07 October Friday
ഐതിഹാസിക 
സമര വിജയത്തിന്‌ 
76 വർഷം

ആവേശംനിറഞ്ഞ തപാൽ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശംനിറഞ്ഞ അധ്യായമാണ്‌ 1946 ജൂലൈയിലെ കമ്പി–- തപാൽ ജീവനക്കാരുടെ പണിമുടക്ക്‌. റോയൽ ഇന്ത്യൻ നേവി കലാപത്തിന്റെ കേന്ദ്രമായ ബോംബെയിൽനിന്നുതന്നെയാണ്‌ പണിമുടക്കിന്റെ തുടക്കം. നാവിക കലാപത്തെപ്പോലെ, ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഇന്ത്യയിൽനിന്ന്‌ കെട്ടുകെട്ടിക്കുന്നതിന്‌ ഈ പണിമുടക്കും ശക്തിപകർന്നു. രണ്ടാം ലോകയുദ്ധത്തെതുടർന്ന്‌ രൂക്ഷമായ ഭക്ഷ്യക്ഷാമവും അടിമത്ത സമാനമായ തൊഴിൽസാഹചര്യങ്ങളും ബ്രിട്ടീഷുകാരായ ഉയർന്ന ജീവനക്കാരിൽനിന്നുള്ള കടുത്ത വിവേചനവുമായിരുന്നു പണിമുടക്കിലേക്ക്‌ നയിച്ചത്‌. 1931 മുതൽ വെട്ടിച്ചുരുക്കിയ ശമ്പളം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെ 12 ആവശ്യമാണ്‌ ഉയർത്തിയത്‌. അഖിലേന്ത്യ പോസ്റ്റ്‌മെൻ ആൻഡ്‌ ലോവർ ട്രേഡ്‌ യൂണിയന്റെ ആഹ്വാനമനുസരിച്ച്‌ ജൂലൈ 11ന്‌ ആരംഭിച്ച പണിമുടക്ക്‌ ദേശവ്യാപകമായി ആഗസ്‌ത്‌ മൂന്നുവരെ തുടർന്നു. എല്ലാ ജീവനക്കാരും പണിമുടക്കിയതോടെ വാർത്ത–- വിനിമയ സർവീസ്‌ നിശ്ചലമായി. ഇത്‌ ഭരണസംവിധാനത്തെ ഉലച്ചു. അന്നത്തെ ഏക ട്രേഡ്‌ യൂണിയനായ എഐടിയുസി പൂർണ പിന്തുണ നൽകി. കമ്യൂണിസ്റ്റ്‌ പാർടിയും കോൺഗ്രസ്‌, സോഷ്യലിസ്റ്റ്‌ പാർടികളും പിന്തുണച്ചു. ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്‌ഭായ്‌ പട്ടേൽ തുടങ്ങിയവർ പണിമുടക്ക്‌ ഒത്തുതീർപ്പാക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജൂലൈ 22ന്‌ ബോംബെയിലും 23ന്‌ മദിരാശിയിലും പൊതുപണിമുടക്ക്‌ നടത്തി. ജൂലൈ 29ന്‌ കൽക്കട്ടയിലെ തൊഴിലാളികൾ പണിമുടക്കി ഐക്യദാർഢ്യമറിയിച്ചു. ഒത്തോൾ ലോണി സ്‌മാരകത്തിനടുത്ത്‌ സംഘടിപ്പിച്ച റാലിയിൽ ലക്ഷങ്ങളാണ്‌ പങ്കെടുത്തത്‌. റാലിയെക്കുറിച്ച്‌ പിന്നീട്‌ ബംഗാൾ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ ജ്യോതിബസു രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌ ‘പണിമുടക്ക്‌ പൊതുവിൽ ബംഗാളിൽ, പ്രത്യേകിച്ച്‌ കൽക്കട്ടയിൽ വൻ വിജയമായി. അതോടനുബന്ധിച്ച്‌ നടന്ന വമ്പിച്ച ഘോഷയാത്രയും പൊതുയോഗവും തൊഴിലാളികളുടെയും ജീവനക്കാരുടെയും സമരങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചു.’ ബംഗാൾ ലെജിസ്ലേറ്റീവ്‌ അസംബ്ലി സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിംലീഗ്‌ നേതാവ്‌ ഹമിദുൾ ഹക്ക്‌ ചൗധരി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി.

പണിമുടക്ക്‌ മലബാർ മേഖലയിലും ശക്തമായിരുന്നു. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ്‌ പാർടിയും കോൺഗ്രസും എഐടിയുസിയും പണിമുടക്കിനെ പിന്തുണച്ചു. പി കൃഷ്‌ണപിള്ള, എൻ സി ശേഖർ, അഴീക്കോടൻ രാഘവൻ, കെ പി ഗോപാലൻ തുടങ്ങിയ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതാക്കൾ സമരയോഗങ്ങളിൽ പങ്കെടുത്തു. ജൂലൈ 25ന്‌ കമ്പി–- തപാൽ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ മലബാറിൽ പൊതുപണിമുടക്കും സംഘടിപ്പിച്ചു.

രൂക്ഷമായ പ്രതികാര നടപടികളും പിരിച്ചുവിടലുകളും നേരിട്ടാണ്‌ പണിമുടക്ക്‌ 23 ദിവസം തുടർന്നത്‌. മൗലനാ അബ്ദുൾ കലാം ആസാദ്‌, ബോംബെ പ്രവിശ്യ മുഖ്യമന്ത്രി ബി ജി ഖേർ, ലെജിസ്ലേറ്റീവ്‌ അസംബ്ലി അധ്യക്ഷൻ മംഗൾദാസ്‌ പക്വാമ്പ എന്നിവരുടെ മധ്യസ്ഥതയിൽ പി ആൻഡ്‌ ടി ഡയറക്ടറും യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്‌ ആഗസ്‌ത്‌ മൂന്നിന്‌ പണിമുടക്ക്‌ ഒത്തുതീർപ്പാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top