23 September Saturday

ഖസാക്കിന്റെ കഥാകാരനൊപ്പം-ദിൽസെ; ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര പന്ത്രണ്ടാം ഭാഗം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ഒ വി വിജയൻ-ഫോട്ടോ: അഷ്‌റഫ്‌ മലയാളി

പല സായാഹ്നങ്ങളിൽ ഒരു കൈയിൽ പൈപ്പും മറുകൈയിൽ റമ്മുമായിരുന്ന് അന്ന് ഒ വി വിജയൻ പറഞ്ഞ കഥകളിൽ വാൾട്ട് വിറ്റ്മാൻ പറഞ്ഞതുപോലെ തൊട്ടാൽ തുടിക്കുന്ന ജീവിതമുണ്ടായിരുന്നു. നിസ്സംഗതയോടെ, നിർമ്മമത്വത്തോടെ മനസ്സുകൊണ്ട് അതിവിദൂരതകളെ മറികടക്കുന്ന നോട്ടവുമായിരുന്ന് ഒ വി വിജയൻ പറഞ്ഞു; അധികമാരോടും പറഞ്ഞിട്ടില്ലാത്ത കഥകൾ!

 ‘The greatest thing in style is to have a command of metaphor’ ‐ Aristotle

ഡൽഹിക്കാലത്ത് സഹോദരീ സഹോദരന്മാരായ ഇവർ എന്റെ മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനം പിടിച്ചിട്ടുണ്ട്. എഴുത്തിലൂടെതന്നെ. ഒന്ന് ഒ വി വിജയൻ മറ്റൊന്ന് ഒ വി ഉഷ.
ഭാവാത്മകവും ദാർശനികവുമായ ഒ വി ഉഷയുടെ കവിതകൾക്കായി ഞാൻ പണ്ടേതന്നെ മലയാളനാടിന്റെ ലക്കങ്ങൾക്കായി കാത്തിരുന്നിട്ടുണ്ട്. നിർഭാഗ്യവശാൽ അവർ ചുരുക്കമായേ എഴുതിയിട്ടുള്ളു.

ഉഷയുമായുള്ള ബന്ധം അത്യപൂർവമായ കണ്ടുമുട്ടലുകളിലും ഫോൺവിളികളിലുമായി മാത്രം തുടർന്നുപോരുന്നു. ഒ വി വിജയനുമായുള്ളത് ഡൽഹിക്കാലത്ത് ആത്മാവിന്റെ സ്പർശമുള്ളതും ദൃഢതരവുമായി മാറി. വിജയൻ അദ്ദേഹത്തിന്റെ ജീവിതം എന്നോടു പറഞ്ഞിട്ടുള്ളത്‌ വിശദമായി മറ്റാരോടും പറഞ്ഞിട്ടുമുണ്ടാവില്ല എന്നാണ്‌ ഞാൻ കരുതുന്നത്.

‘‘ഈ കപ്പ് ഞാൻ തന്നെ കഴുകി വയ്ക്കാം’’. ചായക്കപ്പിൽനിന്നു പിടിവിടാതെ നേരെ അടുക്കളയിലേക്ക് നടന്നുകൊണ്ട് ഒരിക്കൽ ഒ വി വിജയൻ പറഞ്ഞു.
ഡൽഹിയിലെ വിതൽഭായി പട്ടേൽ ഹൗസിൽ ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ വന്നതായിരുന്നു ഒ വി വിജയൻ. ക്ഷണിച്ചിട്ടല്ല വന്നത്.

ഒ വി വിജയൻ                                      ഫോട്ടോ: കെ ആർ വിനയൻ

ഒ വി വിജയൻ ഫോട്ടോ: കെ ആർ വിനയൻ

റാഫി മാർഗിൽവച്ച് ഒരു സായാഹ്നത്തിൽ കണ്ടപ്പോൾ ഒ വി വിജയൻ പറഞ്ഞു. “എനിക്ക് മോളെ ഒന്നു കാണണം; ഞാനും വീട്ടിലേക്ക് വരുന്നു”. മോളുണ്ടായിട്ട് കുറച്ചു ദിവസങ്ങളേ ആയിരുന്നുള്ളൂ.
അങ്ങനെ വന്നപ്പോഴാണ് കപ്പ് ടീപ്പോയിൽ വയ്ക്കാതെ നേരെ അടുക്കളയിൽ കൊണ്ടുപോയി കഴുകി കമഴ്ത്തിയത്. എന്നിട്ട് തിരികെ വന്ന് സോഫയിലിരുന്നിട്ട് മറ്റൊരു ചായക്കപ്പിന്റെ കഥ അദ്ദേഹം പറഞ്ഞു.

താഴ്ന്ന ജാതിയിൽപ്പെട്ടവർ ചായ കുടിച്ചാൽ കപ്പ്‌ കഴികിവയ്ക്കണം എന്ന് മേൽ ജാതിക്കാർ നടത്തിയിരുന്ന ചായക്കടകളിൽ അലിഖിത നിയമമുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച്: നാട്ടിലെ ആ സമ്പ്രദായം തന്റെ അച്ഛൻ നിർത്തിച്ചതിനെക്കുറിച്ച്; മുത്തച്ഛൻ ക്രിസ്ത്യാനിയായതിനെക്കുറിച്ച്; തന്റെ കാലത്തെക്കുറിച്ച്; തന്റെ ജീവിതത്തെക്കുറിച്ച്...

കഥ പിന്നീട് നീണ്ടകാലം തുടർന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക്  ചാണക്യപുരിയിൽ ഗവൺമെന്റ് അദ്ദേഹത്തിന് അനുവദിച്ചുകൊടുത്ത ഫ്ലാറ്റിൽ; പല സായാഹ്നങ്ങളിൽ ഒരു കൈയിൽ പൈപ്പും മറുകൈയിൽ റമ്മുമായിരുന്ന് അന്ന് ഒ വി വിജയൻ പറഞ്ഞ കഥകളിൽ വാൾട്ട് വിറ്റ്മാൻ പറഞ്ഞതുപോലെ തൊട്ടാൽ തുടിക്കുന്ന ജീവിതമുണ്ടായിരുന്നു. നിസ്സംഗതയോടെ, നിർമ്മമത്വത്തോടെ മനസ്സുകൊണ്ട് അതിവിദൂരതകളെ മറികടക്കുന്ന നോട്ടവുമായിരുന്ന് ഒ വി വിജയൻ പറഞ്ഞു; അധികമാരോടും പറഞ്ഞിട്ടില്ലാത്ത കഥകൾ!

ഇനി ചായക്കപ്പിന്റെ  കഥയിലേക്ക്  : ഒരിക്കൽ മങ്കരയിലെ നാട്ടുവഴികളിലൂടെ അച്ഛൻ വേലുക്കുട്ടി നടക്കാനിറങ്ങി. ഇടയ്ക്ക് ഒരു ചായക്കടയിൽ കയറി. ചായ കുടിച്ചിട്ട് പോവാനെഴുന്നേറ്റപ്പോൾ കപ്പ് കഴുകിവച്ചിട്ട് പോകണമെന്ന് ചായക്കടക്കാരൻ ഓർമിപ്പിച്ചു. വേലുക്കുട്ടി നേരെ  നടന്നുചെന്ന് അയാളുടെ കരണത്ത് ആഞ്ഞ് ഒരടികൊടുത്തു. താഴ്ന്ന ജാതിക്കാരൻ ചായക്കടയിൽ കയറി ചായ കുടിച്ചാൽ കപ്പു കഴുകിവയ്ക്കണമെന്ന സ്ഥിതി മങ്കരയിലവസാനിപ്പിച്ചത് ആ അടിയാണെന്ന് ഒട്ടൊരു അഭിമാനത്തോടെ ഒ വി വിജയൻ പറഞ്ഞു.

താഴ്ന്ന ജാതിയിൽപ്പെട്ട ഒരാൾക്ക് അന്നത്തെ സാമൂഹ്യസ്ഥിതിയിൽ സാധാരണഗതിയിൽ ചെയ്യാനാവുമായിരുന്നതല്ല വേലുക്കുട്ടി ചെയ്തത്. വേലുക്കുട്ടിക്ക് അതിന്‌ കരുത്തുപകർന്നത് തോളത്തുണ്ടായിരുന്ന രണ്ട് നക്ഷത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മലബാർ സ്പെഷ്യൽ പൊലീസിലായിരുന്നു അച്ഛൻ. എംഎസ്പിയിൽ ഒരു ഇന്ത്യക്കാരന്‌ വഹിക്കാമായിരുന്ന ഏറ്റവും ഉയർന്ന സ്ഥാനമായിരുന്നു സുബേദാർ മേജറുടേത്.

 ഒ വി ഉഷ

ഒ വി ഉഷ

അതായത് ഒരു കമ്പനി കമാൻഡർ. ആ നിലയ്ക്കാണ് സാമ്രാജ്യത്വാധികാരത്തിന്റെ രണ്ടുനക്ഷത്രങ്ങൾ അദ്ദേഹത്തിന്റെ  തോളത്തുവന്നത്. മേൽജാതിക്കാരന്റെ കവിളത്തടിക്കാനുള്ള കരുത്ത് അതിലൂടെയാണ്‌ വന്നത്. ക്യാമ്പ് സ്ഥിതിചെയ്തിരുന്ന കുന്നിൻമുകളിൽ നിന്ന് കമ്പോളം കടന്ന് താഴേയ്ക്ക് വേലുക്കുട്ടി നടന്നിറങ്ങുമ്പോൾ ഇരുവശത്തുമുള്ള മുസ്ലിങ്ങൾ ബഹുമാനത്തോടെ എഴുന്നേറ്റ്‌ നിൽക്കുമായിരുന്നു.

സുബേദാർ ഇന്നത്തെ എസ്ഐക്ക്‌ തുല്യനാണ്. സുബേദാറെ രാജാവിനെപ്പോലെ കണ്ടിരുന്ന ആ അവസ്ഥ ആദരവ് കലർന്ന അഭിമാനത്തോടെയാണ് അന്ന് നോക്കിക്കണ്ടിരുന്നത് എന്ന് വിജയൻ പറഞ്ഞു.

മലബാർ കലാപകാലത്ത് ഒരു അധിനിവേശ സൈന്യം കടന്നുവരും പോലെ എംഎസ്പി കടന്നുവന്നതും മലബാർ കലാപത്തിനുശേഷവും അവർ അവിടെ തുടർന്നതുമൊക്കെ തന്റെ മനസ്സിനെ രൂപപ്പെടുത്തിയതിൽ പങ്കുവഹിച്ച ഘടകങ്ങളായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം.

മിലിട്ടറി ബ്യൂഗിളിന്റെ ഈണത്തിനൊത്ത് യൂണിയൻ ജാക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്തിരുന്ന എംഎസ്പിക്കാരെ ഉള്ളിലടക്കിയ ഭയത്തെ കൗതുകത്തിന്റെ ആവരണം പുതപ്പിച്ചുനിന്ന്‌ കാണുകയായിരുന്നു ബാല്യത്തിൽ ഒ വി വിജയൻ.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ തന്റെ കൊച്ചു മനസ്സിൽ ദുഃഖമാണ് തോന്നിയതെന്ന് പിൽക്കാലത്ത് നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ മഹാപ്രവാചകനായി ഉയർന്ന അദ്ദേഹം പറഞ്ഞു. സൈനികാധികാരത്തിന്റെ ഉയർന്ന ശ്രേണികളിൽ നിന്ന് തന്റെ കുടുംബത്തെ സമൂഹത്തിന്റെ താഴേത്തട്ട് എന്ന യാഥാർഥ്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു അന്ന്‌ സ്വാതന്ത്ര്യമെന്ന് ബാല്യത്തിൽ മനസ്സ്‌ വേദനിച്ചു.

ഈസ്റ്റ് ഇന്ത്യക്കമ്പനിയുടെ കുറേ ഓഹരികൾ വാങ്ങി ആ പ്രതിസന്ധിഘട്ടത്തെ മറികടന്നാലോ എന്ന് നിരർഥകമായി ആലോചിച്ച ബാല്യം. ബിസിനസ്സിന്റെ ആ വഴികളും തനിക്ക് അപ്രാപ്യമാണെന്ന തിരിച്ചറിവിന്റെ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പിന്നെയും സമയമെടുത്തു.
ബാല്യ‐കൗമാരങ്ങളുടെ പതിനാറുവർഷങ്ങളാണ് എംഎസ്പി ക്യാമ്പിൽ താൻ കഴിഞ്ഞത് എന്ന് ഒ വി വിജയൻ എന്നോട്‌ പറഞ്ഞു.

പൊലീസിനെ ഭയക്കാനും സ്നേഹിക്കാനും ആവാതെയിരിക്കെത്തന്നെ അതിനുരണ്ടിനും മനസ്സ് പാകപ്പെട്ട ഘട്ടമാണതെന്ന് അദ്ദേഹത്തിന് പിന്നീട്‌ ബോധ്യമായി. പൊലീസുകാർ സഖാക്കളായി മാറിയ ആ ഘട്ടം പൊലീസിനെ സംശയത്തോടെ കാണാനാണ് ആ മനസ്സിനെ പഠിപ്പിച്ചത്. ഒരു സന്ദേഹിയുടെ മനസ്സ്‌ കല്പിച്ചുനൽകിയ കാലമാണത്.

ഈ സന്ദേഹിയുടെ, അല്പവിശ്വാസിയുടെ മനസ്സായിരുന്നു പിന്നീടിങ്ങോട്ടുണ്ടായ നീണ്ട സർഗസപര്യയുടെ ജീവത്തായ മൂലധനം. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവിയെ രൂപപ്പെടുത്തിയതും രവി നിലനിർത്തിയതും ഇതേ സന്ദേഹത്തിന്റെ മനസ്സാണ്.

മറ്റൊരു സായാഹ്നത്തിൽ ഒ വി വിജയൻ തന്റെ മുത്തച്ഛന്റെ കഥയാണ് പറഞ്ഞത്. മുത്തച്ഛൻ തോമസ്! പേരുകേട്ടപ്പോൾ ഞാൻ അവിശ്വാസത്തോടെ പുരികം ചുളിച്ചു. ‘അമ്പരക്കേണ്ട; തോമസ് തന്നെ’ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം കഥയിലേക്കുകടന്നു.

മറ്റൊരു സായാഹ്നത്തിൽ ഒ വി വിജയൻ തന്റെ മുത്തച്ഛന്റെ കഥയാണ് പറഞ്ഞത്. മുത്തച്ഛൻ തോമസ്! പേരുകേട്ടപ്പോൾ ഞാൻ അവിശ്വാസത്തോടെ പുരികം ചുളിച്ചു. ‘അമ്പരക്കേണ്ട; തോമസ് തന്നെ’ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം കഥയിലേക്കുകടന്നു. തോമസ് എന്നായിരുന്നില്ല ആദ്യം പേര്. മുത്തച്ഛൻ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളിൽ വ്യാപൃതനായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടി എവിടെ സമരമുണ്ടോ അവിടെ എത്തുമായിരുന്നു മുത്തച്ഛൻ.

പാലക്കാട്ടെ കൽപ്പാത്തിയിൽ ബ്രാഹ്മണർ തിങ്ങിപ്പാർത്തിരുന്ന പ്രദേശത്തിന്‌ നടുവിലെ വഴി പൊതുവഴിയായിരുന്നില്ല. ബ്രാഹ്മണരേ അതുവഴി പോയിക്കൂടൂ. താഴ്ന്ന ജാതിക്കാർക്കു നേർക്ക് കൊട്ടിയടക്കപ്പെട്ടിരുന്ന ആ വഴി തുറന്നുകിട്ടാനായി കൽപ്പാത്തിയിലേക്ക് ഒരു സംഘം സത്യഗ്രഹികളെ നയിച്ചുകൊണ്ടുചെന്നുവത്രെ ഒ വി വിജയന്റെ മുത്തച്ഛൻ.

ബ്രാഹ്മണരാകട്ടെ അദ്ദേഹത്തെ അതിഭീകരമായി മർദിച്ചു. മരിച്ചെന്നുകരുതി വഴിയിലുപേക്ഷിച്ചു. ആ വഴി വന്ന പഴക്കച്ചവടക്കാരൻ നോക്കിയപ്പോൾ നാഡിമിടിപ്പ്‌ നിലച്ചിട്ടില്ല. ഉടനെ ആശുപത്രിയിലാക്കിയാൽ രക്ഷപ്പെടും. ചുറ്റുപാടും സവർണർക്കു മാത്രം പ്രവേശനമുള്ള ആശുപത്രികളേയുള്ളൂ.

എന്തുചെയ്യും? അങ്ങനെ ആലോചിച്ചപ്പോൾ ദിവാൻ ബഹാദൂർ കൃഷ്ണൻ നടത്തുന്ന ഒരു ആശുപത്രിയുണ്ടെന്ന് അറിവായി. കൃഷ്ണൻ പിന്നാക്ക ജാതിക്കാരനാണ്. അതുകൊണ്ടു ധൈര്യമായി അവിടെ കൊണ്ടുചെല്ലാം. അബോധാവസ്ഥയിൽ അതിഗുരുതരനിലയിലായിരുന്നു മുത്തച്ഛൻ. കൃഷ്ണൻ ആശുപത്രിയിൽ നന്നായി പരിചരിച്ചപ്പോൾ മൂന്നാംദിവസം നില മെച്ചപ്പെട്ടു.

ഒ വി വിജയൻ- ഫോട്ടോ: കെ ആർ വിനയൻ

ഒ വി വിജയൻ- ഫോട്ടോ: കെ ആർ വിനയൻ

ബോധം തെളിഞ്ഞപ്പോൾ മുത്തച്ഛൻ ആദ്യം പറഞ്ഞ വാചകമിതാണ്: “ഞാൻ ഇനി ഹിന്ദുവല്ല; ഞാൻ തോമസാണ്?” സ്വന്തം നിലയ്ക്കുള്ള ഒരു മാമ്മോദീസ മുങ്ങലായിരുന്നു അതെന്ന് ഒ വി വിജയൻ. മുത്തച്ഛൻ പിന്നീട് യുക്തിവാദിയായി. എങ്കിലും തോമസ് എന്ന പേര് മാറ്റിയില്ല. ആ പേരിൽത്തന്നെ പിന്നീടദ്ദേഹം അറിയപ്പെട്ടു.

കൽപ്പാത്തി സത്യഗ്രഹത്തിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് ഒ വി വിജയൻ മുത്തച്ഛനെയും അദ്ദേഹത്തെ മർദിക്കാൻ നേതൃത്വം നൽകിയ ബ്രാഹ്ണനെയും ഒരുമിച്ചുകണ്ട കഥയും പറഞ്ഞു. ഒരു പുഴയോരത്ത് കടല കൊറിച്ച് സൊറ പറഞ്ഞിരിക്കുകയായിരുന്നു രണ്ടുപേരും. കാലം വരുത്തിയ മാറ്റം! ഇരുവരും അപ്പോഴേക്ക് സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു! വേദനാജനകമായിരുന്നു മുത്തച്ഛന്റെ അന്ത്യമെന്ന് അദ്ദേഹം ഓർമിച്ചു.

തന്റെ വിശ്വാസങ്ങളൊക്കെ തകർന്നടിയുന്നതുകണ്ട് മനസ്സുനൊന്ത് അദ്ദേഹം തളർന്നു. വസ്തുവകകൾ കൺമുമ്പിൽ അന്യാധീനപ്പെടുന്നതു കണ്ട് തകർന്നു. ഒടുവിൽ ഭ്രാന്തായി; ചങ്ങലയിൽക്കിടന്ന് ആ വലിയ മനുഷ്യൻ മരിച്ചു. ഇതു പറയുമ്പോൾ സ്വതേ ദുർബലമായ ശബ്ദത്തിൽ വേദന പൊടിയുന്നുണ്ടായിരുന്നു.
‘വെളിയൻ ചാത്തന്നൂർ’ എന്നും ഒ വി വിജയന്റെ മനസ്സിലൊരു പച്ചപ്പായി നിന്നിരുന്നു.

ഡൽഹിയിലായിരിക്കുമ്പോഴും ഹൈദരാബാദിലായിരിക്കുമ്പോഴുമൊക്കെ മനസ്സിലെങ്കിലുമൊരു വെളിയൻ ചാത്തന്നൂരിനെ അദ്ദേഹം പുനഃസൃഷ്ടിച്ചിരുന്നു. പല കഥാപാത്രങ്ങളെയും കണ്ടെത്തിയ മണ്ണ് അതാണ്. ദാർശനികമായ തലങ്ങളുള്ള പല ചോദ്യങ്ങളും ലോകത്തോട് ഉറക്കെ ഒ വി വിജയൻ ചോദിച്ചത് ഈ മണ്ണിൽ കാലുറപ്പിച്ചുനിന്നുകൊണ്ടാണ്.

ആത്മഹത്യ മുതൽ അസ്തിത്വവാദംവരെയുള്ള വൈയക്തിക പ്രശ്നങ്ങൾ, പരിസ്ഥിതി മുതൽ ആഗോളതാപനംവരെയുള്ള ഭൗമപ്രശ്നങ്ങൾ, അരാജകത്വം മുതൽ കമ്യൂണിസം വരെയുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ, വർഗസമരം മുതൽ വിമോചനം വരെയുള്ള സാമൂഹ്യപ്രശ്നങ്ങൾ, ഗുരുകൃപ മുതൽ പരമാനന്ദം വരെയുള്ള വിശ്വാസപ്രശ്നങ്ങൾ ഒക്കെ ഉന്നയിക്കാനും അവയ്ക്കൊക്കെ മറുപടി തേടാനും തന്റെ മനസ്സിന് കെല്പുണ്ടാക്കിയത് ഈ മണ്ണാണെന്ന് ആ മനസ്സ് അറിഞ്ഞു.

വെളിയൻ ചാത്തന്നൂരിനെക്കുറിച്ച് ഡൽഹിയിലെ വരണ്ടുണങ്ങിയ ദയാരഹിതമായ വൈകുന്നേരങ്ങളിൽ തുടരെ പറയുമ്പോൾ ആ വാക്കുകളിൽ പച്ചപ്പ്‌ പൊടിയുമായിരുന്നു; മനുഷ്യത്വത്തിന്റെ നനവ്‌ കിനിയുമായിരുന്നു. ആ വാക്കുകൾ വെളിയൻ ചാത്തന്നൂരിന്റെ ഒരു ചിത്രം വരച്ച് എനിക്കു നേർക്ക് നീട്ടുകയായിരുന്നു.

വെളിയൻ ചാത്തന്നൂരിനെക്കുറിച്ച് ഡൽഹിയിലെ വരണ്ടുണങ്ങിയ ദയാരഹിതമായ വൈകുന്നേരങ്ങളിൽ തുടരെ പറയുമ്പോൾ ആ വാക്കുകളിൽ പച്ചപ്പ്‌ പൊടിയുമായിരുന്നു; മനുഷ്യത്വത്തിന്റെ നനവ്‌ കിനിയുമായിരുന്നു. ആ വാക്കുകൾ വെളിയൻ ചാത്തന്നൂരിന്റെ ഒരു ചിത്രം വരച്ച് എനിക്കു നേർക്ക് നീട്ടുകയായിരുന്നു.

ഒരിക്കൽ സമൃദ്ധി വിളഞ്ഞിരുന്ന ഒരു ഫ്യൂഡൽ തറവാട്! സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ നശിച്ചുപോയ ഒരു കുടുംബം! ആ സ്ഥലവും വീടും പലകുറി കൈമറിഞ്ഞ് അന്യാധീനപ്പെട്ടത് എന്നും ഒരു വേദനയായിരുന്നു ഒ വി വിജയന്. അതിന്റെ അവശേഷിപ്പുകൾ പോലുമിന്നല്ല എന്ന്‌ പറയുമ്പോൾ ആ വാക്കുകളിൽ വേദന തുടിച്ചുനിന്നിരുന്നു.

ഏത്‌ ഫ്യൂഡൽ കുടുംബത്തിന്റെയും വിധിദുരന്തമെന്നപോലെ തകർന്നടിഞ്ഞുപോയ ആ തറവാടിന്റെ അടിത്തറ ഒരു പക്ഷേ, മങ്ങിയ ശിലാലേഖനം പോലെ അവിടെയുണ്ടായിരിക്കാം. ചതുഷ്ക്കോണരൂപത്തിലുള്ള തറവാടിന്റെ ഘടനയെക്കാൾ ആ വാക്കുകളിൽ നിന്ന് തെളിഞ്ഞുവന്നത് മുഖപ്പിലെ ചിത്രപ്പണികളോടുകൂടിയ എടുപ്പുകളായിരുന്നു.

വീടിനെ ചൂഴ്ന്നുനിന്ന ഫലവൃക്ഷങ്ങളുടെ തോട്ടം. ഔഷധച്ചെടികളുടെ സുഗന്ധം കലർന്ന കിണറ്റിലെ തെളിഞ്ഞ വെള്ളം; കിണറിന്റെ അരഞ്ഞാണങ്ങളിലെമ്പാടും നിറഞ്ഞുനിന്ന പച്ചപ്പൊടിപ്പുകൾ, കിണറിനരികിൽ നിന്ന നാരകം, അതുവിരിച്ചുനിന്ന പച്ചപ്പിന്റെ ചെറിയൊരാകാശം, അതിൽ നക്ഷത്രംപോലെ അങ്ങിങ്ങു തെളിഞ്ഞുനിന്ന സ്വർണനിറമുള്ള നാരങ്ങകൾ... മങ്ങിയ ഒരു തിരശ്ശീലയ്ക്കപ്പുറം മാത്രമായി മനസ്സിൽ നിലനിന്ന ആ പഴയ തറവാട് അദ്ദേഹത്തിന്റെ തെളിഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അതിന്റെ സമഗ്രതയോടെ വരച്ചുതരികയായിരുന്നു.

വാക്കുകൊണ്ട് മനസ്സിൽ ചിത്രം വരയ്ക്കുന്ന ക്രാഫ്റ്റ് ഞാൻ നേരിട്ട് അനുഭവിച്ചറിയുകയായിരുന്നു ആ വിവരണത്തിനു മുമ്പിൽ.

ഈ ഗ്രാമവിശുദ്ധിയിൽ നിന്നാണ് അച്ഛൻ ഒ വി വിജയനെ മലബാർ സ്പെഷൽ പൊലീസിന്റെ ക്യാമ്പിലേക്ക് മാറ്റിയത് എന്ന് ഞാനോർത്തു. അവിടെവച്ചാണ് സായുധ സൈന്യത്തിന്റെ  ബൂട്ടുകളുടെ കടകടാരവം വെളിയൻ ചാത്തന്നൂരിന്റെ കുയിൽപ്പാട്ടുകളെ ഞെരിച്ചുകൊന്നത്.

കാക്കിനിറം പച്ചപ്പിനെ പാടേ മറയ്ക്കുംവിധം വളർന്നുപടർന്നത്. സന്ദേഹിയുടെ മനസ്സ് രൂപപ്പെടുത്തിയെടുത്തത്.

ജാതിയുടെ അധികാരത്തെ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയാധികാരം തകർത്തെറിയുന്നത് ഒ വി വിജയൻ തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്. സാമൂഹിക തരംതിരിവുകളുടെ കള്ളികളിൽ പെട്ടെന്ന് ഒതുക്കിയെടുക്കാൻ ആവാത്തതാണ് പൊതുജീവിതമെന്ന് മനസ്സിലാക്കുന്നത് അവിടെ വച്ചാണ്.

എംഎസ്പി ക്യാമ്പിൽ പൊലീസുകാർ തനിക്ക് സഹോദരങ്ങളായിരുന്നുവെന്ന്‌ പറഞ്ഞ ഒ വി വിജയന് ഒരിക്കലും ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യമുണ്ട്. തന്നെ ഭയഗ്രസ്തനാക്കുന്ന ഒരു കരാളഭാവം പണ്ടത്തെ പൊലീസ് സഹോദരന്മാർക്ക് പിന്നീട് എന്ന്, എങ്ങനെ വന്നുചേർന്നു? ഈ ചോദ്യം അദ്ദേഹം സ്വയം ചോദിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്.

പൊളിറ്റിക്കൽ കാർട്ടൂൺ രചനകൾപോലും ഇല്ലാതായ ഘട്ടം. സമഗ്രാധിപത്യത്തിന്റെ നിഷ്ഠുരതയുടെ കാലം.

അന്ന് ഒരു രാത്രി തിരുവനന്തപുരത്തെ എൻ ഇ ബലറാമിന്റെ  വസതിയിൽ രാത്രിയുടെ മറപറ്റി ഭയപ്പാടോടെ കടന്നുചെന്ന ഒരു രംഗം ഒ വി വിജയന്റെ മനസ്സിൽ എന്നും ബാക്കിനിന്നു.

എൻ ഇ ബലറാം

എൻ ഇ ബലറാം

പല എഴുത്തുകാരെയും ജയിലിലാക്കുന്നുണ്ടെന്നും അറസ്റ്റ്‌ ചെയ്യുന്നവരുടെ പട്ടികയിൽ താനുമുണ്ടെന്നും എവിടെനിന്നോ ഒ വി വിജയന് വിവരം കിട്ടിയ ഒരു ദിവസം.

എഴുത്തിലും വരയിലും വിട്ടുവീഴ്ച കാട്ടാത്ത മസ്തിഷ്കത്തിന്റെ ധീരത മനസ്സ് പകുത്തെടുത്തില്ല. മനസ്സിന്റെ വൈകാരിക ദുർബലതയ്ക്കുതന്നെ മേൽക്കൈ കിട്ടിയ ഒരു സന്ദർഭത്തിലാണ് എൻ ഇ ബലറാമിനെത്തേടി ഒ വി വിജയൻ ചെന്നത്. സിപിഐക്ക്‌ ഭരണമുള്ള കാലം. സി അച്യുതമേനോൻ മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ പാർടിയിലെ പ്രബലനാണ് ബലറാം. അദ്ദേഹം ഏതായാലും പിടിച്ച് പൊലീസിന്‌ കൊടുക്കില്ല എന്ന് വിജയന് ഉറപ്പുണ്ടായിരുന്നു.

ബലറാം രാത്രി പൊലീസ് ഡയറക്ടർ ജനറലിനെ വിളിച്ച് അറസ്റ്റ് ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ ഒ വി വിജയനുണ്ടോ എന്നാരാഞ്ഞു. ഇല്ല എന്ന മറുപടി കൈമാറിയിട്ടും ഒ വി വിജയന് ആശ്വാസമായില്ല. ഒടുവിൽ ഫോൺ തന്നെ കൈമാറേണ്ടിവന്നു ബലറാമിന്. പൊലീസിനെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഓർമകളായിരുന്നു ആ രാത്രി മുഴുവനുമെന്ന് ഒ വി വിജയൻ പറഞ്ഞു.

ആ രാത്രി ബലറാമിന്റെ വീട്ടിൽ അഭയം തേടിയവരിൽ ഒരു നക്സലൈറ്റ് നേതാവുമുണ്ടായിരുന്നുവെന്ന് ബലറാമും ഒ വി വിജയനും ഒരുപോലെ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.

എന്നാൽ മറ്റൊരു ലേഖനത്തിൽ അക്കാര്യം പരാമർശിച്ചപ്പോൾ അതു ശരിയല്ലെന്നാണ് പഴയ നക്സലൈറ്റ് നേതാവ് വിശദീകരിച്ചത്. എനിക്ക്‌ വിശ്വാസം ഒ വി വിജയനെയും ബലറാമിനെയുമാണെങ്കിലും പഴയ നക്സലൈറ്റ് നേതാവ് നിഷേധിച്ച സാഹചര്യത്തിൽ ആ പേര് ഇവിടെ ചേർക്കുന്നില്ല.

ചെറുപ്പത്തിൽ വീട്ടുജോലിക്കാരി ഒരു കരിമ്പാവയെക്കാട്ടി തന്നെ ഭയപ്പെടുത്തുമായിരുന്നുവെന്നും അതിനുസമാനമായി പിന്നീടു ഭയന്നത് അടിയന്തരാവസ്ഥക്കാലത്തായിരുന്നുവെന്നും അന്ന് കരിമ്പാവയുടെ സ്ഥാനത്ത് പൊലീസായിരുന്നുവെന്നും ചാണക്യപുരിയിലെ വസതിയിലിരുന്ന് പറയുമ്പോൾ പഴയ വിഹ്വലത ആ വാക്കുകളിൽ ചിറകടിക്കുന്നുണ്ടായിരുന്നു.

ബാല്യമെന്നുകേൾക്കുമ്പോൾ എംഎസ്പി ക്യാമ്പ് ഓർക്കാനായിരുന്നില്ല, അതിനുമുമ്പത്തെ വെളിയൻ ചാത്തന്നൂരിനെക്കുറിച്ച് ഓർമിക്കാനായിരുന്നു ഒ വി വിജയന് പ്രിയം. ശൈശവത്തിൽ കുറേക്കാലം അമ്മ അമ്മൂമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അത് ഒരു ആചാരത്തിന്റെ ഭാഗമായിരുന്നത്രെ. ഏഴെട്ടുവയസ്സുവരെയുള്ള ഘട്ടത്തിൽ ഒറ്റപ്പെട്ട ചില സന്ദർശനങ്ങൾ മാത്രമേ നാട്ടിലേക്കുണ്ടായിട്ടുള്ളു. എങ്കിലും വീടിന്റെ ഓർമ ഒളിമങ്ങാതെ ആ മനസ്സിൽ തെളിഞ്ഞു.

തേക്കിൻതടയിലുള്ള പത്ത്‌ തൂണുകൾ. ചിത്രപ്പണികളുള്ള വാതിൽ എന്നിവ അതിൽ പ്രധാനം. ഹൈന്ദവപുരാണങ്ങളിലെ മിത്തുകളായിരുന്നുവത്രെ വാതിലിലെ ചിത്രങ്ങൾ; ഒപ്പം ഒരു അനന്തശയനവും. ഇന്നത്തെ എത്നിക്ക് കമ്പോളങ്ങളിൽ നല്ല വില കിട്ടുമായിരുന്ന ഇവയെക്കുറിച്ച് സത്യസന്ധനായ പൊലീസുകാരനായിരുന്ന അച്ഛന് ഒരു ചിന്തയുമില്ലാത്തതുകൊണ്ടാവാമത്രെ, അദ്ദേഹം ഇതെല്ലാം ഒരു തടിമില്ലിൽ കൊടുത്ത് ചിത്രപ്പണികൾ നീക്കി ഔട്ട്ഹൗസിന്റ മരപ്പണികൾക്കായി ഉപയോഗിച്ചു.

ഒരു മതേതര ഔട്ട്ഹൗസ്! ഫ്യൂഡലിസത്തിൽ നിന്ന് മോഡേണിസത്തിലേക്കുള്ള ഭാവപ്പകർച്ചയുടെ പ്രതീകം കൂടിയാണ് പാലക്കാട്ടെ ഔട്ട്ഹൗസ് എന്ന് ഒ വി വിജയൻ വ്യാഖ്യാനിച്ചു.

അദ്ദേഹത്തിന്റെ മനസ്സിൽ മറ്റൊരു വേദനയായി എന്നും നീറി ഒഴുകിയത് ചാലിയാറാണ്. ക്യാമ്പിലെ ബാല്യകാല ജീവിതത്തിലെ പ്രധാന ഇനങ്ങളിലൊന്ന് നീന്തൽ പഠിക്കലായിരുന്നു. എട്ടുവയസ്സ്‌ കഴിഞ്ഞവേളയിൽ അച്ഛൻ ചാലിയാറിലേക്ക് കൊണ്ടുപോയി. തരളിതയായ നദി എന്നാണ് അന്നത്തെ ചാലിയാറിനെ ഒ വി വിജയൻ വിശേഷിപ്പിച്ചത്. അച്ഛസ്ഫടിക സങ്കാശമായ ഒരു മനസ്സ്! ഇരു കരയിലും നിറയെ പച്ചപ്പ്. കണ്ണീർപോലെ തെളിഞ്ഞ നീരൊഴുക്ക്. ഉരുളൻ കല്ലുകളും മണലും നിറഞ്ഞ പുഴയോരങ്ങൾ.

കോഴിക്കോട്ടേയ്ക്ക് ഇടയ്‌ക്കിടെ നീങ്ങുന്ന യാത്രാവള്ളങ്ങൾ, ചരക്കുവള്ളങ്ങൾ, പുഴയിൽ കണ്ണാടിക്കൂട്ടിലെന്നപോലെ പുളഞ്ഞൊഴുകുന്ന പലയിനം മത്സ്യങ്ങൾ. അവ സംഘം സംഘമായി കടലിലേക്ക് ഒഴുകി നീങ്ങുന്നത്‌ നോക്കിയിരുന്നാൽ നേരം പോകുന്നതറിയില്ലായിരുന്നുവത്രെ അക്കാലത്ത് ഒ വി വിജയന്.

അതൊരുകാലം. കാലംപോലെ ചാലിയാർ കലങ്ങുന്നതാണ് പിന്നീട് ഒ വി വിജയൻ വേദനയോടെ കണ്ടത്. സങ്കടമുണർത്തുന്ന ദയനീയമായ മനുഷ്യാവസ്ഥയായി മാറിയ ഒരു നദി. വ്യവസായങ്ങളിൽ നിന്നുള്ള വിഷപ്രവാഹമേറ്റു നദി മരിച്ചു. മനുഷ്യമനസ്സുപോലെയാണ്. രണ്ടിലും നനവു വറ്റുന്നു.

ഒ വി വിജയൻ തന്റെ സാഹിത്യസൃഷ്ടികളിലുടനീളം പറഞ്ഞുവച്ചത് ചാലിയാർ പകർന്നുകൊടുത്ത സത്യത്തിന്റെ ഈ മഹാതത്വം തന്നെയല്ലേ?  ‘കടൽത്തീരത്തി’ലെ വെള്ളായിയപ്പന്റെ കണ്ണുകളിൽ പൊടിഞ്ഞത് ഒരു പക്ഷേ, ആ മനസ്സിൽ വറ്റിയ പഴയ ചാലിയാറിന്റെ തെളിനീർക്കണങ്ങളാവണം!

ബാല്യം മുതൽക്കുതന്നെ സവിശേഷതകളുള്ളതായിരുന്നു ഒ വി വിജയന്റെ ജീവിതം.ഒരുപക്ഷേ, അത്തരം സവിശേഷതകളുടെ ആകെത്തുകയാവാം അദ്ദേഹത്തിന്റെ വ്യക്തിത്വം. പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയില്ല എന്നിടത്തുതുടങ്ങുന്നു ആ സവിശേഷതകൾ.

ബാല്യം മുതൽക്കുതന്നെ സവിശേഷതകളുള്ളതായിരുന്നു ഒ വി വിജയന്റെ ജീവിതം.ഒരുപക്ഷേ, അത്തരം സവിശേഷതകളുടെ ആകെത്തുകയാവാം അദ്ദേഹത്തിന്റെ വ്യക്തിത്വം. പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയില്ല എന്നിടത്തുതുടങ്ങുന്നു ആ സവിശേഷതകൾ. അഞ്ചാം വയസ്സിൽ സ്കൂളിൽ ചേർന്നില്ലെങ്കിലും വീട്ടിൽ ട്യൂഷനുണ്ടായിരുന്നതുകൊണ്ട് പഠനത്തിന് പോരായ്മ വന്നില്ല.

അപ്പോൾ ഇന്റർമീഡിയറ്റുകഴിഞ്ഞ ഒരു യുവാവാണ് വീട്ടിലിരുത്തി പഠിപ്പിച്ചത്. ആ പഠനം സിലബസിനപ്പുറത്തേക്ക് വ്യാപിച്ചതുകൊണ്ടുതന്നെ എട്ടാം വയസ്സിലേ റോബർട്ട് ബ്രൗണിങ്ങിനെപ്പോലുള്ള പാശ്ചാത്യ കവികൾ വരെ മനസ്സിന്റെ ലോകത്തുവന്നു.

പാലക്കാട്ടുനിന്ന് ബിഎ പാസ്സായശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയത്. പാലക്കാട് വിക്ടോറിയ കോളേജിൽ അല്പകാലം പഠിപ്പിച്ചു. പിന്നീട് ഡൽഹിയിലേക്ക് വണ്ടികയറി; അപ്പോൾ ആ കോളേജിൽ വന്ന ഒഴിവിൽ ജോലിക്കുകയറിയത് കവി

വിഷ്ണു നാരായണൻ നമ്പൂതിരി

വിഷ്ണു നാരായണൻ നമ്പൂതിരി

വിഷ്ണു നാരായണൻ നമ്പൂതിരിയാണ്.

ശങ്കേഴ്സ് വീക്ക്ലിയിലൂടെ പംക്തികാരനും കാർട്ടൂണിസ്റ്റുമായി ഒ വി വിജയൻ മാറി. ഹിന്ദു, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ, സ്റ്റേറ്റ്സ്മാൻ എന്നിവയിലൊക്കെ തുടരെ കാർട്ടൂണുകൾ വന്നതോടെ ഒ വി വിജയൻ അഖിലേന്ത്യാ പ്രശസ്തനായി.ആദ്യചിത്രം വീടിന്റെ തറയിൽ കരിക്കട്ടക്കൊണ്ട് വരച്ച ഒരു ആന ആയിരുന്നുവെന്ന് അദ്ദേഹം പിന്നീട് ഓർമിച്ചുപറഞ്ഞിട്ടുണ്ട്.

ദുർബലനും നിത്യരോഗിയുമായിരുന്നു ബാല്യത്തിൽ ഒ വി വിജയൻ. ഇവന് ആരെങ്കിലും ഒരു ജോലി കൊടുക്കുമോ എന്ന് അയൽക്കാർ കളിയാക്കി ചോദിക്കുമായിരുന്നത്രെ. വിജയന്റെ അമ്മൂമ്മ അന്ന്‌ പറഞ്ഞ മറുപടി, അവൻ പടംവരച്ച്‌ ജീവിച്ചോളുമെന്നാണ്. അത്‌ സത്യമായി.

ചില വക്രരേഖകളും കൊച്ചുവാക്കുകളുംകൊണ്ട് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തിന്റെയും അപൂർണസമസ്യകൾക്ക് മൗലികമായ പൂരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം തന്റെ നിശിതോജ്വലങ്ങളായ കാർട്ടൂണുകളിലൂടെ.

എന്നാൽ ഒ വി വിജയൻ തന്റെ പ്രാഥമിക വ്യക്തിത്വമായി കണ്ടെത്തിയതും ലോകം അംഗീകരിച്ചതും കാർട്ടൂണിസ്റ്റ് എന്നതിനപ്പുറം സാഹിത്യകാരൻ എന്ന വ്യക്തിത്വത്തെയാണ്.

1969 ൽ പുറത്തുവന്ന ആദ്യനോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യരംഗത്ത് അതിശക്തമായ ഒരു ഭാവുകത്വപരിണാമമാണ് വരുത്തിയത്.നോവൽ സങ്കല്പത്തെത്തന്നെ അത് മാറ്റിമറിച്ചു. പുതിയ കാലത്തിന്റെ കഥയുടെ തലക്കെട്ടായി ഖസാക്കിന്റെ ഇതിഹാസം വാഴ്ത്തപ്പെട്ടു. 12 വർഷം എഴുതിയും വെട്ടിയും തിരുത്തിയുമാണ് ഖസാക്കിന്റെ ഇതിഹാസം രൂപപ്പെടുത്തിയത്.

1969 ൽ പുറത്തുവന്ന ആദ്യനോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യരംഗത്ത് അതിശക്തമായ ഒരു ഭാവുകത്വപരിണാമമാണ് വരുത്തിയത്.നോവൽ സങ്കല്പത്തെത്തന്നെ അത് മാറ്റിമറിച്ചു. പുതിയ കാലത്തിന്റെ കഥയുടെ തലക്കെട്ടായി ഖസാക്കിന്റെ ഇതിഹാസം വാഴ്ത്തപ്പെട്ടു. 12 വർഷം എഴുതിയും വെട്ടിയും തിരുത്തിയുമാണ് ഖസാക്കിന്റെ ഇതിഹാസം രൂപപ്പെടുത്തിയത്.

പുറത്തുവന്നപ്പോൾ അത് ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പുതുതലമുറയുടെ ഭാവുകത്വ സങ്കല്പങ്ങൾക്കനുസരിച്ചുള്ള കൃതിയായി അത് കണക്കാക്കപ്പെട്ടു.

ജീവിതത്തെയും മരണത്തെയും നവീനമായ ഒരു അർഥസങ്കല്പത്തിലൂടെ അപഗ്രഥിക്കുന്ന ദാർശനികമായ ഭാവഗരിമയുള്ള കൃതിയായി അതുമാറി. സ്വത്വബോധത്തെയും മനസ്സിന്റെ ഏകാന്തതയെയും അത് വ്യാഖ്യാനിച്ചു. അസ്തിത്വ ദുഃഖത്തിന്റെ സങ്കീർത്തനമെന്ന് അത് ഒരേസമയം വാഴ്ത്തപ്പെടുകയും ഇകഴ്ത്തപ്പെടുകയും ചെയ്തു.

മൂന്നരപ്പതിറ്റാണ്ടുകൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ, ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി. ദിശാസൂചികയായി അത്‌ കാലത്തെ കടന്ന് നിലനിൽക്കുന്നതും നാം കാണുന്നു. മലയാള നോവൽ സാഹിത്യത്തിലെ ആധുനികതയുടെ ആമുഖകൃതിയായി മാറി ഖസാക്ക്.

ധർമ്മപുരാണമായിരുന്നു രണ്ടാമത്തെ കൃതി. തീക്ഷ്ണവും നിശിതവുമായ ഒരു പൊളിറ്റിക്കൽ സറ്റയറായി ധർമ്മപുരാണം വിലയിരുത്തപ്പെട്ടു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ആ കൃതി ഉണ്ടായത്. അതിലെ ഭാഷാപ്രയോഗം പരമ്പരാഗത സാഹിത്യ സങ്കല്പങ്ങളുടെ നെറ്റി ചുളിപ്പിച്ചു.

എന്നാൽ, സ്ഥിതവ്യവസ്ഥയുടെ ജീർണവും ബീഭത്സവുമായ മുഖം വരച്ചിടാൻ തന്റെ പക്കൽ ഇതല്ലാതെ വേറെ വാക്കുകളില്ല എന്നതായിരുന്നു വിജയന്റെ ന്യായീകരണം.

അധികാരവ്യവസ്ഥയ്ക്കുനേർക്ക് കനൽച്ചീളുകൾപോലെ ചിതറിത്തെറിക്കുന്നതായി ആ കൃതി.

ധർമ്മപുരാണം 1975 ജൂലൈയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചുതുടങ്ങുമെന്നാണ് ‘മലയാളനാടിൽ’ പരസ്യം വന്നത്. എന്നാൽ ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രസിദ്ധീകരണം അനിശ്ചിതമായി മാറ്റിവയ്ക്കപ്പെട്ടു. ഒടുവിൽ 1977 ൽ അടിയന്തരാവസ്ഥ നീങ്ങേണ്ടിവന്നു കൃതി പ്രകാശം കാണാൻ.

ധർമ്മപുരാണം 1975 ജൂലൈയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചുതുടങ്ങുമെന്നാണ് ‘മലയാളനാടിൽ’ പരസ്യം വന്നത്. എന്നാൽ ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രസിദ്ധീകരണം അനിശ്ചിതമായി മാറ്റിവയ്ക്കപ്പെട്ടു. ഒടുവിൽ 1977 ൽ അടിയന്തരാവസ്ഥ നീങ്ങേണ്ടിവന്നു കൃതി പ്രകാശം കാണാൻ. പുറത്തുവന്നപ്പോഴാകട്ടെ, ഇരുണ്ട കാലഘട്ടത്തിനെതിരായ വെള്ളിടി മുഴങ്ങുന്ന കൃതിയായി അത് അനുഭവപ്പെട്ടു. 

മലയാളനാടിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചശേഷം ഒരു പതിറ്റാണ്ടെത്തിയിട്ടും ധർമ്മപുരാണം പുസ്തകമായി പ്രസിദ്ധീകരിക്കാൻ പ്രസാധകരാരും തയ്യാറായില്ല. ഭാഷയിലെ പ്രത്യേകതകളും അധികാരകേന്ദ്രങ്ങൾ വിരോധത്തിലാവും എന്ന ആശങ്കയുമൊക്കെ അതിനു കാരണമാകാം. ഒടുവിൽ വിജയൻ ‘The Saga of Dharmapuri’  എന്ന പേരിൽ ആ കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

1987 ൽ ആ കൃതി പുറത്തിറങ്ങിയപ്പോൾ ദേശീയതലത്തിൽത്തന്നെ അത് ശ്രദ്ധിക്കപ്പെട്ടു. ‘നിങ്ങൾക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവാത്ത നോവൽ’ എന്നാണ് ഖുഷ്വന്ത്സിങ് അന്ന് അതേക്കുറിച്ചു പറഞ്ഞത്. അന്ന് ‘ടൈമി’ന്റെ ലിറ്റററി സപ്ലിമെന്റിൽ ഡേവിഡ് സെൽബോൺ ഇങ്ങനെ എഴുതി: “ Dangerous stuff that cuts close to the bone”.    അതെ, ആപൽക്കരമായ സ്ഫോടനശേഷിയുള്ള ഒന്നുതന്നെയായിരുന്നു ധർമ്മപുരാണം.

ഒ വി വിജയൻതന്നെ പിന്നീടൊരിക്കൽ പറഞ്ഞത് ആവർത്തിക്കാനാഗ്രഹിക്കാത്ത വൃത്തിയാക്കൽ പ്രക്രിയയുടെ ഭാഗമായിരുന്നു അത് എന്നാണ്.
മൂന്നാമത്തെ നോവലായ ഗുരുസാഗരത്തിലൂടെ ആത്മീയതയുടെ അപരിമേയമായ മഹാകാശങ്ങളിൽ പര്യവേക്ഷണം നടത്തുകയായിരുന്നു.

സന്ദിഗ്ദ്ധഘട്ടങ്ങളിൽ ഒരു ഗുരു ആശയവും ആശ്രയവും ആകുന്നതായി അദ്ദേഹം സങ്കല്പിച്ചു. ഗുരുസാഗരത്തിലൂടെ അത് അനുഭവിച്ചു; അനുഭവിപ്പിച്ചു.

അതിലെ വാക്കുകൾ തകർന്ന ബന്ധങ്ങളുടെയും മാനസികമായ ഏകാന്തതയുടെയും അർഥം തേടുന്നു. ഓർമകളിലൂടെ, ധ്യാനത്തിലൂടെ, പ്രാർഥനയിലൂടെ, മൗനങ്ങളിലൂടെ എന്തിനെയോ തേടുന്നു. അർഥപൂർണമായി; അതേസമയം നിരർഥകമായി!
‘മധുരം ഗായതി’ അതിന്റെ അർഥം സൂചിപ്പിക്കുന്നതുപോലെ സംഗീതസമാനം മധുരതരമായ കൃതിയായിരുന്നു.

സർവവിനാശത്തിനുശേഷമുള്ള അവസ്ഥയുടെ അലിഗറിക്കൽ ആഖ്യാനമാണത്. ഭൂമിയുടെ രണ്ട്  അർധഗോളങ്ങളും വേർപെട്ട് അകലുന്നു. അവ യുദ്ധത്തിലാകുന്നു. അവയ്ക്ക് യോജിക്കാൻ അപഗ്രഥനാതീതമായ സ്നേഹത്തിന്റെ മാധുര്യമേയുള്ളൂ ഔഷധമായി എന്ന് അദ്ദേഹം ഈ കൃതിയിൽ സ്ഥാപിച്ചു. സ്നേഹത്തിന്റെ  മാധുര്യമൂറുന്ന മനോഹരമായ കൃതിയായി വേറിട്ടു നിൽക്കുന്നു മധുരം ഗായതി.

പിന്നീടുവന്നത് പ്രവാചകന്റെ വഴിയാണ്. കലാകൗമുദിയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ഘട്ടത്തിൽ തന്നെ ശ്രദ്ധേയമായി പ്രവാചകന്റെ വഴി. അതേക്കുറിച്ച് കഥാകൃത്തുതന്നെ ഒരിക്കൽ ഇങ്ങനെ എഴുതി: “ It affirms, in fictional mode, the oneness of perennial revolution, which is marked only by illusory difference, as it come to man through historical and ethnic filters.”

ശ്രദ്ധേയമായ അനവധി ചെറുകഥകൾ കൊണ്ട് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ചു ഒ വി വിജയൻ. കൊച്ചു കൃസൃതിക്കഥകളടങ്ങിയ ‘ബാലബോധിനി’ മുതൽ ‘അശാന്തി’ അടക്കം എത്രയോ കഥകൾ! തൂക്കിക്കൊല്ലപ്പെടാൻ പോകുന്ന മകന് പൊതിച്ചോറുമായിപ്പോകുന്ന വെള്ളായിയപ്പന്റെ ദയനീയമായ മനസ്സ് കണ്ണീരിറ്റുന്ന വാക്കുകൾകൊണ്ട് വരച്ചിടുന്നു ‘കടൽത്തീരത്ത്’.

ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായി എന്ന കൃതിയിൽ അമിതാധികാരത്വര ഒരുതരം കോമിക് ഭീകരതയോടെ കടന്നുവരുന്നു. ലൈംഗികതയുടെയും ഭീകരതയുടെയും അന്തർമാനങ്ങൾ അന്വേഷിക്കുന്നു അശാന്തി. അങ്ങനെ നീളുന്നു ആ കഥാലോകമാകെ. വൈവിധ്യത്താൽ സമൃദ്ധമായ ഒരു ദർശനത്തെളിമയായി കഥാകാരനെ മറികടന്ന് കാലത്തിലൂടെ അത്‌ കടന്നുപോകുന്നു.

രാഷ്ട്രീയ വിമർശന പഠനങ്ങളും വിജയന്റെതായി നിരവധിയുണ്ട്. ‘വർഗസമരം സ്വത്വം’ ആ മേഖലയിൽ ശ്രദ്ധേയമായ കൃതിയാണ്. പത്ത്  അധ്യായങ്ങളിലായി ഒ വി വിജയൻ ചരിത്രത്തിന്റെ ഒരു പാരഡിപ്പാഠം ചമച്ചിട്ടുണ്ട്. ‘എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ’ എന്ന പേരിൽ.

ഘോഷയാത്രയിൽ തനിയെ, സന്ദേഹിയുടെ സംവാദം, ഒരു സിന്ദൂരപ്പൊട്ടിന്റെ ഒാ‌‌ർമ, ഇതിഹാസത്തിന്റെ ഇതിഹാസം കുറിപ്പുകൾ എന്നിവ ചിന്താലോകത്ത് പുതിയ ഊർജപ്രസരണം സാധ്യമാക്കി. വ്യത്യസ്തപാരായണങ്ങൾക്ക് പ്രേരിപ്പിക്കുന്നവയായി.

ഒരു രാത്രി ഏറെ വൈകി നീണ്ടുപോയ ഒരു സംഭാഷണത്തിനിടെ ഒ വി വിജയൻ ലോകത്ത് ആവർത്തിച്ചുണ്ടാകുന്ന യുദ്ധങ്ങൾക്കെല്ലാം അറുതി കുറിക്കാനുള്ള ഒരു ഫോർമുല അവതരിപ്പിച്ചു.

ലോകത്താകെ ചായയ്ക്കും കാപ്പിക്കും പകരമായി തുളസിവെള്ളം പ്രചരിപ്പിക്കുക എന്നതായിരുന്നു അത്. ലോകത്ത് ഇതുവരെയുണ്ടായ മിക്ക യുദ്ധങ്ങളും തേയിലക്കോ കാപ്പിക്കോ വേണ്ടിയുള്ളവയായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുണ്ടായതാണ് ഈ ഫോർമുല.

മറ്റൊരിക്കൽ കുരുക്ഷേത്രത്തിൽ നടത്തിയ മണ്ണുപരിശോധനയിൽ ആണവായുധത്തിന്റെ അംശങ്ങൾ കണ്ടെത്തിയതായുള്ള പത്രറിപ്പോർട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ആണവായുധമെന്നത് പുരാണങ്ങളിലെ ബ്രഹ്മാസ്ത്രമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. നർമവും ഗൗരവവും ഇടകലർന്ന ഇത്തരം സംഭാഷണങ്ങൾകൊണ്ട് ഇടയ്ക്കിടെ സമ്പന്നമാകുമായിരുന്നു ഡൽഹിയിലെ ചില സായാഹ്നങ്ങൾ.

രാത്രി ഏറെ വൈകിയ സമയത്തുവരുന്ന ഒരു ഫോൺകോൾ അടുത്തലക്കം കലാകൗമുദിയിൽ വരാനിരിക്കുന്ന പുതിയ നോവൽലക്കം അഡ്വാൻസായി വായിച്ചുകേൾപ്പിക്കാനുള്ളതാവാം എന്ന സ്ഥിതി അന്നുണ്ടായിരുന്നു.

എന്തെങ്കിലുമൊരു ഭേദഗതി നിർദേശിച്ചാൽ അതിന്റെ സാധ്യതകളിലേക്ക് തുടർന്നുള്ള ഫോൺ സംഭാഷണം പടർന്നുപോകുമായിരുന്നു. ദാർശനിക ഗൗരവത്തിന്റെ മുഖാവരണത്തിനപ്പുറമുള്ള ഒരു ഇളംമനസ്സ് വെളിവാകുന്ന നിമിഷങ്ങളായിരുന്നു അവ.

ഇന്ന് ഓർക്കുമ്പോൾ ജിവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളുടെ പട്ടികയിൽപ്പെടുന്നവ. എന്റെ സുഹൃത്തും ജനസംസ്കൃതിയുടെ നേതാവുമായിരുന്ന ശിവരാമകൃഷ്ണൻ അന്ന് ഡൽഹിയിലുണ്ട്. ശിവരാമകൃഷ്ണനെയും ഇതുപോലെ ഒ വി വിജയൻ നോവൽ വായിച്ചുകേൾപ്പിക്കുമായിരുന്നു. പ്രസിദ്ധീകരണത്തിനയക്കും മുമ്പ്.

ഒരു സന്ദേഹിയുടെ ഏകാന്തമായ ജീവിതമായിരുന്നു ഒ വി വിജയന്റേത്. ശരീരത്തെ തീർത്തും അവഗണിച്ചുകൊണ്ടുള്ള ആത്മാവിന്റെ അന്വേഷണം. അതായിരുന്നു എന്നും ഒറ്റയ്ക്കുനടന്ന, എന്നും മുമ്പേ നടന്ന ആ ജീവിതം.

ജീവിതത്തിലുടനീളം അദ്ദേഹം ഏതോ പൊരുൾ തിരഞ്ഞു. സ്നേഹത്തിന്റെ പൊരുൾ. സത്യത്തിന്റെ പൊരുൾ. ധർമത്തിന്റെ പൊരുൾ. വിജയൻ അതുകണ്ടെത്തിയോ? കണ്ടെത്തലായിരുന്നില്ല; അന്വേഷിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിദുർബലമായ ശരീരത്തിൽ അതിനേർത്ത ധാരയായി മാത്രം ശ്വാസം തങ്ങിനിന്ന അവസാന ദിവസങ്ങളിലും അദ്ദേഹം ആ അന്വേഷണം തുടർന്നു.

സന്ദേഹിയുടെ അന്വേഷണം! ഒരുപക്ഷേ, മരണവും അദ്ദേഹത്തിന് ഒരു അന്വേഷണ ലക്ഷ്യമാകാം; ജനിമൃതികൾക്കിടയിലുള്ള മരവിപ്പിനെ മുറിച്ചുകടക്കുന്ന അന്വേഷണം  . ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top