണ്ടായിരുന്നത്. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലെ അതിസമ്പന്നമായ ഒരു ഭൂപ്രഭു തറവാട്ടിലാണ് മകിനേനി ബസവപുന്നയ്യ ജനിച്ചത്.നിലവിലുണ്ടായിരുന്ന സാമൂഹ്യാവസ്ഥ ഒരുമാറ്റവും കൂടാതെ അതേപടി തുടർന്നുപോന്നിരുന്നുവെങ്കിലും എം ബിക്ക്, അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വിഷമവുമുണ്ടായിരുന്നില്ല.സുഭിക്ഷതയോടെ, പ്രതാപത്തിൽ കഴിയാമായിരുന്നു.

എന്നാൽ, 'എനിക്കുവേണ്ടാ ശാന്തസ്വച്ഛജീവിതം, ഭൂമി
 നടുക്കും കൊടുങ്കാറ്റിൻ ഊർജമാണെന്നാത്മാവിൽ'
എന്ന് മാർക്സ് കവിതയിൽ  പറഞ്ഞ പോലെയുള്ള ഒരു മനോഭാവമാണ് എം ബിയിൽ നിറഞ്ഞുനിന്നത്.

ബി ടി ആർ

ബി ടി ആർ

അങ്ങനെയുള്ള ചിലരുണ്ട്. സ്ഥിതവ്യവസ്ഥയും അതിന്റെ നീതിപ്രമാണങ്ങളും അതേപടി തുടർന്നാലും തങ്ങളുടെ സ്വകാര്യജീവിതത്തിന് ഒരു കുഴപ്പവുമുണ്ടാവില്ല എന്നിരിക്കിലും സ്ഥിതവ്യവസ്ഥ പൊളിക്കാനും അതിന്റെ നീതിപ്രമാണങ്ങളെ സമത്വത്തിലധിഷ്ഠിതമായ ഒരു നീതിപ്രമാണംകൊണ്ട് പകരംവയ്ക്കാനും വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങുന്നവർ, ഇ എം എസും ജ്യോതിബസുവും ബി ടി ആറും ഒക്കെ അങ്ങനെയായിരുന്നു.

അവർക്ക് വ്യവസ്ഥിതികൊണ്ട് ഒരു തകരാറുമുണ്ടായിരുന്നില്ല. എങ്കിലും സമൂഹത്തിനാകെ തകരാറുണ്ടാക്കുന്ന വ്യവസ്ഥിതി മാറണമെന്നവർ ചിന്തിച്ചു. അതിനായുള്ള മാറ്റത്തിന്റെ പോരാട്ടത്തിന് അവർ ഇറങ്ങി. ആ നിരയിൽത്തന്നെയാണ് എംബിയും.

അങ്ങനെയാണ് ഫ്യൂഡൽ ഭൂപ്രഭുത്വത്തിന്റെ മണിമന്ദിരങ്ങൾ വിട്ട് കനൽ പാറുന്ന പോരാട്ടങ്ങളുടെ ചോര തിളയ്ക്കുന്ന പാതകളിലേക്ക് അവർ ഇറങ്ങിയത്. എം ബിയും അങ്ങനെതന്നെയായിരുന്നു.

അഭിജാതമായ തടവാട്, അവിടത്തെ അതിസമ്പന്നത, അക്കാലത്ത് ഏത് ഉയർന്ന ഉദ്യോഗത്തിലേക്കും എത്താൻ വേണ്ട വിദ്യാഭ്യാസ യോഗ്യത. ഇതെല്ലാം ഉണ്ടായിട്ടും ഇതിന്റെ വഴികളുപേക്ഷിച്ച് ത്യാഗത്തിന്റെ, സമരത്തിന്റെ പാതയിലേക്ക് വിദ്യാർഥി ജീവിതഘട്ടത്തിൽത്തന്നെ അദ്ദേഹം   മാറി.

ആ മാറ്റം എന്തെങ്കിലും വ്യക്തിപരമായി നേടാനുദ്ദേശിച്ചുള്ളതായിരുന്നില്ല. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അദ്ദേഹത്തിനുമുമ്പിൽ വേറെ വഴികളുണ്ടായിരുന്നു. ആ വഴിക്കല്ല എംബി പോയത്.

ആ കാലത്ത്, കമ്യൂണിസ്റ്റാകുക എന്നുപറഞ്ഞാൽ തെരുവിൽ കിടന്ന് തല്ലുകൊണ്ട് ചാകാനുള്ള ലൈസൻസ് എടുക്കൽ എന്നേ അർഥമുള്ളൂ. ഒരു പഞ്ചായത്ത് വാർഡ്‌ മെമ്പർ എങ്കിലും ആകാം എന്ന് പ്രതീക്ഷിക്കേണ്ടതില്ല. അത്തരമൊരു കാലത്ത് ജനമോചനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ പാതകളിലേക്കിറങ്ങിയ ആളാണ് എം ബി. ഒളിവിലും തെളിവിലും ജയിലിലും ഒക്കെയായി എത്രയോ യാതനാനുഭവങ്ങൾ.

ഇന്ത്യൻ തൊഴിലാളിവർഗ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ചോരത്തിളപ്പുള്ള അധ്യായമായ തെലങ്കാനാ  സമരത്തിന്റെവരെ ധീരനായകനായി എം ബി മാറി-  പി സുന്ദരയ്യയുടെയൊപ്പം.

പി സുന്ദരയ്യ

പി സുന്ദരയ്യ

തെലങ്കാനാ സമരം നയിക്കുക എന്ന ചുമതല മാത്രമായിരുന്നില്ല എം ബിയുടേത്.

പണം സംഘടിപ്പിക്കുക, ആ പണം ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങുക, ഇരുട്ടിന്റെ മറവിലൂടെ അത് സമരപോരാളികൾക്ക് എത്തിച്ചുകൊടുക്കുക‐ തുടങ്ങിയ പ്രധാന ദൗത്യങ്ങളുമുണ്ടായിരുന്നു.

അശോകാറോഡിലെ 14‐ാം നമ്പർ കെട്ടിടത്തിന്റെ പൊതുവായ ഡൈനിങ് ഹാളിൽ അപ്പുറവുമിപ്പുറവുമിരുന്ന് ചപ്പാത്തിയും ദാലും കഴിക്കുന്ന പല രാത്രികളിലും ഞാൻ എം ബിയോട് സ്നേഹപൂർണമായ നിർബന്ധത്തോടെ പറഞ്ഞിട്ടുണ്ട്, അക്കാലത്തെ യാതനാനുഭവങ്ങളുടെ, സഹനാനുഭവങ്ങളുടെ, പീഡാനുഭവങ്ങളുടെ വിശദമായ വിവരണം ഒന്നുതരാൻ. കടലാസും പേനയുമായി പലതവണ എം ബിയുടെ മുമ്പിൽ ചെന്നിരുന്നിട്ടുണ്ട്. പക്ഷേ, ഒന്നോ രണ്ടോ വാക്കുകൾകൊണ്ട് ഒഴിഞ്ഞുമാറും.

ആ അനുഭവങ്ങൾ പകർത്തിവച്ചാൽ, അത് അടുത്ത തലമുറയ്ക്കുള്ള വിലപ്പെട്ട പാഠമാകുമെന്ന് ഒരിക്കൽ ഞാൻ പറഞ്ഞപ്പോൾ എം  ബി പ്രതികരിച്ചത്, ഓരോ തലമുറയ്ക്കും അവരുടെ കാലംതന്നെയാണ് പാഠമാകേണ്ടത് എന്ന മറുപടികൊണ്ടാണ്. ആ കാലം ഞങ്ങളോടാവശ്യപ്പെട്ടത് ഞങ്ങൾ ചെയ്തു. അത് പ്രത്യേക ത്യാഗമോ മറ്റോ ആയി കാണേണ്ടതില്ല.

അന്ന് അവിടെ നിങ്ങളാണ് ജീവിച്ചിരുന്നതെങ്കിൽ, നിങ്ങൾ മനുഷ്യസ്നേഹമുള്ളവരുമാണെങ്കിൽ, നിങ്ങളും അതുതന്നെ ചെയ്യുമായിരുന്നു. ഞങ്ങൾ അന്ന് ചെയ്തത് ഞങ്ങളുടെ വലിയ വീരസാഹസികതയായൊന്നും ചിത്രീകരിക്കേണ്ടതില്ല ഇതായിരുന്നു എം ബിയുടെ അഭിപ്രായം.

ഇന്നത്തെ കാലത്ത് അന്നത്തേതുപോലെ ദുസ്സഹമായ അടിച്ചമർത്തലിന്റെ സന്ദർഭമുണ്ടായാൽ, ഇന്നത്തെ തലമുറയും അന്നത്തെ തലമുറയ്ക്കൊപ്പം ധീരമായി പൊരുതും. ഇതായിരുന്നു എം ബിയുടെ നിലപാട്. പഴയ തലമുറ കെങ്കേമം, പുതിയ തലമുറ മെച്ചമല്ലാത്തത് എന്ന നിലപാട് ഒരിക്കലും എം ബി കൈക്കൊണ്ടില്ല. തെലങ്കാനാ സമരത്തിലെ തന്റെ 'റോൾ' പൊലിപ്പിച്ചവതരിപ്പിക്കാൻ എം ബി നിന്നതുമില്ല. അതായിരുന്നു അസാധാരണത്വമുള്ള ആ വ്യക്തിത്വം.

1930 കളിൽ സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പോരാട്ടരംഗത്തേക്ക് ഇറങ്ങുമ്പോൾ എം ബി കൗമാരം കടക്കുന്നതേയുണ്ടായിരുന്നുള്ളൂ. നിയമലംഘന പ്രസ്ഥാനമടക്കം പിൻവലിച്ച് കോൺഗ്രസ് ചാഞ്ചാട്ടനയത്തിലേക്ക് മാറിയപ്പോൾ വിട്ടുവീഴ്ചയില്ലാതെ പൊരുതുകതന്നെ വേണമെന്ന് ചിന്തിച്ചവരുടെ ഭാഗത്തായി എം ബിയും. അങ്ങനെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെ കമ്യൂണിസ്റ്റ് പാർടിയിലേക്കെത്തി. 1948 ൽ തന്നെ കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി.

സിപിഐ എം പ്രഥമ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ

സിപിഐ എം പ്രഥമ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ

വീരോചിതമായ പങ്കാണ് തെലങ്കാനാ സമരത്തിൽ എം ബി വഹിച്ചത്. ആ തെലങ്കാനാ സമരമാണ് ഭൂപരിഷ്കരണം എന്ന മുദ്രാവാക്യം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

കോൺഗ്രസിന്റെ യഥാർഥ മുഖം ജനസമക്ഷം തുറന്നുകാട്ടിയത്. നിസാമിന്റെ സ്വതന്ത്രരാഷ്ട്രവാദംപോലും പൊളിച്ചത്. ഇന്ത്യയിൽ ഉദിച്ചുയർന്ന പുതിയ ഭരണവർഗത്തിന്റെ വർഗസ്വഭാവം നിർണയിക്കുന്നതിൽപ്പോലും നിയാമകമായി ഇടപെട്ടത്.

വിനോബാഭാവെയുടെ ഭൂദാനപ്രസ്ഥാനവും വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന ഭൂപരിഷ്കരണ വാഗ്ദാനങ്ങളും മിഥ്യയാണെന്ന് തെളിയിക്കുന്നതുകൂടിയായി തെലങ്കാനാ സായുധസമരം.

ഇന്ത്യയിലാകെ നിലനിന്നിരുന്ന നൂറുകണക്കിന്‌ നാട്ടുരാജ്യങ്ങൾക്ക് മാരകമായ പ്രഹരമേൽപ്പിച്ചുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കുന്നതിൽവരെ തെലങ്കാനാ സമരം വലിയ പങ്കുവഹിച്ചു.

ബൂർഷ്വ‐ഭൂപ്രഭു വർഗങ്ങൾക്ക് അവഗണിക്കാനാകാത്ത വൻ രാഷ്ട്രീയശക്തിയായി‐ ബദൽ‐ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവന്നു.

രാജ്യത്തിനുമുന്നിലുള്ള ഏക ജനകീയ ബദൽ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന ചിന്തയുണർത്തുംവിധം ‘52 മാർച്ചിലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയെയും അതിന്റെ സഖ്യകക്ഷികളെയും ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും വലിയ ഒറ്റ ഗ്രൂപ്പായി ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു.

സമരത്തിലൂടെ ജനങ്ങൾ നേടിയെടുത്ത ഭൂമി 1948 സെപ്തംബർ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ ഭൂഉടമകൾ തിരിച്ചുപിടിച്ചു എന്നതിലൂടെ ഇന്ത്യയിലെ ബൂർഷ്വ‐ ഭൂപ്രഭു‐ ഭരണ വർഗത്തിന്റെ യഥാർഥ നിറമെന്തെന്നത് തുറന്നുകാട്ടപ്പെട്ടു ഈ സമരത്തിലൂടെ.

4,000‐5,000 കമ്യൂണിസ്റ്റുകാരും കർഷകരും കൊല്ലപ്പെട്ട സമരമാണത്. കമ്യൂണിസ്റ്റുകാരുടെ ത്യാഗസന്നദ്ധത എന്ത് എന്നത് ഇന്ത്യയറിഞ്ഞത് ഈ സമരത്തിലൂടെയാണ്.

16,000 ചതുരശ്ര മൈൽ പ്രദേശത്ത് 30,000 ജനങ്ങൾ വസിക്കുന്ന 3,000 ഗ്രാമങ്ങളിൽ ഗ്രാമരാജ് സ്ഥാപിക്കാൻ കഴിഞ്ഞതിലൂടെ ഭൂവിതരണം അസാധ്യമായ മുദ്രാവാക്യമല്ല എന്ന് രാജ്യത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ തെലങ്കാനാ സമരത്തിന് കഴിഞ്ഞു. കാർഷികവിപ്ലവം, കാർഷിക പരിഷ്കാരം, ഭൂവിതരണം എന്നീ പ്രശ്നങ്ങളെ ദേശീയ അജൻഡയിലേക്ക് കൊണ്ടുവന്നു.

തെലങ്കാന സമരസഖാക്കൾ

തെലങ്കാന സമരസഖാക്കൾ

വിനോബാഭാവെയുടെ ഭൂദാനപ്രസ്ഥാനം, ബൂർഷ്വാ ഭൂഉടമ ഭരണാധികാരികളുടെ മോഹനവാഗ്ദാനം തുടങ്ങിയവയൊക്കെ ഭൂമിക്കുവേണ്ടി ക്ഷുഭിതരാകുന്ന ജനങ്ങളെ പഞ്ചാരവാക്കുകൾകൊണ്ട് മയക്കിക്കിടത്താനുള്ള ശ്രമങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത് ഈ സമരമാണ്.

തെലങ്കാനാ സമരം ശക്തിപ്പെട്ട ഘട്ടത്തിലാണ് വിനോബാഭാവെ ഭൂദാനപ്രസ്ഥാനവുമായി ഇറങ്ങുന്നത്. ബ്രിട്ടീഷുകാർ വിഭജിച്ച് ഭരിക്കുക എന്ന തത്വപ്രകാരം വിഘടിപ്പിച്ചു നിർത്തിയിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തിൽ സ്റ്റേറ്റുകളാക്കി പുനർനിർണയിക്കുന്നതിന്, ‘56 ൽ ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നതിന് വേണ്ട ഊർജം പകർന്നതും തെലങ്കാനാ സമരമാണ്.

അങ്ങനെ ദേശീയവും ജനാധിപത്യപരവും ഭാഷാപരവുമായ അടിസ്ഥാനത്തിൽ ഇന്ത്യൻ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നതിൽപ്പോലും നിർണായകമായി തെലങ്കാനാ സമരം.

ഒരു ചെറിയ തൊഴിലാളിവർഗവിഭാഗം എന്നതിൽനിന്ന് ’57 ൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർടി എന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയർത്തുന്നതിൽ തെലങ്കാനാ സമരം നിർണായക പങ്കുവഹിച്ചു. ഇന്ത്യയിലെ ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ തന്ത്രത്തിനെയും അടവിനെയും കുറിച്ചുള്ള സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാനനിലപാടുകൾ രൂപപ്പെടുത്തുന്നതിൽവരെ ആ സമരാനുഭവം വലിയ പ്രചോദനശക്തിയായി.

ഒരു ചെറിയ തൊഴിലാളിവർഗവിഭാഗം എന്നതിൽനിന്ന് ’57 ൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർടി എന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയർത്തുന്നതിൽ തെലങ്കാനാ സമരം നിർണായക പങ്കുവഹിച്ചു. ഇന്ത്യയിലെ ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ തന്ത്രത്തിനെയും അടവിനെയും കുറിച്ചുള്ള സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാനനിലപാടുകൾ രൂപപ്പെടുത്തുന്നതിൽവരെ ആ സമരാനുഭവം വലിയ പ്രചോദനശക്തിയായി.

തെലങ്കാനാ സമരത്തിന്റെ അവസാനത്തെ വർഷത്തിൽത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരിതിരിവ് വന്നിരുന്നു.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഈ ഭിന്നിപ്പ് പിൽക്കാലത്ത് പാർടിയുടെ പിളർപ്പിലേക്കെത്തി. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി മുൻനിർത്തി പാർടി സംഘടനാ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാൻ, അതിലെ ശരി കണ്ടെത്താൻ തെലങ്കാനാ സമരം, അതിന്റെ അനുഭവം വലിയ തുണയായിട്ടുണ്ട് സിപിഐ എമ്മിന്. പാർടി പരിപാടി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയ വ്യക്തി എം ബിയായിരുന്നു. Main Draftsman തന്നെ അദ്ദേഹമായിരുന്നു എന്നുപറയാം.

ആറുപതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ജീവിതത്തിൽ, ആശയപരമായ നേർവെളിച്ചം പാർടിക്കു മുമ്പിൽ പരത്തുന്നതിൽ വലിയ പങ്കാണ് എം ബി വഹിച്ചത്. ഓരോ നിർണായകഘട്ടത്തിലും എം ബി പ്രധാന പങ്കുവഹിക്കാനുണ്ടായി.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ബാസവപുന്നയ്യയ്ക്കു സ്വീകരണം

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ബാസവപുന്നയ്യയ്ക്കു സ്വീകരണം

എ. രണ്ടാം ലോകമഹായുദ്ധത്തിന്റെ രാഷ്ട്രീയസ്വഭാവത്തെ നിർണയിക്കുന്ന കാര്യത്തിൽ.
ബി. ഫാസിസത്തിന്റെ പരാജയശേഷം ലോകസാഹചര്യം വിലയിരുത്തുന്ന കാര്യത്തിൽ.
സി. തെലങ്കാനാ സമരത്തിന്റെ രാഷ്ട്രീയം കൈകാര്യംചെയ്യുന്ന കാര്യത്തിൽ.
ഡി. നിയമവിരുദ്ധ അവസ്ഥയിൽനിന്ന് നിയമവിധേയാവസ്ഥയിലേക്ക് കമ്യൂണിസ്റ്റ് പാർടി മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.
ഇ. ബൂർഷ്വാ ഭരണഘടനാ വ്യവസ്ഥിതിക്കുള്ളിൽ പാർലമെന്ററി പ്രക്രിയയിൽ പാർടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.
എഫ്. വലതുപക്ഷ റിവിഷനിസ്റ്റ് പ്രവണതകളെയും ഇടതുപക്ഷ അതിസാഹസികതയുടെ പ്രവണതകളെയും ചെറുക്കുന്ന കാര്യത്തിൽ.
ജി. 1964 ൽ സിപിഐ എം എന്ന പേരിൽ കമ്യൂണിസ്റ്റ് പാർടി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ പാർടി പരിപാടി രൂപപ്പെടുത്തിയതിൽ.
എച്ച്. അടിയന്തരാവസ്ഥയ്ക്കെതിരെ വിശാല പൊതുവേദിയുണ്ടാക്കിയതിൽ.

ഐ. കേന്ദ്രത്തിൽ കോൺഗ്രസിതര ഭരണങ്ങൾ വരുന്ന സാഹചര്യം സൃഷ്ടിച്ചതിൽ.
ജെ. ഒരു ബദൽവികസന പരിപ്രേക്ഷ്യം രാഷ്ട്രത്തിനുമുന്നിൽ വയ്ക്കുന്നതിൽ.

കെ. ചൈനയുടെയോ റഷ്യയുടെയോ പാതകളെ അന്ധമായി അനുകരിക്കാതെ വസ്തുനിഷ്ഠമായ ഇന്ത്യൻ സാഹചര്യത്തിനനുസരിച്ച് ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്നതിൽ.
എൽ. ക്വിറ്റ് ഇന്ത്യാ സമരത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടിനെച്ചൊല്ലിയുണ്ടായ അപകീർത്തികരമായ പ്രചാരണങ്ങളെ നേരിടുന്നതിൽ.
എം. ലോകമുതലാളിത്ത പ്രതിസന്ധി അപഗ്രഥിക്കുന്നതിൽ.എൻ. സോഷ്യലിസ്റ്റ് ബ്ലോക്കിന് അന്താരാഷ്ട്രതലത്തിൽ ക്ഷീണമുണ്ടായ വേളയിൽ സോഷ്യലിസത്തിന്റെ അജയ്യത ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കുന്നതിൽ.(സോഷ്യലിസത്തിനുണ്ടായ ക്ഷീണത്തിൽ ആഹ്ലാദിക്കുന്നവർക്കുപോലും സാമൂഹ്യപരിണാമത്തിന്റെ അവസാനഘട്ടം മുതലാളിത്തമാണെന്നുപറയാൻ ധൈര്യമുണ്ടാകില്ല എന്ന് എം ബി എപ്പോഴും പറയുമായിരുന്നു).
ഒ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി വന്ന ഏത് പ്രചാരണത്തെയും അതിശക്തമായി നേരിട്ട് തോൽപ്പിക്കുന്നതിൽ അസാധാരണമായ പാടവമാണ് എം ബി എന്നും പ്രകടിപ്പിച്ചത്.  

( തുടരും).

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top