25 April Thursday

കൃതജ്ഞത; കൃതഘ്നത-ദിൽ സെ; ദില്ലി സെ-പതിനേഴാം ഭാഗം

പ്രഭാവർമ്മUpdated: Tuesday Jan 3, 2023

പ്രമുഖരുമായി അടുത്തിടപെടാൻ, ഒരുമിച്ചുപ്രവർത്തിക്കാൻ അവസരമുണ്ടായി എന്നത്‌ ഡൽഹി ജീവിതത്തിന്റെ വലിയ ധന്യത. ഡൽഹി പത്രപ്രവർത്തന ഘട്ടത്തിൽ ഏറെ സ്വാധീനിച്ച ടി വി ആർ ഷേണായി, വി കെ മാധവൻകുട്ടി, നരേന്ദ്രൻ എന്നിവരെ ഓർക്കുന്നു. അവരുടെ വ്യക്തിജീവിതത്തിലെ രേഖാചിത്രങ്ങളും.

‘He who receives a benefit should never forget it; he who bestows should never remember it’ - Charron

ഡൽഹി പത്രപ്രവർത്തന ഘട്ടത്തിൽ ഏറെ സ്വാധീനിച്ച മൂന്നു പേരുണ്ട്. ടി വി ആർ ഷേണായി, വി കെ മാധവൻകുട്ടി, നരേന്ദ്രൻ. മൂന്നുപേരും ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ മാധ്യമരംഗത്ത്‌ കുലപതികളായി സ്വാധീനമുറപ്പിച്ചവർ. അവരുടെ ബൈലൈനിലുള്ള വാർത്തകൾ കണ്ടിട്ടാണ്‌ ദിവസവും സ്കൂളിൽ പോയിരുന്നത് എന്നുപറയാം. അങ്ങനെയുള്ള മൂന്ന്‌ പ്രമുഖരുമായി അടുത്തിടപെടാൻ, ഒരുമിച്ചു പ്രവർത്തിക്കാൻ അവസരമുണ്ടായി എന്നത്‌ ഡൽഹി ജീവിതത്തിന്റെ വലിയ ധന്യത.

കൈ കൂപ്പുന്നെങ്കിൽ അത് നക്ഷത്രത്തിനുനേർക്കാവണം എന്ന് എനിക്ക് എന്റെ അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ജീവിതത്തിലുടനീളം കാര്യമായ ഒരു നിഷ്കർഷ പുലർത്തിയിട്ടുമുണ്ട്. കൃത്യമായും അർഹിക്കുന്നവർക്കു നേർക്കല്ലാതെ ആദരവിന്റെ കൂപ്പുകൈ ഞാൻ ഉയർത്തിയിട്ടില്ല.

കൈ കൂപ്പുന്നെങ്കിൽ അത് നക്ഷത്രത്തിനുനേർക്കാവണം എന്ന് എനിക്ക് എന്റെ അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ജീവിതത്തിലുടനീളം കാര്യമായ ഒരു നിഷ്കർഷ പുലർത്തിയിട്ടുമുണ്ട്. കൃത്യമായും അർഹിക്കുന്നവർക്കു നേർക്കല്ലാതെ ആദരവിന്റെ കൂപ്പുകൈ ഞാൻ ഉയർത്തിയിട്ടില്ല.

ചരമ പ്രസംഗത്തിലാണെങ്കിൽപ്പോലും മനസ്സിലില്ലാത്തത്‌ പറയാതിരിക്കുക എന്നതാണ്‌ വാക്കിന്റെ സദാചാരം പാലിക്കൽ എന്ന്‌ വിശ്വസിച്ചുപോരുന്ന എനിക്ക് ഇതുകൊണ്ടൊക്കെത്തന്നെയാവാം അധികം പേരെയൊന്നും ആദരിക്കാൻ തോന്നിയിട്ടുമില്ല.

പതിറ്റാണ്ടുകളായി ഞാൻ വ്യാപരിച്ചു പോന്നിട്ടുള്ള ഇടങ്ങൾ രണ്ടാണ്. ഒന്ന് കവിത, മറ്റൊന്ന് മാധ്യമപ്രവർത്തനം. കവിതയുടെ കാര്യം തൽക്കാലം അവിടെ നിൽക്കട്ടെ. മാധ്യമപ്രവർത്തന രംഗത്ത് മൂന്നേ മൂന്നുപേരെ മാത്രമെ ഞാൻ സർ എന്ന്‌ വിളിച്ചിട്ടുള്ളു.

ടി വി ആർ ഷേണായി

ടി വി ആർ ഷേണായി

അതിൽ ഒന്നാംസ്ഥാനത്തുള്ള വ്യക്തി ടി വി ആർ ഷേണായി ആണ്. ഇത്രയും പറയുമ്പോൾത്തന്നെ അറിയാമല്ലൊ ടി വി ആർ ഷേണായി സാറിനോട് എനിക്കുള്ള ആദരം എത്രയേറെയാണെന്നത്.

ആദരവ് ചോദിച്ചുവാങ്ങുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. എന്നാൽ, മറ്റുള്ളവർ തന്നെ എത്രത്തോളം പരിഗണിക്കുന്നു എന്നതിനെക്കുറിച്ച് തീർത്തും ഉദാസീനനായി നടന്നു ഷേണായി സാർ. അതായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം. ആദരം ഉൾക്കാമ്പുള്ളവരെ തേടിയെത്തും. അവരെ മാത്രം തേടിയെത്തും. ആദരവ് സ്വയമേവ ഷേണായി സാറിലേക്ക് ഉണർന്നെത്തുവാൻ കാരണങ്ങൾ ഏറെയുണ്ട്. ചിലതുമാത്രം പറയാം.

ഒന്നാമത്തേത്, അദ്ദേഹത്തിന്റെ അനുപമമായ പത്രപ്രവർത്തന ശൈലി തന്നെ. ഒരു പുതിയ രാഷ്ട്രീയ സംഭവവികാസമുണ്ടാവുമ്പോൾ, ചരിത്രത്തിൽ സമാനമായ മറ്റു സംഭവങ്ങളുണ്ടെങ്കിലത്‌ കണ്ടുപിടിച്ച് അതിൽ കൊളുത്തി പുതിയതിലേക്ക്‌ കടന്നെത്തുന്ന മൗലികമായ രീതി.

ചരിത്രപുരുഷന്മാരുടെ വാക്കുകളോ ജീവിത സന്ദർഭങ്ങളോ ചേർത്തുവച്ച് പറയാനുള്ളതിന് ആഴവും ദീപ്തിയും നൽകുന്ന സവിശേഷമായ ഒരു സമീപനമുണ്ട് അതിൽ. അനക്ഡോട്ടുകളുടെ സവിശേഷമായ സന്നിവേശം കൊണ്ട് പറയാനുള്ളതിനെ അലങ്കരിക്കുന്ന, വായനക്കാരന്റെ മനസ്സിലേക്ക് സംക്രമിപ്പിക്കുന്ന പ്രത്യേകമായ ഒരു ശൈലിയുണ്ട് അതിൽ.

രണ്ടാമത്തേത്, അപഗ്രഥനാത്മകമായ രാഷ്ട്രീയ ലേഖനങ്ങളിൽ അദ്ദേഹം കണ്ടെത്തി ഉൾച്ചേർക്കുന്ന താർക്കിക ഘടനയാണ്. തർക്കശാസ്ത്ര വിദഗ്ധന്റെ സൂക്ഷ്മതയോടെയും സാമർഥ്യത്തോടെയുമാണ് അദ്ദേഹം തനിക്കുപറയാനുള്ള കാര്യങ്ങൾ വായനക്കാരന്റെ മനസ്സിൽ എറിഞ്ഞുകൊള്ളിച്ചിരുന്നത്.

സ്ഥാപിച്ചെടുക്കാനുള്ള പോയിന്റുകൾ നിരത്തും. അതിനെതിരായി വായനക്കാരന്റെ മനസ്സിൽ ഉയർന്നുവരാവുന്ന പോയിന്റുകൾ നിരത്തും. അവയുടെ മുനയൊടിക്കുന്ന മറുവാദങ്ങൾ നിരത്തും. അങ്ങനെ ഒരു പ്രത്യേക പ്രക്രിയയിലൂടെ താൻ പറയുന്നതാണ്‌ ശരി എന്ന് ഒരു താർക്കികതയുടെ പശ്ചാത്തലത്തിലൂടെ ബോധ്യപ്പെടുത്തും. മറ്റൊരാളിലും ഞാൻ ഈ രീതി കണ്ടിട്ടില്ല.

മൂന്നാമത്തേത്, തനിക്ക് സത്യമെന്ന്‌ ബോധ്യമുള്ള കാര്യം പറയുന്നതിന്, തന്റെ രാഷ്ട്രീയ പക്ഷപാതിത്വം തടസ്സമായി വരരുത് എന്ന കാര്യത്തിൽ അദ്ദേഹം എന്നും പുലർത്തിയ നിഷ്കർഷയാണ്. 2004ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് റെഡിഫ് ഡോട്ട് കോമിലെ തന്റെ പംക്തിയിൽ ഷേണായി സാർ പരസ്യമായി പ്രഖ്യാപിച്ചത്, ബിജെപിയുടെ ഉന്നതതലത്തിലെ രാഷ്ട്രീയ ഉപദേശകനായിരുന്നുകൊണ്ടുതന്നെയാണ്.

ആ പ്രവചനം തന്നോടടുപ്പമുള്ള ഒട്ടനവധി പേർക്ക് അലോസരം ഉണ്ടാക്കുമെന്നും തന്നോടുള്ള അവരുടെ സമീപനത്തെപ്പോലും ബാധിച്ചേക്കുമെന്നും ഒക്കെ അറിയാമായിരുന്നു ഷേണായി സാറിന്. എങ്കിലും സത്യം അദ്ദേഹത്തിന് പറയാതിരിക്കാൻ കഴിയുമായിരുന്നില്ല. 'നബ്രൂയാത് സത്യ,മപ്രിയം'‐ അപ്രിയ സത്യങ്ങൾ പറയരുത്‐ എന്ന നിലപാടുകാരനായിരുന്നില്ല അദ്ദേഹം എന്ന്‌ ചുരുക്കം.

നാലാമത്തേത്, മാധ്യമപ്രവർത്തകൻ എന്ന വ്യക്തിത്വമോ ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത തലത്തിലുള്ളവരുമായുള്ള അടുപ്പമോ ഒന്നും സ്വന്തം നിലയ്ക്ക് സ്ഥാനമാനങ്ങളുണ്ടാക്കാനുള്ള വഴിയായി അദ്ദേഹം ഉപയോഗിച്ചില്ല എന്നതാണ്. അടൽ ബിഹാരി വാജ്പേയിയും എൽ കെ അദ്വാനിയും നിർബന്ധിച്ചിട്ടുപോലും അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിച്ചില്ല എന്നത് എനിക്കറിയാം; ഡി വിജയമോഹനുമറിയാം.

ബിജെപിക്ക് കേരളത്തിൽനിന്ന് എടുത്തുപറയാൻ കഴിയുന്ന ഒരു വ്യക്തിയുടെപോലും പിന്തുണ ദേശീയതലത്തിലില്ലാതിരുന്ന കാലത്തുതന്നെ ആ പാർടിയുടെ നേതൃത്വത്തിലെ ഉപദേശകനായ വ്യക്തിയാണ്. എന്നാൽ, പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക്, അധികാര രാഷ്ട്രീയത്തിലേക്ക്‌ കടക്കാൻ കൂട്ടാക്കിയില്ല.

സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്ന് പിന്നീട് ധാർമികമായി തനിക്ക് അവകാശപ്പെടാൻ കഴിയാതാവും എന്നതാണതിന്റെ അടിസ്ഥാനം എന്ന് സ്വകാര്യ സംഭാഷണവേളകളിൽ അദ്ദേഹം അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. വാജ്പേയി

വാജ്പേയി

വാജ്പേയി

അദ്ദേഹത്തോട് പത്മഭൂഷൺ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചതുതന്നെ, അതിൽ പ്രത്യക്ഷ രാഷ്ട്രീയം ഇല്ല എന്ന് ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു എന്നതും ഇതിനോട് ചേർത്തുവെച്ച് വായിക്കേണ്ടതുണ്ട്.

ഓക്സ്ഫോർഡ് സർവകലാശാലയിൽ വർഷംതോറും പ്രഭാഷണം നടത്താൻ ഷേണായിസാർ ക്ഷണിക്കപ്പെടുമായിരുന്നു. മറ്റു പത്രാധിപന്മാർക്ക് ലഭിക്കാത്ത ഈ ക്ഷണം ഷേണായി സാറിന്‌ തുടർച്ചയായി ലഭിച്ചിരുന്നതെന്തുകൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ട്. കൈവന്ന ഉത്തരം ഇതാണ്: മാധ്യമപ്രവർത്തകർക്ക് ആവശ്യമുള്ളതല്ലാത്ത ഒരുപാട് ഗുണവിശേഷങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

സാഹിത്യ അനുശീലനം, സംഗീതപ്രേമം, സംസ്കൃതജ്ഞാനം, ചരിത്രജ്ഞാനം, പ്രഭാഷണ നൈപുണ്യം, അപാരമായ നർമബോധം‐ അങ്ങനെ എന്തെല്ലാം. അറിവിന്റെ മഹാപർവതമായിരുന്നു എന്നുപറയണം. മറ്റൊരാൾക്കും സമാനത കൽപ്പിക്കാനാവാത്ത തരത്തിൽ. ഇങ്ങനെയൊരു വ്യക്തിത്വം പത്രപ്രവർത്തനത്തിന്റെ വരുംകാലത്തെങ്ങാൻ ഇനി രൂപപ്പെട്ടുവരുമോ? നിശ്ചയമില്ല.

ഓരോ തവണയും വ്യത്യസ്തമായ വിഷയങ്ങളിൽ വ്യത്യസ്തതയോടെ, എന്നാൽ കാമ്പുള്ള രീതിയിൽ ആകർഷകമായി സംസാരിക്കണം. എങ്കിലേ വിദേശ സർവകലാശാലകൾ ആവർത്തിച്ചുക്ഷണിക്കൂ. വിദേശ സർവകലാശാലകൾ വേണ്ടിവന്നു അദ്ദേഹത്തിലെ പ്രഭാഷകനെ കണ്ടെത്താൻ!
സാധാരണ ലബ്ധപ്രതിഷ്ഠമായ ഒരു മാധ്യമസ്ഥാപനം വിടുകയും സമാനസ്ഥാനമുള്ള മറ്റൊന്നിൽ പ്രവേശിക്കാതിരിക്കുകയും ചെയ്താൽ പത്രപ്രവർത്തനരംഗത്ത് ഏത്‌ പ്രമുഖനും വിസ്മൃതനായിപ്പോവും.

എന്നാൽ, മലയാള മനോരമ വിട്ടതുകൊണ്ട് ഷേണായി സാറിന്‌ ക്ഷീണമൊന്നും സംഭവിച്ചില്ല.

റെഡിഫ് ഓൺലൈനിലും മറ്റും അദ്ദേഹം എഴുതിയത് ദേശീയതലത്തിൽ തന്നെ തുടർച്ചയായി ശ്രദ്ധിക്കപ്പെട്ടു; ചർച്ച ചെയ്യപ്പെട്ടു. 1989ൽ ആണെന്നു തോന്നുന്നു ഷേണായി സാർ 'ദ വീക്ക്' ഔപചാരികമായി വിടുന്നത്.

പിന്നീട് നീണ്ട ഇരുപത്തെട്ടുവർഷങ്ങൾ. ഏത്‌ പത്രപ്രവർത്തകനും വായനക്കാരുടെ മനസ്സിൽനിന്ന്‌ മാഞ്ഞുപോവാൻ മതിയായ കാലയളവാണിത്. എന്നാൽ, ഈ കാലയളവിൽ ഷേണായി സാർ കൂടുതൽ ജ്വലിച്ചുനിന്നു; അസാന്നിധ്യം കൊണ്ട് മലയാളത്തിലും സാന്നിധ്യം കൊണ്ട് ഓൺലൈൻ‐പ്രിന്റ് ഇംഗ്ലീഷ് മാധ്യമ രംഗങ്ങളിലും.

മാധ്യമപ്രവർത്തകനായിരുന്നില്ലെങ്കിൽ അദ്ദേഹം ആരാവുമായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോൾ പല സാധ്യതകൾ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്. നല്ല ഒരു രാഷ്ട്രീയനേതാവ്, നല്ല സാഹിത്യചിന്തകൻ, നല്ല സംഗീത നിരൂപകൻ, ഉജ്വല പ്രഭാഷകൻ, മികച്ച താർക്കികൻ അങ്ങനെ പലതും.

മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും മലയാളത്തിന്റെ നല്ല കവിതകൾ അദ്ദേഹം ഹൃദിസ്ഥമാക്കി. എല്ലാ നല്ല കൃതികളും വായിച്ച്‌ മനസ്സിലുറപ്പിച്ചു. എഴുത്തച്ഛനാവട്ടെ, ചെറുശ്ശേരിയാവട്ടെ, കുഞ്ചൻനമ്പ്യാരാവട്ടെ, പുതുതലമുറക്കാരാവട്ടെ, ആരും അദ്ദേഹത്തിന്റെ ആസ്വാദനമണ്ഡലത്തിന്‌ പുറത്തായിരുന്നില്ല.

കവിത എഴുതുന്ന ഒരാൾ എന്ന നിലയിൽ ഞാനുമായുള്ള സംഭാഷണങ്ങൾ പലപ്പോഴും കവിതയുടെ വഴിക്കായിട്ടുണ്ട്. പൗരസ്ത്യ കവിതകളിലും പാശ്ചാത്യ കവിതകളിലും ഒരേപോലെ അദ്ദേഹം പുലർത്തിയ പാണ്ഡിത്യം എന്നെ ഒട്ടൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്.

ഒ വി വിജയൻ ഡൽഹിയിലുണ്ടായിരുന്ന കാലത്ത്, അദ്ദേഹം എഴുതിയ നോവലുകളുടെ, കഥകളുടെ ആദ്യ വായനക്കാരിലൊരാൾ ഷേണായി സാറായിരുന്നു. ഷേണായി സാറിന്റെ അഭിപ്രായങ്ങൾ വിജയൻകഥകളിൽ പ്രതിഫലിച്ചിട്ടുപോലുമുണ്ട് എന്ന് ഇരുവരെയും അടുത്തറിഞ്ഞിട്ടുള്ളവർക്ക് നന്നായി അറിയാം.

ശാസ്ത്രീയ സംഗീതത്തിൽ, പ്രത്യേകിച്ച് കർണാടക സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ആലാപനശൈലിയിലെ മൗലികത അദ്ദേഹത്തിന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾക്ക് വിധേയമായിരുന്നു; ആലാപനം അരിയക്കുടിയുടേതാവട്ടെ, സഞ്ജയ് സുബ്രഹ്മണ്യത്തിന്റേതാവട്ടെ. കർണാടക സംഗീതത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നെങ്കിൽ അത് സംഗീതാസ്വാദന ചരിത്രത്തിലെ വിലപ്പെട്ട ഈടുവെയ്പ്പായേനേ.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അദ്ദേഹത്തിന് ഒരു ആനുകൂല്യവുമുണ്ടായിരുന്നില്ല. എന്നാൽ, ആ പ്രസ്ഥാനത്തിൽപ്പെട്ടവരോട് സ്നേഹാദരങ്ങൾ പുലർത്തുന്നതിന് അത് ഒട്ടും തടസ്സമായതുമില്ല. 'നർമം' കലർത്തിയുള്ള ചില തോണ്ടലുകൾ ഇടയ്ക്ക് ഉണ്ടാവുമെന്നുമാത്രം.

മരിക്കുന്നതിന്‌ മുമ്പത്തെവർഷം ഷേണായി സാർ തിരുവനന്തപുരത്ത്‌ വന്നു. പഴയ സുഹൃത്തുക്കളെയൊക്കെ കാണാൻ അദ്ദേഹം തന്നെ അവസരമുണ്ടാക്കി. മുഖ്യ ചർച്ചയായത് കേരളത്തിന്റെ വികസന സാധ്യതകളാണ്. വളരെ ശ്രദ്ധേയങ്ങളായ നിർദേശങ്ങൾ അദ്ദേഹം മുേന്നാട്ടുവച്ചു. കേരളത്തിന്റെ വികസന സംബന്ധമായ കാര്യങ്ങളിൽ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധവെച്ചു.

ബജറ്റിലായാലും കയറ്റിറക്കുമതി നയത്തിലായാലും ഒരു 'കേരള ആംഗിൾ' കണ്ടെത്തണമെന്നു പഠിപ്പിച്ച വ്യക്തി കൂടിയാണല്ലൊ ഷേണായി സാർ. എന്തും കേരളത്തെ എങ്ങനെ ബാധിക്കും എന്ന്‌ പരിശോധിച്ചാലേ വിലയിരുത്തൽ സമഗ്രമാവൂ എന്ന്‌ നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. വികസനകാര്യങ്ങളിൽ വേണ്ടത്‌ ശ്രദ്ധയിൽപ്പെടുത്താൻ ഇടയ്ക്ക്‌ ഫോൺ വിളിക്കും.

കാണുമ്പോൾ ഓർമിപ്പിക്കും. മുഖ്യന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന്‌ നിർബന്ധപൂർവം പറയും. എന്നും ഒരു കേരള പക്ഷപാതിത്വം അദ്ദേഹം പുലർത്തി.

മലയാള മനോരമയുടെ രാഷ്ട്രീയം പങ്കിടുന്ന മാധ്യമപ്രവർത്തകനായിരുന്നില്ല അദ്ദേഹം. എന്നിട്ടും അദ്ദേഹത്തെ മാറ്റിനിർത്താൻ മനോരമയ്‌ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്കായിരുന്നു ആ ബൈലൈൻ പത്രത്തിന്‌ പകർന്നുകൊടുത്ത വിശ്വാസ്യതയും സ്വീകാര്യതയും. ഒടുവിൽ വേർപിരിഞ്ഞു. അതിന്റെ നഷ്ടം അദ്ദേഹത്തിനായിരുന്നില്ല; മനോരമയ്ക്കായിരുന്നു. പകരംവെക്കപ്പെടില്ല ആ സ്ഥാനം.

 ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

റായ്ബറേലിയിൽ ഇന്ദിരാഗാന്ധി പരാജയപ്പെടുമെന്ന് ടി വി ആർ ഷേണായി റിപ്പോർട്ട് ചെയ്തപ്പോൾ മനോരമപോലും ആ വാക്കുകളെ സംശയിച്ചിരുന്നു എന്ന് അത് പത്രത്തിൽ വിന്യസിച്ച രീതിയിൽ നിന്നുകാണാം.

എന്നാൽ, അദ്ദേഹം റിപ്പോർട്ട് ചെയ്തത് ശരിയായി. ജയപ്രകാശ് നാരായണന്റെ ഉയർച്ച, ജനതാഭരണത്തിന്റെ ഉദയം, വി പി സിങ്ങിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വളർച്ച ഒക്കെ ആദ്യം ചൂണ്ടിക്കാട്ടിയത് ഈ പത്രാധിപരാണ്. ആർക്കും അത്ര എളുപ്പത്തിൽ വിശ്വസിക്കാനാവുന്നതായിരുന്നില്ല അക്കാര്യങ്ങൾ.

സൂക്ഷ്മ നിരീക്ഷണപാടവവും പല ഘടകങ്ങളെ ചേർത്തുവച്ച് അപഗ്രഥിക്കുന്നതിലുള്ള സാമർഥ്യവും കാര്യങ്ങളെ കടന്നുകാണാനുള്ള ദീർഘവീക്ഷണവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. വ്യത്യസ്ത ഘടകങ്ങൾ പരസ്പരം സ്വാധീനിക്കുന്ന രീതി അപഗ്രഥിച്ച് സൂക്ഷ്മ സത്യങ്ങളിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതരസാധാരണമായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ ഞാൻ ഡൽഹിയിലെത്തുമ്പോൾത്തന്നെ പത്രപ്രവർത്തന രംഗത്ത് കുലപർവത സമാനമായ വ്യക്തിത്വമായി ഉയർന്നുനിൽക്കുകയായിരുന്നു അദ്ദേഹം.

പത്രസമ്മേളനത്തിൽ പറയുന്നതല്ല, പറയാതെ വിടുന്നതാണ് വാർത്ത എന്നും, നമ്മെ തേടിയെത്തുന്നതല്ല, നാം കണ്ടെത്തുന്നതാണ്‌ വാർത്ത എന്നും, എവിടെ നാം കാണുന്ന എന്തിലേക്കും ഒന്നുകൂടി കണ്ണോടിച്ചാൽ ഒരു വാർത്ത കിട്ടും എന്നും ഒക്കെ ആദ്യ ഘട്ടത്തിലേ പറഞ്ഞുപഠിപ്പിച്ച ഗുരുനാഥനാണ് അദ്ദേഹം.

പത്രസമ്മേളനത്തിൽ പറയുന്നതല്ല, പറയാതെ വിടുന്നതാണ് വാർത്ത എന്നും, നമ്മെ തേടിയെത്തുന്നതല്ല, നാം കണ്ടെത്തുന്നതാണ്‌ വാർത്ത എന്നും, എവിടെ നാം കാണുന്ന എന്തിലേക്കും ഒന്നുകൂടി കണ്ണോടിച്ചാൽ ഒരു വാർത്ത കിട്ടും എന്നും ഒക്കെ ആദ്യ ഘട്ടത്തിലേ പറഞ്ഞുപഠിപ്പിച്ച ഗുരുനാഥനാണ് അദ്ദേഹം. ആ വാത്സല്യവും പരിഗണനയും ആവോളം അനുഭവിച്ചിട്ടുണ്ട്. അതിന്റെ നന്ദി പറഞ്ഞുതീർക്കുന്നില്ല; എന്റെ ഉള്ളിൽ തന്നെയിരിക്കട്ടെ.

“മയ്യേവ ജീർണതാം യാതു
യത്ത്വയൈവ കൃതം ഹരേ
നരഃപ്രത്യുപകാരാർത്ഥീ
വിപത്തിമഭികാംക്ഷതി”

എന്നുണ്ടല്ലോ. നന്ദി ഉള്ളിൽത്തന്നെയിരിക്കട്ടെ. നന്ദി പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആരെക്കൊണ്ടാണോ പ്രയോജനമുണ്ടായത്, ആ വ്യക്തിക്ക് ആപത്തുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനു തുല്യമാണ് എന്നർഥം. ആ വ്യക്തിക്ക് ആപത്തുണ്ടായാലല്ലേ ഉപകാരം ചെയ്യാനാവൂ.

കാണുമ്പോഴൊക്കെ അദ്ദേഹം സംസാരിച്ചത് വാർത്തകളെക്കുറിച്ചല്ല, കവിതയെക്കുറിച്ചായിരുന്നു. കവിത അസാധാരണമായ ഒരു അനുഗ്രഹമാണ്. വാർത്തയുടെ മുൾക്കാട്ടിൽ ഞെരിഞ്ഞമരാനുള്ളതല്ല അത് എന്ന് ഒരിക്കൽ ഓർമിപ്പിച്ചത് ഓർക്കുന്നു.

കുറച്ചുമുമ്പ്, ഞാൻ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് ഞാൻ ഒരു ലേഖനം മനോരമ ആഴ്ചപ്പതിപ്പിലെഴുതി. അതിലെ ഞാൻ കാണാത്ത സവിശേഷതകൾ കണ്ടെത്തിക്കൊണ്ട് ഷേണായി സാർ എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതോർക്കുന്നു. അന്നും ഫോൺ വെച്ചത്, കവിത കളയരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ്. ആ വാത്സല്യം, ആ സ്നേഹം, ആ കരുതൽ‐ അതാണ് ടി വി ആർ ഷേണായി എന്ന ഞങ്ങളുടെ ഷേണായി സാർ.

ജവഹർലാൽ നെഹ്റുവിന്റെ മന്ത്രിസഭയിലംഗവും, പ്രഗത്ഭ  പാർലമെന്റേറിയനുമൊക്കെയായിരുന്ന വി കെ കൃഷ്ണമേനോന്റെ ശിഷ്യനാണ് വി കെ മാധവൻകുട്ടി. ഒരു കാലത്ത് നെഹ്റുവും സർദാർ പട്ടേലും കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സ്വാധീനശക്തിയായിരുന്നു വി കെ കൃഷ്ണമേനോൻ.

ആനി ബസന്റ് അടക്കമുള്ളവരുമായി ചേർന്നുപ്രവർത്തിച്ചതിന്റെ ചരിത്രമുണ്ട് കൃഷ്ണമേനോന്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനിൽ യത്നിച്ച ബ്രിട്ടീഷ് ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാൾ.

കൊറിയക്കുള്ള സമാധാന പദ്ധതി, ഇൻഡോ‐ചൈന വെടി നിർത്തൽ, അൾജീരിയ പ്രശ്നത്തിൽ യുഎന്നിൽ നിന്നുള്ള ഫ്രാൻസിന്റെ പിൻവാങ്ങൽ എന്നിങ്ങനെ എന്തെല്ലാം അന്താരാഷ്ട്ര കാര്യങ്ങളിൽ നടുനായകമായി നിന്ന വ്യക്തിത്വമാണ് കൃഷ്ണമേനോൻ.

കാശ്മീർ ഇന്ത്യയുടേതുതന്നെ എന്ന വിഷയത്തിൽ യു എൻ രക്ഷാസമിതിയിൽ 1957 ൽ കൃഷ്ണമേനോൻ എട്ടുമണിക്കൂർ തുടർച്ചയായി പ്രസംഗിച്ചതും ഒടുവിൽ അവിടെ കുഴഞ്ഞുവീണതുമൊക്കെ വിശദീകരിക്കുമ്പോൾ വി കെ മാധവൻകുട്ടിയുടെ കണ്ണുകൾ തിളങ്ങുമായിരുന്നു. യേശുവും പത്രോസും തമ്മിലുള്ള ബന്ധമായിരുന്നു നെഹ്റുവും കൃഷ്ണമേനോനും തമ്മിൽ എന്ന് മാധവൻകുട്ടി പറയുമായിരുന്നു.

കൃഷ്ണമേനോന് ഒടുവിൽ കോൺഗ്രസ് വിടേണ്ടിവന്നതിന്റെ ചരിത്രവും അദ്ദേഹം അന്തരിച്ചപ്പോൾ ഒരു  അഗ്നിപർവതം നിശ്ചലമായി എന്ന് ഇന്ദിരാഗാന്ധി പറഞ്ഞതുമൊക്കെ വി കെ കൃഷ്ണമേനോൻ ഉപയോഗിച്ചിരുന്നതും മാതൃഭൂമി ഡൽഹി ബ്യൂറോയിൽ സൂക്ഷിച്ചിരുന്നതുമായ വാക്കിങ് സ്റ്റിക്കിന്റെ താഴത്തിരുന്നു പറയുമ്പോൾ ആ കണ്ണുകൾ ഈറനണിയുമായിരുന്നു. ഒരു ആത്മബന്ധമുണ്ടായിരുന്നു ഈ വി കെമാർക്കിടയിൽ.

വി കെ  കൃഷ്‌ണമേനോൻ

വി കെ കൃഷ്‌ണമേനോൻ

ഡൽഹിയിൽ സെൻട്രൽ സെക്രട്ടേറിയറ്റിനു സമീപം വിജയ് ചൗക്കിൽ വി കെ കൃഷ്ണമേനോന്റെ പ്രതിമ സ്ഥാപിക്കുന്നതിനു പിന്നിൽ മാധവൻകുട്ടിയുടെ വലിയ ഉത്സാഹമുണ്ടായിരുന്നുവെന്ന് എനിക്കറിയാം.  മരണം വി കെ മാധവൻകുട്ടിയുടെ സഹയാത്രികനായിരുന്നു. എത്ര തവണയാണ് മരണത്തിന്റെ വക്കിൽനിന്ന്‌ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവന്നത്! 1973 ൽ കേന്ദ്രമന്ത്രി മോഹൻ കുമാരമംഗലം അടക്കമുള്ളവർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ നിന്നടക്കം രക്ഷപ്പെട്ട സാഹസികമായ കഥകൾ മാധവൻകുട്ടി എത്രയോ തവണ വിശദീകരിച്ചു തന്നിരിക്കുന്നു.

അക്ഷരശ്ലോകപ്രിയനും കവിതാ സഹൃദയനുമായ മാധവൻകുട്ടി എത്രയോ സായാഹ്നത്തിൽ തുടരെ ശ്ലോകങ്ങളും കവിതകളും ചൊല്ലുമായിരുന്നു. നല്ല നോവലിസ്റ്റുമായിരുന്നു. നോവൽ ഓരോ ലക്കവും വരുമ്പോൾ അത്‌ മുൻനിർത്തി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. വായിച്ചുവോ എന്നുറപ്പു വരുത്താൻ! ഒരു പക്ഷേ, ഡൽഹിയിലെ പത്രപ്രവർത്തകരിൽ, പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവരോടൊപ്പം ഏറ്റവുമധികം വിദേശയാത്ര ചെയ്തിട്ടുള്ളത് മാധവൻകുട്ടിയായിരിക്കും. അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതത്തിന്റെ മിക്കവാറും എല്ലാ കാലവും ഡൽഹിയിൽത്തന്നെയായിരുന്നല്ലോ. 

ഡൽഹിയിൽ വളരെ വലിയ ഒരു സുഹൃത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. തലസ്ഥാനത്തെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വലിയ ബന്ധങ്ങളും സ്വാധീനവും ഒക്കെ ഉണ്ടായിരുന്ന മാധവൻകുട്ടി പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്തിട്ടില്ല.

ഒരു മടിയുമില്ലാതെ എല്ലാവർക്കും സഹായം ചെയ്യാനും എല്ലാവരുമായി സൗഹൃദത്തോടെ ഇടപഴകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മാധ്യമരംഗത്തേക്ക് കടന്നുവന്ന മലയാളികളായ പുതിയ തലമുറക്കാരെ സ്നേഹപൂർവം സ്വീകരിക്കാനും ഉൾക്കൊള്ളാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതൊക്കെക്കൊണ്ടാണ് വിസ്മൃതനായിപ്പോകാതെ ഇപ്പോഴും മാധവൻകുട്ടിയുടെ പേർ മാധ്യമമേഖലയിൽ സജീവമായിരിക്കുന്നത്.

ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ഒക്കെ കവിതാശകലങ്ങൾ അദ്ദേഹം മിക്കപ്പോഴും ഉരുവിട്ടു നടക്കുമായിരുന്നു.

വി- കെ  മാധവൻകുട്ടി

വി- കെ മാധവൻകുട്ടി

തനിക്ക് പ്രിയപ്പെട്ട കാവ്യഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കാവ്യപരിചയമാവാം പിന്നീട് നോവൽ എഴുതുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഒരുപക്ഷേ ഒ വി വിജയനും എം മുകുന്ദനും വി കെ എന്നും ഒക്കെയായി ഡൽഹിയിലുണ്ടായ അടുപ്പവും അദ്ദേഹത്തെ നോവൽ രചനയിലേക്ക് ആകർഷിച്ചിട്ടുണ്ടാവാം. എങ്കിലും മാധവൻകുട്ടിയുടെ അടിസ്ഥാന വ്യക്തിത്വം പത്രപ്രവർത്തകന്റേതായിരുന്നു.

അതിപ്രമുഖ പത്രപ്രവർത്തകരുടെ ഒരു നീണ്ടനിര തന്നെ നമ്മുടെ രാജ്യത്തുണ്ട്. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ തന്റെ കാർടൂണുകളിലൂടെ എല്ലാ ദിവസവും നമ്മുടെ മുമ്പിലെത്തിച്ച ആർ കെ ലക്ഷ്മണിനെപ്പോലെയുള്ളവർ. അടിയന്തരാവസ്ഥക്കെതിരെ തൂലിക ചലിപ്പിച്ച കൽപ്പനാ ശർമയെപ്പോലെയുള്ളവർ.

അവർ എഡിറ്ററായിരുന്ന 'ഹിമ്മത്ത്' പോലെയുള്ള വാരികകൾ. അടിയന്തരാവസ്ഥയിൽ ജയിലിലായ കുൽദീപ് നയ്യാറെപ്പോലെയുള്ള പത്രപ്രവർത്തകർ.

കുൽദീപ്‌ നയ്യാർ

കുൽദീപ്‌ നയ്യാർ

മതനിരപേക്ഷതയുടെ  മൂല്യങ്ങൾക്കുവേണ്ടി പത്രപ്രവർത്തനത്തെ സമർപ്പിച്ച എടത്തട്ട നാരായണൻ, നിഖിൽ ചക്രവർത്തി തുടങ്ങിയവർ. ധീരമായ വിമർശനത്തിന്റെ വഴിയെ മുമ്പോട്ടുപോയ കാർടൂണിസ്റ്റ് ശങ്കറെപ്പോലെയുള്ളവർ. അമിതാധികാര വാഴ്ചയ്ക്കെതിരെ ശബ്ദമുയർത്തിയ ബി ജി വർഗീസിനെപ്പോലുള്ള പത്രാധിപന്മാർ. അവരുടെ തലമുറയിൽപ്പെട്ടയാളാണ്‌ മാധവൻകുട്ടി.

ഇ എം എസിന്റെ ബന്ധുവായ ഇന്ത്യൻ എക്സ്പ്രസിലെ പി രാമൻ മുതൽ ദ വീക്കിലെ കെ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദമൂർത്തി, മാതൃഭൂമിയിലെ എൻ അശോകൻ തുടങ്ങിയവരൊക്കെ തൊട്ടടുത്ത തലമുറയിൽപ്പെട്ട പത്രപ്രവർത്തകരാണ്. കെ ഗോപാലകൃഷ്ണന്റെ പ്രോത്സാഹനത്തിലാണ്, ഞാൻ ഇടയ്ക്കൊക്കെ ‘സൺഡേ മെയിലി’ൽ ഇംഗ്ലീഷ് ലേഖനങ്ങൾ എഴുതിയിരുന്നത്.

ഒരിക്കൽ, എന്റെ മകൾ ജ്യോത്സ്ന തീരെ ചെറിയ കുട്ടിയായിരിക്കെ, ഉച്ചക്ക് അവളെ കൂട്ടിക്കൊണ്ടുവരാൻ അവൾ പഠിച്ചിരുന്ന ഫ്രീ ചർച്ച് സ്കൂളിൽ കെ ഗോപാലകൃഷ്ണനും ഞാനും കൂടി അദ്ദേഹത്തിന്റെ കാറിൽ പോയി. മോളാകട്ടെ, അപരിചിതരെ കാണുംപോലെ ഞങ്ങളെ നോക്കിനിന്നു.

ആരാ ഇത് എന്ന്‌ ടീച്ചർ ചോദിച്ചപ്പോൾ അറിയില്ല എന്ന് ഉത്തരം പറയുക കൂടി ചെയ്തു അവൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരാവാമെന്നുകരുതി പൊലീസിലറിയിക്കാൻ പുറപ്പെട്ട സ്കൂൾ അധികൃതരിൽനിന്ന്‌ ഞങ്ങൾ രക്ഷപ്പെട്ടത് എത്ര പണിപ്പെട്ടാണെന്നോ! കെ ഗോപാലകൃഷ്ണൻ പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി.

ഡൽഹിയിലെ ആദ്യഘട്ടത്തിൽ ജന സംസ്കൃതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ സി പി രാമചന്ദ്രനെ പരിചയപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപർ. സംഭവബഹുലമായ ജീവിതത്തിന്റെ ഉടമ. ഉൽപ്പതിഷ്ണുത്വമുള്ള സാംസ്കാരിക പ്രവർത്തകൻ. സി പി രാമചന്ദ്രനെ മലയാള വായനക്കാർക്ക്‌ പരിചയപ്പെടുത്താനുള്ള ഏറ്റവും വലിയ വഴി വി കെ എൻ കഥകളിലെ “ഉഗ്രൻ” ഇദ്ദേഹമാണ് എന്ന്‌ പറയുന്നതാവും. ‘ആയിരം തലൈവാങ്കി’ എന്ന കഥയിലാണ് ഉഗ്രന്റെ ഉഗ്രസാന്നിധ്യമുള്ളത്. മറ്റു ചില വി കെ എൻ കഥകളിലും സി പി രാമചന്ദ്രൻ കടന്നുവരുന്നുണ്ട്. ‘ആരോഹണം’ എന്ന നോവലിലെ പരുന്ത് രാമൻ ഉദാഹരണം.

റോയൽ നേവിയിൽ കമ്മീഷൻഡ് ഓഫീസറായി ജോലിയുണ്ടായിരുന്നതാണ്. മാർക്സിസ്റ്റ് സാഹിത്യം വായിച്ചതിന്‌ പിരിച്ചുവിടപ്പെട്ടു. പിന്നീട് സജീവ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. സെൻട്രൽ ജയിലിലടക്കമുള്ള തടവുജീവിതം. എ കെ ജി പാർലമെന്റിലേക്ക്‌ മത്സരിച്ചപ്പോൾ പ്രചാരണത്തിന്റെ നേതൃത്വം. ആ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സി പി ജയിലിൽനിന്ന്‌ മോചിതനായതുപോലും.

എ കെ ജി എംപി ആയപ്പോൾ സി പിയെ ദേശാഭിമാനിയിലേക്ക്‌ ക്ഷണിച്ചു. സി പിയുടെ പ്രാഗത്ഭ്യം മനസ്സിലാക്കിയ ഇ എം എസ് അദ്ദേഹത്തെ ഡൽഹിയിലേക്ക് അയക്കുകയായിരുന്നു. അങ്ങനെയാണ് ‘ക്രോസ് റോഡി’ലെ പത്രപ്രവർത്തനവുമായി അദ്ദേഹം ഡൽഹിയിൽ കേന്ദ്രീകരിക്കുന്നത്.

സി പി രാമചന്ദ്രൻ

സി പി രാമചന്ദ്രൻ

അതിനിശിതമായ വിമർശനത്തിന്റെ ഭാഷയായിരുന്നു സി പിക്ക്. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ആ മൂർച്ച തിളങ്ങി. ക്രോസ് റോഡ് വിട്ട സി പിയെ പിന്നീടുകണ്ടത് ‘ശങ്കേഴ്സ് വീക്കിലി’യിലാണ്. ശങ്കരന്റെ കാർടൂണും സി പിയുടെ എഴുത്തും. എഡിറ്റോറിയൽ മുതൽ വിവിധ പംക്തികൾ വരെ സി പിയുടെ വക. ഒരിക്കൽ ഇന്ദിരാഗാന്ധി ‘ശങ്കേഴ്സ് വീക്കിലി’യിൽ ചെന്ന്‌ സി പിയെ നേരിട്ട് അഭിനന്ദിച്ചത് ചരിത്രം.

പിൽക്കാലത്ത് ഖുശ്‌വന്ത്‌ സിങ് ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ 11 പത്രപ്രവർത്തകരുടെ പേരുകൾ ഇന്ദിരാഗാന്ധിക്ക്‌ കൈമാറിയപ്പോൾ അതിൽ ഒന്ന് സി പി രാമചന്ദ്രനായിരുന്നു എന്നതും ചരിത്രം. പിന്നീട് ‘ഹിന്ദുസ്ഥാൻ ടൈംസി’ലാണ് സി പിയെ കാണുന്നത്. ഉടമസ്ഥനായ ബിർള ഒരു സുപ്രഭാതത്തിൽ പത്രാധിപരായ ബി ജി വർഗീസിനെ പിരിച്ചുവിടുന്നു. പത്ര ഉടമക്കെതിരെ പത്രാധിപരുടെ അവകാശം മുൻനിർത്തി കോടതി കയറാൻ ബി ജി വർഗീസിന് ഒപ്പമുണ്ടായിരുന്നു സി പി. ഏറെ ശ്രദ്ധേയമായ ആ കേസ് ഇന്ത്യയുടെ പത്രപ്രവർത്തന ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

ഹിന്ദുസ്ഥാൻ ടൈംസ് എംപ്ലോയീസ്‌ യൂണിയന്റെ പ്രസിഡന്റ് എന്ന നിലയിൽക്കൂടിയായിരുന്നു സി പി ആ കേസ് നടത്തിയത്. കേസ് വിജയിച്ചു. ബിർളക്ക് ബി ജി വർഗീസിനെ തിരിച്ചെടുക്കേണ്ടതായും വന്നു. എന്നാൽ, അടിയന്തരാവസ്ഥയിൽ ബി ജി വർഗീസ് വീണ്ടും പുറത്തായി. അങ്ങനെയാണ് ഖുശ്‌വന്ത് സിങ് ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി വരുന്നത്. സിങ്ങിന് ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന അടുപ്പം പ്രസിദ്ധം. പിൽക്കാലത്ത് ബി ജി വർഗീസ് മാവേലിക്കര സീറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചു എന്നത് ചരിത്രം.

സി പിക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് ഉണ്ടായിരുന്നത് ഒരുതരം നാഭീനാള ബന്ധമായിരുന്നു. മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ഭാഗമായിരുന്നു അദ്ദേഹത്തിന് കമ്യൂണിസ്റ്റ് പാർടി. അങ്ങനെയായിരിക്കെ തന്നെ അദ്ദേഹം ചില സന്ദർഭങ്ങളിൽ പാർടി നിലപാടിനെ നിശിതമായി വിമർശിക്കുന്നതും കാണാമായിരുന്നു.

വിമർശനങ്ങൾ ഒരിക്കലും നശീകരണാത്മക സ്വഭാവത്തിലുള്ളതായിരുന്നില്ല. ഈ ഇടതുപക്ഷ ബന്ധമാകാം ഡൽഹി ജനസംസ്കൃതിയുടെ മാർഗനിർദേശകനായി സി പി യെ പിന്നീട്‌ മാറ്റിയത്. പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടല്ല, സാംസ്കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് സി പിയെ പലപ്പോഴും ഞാൻ കണ്ടിരുന്നത്.

കാണുമ്പോഴൊക്കെ അവസാനകാലം കേരളത്തിലായിരിക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചിരുന്നു. ഒരു കാലത്ത് പ്രശസ്തയായ ഒരു നർത്തകി സി പിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവർ പിരിഞ്ഞതോടെ ഏതാണ്ടൊരു ഏകാന്ത ജീവിതത്തിലായി സി പി. 1986 ൽ ഹിന്ദുസ്ഥാൻ ടൈംസ് വിട്ടതിനെത്തുടർന്ന് ആ ഏകാന്തജീവിതം കേരളത്തിലേക്ക്‌ മാറി. സഹോദരിയുടെ പറളിയിലെ വീട്ടിലായിരുന്നു പിന്നീട് മരണംവരെയുള്ള ഒരു പതിറ്റാണ്ടിലേറെക്കാലം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായ വഴിത്തിരിവുകൾ ഉണ്ടാക്കിയ മഹാനായ ഒരു പത്രാധിപരാണ് പറളിയിൽ ലോകവുമായുള്ള സമസ്ത ബന്ധവും വിച്ഛേദിച്ച് എന്ന നിലയിൽ ഏകാന്തതയിൽ കഴിഞ്ഞിരുന്നത് എന്ന് അധികം മലയാളികൾ അറിഞ്ഞില്ല. മഹത്വത്തിന്റെ, അറിവിന്റെ, സംസ്കാരത്തിന്റെ പ്രതീകമായ ഒരാൾ. ഇങ്ങനെയേ സി പിയെ വിശേഷിപ്പിക്കാൻ പറ്റൂ.

‘നായർ സാർ’ എന്ന്‌ സ്നേഹബഹുമാനങ്ങളോടെ എല്ലാവരും വിളിച്ചിരുന്ന ‘കേരള കൗമുദി’ ഡൽഹി ബ്യൂറോയിലെ നരേന്ദ്രൻ ആണ് അന്നത്തെ ഡൽഹിയിലെ മലയാളി പത്രപ്രവർത്തക ത്രയത്തിലെ മറ്റൊരാൾ. ലാളിത്യത്തിന്റെയും വിനയത്തിന്റെയും അറിവിന്റെയും മൂർത്തിമദ്‌ ഭാവം.

ഡൽഹിയിലെ രാഷ്ട്രീയ ചലനങ്ങളാകെ ഐഎൻഎസ് ബിൽഡിങ്ങിലെ കൗമുദി  ബ്യൂറോയിരിക്കുന്ന കെട്ടിടത്തിലേക്ക് എത്തുമായിരുന്നു; ആദ്യംതന്നെ. അദ്ദേഹത്തെ സഹായിക്കാൻ ശിഷ്യനായി ബി സി ജോജോയുമുണ്ട്. ജോജോ ഇല്ലാത്ത സന്ദർഭങ്ങളിൽ കേരള കാര്യങ്ങളുമായി ബന്ധപ്പെട്ട പത്രസമ്മേളനങ്ങളും മറ്റും ഒരു കോപ്പി കേരള കൗമുദിക്കുവേണ്ടി കൂടി എഴുതിത്തരാൻ അദ്ദേഹം പറയുമായിരുന്നു. ഞാൻ അതു ചെയ്തിട്ടുണ്ട്.

ഒരു പഴയ ഫിയറ്റ് കാറിലാണ് അദ്ദേഹം വന്നുകൊണ്ടിരുന്നത്. ഒരു ദിവസം അത് മോഷ്ടിക്കപ്പെട്ടു. യു പിയിലും ഹരിയാനയിലുമൊക്കെ കാറിനുവേണ്ടി അന്വേഷിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട് എന്ന് അറിയിച്ച  ഡൽഹി പൊലീസ് കമ്മീഷണറോട്‌ നായർ സാർ  പറഞ്ഞു. “അവിടെയൊന്നും അന്വേഷിക്കേണ്ട ഇവിടെ ചുറ്റുപാടും അന്വേഷിച്ചാൽ മതി. അതൊരു പഴയ കാറാണ്. ഒറ്റയടിക്ക്‌ പത്തുകിലോമീറ്ററിനപ്പുറം അത് ഓടില്ല. എന്റെ വീടും ആഫീസുമായി നാലു കിലോമീറ്ററിന്റെ ദൂരമല്ലേയുള്ളൂ. ഈ ചെറിയ ദൂരത്തിൽ ഓടാനേ അതിനുപറ്റൂ!”.

മനസ്സിൽ വരുന്ന മറ്റു രണ്ടുപേർ നിർമ്മൽ നിവേദനും കുട്ടിക്കൃഷ്ണനുമാണ്. നിർമ്മൽ അമൃത്ബസാർ പത്രികയിലായിരുന്നെങ്കിൽ കുട്ടി ന്യൂസ് ടൈമിലായിരുന്നു. ഒരു ദിവസം നന്നായി മദ്യപിച്ചിട്ട് വല്ലാതെ ഉഷ്ണിക്കുന്നു എന്നു പറഞ്ഞ് നിർമ്മൽ സിമന്റ് തറയിൽ ഇറങ്ങിക്കിടന്നു. ആ കിടപ്പിൽ മരിച്ചു. സിമന്റ് തറയിലെ തണുപ്പ് കൈയിലേക്കും കൈയിൽനിന്ന് ഹൃദയത്തിലേക്കും അരിച്ചരിച്ചുകയറിയതാവാം മരണകാരണമെന്ന് സുഹൃത്തായ ഒരു ഡോക്ടർ പറഞ്ഞു.

ബോധത്തോടെയാണ് കിടക്കുന്നതെങ്കിൽ കൈക്കുണ്ടാകുന്ന മരവിപ്പ് നാം അറിയാതെതന്നെ കുടഞ്ഞ്‌ ശരിയാക്കുമത്രെ. ബോധമില്ലാതെയായാൽ കൈയിലെ മരവിപ്പ് ഹൃദയത്തെയും കൊണ്ടേപോകൂ. എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ മരണത്തെക്കുറിച്ചു ഞാനോർക്കുന്നു.  കുട്ടിക്കൃഷ്ണൻ ചെറുപ്പത്തിൽത്തന്നെ വിടപറയുകയായിരുന്നു.

അക്കാലത്ത് ഒപ്പമുണ്ടായിരുന്ന അശോക് ദാമോദരൻ മുതൽ ആർ ബാലശങ്കറെ വരെ മറക്കാനാവില്ല. ബാലചന്ദ്രൻ, പ്രസന്നരാജൻ തുടങ്ങി എത്രയോപേർ.

ബാലശങ്കർ അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്രമോദിയോടൊപ്പം ഒരേ മുറിയിൽ നിരവധി മാസങ്ങൾ കഴിഞ്ഞിട്ടുണ്ട്. മോദി അക്കാലത്ത് നേതാവൊന്നുമല്ല. പിൽക്കാലത്ത് മോദിയെ ബിജെപിയുടെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ബാലശങ്കറിന്റെ സ്വാധീനവും ഇടപെടലുമുണ്ടായിരുന്നു. മോദിയെ ഉൾപ്പെടുത്തുന്നതിനോട് ആനുകൂല്യമുള്ളയാളായിരുന്നില്ല എൽ കെ അദ്വാനി.

ബാലശങ്കർ അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്രമോദിയോടൊപ്പം ഒരേ മുറിയിൽ നിരവധി മാസങ്ങൾ കഴിഞ്ഞിട്ടുണ്ട്. മോദി അക്കാലത്ത് നേതാവൊന്നുമല്ല. പിൽക്കാലത്ത് മോദിയെ ബിജെപിയുടെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ബാലശങ്കറിന്റെ സ്വാധീനവും ഇടപെടലുമുണ്ടായിരുന്നു. മോദിയെ ഉൾപ്പെടുത്തുന്നതിനോട് ആനുകൂല്യമുള്ളയാളായിരുന്നില്ല എൽ കെ അദ്വാനി.

അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും വളരെ വേണ്ടപ്പെട്ടയാളായിരുന്നു ബാലശങ്കർ. ഒരു ഘട്ടത്തിൽ മന്ത്രിയായിരുന്ന മുരളീ മനോഹർ ജോഷിയുടെ പ്രിൻസിപ്പൽ അഡ്‌വൈസർ കൂടിയായിരുന്നു ഓർഗനൈസറിന്റെ എഡിറ്റർ കൂടിയായ ബാലശങ്കർ. ആ ബാലശങ്കർ നിർബന്ധപൂർവം അന്ന് ഇടപെട്ടിരുന്നില്ലെങ്കിൽ മോദി പാർലമെന്ററി ബോർഡിൽ വരില്ല.

അന്ന് ബോർഡിൽ വന്നില്ലായിരുന്നെങ്കിൽ നരേന്ദ്രമോദിയുടെ ജീവിതം വേറൊരു വഴിക്ക് ആകുമായിരുന്നുവെന്നതും തീർച്ചയാണ്.

നരേന്ദ്രമോദിയുടെ ജീവിതകഥ ഇംഗ്ലീഷിൽ പുസ്തകമായി എഴുതി പ്രസിദ്ധീകരിച്ചത് ബാലശങ്കർ ആണ്. എന്തുകൊണ്ടോ അധികാര ലബ്ധിക്കുശേഷം നരേന്ദ്രമോദി  ബാലശങ്കറെ അറിയാമെന്ന മട്ടുപോലും കാണിക്കുന്നില്ല. മനുഷ്യന്റെ ധാർമികതകളിൽ ഏറ്റവും ശ്രേഷ്ഠമായത്, കടമകളിൽ ഏറ്റവും മഹത്തരമായത് നന്ദി കാണിക്കലാണ്. നന്മയും നന്ദിയും സത്യത്തിൽ പര്യായങ്ങളാണ്.

‘Gratitude is a virtue most defied and most deserted’  എന്ന് ജെ ഡബ്ല്യൂ ഫോർനി പറഞ്ഞിട്ടുള്ളതുകൂടി ഇത്തരുണത്തിൽ ഓർമിക്കട്ടെ . (അവസാനിച്ചു)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top