27 April Saturday
എന്റെ ദില്ലി ദിനങ്ങൾ

ദിൽ സെ; ദില്ലി സെ-പ്രഭാവർമ്മയുടെ 'ദില്ലിക്കാലം' പരമ്പര ആരംഭിക്കുന്നു

പ്രഭാവർമ്മUpdated: Tuesday Sep 13, 2022

ഇന്ദിരാഗാന്ധിയുടെ അന്ത്യനിമിഷം

എൺപതുകൾ തുടങ്ങിയപ്പോഴാണ് ഞാൻ ഡൽഹിയിൽ എത്തിയത്. നരിക്കുട്ടി മോഹനൻ ആയിരുന്നു ആ ഘട്ടത്തിൽ അവിടുത്തെ ബ്യൂറോ ചീഫ്. ഡൽഹിയിലെ എല്ലാ പ്രധാന രാഷ്ട്രീയ നേതാക്കൾക്കും ഏറെ അടുപ്പമുണ്ടായിരുന്നു  നരിക്കുട്ടിയുമായി  ഇന്ദ്രപ്രസ്ഥത്തിൽ തീക്ഷ്‌ണമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പത്രപ്രവർത്തകന്റെ അനുഭവ പരമ്പര തുടങ്ങുന്നു.

പ്രകമ്പനങ്ങളുടെ രാഷ്ട്രീയകാലം

‘Power, like a disolating pestilence,
 pollutes whatever it touches’ – P.B Shelley, Queen Mab.

സ്വാതന്ത്ര്യലബ്ധിക്കും രാഷ്ട്രവിഭജനത്തിനും അതിന്റെ അനുബന്ധ വർഗീയ കലാപങ്ങൾക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ (tumultuous)    കാലയളവിലാണ് ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോയിൽ ലേഖകനായി എനിക്കു പ്രവർത്തിക്കേണ്ടിവന്നത്.

ഡൽഹിയിൽ തന്നെയുണ്ടായ ഭൂകമ്പ സമാനമായ സംഭവങ്ങൾ, മറ്റ് ഭാഗങ്ങളിലുണ്ടായ സമാന സംഭവങ്ങളുടെ പ്രകമ്പനങ്ങൾ...  In quick succession   എന്ന് ഇംഗ്ലീഷിൽ പറയുമല്ലൊ. ആ വാക്കുകൾ കൊണ്ടല്ലാതെ വിശേഷിപ്പിക്കാനാവാത്ത ചടുല സംഭവങ്ങളുടെ പരമ്പരകൾ കൊണ്ട് ഡൽഹി പ്രകമ്പിതമായ കാലം.

ഇന്ദിരാഗാന്ധി വധം, ഭോപ്പാൽ വിഷവാതക ദുരന്തം, സിഖ് കൂട്ടക്കൊല, രാജീവ് ഗാന്ധിയുടെ അധികാരാരോഹണം, ബൊഫേഴ്സ് കുംഭകോണം, നരസിംഹറാവു സർക്കാരിന്റെ അവരോഹണം, സെയിന്റ് കിറ്റ്സ് അഴിമതികൾ, കൊളംബോയിൽവച്ച് രാജീവ് ഗാന്ധി നേരിട്ട ആക്രമണം, ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനയുടെ ഇടപെടൽ, കോൺഗ്രസിൽ നിന്നുള്ള വിശ്വനാഥ പ്രതാപ് സിങ്ങിന്റെ രാജി, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനമോർച്ച രൂപീകരണം, പ്രതിപക്ഷ ഉച്ചകോടികൾ, നാഷണൽ ഫ്രണ്ട്

പ്രഭാവർമ്മ - ഫോട്ടോ സുമേഷ്‌ കൊടിയത്ത്‌

പ്രഭാവർമ്മ - ഫോട്ടോ സുമേഷ്‌ കൊടിയത്ത്‌

ഗവൺമെന്റിന്റെ രൂപീകരണം, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കലും അതിനെതിരായ രൂക്ഷമായ കലാപങ്ങളും, എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ബാബ്റി മസ്ജിദ് ലക്ഷ്യമാക്കി നടന്ന രഥയാത്ര, ബിഹാറിൽ വെച്ചുണ്ടായ അദ്വാനിയുടെ അറസ്റ്റ്, വി പി സിങ്ങിന്റെ ന്യൂനപക്ഷ മന്ത്രിസഭയുടെ തകർച്ച, ചന്ദ്രശേഖർ മന്ത്രിസഭയുടെ കോൺഗ്രസ് പിന്തുണയോടെയുള്ള അധികാരാരോഹണം, കോൺഗ്രസ് പിന്തുണ പിൻവലിച്ചതുമൂലമുണ്ടായ ചന്ദ്രശേഖർ ഗവൺമെന്റിന്റെ തകർച്ച, രാജീവ് ഗാന്ധി വധം, ഐ കെ ഗുജറാൾ ‐ ദേവഗൗഡ സർക്കാരുകളുടെ ഉയർച്ചയും തകർച്ചയും, നെല്ലി കൂട്ടക്കൊല, ഭഗൽപൂരിലെ കൂട്ട അന്ധരാക്കൽ, മൊറാദാബാദിലടക്കം ഉണ്ടായ വർഗീയ കലാപങ്ങൾ, ബാബ്റി മസ്ജിദ് ആരാധനയ്ക്കായി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കൽ,ക്ഷേത്രം നിർമിക്കാൻ അവിടെയുണ്ടായ ശിലാന്യാസ്, ആ ശില മണ്ഡപമായി ഉയർത്താനുള്ള കർസേവ, ഇവയെത്തുടർന്നുള്ള ബാബ്റി മസ്ജിദ് ആക്രമിച്ചു തകർക്കൽ എന്നിങ്ങനെ എണ്ണിപ്പറയാവുന്ന വിക്ഷുബ്ധ സംഭവങ്ങളുടെ പരമ്പരകളാണ് എൺപതുകളുടെ തുടക്കം മുതൽ തൊണ്ണൂറുകളുടെ ഏതാണ്ട് ആദ്യപാതി വരെയുണ്ടായത്. പലതും ഡൽഹിയിൽ.

ചിലതിന്റെ അലയൊലികൾ ഡൽഹിയിൽ. ആ ഘട്ടത്തിൽ തലസ്ഥാന നഗരത്തിൽ മാധ്യമ പ്രവർത്തകനായി കഴിയാൻ സാധിച്ചു എന്നത് അസാധാരണത്വമാർന്ന ഒരു അനുഭവമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.
എൺപതുകൾ തുടങ്ങിയപ്പോഴാണ് ഞാൻ ഡൽഹിയിൽ എത്തിയത്.

പഴയ ഡൽഹിയുടെ കാഴ്‌ച

പഴയ ഡൽഹിയുടെ കാഴ്‌ച

നരിക്കുട്ടി മോഹനൻ ആയിരുന്നു ആ ഘട്ടത്തിൽ അവിടുത്തെ ബ്യൂറോ ചീഫ്. ഡൽഹിയിലെ എല്ലാ പ്രധാന രാഷ്ട്രീയ നേതാക്കൾക്കും ഏറെ അടുപ്പമുണ്ടായിരുന്നു നരിക്കുട്ടിയുമായി. എ ബി വാജ്പേയിയും എൽ കെ അദ്വാനിയുമൊക്കെ പത്രസമ്മേളനങ്ങളിൽ മിസ്റ്റർ മോഹൻ എന്ന് പേരെടുത്തുപറഞ്ഞ് നരിക്കുട്ടിയുടെ ചോദ്യത്തിനു മറുപടി പറയുന്നത് തുടക്കക്കാരനായ എന്നെ ഒട്ടൊന്നുമല്ല വിസ്മയിപ്പിച്ചത്.

നരിക്കുട്ടിക്കൊപ്പം അപ്പുക്കുട്ടൻ വള്ളിക്കുന്നായിരുന്നു ബ്യൂറോയിലുണ്ടായിരുന്നത്. നരിക്കുട്ടിക്ക് സ്ഥലംമാറ്റം ആയപ്പോഴാണ് ഞാൻ ഡൽഹിയിൽ എത്തുന്നത്. ആദ്യനാളുകളിൽ ഡൽഹിയിൽ പലയിടത്തും എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയത് നരിക്കുട്ടിയാണ്. എന്നെ ആ വിധത്തിൽ പരിചയപ്പെടുത്താൻ വേണ്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് കിട്ടിയശേഷവും നരിക്കുട്ടി ഡൽഹിയിൽ തുടർന്നത്.

നരിക്കുട്ടി പോയതോടെ അപ്പുക്കുട്ടൻ വള്ളിക്കുന്നായി ബ്യൂറോ ചീഫ്. ഞാൻ അദ്ദേഹത്തിന്റെ കീഴിലുള്ള റിപ്പോർട്ടറും. വാർത്തകളുടെ കാര്യത്തിൽ അപ്പുക്കുട്ടന്റെ സൂക്ഷ്മതയെയും ജാഗ്രതയെയും ഞാൻ അത്ഭുതാദരങ്ങളോടെയാണ് കണ്ടിരുന്നത്. കുറച്ചുമാസങ്ങൾ അങ്ങനെ ചെന്നപ്പോൾ അപ്പുക്കുട്ടന് അവധിയിൽ നാട്ടിൽ പോകേണ്ടിവന്നു.

ആ സമയത്താണ് സഫ്ദർ ജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നുള്ള വഴിത്താരയിൽ ഇന്ദിരാഗാന്ധിക്ക്‌ വെടിയേൽക്കുന്നത്.

നരിക്കുട്ടി മോഹനനും  എ കെ ജിയും

നരിക്കുട്ടി മോഹനനും എ കെ ജിയും

ഡൽഹി കാര്യമായി പരിചയിച്ചിട്ടില്ലാത്ത ഞാൻ അപ്പുക്കുട്ടന്റെ അഭാവത്തിൽ ആ വാർത്തയ്ക്കുമുമ്പിൽ ഒരു നിമിഷം സ്തബ്ധനായിനിന്നു. ആദ്യം കേട്ടത് ഇന്ദിരാഗാന്ധിയെ സുരക്ഷാഭടന്മാർ വെടിവെച്ചു എന്നതാണ്.

തുടർന്ന് ഒരു കാറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് കൊണ്ടുപോയി എന്നും അധികം താമസിയാതെതന്നെ അവർ മരിച്ചു എന്നും വാർത്തവന്നു. പത്രപ്രവർത്തകർ അടക്കം എല്ലാവർക്കും എല്ലായിടത്തും വിലക്ക്.

വിലക്കില്ലെങ്കിൽ തന്നെ എവിടെയെങ്കിലും ചെന്നുകയറാനുള്ള അക്രഡിറ്റേഷനോ മറ്റ് പാസ്സുകളോ എന്റെ കൈയിലില്ല. ഇതെല്ലാമുള്ളതും പല പതിറ്റാണ്ടുകളായി ഡൽഹി പരിചയമുള്ളതുമായ സീനിയർ റിപ്പോർട്ടർമാർക്കുപോലും സ്വതന്ത്രമായി എങ്ങോട്ടും നീങ്ങാൻ വയ്യ.

അപ്പോൾ പിന്നെ ഒരു പ്രസ് പാസുപോലുമില്ലാത്ത, ഡൽഹി അധികം പരിചയിച്ചിട്ടില്ലാത്ത ഞാൻ എന്തു ചെയ്യും? അന്ന് സ്റ്റേറ്റ്സ്മാൻ പത്രത്തിലായിരുന്ന ആനന്ദ് സഹായി, ഫ്രീ പ്രസ് ജേർണലിന്റെ ബ്യൂറോ ചീഫ് ആയിരുന്ന നന്ദിദാദ, പേട്രിയറ്റിലുണ്ടായിരുന്ന ജോൺ ദയാൽ എന്നിവർ കാര്യമായി സഹായിച്ചു. അവരുടെ നിഴൽപറ്റി കയറാവുന്നിടത്തും കയറാൻ പാടില്ലാത്തിടത്തുമൊക്കെ ഞാനും കയറിപ്പറ്റി. അങ്ങനെ അവർക്ക് കിട്ടുന്ന വാർത്തകളൊക്കെ എനിക്കും കിട്ടുന്ന നിലയായി.

ഇന്ദിരാഗാന്ധി വധം ദേശാഭിമാനി പത്രത്തിൽ

ഇന്ദിരാഗാന്ധി വധം ദേശാഭിമാനി പത്രത്തിൽ

‘മേനെ ജോ കുച്ഛ് കർനാ ഥാ, വഹ് കർലിയാ’ എന്നുപറഞ്ഞുകൊണ്ടാണ് ഇന്ദിരാഗാന്ധിയെ വെടിവെച്ചുവീഴ്ത്തിയ എ കെ 47 റൈഫിൾ ബിയാന്ദ് സിങ് താഴെയിട്ടത്.

ചെയ്യാനുള്ളത് ചെയ്തതിന്റെ പുഞ്ചിരി ഒപ്പം വെടിവെച്ച സത്വന്ത് സിങ്ങിന്റെ ചുണ്ടിൽ ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങളടക്കമുള്ള സൂക്ഷ്മ വിവരങ്ങൾ വരെ അന്ന് എനിക്ക് ദേശാഭിമാനിക്ക് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞത് ആ സീനിയർ റിപ്പോർട്ടർമാരുടെ നിഴലായി ഒളിച്ചു എന്ന മട്ടിൽ കൂടാൻ കഴിഞ്ഞതുകൊണ്ടാണ്.

ബ്യൂറോ ചീഫ് ആയിരുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ അഭാവം അധികമൊന്നും പ്രകടമാകാത്തവിധത്തിൽ സമഗ്രതയോടെ ഇന്ദിരാഗാന്ധി വധം കവർ ചെയ്യാൻപറ്റി.

അതും ധാരാളം അനുബന്ധ വാർത്തകളോടെ! അതാകട്ടെ എന്റെ പത്രപ്രവർത്തന ജീവിതത്തിലെ വിലപ്പെട്ട ഒരു ഈടുവെയ്പ്പായി; എന്റെ അഭിമാനമായി. തുടർന്നുള്ള ദിനങ്ങളിൽ, തീൻമൂർത്തി ഭവനിൽ മൃതദേഹം ആദരാഞ്ജലികൾക്കായി കിടത്തിയപ്പോഴും ഒടുവിൽ യമുനാ തീരത്ത് അത് അഗ്നിക്കിരയാക്കിയപ്പോഴും ഒക്കെ എനിക്ക് നേരിട്ടുതന്നെ വാർത്തകൾ ശേഖരിക്കാനും ദേശാഭിമാനിക്കയക്കാനും കഴിഞ്ഞു.

ഹർകിഷൻസിങ് സുർജിത്ത്‌

ഹർകിഷൻസിങ് സുർജിത്ത്‌

ഇന്ദിരാഗാന്ധിയുടെ ശരീരം എഐഐഎം എസിൽ കൊണ്ടുവന്നതു മുതൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ്‌ വിട്ടുകൊടുക്കുന്നതു വരെയുള്ള ഘട്ടത്തിലെ നിമിഷാനുനിമിഷ വിവരണങ്ങൾ അന്ന് ദേശാഭിമാനിയിലുണ്ടായി. എഐ ഐഎംഎസിലെ ചില മലയാളി നഴ്സുമാരാണ് മൈക്രോസ്കോപ്പിക്ക് സൂക്ഷ്മതയോടെ മുറിവുകളുടെ എണ്ണമടക്കമുള്ള കാര്യങ്ങൾ പറഞ്ഞുതന്നത് എന്നത് നന്ദിയോടെ ഓർമിക്കുന്നു.

ഒരുപക്ഷേ, ഡൽഹിയിലെ ഇംഗ്ലീഷ് പത്രങ്ങളിൽ പോലുമില്ലാത്ത ഗ്രാഫിക്ക് വിവരണങ്ങൾ ദേശാഭിമാനിയിലുണ്ടായതിന്റെ കാരണക്കാർ ആ നഴ്സുമാരാണ്.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വാർത്ത പരന്നതോടെ ഡൽഹിയാകെ കലാപത്തിന്റെ കാട്ടുതീയിലായി. സിഖുകാരെ കാണുന്നിടത്തൊക്കെ വച്ച് പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലുന്ന സ്ഥിതി. ആ അവസ്ഥ മൂന്ന്, നാല് ദിനങ്ങൾ നീണ്ടുനിന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ നേതാവായ ഹർകിഷൻ സിങ് സുർജിത്തിന്‌ നേർക്കുപോലും സിഖ് രൂപമുള്ളതിനാൽ കൈയേറ്റമുണ്ടായ അവസ്ഥ. ഇന്ദിരാഗാന്ധിയുടെ മൃതദേഹം ജനദർശനത്തിനായി കിടത്തിയിരുന്ന തീൻമൂർത്തി ഭവനിലേക്ക് ചെല്ലുമ്പോഴാണ് സുർജിത്തിനു നേർക്ക് കൈയേറ്റ ശ്രമമുണ്ടായത്. 

ആദ്യനാൾ സന്ധ്യക്ക് റാഫീമാർഗിനും സൻസദ് മാർഗിനും നടുവിലുള്ള ഇടഭാഗത്ത്, അതായത് ഡൽഹിയുടെ ഹൃദയഭാഗത്ത്, തീക്കുണ്ഡത്തിലേക്ക് ഈയാംപാറ്റകൾ എന്നപോലെ സിഖുകാർ കലാപക്കാരുടെ നടുവിലേക്ക് ചെന്നുവീണുകൊണ്ടിരുന്നു. അവിടെ

ആപത്ത് ഒളിച്ചിരിക്കുന്നു എന്നറിയാതെ വീടുപറ്റാൻ വ്യഗ്രതപ്പെട്ട് സ്കൂട്ടറിലും മറ്റും പാഞ്ഞുചെന്ന സിഖുകാരാണ് കത്തിയെരിഞ്ഞമർന്നത്.എത്രയോ പേർ കത്തുന്ന തീപ്പന്തങ്ങളായി ഓടിവീണുമരിക്കുന്നത് അന്ന് കാണേണ്ടിവന്നു. ഭാര്യയുടെ മുമ്പിലിട്ട് ഭർത്താവിനെയും അമ്മയുടെ മുമ്പിലിട്ട് മകനെയും പെട്രോൾ ഒഴിച്ചു ചുട്ടുകൊല്ലുക. മരിച്ചാലും മനസ്സിൽ നിന്നുമായില്ല ആ ദൃശ്യങ്ങൾ.

ആപത്ത് ഒളിച്ചിരിക്കുന്നു എന്നറിയാതെ വീടുപറ്റാൻ വ്യഗ്രതപ്പെട്ട് സ്കൂട്ടറിലും മറ്റും പാഞ്ഞുചെന്ന സിഖുകാരാണ് കത്തിയെരിഞ്ഞമർന്നത്.എത്രയോ പേർ കത്തുന്ന തീപ്പന്തങ്ങളായി ഓടിവീണുമരിക്കുന്നത് അന്ന് കാണേണ്ടിവന്നു. ഭാര്യയുടെ മുമ്പിലിട്ട് ഭർത്താവിനെയും അമ്മയുടെ മുമ്പിലിട്ട് മകനെയും പെട്രോൾ ഒഴിച്ചു ചുട്ടുകൊല്ലുക. മരിച്ചാലും മനസ്സിൽ നിന്നുമായില്ല ആ ദൃശ്യങ്ങൾ.

ആകെ ഒരു സമാധാനമുള്ളത്, ആ ഭാഗത്തേക്കു ഒന്നുമറിയാതെ മോട്ടോർ ബൈക്കിലും മറ്റും ചെല്ലുകയായിരുന്ന നിരവധി സിഖുകാരെ അൽപ്പം അകലെ ഒരു വളവിൽ വെച്ചു തടഞ്ഞുനിർത്തി വഴിതിരിച്ചുവിട്ട് രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ്. കുറേ നേരത്തേക്ക് വാർത്തയുടെ ‘പീക്ക് അവറി’ൽ വാർത്തയെ തന്നെ മാറ്റിവെച്ച് മനുഷ്യരക്ഷാ പരിപാടിയിൽ എല്ലാം മറന്ന് വ്യാപരിച്ചു.

അതിനും മുമ്പിൽ നിൽക്കാൻ ആനന്ദ് സഹായിയും അമൃത് ബസാർ പത്രികയിലെ നിർമ്മൽ നിവേദനും ഉണ്ടായിരുന്നു. അന്ന് ഡൽഹിയിലുണ്ടായിരുന്ന സി പി ജോൺ തൊട്ടപ്പുറത്തു നിന്ന് പലരെയും വഴിതിരിച്ചുവിട്ട് രക്ഷപ്പെടുത്തുന്നതു കണ്ടതായി ഓർക്കുന്നു. ഡൽഹി പൊലീസ് അവിടെയൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ഒരിടത്തും ഇടപെടാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.

പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ നിരപരാധികൾ കത്തി മരിക്കുമായിരുന്നില്ല. ഇടതു കൈയിൽ പെട്രോൾ ക്യാനും വലതു കൈയിൽ തീപ്പന്തവുമായി തെരുവുകളിൽ ആർത്തട്ടഹസിച്ച് കൊലവിളിയുമായി പാഞ്ഞുനടക്കുകയായിരുന്നു സിഖ് വിരുദ്ധ സംഘങ്ങൾ. ആരെങ്കിലും എതിർക്കാനുണ്ടായിരുന്നെങ്കിൽ അവർ പിന്തിരിഞ്ഞുപോകുമായിരുന്നു.

പന്തവുമായി വന്ന ഒരു സംഘത്തിന്റെ തലവനെ ആജാനുബാഹുവായ ആനന്ദ് സഹായി തടഞ്ഞുനിർത്തി. ‘നീ എന്തുചെയ്യും’ എന്ന് ആക്രോശിച്ച സംഘത്തലവനോട് ‘അടിച്ചു നിന്നെ താഴെയിടും’ എന്ന് ക്രോധത്തോടെ ആനന്ദ് സഹായി പറഞ്ഞതും സംഘം ഭയന്നുപിൻവാങ്ങിയതും ഇതിന് ഏറ്റവും നല്ല ദൃഷ്ടാന്തം.

ഇന്ദിരാഗാന്ധി വധത്തെ തുടർന്ന്‌ ഡൽഹിയിൽ നടന്ന സിഖ്്‌ വിരുദ്ധ കലാപത്തിൽ നിന്ന്‌

ഇന്ദിരാഗാന്ധി വധത്തെ തുടർന്ന്‌ ഡൽഹിയിൽ നടന്ന സിഖ്്‌ വിരുദ്ധ കലാപത്തിൽ നിന്ന്‌

‘നിങ്ങളെന്താ ഒന്നും തടയാത്തത്’ എന്ന് ഞങ്ങൾ ഒരു പൊലീസ് ഓഫീസറോട് ചോദിച്ചു. ‘മൗനത്തിലൂടെ ഞങ്ങൾ ഇതൊക്കെ അനുവദിച്ചുകൊടുക്കുന്നത് സിഖുകാർക്കായിരുന്നെങ്കിൽ ഹിന്ദുക്കളെയാകെ അവർ നിമിഷങ്ങൾകൊണ്ട്‌ തുടച്ചുനീക്കിയേനെ; ഇവന്മാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നതായിരുന്നു ആ ഓഫീസറുടെ മറുപടി. അധികാരത്തിന്റെ പിന്തുണയോടെയാണ് സിഖ് കൂട്ടക്കൊലയും കൊള്ളയും കൊള്ളിവെയ്പ്പും ഹിന്ദു തീവ്രവാദി സംഘങ്ങൾ അന്ന് നടത്തിയത് എന്നതു വ്യക്തം.

പട്ടാളത്തെ ഇറക്കാൻ മൂന്നു ദിവസം വൈകി. അത്‌ മനഃപൂർവമായിരുന്നു. ആ മൂന്നു ദിവസങ്ങളിൽ ഹോമിക്കപ്പെട്ട ജീവനും എരിഞ്ഞുഭസ്മമായ കടകൾക്കും അടിച്ചുതകർക്കപ്പെട്ട വീടുകൾക്കും കണക്കില്ല. ഔദ്യോഗിക കണക്കുകൾക്കൊക്കെ എത്രയോ മേലെയാണ് യഥാർഥത്തിലുണ്ടായ ജീവനഷ്ടങ്ങൾ.

പശ്ചിമ ഡൽഹിയിലെ തിലക് നഗർ, കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരി, ദക്ഷിണ ഡൽഹിയിലെ ലജ്‌പത് നഗർ എന്നിവിടങ്ങളൊക്കെ സിഖുകാർ നിബിഡമായി താമസിച്ചിരുന്ന ഇടങ്ങളാണ്. അവിടെയൊക്കെ നൂറു കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. യമുനയ്ക്കക്കരെ പട്പട് ഗഞ്ചിലും ഇതുപോലെ കൂട്ടക്കൊലകളുണ്ടായി. ജനക്പുരിയും കരോൾബാഗും അടക്കം കത്തിയെരിഞ്ഞ എത്രയോ സ്ഥലങ്ങൾ! ഡസൻ കണക്കിന് അഭയാർഥി കേന്ദ്രങ്ങളുണ്ടായി.

ഭർത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരുടെയും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും ആങ്ങളമാരെ നഷ്ടപ്പെട്ട പെങ്ങന്മാരുടെയും നിലവിളികൾകൊണ്ടു മുഖരിതമായ അന്തരീക്ഷം മനസ്സിൽ നിന്നുപോകില്ല. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന അവസ്ഥയായിരുന്നു അന്ന്.

‘വൻവൃക്ഷം വീണാൽ ഭൂമി ഒന്നു കുലുങ്ങും’ എന്നുപറഞ്ഞ് രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെ അന്ന്‌ നിസ്സാരവൽക്കരിച്ചതും പട്ടാളത്തെയിറക്കാതെ നഗരത്തെ കൊലയാളിക്കൂട്ടങ്ങൾക്കായി മൂന്നുദിവസം വിട്ടുകൊടുത്തതും ചേർത്തുവായിക്കാതിരിക്കാൻ നിവൃത്തിയില്ല.

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി ബോംബാക്രമണത്തിൽ വധിക്കപ്പെട്ടപ്പോൾ ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായതിനു സമാനമായ എന്തെങ്കിലും തെക്കെ ഇന്ത്യക്കാർക്കെതിരെ ഉണ്ടാകുമോ എന്ന ആശങ്ക പരന്നു.

രാജീവ്‌ ഗാന്ധിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര

രാജീവ്‌ ഗാന്ധിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര

തമിഴരും മലയാളികളും കന്നടക്കാരും തെലുങ്കരും സുരക്ഷിത താവളങ്ങൾ തേടി. മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് ഡി വിജയമോഹൻ താരതമ്യേന സുരക്ഷിതമായ ഇടം എന്നനിലയ്ക്ക് വിതൽഭായ് പട്ടേൽ ഹൗസിലെ എന്റെ വസതിയിലേക്ക് തൽക്കാലത്തേക്ക്‌ കുടുംബസമേതം താമസം മാറി.

രാജീവ് വധം തമിഴ്നാട്ടിലാണുണ്ടായതെങ്കിലും അവിടെ നിന്ന് കാര്യമായി എന്തെങ്കിലും വാർത്ത വരുന്ന നിലയുണ്ടായിരുന്നില്ല. രാജീവിന്റെ മരണം സ്ഥിരീകരിച്ചതുപോലും ഡൽഹിയിൽ നിന്നാണ്. സകല വാർത്തകളുടെയും സ്രോതസ്സ് അന്ന് ഡൽഹിയായി. ആ ഘട്ടത്തിലും എന്തോ കാരണത്താൽ വാർത്തകൾ കവർ ചെയ്യേണ്ട ചുമതല എന്റെ ചുമലിൽ തന്നെയായി എന്നതോർക്കുന്നു. ഏതായാലും ആ ഘട്ടത്തിൽ ഡൽഹി എനിക്കു പരിചിതമായിരുന്നു. വാർത്തകളുടെ ഉറവിടങ്ങളുമായുള്ള ബന്ധം ദൃഢവുമായിരുന്നു.

അതുകൊണ്ട് ഇന്ദിരാഗാന്ധി വധത്തിന്റെ ഘട്ടത്തിലേതുപോലെ വിഷമിക്കേണ്ടിവന്നില്ല. എ ഐ സി സി ഓഫീസിലും പ്രസ് ക്ലബിലും പി ഐ ബിയിലും പരിചയമുള്ള ചില ഇന്റലിജൻസ് പ്രമുഖരുടെയും പൊലീസ് പ്രമുഖരുടെയുമൊക്കെ വീടുകളിലും കയറിയിറങ്ങിയ വിശ്രമരഹിതമായ നാളുകൾ.

അതൊക്കെ കൃത്യമായും ഫലമുണ്ടാക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു വാർത്ത മുൻനിർത്തി എനിക്കെതിരെ ഒരു മാനനഷ്ടക്കേസ് വന്നതോർക്കുന്നു.

 രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

സത്യത്തിൽ അത് ഞാൻ എഴുതിയതായിരുന്നില്ല.

സ്വന്തം പ്രതിനിധി എന്നേ അതിൽ വെച്ചിരുന്നുമുള്ളൂ. എന്നിട്ടും ബ്യൂറോയുടെ ചുമതല എനിക്കായതിനാലാവാം കേസ് എനിക്കെതിരായി. രാജീവ് ഗാന്ധിയുടെ മാനം ഞാൻ നഷ്ടപ്പെടുത്തി എന്നു പറഞ്ഞായിരുന്നു കേസ്. കൊടുത്തതാകട്ടെ ഒരു പ്രമുഖ വക്കീലായ കോൺഗ്രസ് നേതാവും. വല്ലവരുടെയും മാനം നഷ്ടപ്പെടുത്തി എന്നുപറഞ്ഞ് കേസ് കൊടുക്കാൻ വകുപ്പൊന്നുമില്ല. എന്നിട്ടും ദേശാഭിമാനി റെയ്ഡ് ചെയ്ത് ആ വാർത്തയുള്ള പത്രം പിടിച്ചെടുക്കാൻ ഒരു ജഡ്ജി ഉത്തരവിട്ടു.

ഒടുവിൽ ഹൈക്കോടതിയിൽ പോയിട്ടാണ് ആ കേസ് ഞാൻ റദ്ദാക്കിച്ചത്. എ യുടെ മാനം നഷ്ടപ്പെടുത്തിയെന്നുപറഞ്ഞ് ബി കേസ് കൊടുക്കുന്നത് എങ്ങനെയാണ് എന്നും ഒരു കോടതി എങ്ങനെയാണ് അത് അഡ്മിറ്റ് ചെയ്യുന്നത് എന്നും അവശ്യം നിയമപഠനം നടത്തിയിട്ടുള്ള എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

വി പി സിങ്

വി പി സിങ്

വി പി സിങ് മന്ത്രിസഭ തകർന്ന ശേഷമുണ്ടായ ചന്ദ്രശേഖർ ഗവൺമെന്റിന്റെ കാലത്താണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. വധത്തിന് ഏതാണ്ട് തൊട്ടുമുമ്പുള്ള ഘട്ടത്തിൽ മന്ത്രിസഭയ്ക്കുള്ള  പിന്തുണ കോൺഗ്രസ് പിൻവലിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഒരു കാവൽ മന്ത്രിസഭ മാത്രമായിരുന്നു ചന്ദ്രശേഖറുടേത്. പോരാത്തതിന് പൊതുതെരഞ്ഞെടുപ്പുനടക്കുന്ന ഘട്ടവും. തെരഞ്ഞെടുപ്പ്‌ പല ഘട്ടങ്ങളിലായിട്ടായിരുന്നു. ആദ്യഘട്ടം പോളിങ്‌ നടന്നുകഴിഞ്ഞിരുന്നു. കോൺഗ്രസിനു വിജയ പ്രതീക്ഷയില്ലാത്ത നില. ആ ഘട്ടത്തിലാണ് രാജീവ് വധമുണ്ടാകുന്നത്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സ്വാഭാവികമായും അൽപ്പം നീണ്ടു. സഹതാപ തരംഗത്തിന്റെ വേലിയേറ്റമായി. ആ വേലിയേറ്റത്തിരയിൽ കോൺഗ്രസ് ജയിച്ചുകയറി. പ്രണബ് മുഖർജി പ്രധാനമന്ത്രിയാകേണ്ടിടത്ത് പി വി നരസിംഹറാവു പ്രധാനമന്ത്രിയായി. ആദ്യഘട്ടത്തിലെ പോളിങ്ങിലുണ്ടായ വോട്ടു കുറവുകൊണ്ട് ന്യൂനപക്ഷ മന്ത്രിസഭയായി റാവുവിന്റേത്. ആ ന്യൂനപക്ഷവുമായി റാവു കാലാവധി തികച്ചു എന്നത്‌ മറ്റൊരു കാര്യം.

നയ്നാ സാഹ്നി

നയ്നാ സാഹ്നി

രണ്ടു സ്ത്രീകളുടെ മരണങ്ങൾ ഡൽഹി പത്രപ്രവർത്തന ഘട്ടത്തിൽ, കനലുപോലെ മനസ്സിൽ തറഞ്ഞത് ഓർക്കുന്നു. വടക്കൻ കൊറിയയിലെ പ്യോങ്യാങ്ങിൽ നടന്ന ലോക യുവജനോത്സവത്തിൽ പങ്കെടുക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. ആ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നയ്നാ സാഹ്നി. ഭാവിയുടെ പ്രതീക്ഷയായി കോൺഗ്രസ് കരുതിയ യുവനേതാവ്.

പഞ്ചാബി പാട്ടുകൾ പാടിയും നൃത്തച്ചുവടുകൾവച്ചും സംവാദങ്ങളിൽ നേതൃത്വപരമായി പങ്കെടുത്തും സുന്ദരിയായ നയ്നാ സാഹ്നി എല്ലാവരുടെയും മനസ്സിൽ ഇടംപിടിച്ചു. എം എ ബേബി, ബാബു ദിവാകരൻ, പന്തളം സുധാകരൻ തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. അന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എം എ ബേബിയുടെ താൽപ്പര്യത്തിലാണ് ഞാൻ അന്ന് ആ സംഘത്തിലുൾപ്പെട്ടത്. അതിൽ ഉണ്ടായിരുന്ന ഒരാളുടെയും മനസ്സിൽനിന്ന് നയ്നാ സാഹ്നിയുടെ മുഖം മായില്ല.

ആ നയ്നാ സാഹ്നിയെക്കുറിച്ച്‌ പിന്നീട് കേട്ടത് അതിദാരുണമായ ഒരു കാര്യമാണ്. ഡൽഹി അശോക് യാത്രി നിവാസ് ഹോട്ടലിന്റെ അടുക്കളയിലെ തന്തൂരി അടുപ്പിൽ അവരെ കഷ്‌ണങ്ങളാക്കിച്ചുട്ടു എന്നതായിരുന്നു വാർത്ത. യൂത്ത്‌ കോൺഗ്രസിന്റെ നേതാവുകൂടിയായ ഭർത്താവ് സുശീൽ ശർമ്മയാണ് അവരെ വെടിവെച്ചു കൊലപ്പെടുത്തിയത്.

എം എ ബേബി

എം എ ബേബി

ആ നയ്നാ സാഹ്നിയെക്കുറിച്ച്‌ പിന്നീട് കേട്ടത് അതിദാരുണമായ ഒരു കാര്യമാണ്. ഡൽഹി അശോക് യാത്രി നിവാസ് ഹോട്ടലിന്റെ അടുക്കളയിലെ തന്തൂരി അടുപ്പിൽ അവരെ കഷ്‌ണങ്ങളാക്കിച്ചുട്ടു എന്നതായിരുന്നു വാർത്ത. യൂത്ത്‌ കോൺഗ്രസിന്റെ നേതാവുകൂടിയായ ഭർത്താവ് സുശീൽ ശർമ്മയാണ് അവരെ വെടിവെച്ചു കൊലപ്പെടുത്തിയത്. കഷ്‌ണങ്ങളാക്കി ചുട്ടതും അയാൾ തന്നെ. അയാളെ പൊലീസ് അറസ്റ്റു ചെയ്തു. പോങ്യാങ് യാത്രയിൽ സുശീൽ ശർമ്മയും ഉണ്ടായിരുന്നു എന്നതും ഓർക്കുന്നു. ഒരു മലയാളി പൊലീസുകാരനാണ് തന്തൂരി അടുപ്പിലെ സ്ത്രീഹോമം കണ്ടെത്തിയത് എന്നതും ഓർമിക്കുന്നു.

മനസ്സിൽ തങ്ങിനിൽക്കുന്ന മറ്റൊരു സ്ത്രീമുഖം രൂപ് കൻവറിന്റേതാണ്. ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷെ മനസ്സിൽനിന്ന് അവർ മായുന്നില്ല. സതി എന്ന ക്രൂരമായ അനാചാരം രാജാറാം മോഹൻ റോയിയുടെയും മറ്റും നേതൃത്വത്തിൽ നമ്മൾ പണ്ടേ അവസാനിപ്പിച്ചു എന്നാണല്ലൊ വയ്പ്പ്.

രൂപ്‌ കൻവർ

രൂപ്‌ കൻവർ

എന്നാൽ, എൺപതുകളിലെ ഒരു പുലർച്ചയ്ക്ക് ജയ്പൂരിൽ ഒരു സ്ത്രീ സതി അനുഷ്ഠിച്ചതായുള്ള വാർത്ത വന്നു. വിശദമായ ഒരു ഫീച്ചറാക്കാൻ വേണ്ടി ഞാൻ രാജസ്ഥാനിലേക്കു പോയി. ആ യാത്രയിൽ മനസ്സിൽ ഒരു കണ്ണുനീർത്തുള്ളിയായി നിൽക്കുന്നുണ്ടായിരുന്നു രൂപ് കൻവർ എന്ന ആ സ്ത്രീ. നീറുന്ന ഒരു കവിത ഊറിവരുന്നുപോലുമുണ്ടായിരുന്നു അപ്പോൾ മനസ്സിൽ.

എന്നാൽ, ആ കവിത ഒരിക്കലും പിറന്നില്ല. ജയ്പൂരിനപ്പുറമുള്ള ദേവ്രാലയിൽ വസ്തുതകൾ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ്, രൂപ് കൻവർ സതി അനുഷ്ഠിക്കുകയായിരുന്നില്ല, അവരെ ബലം പ്രയോഗിച്ച്‌ ഭർത്താവിന്റെ ചിതയിൽ തള്ളുകയായിരുന്നുവെന്ന് മനസ്സിലായത്.

കുലാചാരങ്ങളിൽ വിശ്വാസമർപ്പിച്ച കുടുംബാംഗങ്ങൾ തന്നെയാണ് അതു ചെയ്തത്. പൊള്ളിപ്പിടഞ്ഞു ചിതയിൽനിന്ന്‌ പ്രാണനുമായി പുറത്തേക്കോടിയ ആ പതിനെട്ടുകാരിയെ നീണ്ട മുളകളുപയോഗിച്ച് വീണ്ടും വീണ്ടും തള്ളി ചിതയിലെ തീയോടു ചേർത്തു പിടിക്കുകയായിരുന്നു അവർ! ഏതായാലും വിശദമായ ലേഖന പരമ്പരയുണ്ടായി; കവിതയുണ്ടായില്ല.

ഡൽഹി പത്രപ്രവർത്തന ഘട്ടത്തിൽ പല വേളകളിലായി ഒട്ടനവധി മലയാളി പെൺകുട്ടികളുടെ ആത്മഹത്യകളോ കൊലപാതകങ്ങളോ റിപ്പോർട്ടുചെയ്യേണ്ടി വന്നിട്ടുണ്ട്. അതൊക്കെ പൊള്ളിക്കുന്ന അനുഭവങ്ങളായി മനസ്സിൽ നീറിനിൽക്കുന്നു.

ഡൽഹി ഘട്ടത്തിലെ മറ്റൊരു തീക്ഷ്ണാനുഭവം ബിഹാറിലെ കൻസാരയിലുണ്ടായ കർഷകത്തൊഴിലാളികളുടെ കൂട്ടക്കൊലയാണ്. ബുദ്ധന്റെ ഗയയിലാണ് ഈ പ്രദേശം. ഭൂപ്രമാണിമാരുടെ രൺവീർ സേനയുണ്ട്. അവരാണ് കർഷകത്തൊഴിലാളികളെ കൂട്ടത്തോടെ കൊന്നുതള്ളിയത്.

ഞാൻ അവിടെപ്പോയി കത്തിയെരിഞ്ഞ കുടിലുകളുടെയും നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും ഒപ്പം കഴിഞ്ഞു. അങ്ങനെ തയ്യാറാക്കിയ ‘ബുദ്ധഗയയിലെ ചോരച്ചാലുകൾ’ എന്ന പരമ്പരയ്ക്ക് സംസ്ഥാന സർക്കാരിന്റെ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

പ്യോങ്യാങ് യാത്രയിൽ ഉണ്ടായ ഒരു സംഭവം മറക്കാവുന്നതല്ല. താഷ്കന്റ് വഴിയായിരുന്നു യാത്ര. അതിദീർഘമായ യാത്രയാകയാൽ താഷ്കന്റ് എയർപോർട്ടിൽ കുറേസമയം തങ്ങേണ്ടിവന്നു; തുടർയാത്രയിലേക്കു കടക്കാൻ. താഷ്കന്റിലെ എയർപോർട്ട് എസ്കലേറ്ററിലൂടെ ഞാൻ മുകളിലേക്കുപോകുമ്പോൾ മുകളിൽനിന്ന് ഒരു വീൽചെയർ ആളോടെ താഴേക്കുരുണ്ടു. എസ്കലേറ്ററിലുണ്ടായിരുന്ന പലരും വീണു; ഞാനും. നിരവധിപേർക്ക് പരിക്കേറ്റു.

എന്നാൽ, ഞാൻ നിന്ന പടി താഴേക്ക് എത്തുംമുമ്പ് ആരോ പെട്ടെന്ന് എസ്കലേറ്റർ നിർത്തി. അത് രക്ഷയായി എന്നേ പറയേണ്ടൂ.

താഷ്കന്റ് എയർപോർട്ട് സ്വാഭാവികമായും ഒരുപാട് സ്മരണകൾ മനസ്സിലുണർത്തി. താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചതിനു പിറ്റേന്ന്; പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞത് ഈ താഷ്കന്റിൽ വെച്ചായിരുന്നല്ലോ.

ലാൽ ബഹദൂർ ശാസ്ത്രി

ലാൽ ബഹദൂർ ശാസ്ത്രി

1965 ലെ ഇന്ത്യ‐പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിനെത്തുടർന്ന് ദേശീയതലത്തിൽ താരപരിവേഷത്തോടെ നിൽക്കുകയായിരുന്നു ലാൽബഹദൂർ ശാസ്ത്രി. 'ജയ് ജവാൻ, ജയ് കിസാൻ' എന്ന പ്രസിദ്ധ മുദ്രാവാക്യത്തിന്റെ സ്രഷ്ടാവ് ലാൽ ബഹദൂർ ശാസ്ത്രിയാണ്. യുദ്ധം ഔപചാരികമായി സമാപിച്ചത് 1966ലെ ജനുവരി പത്തിന്റെ താഷ്കന്റ് പ്രഖ്യാപനത്തോടെയാണ്. അതിൽ ഒപ്പിടാൻ പോയ പ്രധാനമന്ത്രിയുടെ മൃതദേഹമേ തിരികെ വന്നുള്ളൂ. ജനുവരി 11 നായിരുന്നു ഹൃദയസ്തംഭനത്തെത്തുടർന്നുള്ള മരണം.

ഹൃദയസ്തംഭന സൂചനകൾ പോലും പ്രകടമായിരുന്നില്ല എന്നുപറഞ്ഞ പേഴ്സണൽ ഡോക്ടർ ആർ എൻ ചുഗ് ആണ് ദുരൂഹതയുടെ വിത്തുകൾ ആദ്യം വിതച്ചത്. തുടർന്ന് അത്‌ കത്തിപ്പടരുകതന്നെ ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു തൊട്ടുപിന്നാലെയാണ് ശാസ്ത്രി പ്രധാനമന്ത്രിയായത്.

ശാസ്ത്രി മരിച്ചതോടെ വീണ്ടുമൊരിക്കൽ കൂടി നന്ദ ആക്ടിങ് പ്രധാനമന്ത്രിയായി. തുടർന്ന് ഇടവേളയ്ക്ക് അറുതികുറിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയിലേക്ക് അധികാരം എത്തുകയും ചെയ്തു. അലക്സി കോസിജിന്റെ സാന്നിധ്യത്തിൽ പാകിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അയൂബ്ഖാനുമായി താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഈ പ്രധാനമന്ത്രി പ്രായേണ വിസ്മൃതനായിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ താഷ്കന്റ് ഇന്ന് ഉസ്ബക്കിസ്ഥാൻ റിപ്പബ്ലിക്കിലാണ്.

കൊറിയക്കും ജപ്പാനുമിടയിലുള്ള മഹാസാഗരം പ്യോങ്യാങ് (Pyongyang) തീരത്ത് പ്രക്ഷുബ്ധമല്ല. എങ്കിലും അടിയൊഴുക്കുകളാൽ പ്രതീക്ഷിക്കാതെ ചതിക്കുന്ന സ്വഭാവം അതിനുണ്ട്. ഇളകിയിളകി നിൽക്കുകയേയുള്ളു ആ ഭാഗത്ത് കടൽ. അതിൽ കഴുത്തറ്റം ഇറങ്ങി മണിക്കൂറുകളോളം കിടന്നു എം എ ബേബിയും ഞാനും. ബേബിക്ക് നീന്തൽ അറിയില്ല എന്നത്‌ പ്രത്യേകം പറയേണ്ടതുണ്ട്.

യാസർ അരാഫത്ത് അടക്കമുള്ള ലോക നേതാക്കൾ പങ്കെടുത്ത ചേരിചേരാ സമ്മേളനം, കോമൺവെൽത്ത് ഉച്ചകോടി, ജി 15 രാഷ്ട്രങ്ങളുടെ ഉച്ചകോടി എന്നിവ റിപ്പോർട്ടുചെയ്യാൻ കഴിഞ്ഞതും പാർലമെന്റിന്റെ ഇരു സഭകളും ഒരു പതിറ്റാണ്ടിലേറെക്കാലം റിപ്പോർട്ടു ചെയ്യാൻ സാധിച്ചതും ഡൽഹി ജീവിതത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പായി മനസ്സിൽ നിൽക്കുന്നു.

ഇന്ദിരാഗാന്ധി, ചന്ദ്രശേഖർ, വി പി സിങ്, രാജീവ് ഗാന്ധി, ദേവഗൗഡ, ഐ കെ ഗുജറാൾ, ചരൺസിങ്, ബഹുഗുണ, സോമനാഥ് ചാറ്റർജി, വാജ്പേയി, എൽ കെ അദ്വാനി, റാംജിത് മലാനി, ദേവി ലാൽ, ജോർജ് ഫെർണാണ്ടസ്, മധുദന്തവാതെ, ശങ്കർദയാൽ ശർമ, ആർ വെങ്കിട്ടരാമൻ, പ്രണബ് മുഖർജി തുടങ്ങിയ ദേശീയ നേതാക്കളുമായി ഇടപഴകാനുള്ള സന്ദർഭമുണ്ടായി ഡൽഹി ജീവിതത്തിൽ എന്നതു പത്രപ്രവർത്തനത്തിന്റെ ഒരു ഉപലബ്ധിയായി.

ശങ്കർദയാൽ ശർമ

ശങ്കർദയാൽ ശർമ

ശങ്കർദയാൽ ശർമ

ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തോടൊപ്പം നടത്തിയ ഒരു യാത്ര മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഉപരാഷ്ട്രപതിക്കായുള്ള പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ലാൻഡ്‌ ചെയ്യേണ്ട സമയമായിട്ടും ലാൻഡ്‌ ചെയ്യുന്നില്ല. ഇടയ്ക്കു താഴുന്നു; പൊങ്ങുന്നു. പിന്നീടാണറിഞ്ഞത്, ലാൻഡിങ്ങിൽ താഴേണ്ട ചക്രങ്ങൾ താണുവരുന്നില്ല.

ഒടുവിൽ കടലിലിറക്കാനായി ശ്രമം. നാവികസേനയെ ജാഗ്രതപ്പെടുത്തി. കടലിൽ നാവികസേനാ വാഹനങ്ങൾ നിരന്നു. അവിടെ ലാൻഡ്‌ ചെയ്യുന്നതിനു തൊട്ടുമുമ്പായി ഒന്നുകൂടി റൺവേയിൽ ശ്രമം നടത്താൻ പൈലറ്റ്‌ ശ്രമിച്ചതു ഫലിച്ചു. വിമാനം താണു. ഒന്നുമറിയാതെ, ശങ്കർദയാൽ ശർമ ‘ബ്രഹ്മസൂത്രം’ വായിച്ചിരിക്കുന്നതു കാണാമായിരുന്നു ഉത്‌കണ്ഠയുടെ മുൾമുനയിൽ നിന്ന ആ നിമിഷങ്ങളിലും.

മനസ്സിലുള്ള മറ്റൊരു വിമാനയാത്ര എ‐320ന്റെ ഒരു ഫ്ളീറ്റ് എയർ ഇന്ത്യ വാങ്ങിയ ഘട്ടത്തിലേതാണ്! ഉദ്‌ഘാടന ഫ്ളൈറ്റ് ബോംബെയിലേക്ക്. അതിൽ പത്രക്കാരെയും കൂട്ടിയിരുന്നു. അതിൽ ഞാനും ഉൾപ്പെട്ടു. ബോംബെയിൽ ചെന്നു സുഖമായി ഇറങ്ങി.  Fly by Fire    എന്ന joystick   സമ്പ്രദായ പ്രകാരമാണ് പുതിയ വിമാനത്തിന്റെ പറക്കൽ. അത് കോക്പിറ്റിൽ വെച്ചു ഞങ്ങൾക്കു പറഞ്ഞുതന്ന പൈലറ്റിന്റെ മുഖം ഇപ്പോഴും ഓർമിക്കുന്നു. ഏതായാലും പിന്നീടുള്ള അതിന്റെ പറക്കൽ ബാംഗ്ലൂരിലേക്കായിരുന്നു. ബാംഗ്ലൂരിൽ അതു കത്തിയെരിഞ്ഞു വീണു. ആ പൈലറ്റും യാത്രക്കാരുമടക്കം ഇരുനൂറിൽപരം പേരാണ് അന്നു കൊല്ലപ്പെട്ടത്.

എൺപതുകളുടെ തുടക്കത്തിൽ ദേശാഭിമാനി ഡൽഹി ബ്യൂറോയിൽ എത്തിയതിന്റെ ആദ്യ ഘട്ടങ്ങളിൽ അന്ന് ഇന്ത്യയിലെ അധികാരത്തിന്റെ ദിവ്യനായിരുന്ന സദാചാരി ഓംജി എന്ന ഒരു വ്യാജസന്ന്യാസിയുടെ ആശ്രമത്തിനുള്ളിൽ പഴുതുണ്ടാക്കി ശിഷ്യനായി ചമഞ്ഞു കടന്നുകയറാനും ഒരുപാട് നിയമവിരുദ്ധ പ്രവൃത്തികളുടെ രേഖകളുമായി പുറത്തുവരാനും കഴിഞ്ഞതിന്റെ സാഹസികമായ ഓർമകളുണ്ട്.

എൺപതുകളുടെ തുടക്കത്തിൽ ദേശാഭിമാനി ഡൽഹി ബ്യൂറോയിൽ എത്തിയതിന്റെ ആദ്യ ഘട്ടങ്ങളിൽ അന്ന് ഇന്ത്യയിലെ അധികാരത്തിന്റെ ദിവ്യനായിരുന്ന സദാചാരി ഓംജി എന്ന ഒരു വ്യാജസന്ന്യാസിയുടെ ആശ്രമത്തിനുള്ളിൽ പഴുതുണ്ടാക്കി ശിഷ്യനായി ചമഞ്ഞു കടന്നുകയറാനും ഒരുപാട് നിയമവിരുദ്ധ പ്രവൃത്തികളുടെ രേഖകളുമായി പുറത്തുവരാനും കഴിഞ്ഞതിന്റെ സാഹസികമായ ഓർമകളുണ്ട്.

സദാചാരിയുടെ പ്രവർത്തനങ്ങളുടെ കഥകൾ പരമ്പരയായി അക്കാലത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു. ദേശാഭിമാനിയുടെ പ്രചാരം കാര്യമായി ഓരോ ദിവസവും വർധിക്കുന്നുവെന്നും പരമ്പര പെട്ടെന്ന് നിർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അന്ന് ജനറൽ മാനേജരായിരുന്ന പി കണ്ണൻ നായർ ഫോണിൽ വിളിച്ച് അഭിനന്ദനപൂർവം പറഞ്ഞതോർക്കുന്നു.

അന്നൊക്കെ ദൈനംദിന വാർത്താ ശേഖരണങ്ങൾക്കിടയിലും മാനേജീരിയൽ കാര്യങ്ങൾക്കായി ഏതാണ്ട് നിത്യേനയെന്നോണം ഡൽഹിക്കു പുറത്തു പോകേണ്ടതുണ്ടായിരുന്നു.

മിക്കവാറും ദിവസങ്ങളിലൊക്കെ ഫരീദാബാദിലേക്കു പോകണം. പത്രം അച്ചടിക്കുന്ന മെഷീനിന്റെ സ്പെയർ പാർട്ടുകൾ വാങ്ങലടക്കമുള്ള കാര്യങ്ങൾക്കായി അവിടെപ്പോയി വരുമ്പോഴേക്ക് സന്ധ്യ കഴിയും. എന്നിട്ടു വേണ്ടിവരും വാർത്താ ശേഖരണം.

ഖലിസ്ഥാൻ വാദത്തിന്റെ ഭീകരനാളുകളിൽ മിക്കവാറും എന്നും തന്നെ ഡൽഹിയിൽ എവിടെയെങ്കിലുമൊക്കെ സ്ഫോടനങ്ങളുണ്ടാകും. അതിൽ മലയാളികൾ വല്ലതും ഉൾപ്പെട്ടിട്ടുണ്ടോ എന്നു നോക്കണം. ഒരു തിരുവോണ നാളിൽ വിളമ്പിവെച്ച സദ്യക്കു മുമ്പിൽ നിന്ന് അന്താരാഷ്ട്ര ബസ് ടെർമിനലിലേക്ക് പെട്ടെന്ന് ഓടേണ്ടിവന്നതും അവിടെ ചിതറിത്തെറിച്ച മനുഷ്യ ശരീരങ്ങൾക്കിടയിൽ ഒരു പ്രത്യേക മുഖത്തെ തിരഞ്ഞതും ഓർക്കുന്നു.

സ്ഫോടനങ്ങളുടെ മലയാളി ആംഗിളിന്റെ കാര്യത്തിൽ ദേശാഭിമാനിക്ക് എന്നും ഇതര മലയാള പത്രങ്ങളെക്കാൾ മുമ്പിലാവാൻ ആ നാളുകളിൽ സാധിച്ചു.

പാലക്കാടിനു വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി പാലക്കാടിനു നഷ്ടപ്പെടുന്നു എന്ന് ആദ്യമായി റിപ്പോർട്ടു ചെയ്തത് അന്ന് ദേശാഭിമാനിയാണ്. ഒരു സുഹൃത്തിനോടൊപ്പം റെയിൽവേ മന്ത്രി കമലാപതി ത്രിപാഠിയെ കാണാൻ പോയതായിരുന്നു. പല കാര്യങ്ങൾ പറഞ്ഞിരുന്ന കൂട്ടത്തിൽ പഞ്ചാബിലെ കപൂർത്തലയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാൻ പോകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

അപ്പോൾ പാലക്കാട്ടേതോ എന്നു ഞാൻ ചോദിച്ചു. അതാണ് കപൂർത്തലയിൽ വരാൻ പോകുന്നത് എന്ന് അദ്ദേഹം മറുപടി നൽകി. അത് പിറ്റേന്ന് ദേശാഭിമാനിയിലെ എക്സ്ക്ലൂസീവ് വാർത്തയായി. കേരളം പിന്നീട് എന്നും അക്കാര്യം ചർച്ച ചെയ്തു. ഇന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.

II
സൂഫി സ്മൃതികളുടെ
ചരിത്രസുഗന്ധം

‘I asked my soul, what is Delhi? it replied:
  The world is the body; Delhi it's soul'
 ‐ - Mirza Ghalib

ലോകം ശരീരവും ഡൽഹി അതിന്റെ ആത്മാവുമാണെന്നു കരുതിയ കവിയാണ് മിർസാ ഗലീബ്. ആ ഗലീബിന്റെയടക്കം മൂന്നു കവികളുടെയെങ്കിലും ശവകുടീരങ്ങളുണ്ട് ഹസ്രത് നിസാമുദ്ദീനിൽ.

ഒന്ന്, നിസാമുദ്ദീൻ ഔലിയയുടേതു തന്നെ. മറ്റൊന്ന് മിർസാ ഗലീബിന്റേത്. മൂന്നാമത്തേത്, മിർസാ ഗലീബിനെക്കോൾ വലിയ കവിയായ അമീർ ഖുസ്രുവിന്റേത്.

മിർസാ ഗലീബിന്റെ ശവകുടീരം

മിർസാ ഗലീബിന്റെ ശവകുടീരം


‘കലയിലെ പരമമായ സാക്ഷാൽക്കാരമെന്നത് അസാധ്യമാണെന്നും എന്നാൽ, സമ്പൂർണമായ സാക്ഷാൽക്കാരമെന്ന തീനാളത്തിലേക്കാകർഷിക്കപ്പെടുന്ന ശലഭങ്ങളാണു നമ്മളെന്നും, ആ നാളത്തിലെത്തിയാൽ പിന്നെ നാളമല്ലാതെ നമ്മളില്ല' എന്നും എഴുതിയ സൂഫി കവിയാണ് അമീർ ഖുസ്രു. ഞാൻ എന്റെ ആദ്യ സമാഹാരങ്ങളിലൊന്നിൽ ആ വരികൾ ‘ഉദ്ധരണി'യായി എടുത്തുകൊടുത്തിട്ടുണ്ട്.

ഡൽഹിയിലെത്തിയതിന്റെ ആദ്യ ദിവസങ്ങളിലൊന്നിൽത്തന്നെ ജനസംസ്കൃതിയിലെ ശിവരാമകൃഷ്ണനും ഹരിദാസും എന്നെ ഈ മൂവരും അന്ത്യവിശ്രമം കൊള്ളുന്ന സൗത്ത് ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലേക്കു കൊണ്ടുപോയി.

ദുർഗന്ധം വമിക്കുന്ന ബാഹ്യാന്തരീക്ഷത്തെ വകഞ്ഞുമാറ്റി അകത്തേക്കു കടന്നപ്പോൾ സുഗന്ധപൂരിതമായ അന്തരീക്ഷം. എത്ര മുസ്ലിങ്ങൾ എത്തുന്നുവോ, അത്ര തന്നെ ഹിന്ദുക്കളും അവിടെ എത്തുന്നു. അവർ ചന്ദനപ്പാളികളും കർപ്പൂരവും ചന്ദനത്തിരിയും ഒക്കെ കത്തിച്ചുവെയ്‌ക്കുന്നു.

വിരിച്ച മാർബിൾ ഫലകങ്ങളിലായി ധ്യാനനിരതരെന്നപോലെ ചിലർ ഇരിക്കുന്നു. അവർ ഒരു സംഗീതധാരയിൽ സ്വയം നഷ്ടപ്പെട്ടെന്നപോലെ ഒഴുകുകയാണ്. ഇന്ത്യയുടെ ഏതോ ഭാഗത്തു നിന്നെത്തിയ പ്രശസ്‌തനായ ഏതോ കലാകാരൻ ഖവാലി ആലപിക്കുകയാണ്. ഞങ്ങൾ പാട്ടുകേട്ട് അതിൽ സ്വയം നഷ്ടപ്പെട്ട് അങ്ങനെയിരുന്നു.

അമീർ ഖുസ്രുവും മിർസാ ഗലീബും നിസാമുദ്ദീനുമൊക്കെ അവിടെ ഞങ്ങൾക്കൊപ്പം ഇരുന്ന് സംഗീതമാസ്വദിക്കുന്നുവെന്ന തോന്നൽ! ഇവരൊക്കെ സൂഫി കവികളായിരുന്നു. ഉർദുവിലും പേർഷ്യയിലും ടർക്കിഷിലും ഒക്കെ എഴുതിയിരുന്നവർ.

അമീർ ഖുസ്രുവിന്റെ ശവകുടീരം

അമീർ ഖുസ്രുവിന്റെ ശവകുടീരം

മതാതീതമായ ആത്മീയതയുടെ സുഗന്ധം പടർത്തിയവർ.

അഞ്ചുനേരം നിസ്കരിക്കുന്ന കടുത്ത വിശ്വാസിയായ ഇസ്ലാം ആയിരുന്നു മിർസാ ഗലീബ്. പക്ഷേ, നന്നായി മദ്യപിക്കുമായിരുന്നു.

ഒരിക്കൽ മസ്ജിദിന്റെ അങ്കണത്തിലിരുന്നു മദ്യപിക്കവെ ഒരു മൗലവി വന്നു തടഞ്ഞു. ഇത് ദൈവത്തിന്റെ ആലയമാണ്. മറ്റ് എവിടെയെങ്കിലും പോയിരുന്നു മദ്യപിക്കൂ. മിർസാ ഗലീബ് അദ്ദേഹത്തെ ചേർത്തുനിർത്തി കാതിൽ ചോദിച്ചു.

‘കോയി ഐസാ ജഗാ ബതാദോ,
ജഹാം ഖുദാ നഹിഹെ'!

ദൈവം ഇല്ലാത്ത സ്ഥലം ഒന്നു കാണിച്ചുതരാമോ? മസ്ജിദിലിരുന്നു തന്നെ മദ്യപിച്ചുകൊള്ളാൻ മൗലവി അനുവദിച്ചു എന്നാണ്‌ കഥ.

ഫ്രഞ്ച് എക്സിസ്റ്റൻഷ്യലിസത്തിന് എത്രയോ മുമ്പുതന്നെ അസ്തിത്വവാദപരമായ ആശയങ്ങളുടെ സാന്നിധ്യങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഈ കവികളിൽ തെളിഞ്ഞിരുന്നു!

ബലിമാരൻഗലിയിൽ മിർസാ ഗലീബിന്റെ താമസസ്ഥലം കാണാം. അദ്ദേഹം വലിച്ചിരുന്ന ഹുക്ക കാണാം; രചനകളുടെ കൈയെഴുത്തു പ്രതികളും കാണാം. ഡൽഹി എന്നത് നൂറ്റാണ്ടിന്റെ മാത്രം പഴക്കമുള്ള കൊണാട് പ്ലെയ്സല്ല, ജുമാ മസ്ജിദും ചെങ്കോട്ടയും ഒക്കെയുള്ള ആ പുരാതന ഡൽഹിയാണ്.

ഡൽഹി ശവകുടീരങ്ങളുടെ നഗരിയാണെങ്കിലും ഹസ്രത് നിസാമുദ്ദീനിൽ പൊള്ളയായ ശവകുടീരങ്ങളല്ല, സാഹിത്യത്തിന്റെ, സംഗീതത്തിന്റെ ആത്മാവു സ്പന്ദിക്കുന്ന ശവകുടീരങ്ങളാണുള്ളത്.

മുഗൾഭരണത്തിന്റെ അവസാന ഘട്ടത്തിൽ ജീവിച്ച ഉർദു‐പേർഷ്യൻ കവിയാണ് മിർസാ ഗലീബ്. ഡൽഹി രൂപപ്പെടുത്തിയ കവി എന്നു പറയാം.

‘മസ്ജിദ് കെ സെർ‐എ‐സായാ
എക് ഖർ ബനാലിയാ ഹേ
യെ ബന്ദാ‐എ‐കമീനാ
ഹം‐സായാ‐എ‐ഖുദാ ഹേ'

‘മസ്ജിദിന്റെ നിഴലിൽ ഞാനൊരു വീടുവെച്ചു. തെമ്മാടിയായ ഒരുവൻ ദൈവത്തിന്റെ അയൽക്കാരനായി' എന്ന് എഴുതിയ മിർസാ ഗലീബ് എവിടെയും വീടുവെച്ചില്ല തന്റെ ജീവിതത്തിൽ. ജീവിതം ഒരിടത്തു തങ്ങാനുള്ളതല്ല, സഞ്ചരിക്കാനുള്ളതാണെന്നു മീർസാ ഗലീബ് കരുതി.

കെ എം വാസുദേവൻ, ജോൺബ്രിട്ടാസ്‌, പ്രഭാവർമ്മ (80കളുടെ തുടക്കത്തിൽ  ഡൽഹിയിൽ )

കെ എം വാസുദേവൻ, ജോൺബ്രിട്ടാസ്‌, പ്രഭാവർമ്മ (80കളുടെ തുടക്കത്തിൽ ഡൽഹിയിൽ )

മുഗൾ സാമ്രാജ്യം തകർന്നുതുടങ്ങുകയും ബ്രിട്ടീഷ് സാമ്രാജ്യത്വം ഉദിച്ചുയരുകയും ചെയ്തു തുടങ്ങിയ ഘട്ടത്തിലായിരുന്നു ജീവിതം. ഈ ഘട്ടം അദ്ദേഹത്തിന്റെ രചനകളിൽ നന്നായി പ്രതിഫലിക്കുകയും ചെയ്തു.

ബഹദൂർ ഷാ സഫർ ആയിരുന്നു പതിമൂന്നാം വയസ്സിൽ ജന്മനാടായിരുന്ന ആഗ്രയിൽനിന്നു ഡൽഹിയിലേക്കു മിർസ വരുമ്പോൾ രാജാവ്. മോമിൻഖാൻ മൊമിൻ, ദാഖ് ദഹൽവി തുടങ്ങിയ ഉർദു കവികളുടെ കാലം.

കൊട്ടാരസദസ്സുകളിലും തെരുവുകളിലും ഒരുപോലെ ഏതു കവിയുടെ വരികൾ പാടപ്പെടുമോ, ആ കവിയെ തോൽപ്പിക്കാൻ ആർക്കു കഴിയും എന്ന ചോദ്യം മിർസയുടേതായി എല്ലാ കാലത്തും മുഴങ്ങിനിൽക്കും.

ബഹദൂർഷാ സഫർ ചക്രവർത്തിയിൽ നിന്നടക്കം എത്രയോ ബഹുമതികൾ ലഭിച്ചിരിക്കുന്നു. എത്ര പണവും ഏത്‌ അധികാരസ്ഥാനവും ലഭിക്കുമായിരുന്നു. അദ്ദേഹം ഒന്നും കൈക്കൊണ്ടില്ല. ഉർദു ‐ പേർഷ്യൻ ‐ ടർക്കിഷ് ഭാഷകളിൽ അദ്ദേഹം കവിതകളെഴുതി.

ഡൽഹിയെ ഏറെ സ്നേഹിച്ച ഗലീബ്, ലോകം ശരീരമാണെങ്കിൽ ഡൽഹി അതിന്റെ ആത്മാവാണെന്നു വിശ്വസിച്ചു. പതിമൂന്നാം വയസ്സിൽ വിവാഹിതനായതിനെത്തുടർന്ന് ഡൽഹിയിലെത്തിയ ഗലീബ് പിന്നീട് എക്കാലവും ഡൽഹിയുടെ പുത്രനായിത്തന്നെ ജീവിച്ചു. 1869ൽ ഗലീബിന്റെ മരണത്തോടെ മുഗൾ ഭരണകാലത്തെ പ്രതിഭാധനനായ അവസാനത്തെ കവിയും പൊലിഞ്ഞുപോവുകയായിരുന്നു.

ഹസ്രത്ത് നിസാമുദ്ദീനിൽ തന്നെയാണ് ഗലീബിനെ ഖബറടക്കിയത്. ഗലീബിന്റെ പഴയ ഡൽഹിയിലെ വസതി ഇന്ന് ഒരു പൈതൃക സ്മാരകമാക്കി മാറ്റിയിരിക്കുന്നു.

കവിയുടെ അർധകായ ശിൽപ്പം അവിടെ കാണാം. ഗലീബ് എന്നും അസദ് എന്നും ഉള്ള പേരുകളിൽ കവിതയെഴുതിയിരുന്നു ഗലീബ്. ഒരു സംക്രമഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു പറഞ്ഞുവല്ലൊ. ആ കാലത്തെ അദ്ദേഹം നന്നായി പകർത്തിവെച്ചു.

‘ഒരു രക്തക്കടൽ എനിക്കു ചുറ്റുമായി
കടയപ്പെടുന്നു.ഇനി ഞാൻ എന്തൊക്കെ
കാണേണ്ടിവരുമെന്ന് ഭാവിക്കു മാത്രം അറിയാം'

എന്ന് അദ്ദേഹം രേഖപ്പെടുത്തിവെച്ചു. സങ്കൽപ്പങ്ങൾക്ക് എത്താനാവാത്തിടത്താണു തന്റെ ദൈവമെന്നും ‘‘സ്വർഗത്തിൽ തനിക്ക് ശുദ്ധമായ വീഞ്ഞു കിട്ടുമായിരിക്കും; എന്നാൽ സ്വർഗത്തിലെവിടെയാണ് മഴമേഘം? വിരഹത്തിന്റെ വേദനയും ഒത്തുചേരലിന്റെ സന്തോഷവും'' എന്ന് അദ്ദേഹം എഴുതി. അനശ്വരനായ കവി എന്നല്ലാതെ മിർസാ ഗലീബിനെക്കുറിച്ച് എന്തെഴുതാൻ?
രാഷ്ട്രീയമായ കീഴടങ്ങലുകളുടെ ചരിത്രമാണ് ഡൽഹിയുടെ ചരിത്രം. എന്നാൽ, അങ്ങിങ്ങായി നിർഭയമായ മനസ്സും ഉന്നതമായ ശിരസ്സുമുള്ള ചില ചരിത്ര കഥാപാത്രങ്ങളെ കാണാം.

അവർ രാജാക്കളല്ല, ചക്രവർത്തികളല്ല, എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്നുവെച്ച സൂഫികളാണ്; കവികളാണ്, സംഗീതജ്ഞരാണ്. അവരുടെ ചരിത്രം കൂടിയാണ് ഡൽഹിയുടെ ചരിത്രമെന്ന് ഹസ്രത് നിസാമുദ്ദീനിൽ ചെലവഴിച്ച ഓരോ നിമിഷവും മനസ്സ് ആവർത്തിച്ചുറപ്പിച്ചു. ആ ചക്രവർത്തിമാർക്കല്ല, ഈ കലാകാരന്മാർക്കാണ് മരണാനന്തര ജീവിതമുള്ളത്. അവരിലൂടെയാണ് ഡൽഹിയുടെ സാംസ്കാരികത സ്പന്ദിക്കുന്നത്.

‘ഡൽഹിയിൽ നിന്നെന്തു
കൊണ്ടുപോകുന്നു ഞാൻ
സ്വപ്നമോ, സ്വപ്നങ്ങൾ പോലും
പിറക്കാത്ത നിശ്ശബ്ദമായ
നിശ്ശൂന്യരാപ്പാതിയോ?'

എന്നു ഞാൻ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. ഏതായാലും ഈ ഡൽഹി എന്നും എന്റെ കൂടെപ്പോന്നിട്ടുണ്ട്. ഡൽഹി ജീവിതം, അതിൽ പരിചയിച്ച കാര്യങ്ങൾ, അതു തുറന്നുതന്ന ദൃശ്യങ്ങൾ ഒക്കെ എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലത്തെ ഡൽഹി ജീവിതമില്ലായിരുന്നെങ്കിൽ, ഇന്നത്തെ ഞാൻ ഉണ്ടാവുമായിരുന്നില്ല എന്നതാണു സത്യം.

‘A Moveable Feast'  എന്ന കൃതിയിൽ ഏണസ്റ്റ് ഹെമിങ്വേ പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ ഓർമിക്കാറുണ്ട്. ‘‘If you are lucky enough to have lived in Paris, as a young man, then whereever you go for the rest of your life, it stays with you, for Paris is a moveable feast.'' അതെ, ഡൽഹിയും ഒരു സഞ്ചരിക്കുന്ന സദ്യ തന്നെ. അത് പിന്നീടെക്കാലവും ഞാൻ പോയയിടത്തൊക്കെ എന്റെ കൂടെ വന്നിട്ടുണ്ട്. യൗവ്വനകാലം ഡൽഹിയിൽ കഴിക്കാൻ ഭാഗ്യമുണ്ടായവനാണല്ലൊ ഞാൻ!

കുത്തബ്‌ മിനാർ

കുത്തബ്‌ മിനാർ

ഉന്നതമായ ശിരസ്സുകളെക്കുറിച്ചു പറഞ്ഞുവല്ലൊ. ഉയർന്നു കാണുന്ന പ്രധാന ശിരസ്സുകളിലൊന്ന് അമീർ ഖുസ്രുവിന്റേതു തന്നെയാണ്. ഈ മധ്യകാല കവിയുടെ കവിതകളും ഗസലുകളും ഏഷ്യയിലാകെ പ്രചരിച്ചു. ബോളിവുഡ് സിനിമയിൽ വരെ ഇന്നും പുതിയ സംഗീതസമ്പ്രദായങ്ങളിൽ അദ്ദേഹത്തിന്റെ വരികൾ പുതുതലമുറ ഏറ്റെടുക്കുന്ന രീതി വന്നു.

എല്ലാ കാലത്തിന്റെയും കവിയായി മാറുകയാണ് അമീർ ഖുസ്രു എന്നത് ഒറ്റ ഉദാഹരണം കൊണ്ടു വ്യക്തമാക്കാം. അബീദാ പർവീണും രഹത് ഫത്തേഅലിഖാനും അമീർ ഖുസ്രുവിന്റെ ‘ചാപ് തിലക്' ആധുനികശൈലിയിൽ ആലപിച്ചപ്പോൾ 270 ലക്ഷം കാഴ്ചക്കാരാണ് അതിനുണ്ടായത് ഓൺലൈനിൽ! അന്തരിച്ച് 700 വർഷം കഴിഞ്ഞ ഘട്ടത്തിലും അമീർ ഖുസ്രു ജീവിക്കുന്നു. ഹിന്ദു‐മുസ്ലിം സാംസ്കാരിക സമന്വയത്തിന്റെ ഗംഗാ‐യമുനാ സംഗീതധാരയ്ക്കു തുടക്കമിട്ടത് ഖുസ്രുവാണെന്നു പറയണം.

സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്നു. ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രത്യേകത, ഡൽഹിയിൽ അദ്ദേഹത്തിന്റെ ജീവിതഘട്ടത്തിൽ പതിനൊന്നു സുൽത്താന്മാർ മാറിമാറി വന്നുവെന്നതും അതിൽ അഞ്ചു സുൽത്താന്മാരുടെയും കൊട്ടാര കവിയായി ഖുസ്രു ഇരുന്നു എന്നതുമാണ്. എഴുതുന്നതൊക്കെ തങ്ങളെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാണെന്നു സുൽത്താന്മാർ കരുതി. എന്നാൽ, ഖുസ്രു എഴുതിയതൊക്കെ പ്രപഞ്ചശക്തിയുടെ സ്തോത്രങ്ങളായിരുന്നു.

ഹസ്രത്ത് നിസാമുദ്ദീന്റെ ശിഷ്യനായിരുന്ന അമീർ ഖുസ്രുവിന്റെ ശവകുടീരം ഹസ്രത് നിസാമുദ്ദീൻ ദർഗയിൽത്തന്നെയായി എന്നത് ചരിത്രത്തിന്റെ ഒരു ഔചിത്യം! അന്ത്യകാലത്ത് മുൾട്ടാനിലായിരുന്നു ഖുസ്രു. മുൾട്ടാൻ ഗവർണർ മാലിക് സുൽത്താൻ മുഹമ്മദ് നല്ല കവികളെയും സംഗീതജ്ഞരെയും തന്റെ സദസ്സിലെ സ്ഥിര അതിഥികളാക്കിയിരുന്നു.

ഖുസ്രു അക്കാലത്ത് കൊട്ടാരം കവിയായി മാത്രമല്ല, സുൽത്താന്റെ സൈനിക ഓഫീസർ കൂടിയായി സേവനമനുഷ്ഠിച്ചു. ടിമുർഖാന്റെ ആക്രമണമുണ്ടായതോടെ ഖുസ്രുവിന്റെ പ്രതാപം അസ്തമിച്ചു. രാജകുമാരനെ ഖാൻ തടവിലിട്ടു. ഖുസ്രുവിനെ ബന്ദിയാക്കി. എന്നാൽ, ഖുസ്രു പിന്നീട് മോചിതനാവുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. ആ ഘട്ടത്തിലാണ് പിൽക്കാലത്ത് പ്രശസ്തങ്ങളായ ഒരുപാടു ഗസലുകൾ അദ്ദേഹം എഴുതുന്നത്.

പ്രഭാവർമ ആദ്യകാല ഫോട്ടോ

പ്രഭാവർമ ആദ്യകാല ഫോട്ടോ

ഇന്ത്യയുടെ വീണയും ഇറാന്റെ തംബുരുവും കലർത്തി ‘സിത്താർ' എന്ന സംഗീത ഉപകരണം രൂപപ്പെടുത്തിയത് അമീർ ഖുസ്രുവാണെന്നു കരുതപ്പെടുന്നു. മൃദംഗത്തെ പരിഷ്കരിച്ച് തബലയാക്കിയതും ഇദ്ദേഹം തന്നെ. ഖവാലി സംഗീതശാഖയുടെ ഉപജ്ഞാതാവ്!


ഖുസ്രുവിന്റെ സംഗീതത്തെയും കവിതയെയും കുറിച്ച് ഇങ്ങനെ പറയാറുണ്ട്:

‘ഖുസ്രു ദര്യാ പ്രേം കാ
 ഉൾട്ടീ വാ കി ധാർ
 ജോ ഉത്രാ സോ ഡൂബ് ഗയാ
 ജോ ഡൂബാ സോ പാർ'

അതായത്,

‘ഓ ഖുസ്രു, സ്നേഹത്തിന്റെ നദിയാണു നീ.
അതിലേക്കിറങ്ങുന്നവൻ
അതിൽ മുങ്ങുന്നു;
മുങ്ങുന്നവൻ അക്കരെയെത്തുന്നു'.

സത്യമാണ്, ഖുസ്രുവിന്റെ കവിത, സംഗീതം അപാരതയാണ്. അതിലേക്കിറങ്ങുന്നവൻ സ്വയം മറന്ന് അതിൽ ലയിച്ചുപോവുന്നു. അനുഭൂതികളുടെ അക്കരകളിൽ എത്തുകയും ചെയ്യുന്നു.

ഡൽഹി! മണൽത്തരികളിൽ വരെ ചരിത്രം സ്പന്ദിക്കുന്ന നാട്! ചരിത്രപ്രസിദ്ധമെങ്കിലും ഇപ്പറഞ്ഞ രണ്ടു മൂന്ന് ദൃഷ്ടാന്തങ്ങൾ മാറ്റിവെച്ചാൽ ഡൽഹിക്കു തനിമയാർന്ന ഒരു സാംസ്കാരിക സ്വത്വമില്ല എന്ന് പ്രാരംഭഘട്ടത്തിൽത്തന്നെ തോന്നി.

ഒന്ന്: അധിനിവേശങ്ങൾക്കു കീഴ്പ്പെട്ട ചരിത്രമേ ഈ നഗരത്തിനുള്ളു. ആരു വന്ന് ആക്രമിച്ചാലും കീഴടങ്ങിക്കൊടുക്കും. അതുകൊണ്ടുതന്നെ മൗലികത എന്നൊന്ന് ഇല്ലാതായി. രണ്ട്: ഡൽഹിക്കാർ എന്നൊരു കൂട്ടരില്ല, ഈ നഗരത്തിൽ.

മറ്റെവിടെനിന്നെങ്കിലുമൊക്കെ വന്നു കഴിയുന്നവരേയുള്ളു. തീർത്തും ഡൽഹിക്കാർ എന്നു പറയാവുന്നവർ രണ്ടോ മൂന്നോ ശതമാനമുണ്ടെങ്കിലായി. ആ വഴിക്കും സ്വത്വം ചോർന്നുപോയി.

മൗര്യ‐മുഗൾ ഭരണഘട്ടങ്ങൾക്കിടയിൽ തനതായ ജനതയും സംസ്കാരവും ഉണ്ടായിരുന്ന നഗരത്തിന് എന്നാണ് അതൊക്കെ കൈമോശം വന്നുപോയത്?

സംസ്കാരങ്ങളുടെ അസ്ഥികൂടങ്ങളായി പുരാണാകിലയും ഖുത്തബ്മിനാറും സഫ്ദർ ജങ്ങും ഒക്കെയുണ്ടെങ്കിലും ഡൽഹി എന്തുകൊണ്ടോ ഒരു ശവകുടീര നഗരി മാത്രമായി എനിക്ക് അനുഭവപ്പെട്ടു. അവിടെയുള്ളവർ ആത്മാവില്ലാതെ അലയുന്ന ശരീരക്കൂട്ടങ്ങളായും.

സംസ്കാരങ്ങളുടെ അസ്ഥികൂടങ്ങളായി പുരാണാകിലയും ഖുത്തബ്മിനാറും സഫ്ദർ ജങ്ങും ഒക്കെയുണ്ടെങ്കിലും ഡൽഹി എന്തുകൊണ്ടോ ഒരു ശവകുടീര നഗരി മാത്രമായി എനിക്ക് അനുഭവപ്പെട്ടു. അവിടെയുള്ളവർ ആത്മാവില്ലാതെ അലയുന്ന ശരീരക്കൂട്ടങ്ങളായും.

മൗര്യകാലം ഫെറോസ്ഷാ കോട്ടയിലെയും ഡൽഹി സർവകലാശാലാ പരിസരത്തെയും അശോക ചക്രവർത്തിയുടെ സ്തംഭങ്ങളാൽ അടയാളപ്പെട്ടുനിൽക്കുന്നു. മണൽക്കല്ലിൽ തീർത്ത സ്തംഭങ്ങൾ ഫെറോസ്ഷാ തുഗ്ലക് കൊണ്ടുവന്നു സ്ഥാപിച്ചതത്രെ. ഡൽഹിക്കു സമീപമുള്ള സൂരജ് കുണ്ഡ് എന്ന വലിയ ജലാശയം രജപുത്രകാലത്തെ ഓർമിപ്പിക്കുമ്പോൾ ഖുത്തബ്മിനാർ അടിമവംശത്തെ ഓർമിപ്പിക്കുന്നു. സഫ്ദർ ജങ്‌ മുഗൾ വംശപരമ്പരയുടെ പ്രതീകമായി നിൽക്കുന്നു.

ഇവയൊക്കെ സത്യത്തിൽ കീഴടങ്ങലിന്റെ ചരിത്രത്തെ കൂടിയാണ് ഓർമിപ്പിക്കുന്നത്. എത്രയോ വംശങ്ങൾ വന്നു. ഓരോന്നിന്റെയും മുമ്പിൽ തലതാഴ്ത്തിക്കൊടുത്തു ഈ പുരാതന നഗരം.

മൗര്യവംശം, രജപുത്ര വംശം, സുൽത്താന്മാർ, അടിമവംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോധി വംശം, മുഗൾ വംശം എന്നിങ്ങനെ പല പല വംശങ്ങൾ നടത്തിയ തേരോട്ടങ്ങളിൽ അമർന്നുപോയിക്കാണണം ഡൽഹിയുടെ ചരിത്രസ്മൃതികൾ! ഓരോ വംശവും മുൻ വംശങ്ങളുടേതിനെ തിരുത്തി സ്വന്തം വംശചരിത്രമെഴുതിയപ്പോൾ റദ്ദായത് പൗരാണിക കാലം മുതൽക്കേയുള്ള ഡൽഹിയുടെ ചരിത്രമാണ്.

1911 ലോ മറ്റോ ആണല്ലൊ, ഡൽഹിയിലെ കിരീടധാരണ മഹോത്സവത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ തലസ്ഥാനം കൽക്കത്തയിൽനിന്നു ഡൽഹിയിലേക്കു മാറ്റിയത്. 1931 ൽ പുതു ദില്ലി നിലവിൽ വരികയും ചെയ്തു.

1911 ലോ മറ്റോ ആണല്ലൊ, ഡൽഹിയിലെ കിരീടധാരണ മഹോത്സവത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ തലസ്ഥാനം കൽക്കത്തയിൽനിന്നു ഡൽഹിയിലേക്കു മാറ്റിയത്. 1931 ൽ പുതു ദില്ലി നിലവിൽ വരികയും ചെയ്തു. പൂർവ സംസ്കൃതികൾ മായ്ക്കപ്പെടുകയും 1931 ൽ മാത്രമേ ദില്ലി ചരിത്രം ആരംഭിക്കുന്നുള്ളു എന്ന പ്രതീതി ഉളവാവുകയും ചെയ്തു അതോടെ.

ഒ വി വിജയൻ ഡൽഹിയിൽനിന്ന് എഴുതിക്കൊണ്ടിരുന്ന ഒരു പംക്തിയുടെ പേര് ഇന്ദ്രപ്രസ്ഥാനത്തിൽനിന്ന് എന്നായിരുന്നു. ഈ നഗരത്തിന് ഇന്ദ്രപ്രസ്ഥം എന്ന് പേരുകൊടുക്കാമോ? പാണ്ഡവ രാജധാനിയായിരുന്നല്ലൊ ഇന്ദ്രപ്രസ്ഥം. അത് പുരാണാകിലയിലായിരുന്നുവെന്നു പറയുന്നു.

എന്നാൽ, അങ്ങനെയുള്ള ഒന്നിനെ സൂചിപ്പിക്കുന്ന എന്തെങ്കിലും പുരാണാകിലയിൽ ഞാൻ കണ്ടില്ല. ചെങ്കോട്ടയ്ക്കുള്ളിലാകട്ടെ മോത്തീമസ്ജിദ് കാണാനുണ്ടു താനും. ഔറംഗസീബ് നിർമിച്ചതാണിത്. മുൻകാലത്തെ ചരിത്രാവശിഷ്ടങ്ങൾക്കുമേൽ ഇതു സ്ഥാപിച്ചു എന്നു വേണമെങ്കിൽ പറയാം.

എന്നാൽ, അവിടെയെവിടെയെങ്കിലും ‘ഇന്ദ്രപ്രസ്ഥം' ഉൽഖനനങ്ങളിൽ പോലും തെളിഞ്ഞിട്ടില്ല എന്ന വസ്തുത അവശേഷിക്കുന്നു. അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഇന്നത്തെ ശ്രീനിവാസപുരിക്കടുത്തുള്ള അരാവതി പർവതനിരയിൽ കാണാനുണ്ട്.

ഡൽഹി എന്നു കേൾക്കുമ്പോൾ മനസ്സ് ചാന്ദ്നിചൗഖിലേക്കു പോകും.

ചാന്ദ്‌നി ചൗഖ്‌

ചാന്ദ്‌നി ചൗഖ്‌

നിലാവിന്റെ ചത്വരം! നിലാവിന്റെ മാത്രമല്ല, ബഹുസ്വരതയുടെ കൂടി ദേശമാണ്. ചെങ്കോട്ട കഴിഞ്ഞാലുടൻ ജയിൻ മന്ദിർ, അപ്പുറത്തു ബുദ്ധവിഹാർ, അതിനപ്പുറത്ത്‌ ഗുരുദ്വാര, പിന്നെ മസ്ജിദ്, ക്ഷേത്രം... എല്ലാം ഒേരഘട്ടത്തിൽ തന്നെയുണ്ടായവ! ചാന്ദ്നി ചൗഖിന്റെ  ഈ മതേതര പ്രതീക സ്വഭാവം എന്തുകൊണ്ടോ വേണ്ട പോലെ ഉയർത്തിക്കാട്ടപ്പെട്ടില്ല.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവു വ്യാപാര കേന്ദ്രം കൂടിയാണ് ചാന്ദ്നിചൗഖ്.

തോമാർ രജപുത്രന്മാർ എ സി പത്താം നൂറ്റാണ്ടോടെ ഡൽഹി തലസ്ഥാനമാക്കിയതോടെയാണ് ഈ നഗരത്തിന് പ്രാധാന്യമുണ്ടായത്.

സംസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനമായ ലാൽകോട്ട്  ഇവർ സ്ഥാപിച്ചതാണത്രെ. തോമാർ വംശത്തെ ഗസ്നവീറുകൾ പരാജയപ്പെടുത്തി. പിന്നീട് ഡൽഹി ചൗഹാന്മാരുടെ കൈയിലായി.

പൃഥ്വിരാജ് ചൗഹാൻ കിലരാജ് പിത്തോറ എന്ന കോട്ട നിർമിച്ചു. പൃഥ്വിരാജിനെ മുഹമ്മദ് ഗോറി തോൽപ്പിച്ചു.

അടിമവംശത്തിലെ കുത്തബ്ദീൻ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മിനാരസ്തംഭം തീർക്കാൻ നിശ്ചയിച്ച് കുത്തബ്മിനാറിനു തറക്കല്ലിട്ടു. അടുത്ത തലമുറ രാജാക്കന്മാരാണ് അത് പൂർത്തീകരിച്ചത്. പിന്നീടാണ് ഖിൽജി വംശ പരമ്പര കടന്നുവരുന്നത്.

പതിനാലാം നൂറ്റാണ്ടിലാണത്. തുടർന്ന് തുഗ്ലക് വംശപരമ്പരയ്ക്കും സയ്യിദ് വംശ പരമ്പരയ്ക്കും ലോധി വംശ പരമ്പരയ്ക്കും മുമ്പിൽ ഡൽഹി ശിരസ്സു കുനിച്ചുകൊടുത്തു. അതുകൊണ്ടാണ് ആരൊക്കെ വന്നോ, അവർക്കെല്ലാം മുമ്പിൽ കീഴടങ്ങിക്കൊടുത്ത നഗരം എന്ന പേരാവും ഡൽഹിക്ക് കൂടുതൽ ചേരുക എന്നു പറയേണ്ടിവരുന്നത്.

കീഴടങ്ങലിന്റെ ഇത്ര ദൈർഘ്യമേറിയ, വിസ്തൃതമായ ചരിത്രം ഇന്ത്യയിലെ മറ്റൊരു ഭാഗത്തിനുമില്ല എന്നു പറയാം. മലയാളിക്ക്‌ പ്രത്യേകിച്ചും ഇതു പറയാം. കാരണം, ഒരു വിദേശ സൈന്യത്തെ യുദ്ധം ചെയ്തു മുട്ടുകുത്തിച്ച ചരിത്രം‐ ഡച്ച് സൈന്യത്തെ നാവിക യുദ്ധത്തിൽ തോൽപ്പിച്ചോടിച്ച മാർത്താണ്ഡവർമയുടെ ചരിത്രം, കുളച്ചൽ യുദ്ധത്തിന്റെ ചരിത്രം ‐ നമുക്ക് അവകാശപ്പെട്ടതായുണ്ടല്ലൊ. ഡൽഹിക്കു ചെറുത്തുനിൽപ്പിന്റെ ചരിത്രമില്ല. നിരുപാധികമായ കീഴടങ്ങലിന്റെ ചരിത്രമേയുള്ളു.

ലോധിയെ 1526 ൽ പാനിപ്പത്തിൽ തോൽപ്പിച്ച് ബാബർ കടന്നുവന്നപ്പോൾ ഡൽഹി ശിരസ്സു നമിച്ച് ആ അധിനിവേശത്തെയും സ്വീകരിച്ചു. മുഗൾ വംശാധിപത്യം ബാബറിൽനിന്നു ബഹദൂർഷായിലേക്കു നീണ്ടു. ഷാജഹാന്റെ കാലത്ത്‌ ഡൽഹി വീണ്ടും പ്രതാപത്തിലേക്കുയർന്നു. തലസ്ഥാനം അദ്ദേഹം ആഗ്രയിൽ നിന്നു ഡൽഹിയിലേക്കു മാറ്റിയതോടെയാണിത്. ഷാജഹാനബാദ് എന്ന ഏഴാം ഡൽഹി നഗരം സ്ഥാപിതമായി. ചെങ്കോട്ട ഭരണത്തിന്റെ ആസ്ഥാനമായി. ബഹദൂർഷാ സഫറോടെ ആ ചരിത്രം അവസാനിച്ചു. പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യമായി. ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top