01 February Wednesday

സംസ്‌കൃതിയുടെ വർത്തമാനധാര- ദിൽസെ; ദില്ലി സെ... പ്രഭാവർമ്മയുടെ പരമ്പര പത്താം ഭാഗം

പ്രഭാവർമ്മUpdated: Thursday Nov 17, 2022

എം എ ബേബി ,ഒ വി വിജയൻ, ആനന്ദ്‌ തുടങ്ങിയവർ ജനസംസ്‌കൃതി വേദിയിൽ

ഭാഷാപരവും സംസ്‌കൃതിസമ്പന്നവുമായ അഭിമാനബോധമുള്ള ഒരു ജനതയെ ഒരു അധിനിവേശ ശക്തിക്കും തോൽപ്പിക്കാനാവില്ല. അഭിമാനിക്കാൻ ഒന്നുമില്ല എന്നും എന്തുനഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നും കരുതുന്ന സംസ്കാരരഹിതമായ ഒരു സമൂഹത്തെയാകട്ടെ ഏത് അധിനിവേശ ശക്തിക്കും വളരെ വേഗം കീഴ്പ്പെടുത്താനാകും. കീഴ്പ്പെടുത്തുക എന്നല്ല പറയേണ്ടത്. അവർ സ്വയം കീഴടങ്ങും എന്നാണ്. ആ നിലയ്ക്കുനോക്കിയാൽ സാംസ്കാരികരംഗത്ത് സാമ്രാജ്യത്വാധിനിവേശത്തിന് എതിരായ വലിയ ഒരു ജാഗ്രതാശക്തിയായി തലയുയർത്തി നിൽക്കുകയാണ് ജനസംസ്കൃതി.

‘It is better to have fought and lost,
  Than never to have fought at all’    
– Arthur Hugh Clough

‘When a people do not want their culture, the nation dies'  എന്നുപറഞ്ഞത് സച്ചിദാനന്ദ വാത്സ്യായനനാണ്. അതിൽ സത്യത്തിന്റെ മുഴക്കമുണ്ട് എന്ന് എനിക്ക് എന്നും തോന്നിയിട്ടുണ്ട്.

ഒരു ജനതയ്ക്ക് അതിന്റെ സംസ്കാരം ആവശ്യമില്ലാത്തതായി തോന്നുന്നത് എപ്പോഴാണോ, അപ്പോൾ ആ രാഷ്ട്രം മരിക്കുന്നു. മഹാമനീഷികൾ കാവൽ നിന്ന അതിമഹത്തായ രാഷ്ട്രങ്ങളും സംസ്കാരങ്ങളുംപോലും ഇങ്ങനെ തകർന്നടിഞ്ഞിട്ടുണ്ട്.

സോക്രട്ടീസും ഹെറോക്ലീറ്റസും ഒക്കെ കൊളുത്തി ഏൽപ്പിച്ച ദീപശിഖകൾ കൊളുത്തിയേടത്തുതന്നെ കെട്ടടിയുന്നത്‌ നാം കണ്ടിട്ടുണ്ട്. ഒരു രാഷ്ട്രത്തിന്, ഒരു ജനതയ്ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തമാണത്.

ആ ദുരന്തത്തെ ഒഴിവാക്കുന്നത് സംസ്കാരത്തിന്‌ കാവൽനിൽക്കുന്ന പിൽക്കാല തലമുറകളാണ്. സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവെയ്പ്പുകളെ ആദരിക്കുന്നവർ. ത്യാജ്യ‐ഗ്രാഹ്യ വിവേചന ബുദ്ധിയോടെ ചരിത്രത്തെ, പൈതൃകത്തെ, സംസ്കാരത്തെ സമീപിക്കുന്നവർ.

സച്ചി-ദാ-നന്ദ  വാ-ത്സ്യാ-യനൻ

സച്ചി-ദാ-നന്ദ വാ-ത്സ്യാ-യനൻ

അങ്ങനെയുള്ളവരാണ് നാടും സംസ്കാരവും നിലനിൽക്കും, അതിജീവിക്കും എന്നൊക്കെയുള്ള പ്രത്യാശകൾക്കുള്ള ഏക ഗ്യാരന്റി. ഡൽഹിയിലെ ആ ഗ്യാരന്റിയാണ് ജനസംസ്കൃതി. ഏതാണ്ട് പ്രാരംഭഘട്ടത്തിൽത്തന്നെ അതിന്റെ പ്രവർത്തകനാകാൻ എനിക്കു സാധിച്ചു.

നമ്മുടെ ഭാഷയ്ക്ക്, സംസ്കാരത്തിന്, ഭാവുകത്വത്തിന്‌ കാവൽ നിൽക്കുന്ന, അവയെയൊക്കെ നവീകരിച്ചുശക്തിപ്പെടുത്തുന്ന, മുൻകാലത്തിനും വരുംകാലത്തിനുമിടയിലെ വിലപ്പെട്ട കണ്ണിയാവുന്ന, ചരിത്രത്തിന്റെ പുരോഗമനാത്മകമായ മൂല്യസത്തകളെ ഭാവിയിലേക്കൊഴുക്കിയെടുക്കുന്ന, അങ്ങനെ കാലത്തിന്റെ ഭൂത‐വർത്തമാന‐ഭാവികളെ സാംസ്കാരികോന്മുഖമാക്കുന്ന പ്രസ്ഥാനം.

അങ്ങനെ ചരിത്രപരമായ സംഭാവനകൾ നൽകുന്ന 'ജനസംസ്കൃതി'യുമായി ഒരു പതിറ്റാണ്ടിലേറെക്കാലം സഹകരിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞു എന്നത്‌ തീർച്ചയായും എന്റെ ജീവിതത്തിലെ, പ്രത്യേകിച്ച് ഡൽഹി ജീവിതത്തിലെ ധന്യതകളിലൊന്നാണ്.

One who is not a nationalist cannot be an internationalist  എന്നുപറഞ്ഞത് മാവോ സേ തുങ്ങാണ്.

മാവോ സേ തുങ്‌

മാവോ സേ തുങ്‌

ദേശീയവാദിയാവാത്ത ഒരാൾക്കും സാർവദേശീയവാദിയാവാനാവില്ല എന്നർഥം. മാവോ ഇതുമാത്രമല്ല പറഞ്ഞത്. One who is not a humanist cannot be a communist എന്നുകൂടി പറഞ്ഞു. മാനവികതാവാദിയാകാത്തവന്‌ കമ്യൂണിസ്റ്റാകാനാവില്ല എന്നർഥം.

ഇതിലെ ദേശീയവാദി എന്നത് ഉയർന്ന മൂല്യസത്തയെ പ്രതിനിധാനം ചെയ്യുന്ന ഒരു പദമാണ്. എന്നാൽ, മാറിയകാലത്ത് അതിദേശീയതാവാദം മുതൽ യുദ്ധാസക്തിവാദം (jingoism)  വരെയായി ഈ പദത്തിന് വ്യത്യസ്ത അർഥ ഛായകൾ പകരുന്ന ഭാഷ്യങ്ങൾ ഉണ്ടായിവരുന്നു.

ആ ഭാഷ്യങ്ങൾ ഉൾക്കൊള്ളുന്ന അപകടങ്ങളിലേക്ക് വഴുതിവീഴാതെ ദേശീയതയെ സാർവദേശീയതയുടെ വിശാലമായ ക്യാൻവാസിന്റെ പശ്ചാത്തലത്തിൽ നിർത്തി സമീപിച്ച ചരിത്രമാണ്‌ ജനസംസ്കൃതിക്കുള്ളത്.

ഹ്യൂമനിസത്തിന്റെ ഏറ്റവും ഉയർന്ന രൂപത്തോട് അത് എന്നും തോൾ ചേർന്നുനിൽക്കുകയും ചെയ്തു.

എന്താണ്‌ സംസ്കാരം? സംസ്കാരം എന്ന വാക്കിന് ഹ്രസ്വമായ ഒരു നിർവചനമുണ്ട് ഇംഗ്ലീഷിൽ.concern for the other എന്നതാണത്. കരുതൽ എന്നുപറയാം.

അപരനെക്കുറിച്ചുള്ള കരുതൽ. അവന്റെ ഉൽക്കർഷത്തിൽ അവനോടൊപ്പം സന്തോഷിക്കാനും അപരന്റെ അപകർഷത്തിൽ അവനോടൊപ്പം ദുഃഖിക്കാനും കഴിയുന്ന ഒരു സവിശേഷ മാനസികാവസ്ഥയാണത്.ഇതാണ്‌ സംസ്കാരത്തിന്റെ സത്തയെങ്കിൽ, ആ സംസ്കാരത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ചരിത്രമാണ് ജനസംസ്കൃതിക്കുള്ളത് എന്നുപറയണം.

അപരനെക്കുറിച്ചുള്ള കരുതൽ. അവന്റെ ഉൽക്കർഷത്തിൽ അവനോടൊപ്പം സന്തോഷിക്കാനും അപരന്റെ അപകർഷത്തിൽ അവനോടൊപ്പം ദുഃഖിക്കാനും കഴിയുന്ന ഒരു സവിശേഷ മാനസികാവസ്ഥയാണത്.ഇതാണ്‌ സംസ്കാരത്തിന്റെ സത്തയെങ്കിൽ, ആ സംസ്കാരത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ചരിത്രമാണ് ജനസംസ്കൃതിക്കുള്ളത് എന്നുപറയണം.

നിസ്വാർഥരും ത്യാഗധനരും സമർപ്പിത മനസ്കരുമായ സാംസ്കാരിക പ്രവർത്തകരുടെ സംഘടനയാണിത്.

അമൻ ലഖൻവിയുടെ ഒരു രചനയുണ്ട്. ‘The graves of the martyrs have given us a call. Only those capable of playing with their lives should come forward. On the one side are the worldly comforts. The bliss of martyrdom is on the other. It is a bargain, choose whatever you may'   എന്നതാണത്. രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങൾ വിളിക്കുന്നു.

ഒരുവശത്ത് ലൗകിക സുഖസാധ്യതകൾ. മറുവശത്ത് രക്തസാക്ഷിത്വത്തിന്റെ പരമാനന്ദം.

ഏത്‌ തെരഞ്ഞെടുക്കണമെന്നത്‌ നിങ്ങൾക്കുനിശ്ചയിക്കാം. ഇങ്ങനെ ഒരു വിളി വന്നപ്പോൾ ലൗകിക സുഖസാധ്യതകളെ പരിത്യജിച്ച് രക്തസാക്ഷിത്വത്തിന്റെ ആനന്ദം തേടിപ്പോയവരുണ്ട്. ഭഗത്സിങ്ങിനെപ്പോലുള്ളവർ. അവരായിരുന്നു ജനസംസ്കൃതിയുടെ പ്രചോദന കേന്ദ്രങ്ങൾ.

ഇനി, മറ്റൊരു കൂട്ടരുണ്ട്. വ്യവസ്ഥിതി മാറ്റമൊന്നും വരാത്ത നിലയിൽ തുടർന്നാലും തങ്ങളുടെ സ്വകാര്യ ജീവിതസൗഖ്യത്തിന് കുഴപ്പമൊന്നുമില്ലാതിരുന്നിട്ടും വ്യവസ്ഥിതി ജീർണവും നീതിരഹിതവും മനുഷ്യത്വവിരുദ്ധവുമാണെന്നറിഞ്ഞ് അതിനെ തകർക്കാനും പുതിയ ഒരു നീതിപ്രമാണംകൊണ്ട്‌ പകരംവെയ്ക്കാനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കിറങ്ങിയവർ.

നെൽസൺ മണ്ടേലയെപ്പോലെ, എൻക്രൂമയെപ്പോലെ, ഇ എം എസിനെപ്പോലെയുള്ളവർ. അവരുടെ വ്യക്തിത്വവും ജീവിതവുമായിരുന്നിട്ടുണ്ട് ജനസംസ്കൃതിയുടെ ദീപ്ത മാതൃകകൾ.

അത്തരം മഹത്വമാർന്ന വ്യക്തിത്വങ്ങളുടെ പ്രകാശധവളിമയിലൂടെ കടന്നുവന്ന മഹത്വമുള്ള വ്യക്തിത്വങ്ങളാണ് ജനസംസ്കൃതിയെ നയിച്ചത്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായിരുന്ന സി പി രാമചന്ദ്രൻ, ഡോ. കെ എൻ പണിക്കർ, കെ മോഹനൻ തുടങ്ങിയവരാൽ വിവിധ ഘട്ടങ്ങളിൽ നയിക്കപ്പെട്ട പ്രസ്ഥാനമാണിത്.

ഇ എം എസിന്റെ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഒക്കെ മാർഗനിർദേശത്തിൽ രൂപപ്പെട്ടതും വളർന്നുവന്നതുമായ പ്രസ്ഥാനം.

ഡൽഹിയുടെ പൊതുസാംസ്കാരികതയ്ക്കും അവിടുത്തെ മലയാളി സാഹോദര്യത്തിനും ഈടുറ്റ സംഭാവനകൾ നൽകിയ പ്രസ്ഥാനം. കേരളീയതയെയും ഡൽഹീയതയെയും പരസ്പരം ബന്ധിപ്പിച്ച സംസ്കാരത്തിന്റെ ശ്രേഷ്ഠമായ കണ്ണി!

ബഹുവർണശബളമായ സംസ്കാരമാണ് ഇന്ത്യയുടേത്. ആ സംസ്കാര സവിശേഷതയ്ക്ക്, അതിന്റെ നിലനിൽപ്പിന്, അതിജീവനത്തിന് ജനസംസ്കൃതി നൽകിയ സംഭാവനകൾ എത്ര പറഞ്ഞാലും തീരില്ല. ഒരു ഫെഡറൽ സംവിധാനമാണ് നമുക്കുള്ളത്.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഈ ഫെഡറൽ സ്പിരിറ്റ് മങ്ങാതെ നോക്കാനും, ആ  ശ്രമത്തിൽ സംസ്ഥാനത്തിന്റെ, മലയാളി ജനസമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾ പരിരക്ഷിച്ചെടുക്കാനും, യൂണിറ്ററി സ്വഭാവത്തിലുള്ള അധിനിവേശങ്ങളെ ചെറുക്കാനും നടത്തിയ സംഭാവനകളും പ്രത്യേക പരാമർശമർഹിക്കുന്നു.

ജാതി‐മത‐ഭാഷാ വേർതിരിവുകൾക്കതീതമായ മാനവികമായ ഐക്യം, ഇന്ത്യ എന്ന വികാരം, അതിന്റെ പൊതുഘടനയ്ക്കുള്ളിൽ നിൽക്കുന്ന കേരളീയ സംസ്കാരത്തിന്റെ പരിരക്ഷണം എന്നിവ മുൻനിർത്തി അനുഷ്ഠിച്ച കാര്യങ്ങൾ പറഞ്ഞുതീർക്കാവുന്നതല്ല.

നമ്മുടെ മേൽവിലാസം മലയാളി എന്നതാണ്. വിശ്വപൗരനായാലും ലോകത്തിന്റെ ഏതു ഭാഗത്ത്‌ ചെന്നാലും 'ആരാണ്; എവിടുന്നാണ്' എന്ന ചോദ്യത്തിനുള്ള ആത്യന്തികമായ ഉത്തരം മലയാളി എന്ന മേൽവിലാസമാണ്. വിശ്വോത്തരതയുടെ മഹാകാശത്ത് മുഖത്തെളിമയോടെ ഉയർന്നുനിൽക്കാൻ നമുക്ക്‌ മലയാളത്തിന്റേതായ ഇത്തിരി മണ്ണിൽ ഉറച്ചുനിൽക്കുന്ന വേരുകളുണ്ടായേ പറ്റൂ.

ആ മണ്ണിൽ വേരുറപ്പിച്ചാലേ എല്ലാവരുടേതുമായ ആകാശത്ത്‌ പൂവിട്ടുനിൽക്കാനാവൂ.

ആ അടിസ്ഥാന മേൽവിലാസമായ 'മലയാളിത്തം' മലയാളിക്ക്‌ കൈമോശം വന്നുപോവാതിരിക്കാൻ, ഏറ്റവും ഇളയ തലമുറയിൽ വരെ മലയാളവുമായുള്ള മുലപ്പാൽ ബന്ധം ഉറപ്പിക്കാൻ, കേരളീയമായ സാംസ്കാരികതയുടെ ധാരയുമായുള്ള ബന്ധം അറ്റുപോവാതെ നോക്കാൻ, കേരളീയ കലാരൂപങ്ങളെയും ചരിത്രസംഭവങ്ങളെയും ഡൽഹിയിലെ പുതുതലമുറ‐മലയാളിക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാൻ, അങ്ങനെ ഭാഷാഭിമാനവും സാംസ്കാരികാഭിമാനവും ഡൽഹി മലയാളിയുടെ മനസ്സിൽ വളർത്താൻ ജനസംസ്കൃതി ചെയ്ത നല്ല കാര്യങ്ങളുടെ പരമ്പര തന്നെ എന്റെ മനസ്സിലേക്ക്‌ കടന്നുവരുന്നുണ്ട്.

ജനസംസ്‌കൃതിയുടെ കലാപരിപാടി

ജനസംസ്‌കൃതിയുടെ കലാപരിപാടി

വിസ്തരഭയത്താൽ അതിന്‌ തൽക്കാലം മുതിരുന്നില്ല. എന്തായാലും ഒരു കാര്യം പറയട്ടെ. ഭാഷാപരവും സംസ്കൃതിസമ്പന്നവുമായ അഭിമാനബോധമുള്ള ഒരു ജനതയെ ഒരു അധിനിവേശ ശക്തിക്കും തോൽപ്പിക്കാനാവില്ല.

അഭിമാനിക്കാൻ ഒന്നുമില്ല എന്നും എന്തുനഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നും കരുതുന്ന സംസ്കാരരഹിതമായ ഒരു സമൂഹത്തെയാകട്ടെ ഏത് അധിനിവേശ ശക്തിക്കും വളരെ വേഗം കീഴ്പ്പെടുത്താനാകും.

കീഴ്പ്പെടുത്തുക എന്നല്ല പറയേണ്ടത്. അവർ സ്വയം കീഴടങ്ങും എന്നാണ്. ആ നിലയ്ക്കുനോക്കിയാൽ സാംസ്കാരികരംഗത്ത് സാമ്രാജ്യത്വാധിനിവേശത്തിന് എതിരായ വലിയ ഒരു ജാഗ്രതാശക്തിയായി തലയുയർത്തി നിൽക്കുകയാണ് ജനസംസ്കൃതി.

ജന്മനാ നരജന്തു (Homosapien)  മാത്രമാണ്‌ നമ്മൾ. ഈ നരജന്തുവിനെ മനുഷ്യനാക്കി ഉയർത്താൻ, human being ആക്കി വളർത്താൻ എന്തൊക്കെയുണ്ടായാൽ മതിയാവും?

'പോരുമിത്തിരിമെയ്യിന്; സർവം
പോര മാനുഷസത്ത പുലർത്താൻ' എന്ന്‌ വൈലോപ്പിള്ളി മാഷ്. നമ്മുടെ ഭൗതിക ജീവിതാവശ്യങ്ങൾക്ക് ചിലതൊക്കെയുണ്ടായാൽ മതിയാവും.

എന്നാൽ, നമ്മളിൽ മാനുഷസത്ത പുലർത്താൻ എത്രയൊക്കെയുണ്ടായാലാണ്‌ മതിയാവുക? മനസ്സിൽ മാനുഷസത്ത നിറച്ച് ഉത്തമ മനുഷ്യരെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉന്നതമായ സാംസ്കാരിക ദൗത്യം തന്നെയാണ് ജനസംസ്കൃതി

വൈലോപ്പിള്ളി

വൈലോപ്പിള്ളി

ഏറ്റെടുക്കുന്നത്; നിർവഹിക്കുന്നത്.

'നിർദ്ദയലോകത്തു നാം
ഇരുപേർ ഒറ്റപ്പെട്ടോർ;
അത്രയുമല്ലാ, തമ്മിൽ

തമ്മിലും ഒറ്റപ്പെട്ടോർ' എന്നുണ്ട്. ഒറ്റപ്പെടലിന്റെ ചിമിഴിലേക്കൊതുങ്ങുന്ന ജീവിതങ്ങളാണ്‌ സമൂഹത്തിൽ. സ്വകാര്യതയുടെ ആ ചിമിഴിൽനിന്ന്‌ മോചിപ്പിച്ച് സാമൂഹ്യജീവിതത്തോടുവിളക്കിച്ചേർക്കുന്ന ദൗത്യവും വളരെ ശ്രദ്ധേയമായ നിലയിൽ ജനസംസ്കൃതി നിർവഹിച്ചുപോരുന്നു.

മലയാളികളെ, അവരുടെ വ്യക്തിജീവിതം മുതൽ സാമൂഹ്യജീവിതം വരെയുള്ള തലങ്ങളെ സ്പർശിക്കുന്ന ഏതുകാര്യത്തിലും ഇതുപോലെ ഇടപെട്ട മറ്റൊരു സംഘടനയില്ല.

ജലത്തിൽ മത്സ്യമെന്നപോലെ കഴിഞ്ഞതുകൊണ്ടുതന്നെയാവണം, ഡൽഹി മലയാളിസമൂഹത്തിൽ ആഴത്തിൽ വേരുകളുള്ള പ്രസ്ഥാനമായി ഇതുമാറി. ഉന്നതമായ ഭരണഘടനാമൂല്യങ്ങൾക്ക്‌ ‐ സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കൽപ്പം തുടങ്ങി പ്രിയാംബിളിൽ തന്നെ ഇടംപിടിച്ചിട്ടുള്ള മൂല്യങ്ങൾക്ക്‌ ‐ കാവൽനിന്ന ചരിത്രമുണ്ട്.

ഒറ്റപ്പെട്ടുപോയവർക്ക് ആലംബമായി നിന്ന ജീവകാരുണ്യത്തിന്റെ മുഹൂർത്തങ്ങളുണ്ട്. അങ്ങനെ എന്തെല്ലാം ചേർന്നതാണ് ജനസംസ്കൃതിയുടെ ചരിത്രം.

കലയുടെ സമസ്ത രംഗങ്ങളെയും നവീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായി ജനസംസ്കൃതിയുടെ ഇടപെടൽ. അരിയുടെ കാര്യത്തിൽ മുതൽ റെയിൽ യാത്രയുടെ കാര്യത്തിൽ വരെ സമരം ചെയ്യാൻ മാത്രമല്ല, നവഭാവുകത്വം പ്രസരിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ ഉത്സവം സംഘടിപ്പിക്കാനും കലാസർഗോത്സവങ്ങൾ സംഘടിപ്പിക്കാനും  ജനസംസ്കൃതിയുണ്ടായി.

അമിതാധികാര പ്രവണതകൾക്കും ഫാസിസ്റ്റ് നീക്കങ്ങൾക്കും വർഗീയ പ്രവണതകൾക്കുമെതിരെ ജനാധിപത്യത്തെ മുതൽ മനുഷ്യത്വത്തെ വരെ പരിരക്ഷിക്കാൻ നിന്ന ഇതേ പ്രസ്ഥാനം തന്നെ ക്ലാസിക്കൽ കലകളുടെ അവതരണത്തിനും ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നാടകങ്ങളുടെ അവതരണത്തിനും വേദിയൊരുക്കി.

എല്ലാ അർഥത്തിലും മലയാള സാംസ്കാരികതയുടെ ഡൽഹിയിലെ നയതന്ത്രജ്ഞരായി ജനസംസ്കൃതി പ്രവർത്തകർ. സംസ്കാരം മുതൽ സാമ്പത്തികരംഗംവരെ നേരിടുന്ന ഭീഷണികളെ മുൻനിർത്തി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നടത്തിയ ഇടപെടലുകളും എടുത്തുപറയണം.

കാലത്തോടും ലോകത്തോടും പ്രതികരിച്ചുകൊണ്ട്‌ മുന്നോട്ടുനീങ്ങുന്നു എന്നതാണ്‌ സത്യത്തിൽ ജനസംസ്കൃതിയുടെ വ്യതിരിക്തമായ വ്യക്തിത്വം. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും സ്ത്രീവിരുദ്ധതയിൽനിന്നും വളർന്നുവരുന്ന തലമുറകളുടെ മനസ്സുകളെ മോചിപ്പിക്കുന്നതിൽ വഹിച്ച പങ്ക് ഉന്നതമായ മാനവികതയുടെ നിദർശനങ്ങളായി.

അയ്യായിരം വർഷങ്ങളുടെ പഴക്കമുണ്ടത്രെ ആധുനിക ഡൽഹിയുടെ ചരിത്രത്തിന്. ആ ചരിത്രത്തെ കാലാനുസൃതമായി പുതുക്കി മുമ്പോട്ടുകൊണ്ടുപോവുന്നതിൽ അവിടുത്തെ മലയാളിസമൂഹം വഹിച്ച പങ്ക് വളരെ പ്രാധാന്യമുള്ളതാണ്.

1970 കളുടെ രണ്ടാംപകുതി മുതൽക്കിങ്ങോട്ട് ആ ചരിത്രപ്രവാഹത്തിന് സാംസ്കാരികമായ മാർഗനിർദേശം നൽകുന്നതും വരണ്ടയിടങ്ങളിലെ സേചനങ്ങൾക്ക് വഴിയൊരുക്കുന്നതുമായ ഇടപെടൽ നടത്തി ജനസംസ്കൃതി.

അടിസ്ഥാനപരമായി മലയാളികളുടെ സംഘടനയായിരിക്കെത്തന്നെ പൊതുസാംസ്കാരിക ധാരയിലുള്ള, സർവസമ്മതമായ ഒരു സംസ്കാര പ്രസ്ഥാനമായി വളരാൻ ജനസംസ്കൃതിക്ക് കഴിഞ്ഞു. പുരോഗമനോന്മുഖമായ വഴികളിലൂടെ പല തലമുറകളെ ആനയിക്കുന്നതിനുകഴിഞ്ഞു.

'ചോരതുടിക്കും ചെറുകൈകളേ
പേറുക വന്നീ പന്തങ്ങൾ' എന്ന് വൈലോപ്പിള്ളി മാഷ് എഴുതിയിട്ടുണ്ടല്ലോ.

മഹാന്മാരായ സാംസ്കാരിക നായകർ കൊളുത്തിനീട്ടിയ ദീപശിഖയാണ്‌ ജനസംസ്കൃതിയുടേത്. പുതുതലമുറകളുടെ ചോരതുടിക്കുന്ന ചെറുകൈകൾ ഇത് ഏറ്റെടുക്കട്ടെ.

എം എ ബേബി

എം എ ബേബി

ഡൽഹിയുടെ സാംസ്കാരിക ജീവിതത്തിൽ മുദ്രപതിപ്പിച്ച മറ്റൊരു പ്രസ്ഥാനമാണ് സ്വരലയ. ശാസ്ത്രീയ സംഗീതത്തിനുവേണ്ടി സമർപ്പിതമായ ഈ പ്രസ്ഥാനം എം എ ബേബിയുടെ നേതൃത്വത്തിലാണ് ഉണ്ടായത്.

ഉമയാൾപുരം ശിവരാമനാണ് ഉദ്ഘാടനം ചെയ്തത്. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, ടി വി ആർ ഷേണായി, കെ ഗോപാലകൃഷ്ണൻ, സുരേഷ് നാരായണൻ തുടങ്ങിയവരൊക്കെ മുൻനിരയിലുണ്ടായി.

ഞാൻ വൈസ് പ്രസിഡന്റായി തുടക്കം മുതലേ ഉണ്ടായിരുന്നു. അരിയക്കുടി രാമാനുജ അയ്യങ്കാരുടെയും ജോൺ ഹിഗ്ഗിൻസിന്റെയും ഒക്കെ കാസറ്റുകളും ടേപ്പ് റിക്കാർഡറുമായാണ് ഞാനാദ്യമായി ഡൽഹിയിൽ ഇറങ്ങിയത്. അന്നുതന്നെ അതൊക്കെ എം എ ബേബി കൊണ്ടുപോയി.

അന്നുമുതൽക്കെ എനിക്കറിയാവുന്നതാണ് എം എ ബേബിയുടെ ശാസ്ത്രീയ സംഗീതാഭിമുഖ്യം. അതിന്റെ ഉപോൽപ്പന്നമാണ് സ്വരലയ എന്നുപറയാം. 

ആദ്യമായി ഒരു ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സദസ്സിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയതും അദ്ദേഹം തന്നെയാണ്. ഭീംസെൻ ജോഷിയുടെ കച്ചേരി. തുടർന്ന് എത്രയോ കർണാടക ‐ ഹിന്ദുസ്ഥാനി കച്ചേരികൾക്ക് ഞങ്ങൾ ഒരുമിച്ചുപോയിരിക്കുന്നു. ഞാൻ ഡൽഹിയിൽ ആദ്യമായി കണ്ട പ്രമുഖൻ നിഖിൽ ചക്രവർത്തിയാണ്.

പ്രശസ്ത പത്രപ്രവർത്തകനായ സുമീത് ചക്രവർത്തിയുമായിട്ടുണ്ടായ സൗഹൃദമാണ് അദ്ദേഹത്തിന്റെ അച്ഛന്റെ അടുത്തേക്ക് എന്നെ നയിച്ചത്. അന്ന് അദ്ദേഹം പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന്‌ പാർലമെന്റിലേക്ക് എത്താത്തത് എന്ന് അദ്ദേഹം ആരാഞ്ഞത് ഓർക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ കുൽദീപ് നയ്യാർ, അരുൺ ഷൂരി, ഖുഷ്വന്ത് സിങ് തുടങ്ങിയ പത്രാധിപന്മാരെ പരിചയപ്പെടാൻ അവസരമുണ്ടായി. ഫ്രഞ്ച് ന്യൂസ് ഏജൻസിയായിരുന്ന എഎഫ്പിയുടെ രാമചന്ദ്രൻ, യുഎൻഐയുടെ ചീഫ് എഡിറ്റർ കെ പി കെ കുട്ടി, പിടിഐയിലുണ്ടായിരുന്ന ശശികുമാർ, സക്കറിയ എന്നിവർ വലിയ പ്രചോദന കേന്ദ്രങ്ങളായി.

പി ഗോവിന്ദപ്പിള്ള ,എസ്‌ കൃഷ്‌ണകുമാർ,ഇ കെ നായനാർ ,കെ ആർ നാരായണൻ തുടങ്ങിയവർ ജനസംസ്‌കൃതിയുടെ മറ്റൊരു വേദിയിൽ

പി ഗോവിന്ദപ്പിള്ള ,എസ്‌ കൃഷ്‌ണകുമാർ,ഇ കെ നായനാർ ,കെ ആർ നാരായണൻ തുടങ്ങിയവർ ജനസംസ്‌കൃതിയുടെ മറ്റൊരു വേദിയിൽ

ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ സി പി രാമചന്ദ്രൻ, ബി ജി വർഗീസ് തുടങ്ങിയ പ്രമുഖരെയും ആദ്യഘട്ടത്തിൽത്തന്നെ പരിചയപ്പെടാൻ കഴിഞ്ഞു.

അന്ന് ഡൽഹി സാഹിത്യകാരന്മാർ എന്ന് അറിയപ്പെട്ടിരുന്ന വലിയ ഒരു സംഘമുണ്ട്. ഒ വി വിജയനും എം മുകുന്ദനും ആനന്ദും സക്കറിയയും ഓംചേരിയും ഉണ്ണികൃഷ്ണൻ തിരുവാഴിയോടും ഒക്കെ അപ്പോൾ സജീവമായി ഡൽഹിയിലുണ്ട്.

വി കെ എൻ, കാക്കനാടൻ, എം പി നാരായണപിള്ള, സേതു എന്നിവർ സ്വന്തം സാന്നിധ്യം ഉറപ്പിച്ചശേഷം ഡൽഹി വിട്ടവരുടെ നിരയിലായിരുന്നു. സുഗതകുമാരി പോലുമുണ്ടായിരുന്നു.

നേരത്തേ ഒരു ഘട്ടത്തിൽ ഡൽഹി സാഹിത്യ സമൂഹത്തിന്റെ ഭാഗമായി. വി കെ മാധവൻകുട്ടി, ഇടമറുക് എന്നിവർ സാഹിത്യരംഗത്തും പത്രപ്രവർത്തനരംഗത്തും സജീവ സാന്നിധ്യമായി നിന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ മലയാളസാഹിത്യം വലിയൊരളവിൽ ഡൽഹിയെക്കൊണ്ട് ഉപജീവനം കഴിച്ച കാലം എന്നുപറയാം.

 

ഞാൻ ഏതാണ്ട് ഡൽഹി വിടുന്ന ഘട്ടമായപ്പോൾ മാത്രമേ കവി സച്ചിദാനന്ദൻ അവിടെ എത്തുന്നുള്ളു. എന്നാൽ അന്ന് ഞാനും അദ്ദേഹവും തമ്മിൽ വലിയ ഒരു സംവാദമുണ്ടായി. 

ഇക്കണോമിക് ടൈംസിൽ സച്ചിദാനന്ദൻ ഒരു ലേഖനം എഴുതി. മലയാള സാഹിത്യ ചരിത്രവുമായി ബന്ധപ്പെട്ട ലേഖനം. ഇതിനോട്‌ വിയോജിച്ചുകൊണ്ട് എന്റെ ഒരു ലേഖനം മലയാള മനോരമയിൽ വന്നു.

 

ഞാൻ ഏതാണ്ട് ഡൽഹി വിടുന്ന ഘട്ടമായപ്പോൾ മാത്രമേ കവി സച്ചിദാനന്ദൻ അവിടെ എത്തുന്നുള്ളു. എന്നാൽ അന്ന് ഞാനും അദ്ദേഹവും തമ്മിൽ വലിയ ഒരു സംവാദമുണ്ടായി. 

ഇക്കണോമിക് ടൈംസിൽ സച്ചിദാനന്ദൻ ഒരു ലേഖനം എഴുതി. മലയാള സാഹിത്യ ചരിത്രവുമായി ബന്ധപ്പെട്ട ലേഖനം. ഇതിനോട്‌ വിയോജിച്ചുകൊണ്ട് എന്റെ ഒരു ലേഖനം മലയാള മനോരമയിൽ വന്നു.

മനോരമയുടെ സാഹിത്യ പേജിൽ എട്ട് കോളങ്ങളിലായാണ് അതിന്റെ തലക്കെട്ട് പടർന്നുനിന്നത്. അതിന്റെ മറുപടി ലേഖനം സച്ചിദാനന്ദനിൽ നിന്നുണ്ടായി.

ബി രാജീവൻ, ഡി വിനയചന്ദ്രൻ എന്നിവരൊക്കെ പങ്കെടുത്ത പല ദിവസങ്ങളിലായി നീണ്ട വലിയ ഒരു സംവാദമായി അതുമാറി.

സച്ചിദാനന്ദൻ

സച്ചിദാനന്ദൻ

സാഹിത്യത്തിലെ, പ്രത്യേകിച്ച് കവിതയിലെ രണ്ട് സമീപനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത് എന്നുപറയാം. ഡൽഹി ജനസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ എൺപതുകളിൽ ഒരു പ്രസിദ്ധീകണം ഇറങ്ങിയിരുന്നു.

ജനസംസ്കൃതി എന്നുതന്നെയായിരുന്നു അതിന്റെ പേര്. ഇറങ്ങിയത് ഡൽഹിയിൽ നിന്നാണെങ്കിലും കേരളക്കരയിൽ സജീവ സാംസ്കാരിക ചർച്ചകൾക്ക്‌ വഴിമരുന്നിടുന്ന പ്രസിദ്ധീകരണമായി അതുമാറി.

ഞാനായിരുന്നു എഡിറ്റർ. ആവിഷ്കാര സ്വാതന്ത്ര്യമടക്കമുള്ള ഒട്ടനവധി വിഷയങ്ങൾ അതിൽ ചർച്ച ചെയ്യപ്പെട്ടു. അതിൽ എഴുതാത്ത പ്രമുഖ മലയാള സാഹിത്യ വ്യക്തിത്വങ്ങളില്ല എന്നുപറയാം.

ഇ എം എസ്, ഒ എൻ വി, ഒ വി വിജയൻ, എം ലീലാവതി, സച്ചിദാനന്ദൻ, ആനന്ദ്, മുകുന്ദൻ, വി കെ എൻ തുടങ്ങിയവരൊക്കെ വ്യത്യസ്ത ലക്കങ്ങളിൽ അതിലുണ്ടായി.

ഡൽഹിയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്നു കേരളാ ക്ലബ്ബ്. അവിടെ പ്രഭാഷണത്തിനോ കവിത ആലാപനത്തിനോ ആയി എത്താത്തവരുമില്ല എന്നുപറയാം. ഓംചേരി ആയിരുന്നു പ്രധാന സംഘാടകൻ.

ഒരിക്കൽ കേരളാ ഹൗസ് കോമ്പൗണ്ടിൽ ഒരു കഥകളി നടന്നു. മേജർ സെറ്റ് കഥകളി. ദുര്യോധനവധമാണ് കഥ.

അതിൽ ഭീമസേനൻ ദുശ്ശാസനനെ കൊല്ലണമല്ലൊ. ദുശ്ശാസനനാകട്ടെ കൊല്ലാൻ നിന്നുകൊടുക്കുന്നുമില്ല. ഗോഗ്വാ വിളികൾ തുടരുന്നു; കഥ അനന്തമായി നീളുന്നു. ദുശ്ശാസനൻ ഒന്നു വീണാലല്ലേ ഭീമന് കൊല്ലാനും കുടൽമാല പുറത്തെടുക്കാനുമൊക്കെ പറ്റൂ. ദുശ്ശാസനൻ വീഴുന്നില്ല എന്നുമാത്രമല്ല, ഒരു ഘട്ടത്തിൽ ഭീമനെ കൊല്ലുമെന്ന നിലയിലാവുകയും ചെയ്തു.

വളരെ പ്രമുഖരാണ് ഭീമനായും ദുശ്ശാസനനായും ഒക്കെ വേഷമിട്ടിരുന്നത്. അതിഗംഭീരമായി മദ്യപിച്ചിട്ടാണ് ദുശ്ശാസനൻ വേദിയിലേക്കു കയറിയത്. ആ മദ്യത്തിന്റെ ലഹരിയിലാണ് ദുര്യോധനവധം ഭീമവധമാകുന്നതിന്റെ വക്കിലേക്ക്‌ കാര്യങ്ങൾ ചെന്നെത്തിയത്. ആരായിരുന്നു വേഷമിട്ടത് എന്ന് ഏതായാലും ഇവിടെ പറയുന്നില്ല  .
( തുടരും)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top