20 April Saturday

ദിൽ സെ; ദില്ലി സെ-പ്രഭാവർമ്മയുടെ 'ദില്ലിക്കാലം' പരമ്പര രണ്ടാം ഭാഗം

പ്രഭാവർമ്മUpdated: Saturday Sep 17, 2022

ഇഎംഎസ്‌

അനുഭവങ്ങളുടെ നവരത്നഖനി

‘No man’s knowledge here can go beyond his experience’
  – John Locke, Essay Concerning Human Understanding.

അശോക റോഡിലെ 14‐ാം നമ്പർ വീട്ടിലായിരുന്നു അന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത്. നിത്യേനയെന്നോണം ആ ഓഫീസുമായി ബന്ധപ്പെട്ടുവേണ്ടിയിരുന്നു എന്റെ പത്രപ്രവർത്തനം. പല കാര്യങ്ങൾക്കും വ്യക്തത കിട്ടാനായി നേതാക്കളെ സമീപിക്കേണ്ടിവരും. സത്യത്തിൽ അത് വലിയൊരു രാഷ്ട്രീയവിദ്യാഭ്യാസംതന്നെയായിരുന്നു. മറ്റെവിടെയും കിട്ടാത്ത അറിവിന്റെയും അനുഭവത്തിന്റെയും സ്റ്റഡി ക്ലാസ്.

1964 ൽ പൊളിറ്റ്ബ്യൂറോയിലേക്ക് വന്ന ഒമ്പതുപേർ ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നവരത്നങ്ങൾ എന്നറിയപ്പെട്ടു. ആ രത്നങ്ങളിൽ ഒന്നുപോലും ഇന്നില്ല. ബി ടി ആർ, എം ബി, ഇ എം എസ്, പി സുന്ദരയ്യ, എ കെ ജി, പ്രമോദ് ദാസ് ഗുപ്ത, പി രാമമൂർത്തി, ഹർകിഷൻ സിങ് സുർജിത്, ജ്യോതിബസു എന്നിവരാണ് ആ ഒമ്പതുപേർ.

1904 നും 1916 നുമിടയിൽ ജനിച്ചവരാണ് ഇവരെല്ലാം. കടന്നുപോയിട്ടും രത്നശോഭയോടെ ഇടതുപക്ഷ മനസ്സിൽ തിളങ്ങിനിൽക്കുന്നു ഇവരുടെയാകെ സ്മൃതികൾ. ഇവരിൽ മിക്കവരുമായും നേരിട്ടുകണ്ടും സംസാരിച്ചും മുമ്പോട്ടുപോകാൻ ആ ഘട്ടത്തിൽ കഴിഞ്ഞത് സമാനതയില്ലാത്ത അനുഭവമാണ്.

വലിയ രാഷ്ട്രീയ പാഠങ്ങളുടെ കലവറയാണ്. ഇതിൽ പി സുന്ദരയ്യ, പ്രമോദ് ദാസ് ഗുപ്ത എന്നിവരുമായി മാത്രമേ അധികം ഇടപെടാൻ കഴിയാതെ വന്നുള്ളൂ. പ്രമോദ് ദാസ് ഗുപ്തയെ കൊൽക്കത്തയിൽവച്ചുകണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. പി സുന്ദരയ്യയെ കണ്ടിട്ടുണ്ട്. സംസാരിക്കാൻ അവസരമുണ്ടായിട്ടില്ല. ഞാൻ ഡൽഹിയിലെത്തുമ്പോഴേക്ക് പി എസ് ആന്ധ്രയിലേക്ക്‌ മടങ്ങിക്കഴിഞ്ഞിരുന്നു.

ഇഎംഎസ്‌

ഇഎംഎസ്‌

സിപിഐ  എം ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിനെ നിത്യേന കാണുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായ പ്രസംഗവുമായി ചെങ്ങന്നൂരിലെത്തിയ ഇ എം എസിനെ എസ് എഫ്ഐയുടെ പ്രതിനിധിയായി മാലയിട്ടു സ്വീകരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ, അദ്ദേഹവുമായി പിന്നീട് എന്നെങ്കിലും ഇടപഴകാൻ കഴിയും എന്ന് അന്നൊന്നും കരുതിയിട്ടേയില്ല.

എന്നാൽ, ദേശാഭിമാനിയുടെ ഡൽഹി ലേഖകനായി ചേർന്നതിന്‌ തൊട്ടുപിറ്റേന്നുതന്നെ ഇ എം എസിനെ കാണാൻ പോയി. തുടർന്ന് മിക്കവാറും എല്ലാദിവസവും ഒന്നോ രണ്ടോ മണിക്കൂർ അദ്ദേഹവുമായി ചെലവഴിക്കുന്നതിന്റെ തുടക്കമായി അത്. അദ്ദേഹം പറഞ്ഞുതരും. ഞാൻ എഴുതിയെടുക്കും. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ലേഖനം തയ്യാറാക്കൽ.

പറഞ്ഞുതന്നത്‌ പോയിന്റുകളല്ല. കൃത്യമായ വാചകങ്ങൾ. എന്നുപറഞ്ഞാലുംപോര; കോളൻ, സെമികോളൻ, ഫുൾസ്റ്റോപ്പ്, കോമ എന്നിവവരെ പറഞ്ഞുതരും. നിർത്തിനിർത്തിപ്പറഞ്ഞുതരും. നിർത്തിന്‌ വിക്ക്‌ സഹായമായിട്ടുണ്ടാവും. എന്നാൽ, അനർഗളമായ ആശയപ്രവാഹത്തിന് ഒരിക്കലും അത് തടസ്സമായിരുന്നില്ല. സംഭവങ്ങളും വർഷങ്ങളും തീയതികളും ഒക്കെ ഏതെങ്കിലും പുസ്തകം റഫർ ചെയ്തല്ല, മനസ്സിൽനിന്ന്‌ പറഞ്ഞുതരികയാണ്.

വ്യക്തികളെയും ചരിത്രസംഭവങ്ങളെയും സൂക്ഷ്മ സന്ദർഭങ്ങളെയും ഒക്കെ തഴുകി കടന്നുപോരും ആ ഡിക്‌ടേഷൻ. അത് ഒരു അനുഭവം തന്നെ! ഓർമകളുടെ ആ നിശിതത്വത്തിനുമുന്നിൽ, നീണ്ട വാചകങ്ങൾ ചെറുവ്യാകരണത്തെറ്റോ ഘടനാപരമായ പിശകോ പോലുമില്ലാതെ പറഞ്ഞുതരുന്നതിലെ ഭാഷാപ്രാവീണ്യത്തിനുമുന്നിൽ, ഭാഷയുടെ സുതാര്യ ലാളിത്യത്തിനുമുമ്പിൽ, ലേഖനത്തിൽ കമ്പോടുകമ്പു ചേരുന്ന യുക്തിഭദ്രമായ വാദമുഖങ്ങൾക്കുമുമ്പിൽ, എതിർവാദങ്ങളെ അരിഞ്ഞുതള്ളി മുമ്പോട്ടുപോവുന്ന മൂർച്ചയ്ക്കു മുമ്പിൽ, സന്ദർഭാനുസാരിയായി വന്നുവീഴുന്ന പുരാവൃത്ത പരാമർശങ്ങൾക്കുമുമ്പിൽ ഞാൻ അമ്പരന്നിരുന്നുപോയിട്ടുണ്ട്.

ആ ധീഷണാശക്തി, ആ മേധാശക്തി അധികം പേരിൽ ഞാൻ കണ്ടിട്ടില്ല.
ചിലപ്പോൾ മലയാളപത്രങ്ങൾക്കുള്ള ലേഖനമാവും, മറ്റുചിലപ്പോൾ ഇംഗ്ലീഷ് പത്രങ്ങൾക്കുള്ള പ്രബന്ധമാവും. അതുമല്ലെങ്കിൽ ഫ്രണ്ട്ലൈനിലെ കോളത്തിലേക്കുള്ളതാവും. എന്തായാലും അനുസ്യൂതമായ ഒരു ഒഴുക്കാണ്. എല്ലാ ഭദ്രതയോടെയും അത് ലേഖനമായി മാറുന്നു. അത് ഒരു കലയാണ്!

പണ്ട് യോഗക്ഷേമസഭയുടെ, ‘ഉണ്ണി നമ്പൂതിരി’യുടെ കാലത്ത് പിൽക്കാലത്ത്‌ മഹാകവിയായ അക്കിത്തം ഇങ്ങനെ ഇ എം എസ് പറയുന്നത്‌ കേട്ടെഴുതിയെടുത്തിട്ടുണ്ട് എന്നത് അഭിമാനത്തോടെ ഞാൻ ഓർമിച്ചു. ഇ എം എസിന്റെ മുമ്പിലിരുന്ന്, അദ്ദേഹം പറയുന്ന കാര്യങ്ങൾ കുറിച്ചുവെക്കുന്നത് ഒരു ജോലിയായല്ല, മറിച്ച് മഹത്തായ ഒരു ജ്ഞാനാനുഭവമായാണ് എനിക്ക് അനുഭവപ്പെട്ടത്.

അക്കിത്തം

അക്കിത്തം

എന്തെല്ലാം അറിവുകളാണ് അതിലൂടെ ലഭിക്കുന്നത്. പോയ കാലത്തിലൂടെ നടത്തുന്ന ഒരു യാത്രപോലെ തോന്നും ആ എഴുതിയെടുക്കൽ. നമ്മുടെ വിജ്ഞാനത്തിന്റെ ചക്രവാളങ്ങൾ അനന്തതയിലേക്കു വളർന്നുവ്യാപിക്കുന്നതുപോലെ തോന്നും. “ചായ തണുക്കുന്നു; അതു കുടിക്കൂ” എന്ന് ഇടയ്ക്കിടയ്ക്കു പറയും. വീണ്ടും ലേഖനത്തിലേക്കു വരും. ഒരിക്കൽ മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. ലേഖനം, ഇ എം എസ് പറയുന്നതുകേട്ട്‌ ഞാൻ എഴുതുകയായിരുന്നു.

അറിയാതെയങ്ങു മയങ്ങിപ്പോയി. ഞാൻ മയങ്ങിയതും എഴുത്തു നിർത്തിയതുമറിയാതെ അദ്ദേഹം ഡിക്ടേഷൻ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ ഉറക്കമായി എന്നുവന്നപ്പോൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റുപോയി, ഒരു ചുടുചായയുമായിവന്ന് എന്നെ തൊട്ടുണർത്തിയിട്ടു സൗമ്യമായി പറഞ്ഞു; ഒന്നു മുഖം കഴുകി വന്ന്‌ ചായ കുടിച്ചോളൂ.

ഞാൻ വല്ലാത്ത ഒരു വൈക്ലബ്യത്തോടെ അതുചെയ്തു. വീണ്ടും എഴുന്നേറ്റിരുന്നപ്പോൾ നേരത്തെ പറഞ്ഞതും ഞാൻ വിട്ടുകളഞ്ഞതുമായ ഭാഗം അദ്ദേഹം ആവർത്തിച്ചു. ഞാൻ ആലോചിച്ചു; എന്തൊരു തെറ്റാണ്‌ ഞാൻ ചെയ്തത്. ലക്ഷക്കണക്കിനാളുകൾ അകലെനിന്നെങ്കിലും കാണാൻ കൊതിക്കുന്ന ഈ വലിയ മനുഷ്യന്റെ മുഖാമുഖം ഇരിക്കാൻ അവസരം കിട്ടിയിട്ട്‌ ഞാൻ ഇങ്ങനെയാണല്ലോ ചെയ്തത്!

ലേഖനം പറഞ്ഞുതരുന്നതിനിടയ്ക്ക് എം ബിയോ ബി ടി ആറോ ഒക്കെ കടന്നുവരും. ഡിക്ടേഷൻ നിർത്തി അവരോടു സംസാരിച്ചശേഷം വീണ്ടും പഴയതിന്റെ കൃത്യമായ തുടർച്ചയിലേക്കുവരും ഇ എം എസ് എവിടെയാണു പറഞ്ഞുനിർത്തിയത് എന്ന ചോദ്യം പോലുമില്ല!

1986 മാർച്ചിൽ ഭാര്യ മനോരമയുമായി ഞാൻ ഡൽഹിയിലെത്തി.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ  ഭാര്യ മനോരമയുമൊത്ത് ദൽഹിയിൽ എത്തിയപ്പോൾ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ ഭാര്യ മനോരമയുമൊത്ത് ദൽഹിയിൽ എത്തിയപ്പോൾ

മനോരമയെ പരിചയപ്പെടണമെന്ന് ഇ എം എസ് പറഞ്ഞു. അടുത്ത ദിവസം കൊണ്ടുവരാമെന്ന്‌ ഞാൻ മറുപടി പറഞ്ഞു. “രാത്രി വീട്ടിലേക്ക് വരൂ; ഊണ് അവിടെയാവാം” എന്നതായിരുന്നു ഇ എം എസിന്റെ മറുപടി.

ജൻപഥ് റോഡിലെ ഇരുപതാം നമ്പർ വസതി. അവിടെയായിരുന്നു ഇ എം എസിന്റെ താമസം. ഒപ്പം ഇളയ മകൻ ശശിയും ശശിയുടെ ഭാര്യ ഗിരിജയും. ഞങ്ങൾ വൈകിട്ട് അവിടെയെത്തി. അവർ ഭക്ഷണമൊരുക്കി കാത്തിരുന്നു.

ഇ എം എസ് വീട്ടുവിശേഷങ്ങളൊക്കെ വിപുലമായി അന്വേഷിച്ചു. വിവാഹം രജിസ്റ്റർ ചെയ്തുവോ എന്ന്‌ ചോദിച്ചു. ഇല്ല എന്ന്‌ ഞാൻ മറുപടി പറഞ്ഞപ്പോൾ രജിസ്റ്റർ ചെയ്യണം എന്ന് ഉപദേശിച്ചു. അത് എന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് വളരെ വർഷങ്ങൾ കഴിഞ്ഞ് മകൾ പ്ലസ്ടു കഴിഞ്ഞ ഘട്ടത്തിൽ മാത്രമാണ് അത്‌ പിന്നീട് ഓർമിച്ചതും വിവാഹം രജിസ്റ്റർ ചെയ്തതും!

എന്റെ അച്ഛനെക്കുറിച്ചും അച്ഛന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ വിശദമായി ഇ എം എസ് അന്വേഷിച്ചു. അച്ഛന്റെ ബന്ധുവായ ഒരു ശങ്കരപ്പൻ എലംകുളത്തു ക്ഷേത്രത്തിലോ മറ്റോ കുറേകാലമുണ്ടായിരുന്ന കാര്യം ഇ എം എസ് പറഞ്ഞു. മനോരമയോട് വളരെ സ്നേഹപൂർവം അവരുടെ വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചു.

അത്താഴം കഴിക്കാറായപ്പോൾ ശശിയെയും ഗിരിജയെയും തടഞ്ഞുകൊണ്ട് 'ഞാൻ വിളമ്പിക്കൊടുക്കാം' എന്നുപറഞ്ഞ് മേശയ്ക്കു ചുറ്റുംനടന്ന് ഇ എം എസ് നേരിട്ടുതന്നെ ഭക്ഷണം വിളമ്പിത്തന്നു. ആ വാത്സല്യം അത്യപൂർവം പേരിൽനിന്നേ കിട്ടിയിട്ടുള്ളൂ; ആ പരിഗണനയും.

എന്റെ ലേഖനങ്ങൾ, കവിതകൾ എന്നിവ വായിച്ച് കൃത്യമായി അഭിപ്രായം പറയുമായിരുന്നു ഇ എം എസ് ദേശാഭിമാനിയിലെ രാഷ്ട്രീയ ലേഖനങ്ങൾ നന്നായി എന്നുപറയുമ്പോൾ ആ കണ്ണുകളിൽ സ്നേഹത്തിന്റെ, അംഗീകരിക്കലിന്റെ വലിയ തിളക്കമുണ്ടായിരുന്നു.

‘ചന്ദനനാഴി’ എന്ന എന്റെ കവിതാസമാഹാരം ഇറങ്ങിയപ്പോൾ അതേക്കുറിച്ച് ഇ എം എസ് തന്റെ ‘ഇ എം എസിന്റെ ഡയറി’ എന്ന പ്രതിവാര പംക്തിയിൽ എഴുതി എന്നത് എനിക്ക് എക്കാലത്തെയും വലിയ അംഗീകാരമാണ്. ജീവിതത്തിൽ ചില അപൂർവസൗഭാഗ്യങ്ങൾ കൈവന്നിട്ടുണ്ട്. അതിലൊന്നാണ് എന്റെ കവിതയെക്കുറിച്ചുള്ള ആ ഇ എം എസ് ലേഖനം. ‘ചന്ദനനാഴി’ എന്നുതന്നെയായിരുന്നു ആ ലേഖനത്തിന്റെയും ശീർഷകം.

ചന്ദനനാഴിയുടെ അവതാരിക ഡോ. എം ലീലാവതിയുടേതായിരുന്നു. ടീച്ചർ ആ അവതാരികയിൽ ഇങ്ങനെ എഴുതിയിരുന്നു: ‘കഥാശേഷ’വും ‘ചന്ദനനാഴി’യും മികച്ച കവിതകളാണ്. വർഗവൈരുധ്യത്തിന്റെ കാഴ്ചപ്പാടിലൂടെ അപഗ്രഥനം ചെയ്യുമ്പോൾ രണ്ടും ഒരുപോലെ മികച്ച കവിതകളാണെന്നു സാക്ഷ്യപ്പെടുത്താൻ കഴിയുമോ എന്ന് എനിക്കറിയില്ല. എന്നാൽ, രണ്ടും നല്ല കവിതകളായി എനിക്ക് അനുഭവപ്പെടുന്നു.

ടീച്ചറുടെ ഈ വരികൾ ഉദ്ധരിച്ച് ഇ എം എസ് എഴുതി: ഈ ഉദ്ധരണിയിൽനിന്ന് സർഗാത്മക സാഹിത്യകൃതികളെ വർഗവൈരുധ്യത്തിന്റെ കാഴ്ചപ്പാടോടെ നോക്കിക്കാണുന്നതിൽ ഡോക്ടർ ലീലാവതിക്കുള്ള വിരോധം വ്യക്തമാണല്ലോ. ആ കാഴ്ചപ്പാടോടെ കവിതകളെ മാത്രമല്ല, എല്ലാ സർഗാത്മക രചനകളെയും നോക്കിക്കാണുന്ന ഒരാളാണു ഞാൻ. ലീലാവതിക്കെന്നപോലെ എനിക്കും ഈ രണ്ടു കവിതകളും ഇഷ്ടപ്പെട്ടു. പക്ഷേ, എന്റെ കാഴ്ചപ്പാടും ലീലാവതിയുടെ കാഴ്ചപ്പാടും തമ്മിൽ അജഗജാന്തരമുണ്ട്. ഞാനാകട്ടെ, ഈ ഗ്രന്ഥത്തിൽ സമാഹരിച്ചുചേർത്തിട്ടുള്ള മറ്റു കവിതകളെപ്പോലെ ഈ രണ്ടു കവിതകളും ജീവിതഗന്ധിയാണെന്ന്‌ കാണുന്നു. അവയിൽ ലീലാവതി കാണുന്ന മരണമല്ല, ജീവിതമാണ്‌ ഞാൻ കാണുന്നത്. ജീവിതത്തെയാകട്ടെ, വർമയും ഞാനും കാണുന്നത് ചൂഷണങ്ങളുടേതായ സമൂഹത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ പുരോഗമനപരമായാണുതാനും!

എത്ര ശ്രദ്ധേയമായ വിധത്തിലാണ് ഒരു കവിതാസമാഹാരം മുൻനിർത്തി എന്റെ സാഹിത്യനിലപാടുകളിലേക്ക്‌ ഇ എം എസ് ചെന്നത് എന്നുനോക്കൂ. ഇ എം എസ് എഴുതി: ‘ചന്ദനനാഴി’യുടെ ഇതിവൃത്തമാകട്ടെ, തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കാരണവർ തറവാട്ടുസ്വത്ത് അനന്തരവർക്കായി വീതിച്ചുകൊടുക്കുന്നതിന്റെ കഥയാണ്... അതിൽ ലീലാവതി കാണുന്നത്, വാനപ്രസ്ഥ‐സന്യാസാദികളുടേതായ ഭാരതീയ പാരമ്പര്യമാണ്. താൻ വിലമതിക്കുന്ന പാരമ്പര്യത്തോടുള്ള അടുപ്പം പ്രഭാവർമയിൽ അടിച്ചേൽപ്പിക്കുകയല്ലേ ലീലാവതി ചെയ്യുന്നത് എന്ന്‌ ഞാൻ സംശയിക്കുന്നു.

പ്രഭാവർമ ലീലാവതിയ്‌ക്കൊപ്പം

പ്രഭാവർമ ലീലാവതിയ്‌ക്കൊപ്പം

ഞാൻ കാണുന്നത് മറ്റൊരു വിധത്തിലാണ്. തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഫ്യൂഡൽ പ്രഭുത്വത്തിന്റെ പ്രതീകമാണ് കോവിലകത്തിന്റെ ഭാഗംവെയ്പ്പ്. കഥാശേഷത്തിൽ പാവപ്പെട്ടവരുടെ പട്ടിണിയും കൂട്ടആത്മഹത്യയുമാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ ചന്ദനനാഴിയിൽ ഫ്യൂഡൽ കുടുംബങ്ങളുടെ തകർച്ചയാണ്. രണ്ടിലും മൃത്യുസത്യത്തിന്റെ സൂചനയാണ്‌ ലീലാവതി കാണുന്നതെങ്കിൽ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയോടുള്ള കലാപത്തിന്റെ തലങ്ങളാണ് ഞാൻ ഈ രണ്ടു കവിതകളിലും കാണുന്നത്!”

‘ചന്ദനനാഴി’യിൽ എന്റെ ഒരു അഭിമുഖം അനുബന്ധമായി ചേർത്തിരുന്നു. മാതൃഭൂമിയിൽ വന്നതാണത്. അതിൽ, കവിക്കു കാലബോധമല്ല, കാലാതീത ബോധമാണ്‌ വേണ്ടത് എന്ന് ഒരു ചോദ്യത്തിനുത്തരമായി ഞാൻ പറഞ്ഞിരുന്നു; കാലബോധം വേണ്ടത് പത്രപ്രവർത്തകനാണ്; കവിക്കല്ല എന്നും കാലത്തിന്റെ ക്രോണിക്കിളറല്ല കവി എന്നും പറഞ്ഞിരുന്നു.
ഈ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് ഇ എം എസ് തന്റെ ചന്ദനനാഴി ലേഖനം ഉപസംഹരിച്ചത്. കവിക്ക്‌ കാലബോധം വേണ്ട എന്നുപറയുന്നത് അതിശയോക്തിയാണ് എന്ന് ഇ എം എസ് എഴുതി: 'കാലബോധം വേണ്ട’ എന്ന വാദം മുഖവിലയ്ക്കെടുക്കുകയാണെങ്കിൽ കുമാരനാശാന്റെ ‘ദുരവസ്ഥ’ പൊട്ടക്കവിതയായി എഴുതിത്തള്ളേണ്ടിവരും.

വള്ളത്തോളിന്റെ ‘സാഹിത്യമഞ്ജരി’ മിക്കവാറും മുഴുവൻതന്നെ കവിതയല്ലെന്നുപറയേണ്ടി വരും. വള്ളത്തോളിനുശേഷം വന്ന ചങ്ങമ്പുഴയെപ്പോലുള്ളവരുടെ പേരുകളെയും തള്ളിക്കളയേണ്ടിവരും. അതിന്‌ പ്രഭാവർമ തയ്യാറാവുമെന്നു ഞാൻ കരുതുന്നില്ല. എന്നാൽ, വർമയുടെ ഈ നിരീക്ഷണത്തോട് ഒരതിരുവരെ ഞാൻ യോജിക്കുന്നു. കാലബോധം ഉത്തമ കവിതയ്ക്ക് അനുപേക്ഷണീയമല്ല. കാലബോധമില്ലെങ്കിലും സാമൂഹ്യമനഃസാക്ഷിക്കൊത്തതാണ്‌ രചനയെങ്കിൽ അതു നല്ല കവിതയാകുമെന്നാണ് എന്റെ അഭിപ്രായം.

ഈ സമാഹാരത്തിൽ കൊടുത്തിട്ടുള്ള രചനകളിൽ പലതും ‘കാലാതിവർത്തി’ എന്ന് വർമ വിശേഷിപ്പിക്കുന്ന ഗണത്തിൽപ്പെട്ടവയാണ്. ഇതിൽതന്നെ പലതും കാലാനുവർത്തിയാണുതാനും. 'യഥാർഥത്തിൽ പ്രശ്നം ഒരു കവിത കാലാനുവർത്തിയോ കാലാതിവർത്തിയോ എന്നതല്ല, പുരോഗമനാത്മകമായ സമൂഹത്തിന്റെ ജീവിതവും മനഃസാക്ഷിയും പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതാണ്.

പ്രത്യക്ഷമായോ പരോക്ഷമായോ സാമൂഹ്യപുരോഗതിയെ സഹായിക്കുന്നുണ്ടോ, അതിനെ തടയുന്നുണ്ടോ എന്നതാണ്. അതുകൊണ്ടാണ് ‘കാലബോധം കവിക്കുവേണ്ട’ എന്ന വർമയുടെ നിരീക്ഷണത്തോട് എനിക്കു യോജിക്കാൻ കഴിയാത്തത് എന്നു പറഞ്ഞുകൊണ്ടാണ് ഇ എം എസ് ആ ലേഖനം ഉപസംഹരിക്കുന്നത്.

ഇ  എം എസ്

ഇ എം എസ്

ഒരു കാര്യം ഓർമിക്കണം. കേവലം ഇരുപതുകളുടെ ആദ്യ പടികളിൽ മാത്രം നിൽക്കുകയായിരുന്നു ഞാൻ അന്ന്. ആ പ്രായത്തിൽ ഞാൻ എഴുതിയ കവിതകളും നടത്തിയ പരാമർശവും മഹാമനീഷി എന്ന്‌ ഞാൻ കരുതുന്ന വലിയ ഒരു മനുഷ്യനിൽ ഇത്രയും അനുരണനങ്ങളുണർത്തിയല്ലോ. അപ്രധാനിയായ എന്റെ നേർക്ക് മഹത്വപൂർണമായ മനസ്സ് ഇത്ര വലിയ പരിഗണനയുടെ കൈകൾ നീട്ടിയല്ലോ. അസാധാരണമായ ഹൃദയവിശാലതവേണം ഇങ്ങനെയൊക്കെ പെരുമാറാൻ!

ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ആ അഭിപ്രായത്തിൽ അന്ന് ഇ എം എസ് കണ്ടെത്തിയതുപോലുള്ള ഒരു അതിശയോക്തിയുടെ അംശം ഉണ്ടായിരുന്നു എന്ന്‌ ഞാൻ തിരിച്ചറിയുന്നു. കാലബോധം വേണ്ട എന്നു ഞാനിന്നു പറയില്ല. കാലബോധവും കാലാതീത ബോധവും വേണം എന്നേ പറയൂ. ഇ  എം എസ് അക്കാലത്തു കണ്ടെത്തിയ പല നിഗമനങ്ങളും ശരിയായിരുന്നുവെന്നു ചരിത്രം തെളിയിച്ചു. സാഹിത്യത്തെ സമൂഹത്തെയും കാലത്തെയും പശ്ചാത്തലത്തിൽ നിർത്തി പരിശോധിക്കേണ്ടതുണ്ട് എന്ന് അന്ന് ഇ എം എസ് പറഞ്ഞപ്പോൾ അതിനെ പുച്ഛിച്ചവരുണ്ട്. എന്നാൽ ഇന്ന് അന്താരാഷ്ട്ര സർവകലാശാലകളിൽപോലും സാഹിത്യത്തെ വെള്ളം കടക്കാത്ത അറയായി കാണുന്നില്ല.

സമൂഹശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം, മനഃശാസ്ത്രം തുടങ്ങിയവയുടെയൊക്കെ പ്രകരണത്തിൽ സാഹിത്യത്തെ പഠിക്കുന്ന രീതി വന്നു. അപ്പോൾ ഇ  എം എസ് പറഞ്ഞതു തന്നെയല്ലേ ശരിയായി വന്നത്? ഇ  എം എസ് പണ്ടു പറഞ്ഞതിനെ ശരിവയ്ക്കുന്നു അക്കാദമിക്രംഗത്ത്‌ പിൽക്കാലത്ത് ഉയർന്നുവന്ന ‘ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്’ എന്ന ശാഖ.

ഇത് ഉയർത്തിക്കാട്ടുമ്പോൾത്തന്നെ, ഇ  എം എസിന്റെ സാഹിത്യനിലപാടുകൾ മാറ്റമില്ലാതെ നിൽക്കുകയായിരുന്നു എന്ന്‌ കരുതാനാവില്ല.

ഡൽഹി വിട്ട് അദ്ദേഹം കേരളത്തിലേക്കു പ്രവർത്തനകേന്ദ്രം മാറ്റാനായി പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരു ദിവസം ഞാൻ ഇതേ വിഷയം പ്രതികരണത്തിനായി അദ്ദേഹത്തിന്റെ മുമ്പിൽവച്ചു. ഇങ്ങനെ ചെയ്യുന്നതിന് രണ്ടു കാരണങ്ങളുണ്ടായി. ഒന്ന് ഭാഷാപോഷിണി സാഹിത്യസമ്മേളനത്തിൽ അദ്ദേഹം കൈക്കൊണ്ട നിലപാട്.

രണ്ട്: കെ  ടി  ഗോപിയുടെ കഥാസമാഹാരത്തിനുള്ള അവതാരികയിൽ അദ്ദേഹം പറഞ്ഞുവെച്ച കാര്യങ്ങൾ. ഇതു രണ്ടും മുൻനിർത്തി, ഇ  എം എസ് തന്റെ സാഹിത്യസമീപനങ്ങളിൽ അടിമുടി മാറ്റം വരുത്തിയെന്നും പഴയ നിലപാടുകളെ, അതായത്, ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെയും നിലപാടുകളെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും മലയാളസാഹിത്യ ലോകത്ത്‌ വലിയ വിവാദമുണ്ടായി. ഇതായിരുന്നു ഇ എം എസുമായുള്ള ആ കൂടിക്കാഴ്ചയ്ക്കുള്ള പശ്ചാത്തലം.

ആ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ മാറ്റവും മാറ്റമില്ലായ്മയും ഒരുപോലെ കണ്ടു എന്നതാണ്‌ സത്യം. ബോധപൂർവമല്ലാതെയും വിപ്ലവപുരോഗമന പ്രസ്ഥാനത്തെ സഹായിക്കുന്ന കൃതികൾ രചിക്കുന്ന ചിലരുണ്ട് എന്ന കാര്യവും കലാരചനയുടെ ഉള്ളടക്കം എന്നതുപോലെ രൂപവും പ്രധാനമാണ് എന്ന കാര്യവും ആദ്യം പ്രസ്ഥാനം കണ്ടിരുന്നില്ല എന്ന് ഇ എം എസ് പറഞ്ഞു. ഇതിൽ ഒരു കുറ്റസമ്മതമുണ്ട്; തിരുത്തലിന്റേതായ വാഞ്ഛയുമുണ്ട്.

ഇന്ത്യാഗേറ്റ്‌ ഡൽഹി

ഇന്ത്യാഗേറ്റ്‌ ഡൽഹി

അതേസമയം, ആദ്യ നിലപാടിൽ അടിസ്ഥാനപരമായ ഒരു കാര്യമുണ്ട് എന്നിടത്ത് ഇ എം എസ് ഉറച്ചുനിന്നു. വിപ്ലവ പുരോഗമന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ സാഹിത്യം വലിയ പങ്കു വഹിച്ചു എന്നതാണ് മാറ്റമില്ലാത്ത അടിസ്ഥാന നിലപാട്. ആ നിലപാടിലെ ശരി നിലനിർത്തിക്കൊണ്ടുതന്നെ, കൃതികളുടെ കാര്യത്തിൽ രൂപത്തിനുള്ള പ്രസക്തിയെന്ത് എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട് എന്ന് ഇ എം എസ് അന്നു പറഞ്ഞു. രൂപത്തെ പരിഗണിക്കുകയേ വേണ്ട എന്ന രൂപഭദ്രതാവാദ കാലത്തെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടിൽനിന്നുള്ള വ്യതിയാനം ഇവിടെയാണുള്ളത്.

പ്രതിബദ്ധതയോടെ സാഹിത്യരംഗത്ത്‌ നിലയുറപ്പിച്ചിട്ടുള്ള സാഹിത്യ രചയിതാക്കളിൽനിന്ന്‌ വ്യത്യസ്തരായി, പ്രത്യേക ലക്ഷ്യമൊന്നും മുന്നിൽ കണ്ടുകൊണ്ടല്ലെങ്കിലും സാഹിത്യസപര്യയിൽ മുഴുകിക്കഴിയുന്ന മറ്റൊരു വിഭാഗം എഴുത്തുകാർ ബോധപൂർവമല്ലാതെ തന്നെ പിന്തിരിപ്പൻ പ്രവണതകളെ എതിർത്ത് പുരോഗമന ശക്തികളെ സഹായിക്കുന്നുണ്ട് എന്നത് അംഗീകരിക്കേണ്ടതുണ്ട് എന്ന് ഇ എം എസ് പറഞ്ഞു.

ഇത്  ഇ എം എസിൽ കാലം വരുത്തിയ പ്രകടമായ മാറ്റമാണെന്ന് എനിക്ക്‌ തോന്നി.

ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും ഉദാഹരണങ്ങളുടെ ഉരകല്ലിൽ  ഇ എം എസിന്റെ വാക്കുകൾ ഉരച്ചുനോക്കിയപ്പോൾ എനിക്ക് ഇതു കൂടുതൽ ബോധ്യപ്പെട്ടു. ടോൾസ്റ്റോയി ശുദ്ധ കലാകാരനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിത്തന്നെയായിരുന്നു. ഗോർക്കിയാകട്ടെ, വിപ്ലവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കുക എന്ന പ്രഥമലക്ഷ്യത്തോടെ രചന നടത്തി.

ടോൾസ്റ്റോയി

ടോൾസ്റ്റോയി

ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് പുരോഗമന സാഹിത്യപക്ഷത്തു നിന്നവർ കൈക്കൊണ്ട നിലപാടിനെ മാനദണ്ഡമാക്കിയാൽ ടോൾസ്റ്റോയിയെ തള്ളിപ്പറയേണ്ടി വരും. അന്ന് രൂപഭദ്രതാവാദക്കാർ അംഗീകരിച്ച നിലപാട് മാനദണ്ഡമാക്കിയാൽ ഗോർക്കിയെ തള്ളിപ്പറയേണ്ടിവരും.

പക്ഷെ, ഇരുവരും തള്ളിപ്പറയപ്പെടേണ്ടവരല്ല, മറിച്ച് അംഗീകരിക്കപ്പെടേണ്ടവരാണ്. ഇരുവരെയും അംഗീകരിക്കാത്ത ഒരു അവസ്ഥ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ ഇരുവിഭാഗത്തിലെയും ദൗർബല്യങ്ങൾ ഇല്ലാതാവണം. ഇതു ചെയ്തുകൊണ്ട് പ്രതിജ്ഞാബദ്ധരും അല്ലാത്തവരുമായ സാഹിത്യ രചയിതാക്കളെ ആസ്വദിക്കുക എന്നതാണ്‌ വേണ്ടത്. ഇതായിരുന്നു  ഇ എം എസിന്റെ നിലപാട്.

രൂപഭദ്രതയുടെ പേരിൽ പ്രതിജ്ഞാബദ്ധ സാഹിത്യ രചയിതാക്കളെയും വിപ്ലവത്തോടുള്ള കൂറിന്റെ പേരിൽ പ്രതിജ്ഞാബദ്ധരല്ലാത്ത സാഹിത്യരചയിതാക്കളെയും അവഗണിച്ചുകൂടാ. ഇതായിരുന്നു  ഇ എം എസിന്റെ കാഴ്ചപ്പാട്.

മാക്സിം ഗോർക്കി

മാക്സിം ഗോർക്കി

ഇതു സാഹിത്യത്തിൽ വലിയ ഒരു മാറ്റംതന്നെയാണ്. രൂപഭദ്രതാവാദകാലത്തെ രൂപം പ്രസക്തമേയല്ല, ഉള്ളടക്കം മാത്രമാണ്‌ പ്രധാനം എന്ന നിലപാടിൽ നിന്ന് രൂപവും ഉള്ളടക്കവും പ്രധാനമാണ് എന്നയിടത്തേക്കുള്ള മാറ്റം. ഈ മാറ്റം തന്റെ ചിന്താമണ്ഡലത്തിൽ വരുത്തിയതുകൊണ്ടാണ്  ഇ എം എസ് എന്റെ ‘ചന്ദനനാഴി’ നിരൂപണത്തിനായി എടുത്തത് എന്നും ഞാൻ ഓർമിച്ചു.

ന്യൂ ലെഫ്റ്റ് മൂവ്മെന്റിന്റെ മനോഭാവത്തിന്റെ വെളിച്ചമാണ് ഇ എം എസിന്റെ നിലപാടുമാറ്റത്തിൽ പ്രതിഫലിച്ചത് എന്ന് എനിക്കുതോന്നുന്നു. ന്യൂ ലെഫ്റ്റ് മൂവ്മെന്റിനെ സാമ്രാജ്യത്വാനുകൂല വ്യതിചലനമായിട്ടാണ്‌ പല കമ്യൂണിസ്റ്റ്‌ പാർടികളും കണ്ടത്. എന്നാൽ അതുശരിയല്ല എന്ന് അവർ പിന്നീട് തിരിച്ചറിഞ്ഞു.

എഴുത്തുകാരന്‌ ദുഃഖവും പ്രണയവും പ്രണയഭംഗവും നൈരാശ്യവും മരണചിന്തയും ഒക്കെ വരാം. അത് കമ്യൂണിസ്റ്റ് എഴുത്തുകാരനു നിഷിദ്ധമല്ല. അയാൾ അത് എഴുതിയാൽ നൈരാശ്യാഭിമുഖ്യവും മൃത്യുൻമുഖതയും ഒക്കെയായി അതിനെ കാണേണ്ടതില്ല. ഇതാണ്‌ സത്യത്തിൽ വന്ന മാറ്റം.  ഇ എം എസ് നിശ്ശബ്ദമായി കൊണ്ടുവന്ന മാറ്റമാണിത്.

ടെറി ഈഗിൾടണും ഇ  പി തോംപ്സണും മറ്റും ഉൾപ്പെട്ട ന്യൂ ലെഫ്റ്റ് മൂവ്മെന്റ് കൊണ്ടുവന്ന വിശാലമായ വീക്ഷണത്തിന്റെ വെളിച്ചം കമ്യൂണിസ്റ്റ് പാർടിയിലേക്കു കടന്നുവന്നില്ലായിരുന്നെങ്കിൽ എന്റെ ‘ചന്ദനനാഴി’യടക്കമുള്ള പല കവിതകളും കമ്യൂണിസ്റ്റ് പാർടിക്ക് നിരക്കാത്തവയെന്നു ചിലരെങ്കിലും മുദ്രയടിക്കുമായിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.

ഫിനാൻസ് കാപ്പിറ്റലിന്റെ സ്വാധീനം സംസ്കാരത്തിൽ എത്രത്തോളം വരും എന്നയിടത്ത് പരിമിതപ്പെട്ടുനിൽക്കുന്നതിനു പകരം കമ്യൂണിസ്റ്റുകാർ സോഷ്യൽ കാപ്പിറ്റൽ, സിംബലിക് ക്യാപിറ്റൽ തുടങ്ങിയവയുടെ സ്വാധീനത്തെക്കുറിച്ചുകൂടി പുതിയ കാലത്ത് ആശങ്കപ്പെടേണ്ടതുണ്ട് എന്നും എനിക്ക്‌ തോന്നുന്നു. ആ രംഗത്ത് വലിയ തോതിലുള്ള ബോധനവീകരണം നടക്കേണ്ടതുണ്ട് എന്നുമാത്രം പറയട്ടെ.

IV

വേദം, ഇ എം എസ്,
സ്പെൻഡർ, നരസിംഹറാവു

‘There is only one relegion though there are hundred versions of it’
 George Bernard Shaw, Arms and the Man

ഇ എം എസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലാണ് എനിക്കു പിൽക്കാലത്ത് പ്രധാനമന്ത്രിയായ പി വി നരസിംഹറാവുവുമായി സഹകരിക്കാനിടവന്നത് എന്ന്‌ ഞാൻ ഓർമിക്കുന്നു. ഒ എം സി നാരായണൻ നമ്പൂതിരി തയ്യാറാക്കിയ ഋഗ്വേദഭാഷാഭാഷ്യം പ്രകാശനംചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്.

ഒരു ദിവസം പാർലമെന്റിൽനിന്ന് ഇറങ്ങുകയായിരുന്ന എന്നെ പിഐബിയിലെ റാം മോഹൻറാവു നരസിംഹറാവുവിന്റെ ഓഫീസിലേക്കു വിളിച്ചുകൊണ്ടുപോയി.

നരസിംഹറാവു

നരസിംഹറാവു

ഒ എം സിയുടെ ഋഗ്വേദഗ്രന്ഥം പ്രകാശനം ചെയ്യാൻ നരസിംഹറാവുവിന് ക്ഷണമുണ്ട്. പുസ്തകം ഏറ്റുവാങ്ങാൻ ക്ഷണിക്കുന്നത് ഇ എം എസിനെയാണ്. ദൈവത്തിലും വേദത്തിലും ഒന്നും വിശ്വാസമില്ലാത്ത ഇ എം എസ് വേദിയിൽവച്ച് ആ നിലയ്ക്കു സംസാരിച്ചാൽ പ്രകാശനം ചെയ്യുന്ന നരസിംഹറാവുവിന്‌ മോശമാവും.

എന്താണ് ഒരു പോംവഴി? അതായിരുന്നു റാം മോഹൻറാവുവിന് അറിയേണ്ടിയിരുന്നത്. നരസിംഹറാവുവിന്റെ മനോഗതമാണ് റാംമോഹൻ റാവുവിൽ മുഴങ്ങിക്കേൾക്കുന്നത് എന്ന് കൃത്യമായി എനിക്കറിയാമായിരുന്നു. ഇ എം എസ് എങ്ങനെ സംസാരിക്കാനാണ് സാധ്യത? മുമ്പ് ഇത്തരം ചടങ്ങുകളിൽ പോയിട്ടുണ്ടോ? പോയപ്പോൾ ഇ എം എസ് എങ്ങനെയാണ് സംസാരിച്ചത്. ഇതൊക്കെയാണറിയേണ്ടിയിരുന്നത്.

 ഇ എം എസ് തൃശൂരിലെ വേദപഠനശാലയിലടക്കം പോയിട്ടുള്ള കാര്യം ഞാൻ ചൂണ്ടിക്കാട്ടി. അപ്പോൾ 'അകത്തിരുന്നു സംസാരിക്കാം' എന്നായി റാം മോഹൻ റാവു. 'അകത്ത്' എന്നതുകൊണ്ടുദ്ദേശിച്ചത് നരസിംഹറാവുവിന്റെ മുറിയാണ്..‘The Insider'എന്നത് പിൽക്കാലത്ത് നരസിംഹറാവു എഴുതിയ ആത്മകഥയുടെ പേരായി എന്നതിലെ ഔചിത്യം ഞാൻ മറക്കുന്നില്ല.

ഏതായാലും ഞങ്ങൾ  ‘Insider’റുടെ മുറിയിലേക്കു കയറി. ചർച്ച വീണ്ടും ഇ എം എസിലെത്തി. ഞാൻ ഇ  എം  എസിന്റെ വേദപഠന പാരമ്പര്യവും വേദപഠനശാലാ സന്ദർശനവും കമ്പോടുകമ്പുള്ള വേദപഠനത്തെക്കുറിച്ചുള്ള ആത്മകഥയിലെ പരാമർശവും ഒക്കെ വിശദീകരിച്ച്, ചടങ്ങിനെ അമംഗളമാക്കുന്ന ഒരു പരാമർശവും ഇ എം എസിൽ നിന്നുണ്ടാവുമെന്ന്‌ ഞാൻ കരുതുന്നില്ല എന്ന്‌ വിശദീകരിച്ചപ്പോൾ, ഇരു റാവുമാർക്കും സന്തോഷമായി.

ക്ഷണം എനിക്കും കിട്ടി. റഫിമാർഗിലെ മാവ്ലങ്കർ ഹാളിൽവച്ചായിരുന്നു പുസ്തകപ്രകാശനം. വേദപാരമ്പര്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് നരസിംഹറാവുവിന്റെ ഗംഭീരമായ പ്രസംഗം. അതിനുശേഷം വേദപഠനത്തിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള ഇ  എം എസിന്റെ പ്രഭാഷണം. ഇ എം എസ് പറഞ്ഞ ഒരു വാചകം എന്റെ മനസ്സിൽ ഇപ്പോഴും ഉടക്കിനിൽക്കുന്നു: 'ഋഗ്വേദം കമ്പോടുകമ്പ് യഥാവിധി ഉദ്ധരിച്ചു പഠിച്ചിട്ടുള്ളയാളാണ് ഞാൻ. എനിക്ക് അതുകൊണ്ട് ഒരു ഗുണവും ജീവിതത്തിലുണ്ടായിട്ടില്ല'. ഇ എം എസ് ഇതുപറയുമ്പോൾ നരസിംഹറാവു ഇരുന്ന്‌ ചൂളുന്നുണ്ടായിരുന്നു എന്നു മാത്രം പറയട്ടെ.

പിറ്റേന്ന് പതിവ് 'ഡിക്ടേഷനു' ചെന്നപ്പോൾ ഞാൻ ഇ എം എസിനോടു ചോദിച്ചു. നിശിതമായ ഈ ഓർമശക്തിയും അപഗ്രഥനപാടവവും ആ വേദപഠനകാലത്തിന്റെ സംഭാവനയല്ലേ? ഓർമയെ മൂർച്ചയുള്ളതാക്കുന്നതിന് അന്നത്തെ കാണാപ്പാഠം പഠിക്കൽ ഒരുപക്ഷെ, പ്രയോജനപ്പെട്ടിട്ടുണ്ടാവാം‐ ഇ എം എസ് മറുപടി പറഞ്ഞു.

അന്ന് ഡിക്ടേഷൻ കഴിഞ്ഞിറങ്ങുമ്പോൾ പ്രകാശനസ്ഥലത്തുനിന്ന് നരസിംഹറാവുവിൽനിന്നു കൈപ്പറ്റിയ നിരവധി വാള്യങ്ങളിലായുള്ള ഋഗ്വേദഭാഷാഭാഷ്യം  ഇ എം എസ് എനിക്കുതന്നു.

ഇ എം എസിന്റെയും ഒ എം സിയുടെയും നരസിംഹാവുവിന്റെയും വിരൽപ്പാടുകളുള്ള ആ ഗ്രന്ഥങ്ങൾ ഞാൻ ഇപ്പോഴും എന്റെ അലമാരയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

അസാമാന്യ നർമബോധമുള്ളയാളായിരുന്നു  ഇ എം എസ് എന്നത്‌ പലപ്പോഴും അദ്ദേഹത്തിന്റെ ഗൗരവഭാവത്താൽ മറയ്ക്കപ്പെട്ടിട്ടുണ്ട്. സർ സി പി ഒരിക്കൽ ഇ എം എസിനോടു പറഞ്ഞു: 'സ്നേഹിച്ചാൽ ഞാൻ വളരെ നല്ലവനാണ്; വെറുത്താൻ അതീവ ദുഷ്ടനും'.  ഇ എം എസ് മറുപടി പറഞ്ഞു: 'രണ്ടാമത്തെ കാര്യം എനിക്ക്‌ ബോധ്യമുണ്ട്.

ആദ്യത്തെ കാര്യം; അതായത് സ്നേഹിച്ചാൽ നല്ലവനാവുമെന്ന കാര്യം എങ്ങനെയാ എന്നത് എനിക്ക്‌ നിശ്ചയമില്ല. സർ സി പി വിളറിവെളുത്തു. ഒരിക്കൽ സംഭാഷണമധ്യേ ഇ എം എസ് തന്നെ പറഞ്ഞതാണിക്കാര്യം.

 

ജൻപഥ്‌ മാർക്കറ്റ്‌ ഡൽഹി

ജൻപഥ്‌ മാർക്കറ്റ്‌ ഡൽഹി

ഇ എം എസിന്റെ സാന്നിധ്യത്തിൽ വിഖ്യാതനായ ഇംഗ്ലീഷ് കവി സ്റ്റീഫൻ സ്പെൻഡറുമായി  ചെലവഴിക്കാൻ കഴിഞ്ഞ ചില നിമിഷങ്ങൾ വിലപ്പെട്ട മുത്തുകളായി ഞാൻ എന്റെ ഓർമയുടെ ചെപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. സിപിഐ (എം) കേന്ദ്രകമ്മിറ്റി ഓഫീസിൽ ഇ എം എസിന്റെ മുമ്പിലിരുന്ന് അദ്ദേഹം പറയുന്നതുകേട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

അപ്പോഴാണ് കവി സ്റ്റീഫൻ സ്പെൻഡർ കാണാനനുമതി ചോദിച്ചിട്ടുണ്ടെന്ന് ഓഫീസ് സെക്രട്ടറി ദേശ്രാജ് ഛദ്ദ വന്ന് ഇ എം എസിനോടു പറയുന്നത്. ‘വരട്ടെ’ എന്നായി ഇ എം എസ്. അദ്ദേഹം എനിക്ക് ലേഖനം പറഞ്ഞുതരുന്ന പ്രക്രിയ തുടർന്നു.

എന്റെ  മനസ്സാകട്ടെ, ആ ലേഖനത്തെ അവിടെ വിട്ട് സ്പെൻഡറുടെ ആകാശത്ത് പറന്നു നടന്നു. വിസ്മയാധീനനായ ഞാൻ ലേഖനത്തിൽ വാക്ക് വിട്ടുപോകുന്നുവോ എന്ന് സംശയം തോന്നിയ ഇ എം എസ് ഇടയ്ക്ക് കൈയിൽ തട്ടി എന്നെ എഴുത്തിന്റ ലോകത്തിലേക്ക് തിരിച്ചുകൊണ്ടുവരികപോലുമുണ്ടായി.

ഞാൻ കോളേജിൽ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമാണ്. സ്റ്റീഫൻ സ്പെൻഡർ അതുകൊണ്ടുതന്നെ എനിക്ക് പരിചിതനുമാണ്. ഇംഗ്ലീഷ് കാവ്യചരിത്രത്തിൽ മാക്സ്പെൻഡേ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഒരു കവിസംഘത്തിലെ അംഗമാണ് അദ്ദേഹം. സിസിൽ ഡെ ലെവിസ്, ഡബ്ല്യൂ എച്ച് ഓഡൻ, ലൂയി മക്നീസ് എന്നിവരാണ് മറ്റു മൂന്നുപേർ. സ്പെൻഡറുടെ ആ സംഘം ഇംഗ്ലീഷ് കാവ്യചരിത്രത്തിലെ ഒരു ഘട്ടത്തെ പിടിച്ചുകുലുക്കിയുണർത്തിയത് ഞാനോർത്തു. മലയാളത്തിൽ വയലാർ, പി ഭാസ്കരൻ, ഒ  എൻ വി എന്നിവരെപ്പോലെ ഇംഗ്ലീഷിൽ ഒരു ഘട്ടത്തെ ‐ 1920 കളെയും 30 കളെയും അരുണാഭമാക്കിയ കവികളിൽ പ്രമുഖനാണദ്ദേഹം.

‘വിയന്നയും ദ ജനറസ് ഡേയ്സും’ ‘ദ സ്റ്റിൽസെന്ററും’ഒക്കെ എന്റെ മനസ്സിൽ വന്നുനിറഞ്ഞു. വിയന്നീസ് സോഷ്യലിസ്റ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള കവിതയാണ് വിയന്ന. അതെഴുതിയ കവിയാണ് ഇപ്പോൾ എത്താൻ പോകുന്നത്. സ്പാനിഷ് ആഭ്യന്തരയുദ്ധഘട്ടത്തിൽ ഫ്രാൻസിസ് ഫ്രാങ്കോയ്ക്കെതിരെ പൊരുതിയ ഇന്റർനാഷണൽ ബ്രിഗേഡിനൊപ്പം പോർമുഖത്തു ചെന്നുനിന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ്‌ പാർടിക്ക് വിവരങ്ങൾ അപ്പപ്പോൾ കൊടുത്തുകൊണ്ടിരുന്ന ആക്ടിവിസ്റ്റായ കവി.

പിൽക്കാലത്ത് കമ്യൂണിസത്തിൽ മോഹഭംഗം വരികയും‘The God that failed’ എന്ന കൃതി എഴുതുകയും  ‘World within World’ എന്ന ആത്മകഥക്കുറിപ്പുകളിലൂടെ പൂർവ പശ്ചാത്തലത്തെ തള്ളിപ്പറയുകയും Encounter-ന്റെ എഡിറ്ററാവുകയും ഒക്കെ ചെയ്തുവെങ്കിലും സ്പെൻഡർ മനസ്സിൽ നിൽക്കുന്നത് ആദ്യകാല കവിതകളിലൂടെത്തന്നെയാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചും അതുമായി ബന്ധമേയില്ലാത്ത ഡിക്ടേഷൻ എഴുതിയെടുത്തും ഒരു മണിക്കൂറോളം പോയി. അതാ മുമ്പിൽനിൽക്കുന്നു, സ്റ്റീഫൻ സ്പെൻഡർ!

സ്റ്റീഫൻ സ്പെൻഡർ

സ്റ്റീഫൻ സ്പെൻഡർ

എന്നോട് പുറത്തിരിക്കാൻ പറയും ഇ എം എസ് എന്ന് ഞാൻ കരുതി. പറഞ്ഞില്ല എന്നുമാത്രമല്ല അവിടെ ഇരുന്നോളാൻ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കൈകൊണ്ട് ആംഗ്യം കാട്ടുക കൂടി ചെയ്തു. അങ്ങനെ ഒരു ചരിത്ര മുഹൂർത്തത്തിന്‌ ഞാൻ സാക്ഷിയായി.

സ്റ്റീഫൻ സ്പെൻഡർ നോക്കിലും വാക്കിലും അങ്ങേയറ്റത്തെ ആദരവുപുലർത്തിക്കൊണ്ടാണ് ഇ എം എസിനു മുമ്പിൽ ഇരുന്നത്. ബ്രിട്ടീഷ് കമ്യൂണിസ്റ്റുപാർടിയെക്കുറിച്ചും സ്പെൻഡർക്ക് പിൽക്കാലത്തുണ്ടായ മനോഭാവമാറ്റത്തെക്കുറിച്ചുമൊക്കെയായി സംസാരം നീണ്ടു. കവിതയെക്കുറിച്ചുമാത്രം ഒരു ചർച്ചയും ഉണ്ടായില്ല.  He is an Indian poet, who writes in Malayalam എന്ന് എന്നെ ഇടയ്ക്ക് സ്പെൻഡർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ  ഇ എം എസ് മറന്നതുമില്ല. എന്നാൽ, സ്പെൻഡർ എന്നോട് എന്തെങ്കിലും ചോദിച്ചതേയില്ല.

പറഞ്ഞുവരുന്ന കൂട്ടത്തിൽ തനിക്ക് ഡിഗ്രിയെടുക്കാതെ സെന്റ് തോമസ് കോളേജ് വിടേണ്ടിവന്ന കാര്യം  ഇ എം എസ് പരാമർശിച്ചു. ഓക്സ്ഫോഡിൽനിന്ന് ഡിഗ്രിയെടുക്കാതെ തനിക്ക് ബർലിനിലേക്ക് പോകേണ്ടിവന്നിട്ടുണ്ടെന്ന് ചിരിച്ചുകൊണ്ട് സ്പെൻഡർ അപ്പോൾ പ്രതികരിച്ചു.

ബ്രിട്ടീഷ് കമ്യൂണിസ്റ്റുപാർടിയുടെ പഴയകാലം, ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ കമ്യൂണിസ്റ്റുകാർ, സമകാലിക സാർവദേശീയ രാഷ്ട്രീയ സാഹചര്യം തുടങ്ങിയവയിലൂടെയാണ് ചർച്ച പുരോഗമിച്ചത്. സ്പെൻഡർക്ക് പിൽക്കാലത്തുണ്ടായ മോഹഭംഗത്തെക്കുറിച്ചോ മറ്റോ ചർച്ചയിൽ എന്തെങ്കിലും പരാമർശമുണ്ടായതായി ഓർമിക്കുന്നില്ല.

ചർച്ചയ്ക്കിടയിൽ ഞാൻ വെറുതെ ഒരു നോക്കു    കുത്തിയെപ്പോലെ ഇരുന്നു, ഒരു റോളുമില്ലാതെ! ഞാനന്ന് കോളേജ് വിട്ടിട്ട് കുറച്ചു മാസങ്ങളായിട്ടേയുള്ളൂ. ക്ലാസ്റൂമിൽ കേട്ടറിഞ്ഞ സ്പെൻഡറാണ് എന്റെ തൊട്ടടുത്തിരിക്കുന്നത്. ഞാൻ വിസ്മയാധീനനായി അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. ഇ എം എസിനുനേർക്ക് സ്പെൻഡറുടെ കണ്ണിൽ സ്ഫുരിച്ചിരുന്ന ആദരവ് എന്നെ കൂടുതൽ വിസ്മയിപ്പിച്ചു എന്നു പറയണം.

സ്പെൻഡർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇ എം എസ് പതിവില്ലാത്തവിധം എഴുന്നേറ്റ് വാതിൽക്കൽവരെ കൂടെച്ചെന്നു. തിരികെ വന്നിരുന്ന് ഇ എം എസ് ഡിക്ടേഷൻ തുടർന്നു, ഞാൻ എഴുതിയെടുക്കലും. അപ്പോഴും  മനസ്സിൽ നിറയെ സ്പെൻഡറെ തൊട്ടടുത്തു കണ്ടതിന്റെ; അദ്ദേഹത്തിനൊപ്പം ഇരുന്നതിന്റെ അത്ഭുതമായിരുന്നു.

അടുത്തദിവസം ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽനിന്ന് എനിക്ക് ഒരു ഫോൺ കോൾ. ഇന്ത്യയിലെ വിവിധ ഭാഷകളിൽ എഴുതുന്നവരുമായി സംവദിക്കാൻ സ്പെൻഡറുടെ ആഗ്രഹപ്രകാരം ഒരു കൂട്ടായ്മയൊരുക്കുന്നു കൗൺസിൽ.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരൊന്നും ആ ഘട്ടത്തിൽ ഡൽഹിയിലില്ല.  അതുകൊണ്ട് അവരിലാരെങ്കിലും നിർദേശിച്ചതുകൊണ്ടാകാം കൂട്ടായ്മയിലേക്ക് എനിക്ക് ക്ഷണം. കൗൺസിലിന്റെ ക്ഷണപ്രകാരമാണ് സ്പെൻഡർ ഇന്ത്യയിലെത്തിയതെന്ന് ഞാൻ പിന്നീടറിഞ്ഞു. സ്പെൻഡർ താൽപ്പര്യപ്പെട്ട പ്രകാരം ഇന്ത്യൻ എഴുത്തുകാരുമായുള്ള ഒരു ഇന്ററാക്ടീവ് സെഷനുവേണ്ടിയായിരുന്നു ക്ഷണം.

ആ കൂട്ടായ്മയിലേക്ക് ഞാൻ ചെന്നത് മനസ്സിൽ നേരത്തെ കുറിച്ചിട്ട മൂന്നു ചോദ്യങ്ങളുമായാണ്. എന്റെ ഊഴം വന്നപ്പോൾ ഞാൻ ആ ചോദ്യങ്ങൾ ചോദിച്ചു. സ്പെൻഡർ മൂന്നിനും മറുപടിതരികയും ചെയ്തു. എന്റേത് ശരാശരി നിലവാരത്തിലുള്ള ചോദ്യങ്ങൾ മാത്രമായിരുന്നു. എന്നാൽ, ഒന്നൊഴികെ രണ്ടിനും സ്പെൻഡർ നൽകിയ മറുപടി ശരാശരിയെ കടന്നുനിൽക്കുന്ന നിലവാരത്തിലുള്ളതാണെന്ന് എനിക്കുതോന്നി.
എന്റെ ആദ്യ ചോദ്യമിതായിരുന്നു. How do you define potery? നിങ്ങൾ കവിതയെ എങ്ങനെ നിർവചിക്കുന്നു? അദ്ദേഹം പറഞ്ഞു;

 ‘It is something which transcends time and space’.സ്ഥലകാലങ്ങളെ അതിവർത്തിക്കുന്നതാണ് കവിത എന്ന് പണ്ടേ കേട്ടിരിക്കുന്നു. അതു കൊണ്ടുതന്നെ ആ നിർവചനത്തിൽ എന്തെങ്കിലും മൗലികതയോ പുതുമയോ ഉള്ളതായി എനിക്കുതോന്നിയില്ല.

സ്‌റ്റീഫൻ സ്‌പെൻഡർ

സ്‌റ്റീഫൻ സ്‌പെൻഡർ

ഞാൻ രണ്ടാമത്തെ ചോദ്യത്തിലേക്കു കടന്നു.  It is meant for whom?  ആർക്കുവേണ്ടിയാണ് നിങ്ങൾ കവിതയെഴുതുന്നത്? അദ്ദേഹം പറഞ്ഞു:“It is meant for the people who consider it as the last relief; as the last resort.”-  അങ്ങനെയൊരു കൂട്ടരുണ്ടോ എന്നായി എന്റെ മനസ്സ്! അവസാനത്തെ അഭയമായി, ആശ്വാസകേന്ദ്രമായി കവിതയെ കാണുന്നവരുണ്ടോ? ആ സംശയം നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ മൂന്നാമത്തെ ചോദ്യം ചോദിച്ചു.

Does it serve any propose in our life-?  ജീവിതത്തിൽ കവിത എന്തെങ്കിലും ധർമം അനുഷ്ഠിക്കുന്നുണ്ടോ? സ്പെൻഡർ മറുപടി നൽകി“It is something which used to call me back from the point of suicide.ആത്മഹത്യയുടെ മുനമ്പിൽനിന്നു പലപ്പോഴും തന്നെ തിരികെ വിളിക്കാറുള്ളത് കവിതയാണെന്നാണ് അദ്ദേഹം പറയുന്നത്. അവസാനത്തെ രണ്ട് ഉത്തരങ്ങളും ശരാശരിയെ കടന്നുനിൽക്കുന്നതായി എനിക്കനുഭവപ്പെട്ടു. എന്നാൽ അതിശയോക്തി കലർന്ന പ്രതികരണമല്ലേ അത് എന്ന് ഞാൻ സംശയിക്കുകയും ചെയ്തു.

ആത്മഹത്യ ചെയ്യാൻ പുറപ്പെടുന്ന ഒരു മനസ്സിനെ തിരികെ ജീവിതത്തിലേക്ക് മടക്കിവിളിക്കാൻ, ജീവിതത്തിന്റെ പച്ചപ്പിൽ ഉറപ്പിച്ചുനിർത്താൻ കവിതയ്ക്ക് കഴിവുണ്ടോ? അപ്പോൾ അത് വിശ്വാസ്യമായി തോന്നിയില്ലെങ്കിലും, പിന്നീട് പണ്ടെന്നോ കേട്ടുമറന്ന ഒരു ശീല് എന്റെ മനസ്സിലേക്ക് കടന്നുവന്നു; സുഖവും ദുഃഖവും അനുഭവകാലം പോയാൽ സമം’ എന്നതാണത്. ഇത് അന്ധകാരഗ്രസ്തമാകുന്ന മനസ്സിലേക്ക് ഇറ്റിവീഴുന്ന വെളിച്ചത്തിന്റെ തുള്ളിയാണെന്ന് എനിക്കുതോന്നി.

സുഖമാണെങ്കിലും ദുഃഖമാണെങ്കിലും അത് അനുഭവിക്കുന്ന ഘട്ടത്തിൽ മാത്രമേ അതായിരിക്കുന്നുള്ളുവെന്നർത്ഥം. പത്തുവർഷം മുമ്പ് നാം അനുഭവിച്ച സുഖം നമുക്ക് ഇപ്പോൾ സുഖമല്ല; പത്തുവർഷം മുമ്പ് അനുഭവിച്ച ദുഃഖം ഇപ്പോൾ അത്രയേറെ തീവ്രതയുള്ള ദുഃഖവുമല്ല. എത്ര ഊഷ്മളമായ സുഖവും അത് അനുഭവിക്കുന്ന നിമിഷങ്ങളിലേ സുഖമായിരിക്കുന്നുള്ളൂ. എത്ര ഉൽക്കടമായ ദുഃഖവും അത് അനുഭവിക്കുന്ന ഘട്ടത്തിലേ ദുഃഖവുമായിരിക്കുന്നുള്ളൂ.

രണ്ടാഴ്ചമുമ്പനുഭവിച്ച സുഖം ഇപ്പോൾ സുഖമായനുഭവപ്പെടാത്തതുപോലെ, മുമ്പ് അനുഭവിച്ച ദുഃഖം ഇപ്പോൾ അത്ര തീവ്രതയുള്ള ദുഃഖമായി അനുഭവപ്പെടാത്തതുപോലെ, ഈ നിമിഷം അനുഭവിക്കുന്ന ദുഃഖവും എല്ലാകാലത്തേക്കുമായുള്ള ദുഃഖമല്ല. ഈ നിമിഷങ്ങളെ മറികടക്കുക. എങ്കിൽ പ്രസന്നമായ ഒരു കാലത്തേക്ക് പതിയെ നിങ്ങൾക്ക് കടക്കാം. ഈ ബോധത്തിന്റെ പ്രകാശമാണത് മനസ്സിൽ പടർത്തിത്തരുന്നത്.

ഏതെങ്കിലും തീവ്രദുഃഖം സഹിക്കവയ്യ എന്നതുകൊണ്ടാകുമല്ലോ മനസ്സിൽ ഇരുട്ടുകയറി ആരും ആത്മഹത്യയിലേക്ക് നീങ്ങുന്നത്. ആ ഘട്ടത്തിൽ ഈ ബോധത്തെളിച്ചത്തിന്റെ ഒരുതുള്ളി ഇരുട്ടുനിറഞ്ഞ മനസ്സിലേക്കിറ്റിച്ചുകൊടുത്താൽ മതി. പ്രത്യാശയുടെ ആ വെട്ടം ആത്മഹത്യാ ശ്രമം ഉപേക്ഷിച്ചത് തിരികെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൊണ്ടുവന്ന് അവിടെ ഉറപ്പിച്ചുനിർത്തിക്കൊള്ളും. ഇതിനുള്ള ഒരു ഔഷധവും എവിടെയും ആരും കണ്ടുപിടിച്ചിട്ടില്ല. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് കവിത ജയിക്കുന്നു.

‘അകമേ പരിണാമം വരുത്തി സ്വാസ്ഥ്യം നരർ‐
 ക്കരുളാൻ കവിതപോൽ മറ്റുണ്ടോ ശുശ്രൂഷിക’
എന്ന് വൈലോപ്പിള്ളി മാഷ് പറഞ്ഞതുതന്നെയാണ് സത്യം.
‘സഹതപിക്കാത്ത ലോകമേ, എന്തിലും
 സഹകരിക്കുന്ന ശാരദാകാശമേ'

എന്നെഴുതിവച്ചിട്ടാണ് സഹതപിക്കാത്ത ഈ ലോകത്തെവിട്ട് സഹകരിക്കുന്ന ആകാശത്തേക്ക് ഇടപ്പള്ളി പോയത്.

അതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ 'സുഖവും ദുഃഖവും അനുഭവകാലം പോയാൽ സമം' എന്ന കവിതയുടെ പ്രകാശം അന്ധകാരഗ്രസ്തമായ ആ മനസ്സിലേക്ക് കടന്നുചെന്നിരുന്നെങ്കിൽ

ഇടപ്പള്ളി ആത്മഹത്യാശ്രമം ഉപേക്ഷിച്ച് ജീവിതത്തിൽ നിന്നേനെ.
സ്റ്റീഫൻ സ്പെൻഡർ പറഞ്ഞതുതന്നെയാണ് നേര്:  It is something which used to call us back to life (തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top