08 February Wednesday

നായനാർ: ശുദ്ധതയുടെ, ശക്തിയുടെ ആൾരൂപം-ദിൽസെ; ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര പതിമൂന്നാം ഭാഗം

പ്രഭാവർമ്മUpdated: Monday Dec 5, 2022

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചുനിർത്തിയ ഈടുറ്റ കണ്ണിയായിരുന്നു ഇ കെ നായനാരുടെ ജീവിതം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഇഴപിരിച്ചെടുക്കാനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്ന ഒന്നാക്കി സ്വന്തം ജീവിതത്തെ മാറ്റിത്തീർത്ത അധികം നേതാക്കൾ കാണില്ല. ആ അപൂർവതയുടെ നിരയിലായിരുന്നു ഇ കെ നായനാരുടെ സ്ഥാനം. കടന്നുവന്ന കാലത്തിലെല്ലാം ആ ജീവിതത്തിന്റെ മുദ്ര പതിഞ്ഞുനിന്നു. വീറുറ്റ പോരാട്ടത്തിന്റെ മുദ്രയായിരുന്നു അത്.

 ‘A beautiful soul has no other merit than its own existence’
 – Schiller

നായനാരുടെ ശുദ്ധതയെക്കുറിച്ചുകൂടി പറയാതെ കടന്നുപോകാനാവില്ല. ഒരിക്കൽ, സോവിയറ്റ് യൂണിയൻ സന്ദർശനവേളയിൽ ശരീരമാകെ മറഞ്ഞുനിൽക്കുന്ന വിധത്തിലുള്ള ഒരു വൂളൻ കുപ്പായം കിട്ടി നായനാർക്ക്. ദേശാഭിമാനിയുടെ മുഖ്യ പത്രാധിപർ കൂടിയാണ് നായനാർ അന്ന്.

തണുപ്പുകാലമായിരുന്നതുകൊണ്ട് അതും ധരിച്ചാണ് ബ്യൂറോയിലേക്ക് കടന്നുവന്നത്. കുപ്പായത്തിന്റെ വില, പ്രത്യേകതകൾ തുടങ്ങിയവയൊക്കെ പറഞ്ഞിട്ട് അത് അഴിച്ച് അവിടെ സൂക്ഷിച്ചുവെക്കാനായി എന്നെ ഏൽപ്പിച്ചു. ഞാൻ നായനാർ കാൺകെത്തന്നെ അത് ഭദ്രമായി മടക്കി അലമാരയിൽ വെച്ചു.

പിന്നീട് ഓരോ തവണ കേരളത്തിൽനിന്ന്‌ ഡൽഹിയിലെത്തുമ്പോഴും കേരള ഹൗസിൽ ചെല്ലുന്ന എന്നോട് ആ ഉടുപ്പിന്റെ സ്ഥിതിയെക്കുറിച്ച് ആരായും. 'ഭദ്രമായി വെച്ചിട്ടുണ്ടല്ലൊ അല്ലേ?' ഉണ്ട് എന്ന്‌ ഞാൻ. സത്യത്തിൽ തണുപ്പ് കഠിനമാവുന്ന ദിവസങ്ങളിലൊക്കെ ഞാനും എന്റെ സഹപ്രവർത്തകനായിരുന്ന വെങ്കടേശ് രാമകൃഷ്ണനും അത്‌ മാറിമാറി ഇട്ടായിരുന്നു പുറത്തുപോയിരുന്നത്.

വെങ്കിടേഷ്‌  രാമകൃഷ്‌ണൻ

വെങ്കിടേഷ്‌ രാമകൃഷ്‌ണൻ

ഞാൻ കേരള ഹൗസിൽ വെച്ച് 'ഭദ്രം' എന്ന്‌ നായനാർക്ക് മറുപടി നൽകുമ്പോൾ കോട്ട് വെങ്കിടേശ് അണിഞ്ഞിരിക്കുകയായിരുന്നു. എന്തോ സംശയം തോന്നിയ നായനാർ പറഞ്ഞു: 'എനിക്ക് അതൊന്നു കാണണം; നമുക്ക് ഓഫീസിലേക്ക്‌ പോവാം'.
ഞാൻ ഞെട്ടി. വെങ്കിടേശ് ആ കോട്ടുമിട്ട് എഐസിസി ഓഫീസിൽ പോയിരിക്കുകയാണ്. എപ്പോൾ വരുമെന്നറിയില്ല. നായനാരാകട്ടെ, കോട്ട് പരിശോധിക്കാൻ എനിക്കൊപ്പം ഇറങ്ങുകയുമാണ്.

അന്ന്‌ മൊബൈലോ പേജറോ ഒന്നുമില്ല. വെങ്കിടേശിനെ വിവരമറിയിക്കാൻ ഒരു മാർഗവുമില്ല. എന്നിട്ടും അൽപ്പം സമയം കടമെടുത്ത് ഞാൻ കേരള ഹൗസിന്റെ റിസപ്ഷനിൽ ചെന്ന് എഐസിസി ഓഫീസിലേക്ക്‌ ഫോൺ ചെയ്തു.

ആരുടെയൊക്കെ കൈമറിഞ്ഞ് ഒടുവിൽ ഫോൺ വെങ്കിടേശിലെത്തി. ഉടൻ തിരിച്ചുവരാൻ ഞാൻ വെങ്കിടേശിനോടു പറഞ്ഞു.

ഏതാണ്ട് ഇത്രയുമായപ്പോഴേക്ക്, 'നമുക്ക് ഇറങ്ങാം' എന്നുപറഞ്ഞ് നായനാർ റിസപ്ഷനിലേക്കെത്തിയിരുന്നു. നായനാർക്ക് റിസപ്ഷനിൽ ഒന്ന്‌ തങ്ങേണ്ടിവന്നു; ചിലരോടു സംസാരിക്കാൻ! ഭാഗ്യം.

ഞങ്ങൾ കാറിൽ കയറി വിതൽഭായി പട്ടേൽ ഹൗസിലെത്തി ലിഫ്റ്റ് വഴി രണ്ടാം നിലയിലിറങ്ങിയപ്പോഴുണ്ട് വെങ്കടേശ് അവിടെ നിൽക്കുന്നു. ഏതായാലും കോട്ട് ദേഹത്തില്ല! ഞങ്ങൾ മൂവരും കൂടി 215‐ാം നമ്പർ മുറിയിലെ ദേശാഭിമാനി ബ്യൂറോയിലെത്തി. നായനാർ നേരെ അലമാര തുറന്ന് പരിശോധനയാരംഭിച്ചു.

കോട്ട് എടുത്ത് ഒന്നുകുടഞ്ഞു. അപ്പോഴതാ സിഗരറ്റുകളും തീപ്പെട്ടിക്കൊള്ളിയുമൊക്കെ അതിൽനിന്ന്‌ പൊഴിയുന്നു. വെങ്കടേശ് ഓടിപ്പാഞ്ഞുവന്ന് കോട്ടഴിച്ച് ഭദ്രമായി വെച്ചിരുന്നുവെങ്കിലും അതിന്റെ പോക്കറ്റിൽനിന്ന് സിഗരറ്റും മറ്റും നീക്കിയിരുന്നില്ല.

കയ്യോടെ പിടിക്കപ്പെട്ടല്ലൊ എന്ന്‌ ഞങ്ങൾ വിഷണ്ണരായപ്പോഴതാ വരുന്നു നായനാരുടെ കമന്റ്: 'തണുപ്പുകാലത്ത് തണുത്തുപോവാതിരിക്കാൻ നിങ്ങൾ സിഗരറ്റ് സൂക്ഷിക്കുന്നത് എന്റെ വൂളൻ കോട്ടിനകത്താണല്ലേ!' ആശ്വാസമായി.

പരമശുദ്ധനായ നായനാർ, കോട്ട് ഞങ്ങൾ മാറിമാറി അണിയുന്നതായല്ല, മറിച്ച് കോട്ടിൽ സിഗരറ്റ് സൂക്ഷിക്കുന്നതായാണ് കരുതിയത്.

എന്നോട്‌ സ്നേഹം മാത്രമല്ല, ആദരവുമുണ്ടായിരുന്നു നായനാർക്ക്. 'വർമാജി' എന്നല്ലാതെ വിളിക്കുമായിരുന്നില്ല. പ്രഭാവർമ എന്ന് ഒരിക്കൽപ്പോലും പരാമർശിച്ചിട്ടില്ല.വാര്യർ ആയിരുന്നു പിഎ. വാര്യരെ അങ്ങേയറ്റം സ്നേഹമായിരുന്നു. ആ സ്നേഹം 'വാരസ്യാർ...' എന്ന്‌ നീട്ടിവിളിക്കുന്നിടത്ത് എത്തുമായിരുന്നു ചിലപ്പോഴൊക്കെ.

എന്നോട്‌ സ്നേഹം മാത്രമല്ല, ആദരവുമുണ്ടായിരുന്നു നായനാർക്ക്. 'വർമാജി' എന്നല്ലാതെ വിളിക്കുമായിരുന്നില്ല. പ്രഭാവർമ എന്ന് ഒരിക്കൽപ്പോലും പരാമർശിച്ചിട്ടില്ല.വാര്യർ ആയിരുന്നു പിഎ. വാര്യരെ അങ്ങേയറ്റം സ്നേഹമായിരുന്നു. ആ സ്നേഹം 'വാരസ്യാർ...' എന്ന്‌ നീട്ടിവിളിക്കുന്നിടത്ത് എത്തുമായിരുന്നു ചിലപ്പോഴൊക്കെ.

പ്രഭാവർമ്മ ഇ കെ നായനാർക്കൊപ്പം

പ്രഭാവർമ്മ ഇ കെ നായനാർക്കൊപ്പം

ഒരിക്കൽ നായനാരോടൊപ്പം ബഹ്റൈനിൽ പോയിരുന്നു. അതിപ്രമുഖനായ ഒരു ബിസിനസ് മാഗ്നറ്റ് നായനാരെ കാണാൻ വന്നു. മലയാളിയല്ല.

നായനാർ വിശ്രമിക്കുകയായിരുന്നതുകൊണ്ട് അദ്ദേഹത്തെ സന്തോഷിപ്പിച്ചിരുത്തേണ്ട ചുമതല എനിക്കായി. ഞങ്ങളുടെ സംഭാഷണം രണ്ടുമണിക്കൂറിലേറെ നീണ്ടു.

സാഹിത്യത്തിലടക്കം താൽപ്പര്യമുള്ളയാളാണ് മാഗ്നറ്റ്. ആ ദീർഘസംഭാഷണത്തിലൂടെ അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടമായി. ഒരു ഘട്ടത്തിൽ അദ്ദേഹം എന്നോട്‌ ചോദിച്ചു.

അവിടെ തുച്ഛമായ സർക്കാർ ശമ്പളത്തിൽ എന്തിനുകൂടണം. ഇവിടെ എന്നോടൊപ്പം കൂടാൻ സമ്മതമാണോ? ഈ കാര്യം അദ്ദേഹം പിന്നീട് നായനാരോടും പറഞ്ഞു.

ആ ചോദ്യവും അതിനോട്‌ ഞാൻ നടത്തിയ പ്രതികരണവും നായനാരുടെ മനസ്സിൽ കൊണ്ടു. അത്‌ തികട്ടിവന്ന നിമിഷത്തിൽ 'വാരസ്യാര്യേ...' എന്ന്‌ വിളിച്ചുകൊണ്ട് നായനാർ പറഞ്ഞു; ‘ഈ വർമാജി സെക്രട്ടേറിയറ്റിൽ ഒതുങ്ങേണ്ട ആളൊന്നുമല്ല’.

കവിതയുള്ളതുകൊണ്ട്‌ രാഷ്ട്രീയക്കാരനായും രാഷ്ട്രീയമുള്ളതുകൊണ്ട് കവിതക്കാരനായും പരിഗണിക്കപ്പെടാത്ത നിലവരുമോ എന്ന ആശങ്ക ഒരിക്കൽ ഞാനുമായിത്തന്നെ പങ്കിട്ടു നായനാർ.

നർമോക്തികളുടേതായ ഒരു സന്ധ്യയിൽ ഞാൻ ഒരു കഥ പറഞ്ഞു അദ്ദേഹത്തോട്; ഒരു ശതകോടീശ്വരന്റെ കഥ!
ശതകോടീശ്വരൻ തന്റെ പ്രധാന നിക്ഷേപങ്ങളിലൊന്നുള്ള ബാങ്കിന്റെ ഒരു ശാഖയിൽ ചെന്നു. മാനേജർമാരടക്കം പടിക്കലെത്തി ചുവപ്പുപരവതാനിയിട്ടു സ്വീകരിച്ചു.

എന്തിനാണിങ്ങോട്ടു വന്നത്, ഞങ്ങൾ അങ്ങോട്ടു വരുമായിരുന്നല്ലൊ എന്ന്‌ ചീഫ് മാനേജർ. നിങ്ങളെയൊക്കെ ഒന്നു കാണാമെന്നുവച്ചു എന്ന്‌ ശതകോടീശ്വരൻ!

സംസാരിച്ചുവരവേ, മാനേജർ തങ്ങളുടെ പുതിയ ഒരു സ്കീമിനെക്കുറിച്ച്‌ പറഞ്ഞു; അതിൽ ചേർന്നാൽക്കൊള്ളാമെന്നപേക്ഷിച്ചു. പിന്നെന്താ എന്നായി ശതകോടീശ്വരൻ. അസിസ്റ്റന്റ് മാനേജർ അപേക്ഷാഫോറവും പേനയും നീട്ടി. എനിക്ക് എഴുതാനൊന്നുമറിയില്ല എന്ന്‌ ശതകോടീശ്വരൻ.

ബാങ്കുകൾ ഒരുനിമിഷം ഞെട്ടിത്തരിച്ചു വിസ്മയിച്ചുനിന്നു. വിസ്മയത്തിൽ നിന്നുണർന്ന് ചീഫ് മാനേജർ ചോദിച്ചു. ഒന്നും പഠിക്കാതെ അങ്ങ് ശതകോടീശ്വരനായി.

പഠിക്കുക കൂടി ചെയ്തിരുന്നെങ്കിലോ? ഉടൻ വന്നു കോടീശ്വരന്റെ മറുപടി: 'കപ്യാരായേനേ!' അദ്ദേഹം വിശദീകരിച്ചു. ചെറുപ്പത്തിൽ പഠിക്കാനെന്നല്ല, ജീവിക്കാൻപോലും വഴികാണാതെ വിഷമിച്ച് അലഞ്ഞിരുന്ന ഘട്ടത്തിൽ തന്നെ കപ്യാരാക്കാമോ എന്ന് പള്ളീലച്ചനോട് ചോദിച്ചു.

കപ്യാരുടെ ഒഴിവുണ്ടായിരുന്നു അന്ന്. 'ഒരു അപേക്ഷ എഴുതി ഓഫീസിൽ കൊടുത്തേക്ക്, ഞാൻ ശരിയാക്കാം' എന്നതായിരുന്നു അച്ചന്റെ മറുപടി.

അക്ഷരമൊന്നുമെഴുതാൻ എനിക്കറിയില്ല എന്ന്‌ പ്രതികരിച്ചപ്പോൾ അക്ഷരം പോലുമറിയാത്തവന് ഇവിടെ പണിയില്ല എന്നായി അച്ചൻ! ഒരു ജോലിയുടെ സാധ്യത അടഞ്ഞുതെരുവിലേക്കിറങ്ങി.

അന്ന് അക്ഷരമറിയാമായിരുന്നെങ്കിലോ? എങ്കിൽ അപേക്ഷ എഴുതി കൊടുത്തേനേ. കപ്യാരാവുകയും ചെയ്തേനേ! ആ കഥ നായനാർക്ക് നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹം പിന്നീട് ഇത് പലരോടും പറയുന്നതിന്  വാര്യർ സാക്ഷിയായിട്ടുണ്ട്.

നായനാർ അന്തരിക്കുമ്പോൾ ഞാൻ കൈരളി ടിവിയിലായിരുന്നു.

നായനാരുടെ മൃ-തദേഹം വഹി-ച്ചു-ള്ള വി-ലാ-പയാ-ത്ര എ കെ ജി സെന്ററിനു മുന്നിലെത്തിയപ്പോൾ

നായനാരുടെ മൃ-തദേഹം വഹി-ച്ചു-ള്ള വി-ലാ-പയാ-ത്ര എ കെ ജി സെന്ററിനു മുന്നിലെത്തിയപ്പോൾ

മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൈരളി ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

അന്നുരാത്രി ഉറക്കമിളച്ചു നായനാരെക്കുറിച്ച് ടിവിയിലൂടെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവന്നു.

ആരെക്കുറിച്ചുപറഞ്ഞാലും അരമണിക്കൂർ കഴിയുമ്പോൾ പറയാൻ ഒന്നുമവശേഷിക്കാത്ത സ്ഥിതി വരും. എനിക്ക് മറിച്ചായിരുന്നു അന്ന് അനുഭവം.

ആ രാത്രിയും പിറ്റേന്ന്‌ പകലും ഉറക്കമിളച്ചിരുന്ന് ഒരു സ്ക്രിപ്റ്റുമില്ലാതെ പറഞ്ഞിട്ടും പറയാൻ പലതും ശേഷിക്കുന്ന അവസ്ഥ.

മുഖ്യമന്ത്രിയോടൊത്തുള്ള കാര്യങ്ങൾ, മുഖ്യമന്ത്രിയാവുന്നതിന്‌ മുമ്പും പിൻപുമുള്ള കാര്യങ്ങൾ... അങ്ങനെ എന്തെല്ലാം.

സ്നേഹത്തിന്റെ സൂര്യനാണ് അസ്തമിച്ചത് എന്ന് എനിക്കു തോന്നി. പലപ്പോഴും നിരുദ്ധകണ്ഠനായി. വാക്കിടറി മൗനത്തിലേക്കുവീണു. എങ്കിലും പറഞ്ഞുകൊണ്ടേയിരിക്കണമല്ലൊ.
പിന്നീട് പയ്യാമ്പലത്ത് നായനാർക്ക്‌ സ്മൃതികുടീരം ഉയർന്നു.

പയ്യാമ്പലത്തെ  ഇ കെ നായനാർ സ്‌മൃതികുടീരം

പയ്യാമ്പലത്തെ ഇ കെ നായനാർ സ്‌മൃതികുടീരം

അന്ന്‌ നായനാരെക്കുറിച്ച് ശിലാമണ്ഡപത്തിൽ നാലുവരി ആലേഖനം ചെയ്തുവെക്കണമായിരുന്നു. അത് എഴുതാനുള്ള നിയോഗവും എനിക്കായിരുന്നു.

'കണ്ണുനീരും കരുത്താക്കി മാറ്റുവാൻ
നൊമ്പരം മറന്നൊത്തു മുന്നേറുവാൻ
കഴുമരത്തെയും തട്ടിത്തെറിപ്പിച്ച
കരളുറപ്പായ് നയിക്കുന്നു നായനാർ.
എന്നുമൂർജ്ജമായ്, ശക്തിയായ്, ധൈര്യമായ്
വന്നു നമ്മെ നയിക്കുന്നു നായനാർ!'

പയ്യാമ്പലത്ത്‌ ചെല്ലുന്നവർക്ക് ആ സ്മൃതികുടീരത്തിൽ ഇപ്പോഴും എന്റെ ആ വരികൾ കാണാം‐ കൃഷ്ണശിലയിൽ വെളുത്ത ലിപിയിൽ.

സത്യത്തിൽ അത് അവിടെയല്ല, എന്റെ മനസ്സിന്റെ ശിലയിലാണ്; സ്നേഹത്തിന്റെ ലിപികളിലാണ്!
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചുനിർത്തിയ ഈടുറ്റ കണ്ണിയായിരുന്നു ഇ കെ നായനാരുടെ ജീവിതം.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഇഴപിരിച്ചെടുക്കാനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്ന ഒന്നാക്കി സ്വന്തം ജീവിതത്തെ മാറ്റിത്തീർത്ത അധികം നേതാക്കൾ കാണില്ല. ആ അപൂർവതയുടെ നിരയിലായിരുന്നു ഇ കെ നായനാരുടെ സ്ഥാനം.

കടന്നുവന്ന കാലത്തിലെല്ലാം ആ ജീവിതത്തിന്റെ മുദ്ര പതിഞ്ഞുനിന്നു. വീറുറ്റ പോരാട്ടത്തിന്റെ മുദ്രയായിരുന്നു അത്്. രാജഭരണത്തിന്റെയും അതിന്റെ തണലിലുള്ള ഭൂപ്രഭുത്വത്തിന്റെയും അതിനെല്ലാം സഹായം ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെയും നേർക്കുള്ള വെല്ലുവിളിയായാണ് ആ ജീവിതത്തിന്റെ ആദ്യഘട്ടം ശ്രദ്ധേയമായത്.

പിന്നീടത് ദേശീയ സ്വാതന്ത്ര്യസമരത്തിലെ കനൽപാറുന്ന അധ്യായമായി. അതിനുശേഷം സ്വതന്ത്ര ഇന്ത്യയിൽ മനുഷ്യയോഗ്യമായ ജീവിതാവസ്ഥ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടമായി. കൈവന്ന അധികാരസ്ഥാനങ്ങളെപ്പോലും ആ പോരാട്ടത്തിനുള്ള ഉപകരണങ്ങളായാണ്‌ നായനാർ കണ്ടത്.

ആ കർമധീരതയും അർപ്പണബോധവുമാണ് ഏറമ്പാല കൃഷ്ണൻ നായനാരെ കേരളത്തിന്റെ ഇ കെ നായനാരാക്കി മാറ്റിയത്.

സ്വാർഥതാരഹിതവും യാതനാനിർഭരവുമായ ആ ജീവിതത്തെ കേരളം ഹൃദയംകൊണ്ട് സ്വീകരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ഒരുപക്ഷേ എ കെ ജിക്കല്ലാതെ മറ്റൊരു ജനനേതാവിനും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയുമായി കേരളം ഇ കെ നായനാരെ യാത്രയയച്ചതിന്റെ ദൃശ്യങ്ങൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച വ്യക്തി ഇ കെ നായനാരാണ്. 1981 ഒക്ടോബർ 21 മുതൽ 22 മാസവും 1987ൽ 48 മാസവും 1996 തൊട്ട് 60 മാസവും ഇ കെ നായനാരായിരുന്നു നമ്മുടെ മുഖ്യമന്ത്രി.

ആകെ നാലായിരത്തിൽപ്പരം ദിവസങ്ങൾ. അതായത് പന്ത്രണ്ടോളം വർഷം.

ജനങ്ങളാകട്ടെ നായനാരെ എന്നും മനസ്സാ സ്വീകരിച്ചു.പാർലമെന്റ് മണ്ഡലങ്ങളിലേതിന്‌ സമാനമായ ഭൂരിപക്ഷത്തോടെയാണ് ഏറ്റവുമൊടുവിൽ തലശ്ശേരിയിലെ ജനങ്ങൾ നായനാരെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചത്. നായനാർ അവിടെ പ്രചാരണത്തിന് പോയതാകട്ടെ ഒന്നോ രണ്ടോ ദിവസം മാത്രം.

ജനങ്ങളാകട്ടെ നായനാരെ എന്നും മനസ്സാ സ്വീകരിച്ചു.പാർലമെന്റ് മണ്ഡലങ്ങളിലേതിന്‌ സമാനമായ ഭൂരിപക്ഷത്തോടെയാണ് ഏറ്റവുമൊടുവിൽ തലശ്ശേരിയിലെ ജനങ്ങൾ നായനാരെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചത്. നായനാർ അവിടെ പ്രചാരണത്തിന് പോയതാകട്ടെ ഒന്നോ രണ്ടോ ദിവസം മാത്രം.

ജനങ്ങൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത നേതാവായിരുന്നു നായനാർ. മൊറാഴയുടെയും കയ്യൂരിന്റെയും ചോരച്ചുവപ്പാർന്ന പടനിലങ്ങൾ താണ്ടിവന്ന ആ ജീവിതത്തിന് അധികാരമൊരിക്കലും കുളിർഛായയായിരുന്നില്ല.

സമരങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തെളിഞ്ഞ ആ വ്യക്തിത്വത്തിന് രാഷ്ട്രീയാധികാരം ജനസേവനത്തിനുള്ള പല മാർഗങ്ങളിൽ ഒന്നുമാത്രമായിരുന്നു.

പൂവിരിച്ച പരവതാനികൾ കടന്നല്ല നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. കഴുമരത്തിന്റെ കരിനിഴൽ വീണ ഒളിത്താവളങ്ങളിലൂടെയും പീഡാനുഭവങ്ങളുടെ കാരിരുമ്പറകളിലൂടെയും ഹൃദയരക്തം വീണ സമരപാതകളിലൂടെയുമായിരുന്നു ആ യാത്ര.

കെ പി ആർ ഗോപാലൻ

കെ പി ആർ ഗോപാലൻ

രാഷ്ട്രീയപ്രവർത്തനത്തിന്‌ പ്രതിഫലമായി യാതനകൾ മാത്രം പ്രതീക്ഷിക്കാവുന്ന ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ ആളാണ് നായനാർ.

അധികാരസ്ഥാനങ്ങൾ സ്വപ്നത്തിൽപ്പോലും കാണാനാവാതിരുന്ന കാലം. പുതുതലമുറകൾക്ക്‌ സങ്കൽപ്പിക്കാനാവാത്ത ഒരു കാലം. ആ കാലത്തിന്റെ സൃഷ്ടിയാണ് നായനാർ.

പോരാട്ടങ്ങളുടെയും ജയിൽവാസങ്ങളുടെയും കാലമായിരുന്നു. 1939ൽ രണ്ടാംലോക മഹായുദ്ധം ആരംഭിച്ചപ്പോഴുണ്ടായ ഭക്ഷ്യക്ഷാമ ഘട്ടത്തിൽ കരിഞ്ചന്ത വ്യാപകമായി. പൂഴ്ത്തിവെയ്പ്പിനെതിരെ ജനങ്ങൾ സംഘടിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് ജനങ്ങളെ അടിച്ചമർത്തി.

40 സെപ്തംബർ 15ന് നടന്ന മർദന പ്രതിഷേധ യോഗത്തെയും പൊലീസ് ആക്രമിച്ചു. മൊറോഴയിൽ കുപ്രസിദ്ധനായ ഒരു എസ്ഐ ഏറ്റുമുട്ടലിൽ മരിച്ചു. ഈ കേസിൽ കെ പി ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു.

നായനാരാകട്ടെ കർണാടകത്തിലേക്ക് ഒളിവിൽ പോയി. മൊറാഴക്കേസിൽ താൻ പ്രതിയല്ല എന്നറിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കയ്യൂർ സംഭവം നടക്കുന്നത്. നായനാരെ കേസിൽ മൂന്നാം പ്രതിയാക്കി.

നായനാരെ പിടിക്കാൻ പൊലീസിന്‌ കഴിഞ്ഞില്ല. പിടികൂടിയ മറ്റ്‌ നാലുപ്രതികളെയും തൂക്കിക്കൊല്ലുകയായിരുന്നു. അന്ന് നായനാരെ പിടികിട്ടിയിരുന്നെങ്കിൽ ചരിത്രം മറ്റൊരു കഥയായിരുന്നു പറയുക. 1946ൽ മദ്രാസിൽ പ്രകാശ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷം മാത്രമാണ് കേസ് പിൻവലിച്ചത്.

(തുടരും)
 

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top