26 April Friday

ബ്രെക്സിറ്റിന്റെ രാഷ്ട്രീയം...പരമ്പര തുടരുന്നു

തോമസ്‌ പുത്തിരിUpdated: Monday Jan 18, 2021

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്യൻ രാജ്യങ്ങൾ തമ്മില്‍  സാമ്പത്തിക സഹകരണം വളർത്താനായി നിരവധി ശ്രമങ്ങള്‍ നടന്നു. അതിന്റെ തുടര്‍ച്ചയായി 1957 ല്‍  ഫ്രാൻസ്, പശ്ചിമ ജർമ്മനി, ബെൽജിയം, ഇറ്റലി, ലക്സംബർഗ്, നെതർലാന്റ്സ് എന്നി രാജ്യങ്ങള്‍  'റോം ഉടമ്പടി'  പ്രകാരം  ഇന്നത്തെ യൂറോപ്യൻ യൂണിയന്റെ പൂര്‍വരൂപമായ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി (ഇഇസി) രൂപീകരിച്ചു. പക്ഷെ ബ്രിട്ടന്‍  ഇഇസിയുടെ ഭാഗമായില്ല.   

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം ഒരുകാലത്തും സൗഹാര്‍ദ്ദപരമായിരുന്നില്ല. വിരുദ്ധ താല്പമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ എന്നും വേറിട്ടുനിന്ന ഒരു ശബ്ടമായിരുന്നു ബ്രിട്ടന്റെത് . അതിന്ഒറെ ഒരു പ്രധാന കാരണം രണ്ടു ലോകമഹായുദ്ധങ്ങളില്‍  ബ്രിട്ടന്‍ നേര്‍ക്കുനേര്‍   പോരാടിയ ജര്‍മ്മനിയാണ് യൂറോപ്യന്‍ യൂണിയന്റെ ചുക്കാന്‍ പിടിക്കുന്നത്‌ എന്നതാണ്. ലക്ഷകണക്കിന് സാധാരണക്കാരും പട്ടാളക്കാരുമാണ് ഈ യുദ്ധങ്ങളില്‍ ബ്രിട്ടനുവേണ്ടി ജീവത്യാഗം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജര്‍മനി നേതൃത്വം കൊടുക്കുന്ന യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടന് പൊതുവെയും പഴയ തലമുറയിലുള്ള ബ്രിട്ടീഷുകാര്‍ക്ക് പ്രത്യേകിച്ചും തുടക്കം മുതലേ  താല്പര്യം ഉണ്ടായിരുന്നില്ല.

മറ്റൊന്ന് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തീക വര്‍ഗതാല്പര്യമാണ്. ആഗോള മൂലധനത്തിന്റെ പരിധികളില്ലാത്ത വ്യാപനത്തിന് സഹായിക്കുന്ന യൂറോപ്യന്‍  യൂണിയന്റെ സാമ്പത്തിക ശാസ്ത്രം പല രാജ്യങ്ങള്‍ക്കും സ്വതന്ത്രമായി സാമൂഹ്യ ക്ഷേമ,സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ്.  അതുകൊണ്ടാണ് ജെറെമി കോര്‍ബിനെ പോലെയുള്ള സോഷ്യലിസ്റ്റുകളും യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കാത്തത്. ഇക്കാരണം കൊണ്ടുതന്നെ 1999 ല്‍  യൂറോപ്യന്‍  യൂണിയന്‍ പൊതു നാണയമായ യൂറോ പുറത്തിറക്കിയപ്പോഴും ബ്രിട്ടന്‍ യൂറോ സോണില്‍ അംഗമാകാതെ മാറി നിന്നു.   

ഇഇസി രൂപം കൊണ്ട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1963 ലാണ്  യുണൈറ്റഡ് കിം‌ഗ്ഡം ഇഇസിയിൽ അംഗത്വത്തിനായി ആദ്യമായി അപേക്ഷിച്ചത്. പക്ഷെ, ഫ്രാൻസിന്റെ പ്രസിഡന്റ് ചാൾസ് ഡി ഗല്ലെ ബ്രിട്ടന്റെ ഇഇസി പ്രവേശനത്തിനെ എതിര്‍ത്തുക്കൊണ്ട് വീറ്റോ ചെയ്തു. "ബ്രിട്ടന്‍ അമേരിക്കന്‍ പക്ഷത്തു നില്‍ക്കുന്നവരാണെന്നും അവര്‍ക്ക് ഒരിക്കലും ശരിയായ യൂറോപ്യന്‍ ആകാന്‍ കഴിയില്ലെന്നും"  വിമര്‍ശിച്ചുകൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ്‌ ബ്രിട്ടന്റെ പ്രവേശനം തടഞ്ഞത്.

എങ്കിലും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 1973 ൽ യുകെ ഇഇസി യില്‍  അംഗത്വം നേടി. ഇതോടൊപ്പം തന്നെ ബ്രിട്ടനില്‍ ഇഇസി ക്കെതിരെയുള്ള പ്രചാരണവും ശക്തമായി. രണ്ടു വര്‍ഷത്തിനകം1975 ല്‍ ബ്രിട്ടന്‍ ഇഇസി യില്‍ തുടരണമോ എന്നുള്ള ജനഹിത പരിശോധന നടത്തി. ഭൂരിപക്ഷം പേരും അനുകൂലിച്ചതിനാല്‍ ബ്രിട്ടന്‍ ഇഇസി യില്‍ തുടര്‍ന്നു. ബ്രിട്ടന്‍ ഇ യു വില്‍ ചേര്‍ന്ന് രണ്ടു വര്‍ഷത്തിനകം തന്നെ ആദ്യത്തെ ബ്രെക്സിറ്റ് ഹിതപരിശോധന നടന്നു കഴിഞ്ഞു എന്ന്  പറയാം.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായി തുടരുമ്പോഴും ഇ യു മായുള്ള ബ്രിട്ടന്റെ 'ശീതയുദ്ധം' തുടര്‍ന്നുകൊണ്ടേയിരുന്നു. ഇഇസി അംഗമായെങ്കിലും ബ്രിട്ടന്റെ യൂറോപ്പുമായുള്ള കച്ചവടത്തിന് പലപ്പോഴും പലതരത്തിലുള്ള നിരോധനങ്ങളും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നേരിടേണ്ടി വന്നു. മാർഗരറ്റ് താച്ചര്‍  പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ ബ്രിട്ടനും ഇയുവും തമ്മലുള്ള ബന്ധം വീണ്ടും സംഘര്‍ഷത്തിലായി. ഇയു നടത്തിപ്പിന് വേണ്ടി ബ്രിട്ടന്‍ നല്‍കിവരുന്ന വാര്‍ഷിക വരിസംഖ്യ കൂടുതല്‍ ആണെന്നു  മാർഗരറ്റ് താച്ചര്‍  ആരോപിച്ചു. ബ്രിട്ടന്‍  ഇയുവിനു നല്‍കുന്ന സാമ്പത്തിക വിഹിതം ഗണ്യമായി  കുറച്ചുകൊണ്ടാണ്  ഈ പ്രശ്നം തല്‍ക്കാലത്തേക്ക് പരിഹരിച്ചത്.  

1997 ൽ തകർപ്പൻ വിജയം നേടിയ ലേബർ പ്രധാനമന്ത്രി ടോണി ബ്ലെയർ യൂറോപ്യൻ യൂണിയൻ അനുകൂലിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രിട്ടനും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. പക്ഷേ ഇദ്ദേഹത്തിന്റെ ഭരണം ബ്രിട്ടന്റെ ആഭ്യന്തരരംഗത്തും വിദേശ നയങ്ങളിലും ദൂരവ്യാപക ഫലങ്ങളാണ് ഉണ്ടാക്കിയത്. അതില്‍ ഏറ്റവും പ്രധാനമാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ താലിബാന്‍  തകര്‍ത്തതിനെ   തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍.

ടോണി ബ്ലെയർ അമേരിക്കന്‍ പ്രസിഡന്റ്‌  ജോര്‍ജ്  ബുഷുമായി ചേര്‍ന്ന് ഇറാഖിനെതിരെ പെരുംനുണകളുടെ വലിയ പ്രചാരണം അഴിച്ചുവിട്ടു. ഇറാഖിന്റെ കൈവശം ലോകത്തെ തകര്‍ക്കാന്‍ കഴിയുന്ന വലിയ ആയുധ ശേഖരമുണ്ടെന്നും ഇറാഖിന്റെ ഭരണാധികാരിയായ സദാം ഹുസൈന്‍ അധികാരത്തിള്‍ തുടരുന്നത് ബ്രിട്ടന് ഭീഷണിയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.   അമേരിക്കയുമായി ചേര്‍ന്ന് ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും യുദ്ധം ആരംഭിച്ചു.   

ബ്രിട്ടന്റെ സാമ്പത്തീക രംഗത്ത് ഇത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ഇടവരുത്തി, പ്രത്യേകിച്ചും 2000 ന്റെ രണ്ടാം പാദത്തില്‍. ബ്രിട്ടനിലെ ബാങ്കുകളെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിനു കഴിയാതിരുന്നതും കോര്‍പ്പറേറ്റ്‌ പ്രീണനനയങ്ങളും   സാമ്പത്തിക തളര്ച്ചക്ക് ആക്കം  കൂട്ടി . സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഇദ്ദേഹത്തിനെരെയുള്ള നീക്കം തുടങ്ങി. ടോണി ബ്ലെയറിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നീക്കി ലേബര്‍ പാര്‍ടി സാമ്പത്തീക മന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൌണിനെ പ്രധാനമന്ത്രിയാക്കി.     

ഇക്കാലത്താണ് - 2007 ന്റെ അവസാനത്തില്‍ - അമേരിക്കയില്‍ നിന്നും ആരംഭിച്ച സാമ്പത്തീക മാന്ദ്യം ലോകത്തേക്ക് മുഴുവന്‍ പടര്‍ന്നു കയറുവാന്‍ തുടങ്ങിയത്. ബ്രിട്ടന്റെ വലിയ ബാങ്കുകള്‍ ഒന്നൊന്നായി കടപുഴകി വീണു.... ഒപ്പം സാധാരണക്കാരുടെ ജീവിതവും. സാമ്പത്തിക മാന്ദ്യത്തിന്റെ  പശ്ചാത്തലത്തില്‍   2010ല്‍ നടന്ന തെരഞ്ഞടുപ്പില്‍, ഒരു ദശാബ്ദത്തില്‍ അധികമായി  അധികാരത്തില്‍ തുടര്‍ന്ന ലേബര്‍ പാര്‍ട്ടിക്ക്   അടിപതറി.  ടോറി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും  ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയുമായി ചേര്‍ന്ന്   മുന്നണിയുണ്ടാക്കി ഡേവിഡ്‌ കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.  ബ്രിട്ടനില്‍ ടോറി പാര്‍ട്ടിക്ക്   വീണ്ടും ചുവടുറപ്പിക്കാന്‍ ഇദ്ദേഹം നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ സഹായിച്ചു.  

ഡേവിഡ്‌ കാമറൂണ്‍ എന്ന രാഷ്ട്രീയ ചാണക്യനും ടോറി പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ കപടനാടകങ്ങളും ഇദ്ദേഹത്തിന്റെ കാലത്ത്  നടപ്പിലാക്കിയ ജനവിരുദ്ധ ഭരണപരിഷക്കാരങ്ങളുമാണ്‌  ബ്രെക്സിറ്റ് എന്നൊരു ഭൂതം ഡെമോക്ലിസ് വാളുപോലെ ബ്രിട്ടീഷ് ജനതക്ക് മുകളില്‍ തൂങ്ങിയാടുന്നതിന് കാരണമായത്‌. 

(തുടരും)  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top