15 April Monday

ഡൽഹിയുടെ മലയാള കാലങ്ങൾ- പ്രഭാവർമ്മയുടെ പരമ്പര പതിനൊന്നാം ഭാഗം

പ്രഭാവർമ്മUpdated: Saturday Nov 19, 2022

ഡൽഹി നഗരം


ഡൽഹിയുടെ മലയാളി ചരിത്രത്തിന്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കെങ്കിലുമുള്ള പഴക്കമുണ്ട്. പഞ്ചാബിലെ രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ രാഷ്ട്രീയ ഉപദേശകൻ ശങ്കരനാഥ് ജ്യോത്സ്യർ എന്നയാളായിരുന്നു. നമ്മുടെ കരിവെള്ളൂരുകാരൻ.

പിൽക്കാലത്ത് ഒരു ദേശീയ നേതാവുതന്നെ മലയാളി സമൂഹത്തിൽനിന്ന്‌ ഡൽഹിയിൽ ഉയർന്നുവന്നു ‐ മുൻ കോൺഗ്രസ് പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരാണത്. കോൺഗ്രസിന് ഇങ്ങനെ മലയാളിയായ ഒരു ദേശീയ പ്രസിഡന്റുണ്ടായിരുന്നുവെന്ന് കോൺഗ്രസിലെ പുതിയ തലമുറയിൽപ്പെട്ട എത്രപേർക്ക് അറിയാമെന്നു നിശ്ചയമില്ല.

1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽവെച്ചാണ് ശങ്കരൻനായർ പ്രസിഡന്റായത്. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിലെ അംഗമായിരുന്ന ശങ്കരൻനായർ 1919 ൽ ജാലിയൻവാലാ ബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവെക്കുകയായിരുന്നു.

പ്രമുഖ മലയാളികളുടെ ഡൽഹിയിലേക്കുള്ള പ്രവാഹം ശക്തമായത് 1911 ൽ ബ്രിട്ടീഷുകാർ തലസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്കുമാറ്റിയതോടെയാണ്. അക്കാലത്തും പിൽക്കാലത്തുമായി ഭരണ‐നയതന്ത്ര‐രാഷ്ട്രീയ രംഗങ്ങളിൽ എത്രയോ മലയാളികൾ പ്രമുഖമായ നിലയിൽ ഉയർന്നുവന്നു! കെ പി എസ് മേനോൻ, വി പി മേനോൻ, എ കെ ദാമോദരൻ, സർദാർ കെ എം പണിക്കർ, ഡൽഹിഗാന്ധി എന്നറിയപ്പെട്ട സി കൃഷ്ണൻനായർ തുടങ്ങി എത്രയോ പേർ.

ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായിരുന്ന പോത്തൻ ജോസഫ്, കാർട്ടൂണിസ്റ്റ് ശങ്കർ, അബു എബ്രഹാം തുടങ്ങി എത്രയോ പ്രമുഖർ. സ്വാതന്ത്ര്യലബ്ധിയെത്തുടർന്നുള്ള ഘട്ടത്തിൽ പ്രതിപക്ഷ നേതാവായി പാർലമെന്റിൽ എ കെ ജി എത്തിയത് ഡൽഹി മലയാളി സമൂഹത്തിന്റെ ആത്മവിശ്വാസം തെല്ലൊന്നുമല്ല ഉയർത്തിയത്. പിൽക്കാലത്ത് ഇ എം എസിന്റെ പ്രവർത്തന കേന്ദ്രം ഡൽഹിയായി.

പിന്നീട് പല ഘട്ടങ്ങളിലായി രവീന്ദ്രവർമ, സി എം സ്റ്റീഫൻ, കെ പി ഉണ്ണികൃഷ്ണൻ, എം പി വീരേന്ദ്രകുമാർ, കെ മോഹനൻ, എം എ ബേബി തുടങ്ങി പലരും പാർലമെന്റിൽ കേരളത്തിന്റെ കൂടി ശബ്ദമായി ഉയർന്നുവന്നപ്പോൾ അവിടുത്തെ മലയാളിസമൂഹത്തിന് വലിയതോതിലുള്ള ഒരു രക്ഷാബോധമാണുണ്ടായത്.

ഈ നിരയിൽ കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെയും പേരുകൾ പ്രധാനമാണ്. പി സുബ്രഹ്മണ്യം പോറ്റി, ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി എന്നിവരും മലയാളിസമൂഹത്തിന്‌ താങ്ങും തണലുമായി നിന്നു.

അകവൂർ നാരായണൻ, ലീലാ ഓംചേരി തുടങ്ങി എത്രയോ പേർ കലാസാംസ്കാരിക രംഗങ്ങളിൽ തണൽവിരിച്ചുനിന്നിരുന്നു. ഡോ. കെ എൻ പണിക്കരെപ്പോലുള്ളവർ ചരിത്രത്തിന്റെ ദുർവ്യാഖ്യാനങ്ങൾക്കെതിരായ ബോധജാഗ്രതയുടെ പ്രതീകങ്ങളായി നിലകൊണ്ടു. ശശികുമാറിനെയും അപ്പൻമേനോനെയും പോലുള്ളവർ ഇലക്ട്രോണിക് മീഡിയയുടെ ആദ്യ പതാകാവാഹകരായി.

ഇങ്ങനെ സജീവമായ ഒരു മലയാളിസാന്നിധ്യം കാലാകാലങ്ങളായി നിലനിന്നുപോന്ന ഡൽഹിയിലേക്കാണ് ഒരു ശിശിര കാലത്ത്‌ ഞാൻ ചെന്നത്. വി കെ മാധവൻകുട്ടിക്കും ടി വി ആർ ഷേണായിക്കും നരേന്ദ്രനും ഒക്കെ തുടർച്ചയായി വന്ന പത്രപ്രവർത്തകരുടെ ഒരു രണ്ടാം തലമുറയുണ്ടായി.

ഡൽഹി പ്രസ്‌ക്ലബ്‌

ഡൽഹി പ്രസ്‌ക്ലബ്‌

അതിലെ കണ്ണിയായാണ്‌ ഞാൻ ചെന്നുചേരുന്നത്. മലയാള മനോരമയിലെ ഡി വിജയമോഹനൻ, മാതൃഭൂമിയിലെ എൻ അശോകൻ, സണ്ണിക്കുട്ടി എബ്രഹാം, കേരള കൗമുദിയിലെ ബി സി ജോജോ തുടങ്ങിയവരുൾപ്പെട്ട ആ നിരയിൽ അശോക് ദാമോദരൻ, വി കെ ചെറിയാൻ, പി ബാലചന്ദ്രൻ, ജോസഫ് തുടങ്ങി പലരും ഉണ്ടായിരുന്നു.

അശോകൻ, സണ്ണിക്കുട്ടി, വിജയമോഹൻ എന്നിവരുമായി എനിക്ക് വളരെ പെട്ടെന്നുതന്നെ ഒരു ആത്മബന്ധം ഉണ്ടായിവന്നു. മനോരമയിലെ കെ ഗോപാലകൃഷ്ണൻ ഞങ്ങൾക്കൊക്കെ തണലായി നിന്നു.

മലയാള മനോരമയിൽ ചേരാൻ ടി വി ആർ ഷേണായിയും മാതൃഭൂമിയിൽ ചേരാൻ വി കെ മാധവൻകുട്ടിയും അക്കാലത്ത് സ്നേഹപൂർവം നിർബന്ധിച്ചിരുന്നത് ഓർമിക്കുന്നു. മനോരമയിലെ ഡി വിജയമോഹൻ ആയിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

പിൽക്കാലത്ത് കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായ അർക്കപൂർണിമയടക്കം എന്റെ എത്രയോ കവിതകൾ എഴുതിയതിന്റെ ചൂടാറുന്നതിനുമുമ്പ് ആദ്യം വായിച്ചുകേട്ടിരുന്നത് വിജയമോഹനാണ്.

എന്റെ യാത്രയയപ്പ് വേളയിൽ കേരള ഹൗസിൽ വെച്ച് വിജയമോഹൻ പറഞ്ഞ വാക്കുകൾ എന്റെ കണ്ണുനനച്ചു. അന്ന് ആ ചടങ്ങിലുണ്ടായിരുന്ന മാവേലിക്കര രാമചന്ദ്രന്‌ പിൽക്കാലത്ത് എന്തുപറ്റി എന്നത് ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു. വിജയമോഹൻ കാലയവനികയ്ക്കു പിന്നിലേക്ക്‌ വിടവാങ്ങി.

എന്റെ ആദ്യ കവിതാസമാഹാരം ഞാൻ പുറത്തിറക്കുന്നത് ഡൽഹിയിലുള്ളപ്പോഴാണ്. അവിടെ ഏതോ ആവശ്യത്തിനുവന്ന ഡി സി കിഴക്കേമുറി നേരിട്ട്‌ വാങ്ങിക്കൊണ്ടു പോവുകയായിരുന്നു കൈയെഴുത്തുപ്രതി. ആഴ്ചകൾക്കുള്ളിൽ തന്നെ സൗപർണിക എന്ന ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി.

ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എന്റെ ഒരു കവിതയിലെ കുറെ ഭാഗങ്ങൾ മനസ്സിൽനിന്ന് എന്നെ ചൊല്ലിക്കേൾപ്പിച്ച് എന്നെ വിസ്മയിപ്പിച്ച എം പി വീരേന്ദ്രകുമാറിനെയും വിസ്മരിക്കുക വയ്യ. പി ടി ഐയുടെ ചെയർമാൻ കൂടിയായിരുന്നു വീരേന്ദ്രകുമാർ.

ഒരു വാർത്ത അൽപ്പം തണുപ്പിച്ചുകൊടുക്കണമെന്ന് പ്രധാനമന്ത്രിയായിരിക്കെ പി വി നരസിംഹറാവു പിടിഐ ചെയർമാനായ വീരേന്ദ്രകുമാറിനോടു പറഞ്ഞതും ‘രാജ്യം എങ്ങനെ നടത്തണമെന്ന് അങ്ങ് നോക്കുക; പിടിഐ എങ്ങനെ നടത്തണമെന്ന് ഞാൻ നോക്കിക്കൊള്ളാം’

വീരേന്ദ്രകുമാർ

വീരേന്ദ്രകുമാർ

എന്ന് വീരേന്ദ്രകുമാർ മറുപടി പറഞ്ഞതും എനിക്ക്‌ നേരിട്ടറിയാം.

പത്രസമൂഹത്തിൽ ഇങ്ങനെയൊരു സൗഹൃദം. പത്രസമൂഹത്തിനുപുറത്ത്, കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന എം ജി വി നമ്പൂതിരി, കെ പ്രസന്നകുമാർ, പി ആർ നായർ എന്നിവരുൾപ്പെട്ട അനൗദ്യോഗിക സൗഹൃദം. ഇതായിരുന്നു നില.

അന്നൊരിക്കൽ എം ജി വി നമ്പൂതിരിയുടെ ലോറൻസ് റോഡിലെ വസതിയിൽ ഞങ്ങൾ നാലുപേരുമിരുന്ന് ഒരു സഹകരണ സ്ഥാപനമുണ്ടാക്കുന്ന കാര്യമാലോചിച്ചു.

ഞാൻ ആദ്യ സംഘാടന നോട്ടീസ് എഴുതിത്തയ്യാറാക്കി. അങ്ങനെയുണ്ടായതാണ്, ഇന്ന് ഡൽഹിയിലെ ഏറ്റവും വലിയ സഹകരണ‐സാമ്പത്തിക സ്ഥാപനമായ സതേൺ സ്റ്റാർ ഗ്രൂപ്പ്. പി ആർ നായർ എന്ന രഘുവാണ് അതിനെ ഈ വിധത്തിൽ വളർത്തിയെടുത്തത്.

ജ്വല്ലറികൾ, കൺസ്‌ട്രക്‌ഷൻ കമ്പനികൾ എന്നിവയടക്കമുള്ളതും ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ളതുമായ സ്ഥാപനമായി ഇന്ന് അത്‌ വളർന്നിരിക്കുന്നു; ഡൽഹി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി അതുമാറിയിരിക്കുന്നു.

കോളേജ് പഠനത്തിന്‌ തൊട്ടുപിന്നാലെ തന്നെ ഡൽഹിയിലേക്ക്‌ പറിച്ചുനടപ്പെടേണ്ടി വന്നതുകൊണ്ടുകൂടിയാവാം മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരിൽ പലരെയും എനിക്ക്‌ പരിചയപ്പെടാനിടവന്നിട്ടുള്ളത് ഡൽഹിയിൽ വെച്ചാണ്.

ഒ എൻ വി, അക്കിത്തം, ഒളപ്പമണ്ണ, തകഴി, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, വി കെ എൻ, സുകുമാർ അഴീക്കോട്, എം കൃഷ്ണൻനായർ, ടി പത്മനാഭൻ, എം കെ സാനു എന്നിങ്ങനെ നീണ്ടുപോകുന്നു ആ നിര.

ഓംചേരി, ഒ വി വിജയൻ, എം മുകുന്ദൻ, സക്കറിയ തുടങ്ങിയവരൊക്കെ ഡൽഹിക്കാർ തന്നെയായിരുന്നുവെന്നതുകൊണ്ട് അവരുടെ കാര്യം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലൊ.

ഒളപ്പമണ്ണയെ ആദ്യമായി കണ്ടത് അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാനായി ഡൽഹിയിലെത്തിയപ്പോഴാണ്.

പ്രസിഡന്റ്‌ വിശ്വനാഥ തിവാരിയിൽ നിന്നും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌  പ്രഭാവർമ്മ സ്വീകരിക്കുന്നു

പ്രസിഡന്റ്‌ വിശ്വനാഥ തിവാരിയിൽ നിന്നും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ പ്രഭാവർമ്മ സ്വീകരിക്കുന്നു

ആജാനുബാഹുവായ കവി! അന്ന് കമനി ഓഡിറ്റോറിയത്തിലെ വർണശബളായ ചടങ്ങിൽ ഒളപ്പമണ്ണ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഞാനുമുണ്ടായിരുന്നു സദസ്സിൽ.

അതേ ഓഡിറ്റോറിയത്തിൽ. ആ ചടങ്ങ് പത്രത്തിനുവേണ്ടി കവർ ചെയ്യാനാണ് ഞാൻ അവിടെയെത്തിയത്.

അതേചടങ്ങിൽ അതേ പുരസ്കാരം ഏറ്റുവാങ്ങാൻ എനിക്കാവുമെന്നോ, ആ പുരസ്കാരം നൽകിയ കേന്ദ്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡിലിരിക്കാൻ കഴിയുമെന്നോ ഒന്നും അന്ന്‌ സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല എനിക്ക്. അന്ന് കേരള ഹൗസിൽവെച്ചും അക്കാദമിയിൽവെച്ചും ഒക്കെ ഒളപ്പമണ്ണയെ കണ്ടു.

പരിചയപ്പെട്ടു എന്നുപറഞ്ഞുകൂട. പരിചയപ്പെട്ടത് കോഴിക്കോട്ട് എനിക്ക് കൃഷ്ണഗീതി പുരസ്കാരം ലഭിച്ച ചടങ്ങിൽവെച്ചാണ്. ആ അവാർഡ് തന്നുകൊണ്ട് ഒളപ്പമണ്ണ എന്റെ കവിതയെക്കുറിച്ച് ഹൃദയസ്പർശിയായി പ്രസംഗിച്ചത് ഞാൻ ഓർക്കുന്നു. അടുത്തുവിളിച്ച് എന്നെക്കുറിച്ച് പലതും അദ്ദേഹം ചോദിച്ചറിഞ്ഞു.

എങ്കിലും എന്റെ കവിത അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്ഥാനംപിടിച്ചിരുന്നുവെന്ന്‌ ഞാൻ അറിഞ്ഞിരുന്നില്ല. അദ്ദേഹം അന്തരിച്ചശേഷം ഒരിക്കൽ പാലക്കാട്ട് അദ്ദേഹത്തിന്റെ വസതിയിൽ ഞാൻ പോയി. അന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീദേവി ഒളപ്പമണ്ണയാണ് കണ്ണീരോടെ ആ കാര്യം പറഞ്ഞത്.

മാതൃഭൂമിയിൽ വന്ന 'ഊഞ്ഞാൽ' അടക്കമുള്ള എന്റെ കവിതകൾ വീക്കിലി വന്നാലുടൻ പൂമുഖത്ത് അവരെ വിളിച്ചിരുത്തി ഉറക്കെ ചൊല്ലിക്കേൾപ്പിക്കുമായിരുന്നു എന്നും ആ കവിതകളെക്കുറിച്ച് ധാരാളമായി നല്ല വാക്കുകൾ തുടരെ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നുവെന്നും പറയുമ്പോൾ അവരുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.

പിന്നീടൊരിക്കൽക്കൂടി അവർ നിറകണ്ണുകളോടെ എന്നോട്‌ സംസാരിച്ചു. അത് എന്റെ ഒരു നന്ദികേടിനെക്കുറിച്ച്‌ പറയാനായിരുന്നു. പാലക്കാട്ടെ ഒളപ്പമണ്ണ സ്മൃതി സംഗമത്തിലേക്ക് ആ കുടുംബം എന്നെ സ്നേഹപൂർവം ക്ഷണിച്ചിരുന്നു. എന്നാൽ, എനിക്ക് ചെന്നെത്താൻ പറ്റിയില്ല. ഒരു വൈറൽ ഫീവറായി കിടപ്പിലായിപ്പോയി.

എന്നാൽ, അസുഖമാണെന്നുപറഞ്ഞ് ആ ചടങ്ങിനുചെല്ലാതിരുന്ന ഞാൻ അതേദിവസം പാലക്കാട്ടെ മറ്റേതോ ഒരു പരിപാടിയിൽ പോയി സംബന്ധിച്ചതായി ആരോ അവരോടു പറഞ്ഞു. സത്യമായിരുന്നില്ല അത്. ഞാൻ

ഒളപ്പമണ്ണ

ഒളപ്പമണ്ണ

പാലക്കാട്ടേക്ക് ആ ഘട്ടത്തിലൊന്നും പോയിട്ടേയില്ല എന്നതാണുസത്യം. ഏതായാലും അവരെയും ആ കുടുംബത്തെയും ആരോ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു.

അതാണ് സത്യമെന്ന് അവർ ഉറപ്പിക്കുകയും ചെയ്തു. ഒളപ്പമണ്ണ സ്മൃതിസംഗമത്തെ ഉപേക്ഷിച്ച് സ്വീകരിക്കാൻ മാത്രം പ്രാധാന്യമുള്ള ഒരു പരിപാടിയും എനിക്ക് ഇല്ല എന്നുഞാൻ എങ്ങനെ വിശദീകരിക്കാൻ? ഞാൻ ആവുംവിധമൊക്കെ പറഞ്ഞു.

എന്നാൽ, ആ കുടുംബത്തിലാരും അത് അന്നുമിന്നും വിശ്വസിച്ചിട്ടില്ല. അത് എന്റെ ദുഃഖം! കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അക്കിത്തത്തിനു വളരെ നേരത്തെ തന്നെ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കാൻ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. എന്നാൽ പിൽക്കാലത്ത് അക്കിത്തത്തിന്‌ ജ്ഞാനപീഠം നൽകാൻ നിശ്ചയിച്ച ജൂറിയിൽ ഉണ്ടാവാൻ കഴിഞ്ഞു എന്നത് എന്റെ ധന്യത.

വിജ്ഞാൻ ഭവനിൽ കോമൺവെൽത്ത് സമ്മേളനമടക്കമുള്ളവയിൽ പങ്കെടുക്കാൻ എത്രയോ തവണ ഞാൻ പോയിരിക്കുന്നു.

വിജ്ഞാൻ ഭവൻ വേദിയിൽ നിന്ന് ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദേശീയ അവാർഡായ രജതകമൽ ഏറ്റുവാങ്ങാനും പിൽക്കാലത്ത്‌ കഴിഞ്ഞു.

ഡോ. സുകുമാർ അഴീക്കോടിനെക്കുറിച്ച് ആലോചിക്കുമ്പോൾ രണ്ട്‌ സന്ദർഭങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുന്നത്. ഒന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം ഉപേക്ഷിച്ച സന്ദർഭം.

മറ്റൊന്ന് തൃശൂരിലെ അദ്ദേഹത്തിന്റെ അന്ത്യനാളുകൾ! അമല ആശുപത്രിയിലെ മ്ലാനമായ ദിനങ്ങളിലൊന്നിൽ അഴീക്കോടുമാഷ് താരതമ്യേന ഊർജസ്വലനായി കാണപ്പെട്ട ഒരു സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

'മാഷേ, സന്ധ്യവന്ദനം നടത്താതിരുന്നതിന്‌ കാക്കശ്ശേരി ഭട്ടതിരി പറഞ്ഞ ന്യായമെന്തായിരുന്നു'? ഉടൻ വന്നു ഉത്തരം.

'ഹൃദാകാശേ ചിദാദിത്യ
സദാ ഭാതി നിരന്തരം
ഉദയാസ്തമയൗ നസ്ത
കഥം സന്ധ്യാമുപാസ്മഹേ'

മനസ്സാകുന്ന സൂര്യൻ സദാ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. അതിന് ഉദയമോ അസ്തമയമോ ഇല്ല. പിന്നെ ഞാൻ എങ്ങനെ സന്ധ്യയെ വന്ദിക്കാൻ? ലാഘവത്വമുള്ള സന്ദർഭത്തിൽ ഈ ചോദ്യം ചോദിച്ചത് രണ്ട് ഉദ്ദേശ്യങ്ങളോടെയായിരുന്നു.

ഒന്ന്: രോഗശയ്യയിലാണെങ്കിലും മാഷിന്റെ പ്രജ്ഞ സൂര്യജാഗ്രതയോടെ തന്നെ കത്തിനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തെത്തന്നെ ബോധ്യപ്പെടുത്താൻ.

സുകുമാർ അഴീക്കോട്‌

സുകുമാർ അഴീക്കോട്‌

രണ്ട്: മനസ്സ് അങ്ങനെ സൂര്യനായി ജ്വലിച്ചുനിൽക്കുമെങ്കിൽ ശാരീരികമായ ഏതു പ്രശ്നത്തെയും അതിജീവിക്കാനാവുമെന്ന് ഓർമ്മിപ്പിക്കാൻ.

പലരുടെയും മനസ്സിലെ പ്രതീക്ഷയുടെ നാളങ്ങൾ ഒന്നൊന്നായി അണഞ്ഞുതുടങ്ങിയപ്പോഴും ഞാൻ ആ മനസ്സിന്റെ സൂര്യനിൽ വിശ്വാസമർപ്പിച്ചുതന്നെ നിൽക്കുകയായിരുന്നു. പക്ഷേ, പിന്നീട് രണ്ടാഴ്ചയേ മാഷ് ഉണ്ടായുള്ളൂ.

അഴീക്കോടുമാഷിന്റെ ഹൃദയാലുത്വം അനുഭവിച്ച ഒരുപാട് സന്ദർഭങ്ങളുണ്ട്. ഒരിക്കൽ ഒരു മാധ്യമ സെമിനാറിൽ മാഷും ഞാനും സംബന്ധിച്ചു.

പ്രഭാഷണങ്ങൾ കഴിഞ്ഞ ഘട്ടത്തിൽ ഒരുപാട് ചോദ്യങ്ങൾ തുടരെ എന്റെ നേർക്ക്‌ സദസ്സിൽനിന്നുവന്നു. ഞാൻ ഓരോന്നിനും മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. വെറുതെയിരുന്നു മുഷിഞ്ഞ മാഷ് ഒരു ഘട്ടത്തിൽ ക്ഷുഭിതനായി സദസ്സിനുനേർക്ക് ശബ്ദമുയർത്തി.

'പ്രഭാവർമയിൽനിന്നും മറുപടി വേണ്ടവർ ഇനി കത്തെഴുതി ചോദിച്ചാൽ മതി; ഇത് ഇപ്പോൾ ഇവിടെ നിർത്തണം'. ചോദ്യകർത്താക്കളും ഞാനും ഒരുവേള വിഷമത്തിലായി. പരിപാടി അവിടെ സമാപിച്ചു. അത് വേണ്ടിയിരുന്നില്ല എന്ന്‌ പിന്നീട് മാഷിന് തോന്നിയിരിക്കണം.

അന്നുരാത്രി ഹോട്ടലിലെ എന്റെ മുറിയിൽ വന്ന് മാഷ് ശബ്ദം താഴ്ത്തിപ്പറഞ്ഞു. 'എന്റെ ആ ഇടപെടൽ അഭംഗിയായി. ഞാൻ അങ്ങനെ പറഞ്ഞുകൂടായിരുന്നു. വർമ്മയ്ക്ക്‌ വിഷമമായിക്കാണും അല്ലേ?' ‐ അതായിരുന്നു മാഷ്!

ഞാൻ ഡൽഹിയിലായിരുന്നപ്പോഴാണ് അഴീക്കോടുമാഷ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാവുമെന്ന നിലവന്നത്. മത്സരമുണ്ടായാൽപ്പോലും ജയിക്കുമെന്ന്‌ തീർച്ചയായിരുന്നു. മാഷ് ആരാണെന്ന്‌ മറ്റു ഭാഷകളിൽനിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ സമഗ്രതയിൽ മനസ്സിലാക്കട്ടെ എന്നുകരുതി ഞാൻ അന്ന് 'സൺഡെ മെയിലി'ൽ മാഷെക്കുറിച്ച് വിശദമായി ഒരു ലേഖനമെഴുതി.

ഞാൻ ഡൽഹിയിലായിരുന്നപ്പോഴാണ് അഴീക്കോടുമാഷ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാവുമെന്ന നിലവന്നത്. മത്സരമുണ്ടായാൽപ്പോലും ജയിക്കുമെന്ന്‌ തീർച്ചയായിരുന്നു. മാഷ് ആരാണെന്ന്‌ മറ്റു ഭാഷകളിൽനിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ സമഗ്രതയിൽ മനസ്സിലാക്കട്ടെ എന്നുകരുതി ഞാൻ അന്ന് 'സൺഡെ മെയിലി'ൽ മാഷെക്കുറിച്ച് വിശദമായി ഒരു ലേഖനമെഴുതി. അത് കവർസ്റ്റോറിയായി വന്നു.

സൺഡേ മെയിലിന്റെ ചരിത്രത്തിൽ ആദ്യമാവും, ഒരു പക്ഷേ, അവസാനവുമാവും മലയാളി മുഖചിത്രമാവുന്നത്. ആ ലക്കത്തിന്റെ പകർപ്പുകൾ ജനറൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. വിജയം ഉറപ്പാവുകയും ഒരു മലയാളി അക്കാദമി പ്രസിഡന്റാവുകയും ചെയ്യുമെന്ന സന്തോഷത്തിലായിരുന്നു ഞാനും മനോരമയിലെ ഡി വിജയമോഹനുമടക്കം പലരും. പക്ഷേ, മാഷ് അവസാനനിമിഷം പിൻവാങ്ങി. 'എന്തേ ഇങ്ങനെ' എന്ന് ആരാഞ്ഞപ്പോൾ മാഷ് പറഞ്ഞതിതാണ്.

'അദ്ദേഹം എന്നെ േഫാണിൽ വിളിച്ചു; താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പോവുകയാണെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞു. അനുഗ്രഹം തേടിവരുന്ന ആളോട്, അനുഗ്രഹിക്കില്ല, തനിക്കെതിരെ ഞാൻ മത്സരിക്കുമെന്ന് എങ്ങനെ പറയും?' അതായിരുന്നു മാഷ്! ഏതായാലും ആ 'അദ്ദേഹം' തന്നെ അക്കാദമി പ്രസിഡന്റായി.

മഹാഭാരത പശ്ചാത്തലത്തിലുള്ളതും ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ എന്റെ 'ശ്യാമമാധവം' എന്ന കാവ്യാഖ്യായിക മാഷ് വിശദമായി വായിച്ചു. വായിച്ചിട്ട് മാഷ് അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ എന്നാലോചിച്ച്‌ ഞാൻ വിഷമിച്ചിരിക്കെ, രവി ഡീസി എന്നെ വിളിക്കുന്നു.

മാഷ് 'ശ്യാമമാധവ'ത്തെക്കുറിച്ച് ഏറെ പറഞ്ഞുവെന്നും ഇന്ത്യൻ സാഹിത്യ പശ്ചാത്തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടേണ്ട കൃതിയാവുമത് എന്ന് അഭിപ്രായപ്പെട്ടുവെന്നുമാണ് രവി ഡീസി എന്നോട് പറഞ്ഞത്.

ഇങ്ങനെ പറയണമെങ്കിൽ അത്യപൂർവമായ മഹത്വം വേണം. അതായിരുന്നു മാഷ്. 'ശ്യാമമാധവം' പ്രസിദ്ധീകൃതമായാലുടൻ താൻ അതേക്കുറിച്ച് എഴുതുന്നുണ്ടെന്നും അതേക്കുറിച്ച് തനിക്ക് ഏറെ പറയാനുണ്ട് എന്നും കാണിച്ചുള്ള മാഷിന്റെ കത്ത് തൊട്ടുപിന്നാലെ എനിക്ക് കിട്ടി. എഴുതാനുണ്ടെന്ന്‌ പറയുകയല്ല, എഴുതിത്തുടങ്ങിയിരുന്നു മാഷ് എന്നാണ് മാഷിനോടൊപ്പം എപ്പോഴുമുണ്ടായിരുന്ന സുരേഷ് എന്റെ സുഹൃത്തായ എസ് നാസറോട് പറഞ്ഞത്.

മൂന്നു ഖണ്ഡികയോളം എത്തിയിരുന്നുവത്രെ എഴുത്ത്! എഴുതാൻ മാഷ് അവശേഷിച്ചിട്ടില്ലാത്ത ഈ ഘട്ടത്തിൽ ആ കത്ത് ഞാൻ എന്റെ നെഞ്ചോടു ചേർത്തുവെക്കുന്നു.

സാധ്യമായതിനെ അസാധ്യമാക്കുകയും അസാധ്യമായതിനെ സാധ്യമാക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് മാഷ് നയിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സാധ്യമായതിനെ അസാധ്യമാക്കിയതിന്റെ ഉദാഹരണമാണ് നേരത്തെ പറഞ്ഞ അക്കാദമി പ്രസിഡന്റ് പദവിയോടുകാട്ടിയ മനോഭാവം.

സാഹിത്യനിരൂപണ രംഗത്ത് ഗംഭീരങ്ങളായ ഒരുപാട് സംഭാവനകൾ നൽകാനുള്ള ആത്മബലമുണ്ടായിട്ടും ആ രംഗത്ത് തുടർന്ന് കേന്ദ്രീകരിക്കാൻ ശ്രദ്ധിച്ചില്ല എന്നത്‌ മറ്റൊരു ഉദാഹരണം.

സി പി അച്യുതമേനോൻ മുതൽക്കിങ്ങോട്ടുള്ള ഗാഢപാരായണത്തിന്റെയും നിശിത നിരൂപണത്തിന്റെയും പ്രൗഢവിമർശനത്തിന്റെയും നിരയിലെ ആരെയും അതിശയിക്കാൻ പോരുന്ന നിരൂപകവ്യക്തിത്വമായി മാറാൻ വേണ്ട കാമ്പും കഴമ്പും മാഷിനുണ്ടായിരുന്നു. ചെറുപ്പകാലത്തുതന്നെ അദ്ദേഹം തയ്യാറാക്കിയ 'മലയാള സാഹിത്യ വിമർശനം' എന്ന ഗവേഷണപ്രബന്ധം തന്നെ ഇതിന് തെളിവുതരുന്നുണ്ട്.

എന്നാൽ, സാധ്യമായത്ര ദൂരത്തേക്ക് മാഷ് അവിടെനിന്ന്‌ സഞ്ചരിച്ചുവോ? ഇല്ല എന്നതാണ് സത്യം. 'ആശാന്റെ സീതാകാവ്യം', 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു', 'രമണനും മലയാള കവിതയും' എന്നീ മൂന്ന് മുഖ്യകൃതികളിലായി അദ്ദേഹം നിരൂപണരംഗത്തെ തന്റെ അപാരസാധ്യതകളെ പരിമിതപ്പെടുത്തിക്കളഞ്ഞു; ഈ കൃതികൾ ഓരോന്നും അതിന്റേതായ മേഖലകളിൽ തലയെടുപ്പോടെ തന്നെ നിൽക്കുന്നുണ്ട് എങ്കിലും.

എന്നാൽ, മറുവശത്ത്, അസാധ്യമായതിനെ സാധ്യമാക്കുക എന്നത് അദ്ദേഹം തുടരെ ഒരു വെല്ലുവിളിപോലെ ഏറ്റെടുത്തിരുന്നു എന്ന സത്യവും കാണേണ്ടതുണ്ട്. ആ രംഗത്ത് 'തത്വമസി' ദീപഗോപുരമായി ഉയർന്നുനിൽക്കുന്നു. സാധാരണക്കാർ ഉദ്യമിക്കാൻ ഭയക്കുന്ന മേഖലയായിരുന്നു അത്.

അവിടേക്ക് ധീരതയോടെ കടന്നുചെന്ന് ഉപനിഷദ് ദർശനധാരയെ സാധാരണ വായനക്കാർക്ക് പ്രാപ്യമാകുന്ന തലത്തിലേക്ക് ആനയിച്ചു അഴീക്കോട്മാഷ്; അതിന്റെ ഭാവഗരിമയ്ക്ക് ഒരു ചോർച്ചയും വരാതെ തന്നെ.

ഉപനിഷത്തുകളെ 'ആത്മാവിന്റെ ഹിമാലയങ്ങൾ' എന്നുവിശേഷിപ്പിച്ച ജുവാൻ മസ്കറോയുടെ മുതൽ 'നക്ഷത്രങ്ങളുടെ വിശുദ്ധി പ്രതിഫലിച്ചുനിൽക്കുന്ന വിശുദ്ധ ജലം' എന്ന് ഉപനിഷത്തുകളെ വിശേഷിപ്പിച്ച പോൾ ഡ്യൂസന്റെ വരെ നിലപാടുകളെ മാഷ് അപഗ്രഥിച്ചു.

ആദിശങ്കരൻ തൊട്ട് മാക്സ്മുള്ളർ വരെയുള്ളവരുടെ ഭാഷ്യങ്ങളെ മൗലികമായ ചിന്തയുടെ തെളിവെളിച്ചത്തിൽ മാഷ് അപഗ്രഥിച്ചു. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ചരിത്രത്തിൽ സ്ഥാനമുള്ള വിശിഷ്ടകൃതികളുടെ നിരയിലാണ് 'തത്വമസി'യുടെ സ്ഥാനം.

ദുർവ്യാഖ്യാനങ്ങളുടെ പഴുതുകളടച്ച് ഉപനിഷത്തുകളെ അതിന്റെ നേരർഥത്തിൽ പിടിച്ചുറപ്പിച്ച്‌ നിർത്തുന്നുണ്ട് 'തത്വമസി'.

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായിരുന്നതുകൊണ്ടും മറ്റും ഡൽഹിയിൽ ഇടയ്ക്കിടെ വരുമായിരുന്നു അഴീക്കോട് മാഷ്. ഒരു ഘട്ടത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ മാഷ് നരസിംഹറാവുവിനെ വല്ലാതെ വിമർശിച്ചു.

നരസിംഹറാവു

നരസിംഹറാവു

ഇതിൽ അസഹിഷ്ണുത പൂണ്ട ഒരാൾ അതിനെതിരെ ശബ്ദമുയർത്തി. ബഹുഭാഷാ പണ്ഡിതനാണ് റാവു എന്നും അദ്ദേഹത്തെ മനസ്സിലാക്കാതെയാണ് മാഷ് വിമർശിക്കുന്നതെന്നും അയാൾ പറഞ്ഞു.

14 ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന ഒരാളെ ഇങ്ങനെയല്ല വിലയിരുത്തേണ്ടത് എന്ന് അയാൾ കൂട്ടിച്ചേർത്തു. ഉടൻ വന്നു മാഷിന്റെ പ്രതികരണം. ഒരു വിഡ്ഢി 14 ഭാഷ പഠിച്ചാൽ 14 ഭാഷയിലും വിഡ്ഢിത്തം പറയുമെന്നല്ലാതെ മറ്റൊന്നുമുണ്ടാവാനില്ല. ഇതായിരുന്നു മാഷിന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി.

ഒരു പഞ്ചാബി യാത്ര കഴിഞ്ഞ് അവശനായി വി കെ എൻ ഡൽഹിയിലെ എന്റെ വസതിയിൽ വന്നത് ഞാൻ ഓർക്കുന്നു. രാത്രി 12 മണിയോടടുത്തു വന്നപ്പോൾ. ആഹാരമുണ്ടാക്കിച്ച് കഴിച്ചിട്ടേ പോയുള്ളു. അടുത്തദിവസം നോവൽ സാഹിത്യത്തെക്കുറിച്ചുള്ള സെമിനാർ.

പ്രബന്ധകാരൻ മലയാള നോവൽ സാഹിത്യത്തിന്റെ വിവിധ തലങ്ങളെയാകെ പരാമർശിച്ചുവെങ്കിലും ഒ വി വിജയനെക്കുറിച്ചോ അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചോ പരാമർശിച്ചില്ല. ഇതിൽ കുപിതനായ ഒരാൾ ഇതെന്തുകൊണ്ട് എന്ന്‌ പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ അടക്കിയിരുത്താൻ പഠിച്ച പണി പതിനെട്ടും വി കെ എൻ പയറ്റി.

പറ്റുന്നില്ല. ക്ഷുഭിതൻ കത്തിക്കാളുകയാണ്. അപ്പോൾ ശബ്ദം താഴ്ത്തി പറഞ്ഞു; ‘വിട്ടുപോയതാകും ക്ഷമിക്കൂ’.  ക്ഷുഭിതൻ പ്രതികരിച്ചത് എങ്കിൽ അതുപറയണം എന്ന വാക്കുകളുമായാണ്.

അയാൾ തണുത്തു. ഇരുന്നു. ഉടൻ വന്നു വി കെ എന്നിന്റെ പ്രതികരണം; ‘അപ്പോൾ, വിട്ടുപോകാനുള്ളതേ ഉള്ളൂ ഒ വി വിജയന്റെ സംഭാവനകൾ എന്നുസമ്മതിച്ചല്ലോ അല്ലേ?’  സദസ്സ് ഒരു ചിരിയിലമർന്നു.

ഒരിക്കൽ പ്രൊഫസർ എം കൃഷ്ണൻനായർ ഗോയങ്ക അവാർഡ് വാങ്ങാനായി ഡൽഹിയിലെത്തി. ഡൽഹിയിലെ സാംസ്കാരികസമിതിയായ ജനസംസ്കൃതി കൃഷ്ണൻനായർ സാറിനൊരു സ്വീകരണം നൽകി. ഞാനായിരുന്നു അധ്യക്ഷൻ. കൃഷ്ണൻനായർ സാറിന് എന്നോടു പ്രിയമോ അപ്രിയമോ ഇല്ലാത്ത ഘട്ടം. എന്നാൽ, ആ വേദിയിൽവച്ച് പൊടുന്നനെ സാറിന് എന്നോട് അപ്രിയമുണ്ടായി.

 പ്രൊഫസർ എം കൃഷ്ണൻനായർ

പ്രൊഫസർ എം കൃഷ്ണൻനായർ

കൃഷ്ണൻനായർസാർ അനർഗളസുന്ദരമായി പ്രസംഗിക്കുകയാണ്. ചങ്ങമ്പുഴക്കവിതകളും മറ്റും ഇടയ്ക്കിടെ സംഗീതാത്മകമായി ഉദ്ധരിച്ചുകൊണ്ടുള്ള വാക്പ്രവാഹം.

അത് നിസർഗമാധുരിയോടെ ഗംഭീരമായി പുരോഗമിക്കുന്നതിനിടെ അധ്യക്ഷനായ ഞാൻ ഒന്നു വാച്ചുനോക്കിപ്പോയി. കൃത്യമായി ആ നിമിഷംതന്നെ സാർ തിരിഞ്ഞ് എന്നെ നോക്കി. പിന്നീട് പ്രസംഗം അരനിമിഷമേ നീണ്ടുള്ളൂ.

ഒരു വാചകംകൂടി പറഞ്ഞ് കൃഷ്ണൻനായർ സാർ പൊടുന്നനെ പ്രസംഗം നിർത്തി. സാർ പറഞ്ഞ വാചകമിതാണ്: ക്ഷണിക്കപ്പെട്ട അതിഥി പ്രസംഗം നടത്തുമ്പോൾ അധ്യക്ഷൻ വാച്ചിൽ നോക്കുന്നത് അതിഥിയെ നിന്ദിക്കലാണ്; പ്രസംഗം നിർത്തണമെന്ന് കൽപ്പിക്കുന്നതിനു തുല്യമാണത്. അതുകൊണ്ട്‌ ഞാൻ പ്രസംഗം നിർത്തുന്നു.

സദസ്സാകെ ഞെട്ടിത്തരിച്ചിരുന്നു. ഞാൻ സ്തബ്ധനായിരുന്നു. കൃഷ്ണൻനായർസാർ ആരോടും ഒരു വാക്കുപറയാതെ അപമാനിക്കപ്പെട്ടവന്റെ മുഖഭാവത്തോടെ കസേരയിൽ ചെന്നിരുന്നു; പിന്നീട് വേദിവിട്ടിറങ്ങി.

വാച്ചുനോക്കിപ്പോയത് യാദൃച്ഛികമാണെന്നും അതിൽ ഒരുവിധ ദുസ്സൂചനയുമില്ലെന്നും എനിക്കുവേണമെങ്കിൽ സാറിനോട്‌ പറയാമായിരുന്നു; പ്രത്യേകിച്ചും പ്രസംഗം നിർത്തി എന്റെ സമീപംതന്നെ മടങ്ങിവന്ന് അദ്ദേഹം ഇരുന്നപ്പോൾ. എന്റെ 'അഹങ്കാരം' അതിന് എന്നെ അനുവദിച്ചില്ല എന്നുപറഞ്ഞാൽ മതിയല്ലോ.

ഡൽഹിയിലെ നോർത്ത് അവന്യൂവിലെ ഒരു ആഡിറ്റോറിയത്തിലായിരുന്നു മീറ്റിങ്. യോഗം പിരിഞ്ഞ് എല്ലാവരും പോകാറായപ്പോൾ എന്റെ രണ്ടുസുഹൃത്തുക്കൾ എന്നോടുവന്ന് അടക്കംപറഞ്ഞു: 'ഇനി കവിത പ്രസിദ്ധീകരിച്ചാൽ അടുത്തയാഴ്ച വാരഫലത്തിൽക്കൂടി കിട്ടും ഇതിന്റെ ബാക്കി'.

ഞാനും അതുതന്നെ എന്നോടു പറഞ്ഞു. ഒരുമാസം കഴിഞ്ഞപ്പോൾ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ എന്റെ കവിത വരുന്നു. അടുത്തയാഴ്ച മുതൽ ഞാൻ കലാകൗമുദിക്കായി കാത്തിരിപ്പായി. വാരഫലത്തിലൂടെ കൃഷ്ണൻനായർ സാർ എന്നെയും എന്റെയും കവിതയെയും കൊന്നുകൊലവിളിച്ചിട്ടുണ്ടാകുമെന്ന് ഞാൻ ഉറപ്പായും കരുതി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തുനിന്ന് എന്നെ എന്റെ ഒരു സുഹൃത്ത് ഫോണിൽ വിളിക്കുന്നു. അദ്ദേഹം പറഞ്ഞു: 'സാഹിത്യവാരഫലത്തിൽ വർമയുടെ കവിതയെക്കുറിച്ച് കൃഷ്ണൻനായർ സാർ ദീർഘമായി എഴുതിയിരിക്കുന്നു.

ആകാംക്ഷയോടെ, അതിലേറെ ഉത്‌കണ്ഠയോടെ ഞാൻ സുഹൃത്തിനോട് അതൊന്ന്‌ ഫോണിൽ വായിച്ചുകേൾപ്പിക്കാനാവശ്യപ്പെട്ടു.

അദ്ദേഹം വായിച്ചുതുടങ്ങി: 'ജന്മനാ കവിയാണു പ്രഭാവർമ'. എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്റെ കവിതയെ അത്യധികം ശ്ലാഘിച്ചുകൊണ്ട് കൃഷ്ണൻനായർ സാർ തുടർന്നും കുറെ പറഞ്ഞിരിക്കുന്നു. കലാകൗമുദി കാണേണ്ടിവന്നു എനിക്കത്‌ വിശ്വസിക്കാൻ.

പൊതുവേദിയിൽ അപമാനിച്ച ഒരാളെ ഇങ്ങനെ ബഹുമാനിക്കണമെങ്കിൽ (അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സാർ അങ്ങനെയായിരുന്നല്ലോ ധരിച്ചുവച്ചത്) വലിയ ഒരു മനസ്സുവേണം; വലിയ മഹത്വം വേണം; അതായിരുന്നു കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വ സവിശേഷത.

ഡൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിലും എന്റെ കവിതയെക്കുറിച്ച് ആ വിധത്തിൽ എഴുതാൻ എങ്ങനെ കഴിഞ്ഞെന്ന് ഞാൻ ആരാഞ്ഞു.

അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എനിക്കു പ്രഭാവർമ എന്ന വ്യക്തിവേറെ; പ്രഭാവർമ എന്ന കവി വേറെ. വ്യക്തിയെക്കുറിച്ചായിരുന്നു എഴുതിയിരുന്നതെങ്കിൽ ഞാൻ മറ്റൊരു രൂപത്തിൽ എഴുതുമായിരുന്നു; വാരഫലത്തിൽ  ഞാൻ എഴുതിയത് വ്യക്തിയെക്കുറിച്ചല്ല; പ്രഭാവർമ എന്ന കവിയെക്കുറിച്ചാണ്'.

ഞാൻ മനസ്സുകൊണ്ട് നമസ്കരിച്ചു ആ നിമിഷത്തിൽ അദ്ദേഹത്തെ. എന്റെ അഹങ്കാരത്തിന്റെ മസ്തകത്തിൽ ഏറ്റ അടിയായിരുന്നു ആ വാക്കുകൾ. വ്യക്തിനിരപേക്ഷമായി കവിതയെ കാണുന്ന ആ മഹത്വത്തെക്കുറിച്ച്‌ ഞാൻ അടുത്തിടെ 'ശ്യാമമാധവ വിവാദ'ത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ആലോചിച്ചു.

ഡൽഹിയിലെ വേദിയിലേക്ക് കയറുന്നതിന്റെ തൊട്ടുമുമ്പുപോലും  കൃഷ്ണൻനായർ സാറിനെ ചെന്നുകണ്ട്‌ പരിചയപ്പെടാതിരുന്ന എന്റെ ഔദ്ധത്യത്തെക്കുറിച്ചോർത്ത് എനിക്കുതന്നെ എന്നോട്‌ പുച്ഛംതോന്നി.

ഈ വലിയ മനുഷ്യനാര്? ഈ ചെറിയ ഞാനാര്? ഒരു തിരിച്ചറിവിലേക്ക് എന്നെ നയിച്ച നിമിഷങ്ങളായി അവ.

പിന്നീട് ഞാൻ കൃഷ്ണൻനായർസാറിനെ എത്രയോവട്ടം ശാസ്തമംഗലത്തെ വസതിയിൽ പോയി കണ്ടിരിക്കുന്നു. അഹങ്കാരിയൊന്നുമല്ല ഞാൻ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. പിതൃനിർവിശേഷമായ ഒരു വാത്സല്യത്തിന്റെ കുളിർമയിൽ എന്റെ മനസ്സ് കുളിച്ചുനിന്നിട്ടുണ്ട്.

ആരോടും അങ്ങോട്ടുചെന്ന്‌ പരിചയപ്പെടാത്ത ഒരു രീതിയാണെന്റേത് എന്നു ഞാൻ വിശദീകരിച്ചിട്ടുണ്ട്. എന്റെ സ്വഭാവത്തിന്റെ സവിശേഷത മാത്രമാണത് എന്ന്‌ സാർ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ഓരോ തവണ കാണുമ്പോഴും വിലപ്പെട്ട ഓരോ പുസ്തകം അദ്ദേഹം എനിക്ക്‌ സമ്മാനിച്ചിട്ടുണ്ട്.ആ പുസ്തകങ്ങൾ ഞാൻ എന്റെ ഹൃദയത്തോടുചേർത്തുവയ്ക്കുന്നു; ആ മനസ്സ് എന്റെ മനസ്സിനോടും.

 ഓരോ തവണ കാണുമ്പോഴും വിലപ്പെട്ട ഓരോ പുസ്തകം അദ്ദേഹം എനിക്ക്‌ സമ്മാനിച്ചിട്ടുണ്ട്.ആ പുസ്തകങ്ങൾ ഞാൻ എന്റെ ഹൃദയത്തോടുചേർത്തുവയ്ക്കുന്നു; ആ മനസ്സ് എന്റെ മനസ്സിനോടും. ഈ കുറിപ്പ് എഴുതുമ്പോൾ കൃഷ്ണൻനായർ സാറിന്റെ മനസ്സ് എന്റെ നിറുകയിൽ തൊട്ടതുപോലെ എനിക്ക്‌ തോന്നുന്നുണ്ട്. ആ അനുഗ്രഹത്തിനുമുമ്പിൽ വിനയത്തോടെ ഞാൻ ശിരസ്സുതാഴ്ത്തുന്നു . ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top